Campus Alive

സ്വീഡനിലെ മുസ്‌ലിം വിരുദ്ധത: ചരിത്രവും പശ്ചാത്തലവും

സ്വീഡനിൽ ഫാസിസ്റ്റുകൾ വിശുദ്ധ ഖുർആൻ അഗ്നിക്കിരയാക്കിയതാണ്  പുതിയ സാമുദായിക സ്പർധ രൂപപ്പെടാൻ വഴിയൊരുക്കിയത്. പാശ്ചാത്യ രാഷ്ട്രങ്ങളിൽ ശക്തിയാർജിക്കുന്ന ഇസ്‌ലാംഭീതി സ്വീഡനിലും പ്രകടമാകുന്നു. ചരിത്രപരമായി മുസ്‌ലിം സമൂഹത്തെ അപരരായി മാത്രം വീക്ഷിക്കുന്ന സ്വീഡിഷ് വലതുപക്ഷ രാഷ്ട്രീയ ധാരയുടെ മുഖം പൊതു ലോകത്തിനു മുമ്പിൽ പ്രകടമാകുന്നു. ഡാനിഷ് വലതുപക്ഷ പാർട്ടി നേതാവ് റാസ്മുസ് പലുഡാനിനെ മാൽമോ നഗരത്തിലെ റാലിയിൽ സംസാരിക്കാൻ വിളിച്ചു വരുത്താൻ ശ്രമിച്ചു. റാലിയെ അഭിസംബോധന ചെയ്യുന്നതിനുമുമ്പേ പോലീസ് റാസ്മുസ് പലുഡാനിനെ അറസ്റ്റു ചെയ്തു തിരിച്ചയച്ചു. ഇതിനോടനുബന്ധിച്ചു സ്വീഡിഷ് ഫാസിസ്റ്റുകൾ പോലീസിനെ നേരിടുകയും പൊതുയിടങ്ങളിൽ അക്രമമഴിച്ചുവിടുകയും ചെയ്യുന്നുണ്ട്. ആദ്യം പ്രകോപിപ്പിക്കുക പിന്നീട് കൂടുതൽ ആക്രമണം അഴിച്ചുവിടുക എന്ന ഫാസിസ്റ്റു ശൈലിയാണ് സ്വീഡനിലും നടക്കുന്നത്.

വിവിധ എത്നിക്, ഭാഷ, മത, രാഷ്ട്രീയ മുഖമുള്ളവരാണ് സ്വീഡനിലെ മുസ്‌ലിം സമൂഹം. അവരിൽ ഭൂരിപക്ഷവും വ്യത്യസ്ത കാലഘട്ടങ്ങളിലായി ഉപജീവനം തേടിയും അഭയാർഥികളായും സ്വീഡനിലെത്തിയവരാണ്. മുഴുവൻ ജനസംഖ്യയുടെ ഒമ്പതു ശതമാനത്തോളം മുസ്‌ലിംകൾ സ്വീഡനിലുണ്ട്. 1980 കളുടെ ആദ്യം വരെ തുർക് വംശജർ സ്വീഡിഷ് മുസ്‌ലിംകളിൽ ഭൂരിപക്ഷ സ്ഥാനം വഹിച്ചിരുന്നു. എന്നാൽ ഇന്ന് ഫലസ്തീൻ, ലബനാൻ, ഇറാഖ്, സൊമാലിയ, ഇറാൻ, ബോസ്നിയ അടക്കം വിവിധ മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുമുള്ളവർ സ്വീഡനിലുണ്ട്. കൂടാതെ പ്രതികൂല സാഹചര്യത്തിലും സ്വീഡനിൽ ഇസ്‌ലാം സ്വീകരണത്തിന്റെ വ്യാപനം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഗണ്യമായും വർദ്ധിക്കുന്നതിലേക്കു നയിക്കുന്നുമുണ്ട്. സ്റ്റോക്ഹോം, ഗോതെബോർഗ്, മാൽമോ എന്നീ നഗരങ്ങളിലാണ് മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്നത്. അതിൽ അമ്പത് ശതമാനം മുസ്‌ലിംകളും സ്റ്റോക്‌ഹോമിലാണ് അധിവസിക്കുന്നത്.

1974 ൽ സ്ഥാപിക്കപ്പെട്ട യൂണിയൻ ഓഫ് ഇസ്‌ലാമിക് കോൺഗ്രിഗേഷൻസ് ആണ് ആദ്യ മുസ്‌ലിം സ്വീഡിഷ് സംഘടന. എന്നാൽ ആഭ്യന്തര വിള്ളലും വിവാദങ്ങളും കാരണം ഈ സംഘടന പിളരുകയും 1982 ൽ സ്വീഡിഷ് മുസ്‌ലിം യൂണിയൻ നിലവിൽ വരുകയും ചെയ്തു. വിവിധ സംഘടനാ പ്രശ്നങ്ങൾ ഇരുവിഭാഗവും നേരിടുന്നെങ്കിലും സ്വീഡിഷ് മുസ്‌ലിം കൗൺസിൽ (Sveriges Muslimska Råd എസ്.എം.ആർ) എന്ന പൊതുവായ ഭൂമിക രൂപീകരിച്ചു സഹകരിച്ചു പ്രവർത്തിച്ചു പോരുന്നു. ഇഖ്‌വാനുൽ മുസ്‌ലിമൂനിന്റെ സ്വാധീനം ഈ സംഘടനയിൽ ശക്തമാണ്. 1980 കളിൽ നഖ്‌ഷബന്ദീ ഷെയ്ഖ് ആയ സുലൈമാൻ ഹിൽമി തുനാഹാനിന്റെ അനുയായികൾ രൂപീകരിച്ച യൂണിയൻ ഓഫ് ഇസ്‌ലാമിക് കൾച്ചറൽ സെന്റേഴ്സ്, ദി സ്വീഡിഷ് ഇസ്‌ലാമിക് അസംബ്ലീസ്, ശിഈ മുസ്‌ലിംകൾ സ്ഥാപിച്ച ദി ഇസ്‌ലാമിക് ശിഈ കമ്മ്യൂണിറ്റീസ് എന്നീ സംഘടനകളും സ്വീഡനിൽ മുസ്‌ലിം സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നു. യംഗ് മുസ്‌ലിംസ് ഓഫ് സ്വീഡൻ, എരിത്രിയൻ യംഗ് മുസ്‌ലിംസ് ഓഫ് സ്വീഡൻ, മുസ്‌ലിം യൂത്ത് ഓർഗനൈസേഷൻ ഓഫ് ബോസ്നിയ – ഹെർസെഗോവിന എന്നീ യുവസംഘടനകളും സ്വീഡിഷ് മുസ്‌ലിം യുവതക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നു. ‘ഇബ്നു റുഷ്ദ് സ്റ്റഡി ഫൗണ്ടേഷൻ’ എന്ന സ്വതന്ത്ര വിദ്യാഭ്യാസ സംഘടന മതം, സംസ്കാരം, ഭാഷ എന്നിവയിൽ കോഴ്സുകൾ സംഘടിപ്പിക്കുന്നതിനു പുറമെ സ്വീഡിഷ് സമൂഹത്തിൽ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം സാംസ്ക്കാരിക വൈവിധ്യത്തെയും പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

1963 ൽ അഞ്ചു വർഷത്തിലധികമായി രാജ്യത്തിൽ താമസിച്ചുവരുന്നവർക്ക് പൗരത്വ അപേക്ഷ നൽകാനുള്ള അവസരമൊരുക്കി. 1976 ൽ വോട്ടു ചെയ്യാനും പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അനുവദിച്ചു. 1990 കളിൽ ഇരട്ട പൗരത്വം ദേശീയമായി ചർച്ചചെയ്യപ്പെടുകയും 2000 ൽ അത് നിയമാനുസൃതമാക്കപ്പെടുകയും ചെയ്തു. ഈ സവിശേഷ സാഹചര്യത്തിൽ ഭൂരിപക്ഷം മുസ്‌ലിംകളും സ്വീഡിഷ് പൗരന്മാരാണ്. 1951 മുതൽ ഭരണഘടനാപരമായി മതസ്വാതന്ത്ര്യം ലഭിച്ചതോടെ ക്ഷേമപദ്ധതികൾ, മത സാംസ്‌കാരിക പ്രവര്‍ത്തികള്‍ തുടങ്ങി വിവിധ സാമുദായിക പരിപാടികൾ അവർ നടത്തിവരുന്നുണ്ട്. വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവർത്തനം, ആതുര സേവനം തുടങ്ങി നിരവധി മേഖലകളിൽ മുസ്‌ലിംകൾക്ക് സ്വീഡിഷ് ഭരണകൂടം ധനസഹായം നൽകിവരുന്നുണ്ട്.

രാഷ്ട്ര സേവനം ഉറപ്പുവരുത്തുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീഡൻ മുസ്‌ലിംകൾക്ക് ഫണ്ട് നൽകിവരുന്നത്. ഭരണകൂടമാണ് ഏതു വിഭാഗത്തിന് നൽകണം എന്ന് തീരുമാനിക്കുന്നത്. ഈ ഫണ്ടിങ്ങിനു പകരമായി ജനാധിപത്യം, സ്വീഡിഷ് മൂല്യങ്ങൾ, സമത്വം എന്നിവ സംരക്ഷിക്കപ്പെടുമെന്നു മത സംഘടനകൾ ഉറപ്പുനൽകേണ്ടതുണ്ട്. സ്വീഡനിൽ പെരുന്നാൾ ആഘോഷങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ട്. ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കണമെങ്കിൽ അവധിക്കായി അപേക്ഷിക്കേണ്ടി വരുന്നു. 1937 മുതൽ മൃഗാവകാശത്തിന്റെ പേരിൽ ബലി നിരോധിക്കപ്പെട്ടിരിക്കുകയാണ്. മരുന്ന് കുത്തിവെച്ചോ വൈദ്യുതാഘാതത്തിലൂടെയോ വധിക്കുന്ന രീതിയാണ് സ്വീഡനിൽ നിലവിലുള്ളത്. ഇസ്‌ലാമിക രീതിയിൽ മൃഗബലി നടത്താനുള്ള അവകാശത്തിനായി മുസ്‌ലിം അസോസിയേഷൻ ഓഫ് സ്വീഡൻ നിയമപോരാട്ടം നടത്തുകയാണിപ്പോൾ (നീലെ ടോസ്, Halal slaughter in Sweden, 2019). സ്വീഡിഷ് വിദ്യാഭ്യാസ മേഖലയിലും ഇസ്‌ലാം വിരുദ്ധത ദൃശ്യമാണ്. പാഠ പുസ്തകങ്ങളിലെ മുസ്‌ലിം വിരുദ്ധതയും ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കപ്പെടുന്നതും വിവാദവിധേയമായിട്ടുണ്ട്. ഇസ്രായേലിന്റെ അതിക്രമങ്ങളെ വിമർശിക്കുന്നത് സെമിറ്റിക് വിരുദ്ധതയായി വിലയിരുത്തപ്പെടുന്നത് രാഷ്ട്രീയ ബോധമുള്ള മുസ്‌ലിംകളെ ടാർഗറ്റു ചെയ്യാൻ കാരണമാകുന്നുണ്ട്. പ്രമുഖ സ്വീഡിഷ് കവി മുഹമ്മദ് ഉമറിന്റെ ഇസ്രായേൽ വിമർശനം മാധ്യമശ്രദ്ധ ലഭിക്കാൻ ഇടയായത് ഈ സാഹചര്യത്തിലാണ്.

യൂറോപ്യൻ വൻകരയിൽ ഉഥ്മാനീ ഖിലാഫതിന്റെ സാന്നിധ്യം മുസ്‌ലിം – തുർക് സമീകരണത്തിനു ഹേതുവായി. 1600 കളിൽ തുർകുകളിൽ നിന്നും അഭയം തേടുന്ന പ്രാർത്ഥനകൾ ചർച്ചുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. എങ്കിലും പതിനെട്ട് – പത്തൊമ്പത് നൂറ്റാണ്ടുകളിൽ ഉഥ്മാനികളും സ്വീഡൻ രാജകുടുംബവും തമ്മിൽ നയതന്ത്രബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സ്വീഡൻ സാമ്പത്തികമായി ഖിലാഫത്തിനു കടപ്പെട്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. ഇതിനു പകരമായി 1718 ൽ ഖിലാഫതിൽ നിന്നും സ്വീഡനിലേക്കു വരുന്ന മുസ്‌ലിംകൾക്കും യഹൂദർക്കും മതസ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് രാജാവ് കാൾ പതിനൊന്നാമൻ പുറപ്പെടുവിച്ചിരുന്നു. പൈശാചികതയുടെ പ്രതിരൂപമായി ഇസ്‌ലാമിനെ ചിത്രീകരിക്കുന്നതിൽ സ്വീഡിഷ് ചർച്ചുകളുടെ പങ്കിനെക്കുറിച്ച് ജോനാസ് ഓട്ടെർബെക് (The Depiction of Islam in  Sweden, 2002) എഴുതുന്നുണ്ട്. സ്വീഡനിൽ ഉഥ്മാനികളുടെ സൈനിക സാന്നിധ്യമില്ലായിരുന്നെങ്കിലും ഖിലാഫത് പ്രതിനായക രൂപത്തിൽ സ്വീഡനിലുടനീളം ചിത്രീകരിക്കപ്പെട്ടിരുന്നു. 1683 ലെ വിയന്ന യുദ്ധത്തിൽ നിന്നും ഉഥ്മാനികൾ പിൻവാങ്ങിയത് ക്രിസ്തുമതത്തിന്റെ വിജയമായി ചർച്ചുകൾ ആഘോഷിച്ചത് ശ്രദ്ധേയമായിരുന്നു. വിവിധ മേഖലകളിൽ ഉഥ്മാനികളെ അവലംബിച്ചിരുന്ന സ്വീഡൻ ഖിലാഫതിന്റെ തകർച്ച തുടങ്ങിയതോടെ ഇസ്‌ലാമിനോടുള്ള സമീപനത്തിലും മാറ്റം വരുത്തിയെന്നു ജോനാസ് ഓട്ടർബെക് വിശദീകരിക്കുന്നുണ്ട്. യൂറോപ്പിന്റെ രാഷ്ട്രീയശാക്തികഘടനയിൽ മാറ്റം വന്നതും മുസ്‌ലിംകൾ/തുർക്കുകൾ പതിതരായി മാറിയതും ഇസ്‌ലാമിനോടു കർക്കശ സമീപനം സ്വീകരിക്കാൻ കാരണമായി.

പ്രധാനമായും രണ്ട് പശ്ചാത്തലത്തിലാണ് സ്വീഡനിൽ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾ വർദ്ധിക്കാറുള്ളത്. ലോകത്തെവിടെയെങ്കിലും നടക്കുന്ന ഭീകരാക്രമണങ്ങൾ പോലെ മുസ്‌ലിംകൾ ആരോപിതരായ സംഭവങ്ങൾ സ്വീഡനിലും ഇസ്‌ലാം വിരുദ്ധ പ്രവണതകൾ വർദ്ധിക്കാൻ സാധ്യതയൊരുക്കുന്നു. മസ്ജിദുകളും മറ്റു ഇസ്‌ലാമിക സ്ഥാപനങ്ങളും സ്ഥാപിക്കാനൊരുങ്ങുന്നത് വലതുപക്ഷപാർട്ടികളും ഇസ്‌ലാഫോബിക്കുകളും വിവാദമാക്കുന്നത് മറ്റൊരു കാരണമാണ്. മസ്ജിദുകളുടെ നിർമാണവും വികസനവും സ്വീഡനിൽ വലിയ വിവാദങ്ങൾക്കു തിരി കൊളുത്താറുണ്ട്.  2008 ൽ ഗോതെ ബർഗിലെ പുതിയ മസ്ജിദിൽ പന്നിത്തലകൾ വലിച്ചെറിഞ്ഞു വികൃതമാക്കാനുള്ള ശ്രമമുണ്ടായി.

മുസ്‌ലിം സ്ത്രീ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ സ്വീഡനിൽ ഉണ്ടായിട്ടുണ്ട്. 2006 ൽ ഹിജാബ് ധരിച്ചതിനാൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട വിദ്യാർത്ഥിനിയുടെ വിഷയത്തിൽ ദേശീയ സ്കൂൾ അധികൃതർക്ക് ഇടപെടേണ്ട സാഹചര്യം പോലുമുണ്ടായി. രാഷ്ട്രീയ നേതാക്കൾ പോലും നിഖാബ് നിരോധിക്കണമെന്നു ആവശ്യമുയർത്തി കൊണ്ടു വന്നിരുന്നു. ഹിജാബ് ധാരിണികൾക്ക് തൊഴിൽ മേഖലകളിൽ അവസര അസമത്വം നേരിടുന്നതായി പഠനങ്ങൾ നടന്നിട്ടുണ്ട്.

ജിമ്മി അകിസ്സണിന്റെ നേതൃത്വത്തിലുള്ള ദി സ്വീഡൻ ഡെമോക്രാട്സ് പാർട്ടി നിയോ നാസി പശ്ചാത്തലമുള്ള പോപ്പുലിസ്റ്റ് പാർട്ടിയാണ്. മുസ്‌ലിം –  കുടിയേറ്റ വിരുദ്ധത ദി സ്വീഡൻ ഡെമോക്രാട്സ് പാർട്ടിയുടെ മുഖമുദ്രയാണ് എന്ന് ഡാനിയൽ ലീ ടോംസൺ നിരീക്ഷിക്കുന്നുണ്ട് (The Rise of Sweden Democrats: Islam, Populism and the End of Swedish Exceptionalism, 2020). ഇസ്‌ലാമും മുസ്‌ലിംകളുമാണ് സ്വീഡിഷ് സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന ജിമ്മി അകിസ്സണിന്റെ പ്രസ്താവനക്ക് വലിയ വാർത്താപ്രാധാന്യം ലഭിച്ചിരുന്നു. 2006 ൽ സ്വീഡിഷ് നാഷണൽ കൗൺസിൽ ഫോർ ക്രൈം പ്രിവൻഷൻ, ക്രിമിനൽ കുറ്റങ്ങളെകുറിച്ച റിപ്പോർട്ടിൽ ഇസ്‌ലാം ഭീതിയെ പ്രത്യേകമായി ഉൾപ്പെടുത്തേണ്ട സാഹചര്യം പോലും സ്വീഡനിൽ രൂപപ്പെട്ടുവന്നു എന്നു ഗൊരാൻ ലാർസൻ എഴുതുന്നു (Yearbook of Muslims in Europe, 2010).

2013 ൽ ഒരു മുസ്‌ലിം ഗർഭിണിക്കുനേരെ ആക്രമണം നടന്നപ്പോൾ ഹിജാബ് ധരിച്ചു ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന ആശയത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നടന്ന കാമ്പയിനിനെ ഫെമിനിസ്റ്റുകളും മറ്റു ഇസ്‌ലാമോഫോബിക്കുകളും സ്ത്രീവിമോചന വാദം പറഞ്ഞു എതിർക്കുകയാണ് ചെയ്തത്. 2014 ൽ സ്റ്റോക്ഹോമിലെ വലിയ മസ്ജിദ് ആക്രമിക്കുകയും പ്രധാന കവാടത്തിൽ തന്നെ സ്വസ്തിക ചിഹ്നങ്ങൾ കോറിയിടുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം ഗവൺമെന്റിന്റെ സഹായത്തോടെ ഇസ്‌ലാമിക് കൗൺസിൽ ഫോർ കോർപറേഷൻ രാജ്യത്തു നടക്കുന്ന ഇസ്‌ലാം – മുസ്‌ലിം വിരുദ്ധ പ്രവണതകളെയും ആക്രമണങ്ങളെയും കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ രീതിയിൽ ഇസ്‌ലാം ഭീതി ഔദ്യോഗികമായി റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. മുസ്‌ലിം സംഘടനകൾ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഔദ്യോഗിക രേഖകളുടെ ഇരട്ടിയാകുന്നു എന്നത് ഭീതിജനകമാണ്. ഓറിയന്റലിസ്റ്റ് പഠനങ്ങളുടെ അലയൊലികൾ സ്വീഡനിലും സാന്നിധ്യമറിയിച്ചു. ആർച്ച് ബിഷപ്പ് നതാൻ സോഡർബ്ലോമിന്റെ ഇസ്‌ലാമിനെ കുറിച്ച വികലവായനകൾ സ്വീഡിഷ് പൊതുവിദ്യാലയങ്ങളിൽ പോലും സ്വാധീനം ചെലുത്തി. പ്രൈമറി സ്കൂളുകളിൽ പോലും കൂടുതൽ ഇസ്‌ലാംഭീതി റിപ്പോർട്ടു ചെയ്യപ്പെടുന്ന പശ്ചാത്തലം സംജാതമാകുന്നു. ഭീകര വിരുദ്ധ യുദ്ധം എന്ന പേരിൽ പോലീസ് നടത്തുന്ന നിരീക്ഷണങ്ങളുടെ സമ്മർദ്ദം ഭയന്ന് മുസ്‌ലിം സ്ഥാപനങ്ങൾ തന്നെ സന്ദർശിക്കാൻ മടിക്കുന്ന അനുഭവവും സ്വീഡനിലുണ്ട്. കൂടാതെ പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ട് മുസ്‌ലിംകൾ തന്നെ മസ്ജിദുകൾക്കും മറ്റു പൊതു പരിപാടികൾക്കും സംരക്ഷണം ഏർപ്പെടുത്തുന്നതും പതിവാണ്.

തൊഴിൽ മേഖല, ഹൗസിംഗ് മാർക്കറ്റ്, കോടതി വ്യവഹാരങ്ങൾ എന്നിവയിൽ മുസ്‌ലിംകൾക്ക് കൂടുതൽ അനീതിയും വിവേചനവും അഭിമുഖീകരിക്കേണ്ടി വരുന്നതായി സാമൂഹിക വിവേചനത്തെ കുറിച്ച നിരവധി പഠനങ്ങളിലും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട് (ഡഗ്ലസ് പ്രാറ്റ്, റേച്ചൽ വുഡ്‌ലോക്ക്, Fear of Muslims? International Perspectives on Islamophobia, 2016). ‘മോട്പോട്.നു’ എന്ന വലതുപക്ഷ പ്രത്യയശാസ്ത്ര പരിസരമൊരുക്കുന്ന  ബ്ലോഗിനെക്കുറിച്ച പഠനത്തിൽ നിക്ലാസ് ബേൺസണ്ട് (Friend or Foe? Contemporary Debates on Islam and Muslim Immigrants Among Swedish Identitarians, 2013)  സ്വീഡിഷ് മാധ്യമങ്ങൾ, ഓൺലൈൻ പോർട്ടലുകൾ, ബ്ലോഗുകൾ എന്നിവയിലൂടെ  രാജ്യത്തെ വലതുപക്ഷ തീവ്രവാദികൾ മുസ്‌ലിം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും പ്രചരിപ്പിക്കുന്നതിന്റെ ഭവിഷ്യത്തുകൾ വിശദീകരിക്കുന്നുണ്ട്.  മുസ്‌ലിംകളെ അപരവൽക്കരിച്ചു സമൂഹത്തിൽ ഭീഷണി സൃഷ്ടിക്കുന്ന വിഭാഗം എന്ന തരത്തിൽ വെറുപ്പ് ഉത്പാദിപ്പിക്കുന്നതിൽ ഈ മാധ്യമങ്ങൾ മുന്നിൽ നിൽക്കുന്നു. പെന്റഗൺ ആക്രമണവും അമേരിക്കയുടെ ‘ഭീകരവിരുദ്ധ യുദ്ധവും’ സ്വീഡിഷ് മുസ്‌ലിംകളുടെ ദേശസ്നേഹവും ദേശീയോദ്ഗ്രഥനവും ചോദ്യം ചെയ്യപ്പെടാൻ വഴിയൊരുക്കിയെന്നു നിക്ലാസ് ബേൺസണ്ട് എഴുതുന്നു. മുസ്‌ലിം കുടിയേറ്റക്കാരുടെ ‘ഇസ്‌ലാമിക കോളനീകരണ’ത്തിൽ നിന്നും യൂറോപ്പിനെ രക്ഷിച്ചു ‘യൂറോപ്യൻ റീകോൺകിസ്റ്റാ’ നടത്തണമെന്ന് വാദിക്കുന്ന ഫ്രഞ്ച് ഗുല്ലിയാമെ ഫയെയുടെ ആശയങ്ങൾ സ്വീഡിഷ് വലതുപക്ഷ തീവ്രവാദികളെയും ആകർഷിച്ചിട്ടുണ്ട്.

സ്വീഡിഷ് മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന മത – വംശീയ വിവേചനം, അസമത്വം, ഇസ്‌ലാംഭീതി, രാജ്യത്തു ശക്തിയാർജ്ജിക്കുന്ന കുടിയേറ്റ വിരുദ്ധത, തൊഴിൽ, രാഷ്ട്രീയ മേഖലകളിലുമുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് സ്വീഡിഷ് മുസ്‌ലിം സംഘടനകൾ ഭരണകൂടങ്ങൾക്കു മുൻപിൽ വസ്തുതാപരമായ പഠനങ്ങളിലൂടെ (Swedish Muslims in Cooperation Network Alternative Report, 2018) ബോധിപ്പിക്കാറുണ്ടെങ്കിലും ഫലപ്രദമായ പ്രതിഫലങ്ങൾ ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. സ്വീഡനിലെ ജനാധിപത്യത്തിന്റെയും മത സഹിഷ്ണുതയുടെയും മഹിമ പറയുന്നവർ മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധികളെ അവഗണിക്കുകയാണ് ചെയ്യുന്നത്.

ഡോ: സൈഫുദ്ധീൻ കുഞ്ഞ്