Campus Alive

ഇന്ത്യൻ രാഷ്ട്ര നിർമ്മാണവും മുസ്‌ലിം അപരവൽക്കരണവും

(Islamophobia in India and the Racial State എന്ന ലേഖനത്തിന്റെ മലയാള വിവർത്തനം ഒന്നാം ഭാഗം)


ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട ചർച്ചകൾ ഹിന്ദു ദേശീയത, ഹിന്ദുത്വ, മുസ്‌ലിങ്ങൾക്കെതിരെ ഹിന്ദുത്വവാദികൾ നടത്തുന്ന ഹിംസകൾ എന്നിവയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്നൊരാൾ കരുതുന്നതിൽ തെറ്റില്ല. ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള അത്തരം ആഖ്യാനങ്ങൾ ഹിന്ദുത്വയെ ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമായും, ചില ഒറ്റപ്പെട്ട മതകീയ ഹിംസകൾ ഒഴിച്ചു നിർത്തിയാൽ മുസ്‌ലിം സമൂഹം മെച്ചപ്പെട്ട നിലയിലാണെന്നുമാണ് മനസ്സിലാക്കപ്പെടുന്നത്. ഹിന്ദുത്വ ശക്തികൾ അനുദിനം നേടിയെടുക്കുന്ന സ്ഥാപനപരമായ കടന്നുകയറ്റവും, വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകളും കണക്കിലെടുത്തു കൊണ്ട്, സദുദ്ദേശകാരികളായ നിരീക്ഷകരും മാധ്യമ നിരീക്ഷകരും ആക്ടിവിസ്റ്റുകളും ചിന്തകന്മാരുമൊക്കെ ഭാവിയിൽ മുസ്‌ലിങ്ങൾ നേരിട്ടേക്കാവുന്ന അരാജകാവസ്ഥയെ കുറിച്ച് താക്കീത് നൽകുന്നുണ്ട്.[1] സംഘ പരിവാരത്തിൽ ശ്രദ്ധയൂന്നി കൊണ്ടുള്ള പഠനങ്ങൾ അതിന്റെ സ്പഷ്ടത മൂലം മനസ്സിലാക്കാവുന്നതാണെങ്കിലും, മുസ്‌ലിം കർതൃത്വത്തെയും ഇന്ത്യൻ സ്റ്റേറ്റിന്റെ സെക്കുലർ പ്രതിച്ഛായകളെയും കുറിച്ചുള്ള സംവാദങ്ങളിൽ ഗൗരവതരമായ പ്രതിഫലനങ്ങളുണ്ടാക്കുന്ന മുസ്‌ലിങ്ങളെ ശിക്ഷണം ചെയ്യാനുള്ള ശ്രമങ്ങളെ അല്ലെങ്കിൽ ഇസ്‌ലാമോഫോബിയയെ ഇത്തരം പഠനങ്ങൾ അദൃശ്യവൽക്കരിക്കുന്നുണ്ട്.[2] ഒന്നാമതായി, ഈ ആഖ്യാനങ്ങൾ ഇസ്‌ലാമോഫോബിയയുടെ വ്യവസ്ഥാപിത സ്വഭാവത്തെ മറച്ചുപിടിക്കുകയും ഹിന്ദു ദേശീയതയുടെയും സഹസംവിധാനങ്ങളുടെയും അധികാരാരോഹണത്തിനു മുമ്പുള്ള മുസ്‌ലിങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള ചർച്ചകളെ മുൻകൂറായി തടഞ്ഞുനിർത്തുകയും ചെയ്യുന്നു. രണ്ടാമതായി, ഇസ്‌ലാമോഫോബിയയുടെ വിശകലനത്തെ വിദ്വേഷ പ്രസംഗത്തിലേക്കും ശാരീരികമായ ആക്രമണത്തിലേക്കും മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ പരിണിതി കൂടിയാണിത്.

ഇതിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ അന്തർലീനമായി കിടക്കുന്ന വംശീയ ഭരണനിർവഹണ ബോധത്തെ (Racial governmentality) വേർതിരിച്ചെടുക്കുക എന്ന ലക്ഷ്യാർത്ഥം ഭരണഘടനാ വ്യവഹാരം ഉൾപ്പെടെയുള്ള വ്യവഹാരങ്ങളെ പരിശോധനാ വിധേയമാക്കികൊണ്ട് ഇസ്‌ലാമോഫോബിയയെ കുറിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന മേല്പറഞ്ഞ ആശയത്തെ പ്രതികൂലിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മുസ്‌ലിം കർതൃത്വത്തിന്റെ ശിക്ഷണം എന്നത് ഇപ്പോൾ മാത്രം സംഭവിക്കുന്നതും ക്രമേണ മോശമാവുകയും ചെയ്യുന്ന ഒന്നല്ലെന്നും, മറിച്ച്, ഇന്ത്യൻ രാഷ്ട്ര നിർമ്മാണവുമായി ബന്ധപ്പെട്ടതാണ് അതെന്നും, അന്നു മുതൽ തന്നെ സ്ഥാപനപരമായി അത് നിലനിൽക്കുന്നുണ്ടെന്നുമാണ് ഈ ലേഖനം വാദിക്കുന്നത്. ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ സ്വഭാവത്തെ തുറന്നുകാട്ടുന്നതിന് വേണ്ടി ഇന്ത്യൻ ഭരണഘടനയെ വിശകലനവിധേയമാക്കുന്നതിന് പിന്നിൽ മറ്റാരു കാരണം കൂടിയുണ്ട്. ഹിന്ദുത്വയെയും ഇസ്‌ലാമോഫോബിയയെയും എതിർക്കുന്നവരുടെ പ്രഥമ മുദ്രാവാക്യങ്ങളിലൊന്ന് “ഭരണഘടനയെ സംരക്ഷിക്കുക” എന്നതായിരുന്നു. പ്രതിപക്ഷ പാർട്ടിയായ സെക്കുലർ കോൺഗ്രസും, INDIA എന്ന പേരിൽ പുതുതായി രൂപീകരിച്ച വ്യത്യസ്ത രാഷ്ട്രീയ കക്ഷികളും അടങ്ങുന്ന മതേതര സഖ്യവും, മറ്റ് ഹിന്ദുത്വ വിരുദ്ധ സംഘടനകളും സംഘങ്ങളുമൊക്കെ ഈ മുദ്രാവാക്യത്തെ അവരുടെ വെബ്സൈറ്റുകളിൽ പ്രദർശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ ഒരു ഹിന്ദുത്വ വിരുദ്ധ പോർവിളിയായി ഈ മുദ്രാവാക്യം മാറി കഴിഞ്ഞിട്ടുണ്ട്.[3] രണ്ടാമതായി, മുസ്‌ലിങ്ങൾക്കെതിരെ ഹിന്ദുത്വ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന അനീതികളിൽ പൗരത്വ ഭേദഗതി നിയമം, ഗോ ധ്വംസനവുമായി ബന്ധപ്പെട്ട ആൾക്കൂട്ടകൊലപാതകങ്ങൾ, മതപരിവർത്തനവുമായി ബന്ധപ്പെട്ട ഹിംസകളും അറസ്റ്റുകളും എന്നിവയാണ് മിക്കവാറും ശ്രദ്ധ ലഭിക്കാറുള്ളവ. നിർഭാഗ്യവശാൽ, അത്തരം ഹിംസകളെ സാധ്യമാക്കുന്ന യുക്തിയുടെ വിത്ത് കിടക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്കകത്ത് തന്നെയാണ്. വ്യത്യസ്ത ഭരണഘടനാ സംവാദങ്ങളിലെ ഇസ്‌ലാമോഫോബിക് അംശങ്ങളെയും ഭരണഘടനയിലെ വ്യത്യസ്ത വകുപ്പുകളിലായി വ്യാപിച്ചുകിടക്കുന്ന അതിന്റെ പ്രതിഫലനത്തെയും അടയാളപ്പെടുത്തുക വഴി ഇന്ത്യയെ ഒരു വംശീയ രാഷ്ട്രമായി അവതരിപ്പിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

ഇസ്‌ലാമോഫോബിയ

ഹിന്ദുത്വ വിരുദ്ധ ആക്ടിവിസത്തിന്റെ വക്താക്കളുടെ ഇടയിൽ തന്നെയുള്ള മുസ്‌ലിം കർതൃത്വത്തിന്റെ ഒരുദാഹരണമാണ് മുസ്‌ലിങ്ങളെ സംരക്ഷിക്കാനുള്ള ലിഞ്ചിംഗ് വിരുദ്ധ നിയമനിർമ്മാണത്തിന് വേണ്ടി 2018–ൽ സീനിയർ അഭിഭാഷകയായ ഇന്ദിര ജയ്സിങ് സുപ്രീകോടതിയിൽ സമർപ്പിച്ച ഹരജി. “മുസ്‌ലിങ്ങളെ ആൾക്കൂട്ടക്കൊലപാതകത്തിന് വിധേയമാക്കുന്നതു കുറ്റവാളികൾക്ക് ഒരു ബഹുമതിയായി മാറിയിരിക്കുന്നുഎന്ന് അവർ ഹരജിയിൽ പ്രസ്താവിക്കുന്നു. 19–ാം നൂറ്റാണ്ടിന്റെ ഒടുവിൽ ജിംക്രോ നിയമങ്ങളുടെ സമയത്ത് ആഫ്രിക്കൻ അമേരിക്കക്കാർക്കെതിരെ നടന്ന ആൾക്കൂട്ടക്കൊലകളുമായുള്ള സാദൃശ്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട്, ഇന്ത്യയിലെ ആൾക്കൂട്ടാക്രമണങ്ങളും ലിഞ്ചിങ്ങുകളും മുസ്‌ലിങ്ങളെ സവിശേഷമായി ഉന്നം വെക്കുന്നുവെന്ന് അവർ വാദിക്കുന്നു. കൂടാതെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ലിഞ്ചിങ് വിരുദ്ധ നിയമനിർമ്മാണം നടത്താനായി ഇന്ത്യൻ ഭരണകൂടത്തോട് അവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ പൗരാവകാശ പ്രസ്ഥാനങ്ങളുടെയും, വ്യത്യസ്ത ബ്ലാക്ക് വിരുദ്ധ നിയമനിർമ്മാണങ്ങളുടെയും, വിവേചനത്തിനും ലിഞ്ചിങ്ങുമായി ബന്ധപ്പെട്ട ഹിംസകൾക്കും അന്ത്യം കുറിച്ച നിയമനിർമ്മാണ ഇടപെടലുകളിലേക്ക് നയിച്ച  National Association for the Advancement of Colored People (NAACP) യുടെ രൂപീകരണത്തിന്റെയും വംശാവലിയെ ജയ്സിങ് സമഗ്രമായി പരിശോധിക്കുന്നു. വാസ്തവത്തിൽ, ഹരജിയുടെ നല്ലൊരു ഭാഗവും ഈ ആഫ്രിക്കൻ അമേരിക്കൻ അനുഭവത്തെ വിശദീകരിക്കുന്നതാണ്.

എന്നിരുന്നാലും, ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ അവസ്ഥയെ വിശദീകരിക്കാൻ വേണ്ടി ആഫ്രിക്കൻ അമേരിക്കക്കാരുടെ ചരിത്രത്തെയും അവസ്ഥയെയും ഉപയോഗിച്ചിട്ടു കൂടി, ഇരവൽക്കരണത്തിലും കണക്കുകളിലും ജയ്സിങിന്റെ താരതമ്യം അവസാനിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ ഭാവി പദ്ധതികളെ അവതരിപ്പിക്കാനുള്ള അടിസ്ഥാനമെന്ന നിലയിൽ പൗരാവകാശ പ്രസ്ഥാനത്തിന്റെയോ ബ്ലാക്ക് പവർ മൂവ്മെന്റിന്റെയോ പാരമ്പര്യത്തെ ഒരിക്കലും ഉപയോഗിക്കുകയില്ല, കാരണം ഒരു സ്വത്വമെന്ന നിലയിൽ ‘മുസ്‌ലിം’ എന്നതിൽ ഊന്നുന്നത് ഇന്ത്യയുടെ മതേതര പൊതു ധാരണയെ അത് ഹനിക്കും എന്നതിനാലാണത്. ആഫ്രിക്കൻ അമേരിക്കക്കാരുടെ ലിഞ്ചിങ്ങുകൾ വെള്ളക്കാരന്റെ അതിശത്വത്തിന് വഴിയൊരുക്കിയെന്ന് ജയ്സിങ് ഹരജിയിൽ പ്രസ്താവിക്കുമ്പോഴും, ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കെതിരായ ലിഞ്ചിങ്ങുകൾ എന്തുതരം അധീശത്വമാണ് സാധ്യമാക്കുന്നതെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു. നെഹ്റുവിയൻ മതേതര ദേശീയ വ്യവഹാരത്തിനകത്ത് എങ്ങനെയാണോ മുസ്‌ലിങ്ങൾ ഒരു സാമൂഹിക വിഷയികളായി നിർമ്മിക്കപ്പെട്ടത്, അത് പോലെയാണ് രാഷ്ട്രീയ ഭാഷയ്ക്ക് ശേഷിയില്ലാത്ത കേവല ഇരകളെന്ന നിലയിൾ മുസ്‌ലിങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട്, ഭരണഘടനാ മൂല്യങ്ങളിലൂടെ രൂപീകൃതമായ ദേശം, ദേശീയ ഐക്യം (ഇന്ത്യൻനെസ്) എന്നീ ആശയങ്ങളെ സംബന്ധിച്ച് മൗലികമാണ് ഇസ്‌ലാമോഫോബിയ എന്ന് ഈ ലേഖനം വാദിക്കുന്നു.

 സ്വത്വരൂപീകരണത്തിൽ ഓർമ്മകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്; അതിനി, നല്ല ഓർമ്മയായാലും മോശം ഓർമ്മ ആയാലും. സ്വത്വം വെല്ലുവിളിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ഇത്തരം ഓർമ്മകൾ രംഗപ്രവേശനം ചെയ്യും. അസന്നിഹിതമായതോ മറക്കപ്പെട്ടതോ ആയ ഒന്നിനെ ഇത് സൂചിപ്പിക്കുകയും “അത്തരത്തിൽ ഓർമ്മയെ അല്ലെങ്കിൽ കർതൃത്വത്തെ പ്രവർത്തനക്ഷമമാക്കുന്നത് ‘എനിക്ക് കഴിയും’ എന്ന വർഗ്ഗീകരണത്തിന് കീഴിൽ വരുന്ന അധികാരങ്ങളുടെയും ശേഷികളുടെയും പട്ടികയിൽ ഇടം നേടുകയും ചെയ്യുന്നു (Ricoeur 2004, 57).” ഇന്ത്യയിലെ ഒരു മുസ്‌ലിമിനെ സംബന്ധിച്ച് ഇതെന്താണെന്ന ആശയത്തെ മറ്റെല്ലാ കർതൃത്വങ്ങളെയും കീഴടക്കുന്ന ഇന്ത്യൻ ദേശീയ സ്വത്വം എന്ന സ്ഥാപനത്താൽ ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. കേവലം ഓർമ്മകളെ മായ്ച്ചു കളയുകയെന്നത് അത്തരം ഓർമ്മകൾക്കകത്ത് സ്ഥിതി ചെയ്യുന്ന, മായ്ക്കപ്പെട്ട ഓർമ്മകളെ തിരിച്ചു കൊണ്ടുവരുന്ന കാമനകളെ അടക്കി നിർത്താൻ പര്യാപ്തമായതല്ല. ഐക്യത്തെക്കാളുപരി സംഘർഷമാണ് ഈ സമൃതി രാഷ്ട്രീയത്തെ  (mnemonic politics) നിർണയിക്കാൻ സാധ്യത ഉള്ളത് (Bell 2006). ഈ കാമനയെന്നു പറയുന്നത് ഒരു തരം ഓർത്തെടുക്കലാണെന്ന് തന്നെയല്ല, സ്വത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്ന ഘട്ടത്തിൽ ഈ കാമന നേരിടുന്ന അടിച്ചമർത്തലുകളെ മറികടന്നുകൊണ്ട് പ്രതിസന്ധി ഘട്ടങ്ങളിലേക്ക് ഓർത്തെടുക്കപ്പെടുന്നതും രാഷ്ട്രീയ സ്വത്വങ്ങളുടെ പുനരാവിഷ്കരണത്തിന്റെ കേന്ദ്ര ഭാഗവുമാണ് ഈ സ്മൃതി രാഷ്ട്രീയം. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ പശ്ചാത്തലത്തിൽ, വ്യവസ്ഥാപിതവും അന്തർലീനവുമായ മുസ്‌ലിം വിരുദ്ധ ഹിംസകളുടെ ഘട്ടത്തിൽ ഉയർന്നു വരുന്ന മുസ്‌ലിം സ്വയം കർതൃത്വത്തെ സംബന്ധിച്ച സംവാദങ്ങളുടെ നിബന്ധനകൾ നിർണയിക്കുക എന്ന ഉദ്ദേശത്തോടെ ഇത്തരം ഓർത്തെടുക്കാനുള്ള ശ്രമങ്ങൾക്ക് (Recalling attempt) നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

അത്തരത്തിലുള്ള മുസ്‌ലിങ്ങളുടെ സംഘടിത പ്രതികരണങ്ങളെ മതേതര ഭരണകൂടം ശിക്ഷണ വിധേയമാക്കുകയും വ്യാവഹാരികമായി നിഷ്കാസനം ചെയ്യുകയും ചെയ്തതിന്റെ നല്ലൊരു ഉദാഹരണമാണ് 1961 ജൂൺ 11, 12 തിയ്യതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടന്ന മുസ്‌ലിം നേതാക്കളുടെയും പ്രമുഖരുടെയും യോഗം. ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കെതിരെ നടക്കുന്ന ഹിംസയെയും വിവേചനത്തെയും അഭിമുഖീകരിച്ചു കൊണ്ട് നടന്ന മുസ്‌ലിം നേതാക്കളുടെയും രാഷ്ട്രീയ, മതകീയ, സാംസ്കാരിക മേഖലകളിൽ നിന്നുള്ള സമുദായ പ്രതിനിധികളുടെയും ആദ്യത്തെ യോഗമായിരുന്നു അത്. പ്രസ്തുത യോഗത്തിന്റെ കൺവീനറായ മൗലാനാ ഹിഫ്സുർ റഹ്മാന്റെ അഭിപ്രായത്തിൽ ഈ സമ്മേളനത്തിന്റെ ഉദ്ദേശമെന്നു പറയുന്നത് ഇന്ത്യൻ മുസ്‌ലിങ്ങളെ ബാധിക്കുന്ന “അസ്വസ്ഥതയെയും ധർമ്മഭ്രംശത്തെയും നിരാശയെയും” “തങ്ങളുടെ ജീവന്റെയും, സമ്പത്തിന്റെയും, സാമൂഹിക സ്ഥാനത്തിന്റെയും സുരക്ഷയെയും സംരക്ഷണത്തെയും” സംബന്ധിച്ച അവരുടെ ആശങ്കകളെയും അഭിമുഖീകരിക്കുക എന്നതായിരുന്നു (Noorani 2004, 114). സമ്മേളനത്തിൽ പങ്കെടുത്തവരിലൊരാളായ പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ എം. ഹാരിസ് ടൈംസ് ഓഫ് ഇന്ത്യക്ക് എഴുതിയ കത്തിൽ നിന്ന് മേല്പറഞ്ഞ ആശങ്കകൾ വ്യാപകമായി അംഗീകരിക്കപ്പെട്ടതാണെന്ന വസ്തുത മനസ്സിലാക്കാൻ കഴിയും. “എല്ലാ തരം പ്രശ്നങ്ങളെയും പ്രധാന കാരണം ഇത്തരം വിവേചനങ്ങളാണ്” എന്ന് മുസ്‌ലിങ്ങളുടെ അവസ്ഥയെ പറ്റി അദ്ദേഹം പ്രസ്തുത കത്തിൽ വാദിക്കുന്നു (Noorani 2004, 115).

1950-കളിൽ തന്നെ തങ്ങൾ നേരിടുന്ന വിവേചനങ്ങളെ തിരിച്ചറിഞ്ഞു എന്നത് പ്രധാനമായിരിക്കെ തന്നെ, ഇവിടെ പ്രബലമായ മതേതര വ്യവഹാരത്തിന് കീഴിലെ മുസ്‌ലിം നേതാക്കളുടെ സ്വയം നിയന്ത്രണങ്ങളാണ് അവരുടെ ഭാഷയിലും പെരുമാറ്റത്തിലും പ്രകടമാവുന്നത്. തങ്ങൾ നേരിടുന്ന പുറന്തള്ളലുകളെയും വിവേചനങ്ങളെയും സംഘടിതമായി മനസ്സിലാക്കുകയും പരിഹാരം തേടാനും വേണ്ടിയുള്ള മുസ്‌ലിങ്ങളുടെ ഇത്തരം സ്വയം സംഘാടനങ്ങൾ വിവാദങ്ങൾക്ക് കാരണമായിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസ്തുത യോഗത്തിന് സമ്മതം മൂളിയിരുന്നെങ്കിലും ഏത് വിധേനയായിരിക്കണം മുസ്‌ലിങ്ങൾ സംസാരിക്കേണ്ടത് എന്നത് സംബന്ധിച്ച അവരുടെ ഭാഗം അവർ വ്യക്തമാക്കിയിരുന്നു. ഈ മുസ്‌ലിം സമ്മേളനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്നിട്ടുണ്ടെന്നും “വിഭാഗീയ അടിസ്ഥാനത്തിൽ നടത്തുന്ന സമ്മേളനങ്ങൾക്ക് ഞങ്ങൾ അനുമതി നൽകാറില്ല എന്ന നിലയിൽ ഞങ്ങളിൽ ചിലർക്ക് ഇത് ഇഷ്ടപ്പെട്ടിട്ടില്ല” എന്നും, എന്നാൽ “അഭിപ്രായ പ്രകടനങ്ങൾ നടത്താനുള്ള ഒരു യോഗം ചേരാൻ പോലും കോൺഗ്രസ് അുമതി നൽകില്ല” എന്ന തോന്നലുണ്ടാക്കേണ്ടതില്ല എന്ന അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നു അന്നത്തെ കോൺഗ്രസ് പ്രസിഡന്റായ സഞ്ജീവ് റെഡ്ഡി മാധ്യ പ്രവർത്തകരോട് വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസിനകത്ത് നടന്ന ചർച്ചകൾക്കൊടുവിൽ ഉണ്ടായ “എല്ലാ ഇന്ത്യൻ ജനങ്ങളുടെയും സമ്പൂർണമായ ഉദ്ഗ്രഥനവും രാഷ്ട്രത്തിന്റെ മതേതര ആശയങ്ങളുടെ ശാക്തീകരണവും” ശക്തിപ്പെടുത്തുകയും “സാമുദായികവാദവും വിഘടനവാദവും എതിർക്കപ്പെടുകയും ചെയ്യുക” എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്നും, അതിനാൽ പ്രസ്തുത ലക്ഷ്യ പൂർത്തീകരണത്തിനായി “ഈ ആശയങ്ങളും ലക്ഷ്യങ്ങളും അംഗീകരിക്കുന്നവരെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്” എന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പ്രസ്തുത അനുമതി നൽകുന്നത് (Noorani 2004, 112-113).

വിഘടനവാദത്തെയും സാമുദായിക വാദത്തെയും പറ്റിയുള്ള പ്രശ്നങ്ങളെ മറിക്കടക്കുന്ന ഒന്നായും അതുകൊണ്ടു തന്നെ ഇന്ത്യൻ രാഷ്ട്രമെന്ന  ആശയത്തിന് എതിർവശത്ത് നിൽക്കുന്ന ഒന്നായും മാത്രമേ കോൺഗ്രസിന് ഈ സമ്മേളനത്തെ വീക്ഷിക്കാൻ കഴിഞ്ഞുള്ളൂ. ഇതിനോടുള്ള മുസ്‌ലിം നേതൃത്വത്തിന്റെ വിധേയത്വത്തെ  സമ്മേളനത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെയും മുസ്‌ലിം ലീഗിനെയും അവർക്കുണ്ടെന്ന് പറയപ്പെടുന്ന സാമുദായിക പ്രകൃതത്തിന്റെ പേരിൽ ക്ഷണിക്കാതിരിക്കാൻ അവർ നിർബന്ധിതരായി എന്ന വസ്തുതയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും (Noorani 2004, 116). വിഘടനവാദികളും ദേശവിരുദ്ധരുമായി മുദ്രകുത്തപ്പെട്ടേക്കാം എന്ന ഭീഷണിയെ മുൻനിർത്തി മുസ്‌ലിം നേതൃത്വത്തെ മതേതരത്വം ഉയർത്തിപ്പിടിക്കാനുള്ള അവരുടെ അമിതഭാരത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് മുസ്‌ലിം ആശങ്കകളെയും ആവശ്യങ്ങളെയും ദേശീയോദ്ഗ്രഥനം എന്ന നിലയിൽ പുനക്രമീകരിക്കാൻ കോൺഗ്രസിന് സാധിച്ചു എന്നതാണ് ഇവിടെ കാണേണ്ട പ്രധാന സംഗതി. നിലയിൽ മൗലാനാ ഹിഫ്സുർ റഹ്മാൻ വ്യക്തമാക്കിയ “ഇന്ത്യയുടെ മതേതരാടിത്തറയെ ശക്തിപ്പെടുത്താൻ വേണ്ടി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ സമ്മേളനം; അല്ലാതെ ദുർബലപ്പെടുത്താൻ വേണ്ടിയുള്ളതല്ല” എന്ന സമ്മേളനത്തിന്റെ പ്രമാണം, അവകാശവാദമുന്നയിക്കാനുള്ള (assertion) ഏതൊരു ശ്രമവും സാമുദായികമോ വിഘടനവാദപരമോ ആയി മുദ്രകുത്തപ്പെടും എന്ന ഭീഷണിക്കു മുന്നിൽ അവർ ലയനത്തെ പുൽകുന്നതിനെയാണ് (acceptance of assimilation) സൂചിപ്പിക്കുന്നത്.

മുസ്‌ലിം നേതൃത്വത്തിന്റെ ഇങ്ങനെയുള്ള ഉറപ്പുകളൊക്കെ ഉണ്ടായിരുന്നിട്ടു കൂടി സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷനും ദേശീയ ഉദ്ഗ്രഥന കമ്മിറ്റി ചെയർപേഴ്സണും പിന്നീട് പ്രധാന മന്ത്രിയാവുകയും ചെയ്ത ഇന്ധിരാ ഗാന്ധി യാത്രാ കാരണങ്ങൾ പറഞ്ഞു കൊണ്ട് യോഗത്തിൽ പങ്കെടുത്തില്ല (Noorani 2004, 118). രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 600 ആളുകൾ പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സങ്കടങ്ങളും ആവശ്യങ്ങളും (ഹിംസ, സാമൂഹ്യവും സാമ്പത്തികവുമായ പുറന്തള്ളലുകൾ എന്നു തുടങ്ങി ഉറുദു ഭാഷയുടെ പദവി വരെ ഇതിന്റെ ഭാഗമായിരുന്നു) ചർച്ച ചെയ്യപ്പെടുകയും ചെയ്തു. സമ്മേളനാന്തരം മാധ്യമങ്ങളോട് സംസാരിക്കവേ സമ്മേളന അദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ ഡോ. സയ്യദ് മഹ്മൂദ് മുസ്‌ലിങ്ങളെ പൊതുവിൽ ഉത്തരവാദിത്തവും വിശ്വാസ്യതയും ആവശ്യമായ സ്ഥാനങ്ങളൊന്നും ഏല്പിക്കാൻ കഴിയാത്ത സംശയിക്കേണ്ടവരും വഞ്ചകരും കുറ്റവാളികളും ആയാണ് പരിഗണിക്കാറുള്ളതെന്നു അക്കാരണത്താൽ തന്നെ തൊഴിൽ നേടുകയെന്നത് മുസ്‌ലിങ്ങളെ സംബന്ധിച്ച് അസാധ്യമാണെന്നും വ്യക്തമാക്കിക്കൊണ്ട് ഇത്തരം പ്രശ്നങ്ങളുടെ ആഴത്തെ അടിവരയിട്ട് പറഞ്ഞു. വിദേശികൾക്ക് പോലും ഇന്ത്യൻ ഭരണകൂടവും ഭരണാധികാരികളും മുസ്‌ലിങ്ങളുടെ തൊഴിലിനെ പിന്തുണച്ചിരുന്നില്ലെന്ന് തോന്നിയിരുന്നതായി ഡോ. മഹ്മൂദ് സൂചിപ്പിക്കുന്നു (Noorani 2004, 122). സമ്മേളനത്തിലുന്നയിക്കപ്പെട്ട ആശങ്കകൾ സമർപ്പിക്കപ്പെട്ട പ്രധാന മന്ത്രി നെഹ്റുവും അദ്ദേഹത്തിന്റെ കോൺഗ്രസ് സഹകാരികളും ഇന്ത്യയുടെ ഐക്യത്തിനും രാജ്യത്തെ വിഭജിക്കുന്ന പ്രവണതളെ നിരുത്സാഹപ്പെടുത്തുന്നതിനും സമ്മേളനം നൽകിയ ഊന്നലിനെ സ്വാഗതം ചെയ്യുകയും അതോടൊപ്പം, മുസ്‌ലിങ്ങൾ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ മാത്രം സ്വയം പരിമിതപ്പെടരുതെന്നും മറിച്ച് പ്രശ്നങ്ങളെ കൂടുതൽ വിശാലമായ തലത്തിൽ സമീപിക്കണമെന്നും കൂട്ടിച്ചേർത്തു (Noorani 2004, 120). പ്രധാന മന്ത്രിയോ കോൺഗ്രസ് നേതൃത്വമോ മുസ്‌ലിം പുറന്തള്ളലും വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി പ്രതിപാദിക്കുകയോ സ്പർശിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, പകരം അവരുടെ വ്യവഹാരങ്ങൾ മുസ്‌ലിം നേതാക്കളെ ഒന്നുകിൽ നല്ല, മതേതരനായ, വിധേയത്വമുള്ള മുസ്‌ലിം (Assimilative Muslim) അല്ലെങ്കിൽ മോശം, വിഘടനവാദിയായ അവകാശങ്ങളുന്നയിക്കുന്ന മുസ്‌ലിം (Assertive Muslim) എന്നിങ്ങനെയുള്ള രണ്ട് തിരഞ്ഞെടുപ്പുകൾക്കിടയിൽ പ്രതിഷ്ഠിക്കുകയാണുണ്ടായത്. ഇത്തരമൊരു വ്യാവഹാരിക നീക്കം എല്ലാ തരം മുസ്‌ലിം കർതൃത്വങ്ങളെയും അല്ലെങ്കിൽ ഓർത്തെടുക്കാനുള്ള ശ്രമങ്ങളെയും വിഭജനാത്മകമെന്ന് വരുത്തിത്തീർത്തു.

ചരിത്രരഹിതമായ ഒരു ഇന്ത്യൻ സംഘടിത സ്വത്വത്തിന് അനുകൂലമായി മുസ്‌ലിം കർതൃത്വ മായ്ച്ചു കൊണ്ടു മാത്രമേ ഇന്ത്യ എന്ന ആശയത്തിന്റെ മൗലികാടിത്തറയെന്ന് പറയപ്പെടുന്ന മതേതര ദേശീയത നിർമ്മിച്ചെടുക്കുക സാധ്യമായിരുന്നുള്ളൂ. നിയമസാധൂകരണത്തിന്റെയും രാഷ്ട്രാധികാരത്തിന്റെയും വ്യവഹാരങ്ങളെയും ചോദ്യം ചെയ്യാൻ ഇത്തരം ഓർത്തെടുക്കലുകൾ മുസ്‌ലിങ്ങളെ പ്രാപ്തമാക്കുകയും അതിലൂടെ “ലോകത്തെ പുനർവിഭാവനം ചെയ്യാനുള്ള വാതായനം തുറക്കപ്പെടുന്നു. അത്തരമൊരു വെളിപാടിന്റെ അവസ്ഥയിലാണ് രാഷ്ട്രീയപരതയുടെ മുഖ്യ വിശേഷണങ്ങളുള്ളത്” (Bell 2006, 10). ഓർത്തെടുക്കാനുള്ള ഈ മുസ്‌ലിം കാമനയുടെ സംഘർഷങ്ങളെ ഭൂതകാലത്തെ പകർത്താനുള്ള കേവല ശ്രമമായി തെറ്റിദ്ധരിക്കരുത്. വിറ്റ്ഗസ്റ്റൈൻ അവകാശപ്പെടുന്നത് പോലെ ഓർമ്മയെന്നത് കേവലം വിവരങ്ങളുടെ കലവറയല്ല, മറിച്ച് പ്രവർത്തിക്കാനുള്ള അല്ലെങ്കിൽ പ്രകടിപ്പിക്കാനുള്ള ഒരു വഴിയൊരുക്കുന്ന ഒരു ശേഷിയെന്ന നിലയാണ് ഓർമ്മയെ മനസ്സിലാക്കപ്പെടുന്നത് (Moyal-Sharrock 2009). അത്തരമൊരു പ്രകടനം അല്ലെങ്കിൽ ഓർത്തെടുക്കുന്ന പ്രവർത്തനം പുനസങ്കല്പനവുമായി ബന്ധപ്പെട്ടതുമാണ്, ഇസ്‌ലാമിന്റെ ഭവശാസ്ത്രപരമായ പ്രകൃതത്തിൽ ആധാരമാക്കിയിട്ടുള്ള ഒന്നുമാണ്. ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ചില സങ്കല്പന ശ്രമങ്ങൾ ഈ ഭവശാസ്ത്രപരമായ പ്രകൃതത്തെ നിഷേധിക്കുന്നതെങ്ങനെയെന്നും അതൊരു തരം നിർണിതവാദ ഇസ്‌ലാമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാവുന്നത് എങ്ങനെയെന്നും പരിശോധിക്കാം (Sayyid 2014).

(തുടരും)


കുറിപ്പുകൾ

[1] താഴെ കൊടുത്ത വ്യത്യസ്ത വാർത്താ തലക്കെട്ടുകൾ ഇതിന്റെ ഒരുദാഹരണമാണ്:  Renewed anxieties: Why are Indian Muslims fearful of 2024? (Maktoob Media); India’s Muslims fear for their future under Narendra Modi (BBC); Muslims fearful for future in Modi’s Hindu supremacist India (The New Arab); Fear, Depression in Indian Muslims Is Palpable Even Among Those Who Are ‘Privileged’ (The Wire); India’s Future Looks More Hardline Hindu Than Ever as States Lean to Modi (Bloomberg); Will India’s future generations forgive its decay into anti-Muslim hatred? (Al Jazeera); The Ram Mandir temple and Narendra Modi’s scary vision for India’s future (Vox).

[2] അത്തരം പഠനങ്ങള കുറിച്ചുള്ള ലഘു വിവരണത്തിന് Kattiparambil (2023) കാണുക.

[3]“Save the Constitution” എന്ന് ഗൂഗിളിൽ പരതിയാൽ തന്നെ ഈ മുദ്രാവാക്യത്തിന് ഹിന്ദുത്വവിരുദ്ധ വാചാടോപത്തിലുള്ള ജനകീയത തെളിയിക്കുന്ന അനേകം ഉദാഹരണങ്ങൾ ലഭ്യമാവും.


അവലംബം

Abbasi, Rushain. 2020. “Did Premodern Muslims Distinguish the Religious and Secular? The Dīn–Dunyā Binary in Medieval Islamic Thought.” Journal of Islamic Studies 31 (2): 185–225.

Bell, D., ed. 2006. Memory, Trauma and World Politics: Reflections on the Relationship Between Past and Present. N.p.: Palgrave Macmillan UK.

Kattiparambil, S. (2023) “Conceptualizing Islamophobia in India”. Islamophobia Studies Journal, 8(1), pp. 123–140.

Moyal-Sharrock, D. 2009. “Wittgenstein and the Memory Debate.” New Ideas in Psychology 27 (2): 213-227. https://doi.org/10.1016/j.newideapsych.2009.07.001.

Noorani, A.G., ed. 2004. The Muslims of India: A Documentary Record. N.p.: OUP India.

Ricoeur, Paul. 2004. Memory, history, forgetting. Translated by Kathleen Blamey and David Pellauer. N.p.: University of Chicago Press.

Sayyid, Salman. 2014. “A measure of Islamophobia.” Islamophobia Studies Journal 2 (1): 10-25.

വിവർത്തനം: മൻഷാദ് മനാസ്

ഷഹീൻ കെ. മൊയ്തുണ്ണി