Campus Alive

“ആളുകളെ അസ്വസ്ഥരാക്കുന്ന കഥകളും സിനിമയാകണം” – പാ. രഞ്ജിത്ത്

രഞ്ജിത്ത് പാണ്ഡുരംഗൻ എന്ന മുപ്പത്തി ഒമ്പതുകാരനെ നമ്മൾ അറിയണമെന്നില്ല. എന്നാൽ പുതുതലമുറ തമിഴ് സിനിമകളിലെ ഒരേസമയം അരികുവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം പറയുകയും അതേസമയം തന്നെ സിനിമാറ്റിക്ക് ബ്രില്യൻസുമായി മുഖ്യധാരയിൽ ഇടം നിലനിർത്തുകയും ചെയ്യുന്ന പാ രഞ്ജിത്ത് എന്ന ചലച്ചിത്രകാരനെ നമ്മളറിയും. തന്റെ ജീവിതം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം എന്ന് പറഞ്ഞ, മുഖ്യധാരാ ആഘോഷിച്ച നടീനടന്മാരെ വെച്ച് അരികുവത്കരിക്കപ്പെട്ടവരുടെ കഥകൾ തിരശീലയിൽ പറഞ്ഞയാളാണ് പാ രഞ്ജിത്ത്.

ഇക്കഴിഞ്ഞ മെയ് മാസം നടന്ന കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വെട്ടുവമിന്റെ പോസ്റ്ററും പ്രദർശിപ്പിച്ചിരുന്നു. കാൻസിൽ വെച്ച് ഇന്ത്യൻ എക്സ്പ്രസിന്റെ ശുഭ്ര ഗുപ്ത അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.

ജാതിയെക്കുറിച്ച് താങ്കൾ എങ്ങനെയാണ് ബോധവാനാകുന്നത്?

ഈ ചോദ്യങ്ങൾ കുട്ടിക്കാലം മുതലേ എന്നെ അലട്ടിയിരുന്നു. സ്കൂളിൽ പോകുമ്പോൾ, വയലുകളിലൂടെ നടക്കുമ്പോൾ, ഞാൻ ആരാണെന്ന് ഞാൻ ആശ്ചര്യപ്പെട്ടു കൊണ്ടേയിരുന്നു. ഞാനെന്തിനാ ഭ്രഷ്ടനാക്കപ്പെടുന്നത്? എന്തുകൊണ്ടാണ് എന്റെ ഗ്രാമത്തിന് പുറത്ത് താമസിക്കാൻ ഞാൻ നിർബന്ധിതനാകുന്നത്? എന്തുകൊണ്ട് എനിക്ക് സ്വതന്ത്രനായിക്കൂടാ? എനിക്ക് ഉത്തരം കിട്ടിയില്ല.

എന്റെ അമ്മ പറഞ്ഞു, നീ ജാതിയെക്കുറിച്ച് സംസാരിക്കരുത്. നിങ്ങളുടെ സ്വത്വത്തെ മറച്ചുവെക്കാൻ അവർ പറഞ്ഞു. തമിഴിലോ ഇംഗ്ലീഷിലോ എഴുതാനോ വായിക്കാനോ അറിയാത്ത, എന്നാൽ ജനനത്തിന്റെ പ്രിവിലേജുള്ള എന്റെ സുഹൃത്തിന് ഉത്സവങ്ങൾ ആഘോഷിക്കാൻ കഴിയും. എന്തുകൊണ്ടാണ് എനിക്ക് അവനെപ്പോലെയാകാൻ കഴിയാത്തതെന്ന് ഞാൻ അവരോട് ചോദിച്ചു. ആ സമയം, ഞാൻ അഞ്ചാം ക്ലാസിലായിരുന്നു, സ്‌കൂൾ ലീഡറായിരുന്നു. എനിക്ക് വിദ്യാഭ്യാസത്തിന്റെ ശക്തിയുണ്ടായിരുന്നു. പക്ഷേ, ഉയർന്ന ജാതിക്കാരുടെ തെരുവിൽ എനിക്ക് അധികാരമില്ലായിരുന്നു. കാരണം മനുസ്മൃതിയിൽ അധിഷ്ഠിതമായ ജാതിയിൽ ആളുകൾ വിശ്വസിച്ചിരുന്നു. നാമെല്ലാം ഒരുപോലെയല്ലെന്ന് അവർ വിശ്വസിച്ചു. അതെന്നെ ഇല്ലാതാക്കി.

പാ. രഞ്ജിത്ത്

ഒരിക്കൽ അധ്യാപകൻ ഞങ്ങളോട് ഒരു പോസ്റ്റ്കാർഡ് ഞങ്ങൾക്ക് തന്നെ എഴുതാൻ ആവശ്യപ്പെട്ടു. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഞാൻ ഒരു പോസ്റ്റ്കാർഡ് വാങ്ങാൻ പോയി, പോസ്റ്റ് ഓഫീസിലെ ആൾ എനിക്ക് കാർഡ് തരാൻ വിസമ്മതിച്ചു. ഒരു കുഷ്ഠരോഗിയെ പോലെ എന്നോട് പെരുമാറി. അങ്ങനെ പറയുന്നതിൽ എനിക്ക് വിഷമം തോന്നുന്നു, പക്ഷേ അങ്ങനെയാണ് എന്നോട് പെരുമാറിയത്.

കൗമാരപ്രായം എത്തിയപ്പോൾ, ഇന്ത്യയിൽ ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി; ഗ്രാമങ്ങളിൽ നഗരങ്ങളിൽ, എല്ലായിടത്തും. കോളേജിൽ വെച്ച് ബാബാസാഹേബ് അംബേദ്കറെക്കുറിച്ച് വായിച്ചപ്പോൾ എന്റെ ജീവിതം പൂർണ്ണമായും മാറി. അതൊരു കണ്ണുതുറപ്പിക്കലായിരുന്നു. ഞാൻ അസ്വസ്ഥനാകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നു.

സിനിമയിലേക്ക് എത്തുന്നത് എങ്ങനെ?

ഞാൻ ആർട്സ് കോളേജിൽ (ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സ്, ചെന്നൈ) പെയിന്റിംഗ് പഠിച്ചു, അത് എന്റെ മാധ്യമമാണെന്ന് ഞാൻ കരുതി. കോളേജിൽ ഒരു സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഫിലിം ഫെസ്റ്റിവൽ ഉണ്ടായിരുന്നു. ആദ്യമായാണ് ഇതുപോലൊരു ഫെസ്റ്റിവലിൽ ഞാൻ പങ്കെടുക്കുന്നത്. ആ സമയത്ത്, എന്റെ ഇംഗ്ലീഷ് അത്ര നല്ലതായിരുന്നില്ല, സബ്ടൈറ്റിലുകൾ വായിക്കാൻ കഴിഞ്ഞിരുന്നെങ്കിലും അവ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ‘ചിൽഡ്രൻ ഓഫ് ഹെവൻ’ ഞാൻ കണ്ടത്, അക്ഷരാർത്ഥത്തിൽ ഞാൻ കരഞ്ഞു. സിനിമ പാരഡിസോ, റൺ ലോല റൺ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ബാറ്റിൽഷിപ്പ് പോട്ടെംകിൻ, ദ ബാറ്റിൽ ഓഫ് അൾജിയേഴ്സ്- തുടർച്ചയായി മൂന്ന് ദിവസം ഇരുന്ന് ഈ ചിത്രങ്ങളെല്ലാം ഞാൻ കണ്ടുതീർത്തു. അപ്പോൾ എനിക്കറിയാമായിരുന്നു ഞാൻ ഒരു സംവിധായകനാകാൻ ആഗ്രഹിക്കുന്നുവെന്ന് കാരണം, ഞാൻ ആരാണെന്ന്, എന്റേതായ രീതിയിൽ എന്റെ കഥ പറയാൻ ഞാൻ ആഗ്രഹിച്ചു.

ദലിത് സാഹിത്യങ്ങൾ ഞാൻ വായിച്ചു, സിനിമകൾ കണ്ടു. ഞാൻ രാഷ്ട്രീയത്തെക്കുറിച്ച് ഏറെ ബോധവാനായിത്തീർന്നു. തമിഴ്നാട്ടിൽ നമുക്ക് സമ്പന്നമായ ദ്രാവിഡ പാരമ്പര്യമുണ്ട്. എന്റെ കാഴ്ച തുറന്നു. അതേസമയം, എന്റെ കഥകൾ പറയാൻ ആരുമില്ലെന്നും എന്നെക്കുറിച്ചോ എന്റെ സമൂഹത്തെക്കുറിച്ചോ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചോ ഒരു കഥയുമില്ലെന്നും ഞാൻ മനസ്സിലാക്കി. സിനിമയിൽ ഉയർന്ന ജാതിക്കാരും മധ്യവർഗക്കാരും മാത്രമായിരുന്നു.

ഞാനൊരു സിനിമാപ്രേമിയല്ല. ഞാൻ ഒരു ഫസ്റ്റ്-ഡേ, ഫസ്റ്റ്-ഷോ പ്രേമിയല്ല. കാരണം, എനിക്ക്  ആൾക്കൂട്ടത്തെ  ഭയമാണ്. കബാലി എന്ന എന്റെ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ മാത്രമാണ് ഞാൻ ആദ്യ ഷോക്ക് പോയത്.

നിങ്ങളെ സ്വാധീനിച്ച ചലചിത്രകാരന്മാർ ആരൊക്കെയാണ്?

ഋഥ്വിക്ക് ഘട്ടക്, ജോൺ എബ്രഹാം, വിവേചനങ്ങളെ കുറിച്ച് സംസാരിക്കുന്നവരെല്ലാം.

ഭൂതകാലത്തെ തെറ്റുകളെ സിനിമകൾക്ക് അഭിമുഖീകരിക്കാൻ കഴിയുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ?

നോക്കൂ,  ഞാൻ ചുറ്റും നോക്കുമ്പോൾ ഏതെങ്കിലും രാഷ്ട്രീയ പ്രക്രിയയിലെ എന്റെ പങ്കാളിത്തം എന്താണെന്ന് ഞാൻ സ്വയം ചോദിക്കും. ദലിത് പങ്കാളിത്തം എവിടെ? തമിഴ്നാട്ടിൽ ജാതി വളരെ ശക്തമാണ്. നിങ്ങൾ സ്വയം ചോദിക്കുന്നു, എന്താണ് എന്റെ വേഷം? നമുക്ക് പങ്കാളിത്തം ലഭിക്കുമ്പോൾ മാത്രമേ നമുക്ക് അധികാരം ലഭിക്കുകയുള്ളൂ. സിനിമ വളരെ സ്വാധീനമുള്ള കലയാണ്, അതിന് കാഴ്ചപ്പാടുകൾ മാറ്റാൻ കഴിയും. അതിന് ചർച്ചാവിഷയമായി മാറാൻ കഴിയും. പാമ്പുകൾക്ക് പാൽ കുടിക്കാൻ കഴിയുമെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ സിനിമയ്ക്ക് കഴിയുമെങ്കിൽ (ചിരിക്കുന്നു), ബാബാസാഹേബിന്റെ വാക്കുകളിൽ ‘ജാതിയുടെ ഉന്മൂലന’ത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് അതും വിശ്വസിക്കാൻ കഴിയും.

നിങ്ങളുടേതായ സിനിമകൾ ചെയ്യുന്നതിനുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്?

സിനിമയിൽ ജാതിയെക്കാൾ വർഗത്തെ ചിത്രീകരിക്കാൻ എളുപ്പമാണ്. വർഗ്ഗമെന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യമല്ല. അതിനാൽ, ആളുകളെ അസ്വസ്ഥരാക്കുന്ന അത്തരം കഥകൾ നമുക്ക് നിർമ്മിക്കേണ്ടതുണ്ട്.

ചെറിയ ഒരു കൂട്ടം ആളുകൾ മാത്രം കാണുന്ന ആർട്ട്ഹൗസ് സിനിമകൾ നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കീഴാള ജീവിതത്തെക്കുറിച്ച് ആർക്കും സിനിമകൾ നിർമ്മിക്കാനും അവാർഡ് നേടാനും കഴിയും. ജാതിയിലും ജനനത്തിലും വിശ്വസിക്കുന്ന സാധാരണക്കാരിലേക്ക് എന്റെ സിനിമകൾ എത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ സിനിമകൾ അത്ര മികച്ച കലാസൃഷ്ടികളൊന്നുമല്ല. കാര്യങ്ങളെ മറിച്ചിടാൻ, ഒരു ബദൽ സംസ്കാരമായി ഞാൻ വാണിജ്യ സിനിമകൾ നിർമ്മിക്കുന്നു. നിങ്ങൾ പറയുന്നു എനിക്ക് ഒരു സംസ്കാരവുമില്ലെന്ന്; എനിക്കുണ്ടെന്ന് ഞാനും പറയുന്നു. ഇതാ, ഇതാണെന്റെ സംസ്കാരം.

ബുദ്ധ കാലഘട്ടം മുതൽ ഇപ്പോൾ വരെ, ഞങ്ങൾ മുഖ്യധാരക്ക് പുറത്ത് ജീവിക്കാൻ നിർബന്ധിതരായി. കാരണം നിങ്ങൾ ജാതി ആചരിക്കുന്നു. അംബേദ്‌കർ ജാതിയുടെ ഉന്മൂലനമാണ് എഴുതിയത്. അത് എനിക്കു വേണ്ടിയല്ല, നിങ്ങൾക്ക് വേണ്ടിയാണ്.

താങ്കളുടെ സിനിമകൾ ഒരു മാറ്റമുണ്ടാക്കുന്നതായി തോന്നുന്നുണ്ടോ?

കബാലി റിലീസ് ചെയ്തപ്പോൾ ഇന്ത്യയിൽ 300 കോടി രൂപ നേടി. അത്രയും വലിയ ഹിറ്റായി അത് മാറി. ആളുകൾ എന്നെ വിമർശിച്ചു, ‘നിങ്ങൾ എങ്ങനെയാണ് ആ വലിയ മനുഷ്യനെ (രജനീകാന്തിനെ) ഇങ്ങനെ ഉപയോഗിച്ചത്?’ കാലയിൽ വീണ്ടും എന്നോടൊപ്പം പ്രവർത്തിച്ചുകൊണ്ട് രജനി സാർ പ്രതികരിച്ചു. ആ ചിത്രത്തിൽ, ഞാൻ സാമ്പ്രദായികതകളെ മാറ്റി മറിക്കാൻ ശ്രമിച്ചു – വില്ലനായ രാമനും, നായകനായ രാവണനും (ചിരിക്കുന്നു). ഞാൻ ആദ്യമായാണ് ഇങ്ങനെ ജാതിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് ആളുകൾ പറഞ്ഞു. അതൊരു ബോംബ് പോലെയായിരുന്നു.

പാ രഞ്ജിത്ത് എന്നൊരാൾക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമോ?

ദലിതരിലേക്ക് മാത്രമല്ല, എല്ലാ പ്രേക്ഷകരിലേക്കും എത്താനാണ് എന്റെ ആഗ്രഹം. ആളുകളുമായി ബന്ധപ്പെടാനും  ഇടപഴകാനും ഞാൻ സിനിമകൾ നിർമ്മിക്കുന്നു. നിങ്ങൾക്ക് രാഷ്ട്രീയം മനസ്സിലാകുന്നില്ലെങ്കിൽ അല്ലെങ്കിൽ അറിവില്ലെങ്കിൽ, ഒരു അണ്ടർഡോഗ് ഒരു സിനിമയിൽ വലിയ എന്തെങ്കിലും ചെയ്യുന്നത് നിങ്ങൾ കാണുന്നു, അത് നിങ്ങൾക്ക് ബന്ധപ്പെടുത്താൻ കഴിയുന്നു.

നിങ്ങളുടെ സിനിമയിൽ താരമൂല്യത്തിന് എന്തെങ്കിലും സ്വാധീനമുണ്ടോ?

താരങ്ങളുണ്ടോ ഇല്ലേയെന്നത് ഒരു വിഷയമല്ല. എനിക്ക് നിങ്ങളോട് സംസാരിക്കണമെന്നാണ് എന്റെ സിനിമകൾ പറയുന്നത്. എനിക്ക് ദേഷ്യം വരുമ്പോൾ, എനിക്ക് സംസാരിക്കാൻ കഴിയില്ല. ഞാൻ ഒരു ദേഷ്യക്കാരനാണ്.

പക്ഷേ, ദേഷ്യം നിങ്ങളെ എവിടെ എത്തിച്ചു?

എന്റെ ദേഷ്യം ഞാൻ എന്റെ സിനിമയാക്കി മാറ്റുന്നു. അതുകൊണ്ടാണ് ഞാൻ എന്റെ വികാരങ്ങൾ പരസ്യമായി പ്രകടിപ്പിക്കാത്തത്. ഇപ്പോൾ ഞാൻ വളരെ മര്യാദയുള്ളവനാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. പക്ഷെ ഉള്ളിൽ എനിക്ക് ഭയങ്കര ദേഷ്യമാണ്.

ഇന്നത്തെ ഇന്ത്യയിൽ, ഇത്രയധികം ആളുകൾ അരികുകളിലേക്ക് തള്ളപ്പെടുകയും വളരെയധികം ധ്രുവീകരണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിങ്ങൾ ഏതു ഭാഗത്ത് നിൽക്കും?

ഞാനൊരു മനുഷ്യനാണ്. നമ്മുടെ പോരാട്ടം സാമ്പത്തികമല്ല, ബാബാസാഹേബ് പറഞ്ഞതുപോലെ, അത് സമ്പത്തിനെക്കുറിച്ചല്ല. തുല്യമായി പരിഗണിക്കപ്പെടാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങളുടെ പോരാട്ടം. അത്രയേയുള്ളൂ. ഒരു മനുഷ്യൻ മനുഷ്യനാണ്. വളരെ ലളിതമാണത്. നിങ്ങൾക്ക് ലിംഗഭേദം, മതം, എന്തും, ഇതിൽ പ്രയോഗിക്കാം. ജാതി, ലിംഗഭേദം, എല്ലാം സംബന്ധിച്ച ശ്രേണിവത്കരണത്തിന് ഞാൻ എതിരാണ്.

നമുക്ക് പോരാടേണ്ടതുണ്ട്, ഒന്നിച്ച് ഒരു കുടക്കുകീഴിൽ.

താങ്കൾ ഒരു ശുഭാപ്തിവിശ്വാസിയാണോ?

അവസരങ്ങൾക്കായി കാത്തിരിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. അവസരങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്. ഭൂതകാലത്തിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവിക്കായി കാത്തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വർത്തമാനകാലത്താണ് ഞാൻ ജീവിക്കുന്നത്. എനിക്ക് പ്രതിരോധം തീർക്കണം. എന്റെ ജീവിതം തന്നെ ചെറുത്തുനിൽപ്പാണ്.


കടപ്പാട്: ദി ഇന്ത്യൻ എക്സ്പ്രസ്

വിവർത്തനം: അഫ്സൽ റഹ്മാൻ

പാ. രഞ്ജിത്ത്