Campus Alive

വൈറ്റ് ടൈഗർ: ഹിന്ദു ഓറിയന്റലിസത്തിന്റെ തന്ത്രങ്ങൾ

(ഹിന്ദു ഓറിയന്റലിസം: സച്ചാർ കമ്മിറ്റി റിപ്പോർട്ടും ഇന്ത്യൻ ജയിലുകളിലെ ന്യൂനപക്ഷ പ്രാതിനിധ്യവും’ ലേഖനത്തിന്റെ രണ്ടാം ഭാഗം)


വൈറ്റ് ടൈഗർ (വെള്ളക്കടുവ) എന്ന നോവലിന്റെ തുടർന്നുള്ള കഥാഖ്യാനങ്ങളിൽ നിന്ന് ഒരു വ്യക്തിയെന്ന നിലക്ക് മുഹമ്മദ് അപ്രത്യക്ഷനാവുമ്പോഴും അയാളുടെ മതം ചിത്രത്തിൽ തന്നെ നിലനിൽക്കുന്നതായി കാണാം. പിന്നെയും വ്യത്യസ്ത സന്ദർഭങ്ങളിലായി അതു പ്രത്യക്ഷപ്പെടുന്നുണ്ട്. നോവലിന്റെ ഏറ്റവും അവസാന ഭാഗത്ത്, അശോകിനെ (വ്യവസായി) കുപ്പികൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ബൽറാം ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: “അശോകിന്റെ കഴുത്തിലൂടെ അതിവേഗത്തിൽ രക്തം വാർന്നൊഴുകുകയായിരുന്നു. മുസ്‌ലിംകൾ കോഴികളെ കൊല്ലുന്നതും ഇങ്ങനെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്” (246). വൈകാതെ, ബൽറാം ബാംഗ്ലൂരിൽ വിജയകരമായ ഒരു ടാക്സി ബിസിനസ് തുടങ്ങുന്നു. അവിടെ ഡ്രൈവറായി ജോലി ചെയ്യുന്ന ആസിഫ് എന്ന മുസ്‌ലിം പയ്യൻ ആക്സിഡന്റിൽ ഒരു കുട്ടിയെ അബദ്ധവശാൽ ഇടിക്കുകയും, കുട്ടി മരിക്കുകയും ചെയ്യുമ്പോൾ ബൽറാം ഇപ്രകാരം പറയുന്നു: “ഞാൻ മുസ്‌ലിംകളെ ബഹുമാനിക്കുന്നുണ്ട്, സാർ. അവർ വല്ലാതെ മിടുക്കരൊന്നുമല്ല, ആ നാലു കവികളൊഴികെ. പക്ഷേ അവർ നല്ല ഡ്രൈവർമാരാണ്. മൊത്തത്തിൽ, അവർ വിശ്വസ്തരാണ്. എന്നാൽ, എല്ലാ വർഷവും അവരിൽ കുറച്ചു പേർക്ക് ട്രെയിൻ കത്തിക്കാനോ മറ്റോ തോന്നും എന്നുമാത്രം. എന്തായാലും, ഇതിന്റെ പേരിൽ ആസിഫിനെ ഞാൻ പിരിച്ചു വിടാനൊന്നും പോകുന്നില്ല” (267).

ഈ ശകലം പല വിധത്തിൽ ശ്രദ്ധയർഹിക്കുന്നതാണ്. ദേശീയ-അന്തർദേശീയ രാഷ്ട്രീയത്തിൽ സവിശേഷ സ്ഥാനമുള്ള, ‘ഇസ്‌ലാമിക തീവ്രവാദം’ എന്നു വിളിക്കപ്പെടുന്ന നിർമിതിയെ നേരിട്ട് അവലംബിക്കുന്നതാണ് “ട്രെയിൻ കത്തിക്കുക” എന്ന പ്രയോഗം (Ahmad 2017a). ഇതിനെ പരിശോധിച്ചുകൊണ്ട് തുടങ്ങാം. മുസ്‌ലിംകളാണ് ട്രെയിൻ കത്തിക്കുക എന്നത് ഒരു ‘വസ്തുതയായി’ ബൽറാം കാണുന്നു. ഇതാണ് ആദ്യ സംഗതി. അജ്മീർ ദർഗയിലേതുൾപ്പെടെ അനേകം ഭീകരാക്രമണങ്ങളുടെ പ്രയോക്താക്കൾ ആർഎസ്എസും അവരുടെ ഹിന്ദുത്വ സഖ്യകക്ഷികളുമാണെന്നത് പ്രസിദ്ധമാണ് (Singh 2017). എന്നാൽ, ഹിംസയുടെ ഈ ‘ത്വര’ മുസ്‌ലിംകളിലേക്കാണ് അഡിഗ ചേർത്തുവെക്കുന്നത്. ഇതാവട്ടെ എപ്പോഴെങ്കിലും ഒരിക്കൽ മാത്രം ഉണ്ടാവുന്നതല്ല. ‘എല്ലാ വർഷവും’ നിരന്തരമായി ഇത് ഉണ്ടാവാറുണ്ടത്രേ. മാത്രമല്ല, ‘മുസ്‌ലിംകളോടുള്ള ബൽറാമിന്റെ ബഹുമാനവും’ ഒരുപോലെ ശ്രദ്ധയർഹിക്കുന്നതാണ്. ഹിന്ദുക്കളെ ബഹുമാനിക്കുന്നതിനെ പറ്റി നോവലിൽ ഒരിടത്തും അഡിഗ പരാമർശിക്കുന്നില്ല. നോവലിലെ കഥാപാത്രങ്ങളെ ‘ഹിന്ദു’ എന്ന നിലക്ക് തുറന്ന് അടയാളപ്പെടുത്തുന്നുമില്ല. എന്നാൽ, മുസ്‌ലിംകളെ അവ്വിധം അടയാളപ്പെടുത്തുന്നുണ്ട്. ബൽറാമിന്റെ അച്ഛൻ മരിച്ച ആശുപത്രിയിൽ വെച്ച് അയാൾ കണ്ടുമുട്ടിയ ആളുകളെ ‘രണ്ടു മുസ്‌ലിംകൾ’ എന്നു തന്നെ ബൽറാം വിളിക്കുന്നുണ്ട്. അതുപോലെ, ഡൽഹിയിലെ യൂസ്ഡ് പുസ്തകങ്ങൾ വിൽക്കുന്ന ബസാറിലൂടെ നടക്കുമ്പോൾ, ഒരു പുസ്തക വിൽപ്പനക്കാരനെ ‘മുസ്‌ലിം അമ്മാവൻ’ എന്നാണ് അയാൾ പരിചയപ്പെടുത്തുന്നത്. അയാളാണ് ബൽറാമിനോട് അയാൾക്കിഷ്‌ടപ്പെട്ട കവികളെ (റൂമി, ഇഖ്‌ബാൽ, മിർസാ ഗാലിബ്‌) കുറിച്ചു പറഞ്ഞു കൊടുക്കുന്നത്. നാലാമതൊരു കവിയുടെ പേര് കഥാനായകന് ഓർമ കിട്ടുന്നില്ല. അവിടെയും സാധാരണ കവികൾ എന്നല്ല പറയുന്നത്, ‘മുസ്‌ലിം കവികൾ’ എന്നാണ്. സഞ്ജയ്‌ സുബ്രഹ്മണ്യൻ (2008) ഇതേ പറ്റി ഇങ്ങനെ എഴുതുന്നുണ്ട്:

അരവിന്ദ് അഡിഗ

“വെള്ളക്കടുവയിൽ ഉള്ള പൊരുത്തക്കേടുകൾ/വ്യാജങ്ങള്‍ ഗൗരവമുള്ളതാണ്. ഉർദു വായിക്കാനറിയാത്ത, പേർഷ്യൻ ഭാഷയിൽ യാതൊരു ഗ്രാഹ്യവുമില്ലാത്ത കഥാപാത്രം പറയുകയാണ്, അയാളുടെ ഇഷ്ട കവികൾ ജലാലുദ്ദീൻ റൂമിയും മിർസാ ഗാലിബുമാണെന്ന്. ഇംഗ്ലീഷ് അറിയാത്ത ഒരാൾക്ക് ജെയിംസ് ഹാർഡ്ലി ചെയ്‌സ്, ഖലീൽ ജിബ്രാൻ, അഡോൾഫ് ഹിറ്റ്ലർ, ടെസ്മണ്ട് ബാഗ്ലി പോലുള്ളവരുടെ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നതിനെ ഓർത്തെടുക്കാൻ കഴിയുന്നു എന്നു പറയും പോലെയാണിത്!!”

സുബ്രഹ്മണ്യത്തിന്റെ ഈ വായനയെക്കാൾ വലിയ പൊരുത്തക്കേടുകൾ വെള്ളക്കടുവയിൽ കാണാൻ കഴിയും. ലിസാ ലാവുവും അന മെന്റസും (2011) പിന്നീട് മിതാ ബാനർജിയും (2011) ചൂണ്ടിക്കാട്ടിയ ‘ഹിന്ദു ഓറിയന്റലിസം’ എന്നതിന്റെ പ്രയോഗമാണ് അഡിഗ നടത്തുന്നത് എന്നാണ് ഞാൻ വാദിക്കാൻ ശ്രമിക്കുന്നത്. ലിസാ ലാവു (2009:572) റീ-ഓറിയന്റലിസം എന്നു വിളിച്ച സിദ്ധാന്തത്തിൽ വേരുകളുള്ള വ്യാവഹാരിക മാതൃകകളുടെയും പ്രയോഗങ്ങളുടെയും ഒരു കൂട്ടമാണ് ഹിന്ദു ഓറിയന്റലിസം. നോൺ-ഓറിയന്റൽ അഥവാ ഓക്സിഡന്റൽ വിഭാഗങ്ങളാൽ (പാശ്ചാത്യർ) ഓറിയന്റൽ വിഭാഗങ്ങൾ (പൗരസ്ത്യർ) പ്രതിനിധീകരിക്കപ്പെടുകയും, അധീശത്വപരമായ (അധികാര) ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് പഴയ ഓറിയന്റലിസമെങ്കിൽ, ഇപ്പോഴത് ഓറിയന്റലുകൾ തന്നെ ഏറ്റെടുത്തിരിക്കുന്നു. അഥവാ, ഓറിയന്റലുകൾ അപര ഓറിയന്റലുകളെ അതേ പദ്ധതിക്കു പാത്രമാക്കുന്നു, ഇതാണ് റീ-ഓറിയന്റലിസം. ബോളിവുഡിൽ ഹിന്ദു ഓറിയന്റലിസം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മിതാ ബാനർജി നിരീക്ഷിക്കുന്നുണ്ട് (2011: 127, 130): “പശ്ചാത്യൻ പ്രേക്ഷകർക്കു വേണ്ടി ഇന്ത്യക്കാരെ ബോളിവുഡ്‌ വീണ്ടും ഓറിയന്റലിസത്തിന് വിധേയമാക്കുന്നു. മുസ്‌ലിംകളെ അരികുതള്ളിക്കൊണ്ട്, ഹിന്ദു മുഖ്യധാരയിലെ പ്രേക്ഷകർക്കു വേണ്ടിയും ഹിന്ദു ഇന്ത്യയെ അത് റീ-ഓറിയന്റലൈസ് ചെയ്യുന്നു”. ഓറിയന്റൽ വിഭാഗങ്ങൾക്ക് നേരെയുള്ള ഓറിയന്റലിസ്റ്റ് നോട്ടവും, മുസ്‌ലിം സമുദായത്തിന് നേരെയുള്ള ഹിന്ദു നോട്ടവും അവ്വിധം സംഗമിക്കുന്നുണ്ടെന്നും അവർ പറഞ്ഞുവെക്കുന്നു.

സൗന്ദര്യശാസ്ത്ര വീക്ഷണങ്ങളിൽ നിന്നു മാറി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മേഖലയിലെത്തുമ്പോൾ, അഡിഗയുടെ എഴുത്തിലെ റീ-ഓറിയന്റലിസത്തിന്റെ അതിരുകൾ പുതിയ മാനങ്ങൾ കൈവരിക്കുന്നുണ്ട് എന്ന് ബാനർജി പറയുന്നു. അഡിഗയുടെ എഴുത്തിലെ പൊരുത്തക്കേടായി ബാനർജി പറയുന്ന സംഗതി, ഇന്ത്യ വളർന്നുവരുന്ന വൻകിട ശക്തിയാണ് എന്ന (അ)ബോധത്താൽ ത്വരിതപ്പെടുകയും, ഹിന്ദു ഭൂരിപക്ഷത്തിന്റെയും പശ്ചാത്യരുടെയും ഭാവനകളെ തൃപ്തിപ്പെടുത്തും വിധം സംഭരിക്കപ്പെടുന്നതുമാണ്. എന്നാൽ, പൗരസ്ത്യരെ ഓറിയന്റലിസത്തിനു വിധേയമാക്കുന്നതിന് വേണ്ടി അവരുടെ ഭാഷയിലും ജ്ഞാനരൂപങ്ങളിലും അവഗാഹം നേടുമായിരുന്ന പഴയ ഓറിയന്റലിസ്റ്റുകളിൽ നിന്ന് ഭിന്നമായി, ഹിന്ദു ഓറിയന്റലിസത്തിന്റെ രൂപത്തിലുള്ള റീ-ഓറിയന്റലിസം അത്തരമൊരു അവഗാഹമോ അറിവോ ആർജ്ജിക്കാൻ മുതിരുന്നില്ല[1]. ചില മുസ്‌ലിംകൾ എഴുത്തിന്റെ തുടക്കത്തിൽ 786 എന്ന് എഴുതാറുണ്ട്. ‘ബിസ്മില്ലാഹി റഹ്‌മാനി റഹീം’ (പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ) എന്ന വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന അക്ഷരങ്ങളുടെ ആകെ തുകയാണ് (സംഖ്യാ മൂല്യം) 786. ഇതിനെ നോവലിൽ തങ്ങളുടെ ദൈവത്തെ പ്രതിനിധീകരിക്കുന്ന മാന്ത്രിക സംഖ്യയായി അവതരിപ്പിക്കപ്പെട്ടു. ബൽറാമിന് അപ്രകാരം റൂമിയെയും ഗാലിബിനെയും ഇഖ്ബാലിനെയും അവരുടെ ഭാഷാ ലിപികളെയും കുറിച്ച് അറിവില്ലാതെ തന്നെ എഴുതാൻ കഴിയുന്നു. ബൽറാമിന് അവരുടെ ഭാഷ ‘പരിചയമില്ല’ എന്നു പറഞ്ഞവസാനിപ്പിക്കാൻ മാത്രം ലളിതമല്ല കാര്യങ്ങൾ. പകരം അയാൾ തന്റെ ‘പരിചയമില്ലായ്മയെ’ (non-familiarity) മനുഷ്യലോകവുമായി ബന്ധമില്ലാത്ത, മൃഗലോകത്ത് വസിക്കുന്ന ‘അപരിചിതനായ അപരൻ’ (unfamiliar other) എന്നതിലേക്ക് പരാവർത്തനം ചെയ്യുകയാണ് ചെയ്യുന്നത്. ബൽറാമിനെ സംബന്ധിച്ചിടത്തോളം, മുസ്‌ലിംകളുടെ ഭാഷയായ ഉർദുവിലാണ് ചില പുസ്തകങ്ങൾ ഉള്ളത്. “പശു കറുത്ത മഷിയിൽ കാൽ മുക്കി കടലാസിൽ പതിപ്പിച്ചതു പോലെ, ഒന്നുമല്ലാത്ത കുറെ വരയും കുറിയുമാണ് ആ ഭാഷ!”[2].

മിതാ ബാനർജി, ലിസാ ലാവു

പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിലെ പഴയ ഓറിയന്റൽ വ്യവഹാരങ്ങളിൽ മുസ്‌ലിംകൾ ഒരു പ്രധാന അപരൻ തന്നെയായിരുന്നു. എന്നാൽ, യൂറോപ്യൻമാരുടെ ആഗമന സമയത്ത് അധിക മുസ്‌ലിംകളും യൂറോപ്യരുടെ സമൂഹങ്ങളിലല്ല വസിച്ചിരുന്നത്. അഥവാ, ‘അപരൻ’ എന്നത് മറ്റിടങ്ങളിൽ വസിക്കുന്നവരായിരുന്നു. എന്നാൽ, ഹിന്ദു ഓറിയന്റലിസത്തിലേക്ക് വരുമ്പോൾ ഒരേ ഇടങ്ങൾ പങ്കുവെക്കുകയും ഒന്നിച്ചു കഴിയുകയും ചെയ്യുമ്പോൾ തന്നെ മുസ്‌ലിംകൾ ‘അപരരായി’ തീരുന്നു. യൂറോപ്യൻ ഓറിയന്റലിസത്തിൽ മറ്റിടങ്ങളിൽ കഴിയുന്ന മുസ്‌ലിംകളെ പ്രതീകാത്മക അപരന്മാരായി ഗണിക്കുമ്പോൾ, ഹിന്ദു ഓറിയന്റലിസം പ്രതീകാത്മകമായി മാത്രമല്ല, അനുഭവപരമായി കൂടി മുസ്‌ലിംകളെ അപരവത്കരിക്കുന്നു. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമിടയിലെ സമാന പരിസരങ്ങൾ/സമയങ്ങൾ (co-evalness, Fabian 1991) ഒരൊറ്റ വരിയിൽ എഴുതിത്തള്ളുകയും മായ്ക്കപ്പെടുകയും ചെയ്യുന്നു. ഒപ്പം തദ്ദേശീയ ഹിന്ദുക്കളുടെ സ്ഥാനം എന്ന് അടയാളപ്പെടുത്തപ്പെടുന്ന ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ പുറത്ത് നിൽക്കുന്ന ഇടങ്ങളിലേക്കും സമയങ്ങളിലേക്കും മുസ്‌ലിംകൾ കടത്തപ്പെടുകയും ചെയ്യുന്നു. ചരിത്രപരമായി, ബ്രിട്ടീഷ് ഓറിയന്റലിസത്തിന്റെ വിധേയത്വപരമായ കടമെടുപ്പാണ് ഈ റീ-ഓറിയന്റലിസവും. ഉദാഹരണത്തിന് ഡബ്ല്യൂ. ഡബ്ല്യൂ ഹണ്ടറുടെയും ജെ.ഡി ആൻഡേഴ്സന്റെയും എഴുത്തുകൾ കാണുക. ‘The Indian Muslims: Are they bound in conscience to rebel against the queen’ എന്ന ഹണ്ടറുടെ പുസ്തകം ഇവിടെ പ്രസക്തമാണ്[3]. കൊളോണിയൽ ഭരണത്തിന് ന്യായീകരണം ചമയ്ക്കാനും ഒരുവേള അത് അനിവാര്യമായിരുന്നു എന്നു സ്ഥാപിക്കാനും ബ്രിട്ടീഷുകാർ ഒരു തന്ത്രം മെനഞ്ഞു. ഇന്ത്യ ഭരിക്കുന്ന ആദ്യ വിദേശികൾ തങ്ങളായിരുന്നില്ല, മുസ്‌ലിംകളും വിദേശികളായിരുന്നു എന്നവർ എഴുതി (Nasr 1999: 581). ഈ ഓറിയന്റലിസ്റ്റ് ആഖ്യാനത്തെ തന്നെയാണ് അഡിഗ പുനരുൽപാദിപ്പിക്കുന്നത്: “ഈ നാട്, ഇന്ത്യ, ഒരിക്കലും സ്വാതന്ത്രമായിരുന്നില്ല. ആദ്യം മുസ്‌ലിംകളും പിന്നീട് ബ്രിട്ടീഷുകാരും നമ്മെ അടക്കി ഭരിക്കുകയായിരുന്നല്ലോ”. മുസ്‌ലിം അമ്മാവൻ എന്ന് പരിചയപ്പെടുത്തുന്ന പുസ്തക വിൽപ്പനക്കാരനുമായി നടത്തുന്ന സംഭാഷണങ്ങൾക്കിടയിലും, അയാളുടെ താടി മുസ്‌ലിം/വിദേശ സ്വത്വങ്ങളുടെ അടയാളമായി വരുന്നുണ്ട്:

“അയാൾ തലയാട്ടി, എന്നാൽ ഞാൻ അയാളെ പുകഴ്ത്തിക്കൊണ്ടേയിരുന്നു, എന്തു സുന്ദരമാണ് നിങ്ങളുടെ താടി, നിങ്ങളുടെ ചർമവും മനോഹരം തന്നെ. നിങ്ങളുടെ മൂക്കും നെറ്റിത്തടവും കണ്ടാൽ മതം മാറി മുസ്‌ലിമായ ഏതോ പന്നിവളർത്തുകാരനല്ല, മറിച്ച് നേരിട്ട് മക്കയിൽ നിന്നും മാന്ത്രികപ്പായയിൽ കയറി വന്ന ‘യഥാർഥ’ മുസ്‌ലിമാണെന്നാണ് തോന്നുക എന്നൊക്കെ. അയാൾ സന്തോഷത്തോടെ മുരടനക്കി. അയാൾ എനിക്ക് മറ്റൊരു കവിത വായിച്ചു കേൾപ്പിച്ചു. വീണ്ടും മറ്റൊന്നു കൂടി. അങ്ങനെയങ്ങനെ… (217).

മുസ്‌ലിം കഥാപാത്രത്തെ വിദേശിയായി അടയാളപ്പെടുത്തുക മാത്രമല്ല നോവലിസ്റ്റ് ചെയ്യുന്നത്, മുസ്‌ലിമിനെ അയാളുടെ വിദേശ സ്വത്വത്തിൽ അഭിമാനം കൊള്ളിക്കുക കൂടി ചെയ്യുന്നു. ഹിന്ദു ഓറിയന്റലിസത്തിൽ ഒരു മുസ്‌ലിം സ്വത്വത്തിന് സാധാരണമോ, തദ്ദേശീയമോ ആവുക സാധ്യമല്ല. മറ്റൊരു ഭാഗം കാണാം: “ഇഖ്‌ബാൽ, അദ്ദേഹമൊരു മുസ്‌ലിമായിരുന്നെങ്കിലും മികച്ച കവിയായിരുന്നു. (അതിരിക്കട്ടെ, മിസ്റ്റർ പ്രീമിയർ, ലോകത്തിലെ നാലു മികച്ച കവികളിൽ എല്ലാവരും മുസ്‌ലിംകളാണെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാൽ നിങ്ങൾ കണ്ടുമുട്ടുന്ന മുസ്‌ലിംകളൊക്കെയും നിരക്ഷരരോ, കറുത്ത ബുർഖയിൽ അടിമുടി പൊതിഞ്ഞു നടക്കുന്നവരോ ബോംബിട്ടു തകർക്കാൻ കെട്ടിടങ്ങൾ നോക്കി നടക്കുന്നവരോ ആണ്. ഇതൊരു തരം സമസ്യയാണ് അല്ലേ? നിങ്ങൾക്കെപ്പോഴെങ്കിലും ഈ ആളുകളെ മനസ്സിലാവുകയാണെങ്കിൽ എനിക്കൊരു ഇ-മെയിൽ അയക്കുക) (35).

രക്തദാഹികൾ, മതഭ്രാന്തർ, തീവ്രവാദികൾ, അവരുടെ തന്നെ സ്ത്രീകളെ അടിച്ചമർത്തുന്നവർ എന്നു തുടങ്ങി, മുസ്‌ലിംകൾക്കെതിരെയുള്ള ഓറിയന്റലിസ്റ്റ് മുൻവിധികളടങ്ങിയ പ്രഹേളികയുടെ കുരുക്കഴിക്കാൻ ആവശ്യപ്പെടുന്നത് മാറ്റാരോടുമല്ല, വിദേശിയായ ചൈനീസ് പ്രീമിയറോയോടാണ്.

എന്തുകൊണ്ടാണ് അഡിഗയുടെ നോവലിനെ മുൻനിർത്തിക്കൊണ്ട് ഹിന്ദു ഓറിയന്റലിസത്തെ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് എന്ന ചോദ്യത്തിന് ന്യായമായ ഉത്തരം വായനക്കാർക്ക് ഇതിനോടകം ലഭിച്ചു എന്നു കരുതുന്നു. ഇനി എന്റെ വാദങ്ങളെ കുറച്ചുകൂടി വ്യക്തമാക്കാനുള്ള ശ്രമമാണ്. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും ഫലപ്രദമായി അവതരിപ്പിച്ച രണ്ടു രേഖകൾ, അഥവാ സച്ചാർ കമ്മിറ്റി റിപ്പോർട്ടും വെള്ളക്കടുവയും. അതിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഈയവസ്ഥ നീക്കുന്നതിന് അനവധി നയതന്ത്ര നീക്കങ്ങൾ മുന്നോട്ടു വെച്ചെങ്കിലും, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യം അവയിൽ പലതും നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു. കാരണം, അനുഭവപരമായും (സച്ചാർ കമ്മിറ്റി റിപ്പോർട്ട്) സാഹിതീയമായും (വെള്ളക്കടുവ) രേഖപ്പെടുത്തപ്പെട്ട മുസ്‌ലിംകളുടെ ഇല്ലായ്മകളുടെയും പിന്നാക്കാവസ്ഥകളുടെയും മേൽ നേരത്തെ സൂചിപ്പിച്ച റീ-ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങൾ പ്രാമുഖ്യം നേടിക്കഴിഞ്ഞിരുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോട്‌ അകത്തു നിന്നും (കോൺഗ്രസും യുപിഎയിലെ മറ്റു സഖ്യകക്ഷികളും) പുറത്തു നിന്നുമുള്ള (ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി) പ്രതികരണങ്ങളെ രേഖപ്പെടുത്തിക്കൊണ്ട് എന്റെ വാദം കുറച്ചുകൂടി വ്യക്തമാക്കാം.

(തുടരും)

 

കുറിപ്പ്

[1] കൊളോണിയൽ കാലത്തെ എല്ലാ ഓറിയന്റലിസ്റ്റുകളും ആളുകളുടെ ഭാഷ പഠിച്ചിരുന്നില്ല. ഉദാഹരണത്തിന്, കോളിൻ മക്കൻസീ പ്രാദേശിക ഭാഷ അറിയാതിരിക്കെ തന്നെയാണ് ഇന്ത്യയെ കുറിച്ചെഴുതിയത്. ബ്രാഹ്മിൺ വ്യാഖ്യാനങ്ങളെയാണ് അദ്ദേഹം അതിനായി അവലംബിച്ചിരുന്നത്.

[2] ഗുജറാത്തിൽ ഭരണകൂട പിന്തുണയോടെ നടന്ന കാലാപത്തിനിടയിൽ കൊല്ലപ്പെട്ട മുസ്‌ലിംകളെ ‘കാറിനടിയിൽ പെട്ടു മരിക്കുന്ന നായ്കുട്ടികളോട്’ ഉപമിച്ച നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ ഇതിനോട് താരതമ്യം ചെയ്തു വായിക്കുക. നായ്ക്കുട്ടി എന്നർഥം വരുന്ന ‘കുത്തെ കാ ബച്ചാ’ എന്ന പ്രയോഗമാണ് അയാൾ നടത്തിയത്.

[3] 9/11ന് തൊട്ടടുത്ത മാസങ്ങളിൽ, ന്യൂ ഡൽഹി ആസ്ഥാനമായുള്ള രൂപ & കോ ഹണ്ടറുടെ പുസ്തകം അതിലെ സബ്ടൈറ്റിലുകൾ നീക്കം ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.

വിവർത്തനം: അഫ്സൽ ഹുസൈൻ

ഇര്‍ഫാന്‍ അഹ്മദ്‌