Campus Alive

ഇസ്‌ലാം വിരുദ്ധതയും ആഗോള മാധ്യമങ്ങളും

“പള്ളിയിലേക്ക് പോകരുത്‌”

ജീവിതകാലമത്രയും തന്റെ മക്കൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടത് ദൈവത്തിന്റെ മുന്നിലാണെന്ന് ആഗ്രഹിക്കുന്നയാളാണ് എന്റെ ഉമ്മ. എന്നാലിന്ന് ഞാൻ ദൈവത്തോട് ഏറ്റവും അടുത്തതെന്ന് ഞങ്ങൾ വിശ്വസിക്കുന്ന സുജൂദ് ചെയ്യുമ്പോൾ ഏതെങ്കിലുമൊരു ഭ്രാന്തൻ പള്ളിയിലേക്ക് കടന്ന് വന്ന് വെടിയുതിർത്ത് ചോരയിൽ കുതിർന്ന ശരീരങ്ങൾ മാത്രം അവശേഷിപ്പിച്ച്‌ കടന്നുപോകുമെന്ന് അവർ ഉത്കണ്ഠപ്പെടുന്നു. ഡൊണാൾഡ് ജെ. ട്രംപ് അധികാരത്തിൽ വന്നപ്പോളും, 2017 ജനുവരി 20ന് “മുസ്ലിം നിരോധനത്തിൻ്റെ” എക്സിക്യുട്ടീവ് ഓർഡർ പുറപ്പെടുവിച്ച അന്നും, അതിന് ഒൻപത് ദിവസങ്ങൾക്ക് ശേഷം ക്യൂബക്കിലെ മുസ്ലിം പള്ളിയിൽ അലക്‌സാണ്ടർ ബിസോണെറ്റ് ആറ് മുസ്ലീങ്ങളെ വെടിയുതിർത്ത് കൊന്നപ്പോളുമെല്ലാം അവർ ഇതേ ഉത്കണ്ഠയില്‍ തന്നെയായിരുന്നു.

വെള്ളിയാഴ്ച്ച ന്യുസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് കമ്മ്യൂണിറ്റി മസ്ജിദിൽ തോക്കും ഗോ പ്രൊ ക്യാമറയുമായി ഒരാൾ കടന്നുചെന്ന്  മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന് ശേഷം ഉമ്മ അതേ അഭ്യര്‍ഥന വീണ്ടും ആവർത്തിക്കും എന്നുറപ്പാണ്. മറ്റനവധി വിശ്വാസികൾക്ക് അവിടെ പരിക്കേറ്റിട്ടുണ്ട്. കൊലപാതകി പുറത്തുവിട്ട മാനിഫെസ്റ്റോയില്‍ ബ്ളാക്ക് കൺസർവേറ്റീവായ കാൻഡെസ് ഓവൻസിൽ(Candace Owens ) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട്‌ വെളുത്ത സ്വത്വത്തിനെ പുനരുദ്ധീകരിച്ച ആളായിട്ടാണ്‌ ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല മുസ്ലിം അധിനിവേശകർക്കെതിരായ പ്രതികാരമായാണ് തൻറെ ചെയ്തികളെ പ്രസ്തുത മാനിഫെസ്റ്റോയില്‍ വിശദീകരിച്ചിരിക്കുന്നത്.

ഞാനിപ്പോഴും പള്ളിയില്‍ പോകാറുണ്ട്. വെറുപ്പിനാല്‍ രൂപപ്പെട്ട ഈ ഹിംസയെ ശക്തമായി അപലപിക്കുന്നവര്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറമാടപ്പെടുകയും പത്രത്താളുകളില്‍ നിന്നും ആ വാര്‍ത്തകള്‍ ഇല്ലാതായിത്തീരുകയും ചെയ്യുമ്പോള്‍ ഈ ക്രൂരതയിലേക്ക്  നമ്മെ കൊണ്ടെത്തിച്ച അടിസ്ഥാന പ്രശ്‌നത്തെ സ്വാഭാവികമായ ഒന്നായി കണക്കാക്കും എന്നതാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത് എന്ന് എന്റെ ഉമ്മ തിരിച്ചറിയുന്നില്ല.

ഇനിയുള്ള കുറച്ചുനാളുകളിലെ വാർത്തകളിൽ ചർച്ച ചെയ്യാതെ പോവുന്ന ഒരു കാര്യമുണ്ടാവും. യഥാര്‍ഥത്തില്‍ അക്രമത്തെ സാധ്യമാക്കിയ ഇസ്‌ലാമോഫോബിയ എത്രത്തോളം അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ് എന്നതാണത്‌.

ഇസ്‌ലാമോഫോബിയ എന്നത് കേവലം ആക്ഷേപങ്ങളോ തട്ടം വലിച്ചൂരലോ മാത്രമല്ല. അത് മുസ്ലീങ്ങളീ രാജ്യത്തേക്ക് വരുന്നതിനുള്ള നിരോധനമോ ലൈവ് സ്ട്രീം ചെയ്ത കൂട്ടക്കൊലയോ മാത്രമല്ല. അവയെല്ലാം തന്നെ മുസ്‌ലിം വിരുദ്ധതയുടെ നീചമായ പ്രതിഫലനമാണ്. എന്നാല്‍ അവ പ്രകടമായതുമാണ്. അത് ഇസ്‌ലാമോഫോബിയ ആണെന്ന് മനസ്സിലാക്കാന്‍ എളുപ്പവുമാണ്.  ഇതേ ധാരണകളിൽ ആശ്രയിച്ച് അമേരിക്കകത്തും പുറത്തുമായി മുസ്ലിം വിരുദ്ധ വയലൻസുകളെ ഉത്തേജിപ്പിക്കുന്ന നിത്യജീവിതത്തിലെ അംഗീകൃത്യമായ ഇസ്ലാമോഫോബിയയെ പറ്റിയാണ് നാം യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും സങ്കല്‍പ്പനങ്ങള്‍ രൂപപ്പെടുത്തേണ്ടതും.

മുസ്ലീങ്ങളെ കുറിക്കാനായി ഉപയോഗിക്കുന്ന ഭാഷ തന്നെ ഉദാഹരണമായെടുത്താൽ,

ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊലക്ക് ശേഷം നടന്നൊരു പ്രധാന കാര്യമെന്തെന്നാൽ, മാധ്യമങ്ങളും ലോകത്തെമ്പാടുമുള്ള നിരീക്ഷകരും ക്രൈസ്റ്റ് ചർച്ച് മസ്ജിദിലെ വിശ്വാസികളെ “സമാധാനപ്രിയരായ വിശ്വാസികൾ” (peaceful worshipers) എന്ന് എടുത്ത് വിശേഷിപ്പിക്കുകയുണ്ടായി എന്നതാണ്.

സമാധാനപ്രിയർ എന്ന വിശേഷണം കാഴ്ച്ചയിൽ അനുകമ്പയുളവാക്കുന്നതാണെങ്കിൽപ്പോലും മുസ്ലീങ്ങളും മുസ്ലിം ആരാധനാലയങ്ങളും അവയെ നമ്മൾ സമാധാനപ്രിയരായി എടുത്ത് പറയാത്തിടത്തോളം സ്വതവേ അക്രമോൽസുകം ആയിരിക്കും എന്ന ദുഃസൂചന ഉൾക്കൊള്ളുന്നതാണ്. മുസ്ലിങ്ങൾ തന്നെ പലപ്പോളും “ഇസ്‌ലാം എന്നാൽ സമാധാനം” എന്ന ഭാഷ പലപ്പോളും തങ്ങൾ നേരിടുന്ന ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും പ്രതിരോധമായി ഉപയോഗിക്കാറുണ്ട്‌. ഒന്നുകില്‍ ഹിംസാത്മകം അല്ലെങ്കില്‍ അതിന് എതിരായി നിലകൊള്ളുന്നവര്‍ എന്ന നിലയിലേ അവര്‍ക്ക് നിലനില്‍പ്പുള്ളൂ എന്നതാണ് അത് അര്‍ഥമാക്കുന്നത്.

ഒക്ടോബർ 2018ൽ ട്രീ ഓഫ് ലൈഫ് സിനഗോഗിൽ വെച്ച് കൊല്ലപ്പെട്ട പതിനൊന്ന് വിശ്വാസികളെ “സമാധാനപ്രിയരായ വിശ്വാസികള്‍” എന്നാരും വിശേഷിപ്പിച്ചിട്ടില്ല. 2017ൽ ഇരുപത്തിയാറുപേർ കൊല്ലപ്പെട്ട സുതർലാന്റ് സ്പ്രിങ്ങ് ചർച്ചിനെ ആരും “സമാധാനപ്രിയമായ ചർച്ച്” എന്നും വിശേഷിപ്പിച്ചിട്ടില്ല.

പക്ഷെ ഇസ്‌ലാമോഫോബിയയുടെ സ്വീകാര്യതയും സ്വാഭാവികവൽക്കരണവും ഇതിനെല്ലാം അപ്പുറമാണ്. എത്രത്തോളമെന്നാല്‍, കറുത്ത വംശജയായ കാഴ്ച്ചയില്‍ തന്നെ മുസ്‌ലിം ആയ കോണ്‍ഗ്രസിലെ ഒരംഗത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ തന്നെ മുസ്‌ലിംകള്‍ സ്വതവേ സെമിറ്റിക് വിരുദ്ധരാണ് എന്ന അര്‍ഥത്തിലുള്ള ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്‌.

തങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കാന്‍ വിനിയോഗിച്ച ആളുകള്‍ക്ക് പേരുകേട്ട സ്ഥാപനങ്ങള്‍ അംഗീകാരങ്ങള്‍ നല്‍കുകയും ഐവി ലീഗ് ഫെലോഷിപ്പുകളും ന്യൂയോര്‍ക്ക് ടൈംസില്‍ കോളങ്ങളും നല്‍കുന്നത്ര വ്യാപ്തി അതിനുണ്ട്.

യൂറോപ്പിനെ സുരക്ഷിതമാക്കാൻ പശ്ചിമേഷ്യയിൽ നിന്നുള്ള കൂട്ടപലായനങ്ങൾ തടയേണ്ടതിനെയും അവരെ തിരിച്ചയക്കേണ്ടതിനേയും കുറിച്ച്‌ രാജ്യത്തെ ഏറ്റവും ബഹുമാന്യമായ മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റർ ട്വീറ്റ് ചെയ്യുകയും നാല് വർഷങ്ങൾക്ക് ശേഷം സമാനമായ രീതിയിൽ എങ്ങനെ ഫാസിസ്റ്റുകൾ അതിർത്തികൾ ശക്തമാക്കുന്നതിനെക്കുറിച്ച് പറഞ്ഞു എന്നതിനെക്കുറിച്ച് ലേഖനം എഴുതുന്നിടത്തോളമാണത്.

“നല്ല” ഇസ്‌ലാമോഫോബിയ എന്നൊന്നുണ്ട്. അതെപ്പോലും ഫോക്സ് ന്യൂസോ, ബെൻ ഷാപിറോ, വലതുപക്ഷ ചാറ്‌റൂമുകളോ മാത്രമല്ല.

നമ്മൾ അംഗീകരിക്കുന്ന ഒരു ഇസ്‌ലാമോഫോബിയയുണ്ട്. വളരെ എളുപ്പം അത് സത്യമാണെന്ന് നാം കരുതുന്നു. കാരണം നമ്മുടെ “മൂല്യങ്ങളോട്” കൂറ് കാണിക്കാത്തവരും അക്രമോല്സുകത നിറഞ്ഞവരുമാണ്‌ മുസ്ലീങ്ങൾ എന്ന അടിസ്ഥാനപരമായ മുൻധാരണ നമ്മൾ വെച്ചുപുലര്‍ത്തുന്നു. “ഇസ്‌ലാമിന്റെ പിടിവാശി” എന്നാണതിനെ പ്രമുഖനായൊരു ന്യു യോർക്ക് ടൈംസ്‌ കോളമിസ്റ്റ് വിശേഷിപ്പിച്ചത്.

ഒരു പ്രയോഗം എന്ന നിലക്ക് ഇസ്‌ലാമോഫോബിയ എന്നത് വളരെ ദുരബലമായൊരു പ്രയോഗമാണ്. മുസ്ലിം വിരുദ്ധ വെറുപ്പ് പ്രചാരണത്തിന്റെ അനുഭവങ്ങളെ അത് പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല. ആ ഒരു വെറുപ്പ് എങ്ങനെ മാധ്യമങ്ങളിലൂടെയും പൊതു സംസ്‌കാരത്തിലൂടെയും പ്രകടിപ്പിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാൻ പ്രസ്തുത പ്രയോഗം നമ്മെ സഹായിക്കുന്നില്ല. ഇസ്‌ലാമിനോടും മുസ്ലീങ്ങളോടുമുള്ള ഭയവും അവിശ്വാസവും എത്രത്തോളം സർവ്വവ്യാപിയാണെന്ന് അത് നമ്മോട് പറയുന്നില്ല.

പക്ഷെ ഇതൊന്നും ഇസ്ലാമോഫോബിയയുടെ അടിസ്ഥാനങ്ങളെല്ലാം ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ തടയാൻ പാടില്ല. ഒരു തെക്കേ അമേരിക്കൻ അഭയാർത്തിയെയോ കറുത്ത വംശജനായ ബാലനെയോ പോലീസ് വെടിവെച്ചതിനെക്കുറിച്ച് നിങ്ങൾ എത്രയേറെ സംസാരിക്കുന്നു എന്നത് പോലെ തന്നെ ഒരു പള്ളിയെക്കുറിച്ചും അതിനുള്ളിലെ മനുഷ്യന്മാരെക്കുറിച്ചും എത്രത്തോളം സംസാരിക്കുന്നു എന്ന കാര്യങ്ങളെല്ലാം തന്നെ മാനവികതയെ നാം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതിനെ നിര്‍ണ്ണയിക്കുന്നുണ്ട്.

കാലങ്ങളായി വേരൂന്നിയിട്ടുള്ള വിദ്വേഷത്താല്‍ രൂപപ്പെട്ടുവന്ന തെറ്റിദ്ധരിക്കപ്പെട്ട ചിത്രീകരണങ്ങളിലൂടെയാണ് മാനവികത നമ്മുടെ മേല്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

 

വിവര്‍ത്തനം: ബിലാല്‍ ജമാല്‍

കടപ്പാട്: www.latimes.com

സന സഈദ്‌