Campus Alive

ജിന്നുകൾ ഓതുന്ന പള്ളിയിൽ ഒരു രാത്രി

തമിഴ്‌നാട്ടിലെ നോമ്പ് കഥകള്‍, രണ്ടാം ഭാഗം.


 

വേനൽക്കാലത്ത് തമിഴ്നാട്ടിലൂടെ ബസ്സിൽ സഞ്ചരിക്കാൻ ഒരു പ്രത്യേക സുഖാണ്. ഉണങ്ങിയ മുള്ള് മരങ്ങളും കരിമ്പനകളും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നമ്മുടെ കൂടെ ഓടാൻ ഉണ്ടാകും, നല്ല ചുടുകാറ്റും. കടലോര മേഖലയിലൂടെയാണ് യാത്ര എങ്കിൽ നല്ല ഉപ്പ് രസമുള്ള ചുടുകാറ്റ്. ഇതിനെല്ലാം പുറമെ നിങ്ങൾ നോമ്പ്കാരനായിരിക്കുകയും വേണം.

മധുരൈ യിൽ നിന്ന് തിരിച്ചെന്തൂർ വരെ പോകുന്ന ട്രെയിൻ എന്നല്ല ഒരു ട്രെയിനും ക്യാൻസൽ ആക്കാൻ ഇന്ത്യൻ റെയിൽവേക്ക് പ്രത്യേക കാരണങ്ങൾ ഒന്നും വേണ്ടല്ലോ. തൊട്ടപ്പുറത്തെ സ്റ്റേഷൻ വരെ വന്ന് അങ്ങ് നിർത്തിക്കളയും. “ആ ബാക്കി നിങ്ങള് നടന്ന് പൊക്കോ ബ്രോസ്” എന്ന തഗ്ഗ് ലൈൻ. ട്രെയിനിന്റെ സമയം ലാക്കാക്കി ഓടിപ്പിടച്ച് വന്നോന്റെ ഒക്കെ സങ്കടം ആരോട് പറയാൻ? ആര് കേക്കാൻ? കായൽപട്ടണത്ത് നോമ്പ് തുറക്കാൻ എത്തിക്കോളാം എന്ന് നിയ്യത്ത് ചെയ്തിരുന്നു. തമിഴ് നാടിന്റെ തെക്കേ അറ്റത്ത് ആണ് ഈ പഴ മുസ്ലിം അധിവാസ കേന്ദ്രമുള്ളത്. അത് കൊണ്ട് അടുത്ത വഴി നോക്കി, ബസ്സ്. തിരുനെൽവേലി പോയി മാറി കേറണം. അതും തൊട്ടപ്പുറത്തുള്ള പെരിയാർ ബസ് സ്റ്റാൻഡിൽ നിന്ന് കിട്ടില്ല. 8 കിലോമീറ്റർ അപ്പുറം മാട്ടുതാവണി വരെ മറ്റൊരു ബസ്സിൽ പോണം.

തിരുനൽവേലിക്കുള്ള ബസ്സ്, സ്റ്റാൻറിൽ നിന്ന് 10.40 ന് എടുത്തു. കന്യാകുമാരി റൂട്ടിൽ മിക്കവാറും ആളും മനുഷ്യനും ഇല്ലാതെ പരന്ന് കിടക്കുന്ന കരിമ്പനക്കാടുകൾക്കിടയിലൂടെ ഉള്ള മൂന്ന് മൂന്നര മണിക്കൂർ. കൂടെ ഉള്ള യാത്രക്കാരിൽ അധികവും ഇടക്കിടെ വെള്ളം കുടിച്ചും കടലയും ചിപ്സും കൊറിച്ചും സമയം കളയുന്നു. കൂടെയുള്ള ഇശ്ഖ് ആണെങ്കിൽ ചുടുകാറ്റേറ്റ് നല്ല കിടിലൻ ഉറക്കത്തിലും.

2 മണിക്ക് തിരുനൽവേലി പുറച്ചി തലൈവർ എം.ജി.ആർ ബസ് സ്റ്റാൻഡിൽ ഇറങ്ങി അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ചേട്ടനോട് മസൂദിയിലേക്കുള്ള വഴി ചോദിച്ചു. തമിഴിൽ മസൂദി എന്നാൽ മുസ്ലിം പള്ളി. അയാൾ ഒരു ഹോട്ടലിലേക്ക് ചൂണ്ടി, വിരൽ ഒന്ന് വലത്തോട്ട് മറിച്ചു. അതിന് പുറകിൽ എന്ന് അർഥം. ഒരു ഹോസ്പിറ്റലിന് എതിർവശം, വളരെ പുതിയ ഒരു പള്ളി. 3.30 മണി വരെ അവിടെ കിടന്നുറങ്ങി. 4.മണിക്ക് ഉള്ള തിരിച്ചെന്തൂർ പാസഞ്ചർ പിടിക്കണം. വണ്ടി കായൽപട്ടണത്ത് എത്തുമ്പോൾ നോമ്പ് തുറക്കാൻ 45 മിനിറ്റ് ഇല്ല. നടക്കാൻ ഉള്ള ദൂരമേ ഉണ്ടാകൂ എന്ന് വിചാരിച്ചെങ്കിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് കായൽപട്ടണം ടൗണിലേക്ക് 3 കിലോമീറ്റർ ദൂരം. ബസ്സ് കാത്ത് നിൽക്കുന്നതിനിടയിൽ ഒരു ഇക്കാനോട്  കായൽപട്ടണത്ത് നോമ്പ് തുറക്കാൻ എന്താ വഴി എന്ന് ചോദിച്ചു. “പോസ്റ്റ് ഓഫീസ് റോഡിൽ ഇറങ്ങി നടക്കൂ കുറെ പള്ളികൾ കാണാം” എന്ന് പറഞ്ഞു മൂപ്പര്. കായൽപട്ടണം ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ സ്ഥലമാണ്. ഒരു ഓട്ടോ സുഹൃത്തിനോട് ചോദിച്ചപ്പോൾ “കായൽപട്ടണത്തിലെ എന്ത ഏരിയാ ?” എന്നൊരു മറുചോദ്യമായിരുന്നു ഉത്തരം. എന്ത ഏരിയയും നമുക്ക് ഓക്കെ ആയത് കൊണ്ട് ആ ചർച്ച അവടെ അവസാനിച്ചു. ബസ്സിറങ്ങിതും ഒരു ഗംഭീര പള്ളി. 2-3 നിലയുള്ള ഘടാഘടിയൻ കെട്ടിടം. കണ്ടപ്പോ തന്നെ വയറ് പറഞ്ഞു “കേറിക്കോ ബ്രോ, നല്ല കിടിലം നോമ്പ് തുറ ആകും അവിടെ”  ന്ന്.

പക്ഷെ, ഉള്ളിലെ കുതുകിയായ ആർക്കിയോളജിസ്റ്റ് ഉറക്കം എണീറ്റ് പഴയ പള്ളികൾ തേടി പോകാൻ ആജ്ഞാപിച്ചു. “ഹംക്കിന്റെ ഒരു ആക്രിയോളജി”, ക്ഷീണിച്ച ശരീരവും, വറ്റിയ തൊണ്ടയും, തളർന്ന കാലുകളും, വിശക്കുന്ന വയറും ഒരുമിച്ച് “നോമ്പ് തുറന്നിട്ട് പോരെ ആർക്കിയോളജിസ്റ്റ് സേട്ടാ പര്യവേഷണം” എന്ന് ചോദിച്ച് നോക്കിയെങ്കിലും പുള്ളി സമ്മതിച്ചില്ല.

നോമ്പ് തുറക്കാൻ ഇനി 5 മിനിറ്റ് പോലും ഇല്ല. നിന്നിടത്ത് നിന്ന് നാലുപാടും ഒരു 360 ഡിഗ്രിയിൽ ഒന്ന് കറങ്ങി നോക്കി. കിഴക്ക് ഭാഗത്തായി ലക്ഷണമൊത്ത പഴയ ഒരു മിനാരം. ആർക്കിയോളജിസ്റ്റിന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. പൊട്ടിയത് മനസ്സിൽ ആയത് കൊണ്ട് നോമ്പ് മുറിഞ്ഞില്ല. മുന്നോട്ട് നടന്ന് ചെന്നെത്തിയത് പള്ളിയുടെ പിൻ വാതിലിൽ. അവിടെയാണെങ്കിലോ ഗേറ്റ് മണിച്ചിത്ര താഴിട്ട് പൂട്ടി അടച്ചിട്ടിരിക്കുകയാണ്. വലം വെച്ച് മുന്നിൽ എത്തി ഗേറ്റ് കടന്ന് അകത്തെത്തിയപ്പോൾ പള്ളിക്ക് മുന്നിൽ ഒരു ചെറിയ ‘ഇരിപ്പ് പള്ളി’. കുറച്ച് ആളുകൾ അവിടെ ഇരിക്കുന്നത് കൊണ്ട് സാഹചര്യത്തിന്റെ സൗകര്യത്തിന് വേണ്ടി ഞാൻ തന്നെ ആ സ്ഥലത്തെ അങ്ങനെ വിളിച്ചതാണ്. പള്ളിക്ക് മുന്നിൽ ഇരുന്ന് സംസാരിക്കാനോ, പഠിപ്പിക്കാനോ, പഠിക്കാനോ, ഭക്ഷണം കഴിക്കാനോ, ആവശ്യക്കാർക്ക് വിശ്രമിക്കാനോ ഒക്കെ ഉപയോഗിച്ച് വരുന്നു എന്ന് പിന്നീട് മനസ്സിലായി.  പായ വിരിച്ച് ആളുകൾ നോമ്പ് തുറക്കാൻ ഇരിപ്പാണ്. “എന്താ? നോമ്പുണ്ടോ?” ഞങ്ങൾ തലയാട്ടി. ആ തലയാട്ടാൽ കണ്ടപ്പോ തന്നെ കേരളത്തിൽ നിന്ന് ഉള്ളവരാണെന്ന് അവർക്ക് മനസ്സിലായിട്ടുണ്ടാകണം.. “എന്നാൽ പള്ളിയിൽ പോയി തലയിൽ തൊപ്പി ഇട്ട് വാ”. ഇശ്ഖ് വേഗം പോക്കറ്റിൽ നിന്ന് തൊപ്പി എടുത്ത് തലയിൽ എത്തിച്ചു. എനിക്കാണെങ്കിൽ തൊപ്പി തിരഞ്ഞിട്ട് കിട്ടിയതും ഇല്ല. അവസാനം  ബാഗിൽ ഉണ്ടായിരുന്ന കഫിയ എടുത്ത് തലയിൽ കെട്ടി. ഒരു യമനിക്കെട്ട്  (ആ കഫിയ കൊണ്ട് ഉണ്ടായ ദുരിതം പിന്നെ പറയാം). കൂട്ടത്തിൽ കയറി ഇരുന്നു.

ഉയരം കുറഞ്ഞ് മെലിഞ്ഞ ഒരു മനുഷ്യനാണ് നോമ്പ് തുറ വിഭവങ്ങൾ ഒക്കെ വിളമ്പുന്നത്. ഇളം പച്ച നിറത്തിൽ ഉള്ള ഒരു ഡവറ (ബൗൾ) ആദ്യമേ എല്ലാവരുടെയും മുന്നിൽ നിരത്തി. തമിഴ് നാട്ടിലെ നോമ്പ് തുറ ആദ്യമല്ലാത്തത് കൊണ്ട് തന്നെ അത് നോമ്പ് കഞ്ഞി വിളമ്പാനുള്ളതാണെന്ന് മനസ്സിലായി. നല്ല തണ്ടും തടിയും ഉള്ള രണ്ട് കാക്കമാർ ഇരിപ്പ് പള്ളിക്ക് തൊട്ടുള്ള മതിലിൽ ചാരി രംഗം വീക്ഷിക്കുന്നു. അറ്റങ്ങൾ കൂട്ടി അടിച്ച കള്ളിമുണ്ടും വെള്ള ബനിയനും ആണ് വേഷം. സിക്സ് പാക്കല്ല നല്ല ഉറച്ച കുമ്പയാണ് ആരോഗ്യത്തിന്റെ ലക്ഷണം എന്ന് പറയുന്ന പോലെ ബനിയൻ ഉരുണ്ട് മുന്നിലേക്ക് തള്ളി നിൽക്കുന്നു. ആ നിൽപ്പും നോട്ടവും വീക്ഷണകോണുകളും കണ്ടാൽ അറിയാം അവരാണ് നമ്മടെ വയറുകളിലേക്ക് സഞ്ചരിക്കാൻ സാധ്യതയുള്ള നോമ്പ് കഞ്ഞിയുടെയും മറ്റും ആർക്കിടെക്ടുകൾ എന്ന്. നന്ദി സൂചകമായി ഞാൻ അവരെ ഒന്ന് നോക്കി. നിന്ന നിൽപ്പിൽ തലയനക്കി അദ്ദേഹം പ്രതികരിച്ചു.

പാത്രം മുന്നിൽ വെച്ചതല്ലാതെ ഒന്നും വിളമ്പുന്നില്ല. ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന പോലെ. അതിലിടക്ക് നോമ്പ് തുറക്കാൻ വീണ്ടും ആളുകൾ വന്നു. ചെറിയ കുട്ടികളെ താഴെ പായിൽ ഇരുത്തി മുടി നരച്ച കാർന്നോമ്മാര്  രംഗം സജ്ജീകരിച്ചു. പൊതുവെ തമിഴ് മുസ്ലിങ്ങൾ കരകൾ തമ്മിൽ കൂട്ടി അടിച്ച കള്ളി മുണ്ടുകൾ ആണ് ഉടക്കാറ് ഉള്ളത് എങ്കിലും നോമ്പ് തുറക്കാൻ വന്ന കുറച്ച് ഫ്രീക്കന്മാർ പ്ലെയിൻ കളർഫുൾ മുണ്ടുകൾ ആണ് ഉടുത്തിരിക്കുന്നത്. പിങ്ക്, സ്കൈ ബ്ലൂ, കിളിപ്പച്ച, വയലറ്റ് അങ്ങനെ അങ്ങനെ. പ്രൈഡിന്റെ നിറങ്ങൾ ഓർമ്മ വന്നു.

കാത്തിരിക്കുന്ന ആള് വന്നു. അഫ്സൽ സാഹിബ്. മൂപ്പരുടെ കുടുംബത്തിനാണ് ഈ പള്ളി നടത്തിപ്പിന്റെ ചുമതല. ഹിജ്‌റ 950കളിൽ ആണ് സഹോദരന്മാരായ അഹ്മദ് നൈനാരും അബ്ദുൽ റഷീദ് വലിയും ചേർന്ന് കൊടി മര സിരു നൈനാർ പള്ളി നിർമ്മിക്കുന്നത്. ഏകദേശം അതേ സമയം തന്നെയാണ് അവർ അഹ്മദ് നൈനാർ പള്ളിയും സ്ഥാപിക്കുന്നത്.

അഫ്സൽ ഭായ് വന്നതോടെ കാര്യങ്ങൾക്കൊക്കെ തിടുക്കമായി. ആദ്യം ഈത്തപ്പഴവും പിന്നെ കഞ്ഞിയും വിളമ്പി. പല വീടുകളിൽ നിന്നായി കൊണ്ട് വന്ന ഒന്ന് രണ്ട് പൊരിക്കടികൾ. സമൂസയും ചിക്കൻ റോളിന്റെ ഒരു വകഭേദവും (പൊതുവെ തമിഴ്‌നാട്ടിൽ നോമ്പ് തുറക്കാൻ പൊരിക്കടികൾ, കുറവോ അപൂർവ്വമോ ആണ്) ഒരു ഗ്ലാസിൽ വെള്ളവും. ഇപ്പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും വിളമ്പുമ്പോഴേക്കും ബാങ്ക് കൊടുത്തു.

അഫ്സൽ ഭായിന്റെ പേരക്കുട്ടി ശംസുൽ അ മീറിന്റെ പിറന്നാൾ മധുരവും കൂടെ വിളമ്പി. എനിക്കും ഇശ്‌ഖിനും അതിഥി സൽക്കാരത്തിന് ഭാഗമായി ഒന്നിൽ കൂടുതൽ സമൂസ കിട്ടി! തൊട്ടടുത്തിരുന്ന ഒന്ന് രണ്ട് കാക്കമാർ വക.

മഗ്‌രിബ് നിസ്കാര ത്തിനും ദുആക്കും ശേഷം സുന്നിപ്പള്ളികളിൽ സ്വലാത്ത് പതിവാണ്. പക്ഷെ ഇവിടെ നിന്ന് കേട്ടെത്ര മനോഹരമായി കൂട്ടമായൊരു സ്വലാത്ത്. സ്വലാത്തിന്റെ കിളിയിൽ അങ്ങനെ പള്ളിയിൽ തന്നെ ഇരിക്കുമ്പോഴാണ് വയസ്സായ ഒരു കാക്ക വന്ന്, “എവിടുന്നാ ഭക്ഷണം? എവിടാ താമസം ?“ എന്നൊക്കെ ചോദിച്ചത്. നോമ്പ് തുറക്കുമ്പോൾ വീണ്ടാമതും സമൂസ തന്ന് സൽക്കരിച്ച താടിക്കാരൻ കാക്ക. ഞങ്ങൾ അങ്ങനെ പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോ “എന്നാ അത്താഴം അപ്പാ പള്ളിയിൽ നിന്ന് കഴിക്കാം, തറാവീഹ് കഴിഞ്ഞാൽ ഇവിടെ തന്നെ കിടക്കുകയും ചെയ്യാം”. അദ്ദേഹം അഫ്സൽ സാഹിബിനോട് പറഞ്ഞ് കാര്യങ്ങൾ ഒക്കെ ശരിയാക്കി. പേര് ഷെയ്ക്ക് മുഹമ്മദ് ഷക്കീൽ. കാലങ്ങളായി ഇവിടുത്തെ വ്യത്യസ്ത പള്ളികളിൽ സുജൂദ് ചെയ്തും മഖാമുകളിൽ സിയാറത്ത് ചെയ്തും ജീവിതം ആഘോഷമാക്കുന്ന മനുഷ്യൻ. താൻ അറിഞ്ഞ കായൽപ്പട്ടണത്തെ അദ്ദേഹം എനിക്ക് വിവരിച്ച് തന്നു. “125 ഓളം പള്ളികൾ ഉണ്ട് ഇവിടെ, ഈ കായൽപട്ടണത്ത്. അതിൽ മൂന്ന് നാല് ശൈത്താന്റെ പള്ളികൾ ഒഴിച്ചാൽ എല്ലാ പള്ളികളിലും ഞാൻ പോകാറുണ്ട്” “ശൈത്താന്റെ പള്ളി?” പുറത്തേക്ക് തള്ളി വന്ന് കണ്ണ് ഉള്ളിലേക്ക് തന്നെ തള്ളി തിരുകി ഞാൻ ചോദിച്ചു. “ഓരെന്നെ ഈ പുതിയ ആൾക്കാർ, വഹാബികൾ ” സത്യത്തിൽ ഇൻക്ക് ചിരി വന്നു. ഇശ്ഖ് ഒന്നും മിണ്ടാതെ നിക്കാണ്.  “ഇവിടുത്തെ ഓരോ പള്ളികളികളും ഒന്നിൽ അധികം സിയാറത്തുകൾ ഉണ്ട്. എല്ലാവരും അള്ളാന്റെ പ്രിയപ്പെട്ടവർ. അഹ്ലു ബൈത്ത്, സുഫിയാക്കൾ, സാദാത്തുക്കൾ”.

ഞാൻ കൊടിമരപ്പള്ളിയുടെ പ്രത്യേകത അദ്ദേഹത്തോട് ചോദിച്ചു  “ജിന്നുകൾക്ക് വരെ ഖുർആൻ ഓതി കൊടുത്തിരുന്ന ദർസാണിവിടം. ആ മഹാനവർകൾ, ശൈഖ്, മശാഇഖിൽ ഇസ്ലാം ഹള്റത് പെരിയ ശംസുദ്ധീൻ അവർകളുടെ മഖ്‌ബറ” കണ്ണുകൾ കൊണ്ട് മുന്നോട്ട് നോക്കി അദ്ദേഹം പറഞ്ഞു. ആ നോട്ടത്തോടൊപ്പം ഞങ്ങളും തല തിരിച്ചു “ശൈഖ് സുലൈമാൻ വലിയുള്ളാഹി തങ്ങളുടെയും, ശൈഖ് ഹാഫിളുൽ അമീർ വലിയുള്ളാഹി തങ്ങളുടെയും ഗുരുവാണ് മഹാനവർകൾ. ഇന്നും മഖ്ബറയുടെ അവിടെ ചെന്ന് നിന്നാൽ നിങ്ങൾക്ക് മനോഹരമായ ഖുർആൻ പാരായണം കേൾക്കാം. ഒരു മനുഷ്യ കുഞ്ഞിനെ പോലും അവിടെ എവിടെയും കാണുകയും ഇല്ല. ജിന്നാത്തുകൾ, രാവ് ഹായത്താക്കി പ്രിയ ഉസ്താദിന്റെ അടുത്തിരുന്ന് വിശുദ്ധ ഖുർആൻ പാരായണത്തിൽ മുഴുകുന്നു”. പെരിയ ശംസുദ്ദീൻ വലി തങ്ങളുടെ മഖ്‌ബറ കൂടാതെ ചെറിയ ഷംസുദ്ദീൻ (റ) അവർകളുടെ  മഖാമും(അദ്ദേഹം, സുലൈമാൻ ഔലിയ അവർകളുടെ മൂത്ത മകനും, സദഖതുള്ളാ അപ്പാ അവർകളുടെ മൂത്ത സഹോദരനും ആണ്), പെരിയ ഷംസുദ്ദീൻ വലിയുള്ളാഹിയുടെ മകൻ അബ്ദുറഹിമാൻ (റ) അവർകളുടെ മഖാമും കൊടിമരപ്പള്ളിയിൽ സ്ഥിതി ചെയ്യുന്നു.

ഷക്കീൽ ഭായ് ഇശാ നമസ്‌കാരത്തിനായി മഖ്ദൂം പള്ളിയിലേക്ക് പോകും എന്ന് പറഞ്ഞു. ഞങ്ങൾക്ക് അത്താഴത്തിനുള്ള ഭക്ഷണം അപ്പ പള്ളിയുടെ അവിടെ കിട്ടും എന്നും അതിനുള്ള ആളെ അഫ്സൽ ഭായ് ഞങ്ങൾക്ക് പരിചയപ്പെടുത്തി തരും എന്നും പറഞ്ഞ് അദ്ദേഹം പള്ളിക്കുള്ളിലേക്ക് പോയി.

മലബാറിലേക്ക് വന്ന മാലിക് ദിനാറിന്റെ സംഘം കായൽപട്ടണത്തും വന്നു എന്നാണ് പറയപ്പെടുന്നത്. ഹിജ്‌റ 12-ാം വർഷം സിദ്ദീഖുൽ അക്ബറിന്റെ കാലത്താണ് കായൽപട്ടണത്തെ ആദ്യ മുസ്ലിം കുടിയേറ്റം രൂപപ്പെടുന്നത്. അവർ കടൽത്തീരത്ത് തന്നെ ഒരു പള്ളിയും നിർമ്മിച്ചു, കടൽക്കര പള്ളി. പിന്നീട്, ഹിജ്‌റ 842ൽ അബ്ബാസി ഭരണകാലത്ത് മുഹമ്മദ് ഖൽജിയും സംഘവും ഈജിപ്തിൽ നിന്ന് ഇവിടെ എത്തി. അദ്ദേഹമാണ് പെരിയ ഖുത്ബാ പള്ളിയുടെ സ്ഥാപകൻ. AD 1248ൽ മൂന്നാമത്തെ അറബ് കുടിയേറ്റം. അഹ്ലു ബൈത്തിൽ പെട്ട മുഹമ്മദ് ജലാലുദ്ദീനും കുടുംബവും ആണ്. അദ്ദേഹം പിന്നീട് തന്റെ കച്ചവടസാമ്രാജ്യത്തിലൂടെ കായൽപട്ടണത്തിന്റെ മുഖം തന്നെ മാറ്റുകയും, പാണ്ട്യ രാജവംശത്തിന്റെ ഭാഗമായി കായൽപട്ടണം ഭരിക്കുകയും ഉണ്ടായി. അദ്ദേഹത്തിന്റെ സന്താന പരമ്പരകളിൽ പെട്ടവരാണ് പിന്നീട് തമിഴ് നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിന് വേരോട്ടം ഉണ്ടാക്കുന്നത്.

“തറാവീഹ് കഴിഞ്ഞാൽ സെയ്ദ് വരും. അത്താഴം കഴിക്കാനുള്ള സ്ഥലം കാണിച്ച് തരാൻ” അതും പറഞ്ഞ് അഫ്സൽ ഭായ് വീട്ടിലേക്ക് പോയി. ഞങ്ങൾ പതുക്കെ പുറത്തേക്കിറങ്ങി നടന്നു. കുറച്ച് ദൂരം വലത്തോട്ട് നടന്നപ്പോൾ വലിയ ഒരു ഖുബ്ബ കണ്ടു. സാദാ പള്ളിയുടെ ഖുബ്ബയല്ല. അവിടെ അടുത്തിരുന്ന ആളോട് ചോദിച്ചു ” മഹ്ളറ അറബിക് കോളേജ്”, റമളാൻ ആയത് കൊണ്ട് വിദ്യാർഥികൾ ഒക്കെ നാട്ടിൽ പോയിരിക്കുകയാണ്. നാട്ടിൽ പോകാത്ത ഒന്ന് രണ്ട് വിരുതന്മാർ അവിടെ ഓടിക്കളിക്കുന്നു.

അവിടെ നിന്നും രണ്ട് അടി നടന്നാൽ പെരിയ ഖുത്ബാ പള്ളി കാണാം. കായൽപട്ടണത്തെ രണ്ടാമത്തെ പള്ളി. പള്ളിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. നിറയെ തൂണുകൾ പള്ളിയെ താങ്ങി നിർത്തിയിരിക്കുന്നു. പല്ലവ ആർക്കിടെക്ച്ചർ രീതിയിലാണ് ഈ തൂണുകൾ കാണാനാവുക. തമിഴ്‌നാട്ടിലെ ആദ്യ പള്ളിയായ കീളക്കരൈ മസ്ജിദിലും നമുക്കിത് കാണാം.

അധികം ഒന്നും കറങ്ങിത്തിരിയാൻ നിൽക്കാതെ ഇശാ നമസ്കാരം തുടങ്ങുമ്പോഴേക്കും ഞങ്ങൾ കൊടിമരപ്പള്ളിയിൽ തിരിച്ചെത്തി. നിസ്കാരവും പ്രാർത്ഥനയും കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങി. ഇതെന്താ തറാവീഹ് ഇല്ലേ എന്ന് വണ്ടർ അടിച്ച് നിൽക്കുമ്പോഴാണ്, പള്ളിയുടെ ഉൾഭാഗത്തല്ല പുറത്താണ് തറാവീഹ് നടക്കുക എന്ന് മനസ്സിലായത്. ചുറ്റിലും ഒരുപാട് പള്ളികൾ ഉള്ളത് കൊണ്ട് തന്നെ നിസ്കരിക്കാൻ ആളുകൾ കുറവാണ്. പള്ളിയിലെ ഖതീബ് ഉസ്താദ് ഇമാമായി നിസ്കാരം തുടങ്ങി. ഇമാമിന്റെ തൊട്ട് അരികിലായി മറ്റൊരു ഉസ്താദ് വലിയ ഒരു ഖുർആൻ തുറന്ന് വെച്ച് തയ്യാറായി ഇരുന്നു. ഇമാമിന്റെ ഖിറാ’അത് ശരിയല്ലേ എന്ന് പരിശോധിക്കലാണ് മൂപ്പരെ ജോലി. രണ്ടാമത്തെ റക്’അതിന്റെ റുകൂഇൽ അദ്ദേഹം ജമാഅത്തിന്റെ കൂടെ കൂടി. പിന്നീടുള്ള ഓരോ നാല് റക്’അതുകളിലും ഇമാം നിന്നത് പള്ളി ദർസിലെ വിദ്യാർത്ഥികളാണ്. അവസാനം വിത്ർ നമസ്കാരത്തിന് നേതൃത്വം കൊടുത്തതാണെങ്കിൽ ഖിറാഅത് ശരിയാണോ എന്ന് നോക്കാൻ ഇരുന്ന ഉസ്താദും. ഇവിടുത്തെ ഓരോ അനുഭവങ്ങളും ഞങ്ങൾക്ക് പുതിയതായിരുന്നു.

ഖാദിരിയ്യാ ത്വരീഖത്തിൽ ബൈഅത് ചെയ്ത മഹാനാണ് ഹള്റത് പെരിയ ശംസുദ്ദീൻ അവർകൾ. അതുകൊണ്ട് ശൈഖുൽ ഇസ്ലാം അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പേരിലുള്ള മൗലിദ് ഇവിടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. റമളാനിൽ ആണെങ്കിൽ തറാവീഹ് നമസ്കാരത്തിന് ശേഷം എല്ലാ ദിവസവും ഈ മൗലിദ് പാരായണം ഉണ്ട്. ശേഷം പെരിയ ശംസുദ്ദീൻ തങ്ങളുടെ മഖ്‌ബറ സിയാറത് ചെയ്തു. ഇവിടെ ഉള്ള ആളുകൾക്ക് പ്രാർത്ഥിച്ച് മതി വരാത്ത പോലെ….

അപ്പോഴേക്കും പള്ളി വരാന്തയിൽ നീളത്തിൽ പുല്ലുപായ വിരിക്കുന്നത് കണ്ടു. നോമ്പ് തുറ വിഭവങ്ങൾ വിളമ്പിയ അലി ഭായ് തിടുക്കത്തിൽ വരാന്തയോളം തന്നെ നീളം ഉള്ള പാ രണ്ടും വിരിച്ചു. വിശ്വാസികൾ ആ പായിൽ മുഖാ മുഖം നിന്ന് മറ്റെന്തിനോ ഉള്ള പുറപ്പാടിലാണ്. അന്തിച്ചു നിന്ന ഞങ്ങളോടും കൂടാൻ പറഞ്ഞു.

അവർ ഒന്നിച്ച് പറഞ്ഞു

“ദീൻ ദീൻ യാ റസൂലള്ളാ

അൽ മദദ് യാ മുഹിയുദ്ദീൻ”

ചൂണ്ടു വിരൽ ഒഴികെ മറ്റെല്ലാ വിരലുകളും മടക്കി, ഒരു കൈ പുറകിലേക്ക് പിടിച്ച്, മുകളിലേക്കും താഴേക്കും കൈ ഉയർത്തിയും താഴ്ത്തിയും ഒരേ താളത്തിൽ ആണ് എല്ലാവരും ഇങ്ങനെ ചെയ്യുന്നത്. ഒരു മുദ്രാവാദ്യത്തിന്റെ താളവും രീതിയും. പിന്നീട് ആലോചിച്ചപ്പോൾ, എപ്പോഴോ കണ്ട് മറന്ന ‘അറാദ്’ നൃത്തത്തോട് സാമ്യം തോന്നി.

അപ്പോഴേക്കും സമയം പതിനൊന്ന് കടന്നിരുന്നു. അലി ഭായ് വരാന്തയിൽ നല്ല ചക്കര കാപ്പി കൊണ്ട് വന്ന് വെച്ചു. ഇവരാരും വീട്ടിലേക്ക് പോകുന്നില്ലേ എന്ന് എനിക്ക് അത്ഭുതം തോന്നി. അഫ്സൽ ഭായ് വക അച്ചപ്പവും. ചായ കുറിച്ച് ഇരിക്കുമ്പോഴാണ് നാട്ടിലെ കാർന്നോമ്മാർ ഞങ്ങളെ അങ്ങോട്ട് വിളിച്ചത്. നാടും വിശേഷങ്ങളും ഒക്കെ ചോദിച്ച ശേഷം, അവര് പ്രധാന ടോപിക്കിലേക്ക് എത്തി. നിമിഷങ്ങൾക്ക് മുൻപ് വരെ തലയിലും അപ്പോൾ തോളിലും കിടന്നിരുന്ന കഫിയ. കുഫിയ എന്നും ഈ തുണിക്കഷണത്തിന് പേരുണ്ട്. മുസ്ലിങ്ങൾ കഴിഞ്ഞാൽ അത് ഏറ്റവും അധികം ഉപയോഗിക്കുന്നത് സിനിമക്കാരാണ്. “ഇത് നിന്റെ പ്രായത്തിനൊത്ത വേഷമല്ല. അറുപത് വയസ്സാകുമ്പോ ഒക്കെ ഉപയോഗിച്ചോ. ഇപ്പൊ തൊപ്പി പോരെ. എന്തിനാ വെറുതെ പ്രശ്നങ്ങൾ വിളിച്ചു വരുത്തുന്നത്. നല്ല പ്രായല്ലേ? പഠിച്ച് നല്ല നിലയിൽ എത്താൻ നോക്ക്” ഈ വഴിക്ക് നീങ്ങിയ ചർച്ച, ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥയും, തല്ലിക്കൊല്ലലും, 2019ലെ ഇലെക്ഷനും കടന്ന് കൊളോമ്പോയിലെ ചർച്ച് സ്ഫോടനം വരെ എത്തി. ഒരു മുസ്ലിം ഗെറ്റോയിൽ താമസിക്കുന്നതിന്റെ എല്ലാ വ്യാകുലതകളും അവരുടെ വാക്കുകളിലും ഉപദേശങ്ങളിലും ഉണ്ടായിരുന്നു.

ഒന്ന് കണ്ണടച്ച് എണീക്കും മുൻപ് 3 മണി ആയിരുന്നു. ഞങ്ങൾ അപ്പാ പള്ളിയിലേക്ക് നടന്നു. നേരെ പോയി ഒരു വളവ് തിരിഞ്ഞ് പിന്നെയും നേരെ. വലത് വശത്ത് അപ്പാ പള്ളി നേരെ മുൻപിൽ ഒരു വീടിനോട് ചേർന്ന് താൽകാലിക അടുക്കളയും പന്തലും. അവിടെയാണ് അത്താഴം വിളമ്പുന്നത്. ഗേറ്റിന് മുൻപിൽ ആളുകകൾ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു. അത്താഴം വിളമ്പി. ചോറും, നല്ല കൊഴുത്ത പരിപ്പ് കറിയും പപ്പടവും കട്ട തൈരും. അതിന് മുകളിൽ പൊരിച്ചെടുത്ത ഒരു മുഴുവൻ കാടയും. ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ഇതിലും മികച്ച അത്താഴം സ്വപ്നങ്ങളിൽ മാത്രം.

തിരിച്ച് പള്ളിയിൽ എത്തുമ്പോഴേക്കും സുബ്ഹി നിസ്കാരത്തിന് ആളുകൾ വന്ന് തുടങ്ങിയിരുന്നു. ബാങ്ക് കൊടുക്കും മുൻപ് കിണറ്റിൽ നിന്ന് നല്ല തണുത്ത വെള്ളം കോരി ഒഴിച്ച് കുളിച്ചു. കായൽപട്ടണത്ത് വന്നിട്ട് ഒരേ ഒരു പള്ളി മാത്രമാണ് കണ്ടത്. അതിന് ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളും. അത് തന്നെ എത്ര എഴുതിയാലും തീരാത്ത പോലെ. 124 ഓളം ചെറുതും വലുതുമായ പള്ളികൾ ഇനിയും ഉണ്ട്. നേരം വെളുത്ത് തുടങ്ങിയപ്പോ നേരെ നടന്നു. മഖുദൂമിയ്യ സ്ട്രീറ്റ് വഴി ബസ് സ്റ്റാന്റിലേക്ക്. രാമേശ്വരം ബസ്സ് പിടിക്കണം. കീളക്കരയ് ഇറങ്ങണം. തമിഴ് നാട്ടിലെ ആദ്യത്തെ പള്ളി കാണാൻ…

(തുടരും)


ചിത്രങ്ങൾ: ഇഷ്ഫാഖ് ഷംസ്

സുഹൈല്‍ അബ്ദുല്‍ ഹമീദ്‌