Campus Alive

ഹിന്ദു ഓറിയന്റലിസം; സച്ചാർ കമ്മിറ്റി റിപ്പോർട്ടും ഇന്ത്യൻ ജയിലുകളിലെ ന്യൂനപക്ഷ പ്രാതിനിധ്യവും

(നവംബർ 2021 ന് പ്രസിദ്ധീകരിച്ച Iulia Lumina എഡിറ്റ് ചെയ്ത The Politics of Muslim Identities in Asia എന്ന പുസ്തകത്തിൽ നിന്നും, ഭാഗം ഒന്ന്)


സച്ചാർ കമ്മിറ്റി റിപ്പോർട്ട് 2006-ൽ പുറത്തു വന്നതോടെ ഇന്ത്യൻ മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ പൊതു ചർച്ചകളിൽ ഇടം പിടിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോടുള്ള (എസ്.സി.ആർ) പ്രതികരണങ്ങളെ മുൻനിർത്തിക്കൊണ്ട് ജനാധിപത്യം, ന്യൂനപക്ഷങ്ങൾ, (വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ) ഉൾക്കൊള്ളൽ വികസനം (inclusive development) എന്നിവ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ വെളിച്ചത്തു കൊണ്ടുവരാനാണ് ഈ എഴുത്തിലൂടെ ശ്രമിക്കുന്നത്. കോൺഗ്രസ് ഗവണ്മെന്റിന്റെ കാലത്ത് ഏറെ വിമുഖതയോടെയും, ഒരുപക്ഷേ തീരെ ആത്മാർത്ഥതയില്ലാതെയും നടപ്പിലാക്കുകയും, മോഡി ഗവണ്മെന്റിന്റെ കാലത്ത് ഏറെക്കുറെ അരികുതള്ളപ്പെടുകയും ചെയ്ത സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഒരു തരത്തിൽ ഓറിയന്റലിസത്തിന്റെ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസം പടച്ചുവിട്ട ‘ഇസ്‌ലാമിക തീവ്രവാദം’, ‘മതഭ്രാന്ത്’, ‘മുസ്‌ലിം പ്രീണനം’, ‘വിഘടനവാദം’, ‘ദേശദ്രോഹം’ മുതലായ പ്രയോഗങ്ങളെ ഏറ്റുപിടിച്ചുകൊണ്ട്, മുസ്‌ലിംകളുടെയും മറ്റു സമുദായങ്ങളുടെയും ഇല്ലായ്മകളെ (relative deprivation) കൂടുതൽ പ്രശ്നസങ്കീർണമാക്കുകയാണ് ഈ പുനർ-ഓറിയന്റലിസം (“ഹിന്ദു ഓറിയന്റലിസം” എന്നാണ് മിതാ ബാനർജീ, ലിസ ലവു, അന മെന്റസ് തുടങ്ങിയവർ ഇതിനെ വിളിക്കുന്നത്) ചെയ്യുന്നത്. ഓറിയന്റൽ വിരുദ്ധമായ ജനാധിപത്യത്തിന്‍റെ ബദൽ ആശയം നിലനിന്നിരുന്നുവെങ്കിലും, കൂടുതൽ നേർത്തതും, തികച്ചും ആചാരപരവും സംഖ്യാപരവുമായ കോർപറേറ്റ് ദേശീയ ജനാധിപത്യത്തിന്റെ തുടർച്ചക്കു വേണ്ടി ആ ആശയം ബലി കഴിപ്പിക്കപ്പെടുകയായിരുന്നു. ‘റീ-ഓറിയന്റലിസം’ (re-orientalism) എന്ന ആശയത്തിന്റെ സാധ്യതകളെയും പരിമിതികളെയും സൈദ്ധാന്തികമായി ചർച്ച ചെയ്തുകൊണ്ടാണ് ഈ ലേഖനം അവസാനിപ്പിക്കുന്നത്.

2011 സെൻസസ് പ്രകാരം, ഇന്ത്യയിൽ ആകെയുള്ള 1.21 ബില്യൺ ജനങ്ങളിൽ, മുസ്‌ലിംകൾ 14.2%, ഹിന്ദുക്കൾ 79.8%, ക്രിസ്ത്യാനികൾ 2.3%, സിഖുകൾ 1.7% എന്നിങ്ങനെയാണ് ജനസംഖ്യാ കണക്കുകൾ. ഇന്ത്യയിൽ ഉത്ഭവിച്ച ബുദ്ധിസം, ജെയിനിസം തുടങ്ങിയ മതങ്ങളെ പിന്തുടരുന്നവരുടെ കണക്കുകൾ യഥാക്രമം 0.7%, 0.4% വരും. മറ്റു മതങ്ങളിലും സരണികളിലും വിശ്വസിക്കുന്നവർ ഏതാണ്ട് 0.7%വും, മതം രേഖപ്പെടുത്താത്തവർ 0.2%വും വരും (രുക്മിണി & സിങ് 2015).

ഇന്ത്യൻ യൂണിയനോട്‌ ചേർന്ന സംസ്ഥാനങ്ങളിൽ ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ളത് ഉത്തർപ്രദേശിലാണ്. 2001-ൽ ആകെ ജനസംഖ്യയുടെ 18.5 ശതമാനവും മുസ്‌ലിംകളായിരുന്നു. ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനവും യുപി തന്നെയാണ്. മുസ്‌ലിം ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയത് ലക്ഷദ്വീപിലാണ് (ആകെയുള്ള 65,000 ആളുകളിൽ 95.5 ശതമാനവും മുസ്‌ലിംകളാണ്). ജമ്മു കാശ്മീരിൽ 66.9%, അസമിൽ 30.9%, വെസ്റ്റ് ബംഗാളിൽ 25.3%, കേരളത്തിൽ 24.7%, ബീഹാറിൽ 16.5%, ജാർഖണ്ഡിൽ 13.9%, കർണാടകയിൽ 12.2%, ഉത്തരാഞ്ചലിൽ 11.9%, ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 11.7% ഇങ്ങനെ പോകുന്നു മുസ്‌ലിം ജനസംഖ്യാ കണക്കുകൾ (ഷാബാൻ 2018:2).

ഒരു സമുദായം എന്ന നിലക്ക് പല തരത്തിൽ വ്യത്യാസപ്പെട്ടു കിടക്കുന്നവരാണ് മുസ്‌ലിംകൾ. മദ്ഹബുകളുടെ കാര്യത്തിൽ, ഉത്തരേന്ത്യയിലെ അധിക പേരും ഹനഫി ധാര പിന്തുടരുമ്പോൾ, കേരളത്തിലെ അധിക മുസ്‌ലിംകളും ശാഫി ധാരയാണ് പിൻപറ്റുന്നത്. ഹനഫി മദ്ഹബിന്റെ അകത്തു തന്നെ പലവിധ വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, അവരിൽ ഇമാം റിസയെ പിന്തുടരുന്നവരും, ദയൂബന്ദി ഇസ്‌ലാമിനെ പിൻപറ്റുന്നവരുമുണ്ട്. അഹ്‌ലെ ഹദീസ് എന്നു പരിചയപ്പെടുത്തുന്ന ഒരു വിഭാഗം, ഈ നാലു മദ്ഹബുകളെയും പിൻപറ്റാത്തവരും സലഫുകളെ (പ്രവാചകനെയും അവിടുത്തെ അനുചരന്മാരെയും) നേരിട്ടു പിൻപറ്റുന്നവരാണ് തങ്ങൾ എന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണ്. ഇന്ത്യൻ മുസ്‌ലിംകളിൽ ഗണനീയമായ എണ്ണം ശിയാക്കളുമുണ്ട്. ആകെ 11 ശിയാ ധാരകളിൽ, ഇസ്മായിലിയ, സൈദി വിഭാഗങ്ങളാണ് പ്രധാനമായും ഉള്ളത്. ജാതി എന്ന് അബദ്ധവശാൽ പറയപ്പെടാറുള്ള (ബിറാദ്രി) സാമൂഹിക വിഭജനങ്ങളും ഇന്ത്യൻ മുസ്‌ലിംകൾക്കിടയിൽ ഉണ്ട്. ചരിത്രപരമായി, അവിഭക്ത ഇന്ത്യയിലുടനീളം കച്ചവടം, മാർക്കറ്റ്, സാഹിത്യം തുടങ്ങിയ അനേകം മേഖലകളിൽ പല മതങ്ങളിൽ പെട്ട ആളുകൾ ഉപയോഗിച്ചിരുന്ന ഉഭയ ഭാഷയായിരുന്നു ഉർദു. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ മതത്തിന്റെ പേരിൽ ഉർദു ഭാഷയെ രാഷ്ട്രീയവത്കരിച്ച് അപരമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും (“ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ” എന്ന മുസ്‌ലിംവിരുദ്ധ, ഉർദുവിരുദ്ധ വംശീയ മുദ്രാവാക്യത്തിൽ നിന്നും വ്യക്തമാവുന്നതും അതു തന്നെയാണ്) 1947-നു ശേഷം ഔദ്യോഗികമായും അനൗദ്യോഗികമായും ഉർദു ഭാഷ ഏതാണ്ട് തകർക്കപ്പെടുകയും ചെയ്തു (അഹ്‌മദ്‌ 2008; പാണ്ഡേ 1990). ‘സെമിനാർ’ എന്ന ഇന്ത്യൻ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിച്ചത് ‘ഭാഷാപരമായ വംശഹത്യ’ (linguistic genocide) എന്നാണ്. ഉത്തര-പടിഞ്ഞാറൻ ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഭാഷയാണ് ഇന്ന് ഉർദു. ഉത്തരേന്ത്യൻ മുസ്‌ലിംകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്നവരാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും മുസ്‌ലിംകൾ. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ കേരളത്തിലെയും തമിഴ്നാട്ടിലെയും മുസ്‌ലിംകൾ അറബി ലിപിയിലാണ് അവരുടെ ഭാഷകൾ എഴുതിയിരുന്നത് എന്നതും ശ്രദ്ധേയമാണ് (സാദിഖ് 2018). സാമൂഹികവും-സാമ്പത്തികവുമായ തലങ്ങളിൽ ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ വിഭാഗങ്ങളിൽ ഒന്നാണ് മുസ്‌ലിംകൾ. ജെറമി സീബ്രൂക്കും ഇമ്രാൻ സിദ്ധീഖിയും ഇന്ത്യയിലെ മുസ്‌ലിം അവസ്ഥകളുടെ നേർചിത്രം വരച്ചു കാണിക്കുന്നുണ്ട്. അവരുടെ പുസ്തകത്തിനു വേണ്ടി കൊൽക്കത്തയിലെ മുസ്‌ലിം ചേരികളെ കുറിച്ച് ഗവേഷണം നടത്തുന്നതിനിടയിൽ പ്രാദേശവാസിയായ  ഒരു ആക്റ്റിവിസ്റ്റ് അവരോട് പറഞ്ഞത് ഇപ്രകാരമാണ്: “ഇവിടെ കാണത്തക്ക ജയിലുകളൊന്നുമില്ല. പക്ഷേ അതിനർത്ഥം ഇവിടത്തുകാർ സ്വതന്ത്രരാണെന്നുമല്ല. ചെക്ക്പോയിന്റുകളോ മിലിട്ടറി പോസ്റ്റുകളോ ആയുധധാരികളായ പട്ടാളക്കാരോ ഇവിടുത്തുകാരെ തടയാനില്ല. എന്നാൽ, ദൈന്യതയിൽ നിന്നും അജ്ഞതയിൽ നിന്നും അവർ കൊതിക്കുന്ന മോചനത്തെ എപ്പോഴും തടഞ്ഞുകൊണ്ടിരിക്കുന്നത് വിവേചനങ്ങളും മുൻവിധികളുമാണ്” (സീബ്രൂക്ക് & സിദ്ധീഖി 2011: 248-9). 2019-ലെ തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ, ലോക്സഭയിൽ വെറും 5%, അഥവാ 27 മുസ്‌ലിം മെമ്പർമാർ മാത്രമാണുള്ളത്.

ഇന്ത്യൻ അവസ്ഥകളെ അത്ര പരിചയമില്ലാത്ത വായനക്കാരെ വാസ്തവം ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്രയും ‘പശ്ചാത്തല’ വിവരണങ്ങൾ നൽകിയത്. ഈ എഴുത്തിന്റെ ‘പശ്ചാത്തലം’ സ്വയം വ്യക്തമാകുന്നതാണ് എന്നു തോന്നും. എന്നാൽ യഥാർഥത്തിൽ അങ്ങനെയല്ല. തത്വശാസ്ത്രപരമായി, (മറ്റു സംഗതികൾ ഉള്ളതോടൊപ്പം തന്നെ) ആപേക്ഷികവാദവും (relativism) സാർവജനീയവാദവും (universalism) തമ്മിലെ സംവാദങ്ങളിലേക്കാണ് ഇതു കൊണ്ടുചെന്നെത്തിക്കുക. ഡില്ലേ (2001) അതിനു  നൽകിയ ‘സാമൂഹിക പ്രവൃത്തികളുടെ രൂപം’ എന്ന വ്യാഖ്യാനത്തിൽ നിന്നു ഭിന്നമായി, ഇവിടെ പശ്ചാത്തല വിവരണം (contextualisation) തികച്ചും രാഷ്ട്രീയമാണ്. ഉദാഹരണത്തിന്, ചില കാര്യങ്ങൾ പശ്ചാത്തല വിവരണം ആവശ്യമില്ലാത്ത വിധം സ്വഭാവികമെന്ന് തോന്നുമെങ്കിലും, മറ്റു ചില കാര്യങ്ങൾ നിശ്ചിത സാഹചര്യങ്ങളിൽ നിന്നു തന്നെ വ്യക്തമാക്കേണ്ടി വരും. എന്തിനോടാണോ അവ തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നത്, അവയ്ക്കനുസരിച്ച് ഈ ‘സാഹചര്യങ്ങൾ’ പ്രാപ്തമോ അപ്രാപ്തമോ ആകാം, ഹിംസാത്മകമായ അക്രമങ്ങളുടെയോ പരസ്പര സഹകരണങ്ങളുടെയോ ആകാം.

റോമില ഥാപ്പർ

ഹിന്ദു വലതുപക്ഷക്കാർ, ലിബറൽ മതേതരവാദികൾ എന്ന വേർതിരിവിനപ്പുറം തദ്ദേശീയരും പശ്ചാത്യരുമായ ബുദ്ധിജീവികൾ ഒരുപോലെ, മുസ്‌ലിംകൾ ‘വിദേശവും’ ‘അനഭിലഷണീയവുമാണ്’ എന്ന അനുമാനത്തിൽ നിന്നു കൊണ്ടാണ് ബൗദ്ധിക വ്യായാമങ്ങൾ ആരംഭിക്കാറുള്ളത്. മുസ്‌ലിംകളെ മുഴുവൻ പുറന്തള്ളിയതിനു ശേഷം ഹിന്ദുക്കൾ മാത്രമുള്ള ഇന്ത്യയാണ് ‘യഥാർഥ ഇന്ത്യ’ എന്ന അനുമാനവും അനുബന്ധമായി വരുന്നതാണ്. അതുകൊണ്ടുതന്നെ, ഈ അനുമാനങ്ങളുടെ സാഹചര്യ പരിസരം തന്നെ തികച്ചും ഹിംസാത്മകമാണെന്നു പറയാം. ഭൂതകാലത്തെക്കാൾ വർത്തമാനത്തെയും ഭാവിയെയുമാണ് ഇതു കൂടുതൽ ചൂഴ്ന്നു നിൽക്കുന്നത്. സമാന്യബോധം (doxa) എന്ന നിലക്ക് വ്യംഗ്യമായാണ് സാഹചര്യ സൃഷ്‌ടാക്കൾ ഇതിനെ ആലോചിക്കപ്പെടുന്നതും. ഹിംസാത്മകമായ ഇത്തരം അനുമാനങ്ങളെ റദ്ദു ചെയ്തുകൊണ്ട്, ഇന്ത്യയിലെ ഇസ്‌ലാമിന്റെ ചരിത്രത്തെ കുറിച്ചു മാത്രമല്ല, വിശാലാർത്ഥത്തിൽ മുസ്‌ലിംകളുടെ സാമൂഹിക/സാമ്പത്തിക/ഭാഷാ/സാംസ്‌കാരിക/രാഷ്ട്രീയ/ജനസംഖ്യാ അവസ്ഥകളെ കുറിച്ചു കൂടിയുള്ള ചർച്ചകൾക്ക് അവസരമൊരുക്കുക എന്നതാണ് ഈ ലേഖനം ചെയ്യാൻ ശ്രമിക്കുന്നത്.

ഹിന്ദു ജനതയാണ് ഇന്ത്യയിലെ തദ്ദേശീയർ എന്ന വാദം അടുത്ത കാലത്ത് ഉയർന്നുവന്നതും, പത്തൊമ്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന വാദങ്ങളുടെ നേർവിപരീതവുമാണ് എന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണ്. ‘ഹിന്ദു’ എന്ന പദം പോലും തദ്ദേശീയമല്ല എന്ന കാര്യവും അത്ര തന്നെ രസകരമാണ്. സിന്ധു നദിയുടെ പേരിലാണ് അതിന്റെ വേരുകളുള്ളത്. ഗ്രീക്ക്-പേർഷ്യൻ പ്രദേശത്തുള്ളവർ സിന്ധു നദിക്കപ്പുറം വസിക്കുന്നവരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദമാണ് ‘ഹിന്ദു’. സിന്ധു നദിക്കു ചുറ്റും കഴിഞ്ഞിരുന്ന എല്ലാ മത വിഭാഗങ്ങളെയും ‘ഹിന്ദുക്കൾ’ എന്നാണ് വിളിച്ചിരുന്നത് എന്നതിനാൽ, അത് തീർച്ചയായും ഒരു മതകീയമായ നാമധേയമല്ല (സെൻ 2005). ജർമൻ കാൽപനികതയിലും ബൈബിൾ പ്രചോദിതമായ ചരിത്ര കൽപനകളിലും (എല്ലാ വംശങ്ങളും ഒരേ പൂർവപിതാക്കളിൽ നിന്നും ജന്മം കൊള്ളുന്നുവെന്ന), സംസ്‌കൃതത്തെയും വേദങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ തന്നെ പഠനങ്ങളിലും ഊന്നിക്കൊണ്ട്, ഇൻഡോ-ജർമൻ അല്ലെങ്കിൽ ഇൻഡോ-യൂറോപ്യൻ ഭാഷകളെല്ലാം മദ്ധ്യേഷ്യയിൽ അഥവാ, യഥാർഥ ആര്യൻ നാടുകളിൽ നിന്നും ഉത്ഭവിച്ചതാണെന്ന് ഭാഷാ ശാസ്ത്രജ്ഞനും ഓറിയന്റലിസ്റ്റുമായ മാക്സ് മുള്ളർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വെള്ളക്കാരായ ആര്യന്മാരിൽ നിന്നും ഒരു വിഭാഗം യൂറോപ്പിലേക്ക് കുടിയേറിയപ്പോൾ, മറ്റൊരു വിഭാഗം വടക്കു-കിഴക്കൻ ദിശയിൽ സഞ്ചരിച്ച് ഇന്ത്യയിലെത്തി, അവിടുത്തെ ഇരുണ്ട നിറമുള്ള തദ്ദേശീയരായ ‘ദാസാ’ ജനവിഭാഗങ്ങളെ ആക്രമിച്ചു കീഴടക്കി. ഇന്ത്യയെ കുറിച്ചുള്ള വിശദീകരണങ്ങളിൽ മുസ്‌ലിംകളെ കുറിച്ച യാതൊരു പരാമർശവും കൊടുക്കാതിരുന്ന മുള്ളർ, ‘ആര്യൻ’ എന്നതിനെ വംശീയവും ഭാഷാപരവുമായ സംവർഗമായാണ് ഉപയോഗിച്ചത്. റോമില ഥാപറുടെ അഭിപ്രായത്തിൽ (1996), മേൽജാതി ഹിന്ദു വരേണ്യർ മാക്സ് മുള്ളറുടെ സിദ്ധാന്തങ്ങളെ അപ്പാടെ സ്വീകരിച്ചു. കോളനി ഭരണക്കാരുടെ അതേ തരമാണ് ഞങ്ങളും എന്ന ‘അഭിമാനബോധം’ അത് കോളനിവത്കൃതർക്കു നൽകി. അപ്രകാരം, ബ്രിട്ടീഷ് സാമ്രാജ്യത്തെ വാഴ്ത്തുകയും ഇസ്‌ലാമിനെ അവമതിക്കുകയും ചെയ്ത നീരദ് ചൗദരിയെ പോലുള്ള എഴുത്തുകാർ ഈ വംശീയ സിദ്ധാന്തത്തെ ഏറ്റുപിടിച്ചു. അതനുസരിച്ച്, ഹിന്ദുക്കളുടെ യഥാർത്ഥ ജന്മദേശം ദക്ഷിണ റഷ്യൻ പ്രദേശങ്ങളാണ്. വംശപരമായി “കുടിയേറിയ യൂറോപ്യൻ” എന്ന നിലക്കാണ് ചൗദരി സ്വയം തന്നെ കണ്ടിരുന്നത് (Almond 2015: 92,3). കേശബ് ചന്ദർ സിങ്, ബാല ഗംഗാദര തിലക് മുതലായ വിദ്യാസമ്പന്നർ പോലും ഈ ആര്യൻ സിദ്ധാന്തത്തെ ഏറ്റുപിടിച്ചതായി ഥാപർ സൂചിപ്പിക്കുന്നുണ്ട്. ഹിന്ദു ദേശീയതയോട് അനുതാപം പ്രകടിപ്പിക്കുകയും (ഭൗതിക യൂറോപ്പിന് വിപരീതമായി) ‘ആത്മീയ പ്രേരിതമായ കിഴക്കിനെ’ അന്വേഷിച്ചിറങ്ങുകയും ചെയ്ത കോൾ ഓൾക്കോട്ട് എന്ന മതതത്വചിന്തകൻ, മാക്സ് മുള്ളറുടെ സിദ്ധാന്തത്തിൽ അൽപം മാറ്റങ്ങൾ വരുത്തി, ആര്യന്മാർ (ഹിന്ദുക്കളെയാണ് ഉദ്ദേശിക്കുന്നത്) ഇന്ത്യയിലെ തദ്ദേശീയർ മാത്രമല്ല, അവർ യൂറോപ്യൻ നാഗരികതയുടെ പ്രപിതാക്കൾ കൂടിയാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു (Thapar 1996). ഓൾക്കോട്ടിന്റെ സിദ്ധാന്തം ഇപ്പോൾ പൊതുസമ്മതവും ആര്യൻ അധിനിവേശത്തെ കുറിച്ച് ദീർഘകാലമായി നിലനിൽക്കുന്ന ഒരു സിദ്ധാന്തവുമായി മാറിയിരിക്കുന്നു. ‘വംശീയ ജനാധിപത്യം’ (ethnic democracy) പ്രയോഗിച്ചു കൊണ്ടിരിക്കുന്ന (khalid 2019) നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് മുൻപ് കൊണ്ടുവന്ന ഒരു ബിൽ നിയമമാക്കാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. അതുപ്രകാരം അഫ്ഗാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ പ്രാദേശങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജെയിന, ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയും, ആസാമിൽ തലമുറകളായി വസിച്ചുകൊണ്ടിരിക്കുന്ന മില്യൺ കണക്കിന് മുസ്‌ലിംകൾ പുറത്താവുകയും ചെയ്യും (Apoorvanand 2019; Salam 2019). മുസ്‌ലിംകളായ അവർ വിദേശികളും നമ്മൾ ഹിന്ദുക്കൾ തദ്ദേശീയരും എന്ന യുക്തിയിലാണ് ഈ നിയമം സ്ഥാപിക്കപ്പെടുന്നത്.

ആമുഖം: ഇന്ത്യ ‘വൻ ശക്തി’രഹിതവും വെള്ളക്കടുവയും

“സൈദിന്റെ പുസ്തകത്തിൽ പറയുന്നതു പോലെ, ദേശീയത ഓറിയന്റലിസത്തിനുള്ള മറുപടിയല്ല. മറിച്ച്, ശേഷം വന്ന കൊളോണിയൽ, പോസ്റ്റ്‌-കൊളോണിയൽ കാലഘട്ടങ്ങളിലെ ഓറിയന്റലിസത്തിന്റെ മറ്റൊരു അവതാരം മാത്രമാണ് ദേശീയത” (Breckenridge and van der Veer 1993:12).

രണ്ടു വർഷങ്ങളുടെ വ്യത്യാസത്തിൽ മാത്രമാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ടും (2006) ‘വെള്ളക്കടുവ’ (2008) എന്ന അരവിന്ദ് അഡിഗയുടെ നോവലും പുറത്തിറങ്ങിയതെങ്കിലും, ഇവ തമ്മിൽ പ്രത്യേകിച്ച് സംവാദങ്ങളൊന്നും ഉണ്ടായില്ല.

2005-ൽ പ്രധാനമന്ത്രിയുടെ ഓഫീസ്, ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിക്കുകയും, തുടർന്ന് അവർ സമർപ്പിച്ച റിപ്പോർട്ട് സച്ചാർ കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെടുകയും ചെയ്തു[1]. ഇന്ത്യൻ മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥകളെ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കുകയും, ഗവണ്മെന്റ് ഇടപെടേണ്ട മേഖലകൾ കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു സമിതിയുടെ നിയോഗ ലക്ഷ്യം (SCR 2006: 2, iii). “ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സ്ഥിതി: ഒരു റിപ്പോർട്ട്” എന്ന തലക്കെട്ടിൽ 2006-ൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. വിവിധ പുസ്തകങ്ങളിൽ നിന്നും, 2001-ലെ സെൻസസും നാഷണൽ സാമ്പിൾ സർവേയും ഉൾപ്പെടെയുള്ള ഗവണ്മെന്റ്-ഗവണ്മെന്റിതര ഡാറ്റാ-റിപ്പോർട്ടുകളിൽ നിന്നും വിവരങ്ങൾ സ്വീകരിച്ച ശേഷം സമിതി വിലയിരുത്തിയത് ഇങ്ങനെയാണ്: “മുസ്‌ലിം അവസ്ഥകളിൽ സംസ്ഥാനങ്ങൾ മാറുന്നതിനനുസരിച്ച് വ്യതിയാനങ്ങളുണ്ടെങ്കിലും, ഒരു സമുദായം എന്ന നിലക്ക് വികസനത്തിന്റെ എല്ലാ തുറകളിലും മുസ്‌ലിംകൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥ പ്രകടമാണ്. എല്ലാ സൂചികകളും പരിഗണിക്കുമ്പോൾ, എസ്.സി/എസ്.ടി വിഭാഗങ്ങളുടെ തൊട്ടു മുകളിലും, എന്നാൽ ഹിന്ദു-ഓബീസീ, മറ്റു ന്യൂനപക്ഷ, ജനറൽ (അധികവും മേൽജാതി വിഭാഗങ്ങൾ) വിഭാഗങ്ങളുടെ താഴെയുമാണ് മുസ്‌ലിംകളുടെ സ്ഥാനം.

സാമ്പത്തിക കാര്യങ്ങളിൽ, മറ്റെല്ലാ സാമൂഹിക-മത വിഭാഗങ്ങളെക്കാൾ താഴെയാണ് മുസ്‌ലിംകളിലെ തൊഴിൽ ശതമാനം. ഗ്രാമീണ മേഖലകളിൽ ഇത് വളരെ താഴെയാണ്. അധിക മുസ്‌ലിംകളും അസംഘടിത മേഖലകളിൽ തൊഴിലെടുക്കുന്നവരും, വഴിക്കച്ചവടം, ഗതാഗതം, സാമ്പ്രദായിക കരകൗശലവൃത്തികൾ, ചെറുകിട കച്ചവടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്. ഇവർക്ക് ബാങ്ക് ക്രെഡിറ്റുകൾ ലഭിക്കാനുള്ള സാധ്യത വളരെ തുച്ഛമാണ്. പട്ടിക ജാതികൾ (40%), പട്ടിക വർഗം (36%) മറ്റു ഓബീസീ, ജനറൽ വിഭാഗങ്ങൾ (49%) എന്നിവരെ അപേക്ഷിച്ചു നോക്കുമ്പോൾ, സാധാരണ വേതനം ലഭിക്കുന്നവരിൽ മുസ്‌ലിം ശതമാനം വെറും 27 മാത്രമാണ്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ മുസ്‌ലിം പ്രതിനിധ്യം വെറും 3 ശതമാനമാണ്. ഇന്ത്യൻ ഫോറിൻ സർവീസിലാകട്ടെ അതിനേക്കാൾ തുച്ഛവും. ഇന്ത്യൻ പോലീസ് സർവീസിൽ നേരിയ വർധനവുണ്ട്, 4%! റെയിൽവേയിൽ മുസ്‌ലിം തൊഴിൽ ശതമാനം 4.5 ശതമാനമാണ്. അഥവാ, ഏറ്റവും കീഴെ. സ്വകാര്യ തൊഴിൽ മേഖലകളിലും ഒട്ടും മെച്ചമല്ല മുസ്‌ലിംകളുടെ സ്ഥിതി. ദേശീയ ശരാശരിയെക്കാൾ ഒരുപാട് താഴെയാണ് മുസ്‌ലിംകളുടെ വിദ്യാഭ്യാസ നിരക്ക്. മറ്റെല്ലാ സാമൂഹിക വിഭാഗങ്ങളെയും (SRCs) പരിഗണിക്കുമ്പോൾ, സ്‌കൂളുകളിൽ നിന്നും കൊഴിഞ്ഞു പോകുന്നവരുടെ എണ്ണം മുസ്‌ലിംകളിൽ ഏറ്റവും കൂടുതലും, ശരാശരി സ്കൂൾ ഹാജർ നില ഏറ്റവും കുറവുമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ, 50 ബിരുദധാരികളിൽ ഒരാൾ മാത്രമാണ് മുസ്‌ലിം- ഇതു ദലിതരുടെ കണക്കിനെക്കാൾ താഴെയാണ്. തൊഴിലില്ലായ്മയിൽ മുസ്‌ലിം ബിരുദധാരികളുടെ എണ്ണമാണ് ഏറ്റവും കൂടുതൽ. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ മെറ്റൽ വിരിച്ച റോഡുകൾ, ഗതാഗത സൗകര്യം, ആശുപത്രികൾ, പോസ്റ്റൽ-ടെലഗ്രാഫ് സൗകര്യങ്ങൾ, തുടങ്ങിയവ തീരെയില്ല. അവിടങ്ങളിലുള്ള സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സൗകര്യങ്ങൾ സമാനമായ ദാരിദ്യം അനുഭവിക്കുന്നു (SCR 2016; Hansen 2007; Kundu 2016; Robinson 2008; Raina 2007).

രജീന്ദർ സച്ചാർ

സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്ന സമയത്ത് 539 പാർലമെന്റ് മെമ്പർമാരിൽ വെറും 36 പേർ മാത്രമായിരുന്നു മുസ്‌ലിംകൾ. 2014 ഇലക്ഷനു ശേഷം വെറും 22 ആയി മുസ്‌ലിം മെമ്പർമാരുടെ കണക്ക് ഇടിഞ്ഞു (എക്കാലത്തെയും കുറഞ്ഞ എണ്ണമാണ് ഇത്) (Shaikh 2014). എസ്.സി.ആർ റിപ്പോർട്ട് മുസ്‌ലിംകളുടെ കാര്യത്തിൽ പുറത്തുകൊണ്ടുവന്ന ആശ്വാസകരമായ വളരെ കുറച്ചു കാര്യങ്ങളിൽ ഒന്ന്, മുസ്‌ലിംകൾക്കിടയിൽ ശിശുമരണ നിരക്ക് (infant mortality) മറ്റു സമുദായങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതാണ്. ഹിന്ദുക്കളെ അപേക്ഷിച്ച്, പെൺകുഞ്ഞുങ്ങളെ സ്വീകരിക്കുന്നതിലും മുസ്‌ലിംകൾ മുന്നിലായിരുന്നു (Basant and Shariff 2010:8)[2].

മുസ്‌ലിംകളുടെ സ്ഥിതിഗതികൾ രേഖപ്പെടുത്തുന്ന അവസരത്തിൽ, വളരെ പരിതാപകരമായ മുസ്‌ലിം അവസ്ഥകളുള്ള നാലു സംസ്ഥാനങ്ങളെ കുറിച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. അതിൽ ഒന്ന് ബീഹാറാണ്. ‘ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയെ’ പ്രതിപാദ്യമാക്കി അഡിഗ എഴുതിയ നോവൽ തുടങ്ങുന്നതും ബീഹാറിലാണ്; ഗയ ജില്ലയിലെ ലക്ഷ്മണൻമാർഗ് എന്ന ഗ്രാമത്തിൽ. നോവലിന്റെ ആദ്യ ഭാഗത്ത്, താഴ്ന്ന ജാതിയിൽ ജനിച്ച ബൽറാം എന്ന കഥാനായകൻ, റിക്ഷാവലിക്കാരനായ തന്റെ പിതാവ് ഗവണ്മെന്റ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. ക്ഷയരോഗം ബാധിച്ച പിതാവിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടറെ ലഭ്യമായില്ല. ഹോസ്പിറ്റലിൽ വെച്ച് ‘മുസ്‌ലിംകൾ’ എന്നു പരിചയപ്പെടുത്തുന്ന രണ്ടു പേരെ ബൽറാം കണ്ടുമുട്ടുന്നുണ്ട്. അവരിൽ ഒരാളുടെ കാലിൽ തുറന്നുകിടക്കുന്ന വ്രണമുണ്ട്. മൺതറയിൽ പേപ്പർ വിരിച്ച് ഇരിക്കുകയാണ് അയാൾ. അയാൾ ബൽറാമിനെയും സഹോദരനെയും അയാളുടെ അടുത്തിരിക്കാൻ ക്ഷണിക്കുന്നു. അച്ഛന്റെ അവസ്ഥയിൽ അയാൾ ബാൽറാമിനോട് സഹതാപം അറിയിക്കുകയും ചെയ്യുന്നു. അവിടെ എങ്ങനെയാണ് അഴിമതി പ്രവർത്തിക്കുന്നതെന്നും, ഡോക്ടർമാരെ ലഭ്യമല്ലാത്തത് അതിന്റെ പല രൂപങ്ങളിൽ ഒന്നു മാത്രമാണെന്നും അയാൾ ബാൽറാമിനോട് അവിടെ വെച്ച് പറയുന്നുണ്ട്. താഴ്ന്ന ജാതിക്കാരുടെയും മുസ്‌ലിംകളുടെയും പരിതാപകരമായ അവസ്ഥയെ വരച്ചു കാണിക്കുന്ന ഭാഗമാണിത്. ഇരു കൂട്ടരും ചികിത്സ നിഷേധിക്കപ്പെട്ടവരാണ്. എന്നാൽ നോവൽ പുരോഗമിക്കുമ്പോൾ, മിതാ ബാനർജിയും (2011), ലിസാ ലവു, അന മെന്റസ് ((2011) എന്നിവരും സൂചിപ്പിച്ച ‘ഹിന്ദു ഓറിയന്റലിസം’ എന്ന പ്രവണതയിൽ പങ്കുകൊള്ളാൻ ബൽറാം അത്യുത്സാഹം കാണിക്കുന്നത് കാണാം. ഈ പോയിന്റിൽ വെച്ചാണ് മുസ്‌ലിംകളും ദലിതരും പങ്കിടുന്ന പതിതാവസ്ഥ സമാന്തരമായി വികസിക്കുന്ന ഒന്നാണെന്ന വസ്തുത തുറന്നുകാണിക്കപ്പെടുന്നത്. അവ തമ്മിൽ പരസ്പരം കലരുന്ന അവസ്ഥയില്ല.

ഒരു മേൽജാതി വ്യവസായിയുടെ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുന്നതോടെ, ഇപ്പോഴുള്ള ഡ്രൈവറെ പിരിച്ചിവിടുന്നതിലാണ് തന്റെ ഭാവി ഇരിക്കുന്നതെന്ന് ബൽറാം മനസ്സിലാക്കുന്നു. രാംപ്രസാദ് എന്നു പേരുള്ള ഉഗ്രനായ ഒരാളാണ് നിലവിലെ ഡ്രൈവർ. ബൽറാമിന്റെ തന്നെ അഭിപ്രായത്തിൽ പ്രസാദ് ഒരു മികച്ച ഡ്രൈവറാണ്. വിശ്വസ്തനുമാണ്. ആ കുടുംബം എത്രത്തോളം അയാളിൽ വിശ്വാസമർപ്പിച്ചിരുന്നു എന്നതിന്റെ തെളിവാണ്, അശോകിന്റെ (വ്യവസായി) ഭാര്യയായ അമേരിക്കനും ക്രിസ്ത്യനുമായ പിങ്കി മാഡം അയാളുടെ കൂടെ ബാഡ്മിന്റൺ കളിക്കുമായിരുന്നു എന്നത്. ബൽറാമിനെക്കാൾ കളികളിൽ തന്റെ പങ്കാളിയായി പ്രസാദിനെ തെരഞ്ഞെടുത്തത് അയാളിൽ വിദ്വേഷം വളർത്തി. ബൽറാമിന് ഉയരണമെങ്കിൽ, പ്രസാദ് അസന്നിഹിതനാകണമായിരുന്നു. അതു സംഭവിക്കുകയും ചെയ്തു.

പ്രസാദിനെ അകറ്റാൻ ബൽറാം ഒരു തന്ത്രം മെനഞ്ഞു. പ്രസാദ് കഴിഞ്ഞ ഒരാഴ്ചയായി പകൽ മുഴുവൻ ഒന്നും കഴിക്കാതിരിക്കുകയും എല്ലാ ദിവസവും ഒരേ സമയത്ത് വീടു വിട്ടുപോവുകയും ചെയ്തു എന്ന വിവരം കുശിനിക്കാരനിൽ നിന്ന് അറിഞ്ഞ ബൽറാം, ഒരു വൈകുന്നേരം പ്രസാദ് അറിയാതെ അയാളെ പിന്തുടർന്നു. നോമ്പ് മുറിക്കാനും പ്രാർത്ഥിക്കാനുമായി പള്ളിയിലേക്കാണ് അയാൾ പോകുന്നതെന്ന സംഗതി അങ്ങനെയാണ് ബൽറാം കണ്ടുപിടിക്കുന്നത്. അത് റമദാൻ മാസമായിരുന്നു. പ്രസാദിനെ പിന്നീട് ഇങ്ങനെയാണ് രേഖപ്പെടുത്തുന്നത്: “ഈ മുഹമ്മദ് ദരിദ്രനും എന്നാൽ വിശ്വസ്തനും കഠിനാധ്വാനിയുമായി മുസ്‌ലിമാണ്. എന്നാൽ, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബത്തെ പോറ്റാൻ അയാൾക്കൊരു ജോലി വേണമായിരുന്നു. മുസ്‌ലിംകളെ കണ്ടുകൂടാത്ത, മുൻകോപിയും ദുഷ്ടനുമായ മുതലാളിയുടെ വീട്ടിൽ ഒരു ജോലി തരപ്പെടുത്തുന്നതിന് വേണ്ടി രാം പ്രസാദ് എന്ന് പേരു മാറ്റുകയും ഹിന്ദുവായി അഭിനയിക്കുകയുമായിരുന്നു അയാൾ”. ബൽറാം കണ്ടെത്തിയ ഈ രഹസ്യത്തെ അയാൾ ഗൂഢാലോചന എന്നാണ് വിളിക്കുന്നത്. കാരണം, പ്രസാദിന്റെ പശ്ചാത്തലങ്ങളെ കുറിച്ച് പഠിക്കാൻ നേപ്പാളിയായ കാവൽക്കാരനെ മുതലാളി ഏർപ്പാടാക്കിയിരുന്നു. എന്നാൽ, അതിൽ വീഴ്ച വരുത്തിയെന്ന കാരണം പറഞ്ഞുകൊണ്ട് ബൽറാം അയാളെ അടിക്കുന്നുണ്ട്. തൊട്ടടുത്ത ദിവസം രാവിലെ അയാളോട് ഒരക്ഷരം പറയാതെ പ്രസാദ് ബാഗ് പാക്ക് ചെയ്യുന്നു. അയാളുടെ എല്ലാ വസ്തുവകകളും ഒരു ചെറിയ ബാഗിൽ കൊള്ളാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് ബൽറാം ഓർക്കുന്നുണ്ട്.

“എന്തൊരു കഷ്ടം പിടിച്ച ജീവിതമാണ് അയാളുടേത്. വെറുമൊരു ഡ്രൈവർ ഉദ്യോഗം ലഭിക്കാൻ അയാൾക്ക് തന്റെ പേരും വിശ്വാസവും വരെ മറച്ചു വെക്കേണ്ടി വരുന്നു. അയാൾ ഒരു നല്ല ഡ്രൈവറാണെന്നതിൽ സംശയമില്ല. അക്കാര്യത്തിൽ, ഞാൻ എത്ര ശ്രമിച്ചാലും അയാളുടെ അടുത്തെത്താൻ പോകുന്നില്ല. ഒരുവേള എഴുന്നേറ്റു ചെന്ന് ‘താങ്കൾ എന്നെ ഒരു നിലക്കും ദ്രോഹിച്ചിട്ടില്ല, എന്നോട് പൊറുക്കൂ’ എന്നു പറയാൻ ഞാൻ അതിയായി ആഗ്രഹിച്ചു”. ഇങ്ങനെ പോകുന്നു ബൽറാമിന്റെ ചിന്തകൾ.

മുഹമ്മദിന്റെ ജോലി തട്ടിയെടുക്കുകയും അയാളെ ഉദ്യോഗത്തിൽ നിന്നും പുറത്തുകയും ചെയ്തു എന്നതിന് ബൽറാം അയാളോട് മാപ്പു ചോദിക്കുന്നില്ല എന്നു മാത്രമല്ല, ജീവിത്തിൽ നിന്നു തന്നെ ബൽറാം അയാളെ പടികടത്തിയിരിക്കുന്നു. മുഹമ്മദും ബൽറാമും ഒരേ ജീവിതവും ഇടവും (space) പങ്കുവെച്ചവരാണ്. ഇരുവരും മുതലാളിയുടെ അതിവിശാലമായ ബംഗ്ലാവിൽ നിന്ന് വേർതിരിക്കപ്പെട്ട, പഴകിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിലാണ് കഴിഞ്ഞിരുന്നത്. വൻകിട സാമ്പത്തിക ശക്തിയായി ‘ഇന്ത്യ ഉയർന്നുകൊണ്ടിരിക്കെ’ സംഭവിക്കുന്ന മുഹമ്മദിന്റെ തിരോധാനം അവ്വിധം ത്രിമാന സ്വഭാവമുള്ളതാണ്. ഒന്നാമതായി, ഇന്ത്യ വലിയ സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുമ്പോഴും (സ്ഥിതിവിവര കണക്കുകളിൽ) ബൽറാമിനെയും അയാളുടെ മാതാപിതാക്കളെയും പോലെ മുഹമ്മദും വളരെ ദരിദ്രമായ അവസ്ഥയിലായിരുന്നു. രണ്ടാമതായി, അന്താരാഷ്ട്ര തലങ്ങളിൽ ഇന്ത്യ ദൃശ്യത കൈവരിച്ചു കൊണ്ടിരിക്കുമ്പോൾ, മുഹമ്മദിന്റെ പേരു പോലും മറുവശത്ത് അദൃശ്യമാകുന്നു[3]. മൂന്നാമതായി, ആ അദൃശ്യതയെ മൂടിവെക്കുന്നവണ്ണം മുഹമ്മദിനെ കുറിച്ചുള്ള ആഖ്യാനങ്ങളെ പോലും ബൽറാം മായ്ച്ചുകളയുന്നു.

ഇനിവരുന്ന അദ്ധ്യായങ്ങൾ മൂന്നായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ആദ്യ ഭാഗം ഹിന്ദു ഓറിയന്റലിസത്തിന്റെ വാദമുഖങ്ങളും, അതെങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നു. രണ്ടാം ഭാഗത്ത്, സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോടുള്ള പ്രതികരണങ്ങളെ കൂടി ചർച്ച ചെയ്തുകൊണ്ട് ഈ വാദങ്ങളെ വിലയിരുത്താനാണ് ശ്രമിക്കുന്നത്. ഈ ഭാഗത്ത് ആർ.എസ്.എസ്, ബി.ജെ.പി തുടങ്ങിയ ഹിന്ദുത്വ വൃത്തങ്ങളിൽ നിന്ന് ഉയർന്ന പ്രതികരണങ്ങളെയാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. നാസി ആശയങ്ങളുടെ സ്തുതിപാടകരും മുസ്‌ലിംവിരുദ്ധ, ഹിന്ദു-വംശീയ ദേശീയവാദികളുടെ കൂട്ടുമുന്നണിയുമാണ് ആർഎസ്എസ് (Ahmad 2019). ബിജെപിയുടെ പ്രധാന നേതാവ് എന്ന നിലക്ക് എൽ.കെ അദ്വാനിയുടെ പ്രതികരണങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. തുടർന്ന്, ആർ.എസ്.എസിന്റെ ഇംഗ്ലീഷ് ജിഹ്വയായ ‘ഓർഗനൈസറിന്റെയും’ അതിന്റെ തന്നെ പ്രധാന പ്രയോക്താവും ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമായ രാകേഷ് സിൻഹയുടെയും പ്രതികരണങ്ങളെ രേഖപ്പെടുത്തുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് ശിപാർശ ചെയ്ത സ്ക്കോളർഷിപ്പുകളുടെ വിതരണത്തെ എതിർത്ത നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ഗവണ്മെന്റ് സ്വീകരിച്ച നയങ്ങളെ കൂടി ചർച്ച ചെയ്തുകൊണ്ടാണ് ഈ അധ്യായം അവസാനിക്കുന്നത്. റിപ്പോർട്ടിനോടുള്ള റീ-ഓറിയന്റലിസ്റ്റ് വിമർശനങ്ങളെയും അതിനെ അരികുതള്ളിയ ഇപ്പോഴത്തെ കേന്ദ്ര ഗവൺമെന്റിന്റെ സമീപനങ്ങളെയും തുറന്നു കാട്ടിക്കൊണ്ട്, റീ-ഓറിയന്റലിസത്തിന്റെ വിജയം അത്രകണ്ട് ഒഴിവാക്കാൻ പറ്റാത്തതല്ലായിരുന്നു എന്നു സ്ഥാപിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ബൽറാമിന്റെയും മുഹമ്മദിന്റെയും ഉദാഹരണങ്ങളിലേക്ക് തിരിച്ചുചെന്നുകൊണ്ട്, റീ-ഓറിയന്റലിസത്തിന്റെ ഉയർച്ചയെ തടുക്കാൻ കഴിയുന്ന ഒരു സാധ്യത അപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും ഈ ലേഖനം പറഞ്ഞുവെക്കുന്നു. എന്നാൽ, നിലവിലുള്ള നേർത്തതും, തികച്ചും ആചാരപരവും സംഖ്യാപരവുമായ കോർപറേറ്റ് ദേശീയ ജനാധിപത്യ ധാരണകളാണ് ഈ വഴി അടച്ചു കളഞ്ഞത്. അവസാന ഭാഗത്ത്, റീ-ഓറിയന്റലിസം എന്ന ആശയത്തെ വിമർശനാത്മകമായി പഠിച്ചുകൊണ്ട്, സമകാലിക സാഹചര്യങ്ങളിലെ അതിന്റെ സൈദ്ധാന്തിക പ്രസക്തിയെ കൂടി വിലയിരുത്തുന്നു.

(തുടരും)

കുറിപ്പ്

[1] സച്ചാർ ചെയർമാനായ സമിതിയിൽ ആറു മെമ്പർമാരാണ് ഉണ്ടായിരുന്നത്. സയ്യിദ് ഹമീദ്, ടി.കെ ഉമ്മൻ, എം.എ ബാസിത്ത്, രാകേഷ് ബസന്ത്, അഖ്തർ മജീദ്, അബ്ദുസലാഹ് ഷെരീഫ് എന്നിവരായിരുന്നു അവർ.

[2] സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ സംക്ഷിപ്ത വിവരണം കാണുന്നതിന് basant and Shariff (2010); Raina (2007) എന്നിവ നോക്കുക.

[3] വിവേചനവും ഭയപ്പാടും മൂലം പേരു മാറ്റുന്ന മുഹമ്മദിന്റെ ഉദാഹരണം സമകാലിക യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. ദേശീയ തലത്തിൽ പുനരുദ്ധരിക്കും എന്നു മോഡി പ്രസ്താവിച്ചിട്ടുള്ള ‘ഗുജറാത്ത് മോഡൽ’ വികസനം ഭയന്ന് ഒരുപാട് മുസ്‌ലിംകൾ തങ്ങളുടെ പേരു മാറിയിട്ടുണ്ട്. ‘ദി ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന (saiyed 2009) റിപ്പോർട്ടും, (Ahmad 2013b)യും കാണുക.


വിവർത്തനം: അഫ്സൽ ഹുസൈൻ

Pc: തൗഫീഖ് കെ

ഇര്‍ഫാന്‍ അഹ്മദ്‌