Campus Alive

ഇസ്‌ലാം: വായനയുടെ വൈവിധ്യങ്ങള്‍

പരാജിതന്‍ ജേതാവിനെ എല്ലാ നിലക്കും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. സ്വഭാവം, വസ്ത്രം, ജോലി, ആചാരങ്ങള്‍ തുടങ്ങിയ എല്ലാ രംഗങ്ങളിലും അവന്‍ ജേതാവിനെ നിഴല്‍ പോലെ പിന്തുടരുന്നു. മനുഷ്യനെപ്പോഴും അവനെക്കാള്‍ അധിപനായവനില്‍ സമ്പൂര്‍ണ്ണത കാണുകയും ആധിപത്യമുള്ളവന് കീഴില്‍ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് അതിനുകാരണം. ജേതാവിന്റെ സമ്പൂര്‍ണ്ണതയാണ് തന്റെ പരാജയത്തിനും അടിമത്വത്തിനുമെല്ലാം കാരണം എന്നാണ് പരാജിതന്‍ മനസ്സിലാക്കുന്നത്.

ഇബ്നു ഖല്‍ദൂന്‍

ഇസ്ലാമെന്നത് മുസ്ലിംകള്‍ക്ക് നാമം നല്‍കുന്ന ഒരു നാമമാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉചിതവും അര്‍ഹവുമായ നാമം തന്നെയാണത്. അതേസമയം മുസ്ലിം പശ്ചാത്തലങ്ങള്‍ക്ക് പുറത്ത് ഇസ്ലാം എന്ന നാമത്തിന്റെ ഏകതാനത (singularity) നഷ്ടപ്പെടുന്നുണ്ട്. പാശ്ചാത്യ ശക്തികളുടെ അധീനതയിലുള്ള ഒരു ലോകത്ത് ഒരു അപവാദമായാണ് ഇസ്ലാം നിലനില്‍ക്കുന്നത്. കാരണം ഇബ്നുഖല്‍ദൂന്‍ പറഞ്ഞതുപോലെ പരാജിതന്‍ ജേതാവിനെ കാണുന്നതുപോലെയാണ് ഇന്ന് മിക്ക മുസ്ലിംകളും പാശ്ചാത്യലോകത്തെ നോക്കിക്കാണുന്നത്. പാശ്ചാത്യനെ ഒരു മാതൃകയായി മുന്നില്‍ വെച്ചുകൊണ്ടാണ് ഇസ്ലാമിന്റെ പേരിലുള്ള ഒട്ടുമിക്ക ഇടപാടുകളും ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. ഇബ്നു ഖല്‍ദൂന്‍ പറയുന്നത് പരാജിതന്‍ തന്റെ പരാജയത്തെ ജേതാവിനുള്ള ഗുണങ്ങളുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുന്നത് എന്നാണ്. അഥവാ, ജേതാവില്‍ സ്ഥിരമായുള്ള മൂല്യങ്ങളാണ് തന്റെ പരാജയത്തിന് കാരണം എന്നാണ് പരാജിതന്‍ മനസ്സിലാക്കുന്നത്. ഇബ്നുഖല്‍ദൂന്‍ മുന്നോട്ടുവെക്കുന്ന ഈ വീക്ഷണം ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ അവസ്ഥയെ വ്യക്തമായി വിശദീകരിക്കുന്നില്ലേ?

ഒരു രാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ രാഷ്ട്രീയ-മിലിട്ടറി പരാജയങ്ങളുടെ സാംസ്‌കാരിക പരിണതികളെക്കുറിച്ച വിശകലനമാണ് സമകാലിക ലോകത്ത് കോളനിയാനന്തര ചിന്ത (post-colonial thought) എന്ന തലക്കെട്ടില്‍ അറിയപ്പെടുന്നത്. പാശ്ചാത്യലോകത്തിന്റെ ക്രൈസ്തവവല്‍ക്കരണവും അധിനിവേശത്തിലൂടെയുള്ള യൂറോപ്പിന്റെ വികാസവും ആഗോളതലത്തില്‍ തന്നെയുള്ള കൊളോണിയല്‍ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെ സംസ്ഥാപനവുമാണ് കോളനിയാനന്തര എഴുത്തിനെ വേട്ടയാടുന്ന പ്രധാന സംഘര്‍ഷങ്ങള്‍. കോളനി രാഷ്ട്രങ്ങളുടെ പരാജയത്തോടെ പടിഞ്ഞാറും പടിഞ്ഞാറേതരവും എന്ന് ലോകം രണ്ടായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറിന്റെ അധീശത്വം ഉറപ്പിക്കപ്പെടുകയും പടിഞ്ഞാറിന്റെ മൂല്യങ്ങളെ മുന്‍നിര്‍ത്തി പടിഞ്ഞാറേതര ലോകത്തിന്റെ അധമത്വം സ്ഥാപിക്കപ്പെടുകയും ചെയ്തു.

മുസ്ലിം ഉമ്മ:യെ പടിഞ്ഞാറിന്റെ എല്ലാ മൂല്യങ്ങള്‍ക്കും പുറത്തുനില്‍ക്കുന്ന ഒരു അധമ സമുദായമായാണ് പടിഞ്ഞാറ് കാണുന്നത്. അപ്പോള്‍ മുസ്ലിം ഉമ്മ: പടിഞ്ഞാറേതര ലോകത്തിന്റെ ഭാഗമാണ്. പടിഞ്ഞാറിന്റെ സാംസ്‌കാരിക വെല്ലുവിളികളെ ഇസ്ലാമിനെ മുന്‍നിര്‍ത്തിയാണ് മുസ്ലിം സമൂഹം നേരിടാറുള്ളത്. അഥവാ, ഇസ്ലാം എന്ന നാമമാണ് അവര്‍ക്ക് നിലനില്‍ക്കാനുള്ള കാരണം നല്‍കുന്നത്. ഇസ്ലാമിന്റെ പേരിലാണ് ഒരുപാട് പേര്‍ അധിനിവേശത്തിനെതിരെയും മറ്റ് അനീതികള്‍ക്കെതിരെയും പോരാടുന്നത്. അതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന ഒളിഞ്ഞുനോട്ടങ്ങളെയോ പീഢനങ്ങളെയോ അവര്‍ സാരമാക്കുന്നില്ല. അപ്പോള്‍ ഒരു നാമം എന്നത് ആദ്യമേ നിലനില്‍ക്കുന്ന ഒന്നിനെ വളരെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാനുള്ള പദം മാത്രമല്ല. മറിച്ച്, ഒരു വസ്തുവിന്റെ നാമവിശേഷണത്തിലൂടെയാണ് ആ വസ്തു നമ്മുടെ ബോധത്തിലേക്ക് കയറുന്നത്. ഒന്നിനെ നമ്മള്‍ നാമവിശേഷണം ചെയ്യുന്നതോടെ അത് ആയിത്തീരുക എന്ന പ്രവര്‍ത്തനമായി (act of becoming) മാറുകയാണ് ചെയ്യുന്നത്. അഥവാ, പേര് വിളിക്കുക എന്നത് ചരിത്രത്തെത്തന്നെ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ്. പേരുള്ളവര്‍ക്ക് മാത്രമേ തങ്ങളുടെ ചരിത്രത്തെ രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂ. അവര്‍ക്കാണ് തങ്ങളുടെ ഭാഗധേയത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുക. അപ്പോള്‍ പേരുള്ള പടിഞ്ഞാറ് സ്വന്തമായി ചരിത്രമുള്ളവരാണ്. പേരില്ലാത്ത പടിഞ്ഞാറിതര ലോകമാകട്ടെ, ചരിത്രമില്ലാത്തവരുമാണ്. പടിഞ്ഞാറിതര ലോകം എന്നതല്ലാത്ത ഒരു വിശേഷണം അവര്‍ക്കില്ല. ഇസ്ലാം എന്ന നാമം യഥാര്‍ത്ഥത്തില്‍ മുസ്ലിംകളെ ചരിത്രത്തിലേക്കാണ് കൊണ്ടുവന്നത്. ഇസ്ലാമിനെപ്പറ്റി പറയാനോ ആവിഷ്‌കരിക്കാനോ സാധ്യമല്ലാത്ത ഇടങ്ങളില്‍ മുസ്ലിംകള്‍ ചരിത്രമില്ലാത്ത ജനതയായി മാറുകയാണ് ചെയ്യുന്നത്. ഒരു ഭൂതകാലം ഇല്ലാത്തതുകൊണ്ടല്ല ആളുകള്‍ ചരിത്രമില്ലാത്തവരായി മാറുന്നത്. മറിച്ച്, ഭാവി എന്ന സാധ്യത ഇല്ലാതാവുമ്പോഴാണ്. ചരിത്രമില്ലാത്ത ജനത ഒന്നുകില്‍ പേരില്ലാത്തവരാണ്. അല്ലെങ്കില്‍ അപരരാണ് അവര്‍ക്ക് പേര്‍ നല്‍കുന്നത്.

ഇസ്ലാം എക്കാലത്തും ഒരുപോലെ, വളരെ വിജയകരമായി നിലനിന്നിട്ടില്ല. പല ചരിത്ര സന്ദര്‍ഭങ്ങളിലും ഇസ്ലാമിന് വെല്ലുവിളിയുണ്ടായിട്ടുണ്ട്. ഇസ്ലാം എന്ന പേര് തന്നെ ഇല്ലാതായിപ്പോവുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, മംഗോളുകള്‍ പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ പിന്നെ ഇസ്ലാം ഉണ്ടാകുമായിരുന്നില്ല. അതുപോലെ മുസ്തഫ കമാലിന്റെ മതേതര പരിഷ്‌കരണങ്ങള്‍ ഇസ്ലാമിക പൊതുമണ്ഡലത്തെ തന്നെ ലോകത്ത് നിന്ന് ഇല്ലാതാക്കിയിട്ടുണ്ട്.

ചില സന്ദര്‍ഭങ്ങളില്‍ ഇസ്ലാം എന്നത് ഒരു സമ്പൂര്‍ണ്ണ ജീവിതരീതിയായി മനസ്സിലാക്കപ്പെടാറുണ്ട്. മറ്റു ചിലപ്പോള്‍ ഒരുപാടു നാമങ്ങളില്‍ പെട്ട ഒരു നാമമായി മാത്രമാണ് ഇസ്ലാം അടയാളപ്പെടുത്തപ്പെടാറുള്ളത്. ഇസ്ലാമിന്റെ പ്രാധാന്യത്തില്‍ വന്നിട്ടുള്ള ഏറ്റക്കുറച്ചിലുകള്‍ പരിശോധിച്ചാല്‍ തന്നെ ലോകത്ത് മുസ്ലിംകള്‍ക്കുള്ള സ്ഥാനത്തെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മുസ്ലിം ഉമ്മ: ക്കകത്ത് നിലനില്‍ക്കുന്ന വളരെ വൈവിധ്യമാര്‍ന്ന കൈവഴികളെ ബന്ധിപ്പിക്കുന്ന കണ്ണി ഇസ്ലാമാണ്. ഇസ്ലാം എന്ന നാമം മുസ്ലിംകളെ പരസ്പരം ബന്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, മുസ്ലിംകള്‍ ആരായിരുന്നുവെന്നും ആരാണെന്നും ആരായിത്തീരണമെന്നുമൊക്കെ തീരുമാനിക്കുന്നതും ഇസ്ലാം തന്നെയാണ്. ഇസ്ലാമില്ലാതെ മുസ്ലിംകള്‍ക്ക് നിലനില്‍പ്പില്ല. അതിനര്‍ത്ഥം ഇസ്ലാമില്ലാത്ത ലോകത്ത് മുസ് ലിംകളെല്ലാം തുടച്ച് നീക്കപ്പെടും എന്നല്ല. മറിച്ച്, മുസ്ലിം വിശ്വാസിയായി ജീവിക്കുക സാധ്യമല്ല എന്നാണ് ഞാന്‍ പറയുന്നത്.

ഇസ്ലാം എന്ന നാമത്തെ മുന്‍നിര്‍ത്തിയാണ് മുസ്ലിമാവുക എന്ന സാധ്യത തന്നെ നിലനില്‍ക്കുന്നത്. ഇന്ന് ഇസ്ലാമിനെയും മുസ്ലിംകളെയുമെല്ലാം ഒരു പ്രശ്നം എന്ന നിലക്കാണ് ലോകം അഭിമുഖീകരിക്കുന്നത്. മാത്രമല്ല, സമകാലിക ലോകത്തെ നിര്‍ണ്ണയിക്കുന്ന മൂല്യങ്ങളെയും വിശ്വാസങ്ങളെയും ഘടനകളെയുമെല്ലാം നിരാകരിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ സ്വത്വമാണ് ഇസ്ലാം എന്നതും പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. അപ്പോള്‍ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും നിലനില്‍പ്പ് തന്നെ ലോകത്തിന്റെ ഘടനക്കും ഭദ്രതക്കും ഭീഷണിയാണ് എന്നാണ് പടിഞ്ഞാറ് പറയുന്നത്. അതിനെ അടിവരയിട്ടു കൊണ്ടാണ് അമേരിക്കന്‍ ബുദ്ധിജീവിയായ റിച്ചാര്‍ഡ് പ്രിയോര്‍ ഇങ്ങനെ എഴുതുന്നത്: ‘ മനുഷ്യര്‍ക്കിടയില്‍ ഒരുപാട് വംശീയ ഗ്രൂപ്പുകളുണ്ട്. വെളുത്തവര്‍, നാസികള്‍, പിന്നെ പേരുച്ചരിക്കാന്‍ കഴിയാത്ത വേറെയും ഗ്രൂപ്പുകള്‍. കറുത്തവരുടെ കൂടെയുള്ളത് മുസ്ലിംകളാണ്. അവരോട് കളിക്കാന്‍ പോകരുത്. അവര്‍ മരണത്തെ കൊതിക്കുന്നവരാണ്. സകലരെയും അവര്‍ കൊന്നൊടുക്കും.’

‘ഭീകരതക്കെതിരായ യുദ്ധം’ നിലനില്‍ക്കുന്നത് പ്രിയോറിന്റെ ഈ ഉപദേശത്തെ മുന്‍നിര്‍ത്തിയാണ്. മുസ്ലിംകളുടെ ‘തീവ്രവാദ’ സമീപനങ്ങളെ ഇല്ലാതാക്കാന്‍ വലിയ തോതിലുള്ള സായുധ നീക്കങ്ങള്‍ അനിവാര്യമാണ് എന്നാണ് പ്രിയോറിന്റെ നിര്‍ദേശത്തെ കണക്കിലെടുത്തു കൊണ്ട് ‘ഭീകര വിരുദ്ധര്‍’ പറയുന്നത്. ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന എല്ലാ തരത്തിലുമുള്ള അക്രമങ്ങളും അങ്ങനെയാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. രണ്ടുതരത്തിലുള്ള മുസ്ലിംകളെ ‘ഭീകരവിരുദ്ധര്‍’ പരിചയപ്പെടുത്തുന്നുണ്ട്. അതിലൊന്ന് ഇരട്ട മുസ്ലിമാണ് (Double Muslim). അവന്‍ അക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുകയും തിരിച്ചക്രമിക്കുകയും ചെയ്യുന്നവനാണ്. മറ്റേത് സാധാരണ മുസ്ലിമാണ്. അവന്‍ സ്വയം പ്രതിരോധിക്കുകയോ ആരെയും അക്രമിക്കുകയോ ചെയ്യില്ല. ഈ മുസ്ലിമിനെക്കുറിച്ചാണ് മരിച്ച് ജീവിക്കുന്നവന്‍ എന്ന് ഇറ്റാലിയന്‍ തത്വചിന്തകനായ അകമ്പന്‍ പറഞ്ഞത്. അഥവാ, അവന്‍ തന്റെ മേല്‍ വന്നുചേരുന്ന എല്ലാ തരത്തിലുള്ള പീഢനങ്ങളെയും സഹിച്ചുകൊണ്ടാണ് നിലനില്‍ക്കുക. അതുപക്ഷെ, ധൈര്യം കൊണ്ടല്ല. മറിച്ച്, എല്ലാ അതിക്രമങ്ങളെയും സ്വീകരിക്കാവുന്ന പാകത്തിലേക്ക് അവന്‍ മാറിക്കഴിഞ്ഞു എന്നതുകൊണ്ടാണ്. ചിന്തിക്കാത്ത മുസ്ലിമാണവന്‍ എന്ന് മറ്റൊരു തത്വചിന്തകനായ സിസെക്ക് പറയുന്നുണ്ട്. ഇരട്ട മുസ്ലിമിനെ ഭ്രാന്തന്‍ (fanatic) എന്നും സാധാരണ മുസ്ലിമിനെ വിധിവിശ്വാസി (fatalist) എന്നുമാണ് യൂറോപ്യന്‍ ഓറിയന്റലിസ്റ്റ് ഭാവനയില്‍ അടയാളപ്പെടുത്തുന്നത്. അതുപോലെ സാധാരണ മുസ്ലിംകള്‍ പുരോഗമനക്കാര്‍, ലിബറലുകള്‍, നല്ല മുസ്ലിംകള്‍ എന്നും ഇരട്ട മുസ്ലിംകള്‍ തീവ്രവാദികള്‍, റാഡിക്കലുകള്‍, ചീത്ത മുസ്ലിംകള്‍ എന്നും അടയാളപ്പെടുത്തപ്പെടാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇരട്ട മുസ്ലിമിനെ സാധാരണ മുസ്ലിമാക്കാന്‍ വേണ്ടിയാണ് ‘ഭീകരത’ക്കെതിരായ യുദ്ധം തന്നെ നടത്തപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ആധിപത്യമുള്ളവന്റെ അധികാരത്തിന് കീഴില്‍ അനുസരണയോടെ നിലനില്‍ക്കുന്ന സാധാരണ മുസ്ലിമില്‍ നിന്ന് വ്യത്യസ്തമായി വിമോചനത്തിന്റെ അപകോളനീകരണ സാധ്യതകളാണ് ഇരട്ട മുസ്ലിം വിഭാവനം ചെയ്യുന്നത്. മുസ്ലിംകളെക്കുറിച്ച ഓറിയന്റലിസ്റ്റ് നിര്‍ണ്ണയ സമീപനങ്ങളെ അത് വെല്ലുവിളിക്കുന്നുണ്ട്. ഇരട്ട മുസ്ലിമിന്റെ അസ്ഥിത്വം ഓറിയന്റലിസ്റ്റ് ഭാവനകളില്‍ നിലനില്‍ക്കുന്നതു പോലെ ഭ്രാന്തന്റേതല്ല. മറിച്ച് വിമോചനാത്മകമായ ഉള്ളടക്കമുള്ള ഒന്നാണ്. അതുകൊണ്ടാണ് വംശീയാതിക്രമം നേരിടുന്ന കറുത്തവന്റെ രക്ഷകരായി പ്രിയോര്‍ ഇരട്ട മുസ്ലിമിനെ (നെഗറ്റീവായ അര്‍ത്ഥത്തിലാണെങ്കിലും) കാണുന്നത്. സമകാലിക ലോകത്തെ മുസ്ലിംകളുടെ അവസ്ഥയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന മൂന്ന് പോയിന്റുകളാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്.

ഒന്ന്, പ്രിയോര്‍ അമേരിക്കന്‍ ജയിലിന്റെ പശ്ചാത്തലത്തിലാണ് സംസാരിക്കുന്നത്. അവിടെ പാവപ്പെട്ട വെളുത്തവര്‍, കറുത്തവര്‍, മുസ്ലിംകള്‍ തുടങ്ങി അടിച്ചമര്‍ത്തപ്പെട്ടവരായ ഒരുപാട് മനുഷ്യരുണ്ട്. ഈ വിഭാഗങ്ങളെയെല്ലാം എല്ലാ വിധ മാര്‍ഗങ്ങളുപയോഗിച്ചു കൊണ്ടും നിയന്ത്രണ വിധേയമാക്കിയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ആധിപത്യം നിലനില്‍ക്കുന്നത്. രണ്ട്, സാധാരണ മുസ്ലിംകളും അപകടകാരികളായ ഇരട്ട മുസ്ലിംകളും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ പുരോഗമന മുസ്ലിം-റാഡിക്കല്‍ മുസ്ലിം, നല്ല മുസ്ലിം-ചീത്ത മുസ്ലിം എന്നിങ്ങനെയാണ് ആ വ്യത്യാസം നിലനില്‍ക്കുന്നത്. മൂന്ന്, ഇരട്ട മുസ്ലിമിന്റെ സമീപനങ്ങളെ യുക്തിയിലൂടെ മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ നടത്തുന്ന എല്ലാ വിധത്തിലുള്ള സായുധ പ്രവര്‍ത്തനങ്ങളും വിശ്വാസത്താല്‍ പ്രചോദിതമാകുന്നതാണ്. ഈയൊരു വീക്ഷണത്തെ മുന്‍നിര്‍ത്തിയാണ് ഗ്വാണ്ടനാമോ അടക്കമുള്ള ജയിലുകളില്‍ മുസ്ലിംകള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നത്.

2

എന്താണ് ഇസ്ലാം എന്ന ചോദ്യത്തിന് നമ്മള്‍ സാധാരണ കേട്ടുവരാറുള്ള ഉത്തരങ്ങള്‍ മിലിറ്റന്റ് മതം, സമാധാനത്തിന്റെ മതം, ഏകാധിപത്യത്തിന്റെ മതം എന്നൊക്കെയാണ്. അതേസമയം മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും മനസ്സിലാക്കണമെങ്കില്‍ ഇസ്ലാമിന്റെ അര്‍ത്ഥത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. എങ്ങനെയാണ് വിവിധങ്ങളായ മുസ്ലിം സമൂഹങ്ങളും വ്യക്തികളും തങ്ങളുടെ കാല-ദേശ വ്യത്യാസങ്ങളെ മുന്‍നിര്‍ത്തി ഇസ്ലാമിനെ വായിച്ചതെന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇസ്ലാമും മുസ്ലിംകളും ലോകത്ത് അലങ്കരിക്കുന്ന സവിശേഷമായ സ്ഥാനത്തെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

വ്യാഖ്യാനപരമായ സംവാദങ്ങളും കലഹങ്ങളും ഇസ്ലാമിനകത്ത് വളരെ സജീവമാണ്. നിര്‍ണ്ണയപരമായി ഇസ്ലാമിനെയും മുസ്ലിം ജീവിതത്തെയും മനസ്സിലാക്കാന്‍ സാധിക്കാത്ത വിധം വളരെ സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായാണ് മുസ്ലിം സമൂഹങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ചരിത്രവും പശ്ചാത്തലവുമെല്ലാം ഇസ്ലാം പഠനത്തില്‍ വളരെ പ്രധാനം തന്നെയാണ്. എന്നാല്‍ ഓറിയന്റലിസ്റ്റ് വായനകളില്‍ വളരെ നിര്‍ണ്ണയപരമായാണ് ഇസ്ലാമിനെ നിര്‍വ്വചിക്കുന്നത്.

ഇസ്ലാമിനെ ചരിത്രപരമായാണ് അടയാളപ്പെടുത്തേണ്ടത്. അപ്പോഴാണ് ഓരോ ചരിത്ര പശ്ചാത്തലത്തിലെയും സവിശേഷമായ ഇസ് ലാമിക ആവിഷ്‌കാരങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. കാരണം, വ്യാഖ്യാനങ്ങളിലൂടെയാണ് അത് നിലനില്‍ക്കുന്നത്. അഥവാ, ഇസ്ലാം നിരന്തരം വ്യാഖ്യാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ മുസ്ലിമിനെക്കുറിച്ച നിരവധി വിശേഷണങ്ങളാണ് നിലനില്‍ക്കുന്നത്. പുരോഗമന മുസ്ലിം, ലിബറല്‍ മുസ്ലിം, അപകടകാരിയായ ഇരട്ട മുസ്ലിം (Double Muslim) എന്നിവ അവയില്‍ ചിലതാണ്. ഇസ്ലാം ഏകതാനമല്ല (Monolithic) എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വ്യത്യസ്തങ്ങളായ മുസ്ലിം അടയാളങ്ങളെക്കുറിച്ച് പറയുന്നത്. മാത്രമല്ല ദേശം, വംശം, വര്‍ഗ്ഗം, ലിംഗം തുടങ്ങിയ വൈജാത്യങ്ങള്‍ മുസ്ലിമിനെക്കുറിച്ച് പറയുമ്പോള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സാര്‍വ്വലൗകികമായി മുസ്ലിം ജീവിതത്തെ മനസ്സിലാക്കാന്‍ കഴിയില്ല എന്നും വാദിക്കുന്നവരുണ്ട്.

മിക്ക മുസ്ലിംകളും നാമമാത്രമായാണ് മതപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതെന്ന് ചില ഓറിയന്റലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലിം കര്‍തൃത്വത്തെ (Muslim Subjectivity) ആവിഷ്‌കരിക്കാനുള്ള ഏതൊരു ശ്രമവും ശരിയല്ല എന്നാണവര്‍ പറയുന്നത്. അവരെ സംബന്ധിച്ചിടത്തോളം മതകീയമായി ഒരു വ്യക്തിയെയോ സമൂഹത്തെയോ അടയാളപ്പെടുത്തുന്നത് നൈതിക വിരുദ്ധമാണ്. അപ്പോള്‍ തീര്‍ച്ചയായും ഇസ്ലാമിനെ ഒരു മതമായാണ് അവര്‍ മനസ്സിലാക്കുന്നത്. അഥവാ, വളരെ നിര്‍ണ്ണയപരമായി ഒരു സാര്‍വ്വലൗകിക ഇസ്ലാമോ സാര്‍വ്വലൗകിക മുസ്ലിമോ നിലനില്‍ക്കുന്നില്ല എന്നും വളരെ വൈവിധ്യമാര്‍ന്ന നിരവധി ഇസ്ലാമുകളാണ് നിലനില്‍ക്കുന്നത് എന്നുമാണ് അവരുടെ പക്ഷം.

തീര്‍ച്ചയായും ലോകത്തെമ്പാടുമുള്ള മുസ്ലിം ആവിഷ്‌കാരങ്ങള്‍ വൈവിധ്യപൂര്‍ണ്ണമാണ്. ജെര്‍മ്മനി, പാരിസ്, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലെ മുസ്ലിംകള്‍ക്കുള്ള പ്രത്യേകതകളായിരിക്കില്ല ചൈനയിലെയും ഇന്ത്യയിലെയും ജപ്പാനിലെയും മുസ്ലിംകള്‍ക്കുണ്ടാവുക. എന്നാല്‍ ഈ വൈവിധ്യങ്ങളെയെല്ലാം ഒരുപാട് ചെറിയ ഇസ്ലാമുകളായി മനസ്സിലാക്കുന്നത് പരിമിതിയാണ്. നിര്‍ണ്ണയപരമായി ഇസ്ലാമിനെ മനസ്സിലാക്കുന്നതിനോടുള്ള വളരെ ധൃതിപിടിച്ച പ്രതികരണമാണത്. ഏകകമായ ഒരു ഇസ്ലാമിന്റെ വിവിധങ്ങളായ ആവിഷ്‌കാരങ്ങളായാണ് ഈ വൈവിധ്യങ്ങളെ കാണേണ്ടത്. ഇസ്ലാമിന്റെ തന്നെ വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളോ ആണവ. അല്ലാതെ ഇസ്ലാമുകളല്ല.

ഇസ്ലാമിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആവിഷ്‌കാരമാണ് ഇസ്ലാമിസം. ഇസ്ലാം എന്ന നാമത്തിന്റെ രാഷ്ടീയാവിഷ്‌കാരം എന്ന് ഇസ്ലാമിസത്തെ വിശേഷിപ്പിക്കാവുന്നതാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇസ്ലാമിന്റെ പേരില്‍ ഒരു ഒരു രാഷ്ട്രീയക്രമം സ്ഥാപിക്കാനാണ് ഇസ്ലാമിസം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്ലാമും ഇസ്ലാമിസവും തമ്മിലുള്ള ബന്ധം വളരെ ദൃഡമാണ്. അതേസമയം ഇസ്ലാമിസം ഇസ് ലാമില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതല്ല. മതത്തില്‍ നിന്നും പ്രത്യയശാസ്ത്രത്തിലേക്കുള്ള ഇസ്ലാമിന്റെ പരിവര്‍ത്തനമല്ല ഇസ്ലാമിസം സാധ്യമാക്കുന്നത്. ഇസ്ലാമിന്റെ തെറ്റായ ആവിഷ്‌ക്കാരമാണ് ഇസ്ലാമിസം എന്ന് വാദിക്കുന്നതും തെറ്റാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ ഇസ്ലാമിസം ഒരു രാഷ്ട്രീയ പദ്ധതിയാണ്. ഏതൊരു സാമൂഹ്യക്രമത്തിന്റെയും മധ്യത്തില്‍ ഇസ്ലാമിനെ സ്ഥാപിക്കുക എന്നതാണ് അത് ലക്ഷ്യമിടുന്നത്.

ഇസ്ലാമിലുടെ പുതിയൊരു ഭാഷ വികസിപ്പിക്കാനാണ് മുസ്ലിംകള്‍ ശ്രമിക്കുന്നത്. പാശ്ചാത്യര്‍ നല്‍കുന്ന ലോകത്തെക്കുറിച്ച അധീശമായ വിശദീകരണങ്ങള്‍ യാതൊരു വിധത്തിലുള്ള പ്രയോജനവും തങ്ങള്‍ക്ക് സാധ്യമാക്കുന്നില്ല എന്നവര്‍ മനസ്സിലാക്കുന്നു. മാത്രമല്ല, പാശ്ചാത്യ അധീശത്വത്തിന് ബദലായി പുതിയൊരു രാഷ്ട്രീയ ഭാഷ വികസിപ്പിച്ചെടുക്കാന്‍ മുസ്ലിംകള്‍ ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. മാത്രമല്ല, മുസ്ലിം ഉമ്മ: നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കണമെങ്കില്‍ കൊളോണിയല്‍ ചട്ടക്കൂടില്‍ നിന്ന് മുസ്ലിംകള്‍ പുറത്ത് കടക്കേണ്ടതുണ്ട്. ഉമ്മ:യുടെ അപകോളനീകരണമാണ് വേണ്ടത്. സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ അപകോളനീകരണം മാത്രമല്ല. മറിച്ച്, ആധിപത്യത്തെ നിര്‍മ്മിക്കുന്ന വിജ്ഞാനത്തിന്റെ അപകോളനീകരണവും മുസ്ലിംകള്‍ സാധ്യമാക്കേണ്ടതുണ്ട്. അതാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിസത്തിന്റെ പ്രൊജക്ട്. ഇസ്ലാമിസം സാര്‍വ്വലൗകികമായ ഒരു മുസ്ലിം കര്‍തൃത്വത്തെ (Muslim Subjectivity) മുന്നോട്ടു വെക്കുന്നുണ്ട്. അതാകട്ടെ, പാശ്ചാത്യ ലോകക്രമത്തെ മറികടക്കുകയും ചെയ്യുന്നു. വളരെ വിജയകരമായിത്തന്നെ ഇസ്ലാമിസ്റ്റുകള്‍ സമകാലിക ലോകത്ത് ഒരു മുസ്ലിം കര്‍തൃത്വത്തെ (Muslim Subjectivity) പ്രതിഷ്ഠിച്ചിട്ടുണ്ട്. പടിഞ്ഞാറ്, പടിഞ്ഞാറിതരം എന്നിങ്ങനെ വിഭജിതമായിക്കിടക്കുന്ന ഒരു ലോകത്ത് ഇസ്ലാം എന്ന നാമത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലിംകള്‍ കൊളോണിയല്‍ അധികാരക്രമത്തെയാണ് അസ്ഥിരപ്പെടുത്തുന്നത്. അതേസമയം, നാം പുതിയൊരു വിശകലന രീതിയും വ്യവഹാര സമീപനവുമാണ് സ്വീകരിക്കേണ്ടത്. അവ ഒരേസമയം ഓറിയന്റലിസത്തിന്റെ കേവല നിരാകരണത്തിനും പരമ്പരാഗതമായ ഇസ്ലാമിക സമീപനങ്ങള്‍ക്കും അപ്പുറത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്.

3

മുസ്ലിം സ്വയം നിര്‍ണ്ണയാധികാരത്തെ സ്ഥിരതയോടെയും പ്രതീക്ഷയോടെയും ആവിഷ്‌കരിക്കണമെങ്കില്‍ തങ്ങളുടെ സ്വന്തം ചരിത്രത്തെ എഴുതുക എന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ മുസ്ലിംകള്‍ക്ക് സാധിക്കേണ്ടതുണ്ട്. അതിനു മുമ്പില്‍ വന്നുചേരുന്ന എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റാന്‍ അവര്‍ക്ക് സാധിക്കണം. എന്നാല്‍ പലപ്പോഴും വളരെ നിര്‍മ്മാണാത്മകമായ രീതിയിലുള്ള മുസ്ലിം ആവിഷ്‌കാരങ്ങള്‍ വളരെ പ്രയാസകരം തന്നെയാണ്. കാരണം മുസ്ലിം രാഷ്ട്രീയ കര്‍തൃത്വത്തെ തടയുന്ന മതേതര-ലിബറല്‍ വിഭാഗം മുസ്ലിം സ്വത്വത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് മറുപടി പറയുക എന്ന ലക്ഷ്യത്തിലേക്ക് മുസ്ലിംകള്‍ ചുരുങ്ങുകയാണ് ചെയ്യുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പാശ്ചാത്യവല്‍ക്കരണത്തിന്റെ വികാസഫലമായി ആഗോളതലത്തില്‍ തന്നെ മതേതരവല്‍ക്കരണവും ആഗോളവല്‍ക്കരണവും കടന്നുവരികയുണ്ടായി. അതോടെ ഇസ്ലാം പതിയെ ഇല്ലാതാകുമെന്ന് ലോകം കരുതി. എന്നാല്‍ ക്രൈസ്തവതയെപ്പോലെ ഇസ് ലാം സ്വകാര്യ ഇടത്തിലേക്ക് ചുരുക്കപ്പെടുകയോ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയോ ചെയ്തില്ല. മറിച്ച്, ഇസ്ലാമിന്റെ പൊതുസാന്നിധ്യം (public presence) കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. ഇസ്ലാമിന്റെ പേരിലുള്ള മുന്നേറ്റങ്ങള്‍ അധീശമായ ലോകക്രമത്തിന് കനത്ത പരിക്കാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അപ്പോള്‍ ഇസ്ലാമിനെക്കുറിച്ച വളരെ പരമ്പരാഗതമായ ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങള്‍ തീര്‍ച്ചയായും പ്രശ്നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. അതേസമയം വളരെ ഗൗരവതരമായ ഒരു അപകോളനീകരണ പ്രക്രിയയെ തടയുന്ന അധീശമായ കോളനിയാനന്തര ലോകക്രമത്തില്‍ ഇസ്ലാമും രാഷ്ട്രീയവും തമ്മിലുള്ള വിനിമയത്തിന്റെ സാധ്യതകളെ ഈ പുസ്തകത്തിലൂടെ ഞാന്‍ അന്വേഷിക്കുന്നുണ്ട്.

4

ഇനി ഇസ്ലാമും മുസ്ലിംകളും കോളനിയാനന്തര ലോകപശ്ചാത്തലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. ഈ പുസ്തകത്തിലൂടെ മുസ്ലിം രാഷ്ട്രീയ കര്‍തൃത്വത്തിന്റെ സാധ്യതകളെക്കുറിച്ച് ഞാന്‍ നടത്തുന്ന അന്വേഷണത്തെ വിമര്‍ശനാത്മക മുസ്ലിം പഠനങ്ങളുടെ (Critical Muslim Studies) കീഴില്‍ കൊണ്ടുവരാവുന്നതാണ്. മുസ്ലിംകളുമായി ബന്ധപ്പെട്ട പഠനങ്ങളെയും വായനകളെയും വിമര്‍ശനാത്മക മുസ്ലിം പഠനങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നതാണ്. മൂന്ന് ജ്ഞാനശാസ്ത്ര സമീപനങ്ങള്‍ അതിന്റെ പ്രത്യേകതയാണ്. പോസ്റ്റ്-പോസിറ്റീവിസം, പോസ്റ്റ്-ഓറിയന്റലിസം, അപകോളനീകരണം (decolonial) എന്നിവയാണവ. പോസിറ്റീവിസം എന്നത് നിര്‍ണ്ണയവാദ (essentialism) സമീപനമാണ്. ഇസ്ലാമിനെയും മുസ്ലിംകളെയും വളരെ സാര്‍വ്വലൗകികമായ നിര്‍ണ്ണയത്തിന് വിധേയമാക്കുകയാണ് പോസിറ്റീവിസം ചെയ്യുന്നത്. പോസ്റ്റ്-പോസിറ്റീവിസം യഥാര്‍ത്ഥത്തില്‍ ഈ നിര്‍ണ്ണയവാദത്തിനുള്ള വിമര്‍ശനമാണ്. അഥവാ, ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച നിര്‍ണ്ണയപരമായ സമീപനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വ്യാഖ്യാനശാസ്ത്രത്തിന്റെ അനന്തമായ സാധ്യതകളെ തുറന്നുവിടുകയാണ് പോസ്റ്റ്-പോസിറ്റീവിസം ചെയ്യുന്നത്. ഇസ്ലാമിന്റെ ബഹുമുഖമായ വായനകളെ അത് സാധ്യമാക്കുന്നു. ചുരുക്കത്തില്‍ നിര്‍ണ്ണയവാദത്തിന്റെ (Essentialism) വിമര്‍ശനമാണ് പോസ്റ്റ്-പോസിറ്റീവിസം.

പോസ്റ്റ്-ഓറിയന്റലിസ്റ്റ് സമീപനത്തിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത് ഇസ്ലാമിനെ ഒരു സൂചകമായി (signifier) ഉപയോഗിക്കുന്നതിന്റെ സാധ്യതകളാണ്. എഡ്വേര്‍ഡ് സൈദിന്റെ ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങളില്‍ പടിഞ്ഞാറിന്റെ അപരമായി പരാമര്‍ശിക്കപ്പെടുന്നത് കിഴക്ക് മൊത്തത്തിലാണ്. അതിന്റെ ഭാഗമായാണ് ഇസ്ലാമും മുസ്ലിംകളുമെല്ലാം വരുന്നത്. അതേസമയം ഇസ്ലാമിനെ കേന്ദ്രസ്ഥാനത്ത് തന്നെ നിര്‍ത്തിക്കൊണ്ട് എങ്ങനെ ഓറയന്റലിസ്റ്റ് വിമര്‍ശനം സാധ്യമാക്കാം എന്നാണ് ഞാനാലോചിക്കുന്നത്. എഡ്വേര്‍ഡ് സൈദിന്റെ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തില്‍ പ്രബലമായ വിമര്‍ശനവും ദുര്‍ബലമായ വിമര്‍ശനവും കാണാന്‍ സാധിക്കും. അതില്‍ പ്രബലമായ വിമര്‍ശനത്തെയാണ് പോസ്റ്റ്-ഓറിയന്റലിസം സ്വീകരിക്കുന്നത്. ഓറിയന്റലിസത്തിന്റെ പ്രബലമായ വിമര്‍ശനം ചൂണ്ടിക്കാണിക്കുന്നത് കിഴക്ക് ഓറിയന്റലിസത്തിന്റെ നിര്‍മ്മിതിയാണ് എന്നാണ്. അഥവാ, കിഴക്കിനെക്കുറിച്ച സത്യസന്ധമായ എഴുത്തിലൂടെയോ പ്രതിനിധാനത്തിലൂടെയോ തിരുത്താവുന്ന ഒന്നല്ല ഓറിയന്റലിസം. മറിച്ച് ഓറിയന്റലിസ്റ്റ് ഭാവനയുടെ തന്നെ സൃഷ്ടിയാണ് കിഴക്ക്. പാശ്ചാത്യ ഇതര സമൂഹങ്ങളെയും അവരുടെ ചരിത്രങ്ങളെയും പടിഞ്ഞാറിന്റെ അവശിഷ്ഠമായി ഓറിയന്റലിസ്റ്റുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍, കിഴക്കിലൂടെയാണ് ഓറിയന്റലിസം പടിഞ്ഞാറിനെക്കുറിച്ച കഥ പറയുന്നത്.

അപകോളനീകരണം (decolonial) എന്നതുകൊണ്ട് ഞാനിവിടെ ഉദ്ദേശിക്കുന്നത് ജ്ഞാനശാസ്ത്രപരമായ അനുസരണക്കേട് (epistemic disobedience) എന്നാണ്. ലാറ്റിനമേരിക്കന്‍ അപകോളനീകരണ ചിന്തകനായ വാള്‍ട്ടര്‍ മിഗ്‌നാലോയാണ് ഈ ആശയം വികസിപ്പിക്കുന്നത്. അപ്പോള്‍ വിമര്‍ശനാത്മക മുസ്ലിം പഠനങ്ങള്‍ (critical muslim studies) ഒരു അപകോളനീകരണ പദ്ധതി തന്നെയാണ്. അപകോളനീകരണ ചിന്ത യൂറോകേന്ദ്രീകൃത വാദത്തെ വിജ്ഞാനത്തിന്റെ ഉല്‍പ്പാദനവുമായാണ് ബന്ധപ്പെടുത്തുന്നത്. ലാറ്റിന്‍ അമേരിക്കയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അപകോളനീകരണ ചിന്ത വികസിക്കുന്നത്. കോളനിവല്‍ക്കരിക്കപ്പെട്ട രാഷ്ട്രങ്ങളുടെ (global south) രാഷ്ട്രീയ കര്‍തൃത്വത്തെക്കുറിച്ചാണ് അത് സംസാരിക്കുന്നത്. പാശ്ചാത്യ ആധുനികതയുടെയും ആഗോളതലത്തില്‍ തന്നെ നിലനില്‍ക്കുന്ന പാശ്ചാത്യ അധീശത്വത്തിന്റെയും ഉല്‍ഭവത്തെക്കുറിച്ച് അപകോളനീകരണ ചിന്തകര്‍ ധാരാളമായി എഴുതിയിട്ടുണ്ട്. കൊളനീകരണ പ്രക്രിയയും (coloniality) ആധുനികതയും തമ്മിലുള്ള ബന്ധത്തെ അവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആധുനിക-മുതലാളിത്ത-കൊളോണിയല്‍-പുരുഷാധിപത്യ ലോകക്രമത്തിനെതിരെയാണ് അവര്‍ കലാപം തീര്‍ക്കുന്നത്. മറ്റൊരു ലാറ്റിനമേരിക്കന്‍ അപകോളനീകരണ ചിന്തകനായ റമോണ്‍ ഗ്രോസ്ഫുഗലാണ് ഇങ്ങനെയൊരു അധികാരബന്ധത്തെക്കുറിച്ച് (ആധുനിക-മുതലാളിത്ത-കൊളോണിയല്‍-പുരുഷാധിപത്യ ലോകക്രമം) എഴുതിയിട്ടുള്ളത്. ഒറ്റ നോട്ടത്തില്‍ സയ്യിദ് മുഹമ്മദ് നഖീബുല്‍ അത്താസും ഇസ്മാഈല്‍ അല്‍ഫാറൂഖിയും മുന്നോട്ടുവെച്ച വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം എന്ന പദ്ധതിയുമായി അപകോളനീകരണ ചിന്തക്ക് സാമ്യതയുണ്ടെന്ന് തോന്നിയേക്കാം. ഇസ്ലാമിക സദാചാരത്തിലൂടെ ആധുനികതയെ നിയന്ത്രിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഉദാഹരണത്തിന് പലിശ നിരോധിക്കുക എന്ന ഇസ്ലാമിന്റെ ധാര്‍മ്മിക സങ്കല്‍പ്പം പിന്തുടര്‍ന്നാല്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ നൈതികമാകും എന്നതായിരുന്നു അവരുടെ വാദം. തീര്‍ച്ചയായും വിജ്ഞാനത്തിന്റെ ഇസ്ലാമീകരണ പ്രക്രിയയും അപകോളനീകരണവും തമ്മില്‍ സാമ്യതകളുണ്ട്. നഖീബുല്‍ അത്താസിനെയും രജി ഫാറൂഖിയെയും ഗ്ലോബല്‍ സൗത്തിന്റെ (കോളനീകരിക്കപ്പെട്ട രാജ്യങ്ങള്‍) ഭാഗമായി കാണുകയും വേണം. എന്നാല്‍ വളരെ പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ അവ തമ്മിലുണ്ട്. വിമര്‍ശനാത്മക മുസ്ലിം പഠനങ്ങളുടെ അപകോളനീകരണ പ്രക്രിയ തുടങ്ങുന്നത് യഥാര്‍ത്ഥത്തില്‍ പടിഞ്ഞാറന്‍ ജ്ഞാനശാസ്ത്രത്തിന്റെ സാര്‍വ്വലൗകിക അവകാശവാദത്തിന്റെ നിരാകരണത്തില്‍ നിന്നാണ്. അപകോളനീകരണം എന്നത് എല്ലാ തരത്തിലുമുള്ള അധികാരബന്ധങ്ങളെയും ഇല്ലാതാക്കുന്ന ഒന്നല്ല. ഒരു ഉട്ടോപ്യയെ സ്ഥാപിക്കുക എന്നതുമല്ല. മറിച്ച് കോളനീകരണ പ്രക്രിയയെയും (coloniality) ആധുനികതയെയും നിഷേധിക്കുക എന്നതാണ്. അഥവാ പടിഞ്ഞാറും പടിഞ്ഞാറിതര ലോകവും എന്ന അധികാര ശ്രേണിബന്ധത്തെ നിരാകരിക്കുക.

പടിഞ്ഞാറ് എന്ന അധികാരശ്രേണിയെ നിരാകരിക്കുന്നു എന്നതിനാല്‍ തന്നെ അപകോളനീകരണ പദ്ധതികളും പോസ്റ്റ്-പോസിറ്റീവിസവും പോസ്റ്റ്-ഓറിയന്റലിസവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. വിമര്‍ശനാത്മക മുസ്ലിം പഠനങ്ങളുമായി (critical muslim studies) നിര്‍മ്മാണാത്മകമായ സംവാദത്തിലേര്‍പ്പെടുന്നു എന്നതാണ് അവയെ ഒന്നിപ്പിക്കുന്നത്. ഈ മൂന്ന് സമീപനങ്ങളുടെയും വിശദീകരണമാണ് ഈ പുസ്തകം എന്നു പറയാവുന്നതാണ്.

5

വിമര്‍ശനാത്മക മുസ്ലിം പഠനങ്ങളുടെ ഭാഗമായി ഈ പുസ്തകത്തെ (Recalling the Caliphate) കാണാവുന്നതാണ്. നരവംശശാസ്ത്രത്തിലും ഇസ്ലാമിക പഠനങ്ങളിലുമൊക്കെ കണ്ടുവരുന്ന പരമ്പരാഗത ഇസ്ലാം വായനകളില്‍ നിന്ന് ഈ പുസ്തകം വേറിട്ടുനില്‍ക്കുന്നുണ്ട്. പുസ്തകത്തിന്റെ ആദ്യ ഭാഗത്തില്‍ ജനാധിപത്യം, ആപേക്ഷികതാവാദം (Relativism), മതേതരത്വം എന്നിവ മുസ്ലിം ചലനങ്ങളെ നോക്കിക്കാണുന്ന രീതികളെ വിമര്‍ശനവിധേമാക്കുകയാണ് ചെയ്യുന്നത്. മുസ്ലിം സ്വയം നിര്‍ണ്ണയാവകാശത്തിനുള്ള ആവശ്യങ്ങളെ പലരീതിയില്‍ നിയന്ത്രിക്കുന്ന അധികാരരൂപങ്ങളും നിലനില്‍ക്കുന്ന ലോകക്രമവും തമ്മിലുള്ള ബന്ധത്തെയും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. ഭീകരതക്കെതിരായ യുദ്ധം (war on terror) അത്തരത്തിലുള്ള ഒരധികാര രൂപമാണ്. അതൊരു മിലിട്ടറി ഇടപെടല്‍ മാത്രമല്ല. മറിച്ച്, സാംസ്‌കാരിക പദ്ധതി കൂടിയാണ്. മുസ്ലിം സ്വയം നിര്‍ണ്ണയാധികാരത്തിന്റെ വിവിധങ്ങളായ സാധ്യതകളെയാണ് അതില്ലാതാക്കുന്നത്.

ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഇസ്ലാമിസത്തിനെതിരായ ആഭ്യന്തര-ആഗോള നീക്കങ്ങള്‍ക്ക് പൊതുവെ രണ്ട് രീതികളാണുള്ളത്. ഒന്ന് സായുധപരമായ രീതിയാണ്. അഥവാ, എല്ലാ തരത്തിലുമുള്ള മര്‍ദനങ്ങളും പീഢനങ്ങളും ഉപയോഗിച്ചു കൊണ്ട് (യുദ്ധം, യുദ്ധഭീഷണികള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടങ്ങിയവ) ഇസ്ലാമിക രാഷ്ട്രീയ ആവിഷ്‌കാരങ്ങള്‍ക്ക് തടയിടുന്ന രീതിയാണ്. മറ്റൊന്ന് മുസ്ലിംകളുടെ ഹൃദയം കീഴടക്കിക്കൊണ്ട് അവരിലെ രാഷ്ട്രീയ ചോദനകളെ നശിപ്പിക്കുന്ന രീതിയാണ്. അതിലൂടെ ഇസ്ലാമിസത്തെയും ഇസ്ലാമിസത്തിന്റെ ആഖ്യാനങ്ങളെയും നിശ്ശബ്ദമാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ പടിഞ്ഞാറ്, പടിഞ്ഞാറിതര ലോകം എന്ന അധികാരശ്രേണി നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നു. ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഞാന്‍ അന്വേഷിക്കുന്നത് അങ്ങനെ നിലനിര്‍ത്തപ്പെടുന്ന അധികാരശ്രേണി എങ്ങനെയാണ് മുസ് ലിം ഉമ്മ:യുടെ അപകോളനീകരണ സാധ്യതകളെ തടയിടുന്നത് എന്നാണ്. തീര്‍ച്ചയായും ഈ പുസ്തകം മുസ്ലിംകളുടെ മേല്‍ ജ്ഞാനശാസ്ത്രപരമായ അധീശത്വം സ്ഥാപിച്ച (അക്കാദമിക രംഗത്തും അതിനുപുറത്തും) അധികാരരൂപങ്ങളോട് കലഹം തീര്‍ത്തവരുടെ വഴിയെ തന്നെയാണ് സഞ്ചരിക്കുന്നത്.

ഇന്ന് നിലനില്‍ക്കുന്ന ഇസ്ലാം\മുസ്ലിം വായനക്കുള്ള ഒരു ബദലിനെക്കുറിച്ചുള്ള ചിന്തകളാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നത്. മുസ്ലിം ഉമ്മ:യെ അപകോളനീകരിക്കുന്നതിനുള്ള വിവിധങ്ങളായ പരിശ്രമങ്ങളിലേക്കാണ് ഞാനിവിടെ ശ്രദ്ധ തിരിക്കുന്നത്. മുസ്ലിം സ്വയം നിര്‍ണ്ണയാധികാരത്തിന്റെ പുതിയ സാധ്യതകളെയാണ് ഞാനന്വേഷിക്കുന്നത്. അതിലൂടെ ഖിലാഫത്ത് എന്ന ‘അപകടകരമായ അസാധ്യത’യെക്കുറിച്ചാണ് (Dangerous Impossibility) ഞാനാലോചിക്കുന്നത്. നിലനില്‍ക്കുന്ന ലോകക്രമത്തെ അസ്ഥിരപ്പെടുത്തുന്നു എന്നതുകൊണ്ടാണ് ഖിലാഫത്തിനെ അപകടകരം എന്നു ഞാന്‍ വിശേഷിപ്പിക്കുന്നത്. ഖിലാഫത്തിനെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കാന്‍ കഴിയില്ല എന്നു തോന്നുന്നത് കൊണ്ടാണ് അസാധ്യം എന്നു പറയേണ്ടി വരുന്നത്. കൊളോണിയാലിറ്റിയുടെ അധികാര ശ്രേണിയും കോളനിയാനന്തര ലോകത്തെ പുതുക്കിപ്പണിയാനുള്ള മുസ്ലിം അഭിലാഷവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ രൂപകമായിട്ടാണ് ഞാന്‍ ഖിലാഫത്തിനെ മനസ്സിലാക്കുന്നത്. ഈ പുസ്തകം ഖിലാഫത്തിനെക്കുറിച്ച ഓര്‍മ്മയോ അതിന്റെ പുനസ്ഥാപനത്തിനായുള്ള പരിശ്രമമോ അല്ല. മറിച്ച് ഒരു അപകോളനീകരണ ചക്രവാളത്തെ തുറക്കുന്ന പുനര്‍വിചിന്തനമാണ്.

 

ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന സല്‍മാന്‍ സയ്യിദിന്റെ Recalling the Caliphate എന്ന പുസ്തകത്തിന്റെ വിവര്‍ത്തനത്തില്‍ നിന്ന്‌

സൽമാൻ സയ്യിദ്