Campus Alive

ഇസ്‌ലാമോഫോബിയ സംവാദങ്ങൾക്ക് തുടർച്ചകളുണ്ടാവേണ്ടതുണ്ട്

ഇസ്‌ലാമോഫോബിയയെ കുറിച്ച പലതരം ചർച്ചകളുടെ പശ്ചാത്തലത്തിലും ആ സംജ്ഞയെ മുൻനിർത്തിയും സമകാലിക മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ചില ആലോചനകൾ പങ്കുവെക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. കേരളത്തിലേക്കും ഇന്ത്യൻ സാഹചര്യത്തിലേക്കും ഇസ്‌ലാമോഫോബിയ എന്ന സംജ്ഞ കടന്നുവരുന്നതിന് മുൻപേ തന്നെ ആഗോള സാഹചര്യത്തിൽ അക്കാദമിക വ്യവഹാരങ്ങളിലും മറ്റുമായി പ്രസ്തുത സംജ്ഞയും സംവാദങ്ങളും നിലനിൽക്കുന്നുണ്ട്. ആഗോളമായ അവലംബമുള്ള ഒരു സംജ്ഞയെ വ്യത്യസ്തമായ മറ്റൊരു സന്ദർഭത്തിലേക്ക് (context) കൊണ്ടുവരുമ്പോൾ സംഭവിക്കുന്ന നിർവചനത്തിന്റേതടക്കമുള്ള പ്രശ്നം ഇസ്‌ലാമോഫോബിയയെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്. ആഗോള പശ്ചാത്തലത്തിലുണ്ടാവുന്ന അർത്ഥങ്ങളിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്യുക എന്നതിനപ്പുറം പശ്ചാത്തല സംബന്ധമായ വ്യത്യസ്തത ഇസ്‌ലാമോഫോബിയ ചർച്ചകളിൽ പ്രധാനമായിരുന്നു. അവിടെയാണ് ഇസ്‌ലാമോഫോബിയയെ സംബന്ധിച്ച സംവാദങ്ങളുടെ മറ്റൊരു മാനം കണ്ടെടുക്കപ്പെടുന്നത്.

1

ഇന്ത്യയിൽ വംശീയ ഉന്മൂലനത്തിന് പോലും ഇരകളാക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയപരവുമായ സ്വത്വത്തിന്റെ വീണ്ടെടുപ്പിനെ ഇസ്‌ലാമോഫോബിയ എന്ന വാക്കും അതുൽപാദിപ്പിക്കുന്ന അർത്ഥതലങ്ങളും സഹായിക്കുന്നു എന്നതാണ് നമ്മുടെ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയ സംവാദങ്ങളുടെ മൗലിക പ്രസക്തി. മുസ്‌ലിം രാഷ്ട്രീയം ആഗോളവും പ്രാദേശികവുമായ തലത്തിൽ ഇസ്‌ലാമോഫോബിയയെ മുൻനിർത്തി മാത്രം രാഷ്ട്രീയ കർതൃത്വത്തെ രൂപപ്പെടുത്തുക എന്നത് ഇസ്‌ലാമിന്റെ തന്നെ രാഷ്ട്രീയ വ്യവഹാരത്തെ ചുരുക്കി കെട്ടുന്നതിന് തുല്യമാണ്. ഇസ്‌ലാമോഫോബിയക്ക് മുമ്പും ഇസ്‌ലാമും മുസ്‌ലിം രാഷ്ട്രീയവും ഉണ്ടായത് പോലെ തന്നെ ഇസ്‌ലാമോഫോബിയക്ക് ശേഷവും അതിനെ സാധ്യമാക്കുക എന്നതാണ് ഇത്തരം സംവാദങ്ങളുടെ തുടർച്ച. നിലനിൽക്കുന്ന സാമൂഹിക ബോധത്തിനകത്ത് ഉൾച്ചേർന്നിക്കുന്ന മുസ്‌ലിം വിരുദ്ധ ആഖ്യാനവും അത് ഉൽപാദിപ്പിക്കുന്ന അരക്ഷിതാവസ്ഥയേയും പ്രതിരോധിക്കാനാണ് ഇസ്‌ലാമോഫോബിയയെ ഒരു വ്യാവഹാരിക മണ്ഡലമായി മനസിലാക്കുന്നത്. ഇസ്‌ലാമിന്റെ, മുസ്ലിങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ കർതൃത്വത്തെ സവിശേഷമായി റദ്ദ് ചെയ്യുന്ന സ്ഥാപനവൽകൃത ഹിംസയാണ് ഇസ്‌ലാമോഫോബിയ എന്ന് ലഘുവായി നിർവചിച്ചാൽ, ആ നിർവചനത്തിലൂടെ പ്രസ്തുത പ്രതിസന്ധിയെ മറികടക്കാൻ കെല്പുള്ള വൈജ്ഞാനിക വികാസത്തിന്റെ നിർമ്മാണം കൂടി സാധ്യമാക്കേണ്ടതുണ്ട്.

ഇന്ത്യയിലെ, ചുരുങ്ങിയത് കേരളത്തിന്റേതെങ്കിലും അധികാര രാഷ്ട്രീയ ഇടത്തിൽ ഇസ്‌ലാമോഫോബിയ ചർച്ചകൾക്ക് രണ്ട് മാനങ്ങൾ ഉള്ളതായി കാണാം. ഒരു വശത്ത് കേരളത്തിന്റെ മുഖ്യധാര ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്‌ലിം വിരുദ്ധത ഉൽപാദിപ്പിക്കുകയും അതിലൂടെ മുസ്‌ലിമേതര വോട്ടുകൾ സമാഹരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രം പയറ്റുന്നു. എന്നാൽ അതേസമയം മറുവശത്ത് ഈ കൂട്ടർ തന്നെ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള പ്രചാരണങ്ങളും പ്രഭാഷണങ്ങളും നടത്തി മുസ്‌ലിങ്ങളടക്കമുള്ള ഇസ്‌ലാമോഫോബിയ വിരുദ്ധ സംഘത്തിന്റെ വോട്ടുകൾ നേടാൻ ശ്രമിക്കുന്നതും കാണാം. പലർക്കും മുസ്‌ലിം വിരുദ്ധത പ്രകടിപ്പിക്കലും ഇസ്‌ലാമോഫോബിയക്കെതിരെ ശബ്ദിക്കുന്നതുമൊക്കെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനപ്പുറത്ത് പ്രസക്തമാകുന്ന ആലോചനയല്ല. ഇതിലൂടെ മുസ്‌ലിം വിരുദ്ധത എന്നത് നമ്മുടെ അധികാര രാഷ്ട്രീയ മണ്ഡലത്തിനകത്ത് സ്ഥായിയായ ഒരു പ്രശ്നം അല്ലെന്നും അതിനാൽ തന്നെയും മൊത്തം മുസ്‌ലിം രാഷ്ട്രീയത്തെ ഇസ്‌ലാമോഫോബിയ സംവാദങ്ങളിൽ തളച്ചിടുന്നത് ഭൂഷണമല്ലെന്നുമാണ് ഈ ചർച്ച പ്രാഥമികമായി മുന്നോട്ട് വെക്കുന്നത്. മുസ്‌ലിം രാഷ്ട്രീയ സ്വയം സംഘാടന ശ്രമങ്ങളെ പരിമിതപ്പെടുത്താൻ നിലവിലുള്ള സാമൂഹിക പരിതസ്ഥിതിയുടെ ഭാഗമായി പലരും ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക രാഷ്ട്രീയം ആവശ്യപ്പെടുന്ന ഒരു പ്രശ്നം മാത്രമാണത്, താത്വികമല്ല.

ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും നിസാരമായി തള്ളിക്കളയാൻ സാധിക്കുന്ന ഒരു പ്രശ്നവുമല്ല ഇസ്‌ലാമോഫോബിയ. ഉദാഹരണത്തിന് കേരളത്തിലെ രാഷ്ട്രീയ പരിസരം ഇടതുപക്ഷ ചായ്‌വുള്ള ഒരു ഇടമാണ്. കേരളത്തിന്റെ സാംസ്കാരിക പൊതുബോധ നിർമിതി സാധ്യമാക്കുന്നതിൽ ഇടതുപക്ഷ, വിശിഷ്യാ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് നിർണായക പങ്കുണ്ട്. അങ്ങനെയൊരു പശ്ചാത്തലത്തിലെ സിപിഎമ്മിന്റെ ഒക്കെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പരിശോധിച്ചാൽ സംഘ്പരിവാറിനൊപ്പമോ ഒരുവേള അവരെക്കാൾ കൂടുതലോ മുസ്‌ലിം വിരുദ്ധത ഉൽപാദിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് അവരെന്ന് കാണാം. അപ്പോൾ തന്നെ മുസ്‌ലിം രാഷ്ട്രീയ-സമുദായ സംഘടനകളും ഇതര കീഴാള, ജാതി, ലിംഗ ന്യൂനപക്ഷ വിഭാഗങ്ങളെയും മാറ്റിനിർത്തിയാൽ വലിയ രീതിയിൽ തന്നെ ഇസ്‌ലാമോഫോബിയക്കെതിരെ ചർച്ചകളും സംവാദങ്ങളും മറ്റും നടത്തുന്നതും ഇതേ സിപിഎം ആണ്. ബീമാപള്ളി വെടിവെപ്പും യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങളിലൂടെ മുസ്‌ലിം യുവാക്കളെ വേട്ടയാടുന്നതിന്റെയും നീണ്ട ചരിത്രം കേരളത്തിന്റെ ഇടതുപക്ഷ സർക്കാറുകൾക്ക് ഉണ്ട്. ഇവിടെ, ഇത്തരമൊരു വൈരുദ്ധ്യത്തെ രാഷ്ട്രീയപരമായി എങ്ങനെയാണ് സ്വാംശീകരിക്കാൻ സാധിക്കുന്നത് എന്ന നിർണായകമായ ചോദ്യം അവശേഷിക്കുന്നു. മുസ്‌ലിം വിരുദ്ധതയിൽ നിന്ന് ഇസ്‌ലാമോഫോബിയ എന്ന സംജ്ഞയിലേക്കും അതിന്റെ ഉപയോഗത്തിലേക്കും വരുമ്പോൾ കുറേക്കൂടി നിർണിതമായ ഒരു വ്യാവഹാരിക ഘടനയിലേക്ക് ഇസ്‌ലാമോഫോബിയ ചർച്ചകൾ മാറേണ്ടതുണ്ട്.

2

സംഘപരിവാറിന്റെ വംശീയ വിദ്വേഷത്തിന്റെയും വംശീയ ഉന്മൂലന പദ്ധതികളുടെയും ഏറ്റവും വിദ്വംസകമായ ഒരു ഘട്ടത്തിൽ മുസ്‌ലിങ്ങൾ നവീനമായ രാഷ്ട്രീയ ഭാഷയിലേക്കും വിശകലന വ്യവഹാരങ്ങളിലേക്കും കടന്നു വരേണ്ടതുണ്ട്. എന്നും ഇരകളായിരിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തെയല്ല മുസ്‌ലിം രാഷ്ട്രീയം പ്രതിനിധീകരിക്കുന്നത്. ആധുനിക ദേശരാഷ്ട്രങ്ങൾ നിർമിച്ച മുസ്‌ലിം അപരത്വത്തെ പ്രതിരോധിക്കുന്നതിന്റെ തുടർച്ചയിൽ ഇന്ത്യയിൽ പൗരത്വ പ്രക്ഷോഭം അടക്കമുള്ള സന്ദർഭങ്ങൾക്ക് ശേഷം ഭാഗികമായെങ്കിലും പുതിയൊരു വിജ്ഞാന ഭാഷ മുസ്‌ലിം വ്യാവഹാരിക മണ്ഡലത്തിന് നൽകാൻ സാധിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭം നിർണായകമായ തിരിച്ചറിവുകളാണ് ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന് നൽകിയത്. ഏറ്റവും ചുരുങ്ങിയത് പാരമ്പര്യ-മുഖ്യധാരാ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് പുറത്ത് ഒരു ബഹുജന രാഷ്ട്രീയ മുന്നേറ്റത്തെയെങ്കിലും സാധ്യമാക്കാൻ രാഷ്ട്രീയമായി പൗരത്വ പ്രക്ഷോഭത്തിന് കഴിഞ്ഞു. സംഘപരിവാർ ഫാസിസത്തെ സംബന്ധിച്ച ഏറ്റവും അപകടകരമായ സംഗതി അത് വളരെ കരുതലോടെ അദൃശ്യമായാണ് അതിന്റെ നീക്കങ്ങൾ നടത്തുന്നത് എന്നാണ്. രാജ്യത്ത് വലിയ രീതിയിൽ ഫാസിസ്റ്റ് പ്രവണതകൾ ഉണ്ടാകുമ്പോഴും അത് ഫാസിസമാണോ അല്ലെയോ എന്ന് നിർണയിക്കുന്നതിൽ പോലും തർക്കത്തിൽ ഏർപ്പെടുന്ന ഒരു പരിതസ്ഥിതിയാണ് നിലവിലുള്ളത്. എന്തുകൊണ്ടെന്നാൽ മൂർത്തവും പ്രത്യക്ഷവുമായ നടപടിക്രമങ്ങളല്ല സംഘപരിവാർ ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഒരർത്ഥത്തിൽ പൗരത്വ നിയമങ്ങൾ പോലും ടെസ്റ്റ് ഡോസ് ആണായാണ് ലേഖകൻ മനസ്സിലാക്കുന്നത്. വളരെ പ്രത്യക്ഷമായ രീതിയിൽ മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് നിയമപരമായി പുറത്താക്കാൻ ശ്രമിക്കുന്നു എന്ന ഭാവനക്കപ്പുറം ഭൂരിപക്ഷ ജനസമൂഹങ്ങളുടെ ജനഹിതമറിയാനുള്ള, വർഗീയമായി ധ്രുവീകരിക്കാനുള്ള നീക്കങ്ങളുടെ കൂടി ഭാഗമാണ് അവ എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. പൗരത്വ പ്രക്ഷോഭ കാലത്ത് നടന്ന പല സർവേകളും ഇതിനെ ശരി വെക്കുന്നുമുണ്ട്. മുസ്‌ലിങ്ങൾ രാജ്യത്തിനെതിരെ നടത്തുന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് രാജ്യ വ്യാപകമായി സമരങ്ങൾ നടത്തുന്നത് എന്ന് വിശ്വസിക്കുന്ന ചെറുതല്ലാത്ത ഒരു കൂട്ടം മനുഷ്യർ നമുക്കിടയിലുണ്ട്. തങ്ങൾ പാകിയ വർഗീയ വിത്തുകൾ പാകമായോ എന്നറിയാനുള്ള ടെസ്റ്റ് ഡോസായി കൂടി പൗരത്വ നിയമത്തെ മനസിലാക്കേണ്ടതുണ്ട്. ഇത്തരമൊരു ഘട്ടത്തിലാണ് ബഹുജൻ രാഷ്ട്രീയത്തിന്റെ പ്രസക്തി പ്രധാനമാവുന്നത്.

സംഘപരിവാർ ഫാസിസത്തിനെതിരെ പ്രതിരോധങ്ങൾ രൂപപ്പെടുത്തുമ്പോൾ  അത് കേവലം ഹിന്ദുത്വ ഫാസിസ്റ്റ് ഘടനയുള്ള ഒന്നായി മാത്രം വിശകലനം ചെയ്യുന്നത് യാഥാർഥ്യത്തെ ഉൾക്കൊള്ളുന്നതിന് അപര്യാപ്തമാണ്. ഹിന്ദുത്വ ആശയങ്ങൾ മുന്നോട്ടുവെക്കുമ്പോഴും രാജ്യത്ത് നവലിബറലിസവും അതോടൊപ്പം തന്നെ ശക്തിപ്പെട്ടു വന്നതാണെന്ന് കാണാൻ കഴിയും. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും തീവ്രദേശീയതയെയും സേച്ഛാധിപത്യത്തെയും പരിപോഷിപ്പിക്കുന്ന ഒന്ന് കൂടിയാണ് നവലിബറലിസം എന്നും  കാണേണ്ടതുണ്ട്. സംഘ്പരിവാർ ഫാസിസം രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ നിയോലിബറൽ മൂലധനത്തിന്റെ വ്യക്തിവാദ സിദ്ധാന്തങ്ങൾക്കനുസരിച്ച് നിർണയിക്കുമ്പോൾ തന്നെ ചരിത്രപരമായ അസ്തിത്വത്തെയും വൈകാരികമായ ബോധവും നിർമിച്ച് കൊണ്ട് ഒരു സാമൂഹിക ചട്ടക്കൂട് ഉണ്ടാക്കിയെടുക്കുകയും അവയുടെ സവിശേഷമായ സംഘാടനത്തിലൂടെയും നിയന്ത്രണത്തിലൂടെയും പരുവപ്പെടുത്തുകയും ചെയ്യുന്നു. ഒരു ഘട്ടംവരെ ഈയൊരു സാമൂഹിക ഘടനയുടെ അടിസ്ഥാന താൽപര്യങ്ങളെ പ്രാവർത്തികമാക്കുന്ന ഒരു വ്യവസ്ഥയാണെന്ന് തോന്നിപ്പിക്കുന്ന സാമൂഹിക അധികാര സ്ഥാപനത്തിൽ നിന്ന് പിന്നീട് അധീശത്വപരമായ ഒരു അധികാര ഘടനയായി അവ മാറും. സാമ്പത്തിക മേഖലയിലെ സ്വയം ഭരണാവസ്ഥയും മറ്റും രാജ്യത്ത് ഉണ്ടാക്കിയ സാമ്പത്തികമായ ശ്രേണീകരണങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും. ഇത്തരമൊരു ഘടന കൂടി സംഘ്പരിവാർ ഫാസിസത്തിനും അത് നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിനും ഉണ്ടെന്ന് വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. അതിനെ പ്രതിരോധിക്കാൻ കേവലമായ ദൈനംദിന രാഷ്ട്രീയ ഭാഷ പര്യാപ്തമല്ലെന്നും.

ഏറ്റവും ചുരുങ്ങിയത് നമ്മുടെ സാമൂഹിക രാഷ്ട്രീയ ഘടനയിലെ പ്രശ്നങ്ങളെ വിലയിരുത്താനും വിശകലനം ചെയ്യാനും രാഷ്ട്രീയമായി സംഘടിപ്പിക്കാനും മാത്രമേ ഇസ്‌ലാമോഫോബിയ ചർച്ചകൾക്ക് ഒരു പരിധി വരെ സാധിക്കുകയുള്ളൂ. അതിനപ്പുറത്ത് അവയെ പ്രതിരോധിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ വൈജ്ഞാനിക വ്യവഹാരത്തിന്റെ വികാസം ഉണ്ടാകേണ്ടതുണ്ട്. അത്തരം ശ്രമങ്ങൾക്ക് പുതിയ സംവാദ ഭാഷയും സംവാദ പരിസരവും രൂപപ്പെടുത്താൻ നാം സന്നദ്ധമാവുകയും വേണം.

ആത്തിഫ് ഹനീഫ്