Campus Alive

ജനാധിപത്യത്തിന്റെ (അ)സന്തോഷം: ജയിലുകളിലെ അമിത പ്രാതിനിധ്യം

(ഹിന്ദു ഓറിയന്റലിസം: സച്ചാർ കമ്മിറ്റി റിപ്പോർട്ടും ഇന്ത്യൻ ജയിലുകളിലെ ന്യൂനപക്ഷ പ്രാതിനിധ്യവും ലേഖനത്തിന്റെ അവസാന ഭാഗം. ഭാഗം രണ്ട്, ഭാഗം മൂന്ന്)


പൊതു ജീവിതത്തിൽ മുസ്‌ലിംകൾ പ്രാതിനിധ്യക്കുറവ് നേരിടുന്ന പ്രധാന മേഖലകളെയെല്ലാം സച്ചാർ കമ്മിറ്റി റിപ്പോർട്ട് രേഖപ്പെടുത്തി. എന്നാൽ, മുസ്‌ലിംകൾക്ക് അമിത പ്രാതിനിധ്യമുള്ള ഒരു മേഖലയിലെ കണക്കുകൾ മാത്രം അതിൽ ഉൾക്കൊണ്ടിരുന്നില്ല. അതാണ് ജയിലുകൾ! (Ahmed, 2009: 234; Chrishti 2006). 1998 മുതൽ 2014 വരെയുള്ള ഗവണ്മെന്റിന്റെ തന്നെ കണക്കുകൾ പരിശോധിക്കുമ്പോൾ, ആകെ ജനസംഖ്യയിലെ മുസ്‌ലിം ശതമാനത്തെക്കാൾ വരും ജയിലിൽ കഴിയുന്ന മുസ്‌ലിംകളുടെ (മറ്റു ന്യൂനപക്ഷങ്ങളുടെയും) ശതമാന കണക്കുകൾ. രാഷ്ട്രീയ സമ്പദ്ഘടനയിൽ നിന്നുള്ള മുസ്‌ലിംകളുടെ അരികുവത്കരണവും ജയിലുകളിലെ അവരുടെ അമിത പ്രാതിനിധ്യവും ജനാധിപത്യത്തെ കുറിച്ച അടിസ്ഥാനപരമായ ഒരു ചോദ്യം ഉയർത്തുന്നുണ്ട്: എന്തുകൊണ്ടാണ് ജനാധിപത്യത്തിൽ ന്യൂനപക്ഷങ്ങൾ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിൽ അരികുതള്ളപ്പെടുകയും ജയിലുകളിൽ മാത്രം അമിത പ്രാതിനിധ്യമുള്ളവരായി മാറുകയും ചെയ്യുന്നത്? ജയിലുകളെ ദുഃഖത്തിന്റെ ഇടങ്ങളായി കാണുകയാണെങ്കിൽ (അതിൽ കഴിയുന്ന ആൾക്കു മാത്രമല്ല, അയാളുടെ കുടുംബത്തിനും വിശാലാർഥത്തിൽ അയാളുടെ സമുദായത്തിനു തന്നെയും) മറ്റൊരു ചോദ്യം ഉയർന്നുവരും. ഒരുപാട് ആളുകളുടെ (അധികാരമുള്ളവരും ഭൂരിപക്ഷത്തുള്ളവരുമായ) കുറ്റകൃത്യങ്ങളെ അദൃശ്യമാക്കുകയും അവരെ ശിക്ഷിക്കാതെ വിടുകയും വഴി അത്തരക്കാരെ സന്തോഷിപ്പിക്കുകയല്ലേ ജനാധിപത്യം ചെയ്യുന്നത്? മറ്റൊരു തരത്തിൽ ചോദിച്ചാൽ, ചിലയാളുകളെ അവരുടെ കുറ്റങ്ങൾ ദൃശ്യമായിരിക്കെ തന്നെ ജയിലുകളിൽ അടക്കപ്പെടാതിരിക്കാനുള്ള പ്രതിരോധശക്തി ജനാധിപത്യം അവർക്ക് ഉറപ്പുവരുത്തുകയല്ലേ? മറുവശത്ത്, കുറ്റം ചെയ്തതിന്റെ യാതൊരു തെളിവുകളും ഇല്ലാതിരിക്കുകയോ, അധികാരമുള്ളവർ ചെയ്തതിനെ അപേക്ഷിച്ചു നോക്കുമ്പോൾ തീരെ നിസ്സാരമായ കുറ്റങ്ങൾ ചെയ്യുകയോ ചെയ്ത മറ്റു ചിലരെ ജനാധിപത്യം ജയിലുകളിൽ തള്ളുന്നില്ലേ? ചിലരെ ആനന്ദിപ്പിക്കുകയും മറ്റു ചിലരെ ദുഖിപ്പിക്കുകയും അദൃശ്യമാക്കുകയുമല്ലേ ജനാധിപത്യം ചെയ്തുകൊണ്ടിരിക്കുന്നത്?

ബൽറാമിന്റെ ഗ്രാമത്തിൽ നിന്നുള്ള, പിന്നീട് രാഷ്ട്രീയക്കാരനും ഒടുവിൽ ബിസിനസുകാരനുമായിത്തീരുന്ന വിജയ് എന്ന ഒരു വരേണ്യ പ്രമുഖനെ സ്വീകരിക്കാൻ കുനിഞ്ഞു വണങ്ങുന്ന മേൽജാതി ഹിന്ദു മുതലാളിയുടെ ചിത്രം സൂചിപ്പിക്കുക വഴി, ജനാധിപത്യത്തിന്റെ അത്ഭുത പ്രവൃത്തികളുടെ (marvels of democracy) ആംഗ്യമായി അതിനെ സ്ഥാപിക്കുകയാണ് നോവലിസ്റ്റ്. ഇലക്ഷൻ റിസൾട്ട് വരികയും അതിൽ സോഷ്യലിസ്റ്റുകളുടെ പാർട്ടി വിജയിക്കുകയും ചെയ്തതോടെ മുതലാളിക്കും അയാളുടെ മകൻ അശോകിനും നികുതി വെട്ടിച്ചുകൊണ്ടുള്ള കച്ചവടം പ്രയാസകരമായി. ഇതോടെ വിജയിയും അയാളുടെ കൂട്ടാളിയും ഡൽഹിയിലെ ഇമ്പീരിയൽ ഹോട്ടലിൽ വെച്ച് അശോകുമായുള്ള ഒരു കരാറിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നു. അയാളുടെ ആവശ്യത്തിന് വഴങ്ങുകയല്ലാതെ അശോകിന് നിവൃത്തിയുണ്ടായിരുന്നില്ല. അശോകിന് ഒരു വലിയ സംഖ്യ അയാൾക്ക് കൊടുക്കേണ്ടി വരുന്നു. “ഒരു പണക്കാരന് അടി കിട്ടുന്നത് കാണാനാണ് എനിക്കിഷ്ടം. ഒരുപാട് തർക്കിക്കുന്നതിനെക്കാൾ നല്ലതാണത്” എന്നാണ് വിജയ് പറയുന്നത്. നോവലിന്റെ അവസാനം വിജയകരമായ ഒരു വലിയ ബിസിനസ് ഉടമയായതിന്റെ സന്തോഷം ബൽറാം പ്രകടിപ്പിക്കുന്നത് കാണാം. അശോകിനെ കൊന്നതിന്റെ പേരിൽ പോലീസ് പിടിയിലാക്കാനും ജയിലിലടക്കപ്പെടാനുമുള്ള സാധ്യത നിലനിൽക്കേ തന്നെ, അയാൾ അയാളുടെ രക്ഷയെപ്പറ്റി തികച്ചും ആത്മവിശ്വാസം പുലർത്തുന്നുണ്ട്. “ഞാനിപ്പോൾ ഇന്ത്യയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ള ആളേയല്ല. ആ നേരം ഞാനീ ദീപത്തെ നോക്കും. ആകാശത്തേക്ക് കൈകളുയർത്തിക്കൊണ്ട് ‘ഞാനാണത് ചെയ്തത്’ എന്ന് ആർത്തുവിളിക്കാനാണ് എനിക്ക് തോന്നുന്നത്. എന്റെ ശബ്ദം അമേരിക്ക വരെ ചെന്നെത്തും. അശോകിന്റെ അട്ടഹാസവും അതിൽ നിന്ന് ഉത്ഭവിക്കുന്ന സന്തോഷവും രാം പ്രസാദിന്റെ അഥവാ, മുഹമ്മദിന്റെ മൗനവും ദുഃഖവുമായേ ചേർത്തു വായിക്കാനാവൂ. ഇന്ത്യ ‘ഉയിർത്തെഴുന്നേൽക്കുകയും’ ബൽറാം ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുമ്പോൾ, മുഹമ്മദ് ജയിലിൽ കിടന്ന് നരകിക്കുയാണ്. ജനാധിപത്യം ന്യൂനപക്ഷങ്ങളോട് എത്രമാത്രം ശത്രുതയോടെയാണ് പെരുമാറിയതെന്ന് ഗവണ്മെന്റിന്റെ കണക്കുകൾ തന്നെ ആധാരമാക്കികൊണ്ടുള്ള അഹ്മദ്, സിദ്ധീഖി എന്നിവരുടെ പഠനം സൂചിപ്പിക്കുന്നുണ്ട്. ദേശീയ തലത്തിൽ രാജ്യത്തെ മൊത്തം ജനസംഖ്യയിലെ ഹിന്ദുക്കളുടെ പങ്കിനെ അപേക്ഷിച്ചു നോക്കുമ്പോൾ തുലോം തുച്ഛമാണ് ജയിലുകളിൽ കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം. ജമ്മു കാശ്മീർ, ലക്ഷദ്വീപ്, മേഘാലയ, മിസോറാം, നാഗാലാ‌ൻഡ് തുടങ്ങി ഹിന്ദുക്കൾ ന്യൂനപക്ഷമായ ചില സംസ്ഥാനങ്ങളിൽ ജയിലുകളിൽ കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം ആകെ ജനസംഖ്യയിലെ അവരുടെ ശതമാനത്തേക്കാൾ കൂടുതലാണ്. ഇതേ സാഹചര്യമാണ് ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ്, യു.കെ, യു.എസ് തുടങ്ങിയ പാശ്ചാത്യൻ ‘ജനാധിപത്യ’ രാജ്യങ്ങളിലും നിലനിൽക്കുന്നത് (ahmad and siddiqui 2017).

യു.എസ് പോലെയുള്ള പാശ്ചാത്യൻ ജനാധിപത്യ രാഷ്ട്രങ്ങളിൽ ഈ വിഷയങ്ങളെ കുറിച്ച് എഴുതാറുള്ള ബുദ്ധിജീവികൾ, ജയിൽ വ്യാവസായിക സമ്മിശ്രത്തെയും ന്യൂനപക്ഷങ്ങളുടെ അധിക സാന്നിധ്യത്തെയും കുറിക്കാൻ ‘പീഡന ജനാധിപത്യം’ (penal democracy) എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്. ക്രിമിനലുകളുടെ തടവുകേന്ദ്രം എന്നത് കുറ്റകൃത്യങ്ങളുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്നതല്ല, മറിച്ച് തടവുകാരെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെ പ്രതിരോധ ശക്തിയെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ, സാമ്പത്തിക, വ്യാവസായിക, മാധ്യമ കോർപറേറ്റുകളുടെ വലിയൊരു കൂട്ടുമുന്നണി അതിന്റെ പിന്നിലുണ്ട് എന്നാണ് ഇവർ വാദിക്കുന്നത് (davis 2011, meiner 2011). അഥവാ, ശിക്ഷാവാഞ്ഛ (punitiveness) എന്നത് മുതലാളിത്ത ജനാധിപത്യത്തിന്റെ ഘടകമാണ്. അതുകൊണ്ടാണ് ‘ശിക്ഷിക്കുന്ന ജനാധിപത്യം’ എന്ന് ഹാർനെറ്റും (2011: 5-6, 11n8), ‘പോലീസ് സ്റ്റേറ്റ്’ എന്ന് ഹാർകൗണ്ടും (2014:11), ‘പീഡന ജനാധിപത്യം’ എന്ന് ജയിംസും (2007: xiv-xv) അതിനെ വിശേഷിപ്പിക്കുന്നത്. അന്തർദേശീയ ബന്ധങ്ങളെ കുറിച്ച പഠനങ്ങളിൽ രാഷ്ട്ര നിർമാണം, യുദ്ധം എന്നിവയുമായും ജയിലുകളെ പണ്ഡിതന്മാർ ചേർത്തുവായിക്കാറുണ്ട്. ജയിലുകളിലെ ശിക്ഷാ സ്വഭാവം വിശാലാർഥത്തിൽ സമൂഹത്തെ തന്നെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്ന് ഫൂക്കോയുടെ ‘ദി പ്യുണിറ്റീവ് സോസൈറ്റി’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനമുൾകൊണ്ട് ഹാർകൗണ്ട് പറഞ്ഞു വെക്കുന്നുണ്ട്.

ഈ ചിന്തകളുടെ തന്നെ ഫലത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ, ജനാധിപത്യത്തെയും ജയിലുകളിലെ ന്യൂനപക്ഷങ്ങളുടെ കവിഞ്ഞ സാന്നിധ്യത്തെയും കുറിച്ച് ആലോചിക്കാൻ മറ്റൊരു വഴി കൂടിയുണ്ട്. പല കാലങ്ങളിലായി ജയിലിലടക്കപ്പെട്ട ഇന്ത്യൻ ‘തീവ്രവാദികളുടെ’ ഓർമകളെ മുന്നിൽ വെച്ചുകൊണ്ട്, ശിക്ഷാ ജനാധിപത്യം പീഡന ജനാധിപത്യം എന്നീ ആശയങ്ങൾക്ക് ബദലാകാൻ കഴിയുന്ന മറ്റൊരു ജനാധിപത്യ ആശയത്തെ കുറിച്ച് അഹ്മദും സിദ്ധീഖിയും സംസാരിക്കുന്നുണ്ട് (2017). അനീതി, യാതന, തളച്ചിടൽ, ഭയം തുടങ്ങിയ പദാവലികൾ കൊണ്ട് അവർക്കു മേൽ ഏൽപ്പിക്കപ്പെടുന്ന തടവുശിക്ഷകളെ തിരിച്ചറിയാം എന്ന ചിന്തയാണ് ഇതിന്റെ അടിസ്ഥാനം. ഇതൊരു തരത്തിൽ “ജനാധിപത്യ ബോധത്തെ നൈതിക ബോധമായി” (democratic sensibility as an ethos) സിദ്ധാന്തിച്ച തലാൽ അസദിന്റെ ചിന്തകളെ കൂടി കൊണ്ടുവരുന്നുണ്ട്. പരസ്പരമുള്ള ഗുണകാംഷ, ഒരു വിഭാഗത്തിനു മേൽ വേദനയും നിന്ദ്യതയും അടിച്ചേൽപ്പിക്കുമ്പോളുള്ള ദുഃഖം, സ്ഥിരമായ വ്യക്തി ആഗ്രഹങ്ങളെക്കാൾ സത്യത്തിനു വേണ്ടിയുള്ള കരുതൽ, വെറുതെ പറഞ്ഞുകൊണ്ടിരിക്കുക എന്നതിലുപരി കേൾക്കാനുള്ള സന്നദ്ധത തുടങ്ങിയവയിൽ നിന്നാണ് ഈ നൈതിക ബോധം ഉയിർകൊള്ളുന്നതും ശക്തിപ്പെടുന്നതും. ജൂഡിത് ബട്ലറും (2011) സമാനമായ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. ഈജിപ്തിലെ ഏകാധിപത്യത്തിനെതിരെ തഹരീർ സ്ക്വയറിൽ ഒരുമിച്ചു കൂടി ജനങ്ങൾ നടത്തിയ സമരത്തെ കുറിച്ച് എഴുതുമ്പോൾ അവർ ഇപ്രകാരം നിരീക്ഷിക്കുന്നുണ്ട്; പോലീസും രഹസ്യ ഏജൻസികളും അവരെ അടിച്ചമർത്താനുള്ള എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരിക്കെ തന്നെ, ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും കാര്യത്തിൽ വരെ പാരസ്പര്യവും ശ്രദ്ധയും ജനാധിപത്യ മാതൃകയിലുള്ള ഐക്യദാർഢ്യങ്ങളും സമരക്കാർക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഈ ജനാധിപത്യ ആശയത്തിന് അഥവാ ‘നൈതിക ബോധമായി പരുവപ്പെടുന്ന ജനാധിപത്യ’ (democratic sensibility as an ethos) ആശയത്തിന്, ഇപ്പോഴുള്ള ഇലക്ഷൻ-കേന്ദ്രീകൃതവും കേവല ആചാരപരവും ശിക്ഷാ സ്വഭാവമുള്ളതുമായ ജനാധിപത്യ ആശയത്തെ ‘ജനാധിപത്യം സ്വയം തന്നെ അതായിത്തീരുന്ന വിധത്തിൽ’ പുനരവതരിപ്പിക്കാൻ ശേഷിയുണ്ട്.

തലാൽ അസദ്, ജൂഡിത് ബട്ലർ

നൈതിക ബോധം എന്ന നിലക്കുള്ള ജനാധിപത്യ ആശയത്തിനു മേൽ കേവല ആചാരപരവും സൈനികവത്കൃതവും സ്ഥിതിവിവരണക്കണക്കു സംബന്ധിയുമായ ജനാധിപത്യ വിചാരം വിജയം നേടുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോഴത്തെ ഭരണകൂടം സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോട് കൈക്കൊണ്ടിട്ടുള്ള, അതിനെ വലിച്ചെറിയുന്ന നിലപാട്. ഇന്ത്യ കുതിച്ചുയരുമ്പോഴും വീണ്ടും വീണ്ടും ദൈന്യതയിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസാദിനു മേൽ ബൽറാമിന്റെ അട്ടഹാസം മുഴങ്ങുന്നതും ഈ വിജയത്തിന്റെ തുടർച്ചയിലാണ്. സ്വയം ദൃശ്യത കൈവരിക്കാൻ ആദ്യം പ്രസാദിനെ ജോലിയിൽ നിന്നും, പിന്നീട് അയാളുടെ ജീവിതത്തിൽ നിന്നും തന്നെ ബൽറാമിന് പുറത്താക്കേണ്ടി വരുന്നു എന്നതാണ് അതിനെക്കാൾ മോശമായ സംഗതി. ഒരുപക്ഷേ ബൽറാമോ (അല്ലെങ്കിൽ അഡിഗ തന്നെയോ) അവർ ചെയ്യുന്നത് റീ-ഓറിയന്റലിസമാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ, മുതലാളിയുടെ ഹുങ്കിനെയും പണക്കൊഴുപ്പിൽ മുങ്ങിയ വെറും ആചാരപരമായ ജനാധിപത്യത്തെയും തുരത്താൻ ‘മുഹമ്മദിനെ ഒതുക്കുന്നതിനെക്കാൾ’ മികച്ചൊരു വഴി തെളിഞ്ഞുവന്നേനെ! പണവും അധികാരവും നിമിത്തം അന്ധതബാധിച്ച ബൽറാമിന് മുഹമ്മദിനെ ഒന്നു കേൾക്കാൻ പോലും കഴിഞ്ഞില്ലല്ലോ.

ഉപസംഹാരം: റീ-ഓറിയന്റലിസത്തെ പുനരാലോചിക്കുമ്പോൾ

2006-ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രസിദ്ധീകരണം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടാണ്. സാമ്പത്തിക മേഖലയിലും മറ്റു ജനാധിപത്യ ഇടങ്ങളിലും ഇന്ത്യൻ മുസ്‌ലിംകൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥയെയും അരികുജീവിതങ്ങളെയും അതു മുഖ്യധാരാ രാഷ്ട്രീയ ചർച്ചകളുടെ മുൻനിരയിലേക്കു കൊണ്ടുവന്നു. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെയും വികസന മുരടിപ്പിനെയും പരിഹരിക്കാനുള്ള ചില വ്യവസ്ഥകൾ കോൺഗ്രസ് ഗവണ്മെന്റ് നടപ്പിലാക്കി. അതേസമയം മറ്റു ചില പ്രധാന വ്യവസ്ഥകളിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു. രംഗനാഥ മിശ്ര കമ്മിറ്റി ശിപാർശ ചെയ്ത സംവരണ വിഷയങ്ങൾ നടപ്പിലാക്കാത്തതും, പി.സി.ടി.വി (prevention of communal and targeted violence) ബിൽ പിൻവലിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉദാഹരണം. 2014 തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് പൂർണമായും തഴയപ്പെട്ടു.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോടുള്ള ആർ.എസ്.എസിന്റെ പ്രതികരണങ്ങളെ എടുത്തു കാട്ടിക്കൊണ്ട്, ഹിന്ദു ഓറിയന്റലിസത്തിന്റെ രൂപത്തിലുള്ള റീ-ഓറിയന്റലിസം എങ്ങനെയാണ് മുസ്‌ലിംകളോടുള്ള അസമത്വപരമായ ഇടപാടുകളെ പ്രതികൂലാർഥത്തിൽ പ്രശ്നവത്കരിച്ചത് എന്നു ഞാൻ സൂചിപ്പിച്ചു കഴിഞ്ഞു. മുസ്‌ലിം മതഭ്രാന്ത്, തീവ്രവാദം, വിഘടനവാദം, ന്യൂനപക്ഷ പ്രീണനം തുടങ്ങിയ പദകൽപ്പനകളാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോടുള്ള, ആർ.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ ഓറിയന്റൽപരമായ പ്രതികരണങ്ങളിൽ മുഴച്ചു നിന്നത്. ഈ പദാവലികൾ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ജ്ഞാന വ്യവസ്ഥയായ ‘ഓറിയന്റലിസത്തിൽ’ നിന്നു കടമെടുക്കപ്പെട്ടതാണ് എന്നാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ സമചിത്തതയോടെ മനസ്സിലാക്കുന്നതിനു പകരം, മുസ്‌ലിംകളെ രാജ്യത്തിന്റെ അപര വിഭാഗമായി കാണുകയും അതുവഴി അധികാരം പിടിക്കുകയും ചെയ്യുന്ന ഷ്മിത്തിയൻ-ഓറിയന്റലിസ്റ്റ് വിഭജനത്തിലൂടെ രാഷ്ട്രീയമായും വംശീയമായും അതിനെ വായിക്കുകയാണ് ബി.ജെ.പി ചെയ്തത്.

പൊതു ജീവിതത്തിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥകളെയും പ്രാതിനിധ്യ കുറവിനെയും സച്ചാർ കമ്മിറ്റി റിപ്പോർട്ട് രേഖപ്പെടുത്തിയപ്പോൾ, മുസ്‌ലിംകൾക്ക് അധിക പ്രാതിനിധ്യമുള്ള ഒരു മേഖല അതിൽ വന്നില്ല. അതായിരുന്നു ജയിലുകൾ! സാമ്പത്തിക രാഷ്ട്രീയ മേഖലകളിൽ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും ജയിലുകളിലെ അവരുടെ അമിത പ്രാതിനിധ്യവും ജനാധിപത്യത്തെ കുറിച്ച അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്; എന്തുകൊണ്ടാണ് ഇതു രണ്ടും ഒരേ സമയത്ത് സംഭവിക്കുന്നത്? പീഡന ജനാധിപത്യം, പോലീസ് സ്റ്റേറ്റ് മുതലായ ആശയങ്ങളെ വിശദീകരിച്ചുകൊണ്ട് പശ്ചാത്യൻ ജനാധിപത്യങ്ങളിലെ, വിശേഷിച്ച് യു.എസിലെ ജയിലുകളിൽ ന്യൂനപക്ഷങ്ങൾക്ക് അമിത സാന്നിധ്യമുള്ളതിനെയും ഞാൻ വിശദീകരിക്കുകയുണ്ടായി. ഈ തടവുകളും ഒരു തരത്തിൽ ഒരു ബദൽ ജനാധിപത്യത്തെ കുറിച്ചുള്ള ചിന്തകളെ സന്നിഹിതമാക്കുന്നുണ്ട് എന്നാണ് എന്റെ വാദം. നൈതിക ബോധം എന്ന നിലക്ക് ജനാധിപത്യ ഭാവനകളെ പ്രതിഷ്ടിക്കുന്ന തലാൽ അസാദിന്റെ ആശയത്തെ കൂടി സന്നിഹിതമാക്കുന്ന വിധത്തിൽ, പരസ്പര സഹാനുഭൂതിയുടെ ബോധമാണ് ഇതിനെ നയിക്കുന്നത്.

ഇതുവരെയുള്ള എന്റെ വാദങ്ങളെ മുൻനിർത്തിക്കൊണ്ട്, റീ-ഓറിയന്റലിസം എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള സൈദ്ധാന്തിക വിശകലനങ്ങൾ കൂടി നടത്തി ഈ അധ്യായം അവസാനിപ്പിക്കാം. ‘സമകാലിക ദക്ഷിണ ഏഷ്യൻ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് ഓറിയന്റലിസത്തെ കടത്തിവിടുന്നു’ എന്ന പ്രമേയവുമായി ബന്ധപ്പെട്ടു നിൽക്കുന്നത് കൊണ്ട് ലിസാ ലാവുവിന്റെ റീ-ഓറിയന്റലിസം എന്ന ആശയം ഉപകാരപ്രദമാകുമെന്നാണ് ഞാൻ ആദ്യം തിരിച്ചറിഞ്ഞത്. ഓക്സിഡന്റലുകളല്ല, ഓറിയന്റലുകൾ തന്നെ ഓറിയന്റലിസത്തെ ഇവ്വിധം തുടർത്തിക്കൊണ്ടിരിക്കുന്നു എന്ന അവരുടെ വാദത്തോട് ഞാൻ യോജിക്കുന്നു. എന്നാൽ, റീ-ഓറിയന്റലിസത്തെ കുറിച്ചുള്ള അവരുടെ ബാക്കി വാദങ്ങളും അവയുടെ പരിസരങ്ങളും ദുർബലമാണ്; അതുകൊണ്ടുതന്നെ സമൂലമായ പുനരാലോചന വേണ്ടതുമാണ്. ലാവു അവരുടെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഓറിയന്റലിസത്തിൽ നിന്നു മാറി സഞ്ചരിക്കാനുള്ള അവസരം ഒത്തു വരുമ്പോൾ പോലും ചില ഡയസ്പോറിക് എഴുത്തുകാർ നീങ്ങികൊണ്ടിരിക്കുന്നത് റീ-ഓറിയന്റലിസത്തിന്റെ ദിശയിലേക്കാണ് എന്നത് ഒരു തരത്തിൽ വിരോധാഭാസമാണ്”. ഓറിയന്റലിസവും ദേശീയതയും തമ്മിലെ പരസ്പര ബാന്ധവത്തെ കുറിച്ച് മതിയായ ചിന്തയില്ലാത്തതു കൊണ്ടാണ് ഇതൊരു വിരോധാഭാസമായി അവർക്കു തോന്നുന്നത് എന്നാണ് എന്റെ പക്ഷം. ദേശീയതയെയും, അതിന്റെ ഹിംസാത്മകമായ ധ്രുവീകരണ ആശയത്തെയും കുറിച്ച്, അഥവാ നമ്മൾ ‘നമ്മൾ-ദേശീയവാദികൾ’ അവർ-ദേശവിരുദ്ധർ’ എന്ന വിഭജനത്തെ കുറിച്ച് ലാവുവിന്റെ ലേഖനത്തിൽ യാതൊരു പരാമർശവുമില്ല. ‘അവസരം ഒത്തുവരുമ്പോൾ’ എന്നതുകൊണ്ട് അവരുദ്ദേശിക്കുന്നത് കൊളോണിയൽ ഭരണകൂടത്തിന്റെ പിന്മാറ്റവും തദ്ദേശീയ വരേണ്യരുടെ അധികാര ആരോഹണവുമാണ് എന്ന വസ്തുത മനസ്സിലാക്കാൻ പ്രയാസമില്ല. അനേക വർഷങ്ങളായി പ്രാദേശിക-ദേശീയ-അന്തർദേശീയ വരേണ്യ ശക്തികൾ തമ്മിലുള്ള പരസ്പര ബാന്ധവത്താൽ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധികാരത്തിന്റെ സത്തയെയും ഘടനയെയും വിസ്മരിച്ചുകൊണ്ട്, അധികാരം കൈവശമുള്ളവരെ കുറിച്ചും, അതു കൈമാറ്റം ചെയ്യപ്പെട്ടതിനെ (കൊളോണിയൽ അധികാരത്തിൽ നിന്ന് പോസ്റ്റ്‌-കൊളോണിയൽ അധികാരത്തിലേക്ക്) കുറിച്ചുമാണ് അവർ ഏറെ ബദ്ധശ്രദ്ധയായിരിക്കുന്നത് എന്നതുകൊണ്ടും അവർക്കിതൊരു വിരോധാഭാസമായി തോന്നിയേക്കാം. ഈ അധ്യായത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിക്കപ്പെട്ടതു പോലെ, ദേശീയതയെ പോലെ പോസ്റ്റ്‌-കൊളോണിയൽ ദേശീയതയും ഓറിയന്റലിസത്തിന്റെ ഒരു അവതാരമാണ്. അത് ലാവു പറയുന്നതു പോലെ ഇംഗ്ലീഷിലെ ഡയസ്പോറാ എഴുത്തുകാരിലേക്കു മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ഇംഗ്ലീഷ് അല്ലാത്ത ഭാഷകളിലും എഴുതുന്ന തദ്ദേശീയ എഴുത്തുകാരിലും അതിനു സ്വാധീനമുണ്ട്.

നീരദ് സി. ചൗദരിയുടെ എഴുത്തുപഥങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ചാൽ, (ഇയാൻ ആൽമണ്ട് വളരെ തന്മയത്തത്തോടെ ചെയ്തതു പോലെ) ‘സ്വദേശവും’ ‘ഡയസ്പോറ’യും തമ്മിലെ വ്യത്യാസം വളരെ നേർത്തുവരുന്നതായി കാണാൻ കഴിയും. ചൗദരിയുടെ ഓറിയന്റലിസം, വിശേഷിച്ചും ഇസ്‌ലാമുമായി ബന്ധപ്പെട്ടവ, ഇന്ത്യയിൽ നിന്നു തുടങ്ങുകയും പിന്നീട് അയാൾ ജീവിച്ചു മരിച്ച ഒക്സ്ഫോർഡിൽ നിന്നു വരെ തുടരുകയുണ്ടായി. ഇവ രണ്ടും വേർപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് എന്നു കരുതിക്കൊണ്ടാണ് ഇത്തരം ഇടങ്ങളിൽ ഓറിയന്റലിസം എങ്ങനെ പ്രവർത്തിക്കുന്നു എന്നു ലാവു നിരീക്ഷിക്കുന്നത്. എന്റെ അഭിപ്രായത്തിൽ, കിഴക്കെന്നോ പടിഞ്ഞാറെന്നോ വ്യത്യാസമില്ലാതെ, ഓറിയന്റലിസം സ്വയം തന്നെ ഒരു സ്വദേശമാണ് (home). അതിന് ലോകത്തെല്ലായിടത്തു നിന്നും എഴുത്തുകാരെയും, അക്കാദമീഷ്യന്മാരെയും ജേർണലിസ്റ്റുകളെയും മറ്റും റിക്രൂട്ട് ചെയ്യാനും (ചിലയവസരങ്ങളിൽ അന്യാധീനപ്പെടുത്താനും) കഴിയും. ഈയവസരത്തിൽ ഫരീദ് സകരിയയുടെയും ഫുആദ് അജമിയുടെയും പേരുകൾ പ്രസക്തമാണ്. ആൽമണ്ട് അതിനെ കുറിച്ച് എഴുതുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലേതിൽ നിന്നു ഭിന്നമായി, ഓറിയന്റലുകളുടെ ഭാഷയിൽ യാതൊരു പരിശീലനവും സിദ്ധിക്കാത്ത ഫ്രാൻസിസ് ഫുകുയാമയെ (2007) പോലുള്ള ഒരു വലിയ നിരയോളം എഴുത്തുകാർ മുഖേനയാണ് ഓറിയന്റലിസം താങ്ങിനിർത്തപ്പെടുന്നത്. ആധുനിക ഓറിയന്റലിസം നവ ലോകക്രമവുമായും അതിന്റെ സ്ഥിരതയുമായാണ് (stability) കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നത് എന്നതും പ്രധാനമാണ്. അങ്ങനെ നോക്കുമ്പോൾ, കിഴക്കോ പടിഞ്ഞാറോ ആകട്ടെ, എല്ലായിടത്തുമുള്ള പോസ്റ്റ്‌-കൊളോണിയൽ ബൗദ്ധികരാണ് ഓറിയന്റലിസത്തെ പുനരവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഓറിയന്റലിസം കേവലമായ ഒരു സാഹിത്യ സംജ്ഞയല്ല എന്നതുകൊണ്ടു തന്നെ, മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും അതു നിലനിൽക്കുന്നുണ്ട്. ടൂറിസം മുതൽ ടെററിസം വരെയും, ജനാധിപത്യം മുതൽ ഏകാധിപത്യം വരെയും, (നവ)ലിബറലിസം മുതൽ (നവ)പോപുലിസം വരെയും, ആഗോളീകരണം മുതൽ ദേശീയത വരെയുമുള്ള മേഖലകളെ സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ആധുനികമായ അധികാര രൂപമാണ് ഓറിയന്റലിസം. ബ്രെക്കൻറിഡ്ജും വാൻ ഡെർ വീറും (1993) രണ്ടു പതിറ്റാണ്ടു മുൻപ് നടത്തിയ മറ്റൊരു പോയിന്റും ഇവിടെ പ്രസക്തമാണ്; ഓറിയന്റലിസത്തെ സാഹിത്യ മേഖലയിൽ മാത്രം പരിമിതിപ്പെടുത്തുന്ന ലിസ ലാവുവിന്റെയും മറ്റു പല ഹ്യുമാനിറ്റീസ് എഴുത്തുകാരുടെയും സമീപനങ്ങളിലെ തെറ്റ് കണ്ടെത്തുക വളരെ എളുപ്പമാണ്. സമൂഹ ശാസ്ത്രങ്ങളും, വിശാലാർത്ഥത്തിൽ സമൂഹ പഠനങ്ങൾ തന്നെയും ഉദ്ഗ്രഥന മാർഗേണ എത്തിച്ചേർന്ന ഗ്രാഹ്യങ്ങളിൽ നിന്ന് വായനക്കാരെ അകറ്റുക വഴി ഈ പഠനശാഖകളുടെ ചരിത്രപരമായ രൂപീകരണങ്ങൾ സ്വയം തന്നെ പരിമിതപ്പെട്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ, ലിസാ ലാവു അവരുടെ തന്നെ ആശയത്തിന്റെ വിശകലന ശേഷിയെ പരിമിതിപ്പെടുത്തിയതു മൂലമാണ് ഒരുപക്ഷേ ഉപകാരപ്രദമായേക്കാവുന്ന അവരുടെ തന്നെ ആശയം പിന്നോട്ടടിച്ചത്. നമ്മൾ സാഹിത്യത്തെ നരവംശശാസ്ത്രവുമായും, തത്വചിന്തയുമായും, രാഷ്ട്രീയവുമായും, സാമൂഹികശാസ്ത്രവുമായും, അന്താരാഷ്ട്ര ബന്ധങ്ങളുമായും ബന്ധപ്പെടുത്തി (നേരെ തിരിച്ചും) വായിക്കേണ്ടതുണ്ട്. ലാവുവിന്റേത് പോലുള്ള സൈദ്ധാന്തിക അന്വേഷണങ്ങളിലെ ന്യൂനതകൾ പരിഹരിക്കാൻ ഈ ബന്ധപ്പെടുത്തലിന് കഴിയും.

ലാവുവിന്റെ വാദങ്ങൾ കേന്ദ്രീകരിക്കുന്നത് ഡയസ്പോറിക്കും സ്വദേശീയരുമായ എഴുത്തുകാർ തമ്മിലെ വ്യത്യാസത്തിലാണ്. അവരുടെ അഭിപ്രായത്തിൽ, ഓറിയന്റലിസത്തെ തുടർത്തുന്നവർ പ്രധാനമായും പടിഞ്ഞാറിൽ നിന്നുള്ള, വിശിഷ്യാ യു.എസിലെ ഡയസ്പോറിക് എഴുത്തുകാരാണ്. അഥവാ, സ്വദേശി എഴുത്തുകാർ ഓറിയന്റലിസം പ്രയോഗിക്കാറില്ല എന്ന്! ഇതു തെളിയിക്കാൻ സ്വദേശി എഴുത്തുകാരിയായ അനിത നായരുടെ ‘ലേഡീസ് കൂപ്പും’ ഡയസ്പോറിക് എഴുത്തുകാരിയായ അമൂല്യ മല്ലാഡിയുടെ ‘ദി മാംഗോ സീസണും’ അവർ ഉദാഹരിക്കുന്നു. എങ്ങനെയാണ് മല്ലാഡി ഓറിയന്റലിസം പ്രയോഗിക്കുന്നത്? ‘സ്വജാതിക്കും വംശത്തിനും പുറത്തു നിന്ന് കല്യാണം കഴിക്കുന്നതിനെ എതിർക്കുന്ന ഇന്ത്യൻ ഹിന്ദു രക്ഷിതാക്കളെ മഹത്വവൽക്കരിക്കുന്നതിലൂടെ എന്നാണ് ലാവു പറയുന്ന ഉത്തരം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, “ഒരു പാൽക്കാരൻ എന്നതിനപ്പുറം യാതൊരു പരിചയവുമില്ലാത്ത ഒരാളെ ഒരു ഇരുപത്തൊന്നുകാരി വിവാഹം കഴിക്കുക എന്നു പറഞ്ഞാൽ അങ്ങേയറ്റം അപരിഷ്കൃതമാണ്” മുതലായ വാചകങ്ങളിലൂടെയാണ് അവർ ഓറിയന്റലിസം പ്രയോഗിക്കുന്നത്. ഇക്കാര്യത്തിൽ ലാവുവിന്റെ അഭിപ്രായം ശരിയാണ്. പ്രാദേശികരെ (ഹിന്ദുക്കളെ) ‘അന്ധവിശ്വാസികൾ’ എന്നു വിശേഷിപ്പിക്കുന്ന വില്യം വാട്സിന്റെ 1760-കളിൽ നടത്തിയ പ്രസ്താവനയോടാണ് ഇതു കൂടുതൽ താദാത്മ്യപ്പെടുന്നത്. വിദേശി-സ്വദേശി എഴുത്തുകാർ എന്ന വിഭജനത്തിലുപരിയായി മുഴുവൻ മുസ്‌ലിംകളെയും ‘വീടില്ലാത്ത’വരും വിദേശികളുമായാണ് കൊളോണിയൽ, പോസ്റ്റ്‌-കൊളോണിയൽ വ്യവഹാരങ്ങൾ അടയാളപ്പെടുത്തുന്നത് എന്ന വസ്തുത ലാവുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നേയില്ല. അഥവാ, റീ-ഓറിയന്റലിസത്തെ കുറിച്ച ലാവുവിന്റെ ചിന്തയിലും പ്രയോഗത്തിലും മതത്തിന്റെ പങ്ക് നിശബ്ദമാക്കപ്പെട്ടിരിക്കുകയാണ്.

ലിസ ലാവു

ബ്രിട്ടീഷ് കൊളോണിയലിസവും ഓറിയന്റലിസവും എങ്ങനെയാണ് മുസ്‌ലിംകളെ വിദേശികളായും ഹിന്ദുക്കളെ സ്വദേശികളായും രേഖപ്പെടുത്തിയത് എന്നു ഞാൻ മുൻപ് സൂചിപ്പിച്ചു കഴിഞ്ഞു. വാട്സ് അതിന്റെ ഒരു ഉദാഹരണം മാത്രമാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോടുള്ള ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്റെ വിമർശനങ്ങളിലും ഈ സ്വദേശി-വിദേശി വിഭജനം നിറഞ്ഞു കളിച്ചിരുന്നു. മുസ്‌ലിം പിന്നാക്കക്കാർക്കു വേണ്ടിയുള്ള ആർ.എം.സി.ആർ കമ്മിറ്റിയുടെ സംവരണ പദ്ധതിയെ വിഘടനവാദം എന്നു മുദ്രകുത്തിക്കൊണ്ട് 2010 ജനുവരി 31 ന് ഓർഗനൈസറിൽ വന്ന ഒരു ലേഖനത്തിൽ (സച്ചാർ മുതൽ രംഗനാഥ മിശ്ര വരെ: ന്യൂനപക്ഷ പ്രീണനത്തിന്റെയും ഹിന്ദു പീഡനത്തിന്റെയും കാലം) ഇന്ത്യൻ-വിദേശ മതങ്ങളെ തമ്മിൽ വേർതിരിക്കാത്തതിനാണ് രംഗനാഥ മിശ്ര കമ്മിറ്റി റിപ്പോർട്ടിനെ പഴി പറയുന്നത്. മിസിസ് ആശാ ദാസ് എന്ന രംഗനാഥ മിശ്ര കമ്മിറ്റിയിലെ ഒരാളുടെ വിമത മൊഴിയിലാണ് അവർ കൂടുതൽ കേന്ദ്രീകരിക്കുന്നത്. ദാസ് എഴുതുന്നതായി ഓർഗനൈസറിൽ ചേർക്കുന്നു: “ഇന്ത്യയിൽ ഉരുവംകൊണ്ട മതങ്ങളും, ഇന്ത്യക്കു പുറത്തുനിന്ന് ആർഭവിച്ച ഇസ്‌ലാം, ക്രിസ്തുമതം പോലുള്ള മതങ്ങളും തമ്മിൽ ഒരു വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ, ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധിസ്റ്റ് പട്ടികജാതിക്കാർക്കും കൊടുക്കപ്പെടുന്ന പ്രിവിലേജുകൾ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും കൊടുക്കാവതല്ല”. ഇന്ത്യൻ-വിദേശ മതങ്ങൾ തമ്മിലെ വ്യത്യാസം ഔദ്യോഗിക ഗവണ്മെന്റ് രേഖയായി മാറിയിരിക്കുന്നു എന്നു വലിയ സംതൃപ്തിയോടെ ഓർഗനൈസർ പറഞ്ഞു വെക്കുന്നു. ഓറിയന്റലിസ്റ്റ് വിഭജനങ്ങളെ ഇവ്വിധം സ്വദേശ-വിദേശി എഴുത്തുകാർ ഒരുപോലെ ഉൾക്കൊണ്ടിരിക്കുന്നു. മല്ലാഡിയുടെ നോവലിൽ നിന്നു ഭിന്നമായി മതത്തിന്റെ അച്ചുതണ്ടിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഓറിയന്റലിസം, പോസ്റ്റ്‌-കോളോണിയൽ എഴുത്തുകാരാൽ എഴുതപ്പെട്ട, പോസ്റ്റ്‌-കോളോണിയൽ ഭരണകർത്താക്കളുടെ അംഗീകാരം ലഭിച്ച പാഠപുസ്തകങ്ങളിൽ പോലും ഇടം പിടിക്കുന്നു. ‘സ്വന്തം മതത്തിനു (സ്വദേശി മതം) വേണ്ടി മരിക്കുന്നതാണ് നല്ലത്, വിദേശ മതങ്ങൾ ദുഃഖത്തിന്‍റെ കേന്ദ്രമാണ്’ എന്നാണ് ഗുജറാത്തിലെ 42,000ഓളം സ്‌കൂളുകളിൽ വിതരണം ചെയ്യപ്പെട്ട ഒരു സപ്ലിമെന്ററി പാഠപുസ്തകത്തിൽ സൂചിപ്പിക്കപ്പെടുന്നത്. ഗവണ്മെന്റുകളുടെ മാറ്റങ്ങൾക്കു പോലും കാരണമാകുന്ന രാഷ്ട്രീയ ചലനങ്ങളുടെ കേന്ദ്രസ്ഥാനത്ത് സ്വദേശി-വിദേശി മതങ്ങൾ എന്ന ഓറിയന്റലിസ്റ്റ് ദ്വന്ദമാണ് ഉള്ളതെന്നിരിക്കെ, സ്വന്തം ഇണകളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യൻ വനിതകൾക്കില്ല എന്ന ഓറിയന്റലിസ്റ്റ് സങ്കൽപം ഒരു രാഷ്ട്രീയ പാർട്ടികളുടെയും മാനിഫെസ്റ്റോകളിൽ ഇടം പിടിക്കാറില്ല, അവരുടെ ദൈനംദിന ചലനങ്ങളെ സ്വാധീനിക്കാറുമില്ല.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോടുള്ള ബിജെപി-ആർഎസ്എസ് സഖ്യത്തിന്റെ പ്രതികരണങ്ങൾ പരിശോധിക്കുമ്പോൾ, പതിനെട്ടാം നൂറ്റാണ്ടിൽ തുടങ്ങുന്ന വില്യം വാട്സിന്റെ കൊളോണിയൽ-ഓറിയന്റലിസ്റ്റ് വ്യവഹാര പാരമ്പര്യം ഓർഗനൈസറിലൂടെ ഇപ്പോഴും തുടരുന്നത് കാണാനാകും. വാട്സ് (മർദ്ദക, ഇരപിടിയൻ), ഡബ്ല്യു.ഡബ്ല്യു ഹണ്ടർ, ഓർഗനൈസർ എന്നിവർ (മതഭ്രാന്തർ), വെള്ളക്കടുവ (എല്ലാ വർഷവും ട്രെയിൻ തകർക്കാൻ തിടുക്കപ്പെടുന്നവർ) എന്ന നോവൽ, ഇവയെല്ലാം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചു പറയുന്നത് ഈ തുടർച്ചയുടെ ഭാഗം തന്നെയാണ്. ഒരുവശത്ത് മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഹിംസയുടെയും മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും മതമായി ചിത്രീകരിക്കുകയും, മറുവശത്ത് ഹിന്ദുക്കളെ ശാന്തിയുടെയും സമാധാനത്തിന്റെയും ഒരുവേള അവധാനതയുടെയും രൂപങ്ങളായി ചിത്രീകരിക്കുകയും ചെയ്യുക എന്നത് കേവലം വിരലിലെണ്ണാവുന്ന ഭരണകർത്താകളുടെയും എഴുത്തുകാരുടെയും പട്ടാളക്കാരുടെയും ചിതറിയ ചിന്തകൾ മാത്രമല്ല. അവരെല്ലാം ലിബറലിസവും ജ്ഞാനോദയവുമായും ഏറെ ബന്ധപ്പെട്ടു നിൽക്കുന്നവർ കൂടിയാണ്. കാന്റ് ഹിന്ദുക്കളുടെ സ്വഭാവത്തെ ‘ഭീരു’ (pusillanimity) എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം മുഹമ്മദിസം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രൗഢിയാൽ തന്നെ വ്യതിരിക്തമാണ്. കേവലം അത്ഭുത പ്രവർത്തികളെക്കാൾ ഒരുപാട് ആളുകളെ മുട്ടുകുത്തിക്കലുകളും ഒരുപാട് ജയിച്ചടക്കലുകളും മുഖേനയാണ് അവർ വിശ്വാസം ഉറപ്പിക്കുന്നത്. അതിന്റെ ഭക്തി മാർഗങ്ങളെല്ലാം ഒരുതരം തീവ്ര സ്വഭാവമുള്ളതാണ്’ (kant 1998). ഇതേ ശൈലിയിൽ ഇന്ത്യയിലെ ഒരു ഓറിയന്റലിസ്റ്റ് ആർമി ഓഫീസറായിരുന്ന അലക്സാണ്ടർ ഡോയും ചില കാര്യങ്ങൾ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: “ഇസ്‌ലാം പ്രത്യേകമായി അതിന്റെ സ്വേച്ഛാധിപത്യത്തിന്റെ പേരിൽ മനസ്സിലാക്കപ്പെട്ടിട്ടുള്ളതാണ്. അത് മനസ്സിനെയും ശരീരത്തെയും അടിമകളാക്കുന്നു. അതേസമയം ഹിന്ദുക്കളുടെ കേന്ദ്ര സ്വഭാവം ശാന്തിയുമാണ്” (in sen 2002). ലിസ ലാവുവിന്റെ ലേഖനത്തിന്റെയും, സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച ചർച്ചകളുടെയും പശ്ചാത്തലങ്ങളിലൊന്നായി ആഗോള ഭീകരവിരുദ്ധ യുദ്ധം (global war on terror) തീർച്ചയായുമുണ്ട്. ജനാധിപത്യം ലോകമെങ്ങും വ്യാപിപ്പിക്കുക എന്ന പടിഞ്ഞാറിന്റെ കൽപിത പദ്ധതിയുമുണ്ട്. ഈ രണ്ടു പ്രമേയങ്ങളും കൊളോണിയൽ ഓറിയന്റലിസത്തിന്റെ തുടർച്ചകളെ പേറുന്നതാണ്. അഫ്ഗാനിലും ഇറാഖിലും ബോംബു വർഷം നടത്താൻ മൗനാനുവാദം കൊടുക്കുകയും, ആഗോള ഭീകരവിരുദ്ധ യുദ്ധത്തിൽ നിരന്തരമായി പങ്കുകൊള്ളുകയും ചെയ്യുക വഴി, ലിസ ലാവു പറയുന്ന റീ-ഓറിയന്റലിസം പ്രവർത്തിക്കുന്നത് ഇന്ത്യൻ-യൂറോ-അമേരിക്കൻ അധികാര ശക്തികളുടെ കൂട്ടുമുന്നണിയിലാണ് എന്നു വ്യക്തമാകുന്നു. ഈ കൂട്ടുമുന്നണിയിൽ (അപ്രതീക്ഷിതമായ) യാതൊരു വൈരുദ്ധ്യങ്ങളുമില്ല എന്നതായിരുന്നു എന്റെ വാദം. കേവലം നോവലുകളിലും പാഠപുസ്തകങ്ങളും മാത്രം ഒതുങ്ങി നിൽക്കാത്ത, സമഗ്രമായ ഒരു പദ്ധതിയാണ് റീ-ഓറിയന്റലിസം എന്നും ഞാൻ പറഞ്ഞു കഴിഞ്ഞു. റീ-ഓറിയന്റലിസത്തെ മനസ്സിലാക്കാൻ, ഓറിയന്റലിസത്തെ ആധുനിക അധികാരങ്ങളാൽ വ്യവസ്ഥ ചെയ്യപ്പെട്ട ഒരു വലിയ സമുച്ചയം എന്ന നിലക്ക് പരിചയപ്പെടുത്തുന്ന ഹല്ലാഖിന്റെ ചിന്ത റീ-ഓറിയന്റലിസത്തെ മനസ്സിലാക്കുന്നതിന് ഉപകരിക്കുമെന്ന് ഞാൻ കരുതുന്നു.

(അവസാനിച്ചു)


വിവർത്തനം: അഫ്സൽ ഹുസൈൻ

ഇര്‍ഫാന്‍ അഹ്മദ്‌