Campus Alive

റമദാൻ, അല്ലാഹു നമ്മെ ചേർത്ത് പിടിക്കുകയാണ്

അല്ലാഹുവിൻ്റെ സ്നേഹവും കരുണയും കൂടുതൽ അനുഭവേദ്യമാകുന്ന സന്ദർഭമാണ് റമദാൻ .അവനെ അവഗണിക്കുമ്പോഴും അവനിൽ നിന്നകലെയാകുമ്പോഴും അവൻ്റെ വഴിയിൽ നിന്ന് തെറ്റി നടന്നാലും ഇടക്കൊക്കെ അവനിങ്ങനെ നമ്മളെ ചേർത്ത് പിടിക്കും. നന്മയുടെ സുഗന്ധവും കുളിരും അനുഭവിപ്പിക്കും. അവനിലേക്കുള്ള വഴിയിലിങ്ങനെ കൊണ്ടുവന്ന് നിർത്തും. അവനിൽ നിന്നകലത്തായി പോകുന്ന നേരം അരികിലേക്ക് ചേർത്ത് പിടിക്കാതെ പോയാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? അളന്ന് കണക്കാക്കാനാവാത്ത കാരുണ്യം അവൻ്റെ ഖജനാവിൽ മാത്രമല്ലേ ഉള്ളൂ!

ഖുർആനാണ് റമദാനിൻ്റെ വർണം. അതിൻ്റെ ചായം മുക്കിയെഴുതുന്നതിലാണ് നോമ്പ് കാലം മനോഹരമാകുന്നത്. ഖുർആൻ അവതരിച്ച മാസമായത് കൊണ്ട് റമദാനിൽ നോമ്പെടുക്കാൻ പറഞ്ഞു. നോമ്പിൻ്റെ ഫലം തഖ്‌വയാണെന്നോതിപ്പറഞ്ഞു. തഖ്‌വ നേടിയവർക്കാണ് ഖുർആൻ വെളിച്ചമാവുകയെന്നരുളി. ‘ഹുദൻ ലിൽ മുത്തഖീൻ’ ഖുർആനിൽ തുടങ്ങി ഖുർ ആനിലേക്ക് തന്നെ മടങ്ങിയെത്തുന്ന പരിക്രമണം. സ്നേഹവും കാരുണ്യവും നിറച്ച് ഗംഭീരമായൊരു സൽക്കാരം അവനൊരുക്കി വെക്കുമ്പോൾ അതിന് യോജിച്ച വസ്ത്രങ്ങളണിഞ്ഞ് വേണം അതിലേക്ക് പോകുന്നത്. ഉള്ളതിൽ മികച്ചതും മനോഹരവുമായ വസ്ത്രം തന്നെയണിയണം നമുക്ക്. തഖ്‌വയുടെ വസ്ത്രം തന്നെയാണത്.

പലപ്പോഴും നമുക്കാവശ്യമുണ്ടാകുമ്പോഴാണല്ലോ അവനെ നാം കൂടുതൽ ഓർക്കാറുള്ളത്. അസുഖങ്ങളായും സാമ്പത്തിക ഞെരുക്കങ്ങളായും മാനസിക സംഘർഷങ്ങളായും പരീക്ഷണങ്ങൾ തേടിയെത്തുമ്പോൾ നാം അവനിലേക്കങ്ങ് തിരിയും. അവിടെ സുജൂദുകൾക്ക് ദൈർഘ്യം കൂടും. പ്രാർഥനകളിൽ മനമുരുകും. പക്ഷേ പ്രതിസന്ധികളും പ്രശ്നങ്ങളും ഒഴിഞ്ഞ നേരം മനസിലും ദിക്റിലും അവനില്ലാതെ പോകും.
റസൂൽ (സ) പറഞ്ഞു ‘നിങ്ങളുടെ സുഭിക്ഷതയുടെ സന്ദർഭത്തിൽ അല്ലാഹുവെ അറിയുമ്പോഴാണ് പ്രതിസന്ധിയുടെ സമയത്ത് അവൻ നിങ്ങളെ കണ്ടറിയുന്നത് ‘ പ്രയാസങ്ങളുണ്ടാകുമ്പോ അവനിലേക്ക് നീട്ടുന്ന കൈകളിൽ തസ്ബീഹിൻ്റെ സുഗന്ധമുണ്ടോ എന്ന് പടച്ചോൻ നോക്കും

“എന്നാല്‍ അദ്ദേഹം അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍
ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു.” (37: 143,144 )

ഖൽബിൽ ഈമാനിൻ്റെ വെളിച്ചവും കർമങ്ങളിൽ ഇഹ്സാനിൻ്റെ സൗന്ദര്യവും ചേർന്ന് വരുമ്പോൾ നടക്കുന്ന വഴികൾ സുഗന്ധമുള്ളതാകും. മനസിൽ ആനന്ദത്തിൻ്റെ നിർവൃതികൾ താളം പിടിക്കും. അതില്ലാതെ പോകുമ്പോൾ നോമ്പ് കാലം കേവല ആരവങ്ങൾ മാത്രമായി കടന്ന് പോകും. യാന്ത്രികമായ പ്രവർത്തനങ്ങൾ മനസിലൊരു വിത്തും മുളപ്പിക്കില്ല തന്നെ!

അല്ലാഹുവിൻ്റെ വഴിയിൽ ഏറെ പ്രിയത്തോടെ നടന്നു ശീലിക്കുന്ന കാലമാണ് റമദാൻ.
നന്മകളുടെ സുഗന്ധവും അനുഭൂതിയും അനശ്വര ലോകത്തെ കിനാവ് കാണിക്കുന്ന സമയങ്ങൾ .
അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും നനവ് ഉള്ളനുഭവിക്കുന്ന നേരം. കരുണയുടെയും വിട്ടുവീഴ്ചയുടെയും തുറന്നിട്ട വാതിലുകള്‍ കടന്ന് അവനോടരൽപം ചേര്‍ന്നിരിക്കണം. പ്രലോഭനങ്ങളും പ്രകോപനങ്ങളും തട്ടിമാറ്റി അവനിലേക്കോടിയടുക്കണം.
നന്മകളൊക്കെയും ,അതെത്ര ചെറുതാണെങ്കിലും പെറുക്കിയെടുത്ത് കൂട്ടിവെക്കണം. ഒരു നെന്‍മണിയില്‍നിന്ന് അനേകം കതിര്‍കുലകള്‍ പെരുകുന്ന പോല്‍ അനേകമിരട്ടിയായി തിരിച്ചുകിട്ടുന്ന നാളിന് വേണ്ടി കരുതി വെക്കണം.

ആവശ്യങ്ങളേറെയുണ്ടാവുമ്പോഴും മറ്റുള്ളവരുടെ അത്യാവശ്യങ്ങൾ കണ്ടറിയണം .
ഒരു പകലിന്റെ ത്യാഗം അസ്തമയത്തിലെത്തുമ്പോള്‍ നാഥന്റെ ഇഷ്ടത്തിനായി ജീവിച്ച ഒരു ദിനത്തിന്റെ നിര്‍വൃതി മനസ്സിലനുഭവിച്ച് നോമ്പ് തുറക്കണം. അന്നേരം
വരണ്ടുണങ്ങിയ ഞരമ്പുകൾ നനയുന്നതിനേക്കാൾ മനസകം കുളിരണിയും. സുകൃതങ്ങൾ മാത്രം തുണയാകുന്ന ലോകത്ത് നന്മയുടെ തട്ടിൽ കനം തൂങ്ങുന്ന കർമങ്ങളായി അവ സ്വീകരിക്കാൻ ദുആ ഇരക്കണം .

മറ്റെന്തിനേക്കാളും അല്ലാഹുവും അവൻ്റെ ഇഷ്ടങ്ങളുമാണ് വലുതെന്ന് ഒരു വിശ്വാസി തെളിയിക്കുന്ന ദിനരാത്രങ്ങളാണ് റമദാനിലേത്. വിശക്കുന്നുവെന്നും ദാഹിക്കുന്നുവെന്നും മനസും ശരീരവും പറയുമ്പോഴും, കയ്യെത്തും ദൂരത്ത് ഭക്ഷണവും വെള്ളവുമിരിപ്പുണ്ടെങ്കിലും, മറ്റാരും കാണില്ലെന്നു മുറപ്പുണ്ടാകുമ്പോഴും എൻ്റെ റബ്ബത് പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നൊറ്റ കാരണത്താൽ ജഡികേഛകളെ ദൂരത്ത് നിർത്താൻ നോമ്പുകാരനാകുന്നുണ്ട്. നമ്മുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും അല്ലാഹുവിൻ്റെ ഇഷ്ടമാക്കി മാറ്റാൻ നമുക്ക് കഴിയുന്നുണ്ടിവിടെ. ആ പരിശീലനം പൂർത്തിയാക്കിയതിൻ്റെ വിളംബരമാകാം പെരുന്നാളമ്പിളി കാണുമ്പോൾ തക്ബീർ മുഴക്കിയുള്ള വിജയാഹ്ലാദം.

രിയാഇനോടുള്ള പോരാട്ടം കൂടിയാണ് നോമ്പ്. ഇതര അനുഷ്ഠാനങ്ങളും നന്മകളും അത് നിർവഹിക്കുകയാണെന്ന് മറ്റുള്ളവർക്ക് കാണാനും അറിയാനും കഴിയുമെങ്കിൽ നോമ്പ് അല്ലാഹുവിന് മാത്രം കാണാൻ കഴിയുന്ന അനുഷ്ഠാനമാണ്. അത് കൊണ്ടാവാം ‘നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം ഞാനാണ് നൽകുന്നതെന്ന് ‘ അല്ലാഹു പറഞ്ഞത്.

സാമൂഹികതയുടെ കരുത്തുള്ള സന്ദേശം കൂടിയാണ് റമദാൻ. അസത്യത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിൻ്റെ ഓർമകളാണല്ലോ ‘യൗമുൽ ഫുർഖാൻ’. നോമ്പ് നോറ്റതിന്റെ ആത്മീയ കരുത്ത് തന്നെയാണ് ബദ്റിൻ്റെ മണ്ണിൽ ഭൗതിക ശക്തിയായി മാറിയത്.

റമദാനിൽ കായ്ക്കുന്ന ചില നന്മകളുടെ കൂട്ടായ്മകളുണ്ട്. റമദാൻ കിറ്റുകളൊരുക്കാനും, ആവശ്യക്കാരെ നോമ്പ് തുറപ്പിക്കാനും, പള്ളികളെ സജീവമാക്കിയും ഇഅതികാഫ് സംഗമങ്ങളിലൊന്നിച്ചിരുന്നും രൂപപ്പെടുന്ന കൂട്ടായ്മകൾ. വൈയക്തികമായ ആത്മീയ അനുഭൂതികളോടൊപ്പം ശക്തിപ്പെടേണ്ട സാമൂഹിക ബോധത്തെ അടയാളപ്പെടുത്തുന്നുണ്ടതെല്ലാം.

ഇതങ്ങ് തീർന്ന് പോയ ശേഷം റഹ്‌മത്ത് പെയ്തിറങ്ങുന്ന ദിനരാത്രങ്ങളുമായി ഇനിയൊരു റമദാൻ നമ്മുടെ ജീവിതത്തിലേക്ക് വരുമെന്ന് ഒരുറപ്പും നമുക്കില്ല. റമദാൻ മാത്രമല്ല ,ഒന്നിനെ കുറിച്ചും ഒരുറപ്പും പറയാനാകാത്ത ദുൻയാവിൽ നമ്മെ തേടിയെത്തുന്ന സുകൃതങ്ങളെ നഷ്ടപ്പെടുത്താതെ ചേർത്ത് വെക്കാനായാൽ പിന്നെ അനശ്വര ലോകത്തെ സ്വർഗമുറപ്പിക്കാൻ അവൻ്റെ കാരുണ്യം മാത്രം മതിയാകും.

സുഹൈബ് സി ടി