Campus Alive

ഹലാൽ ലവ്വും സാംസ്കാരിക വിമർശനത്തിന്റെ പുതുസാധ്യതകളും

 

ഇതൊരു സിനിമാ നിരൂപണമല്ല, മറിച്ച് അരികുകളില്‍ നിന്നുമുള്ള ക്രിട്ടിക്കൽ തിയറിയെ ചര്‍ച്ച ചെയ്യാനുള്ള ഉപാധിയും പരിസരവുമായി ഹലാല്‍ ലൗ സ്‌റ്റോറിയെ ഞാൻ ഉപയോഗിക്കുകയാണിവിടെ. ഹലാല്‍ ലൗ സ്റ്റോറിയില്‍, ഒരു മുസ്‌ലിം സംഘടനയുടെ പ്രാദേശിക നേതൃസ്ഥാനം വഹിക്കുന്ന റഹീം സാഹിബ് ഒരു സിനിമ നിര്‍മിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇസ്‌ലാം പ്രചരിപ്പിക്കാനുള്ള ഒരു മാധ്യമമായി സിനിമയെ കണ്ടിട്ടല്ല അദ്ദേഹം അതിന് തുനിയുന്നത്, മറിച്ച്, മതപരമായി നിഷിദ്ധമല്ലാതെ (ഹറാം) കാഴ്ചയിലേർപ്പെടാനാണ് അദ്ദേഹം സിനിമയെടുക്കുന്നത്. ഇതൊരു പുതിയ ഭാഷയാണ്. രണ്ടായിരങ്ങളുടെ തുടക്കത്തില്‍, പുതുതായി പ്രചാരത്തില്‍ വന്ന സി.ഡി(കോംപാക്റ്റ് ഡിസ്‌ക്) സാങ്കേതിക വിദ്യയും വർദ്ധിച്ചു വന്ന കേബിള്‍ ടി.വി ചാനലുകളും അതോടൊപ്പം തന്നെ മുമ്പുതന്നെ നിലനിന്നിരുന്ന വീഡിയോ വാടക കടകളുടെ ശൃംഖലകളുടെ സൗകര്യങ്ങൾകൂടി ഉപയോഗിച്ച് മലബാറില്‍ വികസിച്ചു വന്ന ഇസ്‌ലാമിക അന്തരീക്ഷത്തിലുള്ള ഹോം സിനിമകളാണ് ഹലാല്‍ ലൗ സ്‌റ്റോറിയുടെ സിനിമാ പരിസരം. ഇത്തരം ഹോം സിനിമകള്‍ പ്രധാനമായും സംവിധാനം ചെയ്തിരുന്ന സ്‌കൂള്‍ അദ്ധ്യാപകനായ സലാം കൊടിയത്തൂര്‍, താൻ ചെയ്യുന്നതിനെ വിശദീകരിക്കുന്നതെങ്ങിനെ എന്ന് ശ്രദ്ധിക്കുക;

“ഇതാണോ ഇസ്‌ലാമിക മൂല്യങ്ങൾ ലക്ഷ്യം വെച്ച് ഇറക്കുന്ന സിനിമകളുടെ ഉദ്ദേശ്യം? ഇസ്‌ലാമിൽ ഉത്കൃഷ്ടമായ ആശയങ്ങളുടെ ഒരു സമുദ്രം തന്നെയുണ്ട്. സിനിമയെ ആദ്യം തന്നെ കീഴടക്കേണ്ടിയിരുന്നവർ മുസ്‌ലിംകളായിരുന്നു…” – (സലാം കൊടിയത്തൂര്‍, പുഴുവരിക്കാത്ത ദൃശ്യമാധ്യമങ്ങള്‍. പ്രബോധനം, ആഗസ്റ്റ് 25, 2007 പേജ് 19).

എന്നാല്‍ തനിക്കും തന്റെ കുടുംബത്തിനും കാണാന്‍ കഴിയുന്ന ഒരു സിനിമക്ക് വേണ്ടിയാണ് റഹീം സാഹിബ്(നാസര്‍ കറുത്തേനി) അന്വേഷിച്ചത്. മുഖ്യധാരക്ക് ബദലായിക്കൊണ്ട് ഒരു സിനിമ നിര്‍മിക്കുകയല്ല അദ്ദേഹത്തിന്റെ ലക്ഷ്യം എന്നത് പ്രധാനപ്പെട്ടതാണ്. സ്‌ക്രീനുകളില്‍ ഹറാമായത് കണ്ട് ആസ്വദിക്കുന്നവരെ അദ്ദേഹം തന്റെ ശത്രുക്കളായി കാണുന്നില്ല. മറിച്ച്, ദൈവത്തിന്റെ അതൃപ്തിക്ക് പാത്രമാവാതെ ആ ആസ്വാദനത്തിന്റെ ഭാഗമാവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.

സിനിമാ കാഴ്ച്ചകളില്‍, സക്കരിയയുടെ ഹലാല്‍ ലൗ സ്റ്റോറി അടയാളപ്പെടുത്തുന്നത്, കാലഘട്ടത്തിലെ മാറ്റത്തെയും, ആ മാറ്റത്തിനനുസരിച്ച അരികുകളില്‍ നിന്നുള്ള വര്‍ത്തമാനകാല വിമര്‍ശനങ്ങളിലെ പക്വതയാർജ്ജിക്കലുമാണ്. യഥാര്‍ഥത്തില്‍ ഏതൊരുതരം കാമന(Desire) ആയിരിക്കാം റഹീം സാഹിബിന് സിനിമയോട് ഉണ്ടായിരുന്നത്? തീര്‍ച്ചയായും, അധികമാളുകളുടെയും നിത്യജീവിതത്തിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഒരു സെൻസറി മെക്കാനിസമാണ് കാഴ്ച്ചയെങ്കിലും ഒരു ഫ്രെയിമിലൂടെ നോക്കുക എന്നുള്ളത് കാഴ്ച്ചയുടെ വശ്യമായ ഒരനുഭൂതി തന്നെയാണ് എന്ന തിരിച്ചറിവാണത്. സ്വന്തമായി ജീവനും ഊര്‍ജവുമുള്ള സിനിമ, അതിനുമുൻപ് രൂപപ്പെടുത്തിയ റെഡിമെയ്ഡ് ലക്ഷ്യങ്ങളിലേക്ക് മാത്രം ചുരുക്കാന്‍ കഴിയുന്ന ഒരു മാധ്യമമല്ല. ‘സിനിമ നിങ്ങളെ എന്ത് ആഗ്രഹിക്കണമെന്നല്ല, മറിച്ച് എങ്ങനെ ആഗ്രഹിക്കണമെന്ന് പഠിപ്പിക്കുന്നു’ എന്ന് സിസെക്ക് പറയുന്നുണ്ട്. ഉദാഹരണത്തിന്, ഹോളിവുഡ് ചരിത്രത്തെ കുറിച്ചുള്ള തന്റെ പഠനത്തില്‍ (Babel and Babylon) കടകളുടെ ജനലുകളില്‍ സുന്ദരമായി സാധനങ്ങള്‍ അലങ്കരിച്ചുവെക്കുന്നതും സിനിമയുടെ വളര്‍ച്ചയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മിരിയം ഹാന്‍സന്‍(Miriam Hansen) പരാമര്‍ശിക്കുന്നുണ്ട്.

സ്വന്തം കാമനകളെ(Desire) അപരസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട്,  സക്കരിയയുടെ ഹലാൽ ലൗ സ്റ്റോറി സൂചിപ്പിക്കുന്നത് പ്രതിരോധത്തിന്റെ ഭൂമികയിൽ നിന്നും മാറി അഭിലാഷത്തിന്റെ പുതിയ ഭാഷ സംസാരിക്കാൻ നമുക്ക് കഴിയുന്നു എന്നുള്ളതാണ്. ഫിലിം സ്റ്റഡീസില്‍ നിലനില്‍ക്കുന്ന ഒരു സംവാദത്തിലൂടെ ഞാന്‍ ഇതിലേക്ക് തിരിച്ചുവരാം. 1960കളുടെ അവസാനം മുതല്‍ തന്നെ സിനിമയോടുള്ള അഭിനിവേശത്തെ (Fascination) വിശദീകരിക്കുക എന്നുള്ളത് ഫിലിം സ്റ്റഡീസിന്റെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഇവിടുത്തെ അടിസ്ഥാന ചോദ്യം എങ്ങനെയാണ് ഒരു സിനിമക്ക് നമ്മളിൽ ഇത്ര വലിയ അളവിൽ ചലനങ്ങളുണ്ടാക്കാൻ കഴിയുന്നത് എന്നാണ്. അതായത് സ്‌ക്രീനില്‍ മാറിമറിയുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ശരീരം കൊണ്ട് നാം  പ്രതികരിക്കുന്നു; തമാശയോടൊപ്പം നാം ചിരിക്കുന്നു, ബുദ്ധിമുട്ടുകളിൽ കരയുന്നു അങ്ങനെ പല വികാരപ്രകടനങ്ങളും നമ്മളിലതുണ്ടാക്കുന്നു. ഈ കാര്യം വിശദീകരിക്കാനായി അവര്‍ സൈക്കോ അനാലിസിസിന്റെ സിദ്ധാന്തങ്ങളിലേക്ക് തിരിഞ്ഞു. കാഴ്ചക്കാര്‍ സിനിമയിലെ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത് (ഉദാ: ലോറ മള്‍വി, ക്രിസ്ത്യന്‍ മെറ്റ്‌സ്). എന്നാല്‍ കായാ സില്‍വര്‍മാൻ മറിച്ചൊരു ആശയം മുന്നോട്ടു വെക്കുന്നു. അതെന്തെന്നാൽ, ഒരേസമയം സിനിമ നമുക്ക് കാഴ്ച്ച കാണുന്ന ആൾ എന്ന നിലക്കുള്ള അധികാരം തരുമ്പോഴും വൈകാതെ തന്നെ ആ കാഴ്ച പക്ഷേ നമ്മുടെ നിയന്ത്രണത്തിലല്ല എന്ന് തിരിച്ചറിയുക വഴി നമ്മുടെ അധികാര ബലങ്ങളെ അത് നിരാശപ്പെടുത്തുകയും ചെയ്യുന്നു. കാമനയുടെ ആശാനിരാശകൾ തമ്മിലുള്ള ഈ വൈരുദ്ധ്യത്തിലാണ് സിനിമ നമ്മെ പിടിച്ചിരുത്തുന്നത് എന്നാണ് സിൽവർമാൻ അഭിപ്രായപ്പെടുന്നത്.

കായാ സില്‍വര്‍മാൻ

സിനിമയോടുള്ള റഹീം സാഹിബിന്റെ ആഗ്രഹം സിനിമാ ഭൂമികയില്‍ പ്രാതിനിധ്യം ലഭിക്കാനുള്ള അദ്ദേഹത്തിന്റെ ആവശ്യമല്ലെന്ന് കാണാം. മലയാള സിനിമയില്‍ മുസ്‌ലിം കഥാപാത്രങ്ങൾക്ക് കുറവൊന്നുമില്ല. തന്റെ വായനകളിലെല്ലാം മുസ്‌ലിം കഥാപാത്രങ്ങള്‍ മോശമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് പറഞ്ഞ് ഒരു എഴുത്തുകാരനാവാന്‍ ആഗ്രഹിച്ച വൈക്കം മുഹമ്മദ് ബഷീറിൽ നിന്ന് വ്യത്യസ്തനായി, മലയാള സിനിമയില്‍, പൊതുവെ സിനിമകളില്‍ മുസ്‌ലിംകള്‍ മോശമായാണ് ചിത്രീകരിക്കപ്പെടുന്നത് എന്നുള്ളതല്ല റഹീം സാഹിബിന്റെ പ്രശ്‌നം. അത്തരം ഒരു നിരീക്ഷണം നടത്താന്‍ മാത്രം മലയാളം സിനിമകള്‍ കാണുന്ന ആളുമല്ല അദ്ദേഹം. അദ്ദേഹത്തിന് സ്വയം സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹവുമല്ല ഉള്ളത്. മുസ്‌ലിംകളുടെ യഥാര്‍ത്ഥ പ്രതിനിധാനവുമല്ല അദ്ദേഹം ലക്ഷ്യം വെക്കുന്നത്. മറിച്ച് ദൈവികത ചോര്‍ന്നുപോവാതെ സിനിമയുടെ മാന്ത്രികത അനുഭവിക്കുക എന്ന ഒറ്റ സുന്ദര ലളിതമായ സ്വപ്നം മാത്രമേ അദ്ദേഹത്തിനുള്ളൂ.

പൊതു ഇടത്തെ പ്രതിനിധാനത്തിന്റെ ഭൂമിക എന്നതിൽ നിന്നും മാറി കാമനകളുടെ ഭൂമിക എന്ന് പുനരാഖ്യാനം ചെയ്യുന്ന റഹീം സാഹിബിന്റെ ഈ ആഗ്രഹത്തെയാണ് ഞാന്‍ പ്രതിരോധത്തില്‍ നിന്നും അഭിലാഷത്തിലേക്കുള്ള മാറ്റമായി നേരത്തെ സൂചിപ്പിച്ചത്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ യൂണിവേഴ്സിറ്റി പതിപ്പുകളിൽ ഇപ്പോഴും പ്രതിനിധാനമാണ് പ്രാധാന സംഘർഷ ഭൂമിക. ഇങ്ങനെ പ്രതിനിധാനത്തെ കേന്ദ്രമാക്കിയുള്ള രാഷ്ട്രീയത്തിൽ, നാം പൊതു ഇടത്തെ മനസ്സിലാക്കുന്നത് പരസ്പരം അധീശത്വത്തിനായി സംഘർഷത്തിലേർപ്പെടുന്ന ഒരുപാട് പ്രതിനിധാനങ്ങളുടെ സമര ഭൂമികയായിട്ടാണ്. ഇങ്ങനെ പഠിക്കുന്നതിന് ഒരു കാലത്ത് അതിന്റേതായ ഗുണങ്ങൾ ഉണ്ടായിരുന്നു. മാപ്പിളമാരുടെ ‘മതഭ്രാന്തിനെ’ കുറിച്ചുള്ള കൊളോണിയല്‍ വ്യവഹാരങ്ങളെ പറ്റിയുള്ള എം.ടി അന്‍സാരിയുടെ പഠനം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അന്‍സാരിയുടെ വിമര്‍ശനം ഈ ലേഖകന്റെ തലമുറയില്‍പെട്ട ആളുകള്‍ക്ക് സാംസ്‌കാരിക വിമര്‍ശനത്തിന്റെ പുതിയൊരു ഭാഷ തന്നെ നിര്‍മിച്ചു നല്‍കി. മുസ്‌ലിമിനെ അപരസ്ഥാനത്ത് നിര്‍ത്തുന്ന മുഖ്യധാരയുടെ ആഴങ്ങളെ അത് മനസ്സിലാക്കിത്തന്നു. അങ്ങനെയായിരിക്കെ തന്നെ കീഴാള പഠനങ്ങള്‍ക്ക് ഗൗരവതരമായ ചില പരിമിതികൾ ഉണ്ട്. നിർവചനത്തിൽ തന്നെ, കീഴാളൻ എന്നാൽ ചരിത്രത്തിൽ ഇടം ലഭിക്കാത്തവൻ എന്നാണർത്ഥം. അതായത്, ഒരു ചരിത്രകാരന് ഒരു കീഴാളന്റെ പ്രവർത്തികളിലെ അർത്ഥം മനസ്സിലാക്കണമെങ്കിൽ അദ്ദേഹം ഈ കീഴാളനെ അധീശ വർഗ്ഗങ്ങൾ എങ്ങനെയാണോ പ്രതിനിധാനം (ഉദാ: കൊളോണിയൽ രേഖകളിൽ) ചെയ്തിട്ടുള്ളത് അവയിൽ നിന്നും കീഴാള ബോധത്തെ ഉരുത്തിരുച്ചെടുക്കുകയാണ് വേണ്ടത്. അപ്പോൾ ഇവിടെ പ്രശ്നം വളരെ വ്യക്തമാണ്. അതായത് ഇത് കീഴാളനെ കീഴാളന്റേതല്ലാത്ത ഒരു കണ്ണിലൂടെ മാത്രം നോക്കിക്കാണുന്നതാണ്. കൂടാതെ പ്രതിനിധാനങ്ങളിലൂടെ ഒരു ബോധത്തെ സങ്കൽപ്പിച്ചെടുക്കുന്ന ഒരേർപ്പാടുമാണിത്. അപ്പോൾ ആര്‍ക്കൈവുകള്‍ക്കകത്ത് കീഴാളര്‍ എപ്പോഴും സ്വയം ശബ്ദമില്ലാത്ത ഒരാളാണ്. ഇതുവഴി രണ്ടു കാര്യങ്ങളാണ് കീഴാള പഠനങ്ങള്‍ ചെയ്തത്, പ്രത്യേകിച്ച് മുസ്‌ലിംകളുടെ കാര്യത്തിൽ: ഒന്ന്, മുസ്‌ലിം സംസ്കാരങ്ങളുടെ എതിർസ്ഥാനത്ത് ഒരു മുഖ്യധാരയെ പ്രതിഷ്ഠിച്ച് കൊണ്ടല്ലാതെ മുസ്‌ലിം സാംസ്‌കാരിക പഠനങ്ങൾ നടത്തുക ഇത് അസാധ്യമാക്കി. രണ്ടാമതായി, കീഴാളൻ സ്വയം കീഴാളനെ പഠിക്കുക എന്നതും ഈ രീതി അസാധ്യമാക്കുന്നു. അപ്പോൾ, വിധിവൈപരീത്യമെന്ന് പറയട്ടെ, ഒരു കീഴാളൻ സ്വന്തം സമുദായത്തെ പഠിക്കുന്നത് പോലും അന്യന്റെ കണ്ണിലൂടെയായിരിക്കണം എന്ന വിചിത്രമായ സാഹചര്യത്തിലാണ് കീഴാള പഠനം കീഴാളനെ കൊണ്ടെത്തിച്ചത്. കീഴാളപഠനം കീഴാളന് കീഴാളനായിക്കൊണ്ട് തന്നെ ചെയ്യാൻ കഴിയില്ല എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. എന്ന്മാത്രമല്ല, മുഖ്യധാരയെ എതിർക്കുന്നതല്ലാത്ത എല്ലാ പ്രവൃത്തികളും ഈ വിമർശനത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. അതായത് ഇപ്പോൾ കീഴാളന് ഒരേയൊരു ധർമ്മം മാത്രമേയുള്ളൂ, അത് മുഖ്യധാരയെ എതിർക്കുക എന്ന ധർമ്മം മാത്രമാണ്.

ഹലാൽ ലൗ സ്റ്റോറിയിലെ ഒരു രംഗം

ഇതിലൂടെ പ്രായോഗികമായി എന്ത് സംഭവിച്ചുവെന്നാൽ, ഒരു മുസ്‌ലിമിന് തന്റെ മുസ്‌ലിം സ്വത്വത്തെ ഉയർത്തിക്കാണിക്കണമെങ്കിൽ അത് മറ്റൊന്നിനെ എതിർക്കുക വഴിയല്ലാതെ സാധ്യമല്ലാ എന്ന അവസ്ഥയായി. ഈ മറ്റൊന്നിനെയാണ് നാം പലപ്പോഴും മുഖ്യധാര, ഫാഷിസം, അല്ലെങ്കിൽ ഹിന്ദുത്വം തുടങ്ങിയ ചില പദങ്ങളുപയോഗിച്ച് സൂചിപ്പിക്കുന്നത്. ഇവിടെ നിഷേധിക്കപ്പെടുന്നത് റഹീം സാഹിബിനെ പോലുള്ളവരുടെ സുന്ദര ലളിതമായ സ്വപ്നങ്ങളാണ്. പൊതു ഇടത്തിന്റെ മാന്ത്രികതയിൽ തങ്ങളുടേതായ കാമനകളാൽ നയിക്കപ്പെടാം എന്ന വളരെ സുന്ദര ലളിതമായ ഇത്തരം സ്വപ്നങ്ങൾക്ക് അല്ലെങ്കിൽ ആഗ്രഹങ്ങൾക്ക് ആ വിമർശനത്തിൽ ഇടമില്ലാതായി മാറി. നാം പൊതുമണ്ഡലത്തിൽ ഇടപെടുന്നത് മറ്റൊന്നിനെ എതിർക്കുവാനോ അല്ലെങ്കിൽ സ്വയം അധീശത്വം സ്ഥാപിക്കുവാനോ മാത്രമാണ് എന്ന രീതിയിലാണ് കീഴാള പഠനങ്ങൾ അതിന്റെ വിമർശനങ്ങളെ രൂപപ്പെടുത്തിയെടുത്തത്. അപരന്റെ കണ്ണിലൂടെ മാത്രം കീഴാളനെ കണ്ട് കൊണ്ട് വിമർശനം നടത്തുന്ന രീതി കീഴാളൻ തന്നെ ഈ പൊതുമണ്ഡലത്തിന് നൽകിയ സംഭാവനകളെ കാഴ്ചയിൽ നിന്ന് മറച്ചുവെക്കുക കൂടിയാണ് ചെയ്തത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, കീഴാളൻ എന്നത് മറ്റുള്ളവരുടെ കാമനകള്‍ക്കകത്ത് നിന്നുമുള്ള പ്രതിനിധാനങ്ങൾ മാത്രമായി ഒതുങ്ങുന്നു. ഇതിൽ, മറ്റുള്ളവരുടെ കാമനകളിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്നതിൽ കീഴാളപഠനം നിർണ്ണായകമായ പങ്കു വഹിച്ചു എന്ന് പറയാതെ വയ്യ. അങ്ങനെയാണെങ്കിൽ കൂടി, ഈ തരത്തിലുള്ള വിമർശനം, അരികുകളില്‍ പോലും അധീശത്വം വർത്തിച്ചതോടുകൂടി, കീഴാളന്, ലോകത്തെ മാറ്റിമറിക്കാനുള്ള ബദലുകൾ ഇല്ലാതാവുകയാണ് ചെയ്തത്. എന്ന് വച്ചാൽ ഈയൊരു കീഴാള വ്യവഹാരത്തില്‍ മുസ്‌ലിമിന് ഒരു ഇ(ത)രയായി മാത്രമേ നിലനിൽക്കുക സാധ്യമുള്ളൂ.

കീഴാളൻ എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്ന് മാത്രമേ ഈ വിമർശനത്തിന് പഠിക്കാൻ സാധിക്കുന്നുള്ളൂ. കീഴാളൻ സ്വയം എന്താഗ്രഹിക്കുന്നു എന്ന് പഠിക്കുന്നതിനുള്ള വിഭവങ്ങൾ ഈ വിമർശനങ്ങൾക്ക് ഇല്ലാതെ പോയി. കേരളത്തെ പോലെ മുഖ്യധാരയിലേക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ ഒരു സമുദായത്തിൽ നിന്നു പോലും ഇത്തരത്തിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നു വന്നിരുന്നത് എന്നുള്ളതാണ് ഇതിലെ ഏറ്റവും ദൗർഭാഗ്യകരമായ വസ്തുത. ഇങ്ങനെ കീഴാളനെ നിരന്തരമായി പ്രതിപക്ഷത്ത് നിർത്തുക വഴി കീഴാളനെ പൊതുമണ്ഡലത്തിൽ നിന്ന് ഒഴിവാക്കുക തന്നെയാണ് ഈ വിമർശനം ചെയ്തത്. അതായത്, ഇന്നലെ വരെ നമ്മുടെ കൂടെ അദ്ധ്വാനത്തിന്റെ ഭാഗമായി രൂപപ്പെട്ട പൊതുമണ്ഡലത്തെ പെട്ടെന്ന് തീർത്തും അപരമായ ഒരു മണ്ഡലമായി നമുക്ക് കാണേണ്ടിവരുന്നു. തന്നെയുമല്ല, ഇതുവഴി നമ്മുടെ ശത്രുക്കൾ എന്ന് കരുതുന്നവരിൽ അവർ കൂടുതൽ ശക്തരാണെന്ന തോന്നൽ ഈ വിമർശനം ഉണ്ടാക്കുന്നു.

റഹീം സാഹിബ് (നാസർ കറുത്തേനി)

അരികുകളില്‍ നിന്നുള്ള അഭിലാഷത്തിന്റെ രാഷ്ട്രീയത്തെ പുതുതായി കാണാനുള്ള ക്ഷണമാണ് റഹീം സാഹിബിന്റെ തനിക്കും കാണാൻ പറ്റുന്ന ഒരു സിനിമ വേണം എന്ന ആഗ്രഹം സൂചിപ്പിക്കുന്നത്. അരികുകളെ എല്ലായ്‌പ്പോഴും പ്രതിരോധത്തിന്റെ ഇടങ്ങളായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അരികുകളുടെ കാമനകളും, ആഗ്രഹങ്ങളും, അഭിലാഷങ്ങളും എപ്പോളും പ്രതിരോധത്തിന്റെ ഭാഷയിലായിരിക്കണം എന്നാണ് വിമർശനം വരുത്തിതീർക്കുന്നത്. ഈ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും സ്വന്തമായി ഒരു ലോകം നിർമ്മിക്കാനുള്ള കഴിവുണ്ട് എന്ന് വിമർശനം പലപ്പോഴും മറന്ന് പോവുന്നു. യൂണിവേഴ്‌സിറ്റി ഇടങ്ങളില്‍ പ്രതിരോധം അരികുവത്കരിക്കപ്പെട്ടവന്റെ ധാര്‍മിക ഉത്തരവാദിത്തമായി മാറുന്നു. മൽപ്പിടിത്തത്തിൽ ഏർപ്പെടാനല്ല റഹീം സാഹിബ് ആഗ്രഹിച്ചത്, മറിച്ച്, തനിക്ക് നിഷേധിക്കപ്പെട്ട ഒരു മാന്ത്രികതയുടെ ഭാഗമാവാനാണ്. അത് വഴി അദ്ദേഹം നമ്മെ ഉണർത്തുന്നത് പൊതുമണ്ഡലം പ്രതിരോധത്തിന്റെ മാത്രം ഇടമല്ല മറിച്ച്, കാമനകളുടെ ഇടം കൂടിയാണ് എന്നാണ്. യൂണിവേഴ്സിറ്റികൾ പ്രതിരോധത്തിന്റെ മാത്രം ഇടമല്ല, മറിച്ച് കീഴാളൻ തന്റെ തന്നെ ജീവിതത്തെ പുതുതായി അനുഭവിക്കുന്ന ഒന്നുകൂടിയാണ്. അത് എല്ലായ്‌പ്പോഴും നമ്മുടെ നിയന്ത്രണങ്ങളില്‍ ആയിരിക്കണമെന്നൊന്നുമില്ല. അതിനാല്‍ നാം ഗൗരവതരമായി ചോദിക്കേണ്ടിയിരിക്കുന്നു, ആരാണ് ഇത്രയും കാലം നമുക്ക് ഇതെല്ലാം നിഷേധിച്ചത്?

 

ഡോ.ഷഫീഖ്‌ വളാഞ്ചേരി