Campus Alive

ഓർമിച്ചെടുക്കേണ്ട ‘നഷ്ട്ടപ്പെട്ട ചരിത്രം’

ചരിത്രം ഭൂതകാലത്തിന്റെ വിശദീകരണം മാത്രമല്ല, ജീവിക്കുന്ന കാലത്തെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാനുള്ള ഒന്നുകൂടിയാണ്. അതു കൊണ്ട് തന്നെ ചരിത്രത്തെ നഷ്ട്ടപ്പെടുത്തുന്നതും വികൃതമാക്കുന്നതും ചരിത്രഹത്യ  നടത്തുന്നത് പോലും യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായിരുന്നു. സാമ്രാജ്യത്വ ശക്തികൾ ചരിത്രത്തെ ഭയപ്പെട്ടു. പൗരസ്ത്യ ദേശങ്ങൾ അപരിഷ്കൃതമാണ്(barbarians) എന്നും അവയുടെ മേലുള്ള യൂറോപ്യൻ സാമ്രാജ്യത്വം അവരെ സംസ്കരിക്കാനുള്ള പടിഞ്ഞാറിന്റെ ദൗത്യമാണ് എന്ന കാഴ്ചപാടും കൊളോണിയലിസ്റ്റുകളിൽ രൂക്ഷമായി നിലനിന്നു. ദൈവത്തിന് പകരം വെളുത്ത പുരുഷൻമാർ കേന്ദ്രസ്ഥാനം ഏറ്റെടുത്തു. മാത്രമല്ല ശാസ്ത്രീയ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയെടുക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് പാശ്ചാത്യൻ ബുദ്ധിക്ക് മാത്രമാണ് എന്ന് സിദ്ധാന്തിക്കപ്പെട്ടു. I think, Therefore I am, ‘ഞാൻ ചിന്തിക്കുന്നു, അതു കൊണ്ട് ഞാൻ ഉണ്ട്’ എന്നതായിരുന്നു ഈ വിജ്ഞാനങ്ങുടെ അടിസ്ഥാനം. അത് സമർത്ഥിക്കാൻ റുഡ്യാർഡ് ക്ലിപിങ് വൈറ്റ്മാൻസ് ബേർഡൻ(white man’s burden) എഴുതാൻ നിർബന്ധിതനായി. മുസ്‌ലിംകൾ അധികാരം കൈയ്യാളിയ 1000 വർഷങ്ങളെ ഇരുണ്ട കാലഘട്ടം (Dark Age) എന്ന് വിശേഷിപ്പിച്ചു. ക്രിസ്തുമതവും ക്രിസ്തുമതത്തിന്റെ സന്ദേശവും എത്താത്തിടങ്ങളിലെ ജനസഞ്ചയം സംസ്കാര ശൂന്യർ ആണെന്ന് ക്രിസ്ത്യൻ മിഷനറിമാരും കമ്പനി മേധാവികളും വിശ്വസിച്ചു. അത്തരം ആളുകൾക്ക് ആത്മാവ് ഇല്ലെന്നും അതുകൊണ്ടവർ മനുഷ്യരല്ലെന്നു വരെ യൂറോപ്പ് മനസ്സിലാക്കിയ കാലം ഉണ്ടായിരുന്നു. അങ്ങനെ അങ്ങേയറ്റം ക്രൂരവും അപലപനീയവുമായ കൊളോണിയലിസം വെള്ളപൂശപ്പെട്ടു. യൂറോപ്പ് എഴുതിയുണ്ടാക്കിയ ചരിത്രം അതിന്റെ അധികാരഘടനയെ ആശ്രയിച്ചുള്ളവയായിരുന്നു. ചരിത്ര രചനകളിലും വായനകളിലും യൂറോ കേന്ദ്രീകൃതമായ പല ടൂളുകളും കൃത്യമായി ഉപയോഗിക്കപ്പെട്ടു. ശാസ്ത്രീയമായ സ്രോതസ്സുകൾ ഇല്ലാത്ത ചരിത്രങ്ങൾ പുറം തള്ളപ്പെട്ടു. അതിനെ പോസ്റ്റീവിസം പോലുള്ള ആധുനിക സിദ്ധാന്തങ്ങൾ ഉപയോഗിച്ച് ന്യായീകരിച്ചു. അതു കൊണ്ട് തന്നെ പൗരസ്ത്യലോകത്ത് നിന്നുണ്ടായ ഒരു മുന്നേറ്റങ്ങളേയും കണ്ടുപിടുത്തങ്ങളേയും യൂറോപ്പ് അംഗീകരിച്ചില്ല എന്ന് മാത്രമല്ല അവയിൽ മാറ്റതിരുത്തലുകൾ വരുത്തുകയും ചെയ്തു. അങ്ങനെ ശാസ്ത്രത്തിന്റെയും കലയുടേയും ചരിത്രം യൂറോപ്പിൽ മാത്രം കറങ്ങി തിരിഞ്ഞു. ഇസ്‌ലാമിക നാഗരികത വഴി ഉണ്ടായ സംഭാവനകളെ അവഗണിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തതിലൂടെ പല മുസ്‌ലിം പ്രതിഭകളുടേയും പേരുകൾ ഫൂട്ട് നോട്ടുകളിൽ മാത്രം ഒതുങ്ങി നിന്നു. ഇസ്‌ലാമിന്റെ ഭാഗത്തു നിന്നുള്ള മുഴു സംഭാവനകളേയും തമസ്കരിക്കുക എന്നതാണ് ഇസ്‌ലാമോഫോബിയയുടെ അക്കാദമിക ശൈലിയെന്ന് റമോൺ ഗ്രോസ്ഫുഗൽ (Ramon Grosfoguel)സൂചിപ്പിക്കുന്നുണ്ട്. ആയിരം വർഷത്തെ മുസ്‌ലിം സംസ്കൃതിയുടെ ചരിത്രം മറച്ചുവെക്കുന്നതിലൂടെ അത് കൂടിയാണ് സാധ്യമാക്കപ്പെടുന്നത്. അതിനുമപ്പുറത്ത് മതം മനുഷ്യ സമൂഹത്തിന് കാര്യമായ സംഭാവന ചെയ്തിട്ടില്ല എന്നു തുടങ്ങിയ ധാരണകൾ വരെ യൂറോപ്യൻ മതേതരവാദികളിൽ നിന്ന് ഉണ്ടായി.

മൈക്കിൾ ഹാമിൾട്ടൺ മോർഗൻ

ഇങ്ങനെ ഫാബ്രികേറ്റ് ചെയ്യപ്പെട്ട ഒരു ചരിത്രത്തിനും ചരിത്ര വായനയ്ക്കും എതിരെയുള്ള പ്രതിആഖ്യാനം(counter narration) ആണ് അമേരിക്കൻ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കിൾ ഹാമിൾട്ടൺ മോർഗന്റെ 390 ഓളം പേജുകളുള്ള ലോസ്റ്റ് ഹിസ്റ്ററി എന്ന കൃതി. അമേരിക്കയിലെ 9/11 ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ പ്രശസ്തമായൊരു ബിസിനസ്സ് എക്സിക്യൂട്ടീവിന് വേണ്ടി പ്രസംഗം തയാറാക്കാനുള്ള ചുമതല മോർഗനിൽ വന്നു ചേരുന്നതിലൂടെയാണ് പുസ്തക രചനയിലേക്ക് മോർഗൻ എത്തിചേരുന്നത്. സാഹചര്യം പരിഗണിച്ച് 9/11 അക്രമണത്തെ പറ്റിയും മുസ്‌ലിം അമുസ്‌ലിം ബന്ധങ്ങളിൽ വന്ന അകൽച്ചയെ പറ്റിയും അത് ഇല്ലാതാക്കേണ്ടതിനെ പറ്റിയും പ്രസംഗത്തിൽ പരാമർശിക്കാമെന്ന് ധാരണയായി. അതിനായ് മുസ്‌ലിം ലോകത്തിന്റെ മഹാപാരമ്പര്യം അനുസ്മരിക്കാനും വർത്തമാനകാല പ്രസക്തി സൂചിപ്പിക്കാനും മോർഗൻ തീരുമാനിച്ചു. അങ്ങനെയുള്ള വായനാ അന്വേഷണങ്ങളിലൂടെ യൂറോപ്യൻ നവോത്ഥാനത്തിന് മരുന്നിട്ടത് മുസ്‌ലിം നാഗരികതകൾ ആണ് എന്നും ബൗദ്ധിക തലത്തിൽ യൂറോപ്പിനേക്കാൾ എത്രയോ മുന്നിൽ ആയിരുന്നു മുസ്‌ലിംകൾ എന്നും മോർഗൻ മനസ്സിലാക്കുന്നു. തുടർന്നുള്ള അദ്ദേഹത്തിന്റെ വായനാ അന്വേഷണങ്ങളുടെ ക്രോഡീകരണമാണ് ലോസ്റ്റ് ഹിസ്റ്ററി എന്ന ബൃഹത് ഗ്രന്ഥം. ഇസ്‌ലാമിക നാഗരികതയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പഠനങ്ങളും ക്രിസ്തുവർഷം 632-ൽ തുടങ്ങി 1258-ൽ ബാഗ്ദാദിന്റെ പതനത്തോട് കൂടി നിർത്തും. എന്നാൽ അതിൽ നിന്ന് ഭിന്നമായി മധ്യേഷ്യയിലും ഓട്ടോമൻ തുർക്കിയിലും മുഗൾ ഇന്ത്യയിലുമൊക്കെയായി പതിനെട്ടാം നൂറ്റാണ്ടുവരെ വ്യാപിച്ചുകിടക്കുന്ന മുസ്‌ലിം ചിന്തയുടെ ചരിത്രത്തിലൂടെയാണ് ഈ പുസ്തകം കടന്നുപോവുന്നത് എന്ന് ഗ്രന്ഥകാരൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭാഷാപരമായ ബുദ്ധിമുട്ടുകൾ, രണ്ടു കാലഘട്ടങ്ങൾക്കിടയിലെ വലിയ വിടവ്, പരിചയമില്ലാത്ത പേരുകളും സ്ഥലവും സംഭവങ്ങളും സൃഷ്ട്ടിക്കുന്ന അവ്യക്തതകൾ, നവോത്ഥാനത്തേയും പിൽക്കാല നേട്ടങ്ങളേയും സംബന്ധിച്ച യൂറോ കേന്ദ്രീകൃത വിവരങ്ങൾ നേടിയ ആധിപത്യം, അഗ്നിക്ക് ഇരയാക്കപ്പെട്ട പുസ്തകശാലകളും ഗ്രന്ഥപുരകളും തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ടാണ് മുസ്‌ലിം സുവർണ്ണ കാലഘട്ടം ‘ലോസ്റ്റ് ഹിസ്റ്ററി’യായി പരിണമിച്ചു പോവാൻ കാരണമായത് എന്ന് മോർഗൻ കണ്ടെത്തുന്നു. വിശിഷ്ടമായ ഒരു ചരിത്രം രേഖപ്പെടുത്തുക എന്നത് മാത്രമല്ല, ഖലീഫ മഅ്മൂൻ പറഞ്ഞതു പോലെ യുക്തി വിചാരത്തേയും അല്ലാഹുവിൽ നിന്നുള്ള വഹ്‌യിനേയും ഒന്നിച്ച് കൊണ്ട് പോവാൻ പറ്റും എന്നും മനസ്സിനെ പൂർണ്ണമായി തുറന്ന് വെച്ച് മനുഷ്യന്റെ സർഗാത്മകതയെ സ്വതന്ത്രമാക്കിയാൽ ശാന്തിയും സമാധാനവും ഉൾപ്പെടെ പല അത്ഭുതങ്ങളും സാധ്യമാവും എന്ന് കൂടി പറഞ്ഞുവെക്കാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം എന്ന് കൂടി മോർഗൻ അഭിപ്രായപ്പെടുന്നു.

പുസ്തകത്തിന്റെ ആഖ്യാനശൈലി ഏറക്കുറെ നോവലിന് സമാനമായിട്ടുള്ളതാണ്. മിക്ക അധ്യായങ്ങളും തുടങ്ങുന്നത് വർത്തമാന കാലവുമായി ബന്ധപ്പെട്ട ഫിക്ഷനുകൾ കൊണ്ടാണ്. അത്തരം ഫിക്ഷനുകളിലെ കഥാപാത്രങ്ങളെ ഭൂതകാല ചരിത്രവുമായി ബന്ധിപ്പിച്ചും ചിലപ്പോൾ അല്ലാതെയും ഗ്രന്ഥകാരൻ രചന തുടരുന്നു. യൂറോപ്യൻ നവോത്ഥാനത്തിന് തിരിതെളിയിച്ച മുസ്‌ലിം കണ്ടുപിടിത്തങ്ങളുടേയും ശാസ്ത്ര-കലാ മേഖലകളിലെ അന്വേഷണങ്ങളേയും കൃത്യമായി വിവരിക്കുകയാണ് കൃതി ചെയ്യുന്നത്. യൂറോപ്പ് കല്ലുവെച്ച നുണകൾ നിരത്തി മനപ്പൂർവം കുഴിച്ചിട്ട ചരിത്രം മാന്തിയെടുത്ത് പുറത്ത് കൊണ്ടുവരുന്നതിനോടൊപ്പം തന്നെ വൈയക്തികമായും സാമൂഹികമായും മുസ്‌ലിംകൾ കാണിച്ച ബഹുസ്വരതയും സഹിഷ്ണുതയും എത്രത്തോളമായിരുന്നു എന്നും ഈ കൃതി ചൂണ്ടി കാണിക്കുന്നു.

നഷ്ട്ടം ഒരു സവിശേഷമായ മനുഷ്യാനുഭവം ആണ് എന്ന് പറഞ്ഞു കൊണ്ടാണ് മോർഗൻ ആമുഖം ആരംഭിക്കുന്നത്. തുടർന്ന് പത്ത് അധ്യായങ്ങളിലായി നഷ്ട്ടപെട്ട ചരിത്രത്തെ സമ്പൂർണ്ണമായി അനാവരണം ചെയ്യാൻ ശ്രമിക്കുന്നു. അത് റസൂൽ (സ്വ)യുടെ പ്രവാചകത്വ ലബ്ധി മുതൽ ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്വത്തിന്റേയും അതിനു ശേഷമുള്ള ഉസ്മാനിയ ഖിലാഫത്തിന്റെ പതനം വരെ നീളുന്നു. റസൂൽ (സ്വ)യുടെ ഹജ്ജത്തുൽ വിദാഅ വളരെ ദാർശനികവും പുരോഗനാത്മകവുമാണ് എന്നും മോർഗൻ അടയാളപ്പെടുത്തുന്നു. അതിനോടൊപ്പം തന്നെ “മനുഷ്യരാശി മുഴുവൻ ആദമിന്റേയും ഹവ്വയുടേയും സന്താനങ്ങളാണ്, കറുത്തവൻ വെളുത്തവനേക്കാളോ വെളുത്തവൻ കറുത്തവനേക്കാളോ അറബികൾ അനറബിയേക്കാളോ മെച്ചപ്പെട്ടവനല്ല. നിങ്ങളിൽ ഏറ്റവും ഉത്തമൻ ദൈവഭയമുള്ളവനും ഭയഭക്തിയുള്ളവനുമാണ്” എന്ന റസൂലിന്റെ (സ്വ) ഈ പ്രഖ്യാപനം നരവംശങ്ങളെ പറ്റിയും ഗോത്രങ്ങളെ പറ്റിയുമുള്ള ആയിരം വർഷമെങ്കിലും നീണ്ട ചർച്ചകൾക്ക് വഴിവെച്ചു എന്നും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള ജിബ്രാൾട്ടറിന് അതിന്റെ പേര് (ജബലു താരിഖ്) മുസ്‌ലിം സൈന്യാധിപനായ താരിഖ് ബിൻ സിയാദ് മുഖേനെ ഉണ്ടായതാണ്. യൂറോപ്പിന് പ്രാചീനവും ആധുനികവുമായ പല യുദ്ധതന്ത്രങ്ങളും പരിചയപ്പെടുത്തിയത് മുസ്‌ലിംകളായിരുന്നു. അശ്വരൂഢരായ കുതിരകൾ മുതൽ ആധുനികമായ പല പടകോപ്പുകൾ വരെ അതിൽ ഉൾപ്പെടുന്നു.

ഖലീഫ മഅ്മൂന്റെ ഭരണകാലം ഇസ്‌ലാമിക സംസ്കൃതിയുടെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട കാലഘട്ടം ആയിരുന്നു. സീസറിന്റെയും പേർഷ്യൻ രാജാക്കൻമാരുടേയും അലക്സാണ്ടറിന്റേയും പിന്മുറക്കാരനായി അദ്ദേഹം സ്വയം സങ്കൽപ്പിച്ചു. അവരുടെയൊന്നും പിന്തുടർച്ച അദ്ദേഹത്തിന് അവകാശപ്പെടാൻ ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന് മാത്രമായി വളരെ പ്രധാനപ്പെട്ട ഒരു സംഗതിയുള്ളതായി അദ്ദേഹം വിശ്വസിച്ചു. വിശ്വാസ സംരക്ഷണമായിരുന്നു അത്. സത്യം അത് വരുന്നത് മറ്റൊരു വംശത്തിൽ നിന്നായാലും അകലെ മറ്റൊരു രാഷ്ട്രത്തിൽ നിന്നായാലും അത് സ്വീകരിക്കാൻ അദ്ദേഹം മടി കാണിച്ചില്ല. സത്യത്തിനല്ലാതെ മറ്റൊന്നിനും സത്യാന്വേഷി വില കൽപ്പിക്കേണ്ടതില്ല എന്നും സത്യം പറയുന്നത് ആരായാലും, സത്യത്തിന്റെ വാഹകൻ ആരായാലും സത്യത്തിന് മൂലശോഷണം സംഭവിക്കുന്നില്ല എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. മോർഗന്റെ തന്നെ വാക്കുകളിൽ ഖലീഫ മഅ്മൂനെ ഇങ്ങനെ വായിക്കാം. ” പുതിയ ആശയങ്ങളേയും പരിഷ്കാര ചിന്തയേയും അദ്ദേഹം ഭയപ്പെട്ടില്ല. വൈവിധ്യങ്ങളേയും ദുരൂഹതകളേയും അദ്ദേഹം പേടിച്ചില്ല. അദ്ദേഹം ഭയപ്പെട്ടത് അജ്ഞതയെയാണ്. അതുല്യ പ്രതിഭയുള്ളവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും വേണ്ട അന്തരീക്ഷം ഒരുക്കിയില്ലെങ്കിൽ കണ്ടു പിടിത്തങ്ങളും സർഗസൃഷ്ട്ടികളും ഉണ്ടാവില്ലെന്നും അത് ദൈവഹിതത്തിന് എതിരാവുമെന്നും അദ്ദേഹം കരുതി. അതിന്റെ നഷ്ട്ടം മനുഷ്യരാശിക്ക് മുഴുവൻ ആണെന്നു മനസ്സിലാക്കി. അറിവിനോടുള്ള അടങ്ങാത്ത ആസക്തി ആയിരുന്നു ആ മനുഷ്യന്റെ മുഖമുദ്ര. ബൈസാന്റിയൻ ചക്രവർത്തി യുദ്ധത്തിൽ പരാജയമടഞ്ഞപ്പോൾ വിജയ സ്മരണക്കായി അദ്ദേഹം ആവശ്യപ്പെട്ടത് സ്വർണ്ണ കൂമ്പാരം ആയിരുന്നില്ല. എ.ഡി 150ാം ആണ്ടിൽ ടോളമി എഴുതിയ ജ്യോതിശാസ്ത്ര ഗ്രന്ഥമായ അൽ മാജേസ്റ്റിന്റെ പകർപ്പ് ആയിരുന്നു. അരിസ്റ്റോട്ടിലിനെ സ്വപ്നം കണ്ട രാത്രിയിൽ തന്റെ വസീർ ആയ താഹിറിനോട് ഖലീഫ മഅ്മൂൻ കൽപിച്ചത് ഇങ്ങനെയാണ്. “വിശ്വസ്തനായ താഹിർ… ഇവിടെ ഈ ബഗ്ദാദിൽ വിജ്ഞാനത്തിന്റെ മഹാ കേന്ദ്രം പണിയാൻ പോവുകയാണ് ഞാൻ. സാതന്ത്ര്യ ചിന്തയേയും തത്ത്വചിന്തയെയും പ്രോൽസാഹിപ്പിക്കുന്ന ഒരു കേന്ദ്രം. ബൈസാന്റിയയിലും പേർഷ്യയിലുമുള്ള എല്ലാ മഹാഗ്രന്ഥങ്ങളും ഇവിടെയെത്തിക്കാൻ ദൂതൻമാരെ അയക്കൂ. ഗുന്ദേശാപുരത്തിലേക്ക് ആളെ വിട്ട് ഓരോ ശാസ്ത്ര ശാഖയിലേയും പ്രഗൽഭരെ ഇവിടെ എത്തിക്കാൻ പറയൂ. ഇവിടെയുള്ള എല്ലാ ഗ്രന്ഥങ്ങളും അറബിയിലേക്ക് മൊഴിമാറ്റാൻ വിവർത്തകരെ കൊണ്ടു വരൂ. ഞാൻ ഇതിനെ ജ്ഞാനഭവനം എന്ന് വിളിക്കും”. അങ്ങനെ മഅ്മൂൻ ബഗ്ദാദിനെ ലോകത്തിന്റെ വിജ്ഞാന കേന്ദ്രമാക്കി മാറ്റി. ആധുനിക ഗണിത ശാസ്ത്രത്തിനും ജ്യോതിശാസ്ത്രത്തിനും രസതന്ത്രത്തിനും വൈദ്യശാസ്ത്രത്തിനും സാഹിത്യത്തിനും അടിത്തറയിട്ടു. അദ്ദേഹത്തിന്റെ പരിലാളനയിൽ ബീജഗണിതവും ത്രികോണമതിയുടെ ആധുനിക രൂപവും ജന്മമെടുത്തു. നക്ഷത്രങ്ങൾക്ക് പേരിട്ടതും ദ്രാവക ഔഷധങ്ങളുടെ ചേരുവകൾ നിർമ്മിച്ചതും ഇവിടെ വെച്ചാണ്. മഅ്മൂന്റെ ബഗ്ദാദിലിരുന്ന് ഷഹർസാദ് ആയിരത്തൊന്ന്  രാവുകളുടെ കഥ പറഞ്ഞു. പ്രതിഭകളുടെ വലിയ ഒരു നിരതന്നെ ബാഗ്ദാദിൽ ഉണ്ടായി. അക്കൂട്ടത്തിൽ ബീജഗണിതത്തിന്റെ പിതാവായി വാഴ്ത്തപ്പെട്ട മുഹമ്മദ് അൽ ഖവാരിസ്മിയുണ്ടായിരുന്നു. ബനൂ മൂസ സഹോദരൻമാരും ഹുനൈൻ ഇബ്നു ഇസ്ഹാഖും എക്കാലത്തേയും വലിയ അറബ് തത്ത്വചിന്തകൻമാരിൽ ഒരാളായ അൽ കിന്ദിയും ഉണ്ടായിരുന്നു. വിദ്യാസമ്പന്നരായ വരേണ്യർ മാത്രം കടലാസ് മില്ലുകൾ ഉപയോഗിച്ചിരുന്ന കാലത്ത്, എഴുത്തും വായനയുമൊക്കെ അത്ര ജനകീയമല്ലാത്ത കാലത്ത് ബാഗ്ദാദിലെ വഴിയോരങ്ങളിൽ കടലാസ് മില്ലുകൾ ഉദിച്ചു പൊങ്ങി. അങ്ങനെ എഴുത്തും വായനയും  ഒരു പ്രത്യേക വിഭാഗത്തിന്റേതല്ലാത്ത വിധം ജനകീയമാക്കപ്പെട്ടു. ബഗ്ദാദിലെ മദ്റസ സമ്പ്രദായത്തിൽ നിന്നാണ് മധ്യകാല യൂറോപ്പ് യൂണിവേഴ്സിറ്റി സംവിധാനം രൂപപ്പെടുത്തിയത്. അമൂല്യമായ ഗ്രന്ഥശേഖകരമാണ് മുസ്‌ലിം നാഗരികതകളുടെ മറ്റൊരു സവിശേഷ ലക്ഷണം ആയിട്ട് മോർഗൻ സൂചിപ്പിക്കുന്നത്. ഒറ്റ സംഭവം മാത്രം പറയാം. ഒരു നിയമ വിദഗ്ദൻ, കുറച്ചകലെ കുറച്ചധികം മെച്ചപ്പെട്ട ജോലി കിട്ടിയിട്ടും അദ്ദേഹം പോകാൻ തയാറായില്ല. എങ്ങനെ പോകും, അദ്ദേഹത്തിന്റെ പുസ്തക ശേഖരം മാത്രം കൊണ്ടു പോവാൻ മാത്രം 400 ഒട്ടകങ്ങൾ വേണമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ കാറ്റലോഗു തന്നെ 10 വാള്യങ്ങളുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും ബഗ്ദാദിൽ 36 പൊതു ഗ്രന്ഥശാലകൾ കുതിച്ചു പൊങ്ങി. അങ്ങനെ മഅ്മൂന്റെ കാലത്ത് ലോകത്തെ ഏറ്റവും പരിഷ്കൃതവും ആധുനികവുമായ നഗരമായി ബഗ്ദാദ് മാറിയിരുന്നു.

ഗണിത ശാസ്ത്രത്തിലെ മുസ്‌ലിം ശാസ്ത്രജ്ഞൻമാരുടെ സംഭാവനകളെ വിശദീകരിക്കാൻ മാത്രം ഒരു അധ്യായം മുഴുവനായ് ഗ്രന്ഥകാരൻ മാറ്റിവെക്കുന്നുണ്ട്. God in the numeral എന്ന് ടൈറ്റിൽ ചെയ്ത അധ്യായം (മലയാള വിവർത്തനത്തിൽ അക്കങ്ങളുടെ നാഥൻ) സൂറത്തുൽ ജിന്നിലെ 28ാം സൂക്തത്തിലെ അവസാന ഭാഗം ‘എല്ലാ വസ്തുവിന്റെയും എണ്ണം അവൻ എണ്ണി തിട്ടപ്പെടുത്തിയിരിക്കുന്നു’ (وَأَحْصَىٰ كُلَّ شَيْءٍ عَدَدًا) എന്ന ഭാഗം ഉദ്ധരിച്ച് കൊണ്ടാണ് തുടങ്ങുന്നത്. ആദ്യത്തെ മുസ്‌ലിം സുവർണ്ണയുഗത്തിന്റേയും യൂറോപ്യൻ നവോത്ഥാനം ഉൾപ്പെടെയുള്ള അതിന്റെ  തുടർച്ചകൾക്കും അസ്ഥിവാരമായത് ഗണിതശാസ്ത്രമാണ് എന്ന മോർഗന്റെ നിരീക്ഷണം ഏറെ പ്രസക്തമാണ്. സംഖ്യകളിലൂടെ സാക്ഷാൽ അല്ലാഹുവിന്റെ അസ്തിത്വം കണ്ടെത്തുക എന്നതായിരുന്നു മുസ്‌ലിം ഗണിതശാസ്ത്രജ്ഞരുടെ ദൗത്യം. അൽ ഖവാരിസ്മി എന്നറിയപ്പെടുന്ന മുഹമ്മദ് അൽ ഖവാരിസ്മിയായിരുന്നു അതിൽ പ്രമുഖൻ. സംഖ്യകളിലൂടെ പ്രപഞ്ച രഹസ്യം അനാവരണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഗണിത ശാസ്ത്രത്തിൽ ഏറ്റവും വഴിത്തിരിവായ കണ്ടുപിടിത്തങ്ങളിൽ ഒന്നായ ആൾജിബ്രയുടെ പിതാവാണ് അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ നമ്മളുപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ വരെ പ്രവർത്തിക്കുന്നത് ആൾജിബ്രയിലെ സമവാക്യങ്ങളെ ആശ്രയിച്ചാണ്. അദ്ദേഹത്തിന്റെ الكتاب المختصر في حساب الجبر والمقابلة (അൽ കിത്താബ് അൽ മുഖ്ത്തസർ ഫീ ഹിസാബിൽ ജബ്രി വൽ മുഖാബല, The Compendious Book on Calculation by Completion and Balancing) എന്ന പുസ്തകത്തിന്റെ പേരിൽ നിന്നാണ് ആൾജിബ്ര എന്ന വാക്കിന്റെ ഉത്ഭവം തന്നെയും. അദ്ദേഹത്തിന്റെ ലാറ്റിൻ വത്ക്കരിക്കപ്പെട്ട അൽഗോരിന്മി (Algoritmi) എന്ന പേരിൽ നിന്നാണ് അൽഗോരിതം(Algorithm), അൽഗോരിസം(Algorism) തുടങ്ങിയ പദങ്ങളുടെ ഉത്ഭവം.നിലനിന്നുപോന്നിരുന്ന ഗണിത ഭാഷ പരിഷ്കരിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ ഉണ്ടായി. എന്നാൽ അദ്ദേഹത്തിന്റെ  കണ്ടു പിടിത്തങ്ങളും സംഭാവനകളും സൗകര്യപൂർവം ഉപയോഗിച്ച് കൊണ്ടിരിക്കെ യൂറോപ്പ് അദ്ദേഹത്തെ ബോധപൂർവം വിസ്മരിച്ചു കളഞ്ഞു. ചരിത്രം വികൃതമാക്കപ്പെടുന്നു എന്നതിനർത്ഥം മരിച്ചു പോയവർക്ക് പോലും രക്ഷയില്ല എന്നാണ്. അങ്ങനെ മുസ്‌ലിം നാഗരികതകളിൽ ജീവിച്ച മഹത് വ്യക്തിത്വങ്ങളെ യൂറോപ്പ് ശിക്ഷിച്ച് കൊണ്ടേയിരുന്നു. ഖവാരിസ്മിയെ മാത്രമല്ല, കണ്ടു പിടിത്തങ്ങൾക്കിടയിൽ സ്വന്തം കണ്ണു പോലും നഷ്ട്ടപ്പെട്ട ആധുനിക കെമിസ്ട്രിയുടെ പിതാവായ ജാബിർ ബ്നു ഹയാൻ ഗണിതജ്ഞനും കവിയുമായ ഉമർ ഖയ്യാം, ചരിത്രത്തിലെ ആദ്യ വൈമാനികനായ് അറിയപ്പെട്ട ഇബ്നു ഫിർനാസ്, ദൂരദർശിനിയും കമ്പ്യൂട്ടറുമെല്ലാം വരും മുമ്പ് നക്ഷത്ര നീരീക്ഷണത്തിന് സുപ്രധാന സംഭാവനകൾ നൽകിയ അൽബത്താനി, അൽനയ്രിസി, അൽ ഉഖ്ലിദിസി, അബ്ദുൽ വഫ തുടങ്ങിയവരേയും അവർ നൽകിയ സംഭാവനകൾക്കു നേരെയും യൂറോപ്പ് കണ്ണടച്ച് ഇരുട്ടാക്കി. യൂറോപ്പ് വികസിപ്പിച്ചെടുത്തു എന്ന് പറയപ്പെടുന്ന വിവിധ ശാസ്ത്രശാഖകൾക്ക് സുപ്രധാന സംഭാവനകൾ നൽകിയ മുസ്‌ലിം നാഗരികത സമ്മാനിച്ച മറ്റൊരു അത്ഭുത പ്രതിഭയാണ് ഇബ്നു ഹൈഥം. പ്രകാശശാസ്ത്രത്തിന്റെ പിതാവാണദ്ദേഹം. അദ്ദേഹത്തിന്റെ കിത്താബുൽ മനാളിർ(Book of Optics) പ്രകാശശാസ്ത്രത്തിലെ ആദ്യ പുസ്തകമാണ്. പ്രകാശശാസ്ത്രത്തിൽ വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായ ക്യാമറ ഒബ്സ്ക്യൂറ വികസിപ്പിച്ചെടുത്തത് ഇബ്നു ഹൈഥമായിരുന്നു. പിൽക്കാലത്ത് ലിയാനാർഡോ ഡാവിഞ്ചിയുടേയും കെപ്ലറുടേയും ദെക്കാർത്തയുടേയുമെല്ലാം പേരിൽ ചാർത്തപ്പെട്ട ആ കണ്ടു പിടിത്തം 500 വർഷം മുമ്പ് ഹൈഥം നടത്തിയിരുന്നു. പ്രകാശശാസ്ത്രം, ശരീരശാസ്ത്രം, ജ്യോതിശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം, വൈദ്യശാസ്ത്രം, നേത്രാരോഗ്യശാസ്ത്രം, ദർശനം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളിൽ എല്ലാം ഇബ്നു ഹൈഥമിന്റെ വിലപ്പെട്ട സംഭാവനകൾ വ്യാപിച്ചു കിടക്കുന്നു. അദ്ദേഹം നടത്തിയ ശാസ്ത്രീയ കണ്ടു പിടിത്തങ്ങളും സേവനങ്ങളും മുഴുവനായി അടയാളപ്പെടുത്താൻ ബൃഹത് ഗ്രന്ഥം തന്നെ രചിക്കേണ്ടി വരും. 2015-ൽ യുനെസ്കോ അന്താരാഷ്ട്ര പ്രകാശ വർഷം (Inter national year of Light) ആയി ആചരിച്ചത് ഇബ്നു ഹൈഥമിന്റെ സംഭാവനകളെ അനുസ്മരിച്ചു കൊണ്ടാണ്. ചരിത്രത്തിൽ സമാനതകളില്ലാത്ത സേവനങ്ങളും കണ്ടു പിടിത്തങ്ങളും നടത്തിയ ഇസ്‌ലാമിക സംസ്കൃതി സംഭാവന ചെയ്ത നീണ്ടനിര തന്നെയുണ്ട്. റാസിയും, ഇബ്നു സീനയും, സഹ്റാവിയും അടങ്ങുന്ന നീണ്ട നിര. പിൽക്കാലത്ത് ഇബ്നു സീന മെഡിക്കൽ സയൻസിന്റെ തന്നെ പിതാവായി അറിയപ്പെട്ടു. ശസ്ത്രക്രിയയുടെ പിതാവായി അൽ സഹ്റാവി അടയാളപ്പെടുത്തപ്പെട്ടു. പ്ലാസ്റ്റിക് സർജറിയുടെ ആദിമ രൂപം രൂപപ്പെടുത്തിയത് അദ്ദേഹമായിരുന്നു. പക്ഷെ യൂറോപ്പ് എല്ലാം ബോധപൂർവം മറക്കുകയായിരുന്നു. മുഗൾ സാമ്രാജ്യത്തേയും അവർ നടത്തിയ പുരോഗതികളേയും ഗ്രന്ഥകാരൻ പ്രത്യേകം എടുത്തു സൂചിപ്പിക്കുന്നു. എട്ടാം നൂറ്റാണ്ടിലും ഒമ്പതാം നൂറ്റാണ്ടിലും മുസ്‌ലിംകൾക്കിടയിൽ പ്രചാരത്തിലിരുന്ന സംഗീത ഉപകരണങ്ങളാണ് പിന്നീട് വടക്കുള്ള ക്രിസ്ത്യൻ സ്പെയിനിലും, ഇറ്റലിയിലും ഫ്രാൻസിലും എത്തിയത്. ഉദ് ആണ് പിന്നീട് ല്യൂട്ടും ഗിറ്റാറും മാൻഡൊലിനുമൊക്കെയായി മാറിയത്. അറബികളുടെ ഗൈത്ത സ്കോട്ട്ലാന്റിൽ ബാഗ് പൈപ്പായും മറ്റിടങ്ങളിൽ സ്പാനിഷ് ഗൈത്തയായും പോർച്ചുഗീസ് ഗൈത്തയായും അറിയപ്പെട്ടു. മുസ്‌ലിം ഖ്വനും ആണ് ഇംഗ്ലീഷ് ഹാർപ്പിന്റെയും ജർമ്മൻ സിത്താറിന്റെയും മുൻഗാമി. പേർഷ്യയുടെ കമാച്ചയും അറബികളുടെ റബാബും പരിവർത്തിച്ചാണ് ഫിഡിൽ വരുന്നത്. യൂറോപ്പിന്റെ കീബോർഡ് ഉപകരണങ്ങളുടെ ആദ്യരൂപം പേർഷ്യൻ സന്തൂർ ആയിരുന്നു. സാഹിത്യ മേഖലകളിലും അമൂല്യമായ സംഭാവനകളുണ്ടായി. ലോക ക്ലാസിക്കുകളിൽ ഒന്നായി എണ്ണപ്പെട്ടുന്ന ഡാനിയേൽ ഡിഫോയുടെ റോബിൻസൻ ക്രൂസോ, ഇബ്നു തുഫൈലിന്റെ ഹയ്യ്ബ്നു യഖ്ളാൻ എന്ന സാങ്കൽപിക കഥയുടെ മാറ്റി എഴുത്തായിരുന്നു. മാത്രമല്ല, 21ാം നൂറ്റാണ്ടിൽ കവിതയോട് പൊതുവേ താൽപര്യം കാണിക്കാത്ത അമേരിക്കൻ വായനക്കാർക്കിടയിൽ ഏറ്റവും വിറ്റുപോവുന്നത് റൂമി കവിതകളാണത്രെ.

യൂറോപ്പ് എല്ലാം മാറ്റി എഴുതുന്നതിന്റെയും മറച്ചുവെക്കുന്നതിന്റേയും തിരക്കിൽ ആയിരുന്നു. പുസ്തകങ്ങൾ അഗ്നിക്കിരയാക്കിയും ചിലപ്പോൾ പേരുമാറ്റിയും കണ്ടു പിടിത്തങ്ങളുടെ പേറ്റന്റുകൾ യൂറോപ്യൻ ശാസ്ത്രജ്ഞർക്ക് ചാർത്തി നൽകിയും ജ്ഞാനഹത്യ നടത്തി. യൂറോപ്യൻ കോളനി വാഴ്ച മുസ്‌ലിം ലോകത്തിന് മേലുള്ള അവസാനത്തെ ആഘാതമായിരുന്നു. 21ാം നൂറ്റാണ്ട് ആയപ്പോഴേക്കും പഴയ മുസ്‌ലിം ജ്ഞാന കേന്ദ്രങ്ങൾ പലതും വികസ്വര രാജ്യങ്ങളുടെ ഭാഗമായി തീർന്നിരിക്കുന്നു. ദാരിദ്ര്യം, രാഷ്ട്രീയ അസമത്വം, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ അസ്വസ്ഥതകളിൽ അകപ്പെട്ടു അവർ. മുസ്‌ലിം സുവർണ്ണകാലഘട്ടങ്ങളുടെ ഒരു പാദം അവസാനിച്ചിരിക്കുന്നു. അതേ സമയം രണ്ടാമതൊരു ഘട്ടം തുടങ്ങാൻ സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ പതനനത്തിലൂടെ  നഷ്ട്ടം സംഭവിച്ചത് ലോകത്തിനാണ് എന്ന് അലി മിയാൻ ‘മുസ്‌ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ട്ടവും’ എന്ന പുസ്തകത്തിൽ അടിക്കടി ഓർമിപ്പിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഒരു ഇസ്‌ലാമിക് ഗവേണൻസ് സ്ഥാപിതമാവുന്നതിന്റെ പ്രസക്തി ഏറിവരികയാണ്. മുസ്‌ലിംകൾ തങ്ങളുടെ ദീൻ അറിയുക എന്നതിന് അപ്പുറത്ത് അവരുടെ ചരിത്രം അറിയുക എന്നത് മുസ്‌ലിം ഓട്ടോണമിയിലേക്കുള്ള യാത്രയിൽ അനിവാര്യമാണ് എന്നും തങ്ങളുടെ ചരിത്രത്തെ കുറിച്ചുള്ള ശരിയായ ബോധമില്ലായ്മയും മനസ്സിലാക്കലുകളും ഓറിയന്റലിസത്തെ നടപ്പാക്കലോ പുനസ്ഥാപിക്കലോ ആണെന്ന് സൽമാൻ സയ്യിദ് നിരീക്ഷിക്കുന്നുണ്ട്. ആ അർത്ഥത്തിൽ ‘ലോസ്റ്റ് ഹിസ്റ്ററി’യെ കുറിച്ചുള്ള കേവലം അയവിറക്കലുകൾക്ക് അപ്പുറത്ത് നിരന്തരമായ ഓർമിക്കലിന് സുവർണ്ണ ഘട്ടത്തിലെ പോലെ അറിവിന്റെ ഉൽപാദന പ്രക്രിയയിൽ മുസ്‌ലിംകൾക്ക് ഭാഗവാക്കവാൻ സാധിക്കേണ്ടതുണ്ട്.

ടി.എം ഇസാം