Campus Alive

റേഡിയോ യൂണിറ്റി, റേഡിയോ സൈലൻസ്

സമകാലിക ഫാഷിസത്തിന്റെ സവിശേഷതകളെ കുറിച്ച് ജർമൻ ഫാസിസത്തിന്റെ ചരിത്രഘട്ടത്തെ നിരീക്ഷിച്ച് കൊണ്ട് ബ്രിട്ടീഷ് കൾച്ചറൽ തിയറിസ്റ്റായ പോൾ ഗിൽറോയ് ഇങ്ങനെ എഴുതുന്നുണ്ട്, “നാസികൾ അധികാരം നേടിയതോടെ, രാഷ്ട്രത്തെ ഒന്നടങ്കം ഒരു ഏകീകൃത ശ്രോതാക്കളാക്കി — ഒരു റേഡിയോ യൂണിറ്റി — മാറ്റുന്നതിന് വേണ്ടി അതിന് അനുയോജ്യമായ വിലകുറഞ്ഞ റേഡിയോ സെറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ അവർ പ്രവർത്തന നിരതരായിരുന്നു. എല്ലാ ജർമൻ വീടുകളിലും റേഡിയോ സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം, അങ്ങനെ 1934 ആയപ്പോഴേക്കും ഉപയോഗത്തിലുള്ള റേഡിയോകളുടെ എണ്ണം 60 ലക്ഷം കടന്നിരുന്നു. എളുപ്പത്തിലൊന്നും ബന്ധിക്കാൻ കഴിയാത്ത ഇന്ദ്രിയമായ കേൾവിയെ അഭിമുഖീകരിക്കുന്ന റേഡിയോ പോലൊരു മാധ്യമത്തിന്റെ ശക്തി എത്ര തന്നെ ആയാലും, എല്ലാത്തിനും ആ സാങ്കേതിക വിദ്യയെ ആശ്രയിക്കുക സാധ്യമല്ല.”

വിരോധാഭാസമെന്നു പറയട്ടെ, നമ്മുടെ രാജ്യവും അത്തരമൊരു ‘റേഡിയോ യൂണിറ്റിക്കും’ പ്രധാന മന്ത്രിയുടെ മൻ കി ബാത്തിന്റെ 100-ാമത് എപ്പിസോഡിനെ ആഘോഷിക്കുന്നതിലൂടെ അതിന്റെ സാംസ്കാരികമായ വ്യാപനത്തിനും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ അടുത്തിടെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഏപ്രിൽ 30 ന് ന്യൂഡൽഹിയിലെ എൻ‌.ജി.‌എം‌.എയിൽ വെച്ച് ഉദ്ഘാടനം ചെയ്ത ജനശക്തി ആർട് എക്സിബിഷനെ കുറിച്ച് ഇപ്രകാരം പ്രഖ്യാപിച്ചിരുന്നു, “എൻ‌.ജി‌.എം‌.എയുമായി (നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്) സഹകരിച്ച് സംഘടിപ്പിച്ച ജനശക്തി എന്ന ആർട്ട് എക്‌സിബിഷൻ ഒരു മികച്ച കലാ അനുഭവം ആയിരിക്കും വാഗ്ദാനം ചെയ്യുക”.

വിജ്ഞാപനം തുടർന്ന് വ്യക്തമാക്കുന്നു: “ജലസംരക്ഷണം, സ്ത്രീശാക്തീകരണം, കൊറോണ മഹാമാരിയെക്കുറിച്ചുള്ള അവബോധം, സ്വച്ഛ് ഭാരത് അഭിയാൻ, പരിസ്ഥിതിയും  കാലാവസ്ഥാ വ്യതിയാനവും, ഇന്ത്യൻ കാർഷിക സമ്പ്രദായം, യോഗയും ആയുർവേദവും, ഇന്ത്യൻ ശാസ്ത്രം, കായികവും ആരോഗ്യവും, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഇന്ത്യയുടെ നേട്ടങ്ങൾ, അമൃത് കാൽ, നോർത്ത് ഈസ്റ്റേൺ ഇന്ത്യയുടെ സംസ്കാരം പാരമ്പര്യം കല എന്നിവയെ ആഘോഷിക്കുക തുടങ്ങിയ പന്ത്രണ്ടോളം പ്രമേയങ്ങളിലായി പ്രമുഖ കലാകാരന്മാരൊരുക്കുന്ന സൃഷ്ടികൾ എക്സിബിഷന്റെ ഭാഗമായുണ്ടാവും.” വിജ്ഞാപനം വീണ്ടും വിശദീകരിക്കുന്നു: “ജലസംരക്ഷണത്തെക്കുറിച്ച് വിഭാ ഗൽഹോത്ര, സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മാധവി പരേഖ്, കൊറോണ മഹാമാരിയെക്കുറിച്ചുള്ള അവബോധം എന്ന വിഷയത്തിൽ അതുൽ ദോദിയ, സ്വച്ഛ് ഭാരത് അഭിയാൻ എന്ന വിഷയത്തിൽ റിയാസ് കോമു, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തിൽ ജി.ആർ ഇരണ്ണ, ഇന്ത്യൻ കാർഷിക സമ്പ്രദായത്തെക്കുറിച്ച് ആഷിം പുർകയസ്ത, യോഗയും ആയുർവേദവും എന്ന വിഷയത്തിൽ മനു പരേഖ്, തുക്രലും ടാഗ്രയും ഇന്ത്യൻ സാങ്കേതികവിദ്യയുടെയും ബഹിരാകാശ ശാസ്ത്രത്തിന്റെയും വ്യത്യസ്ത മാനങ്ങൾ; വ്യക്തികൾ മികച്ച ശേഷി കൈവരിക്കുന്നതിൽ ഇന്ത്യയുടെ പരമ്പരാഗതവും ആധുനികവുമായ സമ്പ്രദായങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന പ്രദർശനം പരേഷ് മൈതി; സ്വാതന്ത്ര്യത്തിനും ഭാവി പ്രമേയങ്ങൾക്കും ശേഷം ഇന്ത്യ കൈവരിച്ച സാമ്പത്തിക, ശാസ്ത്ര, സാംസ്കാരിക, വിദ്യാഭ്യാസ നേട്ടങ്ങൾ എന്ന വിഷയത്തിൽ പ്രതുൽ ദാസ്, ജഗന്നാഥ് പാണ്ഡെയുടെ വടക്കു കിഴക്കൻ ഇന്ത്യയുടെ തനതായ സാംസ്കാരിക സാമൂഹിക സ്വഭാവസവിശേഷതകളുടെ പ്രാധാന്യം, മഞ്ജുനാഥ് കമ്മത്തിന്റെ ഇന്ത്യയും ലോകവും, തുടങ്ങിയ പ്രമുഖ കലാകാരന്മാരായിരിക്കും എക്സിബിഷനിൽ പ്രദർശനങ്ങളൊരുക്കുക. മ്യൂസിയം ഓഫ് ആർട്ട് ചെയർപേഴ്സൺ കിരൺ നാടാർ ആണ് പദ്ധതിയുടെ ഉപദേശകൻ”.

ഇവിടെ ഓരോ കലാകാരന്മാർക്കും നിശ്ചയിച്ചു നൽകിയ പ്രമേയങ്ങൾ നിലവിലെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര വീക്ഷണവുമായോ അല്ലെങ്കിൽ ഭരണകൂടത്തിന്റെ വിവിധ ഭരണ പരിപാടികളും പദ്ധതികളുമായോ ബന്ധപ്പെട്ടതാണ്. അതവരെങ്ങനെയാണ് നടപ്പിലാക്കിയത് എന്നുള്ളത് ഈ കുറിപ്പിൽ ഒതുക്കാൻ കഴിയുന്നതല്ല. പക്ഷേ ഈ രാജ്യത്തിന്റെ പൗരന്മാരെന്ന നിലയിൽ ഈ പദ്ധതിയുടെ ദുരന്ത പൂർണമായ അനന്തരഫലങ്ങളെ കുറിച്ച് നമുക്ക് നല്ല ബോധ്യമുണ്ട്. ഇവയിൽ മിക്കതും ശാസ്ത്രാവബോധമില്ലായ്മയും അതേസമയം തീവ്രമായ യാഥാസ്ഥിതികതതയും ഉള്ളപ്പോൾ തന്നെ നൂതന സാങ്കേതിവിദ്യകളുടെ സാധ്യതയെ ഉപയോഗപ്പെടുത്തിയിട്ടുള്ളതുമാണ്. ഇത്തരം അക്രമോത്സുകമായ പദ്ധതികളുടെ അടിത്തറയായ പുതിയ പോപ്പുലിസ്റ്റ് പാറ്റേണുകൾ, കാഴ്ചയുമായി ബന്ധപ്പെട്ട സൂചനകളും ഉദ്ദീപനങ്ങളും നൽകുന്ന ആശയ വിനിമയ സങ്കേതങ്ങളോടാണ് കൂടുതൽ കടപ്പെട്ടിരിക്കുന്നത്.

സത്യം പറഞ്ഞാൽ, നമ്മുടെ കാലത്തെ സാംസ്കാരിക രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ഈ ഭരണകൂട അജണ്ടയെ ഇപ്പറഞ്ഞ ‘പ്രമുഖ കലാകാരന്മാരും’ ഇന്ത്യയിലെ വലിയൊരു സ്വകാര്യ ആർട്ട് മ്യൂസിയത്തിന്റെ ഉടമസ്ഥനുമൊക്കെ അംഗീകരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നുണ്ട്. ഹിറ്റ്ലറുടെ നാസികളും അവരുടെ സഖ്യകക്ഷികളും പരാജയപ്പെട്ടതോടെ അവസാനിച്ചതല്ല ഫാസിസത്തിന്റെ ആകർഷണീയത എന്ന് നമുക്കറിയാമെങ്കിലും, ഒരു ഭൂരിപക്ഷാധിപത്യ ഭരണകൂടത്തിന് ഇത്തരത്തിൽ അംഗീകാരം നൽകുകയെന്നത് അപൂർവമായ സംഭവമാണ്. കലയിലെ ഫാസിസത്തിന്റെ അടയാളങ്ങൾ പുതിയൊരു സംഗതിയല്ല. ഭരണകൂടത്തിന്റെ പ്രാമാണീകരണത്തിലൂടെ വസ്തുതയെ അവകാശപ്പെടുന്ന വ്യാജ ആഖ്യാനങ്ങളുടെ സാധ്യതയെ ഉപയോഗിച്ചു കൊണ്ട് അത്തരം കലകളുടെ ഇമേജുകൾ ദുർബലമായ ധാർമിക അടയാളങ്ങൾ പ്രസരിപ്പിക്കുന്നു. കാശ്മീർ ഫയൽസും അടുത്തിടെ റിലീസായ കേരളാ സ്റ്റോറിയുമൊക്കെ ഇതിന്റെ മകുടോദാഹരണങ്ങളാണ്. 

ചില ആളുകൾ നിസ്സംശയമായും (ഫാഷിസത്തിന്റെ) ചരിത്ര പദ്ധതികളാൽ പ്രവർത്തിക്കുന്നവരാണ്. പക്ഷേ, ഭരണകൂടത്തിന്റെ രാഷ്ട്രീയ പദ്ധതികളിൽ ആകൃഷ്ടരായവർ അല്ല എന്റെ മുഖ്യ പരിഗണന. അതിലുപരി, ലിബറൽ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ പ്രമുഖ കലാകാരന്മാരുമായൊക്കെ ബന്ധപ്പെട്ട രാഷ്ട്രീയ/കലാ ശൈലികളുടെ സ്വതന്ത്ര ജീവിതവും, അവയെങ്ങനെയാണ് ജനാധിപത്യത്തിന് ആഘാതമേൽപ്പിക്കുന്ന ഭൂരിപക്ഷ പ്രത്യയശാസ്ത്രങ്ങളെ സാധൂകരിക്കാൻ ലക്ഷ്യം വെച്ചുള്ള ഒരു രാഷ്ട്രീയ അജണ്ടയുമായി ഇത്രയെളുപ്പത്തിൽ സഹകരിച്ചത് എന്നതുമാണ് എന്റെ മുഖ്യ പരിഗണന. 

ഇത്തരത്തിൽ ഭൂരിപക്ഷവാദ ശക്തികളുമായി സഹകരിക്കുന്ന പ്രവണത ജനാധിപത്യ വിരുദ്ധത എത്രത്തോളം പുതു സ്വാഭാവികതയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്. സങ്കടകരമായ കാര്യമെന്തെന്നാൽ, ‘റേഡിയോ യൂണിറ്റി’യുടെ 100-ാം എപ്പിസോഡിനെ സ്മരിക്കുന്ന എക്സിബിഷനിൽ പങ്കെടുക്കുന്നവരിൽ മിക്കവരും ഗാന്ധിയെയും അംബേദ്കറെയും പോലുള്ള ചരിത്ര വ്യക്തികളെ നിരന്തരം ഉദ്ധരിക്കുകയും പരിസ്ഥിതി പ്രതിസന്ധി, പാർശ്വവൽകൃത സ്വത്വങ്ങൾ, നഗര-പ്രാദേശിക അസമത്വങ്ങൾ, ബുദ്ധമത പൈതൃകത്തിന്റെ ആഘോഷം, സമന്വയം എന്ന് തുടങ്ങിയ ആശയങ്ങളെ, ഇത്തരം പുരോഗമന പ്രമേയങ്ങളെ കലാ വിഷയമാക്കിയാൽ മാത്രം നേട്ടം കൈവരിക്കാവുന്ന ആഗോള കലാ വിപണികളിൽ സെക്കുലർ ലിബറൽ വിശ്വാസ്യത നേടിയെടുക്കാൻ വേണ്ടി ഉപയോഗിക്കുന്നു എന്നുള്ളതാണ്. 

ഭൂരിപക്ഷവാദ ഭരണകൂട പദ്ധതികളോടുള്ള രഹസ്യമായ ഇത്തരം ചേർന്നുനിൽക്കൽ — റേഡിയോ പ്രോഗ്രാമും എൻ.ജി.എം.എ എക്സിബിഷനും – ഭൂരിപക്ഷവാദം സാംസ്കാരിക മണ്ഡലത്തിൽ ചുവടുറപ്പിക്കാൻ പാടുപെടുന്ന ഒരവസരത്തിൽ അതിന് സഹായകരമാകുന്ന ഒന്നാണ്. അതിൽ പങ്കാളികളാവുന്നവർ ഭൂരിപക്ഷ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രപരവും ഭരണപരവുമായ അവകാശവാദങ്ങളെ അവരുടെ ആത്യന്തിക ലക്ഷ്യമായ വംശഹത്യയിൽ നിന്ന് വേർതിരിച്ച് അവതരിപ്പിക്കാനുള്ള സാധ്യതയെ തുറന്നു നൽകുകയാണ് ചെയ്യുന്നത്. 

ആർട്ട് സ്റ്റൈലുകളും രാഷ്ട്രീയവും വേർതിരിക്കുക പ്രയാസകരമായ ഒരു ഘട്ടത്തിലേക്ക് നാമൊക്കെ നിർബന്ധപൂർവ്വം എത്തിയിരിക്കുന്ന ഒരവസ്ഥയിലാണ് ഈ ദൃശ്യ കലാകാരന്മാർ അത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത് എന്നതാണ് കൂടുതൽ ഭയാനകം. ഭൂരിപക്ഷവാദ രാഷ്ട്രീയ ശൈലിയുടെ സവിശേഷത, പ്രത്യേകിച്ച് ആശയവിനിമയ സാങ്കേതിക വിദ്യകളെയും സംസ്കാരങ്ങളെയും വളരെ തന്ത്രപരമായും വർദ്ധിതമായും അത് ഉപയോഗിക്കുന്നത്, കാലങ്ങളായി കാഴ്ച എന്ന ഘടകവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. നമുക്കറിയാവുന്നത് പോലെ, രാഷ്ട്രീയക്കാർ അവരുടെ ശാരീരികമായ പ്രകടനങ്ങളും വേഷ ഭാവങ്ങളും വാക്പാടവവും ടിവി ഇമേജുകളും കൊണ്ടൊക്കെയാണ് ആളുകളെ കയ്യിലെടുക്കുകയും അവരുടെ പ്രതികരണങ്ങളെ നിയന്ത്രിക്കുകയും ചെയ്യാറുള്ളത്. ഇമേജുകൾ നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുന്ന സങ്കേതങ്ങൾ വാക്കുകൾക്ക് മേൽ ഐക്കണുകൾ ആധികാരികത നേടുകയും അതിന് കൂടുതൽ വില കല്പ്പിക്കപ്പെടുകയും ചെയ്യുന്ന ഫാസിസ്റ്റ് പ്രോപ്പഗണ്ടാ ഓപ്പറേഷനുകളെ ഓർമ്മിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഫാഷിസ്റ്റ് ഭരണകൂടം തിരികെ കൊണ്ടു വന്നിരിക്കുന്ന സംസാര ശക്തി സംവദിക്കാനും ഉത്തരം പറയാനുമുള്ള ഇടം നിഷേധിക്കുന്ന ഓർമ്മയിൽ നിൽക്കുന്ന ശബ്ദ ശകലങ്ങൾ മാത്രമുപയോഗിച്ചു വളരുന്ന ഒന്നാണ്. അദൃശ്യമായ ഒരു അശരീരി/ആകാശവാണി (വെളിപാട്) എന്ന രൂപം സാധ്യമാക്കുന്ന ശക്തിയെ ഉപയോഗപ്രദമാക്കി പൊതുജനങ്ങൾക്ക് റേഡിയോ മുഖാന്തിരം സന്ദേശങ്ങൾ അറിയിക്കുന്ന ഇതേ പ്രധാനമന്ത്രി ഒരു ദശകത്തിനടുത്ത് വരുന്ന തന്റെ ഭരണകാലത്തിനിടക്ക് ഒരു തവണ പോലും ഒരു ശരിയായ പത്ര സമ്മേളനം പോലും വിളിച്ചു ചേർത്തിട്ടില്ലെന്ന വസ്തുതയിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്. ഇതിന്റെ ഫലമായി അടിസ്ഥാന ശൂന്യമായി മാറിയ പൗര സംസ്കാരത്തിനകത്ത് ഭാഷയ്ക്ക് അതിന്റെ പ്രസന്നതയും സാമൂഹ്യ-രാഷ്ട്രീയ ബന്ധത്തെ നിർമ്മിക്കുന്നതിലും വ്യതിരിക്തമാക്കുന്നതിലും അതിനുള്ള പങ്കും നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രസംഗങ്ങൾ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും സ്റ്റേജ് ഗർജനങ്ങൾക്കും കീഴടങ്ങിയിരിക്കുന്നു.

നമ്മുടെ പ്രമുഖ കലാകാരന്മാരും പ്രമുഖ മ്യൂസിയം ഉടമസ്ഥനുമൊക്കെ റേഡിയോ യൂണിറ്റിയുടെ – ഏകദിശയിലുള്ള ഒരു വാചിക പ്രവർത്തി – ഭൂരിപക്ഷ നേട്ടങ്ങളെ ഒരു ഭരണകൂട പരിപാടിയുടെ ഭാഗഭാക്കാവുക വഴി ആഘോഷിക്കുകയും അതേ സമയം ഒരു സമഗ്രാധിപത്യ ഭരണകൂട വ്യവസ്ഥയുടെ സവിശേഷമായ ഭീകര രീതികൾ അനുഭവിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുകയാണ് നാം. വിമത ശബ്ദങ്ങളെ തടവിലാക്കൽ, ലിഞ്ചിംഗിനും ഭരണകൂട പോലീസ് വേട്ടക്കും ലഭിക്കുന്ന ദൃശ്യവൽക്കരണം (അഥവാ, സോഷ്യൽ മീഡിയ വഴിയും ടെലിവിഷൻ വഴിയുമുള്ള അവയുടെ പ്രക്ഷേപണം), കോടതികളുടെ ശോഷണം, പൊതു മണ്ഡലത്തിന്റെ മൊത്തത്തിലുള്ള രൂപമാറ്റം എന്നിവയൊക്കെ ഇതിന്റെ ഉദാഹരണമാണ്. ഒരുപക്ഷേ, ‘ജൻ ശക്തി’യേക്കാളും ‘മൻ ശക്തി’യേക്കാളുമൊക്കെ ഈ കലാകാരന്മാരെ ഭരിക്കുന്നത് ‘ധൻ ശക്തി’ ആയിരിക്കാം (അധികാര പങ്കാളികളെന്ന നിലയിൽ നമ്മെ പൊതിഞ്ഞു നിൽക്കുന്ന മൂലധനം എന്ന വിശാലാർത്ഥത്തിൽ) അല്ലെങ്കിൽ കലാ നിർമ്മാണ മേഖലയിൽ നമ്മുടെ മ്യൂസിയം ഉടമ(കൾ)ക്ക് ഉള്ള നിയന്ത്രണാധികാരം ആയിരിക്കാം. ഒരുപക്ഷേ ‘നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ’ (NMACC) വൻകിട പാർട്ടികളോടൊപ്പം വരെ ഈ പരിപാടിയെ നമുക്ക് ചേർത്ത് വായിക്കേണ്ടി വന്നേക്കാം!

വിവര്‍ത്തനം: മന്‍ഷാദ് മനാസ്‌

സന്തോഷ് സദാനന്ദ്