യു.കെയിലെ വിവിധ ഭാഗങ്ങളിൽ നടനമാടിയ ഇസ്ലാമോഫോബിക് വംശഹത്യ അപ്രതീക്ഷിതമെന്നോണമാണ് സംഭവിച്ചത്. ഫ്രാൻസിലും ഓസ്ട്രിയയിലുമുള്ള മുസ്ലിങ്ങളുൾപ്പെടെയുള്ള മിക്കവരും സഹിഷ്ണുതയുടെ കേന്ദ്രമായാണ് ഇംഗ്ലണ്ടിനെ കാണുന്നത്: ഇസ്ലാമോഫോബിക്കായ ഒരു ഭരണകൂടത്തിന്റെ കൈകടത്തലുകളില്ലാതെ സമുദായങ്ങൾക്ക് അവരുടെ വിശ്വാസം അനുഷ്ഠിക്കാൻ കഴിയുന്ന ഒരു മുസ്ലിം സൗഹൃദ രാഷ്ട്രം.
പതിനേഴുകാരനായ ഒരു മുസ്ലിം അഭയാർത്ഥി മൂന്ന് പെൺകുട്ടികളെ വധിച്ചു എന്ന അഭ്യൂഹം ഇത്തരത്തിലൊരു ഹിംസക്ക് തുടക്കം കുറിക്കുമെന്ന് ഒരാൾക്കും പ്രവചിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ, ആരോപിതനായ ആൾ മുസ്ലിമോ കുടിയേറ്റക്കാരനോ ആയിരുന്നില്ല, മറിച്ച് യു.കെയിൽ ജനിച്ച ഒരു കൃസ്ത്യൻ വിശ്വാസിയായിരുന്നു. പക്ഷേ, കുറ്റവാളി മുസ്ലിമായിരുന്നു എന്നുതന്നെ ഇരിക്കട്ടെ, പള്ളികൾക്കെതിരെയുള്ള ആക്രമണം, മുസ്ലിം ഉടമസ്ഥതയിലുള്ള കച്ചവട സ്ഥാപനങ്ങൾക്കു നേരെയും വെള്ളക്കാരല്ലാത്തവർക്കെതിരെയുമുള്ള ആക്രമണങ്ങൾ, പ്രവാചകൻ മുഹമ്മദിനെയും (സ്വ) ഇസ്ലാമിനെയും അധിക്ഷേപിച്ചു കൊണ്ടുള്ള മുദ്രാവാക്യം വിളികൾ എന്നിവയ്ക്കുള്ള ന്യായീകരണമായി അത് മാറുമോ?
വംശഹത്യയുടെ കാരണം
ഒരു വ്യക്തിയെ ഒരു സമുദായത്തെ ഒന്നടങ്കം പ്രതിനിധീകരിക്കുന്നവനായി കണക്കാക്കുന്നു എന്നതാണ് എല്ലാ തരം വംശീയതകളുടെയും പ്രധാന സവിശേഷത. മുസ്ലിമത്വത്തിന്റെ (Muslimness) പ്രകടനങ്ങളായി മനസ്സിലാക്കപ്പെടുന്നവയ്ക്ക് നേരെയുള്ള ഹിംസാത്മക പ്രവർത്തനങ്ങളിൽ മാത്രമല്ല ഇസ്ലാമോഫോബിയ സന്നിഹിതമായിരിക്കുന്നത്, മറിച്ച് അത്തരം ഹിംസകളെ ചിന്തനീയമാക്കുന്ന വ്യവസ്ഥിതികളിൽ കൂടെ അത് ഉള്ളടങ്ങിയിരിക്കുന്നു. ഒരു അഭ്യൂഹമായിരിക്കാം അതിന് തുടക്കം കുറിച്ചത് എങ്കിലും അതായിരുന്നില്ല മൂല കാരണം.
ഇസ്ലാമോഫോബിയ ഒരു പതിവായി മാറിയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സൂക്ഷ്മാതിക്രമങ്ങൾ മുതൽ വംശഹത്യ വരെ, ഗസ്സ മുതൽ ഗുജറാത്ത് വരെ, തെരുവ് ചട്ടമ്പികൾ മുതൽ കോടീശ്വരന്മാരും മാധ്യമ സ്ഥാപനങ്ങളും ഭരണകൂടങ്ങളും വരെ അതിന്റെ ഭാഗമാണ്. മുസ്ലിം ജീവിതങ്ങൾക്ക് എന്തെങ്കിലും വിലയുള്ളതായി തോന്നുന്നില്ല. ബ്രിട്ടനിലെ പ്രസ്തുത ഇസ്ലാമോഫോബിക് വംശഹത്യയിലെ സവിശേഷതയിൽ മാത്രമായി നാം ശ്രദ്ധയൂന്നിയാൽ അതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി പരിഗണിക്കുകയും അതിന്റെ കാരണങ്ങളെ അദൃശ്യമാക്കുകയും ചെയ്യുന്നതിലേക്ക് അത് നമ്മെ നയിക്കും.
ഏതെങ്കിലും ഒരു ദേശരാഷ്ട്രത്തിന്റെ അതിർത്തികൾക്കുള്ളിൽ മുസ്ലിങ്ങളെ ഉൾക്കൊള്ളാൻ സാധിക്കില്ല എന്നതു കൊണ്ടാണ് മുസ്ലിമത്വത്തെ ഇസ്ലാമോഫോബിയ ഉന്നമിടുന്നത്. വംശീയദേശീയതയെ അവർ [മുസ്ലിങ്ങൾ] അതിർലംഘിക്കുകയും വംശീയതക്കപ്പുറമുള്ള ഒരു ജനതയെ വിഭാവന ചെയ്യാനുള്ള സാധ്യതയെ ആത്യന്തികമായി അർ പ്രതിനിധീകരിക്കുന്നു എന്നതു കൊണ്ട് തന്നെ നമ്മുടെ പൊതു മനുഷ്യത്വത്തെ കുറിച്ച് അവർ നിരന്തരം ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. അമുസ്ലിം, മുസ്ലിം രാഷ്ട്രങ്ങളിൽ ഇസ്ലാമോഫോബുകൾ രംഗപ്രവേശനം ചെയ്യുമ്പോഴൊക്കെ ഒന്നാമതായി അവർ ഇസ്ലാമിനെ ദേശസാൽക്കരിക്കാൻ ശ്രമിക്കുന്നു. അതിനി ഫ്രാൻസിലെയും ചൈനയിലെയും ഭരണകൂടങ്ങളായാലും സിറിയൻ അഭയാർത്ഥികളെ ബലാൽക്കാരമായി തന്നെ തിരിച്ചയക്കണമെന്ന ആവശ്യമുന്നയിക്കുന്ന തുർക്കിയിലെ ഹിജാബി വനിതകളായാലും ശരി, അത് ഇസ്ലാമോഫോബിയയാണ്, അതൊരു ആഗോള പ്രതിഭാസവുമാണ്.
ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്ന വംശഹത്യാപരമായ ആക്രമണത്തിനിടയ്ക്കാണ് ബ്രിട്ടനിലെ ഇപ്പറഞ്ഞ ഇസ്ലാമോഫോബിക് വംശഹത്യ സംഭവിക്കുന്നത്. ഒക്ടോബർ ഏഴ് മുതൽ ബ്രിട്ടനിലെ ഫലസ്തീൻ അനുകൂല, വംശഹത്യാ വിരുദ്ധ പ്രക്ഷോഭങ്ങളെ “hate marches” എന്ന് വിശേഷിപ്പിക്കുകയും സെമിറ്റിക്ക് വിരുദ്ധരെന്ന നിലയിൽ അപലപിക്കുകയുമാണ് ബ്രിട്ടൺ ഭരണകൂടം ചെയ്തതെങ്കിൽ, അതേസമയം മറുവശത്ത് ഒരു കൊളോണിയൽ വംശീയ ഭരണകൂടം നടപ്പിലാക്കുന്ന വംശഹത്യയെ സൈനികവും നയതന്ത്രപരവുമായ പിന്തുണകളിലൂടെ സഹായിക്കുന്നത് അവർ തുടരുകയും ചെയ്യുന്നു.
മുസ്ലിങ്ങൾക്കും ഫലസ്തീനികൾക്കുമെതിരെയുള്ള തെൽ അവീവിയൻ പ്രോപ്പഗണ്ടയെ തീവ്ര വലതുപക്ഷക്കാരും അവരെ പിന്തുണക്കുന്നവരും നിരന്തരം പ്രചരിപ്പിച്ചിട്ടുണ്ട്. ഫലസ്തീനികൾക്കെതിരായ അപമാനവീകരണം ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റുകൾക്കെതിരായ പൈശാചികവൽക്കരണവുമാണ് കഴിഞ്ഞ വാരം ലോകം സാക്ഷ്യം വഹിച്ച ഇസ്ലാമോഫോബിക് ഹിംസകളുടെ പൊട്ടിപ്പുറപ്പെടലിന്റെ പശ്ചാത്തലം.
കുറ്റവാളികളും അതിനെ സാധ്യമാക്കിയവരും
വംശഹത്യകളിൽ കുറ്റവാളികളെ തിരിച്ചറിയുക എളുപ്പമാണ്. കത്തിക്കലും കൊള്ളയടിയും ആക്രമണങ്ങളുമൊക്കെ അഴിച്ചുവിടുന്നവരാണ് അവർ. പക്ഷേ വംശഹത്യയെ സാധ്യമാക്കുന്നവരെ അവഗണിച്ചു കൊണ്ട് അതിലെ കുറ്റവാളികളിൽ മാത്രമായി നാം ശ്രദ്ധ കേന്ദ്രീകരിച്ചാൽ, മുസ്ലിങ്ങൾക്കും അഭയാർത്ഥികൾക്കും എതിരായ അന്തരീക്ഷം നിർമ്മിച്ചെടുക്കുന്നതിൽ സംഭാവനകളർപ്പിച്ച മുതിർന്ന രാഷ്ട്രീയ നേതാക്കളും അഭിപ്രായ നിർമ്മാതാക്കളും തമ്മിലുള്ള ബാന്ധവത്തെ നാം കാണാതെ പോവും.
ഉദാഹരണത്തിന്, പ്രസ്തുത വംശഹത്യ നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിൽ ബ്രിട്ടന്റെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥിയും ഭാവി പ്രധാനമന്ത്രി ആവാൻ സാധ്യതയുമുള്ള റോബർട്ട് ജെൻറിക് “അല്ലാഹു അക്ബർ” വിളിക്കുന്ന എല്ലാ മുസ്ലിമിനെയും അറസ്റ്റു ചെയ്യണമെന്ന് ഒരു ടെലിവിഷൻ വാർത്താ അഭിമുഖത്തിൽ പറയുകയുണ്ടായി.
ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടനുമായി ചർച്ച നടത്താൻ പുതിയ ലേബർ ഗവണ്മെന്റ് ഇപ്പോഴും കൂട്ടാക്കുന്നില്ല. സെമിറ്റിക് വിരുദ്ധതയെ അനായാസം തിരിച്ചറിയാൻ കെല്പുള്ള ലേബർ പാർട്ടിക്ക്, ബ്രിട്ടനിലെ മറ്റേതൊരു സ്ഥാപനത്തെയും പോലെ, പള്ളികൾക്കു നേരെയുള്ള ആക്രമണങ്ങളെയും ഹിജാബ് ധാരികളായ സ്ത്രീകൾക്കും മുസ്ലിങ്ങളെന്നു കരുതപ്പെടുന്നവർക്കും നേരെയുള്ള അതിക്രമങ്ങളെയും ഇസ്ലാമോഫോബിയയെന്ന് നിസ്സംശയം വിശേഷിപ്പിക്കാൻ സാധിക്കുന്നില്ല. അതിനവർക്ക് വാക്കുകളില്ല.
എന്നിരുന്നാലും, ഇസ്ലാമോഫോബിയ എന്നാൽ കേവലം വാക്കുകൾ മാത്രമല്ല. പകരം, എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു ആശയമാണ് അത്. അതില്ലാതെ മുസ്ലിങ്ങൾക്കെതിരായ ഹിംസയെയും ലംഘനങ്ങളെയും നയിക്കുന്നതെന്താണെന്ന് നമുക്ക് കാണാൻ കഴിയില്ല. 1980-കൾ മുതൽ തന്നെ വലിയൊരു വിഭാഗം യൂറോപ്യൻ രാഷ്ട്രീയ നേതൃത്വവും അഭിപ്രായ നിർമ്മാതാക്കളും, യൂറോപ്യൻ ജനത ജനസംഖ്യാപരമായും സാംസ്കാരികമായും വിദേശികളാൽ പുനസ്ഥാപിക്കപ്പെടാൻ പോവുകയാണെന്ന് അനുമാനിക്കുന്ന ഗ്രേറ്റ് റീപ്ലേസ്മെന്റ് ഗൂഢാലോചന (ഇതിൽ വിദേശികളിൽ ഏറ്റവും വിദേശികളായവർ മുസ്ലിങ്ങളാണ്) എന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ സ്വാധീനത്താലുള്ള പുതിയ സാമൂഹിക ഉടമ്പടി എന്ന ലക്ഷ്യാർത്ഥം മുസ്ലിങ്ങൾക്കും കുടിയേറ്റക്കാർക്കും മാർക്സിസ്റ്റുകൾക്കും ഇടയിൽ ഒരു സമാനത ഉണ്ടാക്കിയെടുത്തിട്ടുണ്ട്. തുടർന്നു വന്ന ഭരണകൂടങ്ങളും അഭിപ്രായ രൂപകർത്താക്കളും മാധ്യമ സ്ഥാപനങ്ങളും സാമൂഹ്യമാധ്യമങ്ങളും ദശകങ്ങളോളം ആവർത്തിച്ച ഈ ആശയങ്ങളാണ് ബ്രിട്ടനിലെ ഇസ്ലാമോഫോബിക് വംശഹത്യക്ക് ഇന്ധനമായത്.
ബ്രിട്ടനിലെ ഇസ്ലാമോഫോബിക് വംശഹത്യയുടെ ഏറ്റവും പ്രതീക്ഷാ ജനകമായ ഒരു ഉപോൽപ്പന്നമെന്നു പറയുന്നത് ജനകീയ പ്രക്ഷോഭങ്ങൾ എങ്ങനെയാണ് അതിനെ അപമാനിച്ചത് എന്നതായിരുന്നു. ദശകങ്ങൾ നീണ്ടു നിന്ന ഇസ്ലാമോഫോബിക് പ്രചാരണങ്ങളെ വകവെക്കാതെ മുസ്ലിങ്ങളും അമുസ്ലിങ്ങളും വെള്ളക്കാരല്ലാത്തവരും ഇടതുപക്ഷക്കാരും വംശീയതയെ എതിർക്കുന്ന മറ്റുള്ളവരും ഉൾപ്പെടെ തീവ്രവലതുപക്ഷത്തിന്റെ തെരുവുപടയാളികളെക്കാൾ കൂടുതൽ ആളുകൾ സംഘടിതമായി തെരുവിലിറങ്ങുകയും അവരുടെ നേതാക്കളെ നിശബ്ദരാക്കുകയും ചെയ്തു.
ഇസ്ലാമോഫോബിയ അപരിഹാര്യമല്ലെന്നും അതിനെ പരാജയപ്പെടുത്തുക സാധ്യമാണെന്നും തെളിയിക്കുന്നതായിരുന്നു ഫലസ്തീനിയൻ പതാകകളേന്തിയ ഇത്തരം പ്രതിപ്രക്ഷോഭങ്ങൾ. സ്വതന്ത്ര ഫലസ്തീന്റെ മാത്രമല്ല, കൊളെണിയൽ വിരുദ്ധ, വംശീയ വിരുദ്ധ, ഇസ്ലാമോഫോബിക് വിരുദ്ധ ചെറുത്തുനിൽപ്പിന്റെ കൂടി ചിഹ്നമായി ഫലസ്തീനിയൻ പതാക മാറിയിരിക്കുന്നു.