Campus Alive

ഗാന്ധിനോവലുകളും അംബേദ്കറുടെ അസാന്നിദ്ധ്യവും

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ പ്രധാന ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകള്‍ സ്വാതന്ത്ര്യ സമരം പശ്ചാത്തലമായി വരുന്ന ചരിത്ര സാഹിത്യങ്ങളാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നത് രാജാ റാവുവിന്റെ കാന്തപുര (1938), മുല്‍ക് രാജ് ആനന്ദിന്റെ അണ്‍ടച്ചിബ്ള്‍ (1935), ആര്‍.കെ. നാരായണന്റെ വെയിറ്റിംഗ് ഫോര്‍ മഹാത്മ (1955) എന്നിവയാണ്; ഈ മൂന്നു നോവലുകളേയും ‘മഹാത്മ’ നോവലുകള്‍ എന്നാണ് പൊതുവായി പറയുന്നത്. രാജാ റാവുവും, മുല്‍ക്ക് രാജ് ആനന്ദും ആര്‍.കെ.നാരായണും ഇന്ത്യന്‍ കഥാസാഹിത്യത്തിന്റെ ആദ്യ തലമുറയിലെ ത്രിമൂര്‍ത്തികള്‍ ആയാണ് അറിയപ്പെടുന്നത്. ഇവിടെ ഇവരുടെ നോവലുകള്‍ ദേശീയവാദത്തിനു പുറത്ത് നില്‍ക്കുന്ന സ്വാതന്ത്ര്യ സമരാഖ്യാനങ്ങളുടെ സാധ്യതകളെ എങ്ങിനെ ഇല്ലാതാക്കുന്നു എന്നാണ് വിശകലനം ചെയ്യുന്നത്.

ദേശീയതയും അതിന്റെ ബൃഹദാഖ്യാനങ്ങളും ഭിന്ന ശബ്ദങ്ങളെ ‘shared history’, ‘ദേശീയ ഐക്യം’ എന്നീ ഭാവനകളുടെ പേരില്‍ ഒതുക്കികളയുകയും, നൂന്യപക്ഷ വ്യത്യസ്തതകളെയും അത്തരം രാഷ്ട്രീയങ്ങളേയും കൊളോണിയലിസത്തിന്റെ വക്താക്കളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. പത്രങ്ങളും നോവലുകളുമാണ് ദേശീയവാദത്തിന്റെ മുഖ്യ പ്രചാരകര്‍ എന്ന് ബെനെടിക്റ്റ് ആണ്ടേഴ്‌സന്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.

400anderson

ഗാന്ധി/മഹാത്മാ നോവലുകള്‍ എന്ന് വിളിക്കപ്പെടുന്ന കാന്തപുരയിലും, അണ്‍ടച്ചിബ്‌ളിലും, വെയിറ്റിംഗ് ഫോര്‍ മഹാത്മയിലും ഗാന്ധിസത്തിന്റെ ന്യൂനതകളെയും പരിമിതികളേയും കുറിച്ചുള്ള ബോധ്യം വ്യക്തമായി കാണാം. ആയതിനാല്‍ തന്നെ ഗാന്ധിയന്‍ ദേശീയത ഉണ്ടാക്കിയ നിരാശകള്‍ ഈ നോവലുകള്‍ പരിഹരിക്കുന്നത് നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളും, ”ഇന്ത്യന്‍ പരമ്പാരാഗത മൂല്യങ്ങള്‍” കൈവിടാതെ നൂതന സാങ്കേതികവിദ്യകളെ സ്വീകരിക്കുന്ന നയങ്ങളും, അവതരിപ്പിച്ചുക്കൊണ്ടാണ്. എങ്കിലും ഗാന്ധിയന്‍ ദേശീയതയുടെ ഭാവനാ പരിധിയില്‍ തന്നെയാണ് ഇവ നിലകൊള്ളുന്നത്.

ദലിതുകള്‍ക്ക് പ്രത്യേക രാഷ്ട്രീയ പ്രതിനിധാനം വേണം എന്ന് ആവശ്യപ്പെട്ട, വേറിട്ട ഒരു രാഷ്ട്രീയ വീക്ഷണവും വ്യവഹാരവും കൊണ്ടുവന്ന ഡോ.ബി.ആര്‍.അംബേദ്കറിനെ ഈ നോവലുകളില്‍ ഒന്നിലും നമുക്ക് കാണാനേ കഴിയില്ല; അവ ഗാന്ധിയുടെ ആശയങ്ങളില്‍ അത്ര തൃപ്തരല്ലായിരുന്നിട്ട് കൂടി. ഗാന്ധിയന്‍ രാഷ്ട്രീയവും ഇടത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ജാതീയത ഇല്ലാതാക്കാന്‍ ലക്ഷ്യം വെച്ച് ചെയ്ത വിഫല ശ്രമങ്ങളെ പറ്റി സ്‌നേഹല്‍ ശിംഗാവി ഇങ്ങിനെ പറയുന്നുണ്ട്: ”ഗാന്ധിയുടെ പാറ്റേര്‍ണലിസ്റ്റിക് പരിഹാരങ്ങള്‍ ദലിതര്‍ക്ക് താല്‍കാലിക ധാര്‍മ്മിക ആശ്വാസമേ നല്‍കിയുള്ളു, വര്‍ണാശ്രമ-ജാതി വിശേഷാധികാരങ്ങളെ അതുപോലെതന്നെ നിലനിര്‍ത്തി. അതേസമയം, ഇടത്പക്ഷമാണെങ്കില്‍ എക്കണോമിക്ക് ഡിറ്റര്‍മിനിസം അടിസ്ഥാനപ്പെടുത്തി വിഭാവനം ചെയ്തതത് ദേശീയത എല്ലാ വിധ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ്, അതില്‍ ദലിതരുടെ ഭാവിക്ക് പ്രത്യേക പദ്ധതികള്‍ ഒന്നും ഇല്ലായിരുന്നു. ഇടതരും മിതവാദികളും ജാതീയ വിവേചനങ്ങള്‍ ഇല്ലാതാക്കേണ്ടതിനെ പറ്റി അവബോധരായിരിക്കുകയും അതിനായി സാമൂഹികമായി ഇടപെടുകയും ചെയ്തിരുന്നുവെങ്കിലും, അതിന് വേണ്ടി ഉചിതമായ ഒരു പദ്ധതി തയ്യാറാക്കാനോ, നടപ്പിലാക്കാനോ, സമത്വത്തിനു വേണ്ടി യഥാസ്തിഥിക വലത് പക്ഷക്കാരോട് തുറന്നെതിര്‍ക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. അവരുടെ രാഷ്ട്രീയത്തിന് അഭിലഷണീയമായ ഒരു ലക്ഷ്യത്തില്‍ എത്തിചേരാന്‍ കഴിയുമെന്ന് ഗണ്യം ദലിത് രാഷ്ട്രീയ പ്രവര്‍ത്തകരെ ബോദ്ധ്യപ്പെടുത്താന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല.”

”ഗാന്ധി” എന്ന പുസ്തകത്തില്‍ ഡേവിഡ് ആര്‍നോള്‍ഡ് ഗാന്ധിയുടെ അധികാര പ്രൊഫൈലും, എങ്ങിനെയാണ് ഗാന്ധി തന്റെ ജനകീയത ഉപയോഗിച്ച് അംബേദ്കറെ കൊണ്ട് 1932ല്‍ പൂനാ കരാറിലൂടെ ഒപ്പിടുവിച്ച് പ്രത്യേക രാഷ്ട്രീയ പ്രതിനിധാനത്തിലൂടെ അംബേദ്കര്‍ ലക്ഷ്യം വെച്ച ദലിത് രാഷ്ട്രീയ ഉയര്‍ച്ച ഇല്ലാതാക്കിയതെന്നും വിശകലനം ചെയ്യുന്നുണ്ട്.

41epKSNlyoL._SX331_BO1,204,203,200_

ഇവിടെ ചോദ്യം അഹിംസയുടെ ഹിംസയെ കുറിച്ചാണ്. തന്റെ ജനകീയതയെ പറ്റി നല്ല ബോദ്ധ്യം ഉണ്ടായിരുന്ന ഗാന്ധി മരണം വരെ സത്യഗ്രഹം ഇരുന്നു. ഗാന്ധിയുടെ സംഭവനീയമായ മരണത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അംബേദ്കറിന് അറിയാമായിരുന്നു; അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ എങ്ങിനെ ദലിതുകളോട് പ്രതികരിക്കുമെന്ന്, അപ്പോഴേ തുടങ്ങിയിരുന്ന ദലിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഗാന്ധി തന്റെ സാമൂഹിക സ്വാധീനമുള്ള ജീവന്‍ വെച്ച് അംബേദ്കറെ സമ്മതിപ്പിച്ചത് അഹിംസപരമായിരുന്നുവോ? അത് പ്രത്യക്ഷാ അഹിംസപരമായിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ബലാത്കാരമായ ഒരു മാര്‍ദ്ദവ ഹിംസയായിരുന്നു. ഇതു വഴി, ദലിത് ഭാവി ദുര്‍ബലപ്പെടുത്തുക മാത്രമല്ല, സ്വന്തം തത്ത്വങ്ങളായ അഹിംസയും സത്യഗ്രഹവുമാണ് ഗാന്ധി ലംഘിച്ചത്; അല്ലെങ്കില്‍ ഇവിടെ അഹിംസയും ഹിംസയും തമ്മില്‍ അന്തരമില്ല.

ഇതിന്റെ കൂടെ വായിക്കേണ്ട കഥയാണ് പല്‍വങ്കര്‍ ബാലുവിന്റേത്. ബാലു ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനായ ദലിതനായിരുന്നു, പക്ഷെ തന്റെ ജാതി കാരണം, ബാലുവിനെ ഒരിക്കലും ബാറ്റ് ചെയ്യാനോ, കളിക്കൂട്ടത്തിന്റെ നായകനാവാനോ സമ്മതിക്കില്ലായിരുന്നു. തന്റെ സാമൂഹിക-സാംസ്‌കാരിക സ്ഥാനം ബാലുവിനെ ഉയര്‍ന്ന ജാതിക്കാര്‍ക്കും ബ്രിട്ടീഷ് കളിക്കാര്‍ക്കും, ക്രിക്കറ്റ് പരിശീലിക്കുമ്പോള്‍ ബൗള്‍ ചെയ്യാനുള്ള ഒരാള്‍ മാത്രമാക്കി. ഇദ്ദേഹമാണ് എം.സി. രാജയുടെ കൂടെ അംബേദ്കറെ കൊണ്ട് പൂനെ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിച്ച മുഖ്യ വ്യക്തി. ശേഷം 1933, ഒക്ടോബറില്‍ ബാലു ബോംബേ മുനിസിപ്പാലിറ്റിയില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. പക്ഷെ തന്നെക്കാളും ഉയര്‍ന്നജാതിയില്‍ പെട്ട സ്വീകാര്യനായ എതിരാളിയോട് തോറ്റുപോയി.

ഇനി നമുക്ക് മുല്‍ക് രാജ് ആനന്ദിന്റെ അണ്‍ടച്ചബ്ള്‍ എന്ന നോവലിലേക്ക് വരാം. നിത്യേന ജാതീയതയുമായി മല്ലിട്ട് ജീവിക്കുന്ന തൊട്ടൂകൂടാത്ത-തീണ്ടിക്കൂടാത്തവനായ ഭാക്ക എന്ന തോട്ടിപണിക്കാരന്റെ കഥയാണ് അണ്‍ടച്ചബ്ള്‍. സര്‍വജ്ഞനായ കഥാഖ്യാതാവ് നമ്മോട് പറയുന്നത് മഹാത്മാ ഗാന്ധിയുടെ പ്രഭാഷണത്തില്‍ ‘ഹരിജന്‍’ എന്ന വിളി കേള്‍ക്കുമ്പോള്‍, ഭാക്ക ആനന്ദിതനാകുന്നുവെന്നും പ്രഭാഷണത്തിലൂടെ തന്നിലെ ‘തന്നെ/self’ അയാള്‍ക്ക് വെളിപ്പെടുകയും ചെയ്യുന്നു എന്നാണ്. ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ ഒരു ബ്രാഹ്മണനാണ് തോട്ടിപണി ചെയ്യുന്നത് എന്ന് അറിയുന്ന ഭാക്ക അത്ഭുതം കൂറുന്നു. ഭാക്കയെ പിന്നീട് അവതരിപ്പിക്കുന്നത് തന്നെ ‘അവന്റെ കൂട്ടത്തില്‍ നിന്നും സാദരം വ്യതസ്തത ഉള്ളവനായാണ്’.

എങ്കിലും ”എല്ലാ ജോലിയും തുല്യമാണ്’, ‘തോട്ടിപണി സേവനമാണ്, അത് ഹിന്ദു സമൂഹത്തെ വെടിപ്പാക്കലാണ്’. ‘ഹരിജനങ്ങള്‍ കള്ളും മാംസവും ഉപേക്ഷിച്ച് ഹൈന്ദവ ശുചിത്വം പാലിക്കണം’ എന്നിങ്ങനെയുള്ള ഗാന്ധിയുടെ വാക്കുകള്‍ ഭാക്കയെ കുഴപ്പിക്കുന്നുമുണ്ട്. അവസാനം ഇക്ക്ബാല്‍ നാഥ് ശേര്‍ഷറിന്റെ പ്രഭാഷണത്തിന്റെ അവസാനം, തോട്ടിപണിക്കാരെ വിമോചിപ്പിക്കാന്‍ കഴിവുള്ള ”ഫ്‌ളഷ് സിസ്റ്റം” എന്ന അരാഷ്ട്രീയ സാങ്കേതിക വിദ്യയെ പറ്റി കേള്‍ക്കുന്നത് ഭാക്കക്ക് പ്രതീക്ഷയുണ്ടാക്കുന്നു.

Untouchable_Cover

ഈ നോവലിലെ അംബേദ്കറുടെ അഭാവം യാദൃശ്ചികമല്ലെന്നും മനപ്പൂര്‍വ്വമുള്ള ഒഴിവാക്കല്‍ ആയിരുന്നുവെന്നും നമ്മള്‍ മനസ്സിലാക്കണം. നോവല്‍ എഴുതി പ്രസിദ്ധീകരിക്കുന്ന സമയത്ത് അംബേദ്കര്‍ നയിക്കുന്ന ദലിത് പ്രസ്ഥാനങ്ങള്‍ വളരെ സജീവമായിരുന്നു. പ്രത്യേകിച്ച് അണ്‍ടച്ചിബ്ള്‍ എന്ന് പേരിട്ട് ദലിത് കേന്ദ്രകഥാപാത്രമായ ഒരു പുസ്തകത്തില്‍, ഗാന്ധിയന്‍ ജാതിരാഷ്ട്രീയത്തിന്റെ വാചാടോപത്തെ എതിര്‍ത്ത, ജാതി ഉന്മൂലനം ലക്ഷ്യം വെക്കുന്ന ഒരു രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക സാമൂഹിക ആത്മീയ പദ്ധതി വിഭാവനം ചെയ്ത അംബേദ്കറെ കേവലം ഒഴിവാക്കുക അല്ല, അദൃശ്യവത്കരിക്കുകയാണ് മുല്‍ക്ക് രാജ് ആനന്ദ് ചെയ്തിരിക്കുന്നത്.

ആനന്ദിന്റെ ഇന്ത്യയെ സംബന്ധിച്ച കത്തുകളില്‍ നിന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയം നമുക്ക് കാണാം; അദ്ദേഹം ഇന്ധ്യന്‍ ദേശീയ കോണ്‍ഗ്രസ്സിനെയാണ് നൂന്യപക്ഷങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ കഴിവുള്ള ഏക രാഷ്ട്രീയാധികാരിയായി കണ്ടിരുന്നത്. മാത്രവുമല്ല, പ്രത്യേക ഇലക്ടൊറേറ്റുകള്‍ ഇന്ത്യയുടെ ഐക്യം തകര്‍ക്കുമെന്നും അദ്ദേഹം കരുതിയിരുന്നു.

ഇനി നമുക്ക് രാജാ റാവുവിന്റെ കാന്തപുരയിലേക്ക് വരാം. എന്ത് കൊണ്ടാണ് കാന്തപുര ഗ്രാമത്തിലെ ദേശീയപോരാട്ടങ്ങളെ surveil ചെയ്യാന്‍ ഒരു മുസ്‌ലിമായ പോലീസ് കഥാപാത്രത്തെ തന്നെ രാജാറാവു തിരഞ്ഞെടുക്കുന്നത്? കഥയിലെ മറ്റ് ഹിന്ദു വില്ലന്മാരില്‍നിന്നും വ്യതസ്തമായി എന്തു കൊണ്ടാണ് ഈ ഏക മുസ്‌ലിം കഥാപാത്രം – ബടേഖാനു മാത്രം മൃഗീയ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നത്. ബടേഖാനെ പറ്റി പറയുന്നത് ഇങ്ങിനെയെല്ലാമാണ്; ”അയാള്‍ ഒരു ‘പട്ടി’യെപ്പോലെ മുരളുകയും ഇര തേടി നടക്കുകയും ചെയ്തു, അയാള്‍ ഒരു ‘താടിവെച്ച കുരങ്ങനാണ്, താടിവെച്ച ആടിനെപോലെയാണ്. കാന്തപുരയിലെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും പരിയര്‍ക്കും അഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമൊന്നും പ്രവേശനമില്ലാത്ത അമ്പലത്തിന് അകത്ത് വെച്ചാണ് നടക്കുന്നത്. ഇന്ത്യന്‍ ആംഗലേയ സാഹിത്യവിമര്‍ശന ചരിത്രത്തില്‍ കാന്തപുര എന്നും ഇന്ത്യയുടെ സൂക്ഷ്മ സംഗ്രഹമായാണ് വിശേഷിക്കപ്പെട്ടിട്ടുള്ളത് എന്നും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. രാജാറാവു ഇവിടെ നിര്‍മ്മിക്കുന്ന ഈ കാന്തപുര(ഇന്ത്യ) തീര്‍ത്തും സവര്‍ണ്ണമേല്‍ക്കോയ്മയുടേതാണ്. അനവധി മതങ്ങള്‍ ഉള്ള ജാതീയത ഇല്ലാത്ത ഒരു കാന്തപുര സാധ്യമാണോ?

വ്യതസ്തതകളെ അംഗീകരിക്കുന്നതും ദേശത്തില്‍ അന്തര്‍ലീനമായ സാമൂഹിക വിഭന്നതകളെ സ്വീകരിക്കുന്നതും ദേശത്തെ അസ്ഥിരപ്പെടുത്തുമെന്നാണ് ഭയപ്പാട്. നൂന്യപക്ഷത്തോടുള്ള ഈ ഭീതിയാണ് ഹൈന്ദവ ഇന്ത്യയിലെ, അഥവാ സവര്‍ണ കാന്തപുരയിലേയും സവര്‍ണ മാല്‍ഗുഡിയിലേയും ബടേഖാനെ പോലുള്ള വില്ലന്മാരായി രൂപം പ്രാപിച്ച് വരുന്നത്.

സവര്‍ണനായ മൂര്‍ത്തിയാണ് കാന്തപുരയിലെ കേന്ദ്ര കഥാപാത്രം. അമ്പലനിര്‍മാണത്തിലും ദേശീയ സമരത്തിലും മുന്നില്‍ നില്‍ക്കുന്ന മൂര്‍ത്തിയാണ് കാന്തപുരയില്‍ പരിയകളുടെ ഗുരുവാകുന്നതും. മൂര്‍ത്തിയുടെ ‘തൊട്ടുകൂടി’യുള്ള പെരുമാറ്റമാണ് പരിയകളെ ആഹ്ലാദചിത്തരായി ദേശീയസമരത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നത്. അല്ലാതെ അവരുടേതായ രാഷ്ട്രീയാഭിപ്രായങ്ങള്‍ കൊണ്ടല്ല.

k

അതുപോലെതന്നെ ആനന്ദിന്റെ ദലിത് കഥാപാത്രങ്ങള്‍ക്കും പ്രത്യേകിച്ച് രാഷ്ട്രീയാവബോധം ഒന്നുമില്ല. അതേസമയം ചരിത്രം പരിശോധിക്കുമ്പോള്‍ ഈ നോവലുകളുടെ കാലത്ത് 1928ലെ തൂപ്പുകാരുടെ യൂണിയന്‍, അതുപോലെ അംബേദ്കറുടെ ഡിപ്പ്രെസ്ഡ് ക്ലാസ്സസ് മൂവ്‌മെന്റ് തുടങ്ങിയവയും സജീവമായിരുന്നെന്നും ദലിതര്‍ രാഷ്ട്രീയമായി പോരാടുകയായിരുന്നുവെന്നും കാണാം. ഗാന്ധിസത്തിന്റെ പരിമിതികളില്‍ നിരാശപ്പെട്ട് നില്‍ക്കുമ്പോഴും അംബേദ്കറെയോ അദ്ദേഹത്തിന്റെ ആശയങ്ങളോ പ്രവര്‍ത്തനങ്ങളോ ഈ നോവലുകള്‍ പരിഗണിക്കുന്നേയില്ല. ഇത് നോവലിസ്റ്റുകളുടെ ജാതിപരമായ സാമൂഹിക കര്‍ത്തവ്യ സ്ഥാനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. അതിലുപരി, എങ്ങിനെയാണ് ചരിത്രകഥാസാഹിത്യങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ സാഹിത്യ ഓര്‍മകള്‍ നിര്‍മ്മിക്കുമ്പോള്‍ യഥാര്‍ത്ഥ്യത്തിന്റെ പല വശങ്ങള്‍ മറച്ച് വെക്കുന്നത് എന്നും ചൂണ്ടികാണിക്കുന്നു.

തന്റെ ‘മിത്ത്‌സ് ഓഫ് ദി നാഷന്‍’ എന്ന പുസ്തകത്തില്‍ റുമിന സേത്തി കഥയാണ് എന്ന പഴുത് ഉപയോഗിച്ച് യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കുന്ന കഥാസാഹിത്യരചനകള്‍ ചരിത്രാഖ്യാനങ്ങളും ഓര്‍മകളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇവിടെ ഗാന്ധി/മഹാത്മ നോവലുകള്‍ അംബേദ്കറെ പോലുള്ള അരിക്‌വത്കരിക്കപ്പെട്ടവരുടെ ഉറച്ച, ഉയര്‍ന്ന ശംബ്ദങ്ങള്‍ നിശബ്ദമാക്കുകവഴി വിഭിന്നമായ ഒരു നാടിന്റെ വിഭിന്നമായ സ്വാതന്ത്ര്യ സമരചരിത്രത്തെ ഒറ്റ ഏകജാതീയ ദേശീയവാദ ആഖ്യാനമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

1. Anderson, Benedict ‘Imagined Communities : Reflections on the Origin and Spread of Nationalism’, 1991, Verso Books.

2. Shingavi, Snehal (2009) ‘The Mahatma Misunderstood: the politics and forms of South Asian literary nationalism’ Anthem Press, 2013.

3. Arnold,David. ‘ Gandhi’ Routledge, 17 June 2014.

4. Guha, Ramachandra ‘A Corner of A Foreign Field’, Picador, 2002.

5. Mulk Raj Anand, Letters on India, Routledge, 1942.

6. Sethi,Rumina ‘Myths of the Nation, National Identity and Literary Representation’ , Oxford University Press, 1999.

മര്‍വ എം