അല്ലാഹുവിനെ കൂടാതുള്ളവരെ രക്ഷകരായി വരിക്കുന്ന ജനമുണ്ടല്ലോ, അവര്‍ ചിലന്തിയെപ്പോലെയാകുന്നു. അതൊരു വീടുണ്ടാക്കി. ഘടനകളിൽ വെച്ചേറ്റവും ദുര്‍ബലമായത് ചിലന്തിയുടെ വീടാണല്ലോ. കഷ്ടം! ഇവര്‍ അറിഞ്ഞിരുന്നുവെങ്കില്‍!” – (അൽ അൻകബൂത്ത്, 29 : 41)
പ്രവാചകൻ മുഹമ്മദിന് (സ) മുൻപ് ദൈവിക സന്ദേശം ലഭിച്ച ജനതകളെ സൂചിപ്പിച്ചുകൊണ്ടാണ് സൂറഃ അൽ-അൻകബൂത്തിലെ ചിലന്തിവലയുടെ ഉപമ പരാമർശിക്കപ്പെട്ടിട്ടുള്ളത്. തങ്ങളുടെ ദൈവവിശ്വാസം പലകുറി പരീക്ഷിക്കപ്പെട്ടിട്ടും അവിശ്വാസം സ്വീകരിക്കാതിരിക്കുകയും, തന്മൂലം പ്രതിഫലാർഹരായിത്തീരുകയും ചെയ്ത മുൻകാല പ്രവാചകന്മാരുടെ കഥകളെ ഈ അദ്ധ്യായം ഓർത്തെടുക്കുന്നു. അവിശ്വാസത്തിന് വഴിപ്പെട്ടുപോയ ജനതകളുടെ കഥകളും സൂറത്തിൽ പരാമർശിക്കുന്നുണ്ട്. പ്രവാചക സന്ദേശങ്ങളെ തിരസ്കരിക്കുകയും ജീവിതത്തിനു വേണ്ട നിയമങ്ങളും തത്വങ്ങളും സ്വയം നിർമ്മിക്കുകയും ചെയ്ത ആദ്, സമൂദ് ജനതകളുടെയും, പഴയ ഏടുകളിൽ പരാമർശിക്കപ്പെട്ട ഫിർഔൻ, ഖാറൂൻ, ഹാമാൻ എന്നിവരുടെയും ചരിത്രമാണ് സൂക്തം 38-39 ൽ യഥാവിധം പരാമർശിക്കുന്നത്. ഇക്കൂട്ടരെയാണ് “അല്ലാഹുവിനെക്കൂടാതെ സംരക്ഷകരെ സ്വീകരിച്ചവർ” എന്ന് ഖുർആൻ വിശേഷിപ്പിച്ചത്. ചിലന്തി വല കൊണ്ട് ഉപമിക്കപ്പെട്ടതും ഇവരെ തന്നെ.
ഖുർആന്റെ ‘സ്വയം ഭവനം പണിയുന്ന ചിലന്തി’ എന്ന പ്രയോഗം ആധുനികതയിലെ മതേതര സമൂഹങ്ങളുടെ കാര്യത്തിൽ ഏറെ പ്രസക്തമാണ്. ഭൗതികവാദത്തിന്റെയും യൂറോപ്പ്യൻ നവോത്ഥാനത്തിന്റെ മനുഷ്യകേന്ദ്രീകൃത ജ്ഞാനശാസ്ത്രത്തിന്റെയും ദുർബലമായ നൂലുകൾകൊണ്ട് തുന്നിക്കൂട്ടിയ ചിലന്തിവലയാണ് ആധുനിക-മതേതര സമൂഹം. അനുഭവജ്ഞാനവാദത്തിന്റെ (എമ്പിരിസിസം) ഉയർച്ചയിലൂടെ അസ്ഥിത്വത്തിന്റെ കേന്ദ്രം തന്നെ മനുഷ്യനാണെന്ന വീക്ഷണം ശക്തിപ്പെടുകയും ആ അസ്ഥിത്വത്തെ നിർമ്മിക്കാൻ പോലും കെൽപ്പുള്ള ഒരു സ്ഥാനത്ത് അവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. (മനുഷ്യ ജന്മത്തെ തന്നെ നിർണയിക്കാനുള്ള തെരഞ്ഞടുപ്പധികാരം മനുഷ്യനുണ്ടെന്നും അല്ലാതെ പൂർവാധുനികയിലേതു പോലെ വിധിയല്ല അത് നിയന്ത്രിക്കുന്നതെന്നുമാണ് പീറ്റർ ബെർഗറിന്റെ ആധുനികതയെ കുറിച്ച സങ്കൽപനം [1]). ഇതേ ആശയപരിസരങ്ങളിൽ നിന്ന് വികസിച്ചു വന്ന പുരോഗതിയെ കുറിച്ച ശാസ്ത്രീയ ആഖ്യാനങ്ങളുടെ കടന്നുവരവോടെ, മനുഷ്യന്റെ ധിഷണാശേഷിക്കപ്പുറമുള്ള തത്വങ്ങളും ആശയങ്ങളുമെല്ലാം അപ്രസക്തവും, ഇല്ലാത്തതുമാണെന്ന ധാരണ രൂപപ്പെട്ടു. അങ്ങനെ മതേതരത്വം/മതരാഹിത്യം അല്ലെങ്കിൽ നാമിന്ന് അകപ്പെട്ടിരിക്കുന്ന നിസ്സാരമായ ചിലന്തിവല മനുഷ്യേഛയുടെ കേന്ദ്രത്തിലേക്ക് വന്നു.
പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്ന്, പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന അഭിപ്രായപ്രകടനങ്ങളുടെ പൊതുസ്വഭാവം മതനിയമങ്ങൾക്കും സ്ഥാപനങ്ങൾക്കും അതീതമായി ‘പുരോഗതി’ നേടാൻ തീവ്രമായി ശ്രമിക്കുക എന്നതായിരുന്നു. “ആത്മീയ കാര്യങ്ങളിൽ സ്വതന്ത്രമായ ഇഛ പ്രയോഗിക്കാനുള്ള വിശേഷാധികാരം[2]” ഓരോ വ്യക്തിക്കും നവീകരണ പ്രസ്ഥാനം ചാർത്തിനൽകി. പരമ്പരാഗത ക്രൈസ്തവതയെ തള്ളിപ്പറകയും പകരം സ്വാധികാരമുള്ള മനുഷ്യേഛക്കായി അത് വാദിക്കുകയും ചെയ്യുന്നു. തങ്ങളുടെ ശാസ്ത്രീയ പരിശ്രമങ്ങൾക്ക് അനുബന്ധമായി അത്തരമൊരു ലോകവീക്ഷണം ചിട്ടപ്പെടുത്തുകയെന്നത് യൂറോപ്യൻ ജ്ഞാനോദയത്തിന്റെ പദ്ധതിയായിരുന്നു. അനുഭവജ്ഞാനം വഴി ലോകത്തെ മനസ്സിലാക്കുക സാധ്യമാണെന്ന ധാരണ ശക്തമായതോടെ, കേവലമൊരു ഭൗതിക പദാർത്ഥമായി ലോകം ചുരുക്കപ്പെട്ടു. ക്രമേണ ‘ആത്മീയ കാര്യങ്ങളുടെ’ ആവശ്യകത ഒന്നടങ്കം നീക്കം ചെയ്യപ്പെട്ടു. അങ്ങനെ, വെബർ മുന്നോട്ടുവെച്ച ‘ഡിസ്എഞ്ചാന്റ്മെന്റ്‘ എന്ന ആധുനിക അവസ്ഥയിൽ ലോകമെത്തുകയും ചെയ്തു. അതുപ്രകാരം “അതീന്ദ്രീയവും മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറവുമുള്ള ശക്തിളൊന്നുമില്ല, മറിച്ച് കണക്കുകൂട്ടലിലൂടെ ഒരാൾക്ക് തത്ത്വത്തിൽ എല്ലാത്തിനെയും അധീനപ്പെടുത്താൻ കഴിയും” [3] എന്നു വന്നു.
ഒരേസമയം യാഥാർത്ഥ്യത്തിന്റെ ആത്മീയ മാനങ്ങളെ കൈവെടിയുന്നതിലൂടെയും ദൈവിക നിയമങ്ങളെ മനുഷ്യനിർമ്മിത നിയമങ്ങൾ അട്ടിമറിക്കുന്നതിലൂടെയും, ‘ദൈവേതര സംരക്ഷകരെ സ്വീകരിക്കുക’ എന്നതിന്റെ സ്വാഭാവികവൽക്കരണമായി യൂറോപ്പ്യൻ ജ്ഞാനോദയ പാരമ്പര്യത്തെ മനസ്സിലാക്കാം. രജനി കണ്ണേപള്ളി കാന്ത് വിവരിച്ചത് പോലെ “യുക്ത്യാധിഷ്ഠിത-റിഡക്ഷനിസ്റ്റ് കണക്കുകൂട്ടലിന്റെയും ‘മനുഷ്യകേന്ദ്രീകൃത വ്യർത്ഥത’യുടെയും സംയോജനം[4]” ആണ് യൂറോപ്യൻ ജ്ഞാനോദയം. ‘സ്വയം ഒരു ചിലന്തിവല കെട്ടിപ്പടുത്തുകയോ’ അല്ലെങ്കിൽ, ഓരോ വ്യക്തിയെയും സ്വന്തമായി ഒരു ചിലന്തിവല നിർമ്മിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തുകൊണ്ട്, തീർത്തും ഭൗതികമായ തലത്തിൽ വിഭാവനം ചെയ്ത മനുഷ്യൻ സ്വയം പ്രപഞ്ചത്തിന്റെ കേന്ദ്രമായി കരുതി.
ജെറമി ബെന്താമിനെ പോലുള്ള ജ്ഞാനോദയ ചിന്തകരുടെ ആപേക്ഷിക ധാർമ്മിക സിദ്ധാന്തങ്ങളുടെ സംക്ഷിപ്തം അതാണ്. അദ്ദേഹം പറയുന്നത് “ആനന്ദം, വേദന” (പെയ്ൻ ആൻഡ് പ്ലെഷർ) എന്നീ രണ്ടു “പരമാധികാര തലവന്മാർ”ക്ക് അനുസരിച്ചായിരിക്കണം എല്ലാ പെരുമാറ്റങ്ങളും എന്നാണ് [5]. ഈ “പരമാധികാര തലവന്മാർ” സൂറ അൽ-അൻകബൂത്തിൽ പറയുന്ന “സംരക്ഷകർക്ക്” (أَوْلِيَاءَ) തുല്യമാണ്. അവരുടെ നശ്വരവും പക്ഷപാതപരവുമായ ദേഹേഛകളും മനോഗതിയുമുപയോഗിച്ച് അവർ ദിവ്യനിയമങ്ങളെ മാറ്റിസ്ഥാപിച്ചു. ചിലന്തിവലയെന്ന പ്രതീകത്തിന്റെ മറ്റു വശങ്ങളെ കൂടുതൽ അന്വേഷിക്കുന്നതിന് മുമ്പ് ബെന്താമിന്റെ ഹെഡോണിക് കാൽക്കുലസിന്റെ (ഏതൊരു പ്രവൃത്തിയും ഉളവാക്കുന്ന ആനന്ദത്തിന്റെയോ വേദനയുടെയോ ആകെത്തുക കണക്കാക്കുന്നതിന് ബെന്താം മുന്നോട്ടുവെച്ച സങ്കേതം) മതേതര സ്വഭാവം ശ്രദ്ധേയമാണ്. അതിലൂടെ മനുഷ്യ സഫലീകരണത്തിന്റെ മാനദണ്ഡം കേവല യാന്ത്രികമാക്കി ചുരുക്കുകയും ധാർമ്മികതയ്ക്ക് മീതെ “കണക്കുകൂട്ടലിന്” അധീശത്വം നൽകുകയും ചെയ്തു.
മനുഷ്യാനന്ദത്തെയും വേദനയെയും കേന്ദ്രമാക്കി നെയ്തെടുത്ത ഈ ചിലന്തിവലയാണ് ‘ഘടനകളിൽ വെച്ചേറ്റവും ദുർബലമായത്’. കാരണം മനുഷ്യത്വത്തെ സംബന്ധിച്ച തീർത്തും ഭൗതികമായ സങ്കൽപ്പത്തിൽ നിന്നാണതിന്റെ കണ്ണികൾ നെയ്തെടുത്തിരിക്കുന്നത്. ആനന്ദവും വേദനയുമാണ് മനുഷ്യജീവിതത്തെ ‘ഭരിക്കുന്നത്’ എന്ന തത്വം, മനുഷ്യാസ്ഥിത്വത്തെ ശാരീരികമായ തലത്തിലേക്ക് മാത്രമായി ചുരുക്കുന്നു. സൃഷ്ടി പ്രകൃതവുമായി ബന്ധപ്പെട്ടുകൊണ്ട് അരിസ്റ്റോട്ടിൽ മുന്നോട്ടുവെച്ച ‘സെൻസിറ്റീവ് സോൾ‘ എന്ന ആശയവുമായാണിത് ചേർന്നുനിൽക്കുന്നത്. തൽഫലമായി, ശാരീരികമായ കാമനകളുടെയും വിമുഖതകളുടെയും സങ്കലനം മാത്രമാണ് മനുഷ്യാനുഭവങ്ങൾ എന്നു വരുന്നു, ‘ശാരീരികം‘ എന്നത് പ്രകൃത്യാ തന്നെ ഭൗതികമാണല്ലോ. ഭൗതികത തീർച്ചയായും അനിശ്ചിതവും, അതുകൊണ്ടുതന്നെ മാറ്റത്തിനും അധപതനത്തിനും വിധേയമാവുന്നതുമാണ്. അപ്രകാരം, ജീവിതത്തെ സംബന്ധിച്ച ഭൗതിക വീക്ഷണങ്ങൾ തദനുസാരമായ രാഷ്ട്രീയ-സാമൂഹിക തത്വങ്ങൾ നിർമ്മിക്കാനുള്ള ഏറ്റവും ദുർബലമായ (أَوْهَنَ) ചിലന്തിവലകൾ മാത്രമാണ്.
മാത്രമല്ല, ശാരീരിക കാമനകളെ ആശ്രയിച്ചു നിൽക്കുന്നതിനാൽ, ഇത്തരം തത്വങ്ങൾ തികച്ചും ആപേക്ഷികമായാണ് ഓരോ വ്യക്തി ശരീരത്തോടും ഇടപെടുന്നത്. അതിനാൽതന്നെ അവ ദൈവിക നിയമത്തിന്റെ ശാശ്വതവും സമഗ്രവുമായ സ്വഭാവത്തിന് നേർവിരുദ്ധമാണ്. മതേതരത്വമെന്ന ‘ചിലന്തിവലയിൽ‘ ഓരോ വ്യക്തിയുടെയും ധാർമിക ആശയങ്ങളെ നിർണയിക്കുന്നത് അവരുടെ ശാരീരിക നിർണയനങ്ങളാണ്. ഒരു ചിലന്തി എട്ടു മൂലകളുള്ള വല നെയ്യുന്നതു പോലെ, മനുഷ്യ നിർമ്മിത നിയമത്തിന്റെ അതിരുകൾ നിർണയിക്കപ്പെടുന്നത് ‘മനുഷ്യത്വത്തിന്റെ‘ (humanness) അളവുകോൽ അനുസരിച്ചാണ്. അതുകൊണ്ടുതന്നെ, മതേതര ജീവിതവ്യവസ്ഥ എന്നത് ഓരോ വ്യക്തിയും അവരുടേതായ പ്രതീകാത്മക ചിലന്തിവലയാൽ പൊതിഞ്ഞുവെക്കപ്പെടുന്ന ഒന്നാണ്. സ്വന്തം ശാരീരികാവസ്ഥകളും കഴിവുകളും ഗ്രാഹ്യങ്ങളുമായി മാത്രം ബന്ധപ്പെട്ടായിരിക്കും അവർ നിലനിൽക്കുക. അത്, അമാനുഷികവും അതീന്ദ്രിയവുമായ എല്ലാ ആശയങ്ങളെയും മാറ്റിസ്ഥാപിച്ച് ദുർബലമായ ഒരു ഘടന സ്ഥാപിക്കുകയും ചെയ്യുന്നു.
അപ്രകാരം, ഈ പ്രതിസന്ധിക്ക് ജ്ഞാനശാസ്ത്രപരമായ ഒരു തലം കൂടിയുണ്ട്. ജ്ഞാനോദയ തത്വചിന്തയിലെ ‘മനുഷ്യകേന്ദ്രീകൃത വ്യർത്ഥത’യ്ക്ക് സമാനമായി സ്വന്തത്തിന്റെ തന്നെ പ്രകാശനമെന്ന നിലക്ക് ദൈവികവും ഉന്നതവുമായ മൂല്യങ്ങൾക്ക് വിഘാതമായ ഒരു വലയിലാണ് മനുഷ്യൻ/ചിലന്തി കുടുങ്ങിപ്പോകുന്നത്. സയ്യിദ് ഹുസൈൻ നസ്ർ എഴുതുന്നു: “[ഈ ഉണ്മയുടെ തന്നെ] ബാഹ്യപ്രകടനത്തെ ആസ്പദമാക്കിയുള്ള ഒരു രീതിയിലൂടെയും മനുഷ്യനെ കുറിച്ചുള്ള അനിവാര്യമായ അറിവുകൾ നേടുക സാധ്യമല്ല [6]”. ചിലന്തിവല സൃഷ്ടിപ്രകൃതിയുടെ ഈ ‘ബാഹ്യപ്രകടനത്തെ‘ കുറിക്കുന്നുവെങ്കിൽ, നസ്ർ Scientia sacra അഥവാ ‘യാഥാർഥ്യത്തെ കുറിച്ച ആത്യന്തിക ശാസ്ത്രം [7]‘ എന്ന് വിളിക്കുന്ന സത്യസന്ധമായ ജ്ഞാനം കരസ്തമാക്കുന്നതിൽ നിന്നും അതു മനുഷ്യനെ തടയുന്നു. ഇപ്രകാരം, ആധുനിക വിഷയിയുടെ ജ്ഞാനശാസ്ത്രപരമായ പരിമിതികളെ കൂടിയാണ് ചിലന്തിവലയുടെ ഉപമ പ്രതിനിധീകരിക്കുന്നത്.
ആധുനിക മനുഷ്യന് നേടാൻ കഴിഞ്ഞിട്ടുള്ള പുരോഗതികൾക്കും പ്രായോഗികമായ പരിമിതികൾ ഇത് സൃഷ്ടിക്കുന്നുണ്ട്. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഏറെക്കുറെ എല്ലാ നേട്ടങ്ങളും ‘മതേതര ചിലന്തിവലയുടെ‘ ഭൗതിക മൂല്യങ്ങളിൽ പരിമിതപ്പെട്ടു കിടക്കുന്നതാണ്. ഉദാഹരണത്തിന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖലയിൽ നടന്നിട്ടുള്ള ബഹുഭൂരിപക്ഷം വികാസങ്ങളും മാനുഷിക പരികൽപ്പനകളായ കാര്യപ്രാപ്തി (efficiency), സുഖസൗകര്യം (convenience) എന്നിവയിൽ കേന്ദ്രീകൃതമാണ്. ഇതു വീണ്ടും ‘പെയ്ൻ ആൻഡ് പ്ലെഷർ‘ ആശയവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ബെന്താമിന്റെ പാരമ്പര്യത്തെ പിന്തുടർന്നുകൊണ്ട്, സാങ്കേതികമായ ‘മുന്നേറ്റങ്ങളെ’ നിർണയിക്കുന്ന സംരക്ഷകരായി (أَوْلِيَاءَ) ആനന്ദവും വേദനയും സ്വാഭാവികമായും മാറുന്നു; മനുഷ്യാവസ്ഥയുടെ ബാഹ്യപ്രകടനം മാത്രമാണവ. ജ്ഞാനശാസ്ത്രത്തോടുള്ള നസ്റിന്റെ സമീപനത്തെ ഇവിടെയും ചേർത്തുവായിക്കാൻ കഴിയും; സൃഷ്ടിപ്രകൃതത്തെ മാത്രം ആസ്പദമാക്കിയാണ് ആധുനിക സാങ്കേതിക നേട്ടങ്ങളെന്നതിനാൽ, മനുഷ്യാവസ്ഥകളെ മറികടക്കുന്നതും സത്യത്തെ ദർശിക്കുന്നതുമായ ശരിയായ തരം പുരോഗതികൾ കൈവരിക്കാൻ അവയ്ക്കു സാധ്യമല്ല.
പശ്ചാത്യൻ മതേതര രാഷ്ട്രങ്ങളിൽ, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ അവർ കൈവരിച്ച നേട്ടങ്ങൾ ഒരു വശത്ത് നിലനിൽക്കേ തന്നെ, മറുവശത്ത് അവിടങ്ങളിൽ ഏറ്റവും ഉയർന്ന മാനസികാരോഗ്യ പ്രശ്നങ്ങളും, ജീവിത സംതൃപ്തി ലഭിക്കാത്തത്തിന്റെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവിടെയാണ് ഈ പ്രതിസന്ധികളുടെ അനന്തരഫലങ്ങൾ പ്രകടമാവുന്നത്. ശൂന്യതാവാദം (നിഹിലിസം) യുവാക്കൾക്കിടയിൽ വർദ്ധിക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യങ്ങളിലൊന്നായ യുകെയിലെ കൗമാരക്കാർക്ക് തങ്ങളുടെ ജീവിതം അർഥരഹിതവും ലക്ഷ്യബോധമില്ലാത്തതുമായി അനുഭവപ്പെടുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. സൂറ അൽ-അൻകബൂത്തിന്റെ വെളിച്ചത്തിൽ, മതേതര സമൂഹങ്ങളെ ഒന്നിച്ചുനിർത്തുന്ന വ്യക്തികേന്ദ്രീകൃതവും ഭൗതികവുമായ ചരടിന്റെ അനന്തരഫലമായി ഇതിനെ മനസ്സിലാക്കാവുന്നതാണ്, “ഘടനകളിലേറ്റവും ദുർബലമായത്” അതാണല്ലോ. മാനസികാരോഗ്യപ്രശ്നങ്ങൾ കുറക്കുന്നതിനും മാനസികസ്ഥിരത കൂടുതൽ കൈവരിക്കുന്നതിനും ഒരു വ്യക്തിയുടെ ആത്മീയതക്ക് ബന്ധമുണ്ട് എന്ന വസ്തുതക്കുള്ള അംഗീകാരമാണ് ഇത്തരം സ്ഥിതിവിവര കണക്കുകൾ.
ചുരുക്കത്തിൽ, ശാരീരികവും ആത്മീയവുമായ നമ്മുടെ ക്ഷേമത്തിന് ആധുനിക മതേതരത്വത്തിന്റെ ചിലന്തിവലയിൽ നിന്ന് സ്വയം മോചിതമാവുക അനിവാര്യമാണ്. ബെന്താമിന്റെയും മറ്റു പ്രധാന ജ്ഞാനോദയ ചിന്തകരുടെയും ആശയങ്ങൾക്കു വിരുദ്ധമായി, ഉന്നതമായ മൂല്യങ്ങളെ ഉൾക്കൊള്ളുന്നതിലൂടെയാണ് യഥാർഥ വിമോചനം സാധ്യമാകുന്നത്. സൃഷ്ടിപ്രകൃതത്തിന്റെ ബാഹ്യവൽകൃത ജ്ഞാനശാസ്ത്ര വലകൾക്കുമപ്പുറമാണ് അവ നിലകൊള്ളുന്നത്. ഇത്തരമൊരു വിമോചനത്തിനു മാത്രമാണ് ‘പരമാധികാര തലവന്മാരിൽ’ നിന്നും, അരിസ്റ്റോട്ടിലിന്റെ ‘സെൻസിറ്റീവ് സോളിന്റെ’ കെണിയിൽ നിന്നും നമ്മെ മോചിതരാക്കാൻ കഴിയൂ. മറ്റാരെയും കൂടാതെ ദൈവത്തെ മാത്രം സംരക്ഷകനായി സ്വീകരിച്ചാൽ മാത്രമേ അത്തരമൊരു വിമോചനം നേടാനും കഴിയൂ.
റഫറൻസ്
[1] Peter L. Berger, The Many Altars of Modernity (2014)
[2] John Morison, The Protestant Reformation in All Countries, (1843)
[3] Max Weber, Science as Vocation (1919)
[4] Rajani Kannepalli Kanth, Against Eurocentrism: A Transcendent Critique of Modernist Science, Society, and Morals, (2005)
[5] Jeremy Bentham, The Principles of Morals and Legislation (1879)
[6] Seyyed Hossein Nasr, Islam and The Plight of Modern Man (1975)
[7] Seyyed Hossein Nasr, Knowledge and The Sacred (1981)
വിവർത്തനം: ഫിദ അബ്ദുസ്സലാം
courtesy: Traversing Tradition, അസ്മ പാർട്രിഡ്ജ്