Campus Alive

ഖിലാഫത്തിനെ ആലോചിക്കുമ്പോൾ

‘മുഹമ്മദ് സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും തിരിച്ചുവരികയും ചെയ്തു. അല്ലാഹുവാണ, മുഹമ്മദിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒരിക്കലും തിരിച്ചുവരില്ലായിരുന്നു.’ അല്ലാമാ ഇഖ്ബാല്‍ ഈ പ്രസ്താവനയില്‍ കാണുന്നത് ഒരു മിസ്റ്റിക്കും പ്രവാചകനും തമ്മിലുള്ള വ്യത്യാസമാണ്. കാരണം ഒരു മിസ്റ്റിക്കിന് ദൈവവുമായുള്ള സമാഗമമല്ലാതെ വേറെ കടമകളൊന്നുമില്ല. എന്നാല്‍ പ്രവാചകന് സാമൂഹികമായ കടപ്പാടുകളുണ്ട്. നൈതികതയെയും രാഷ്ട്രീയപരതയെയും സംയോജിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്യുന്നത്. ലോകത്തിന്റെ നിര്‍മ്മാണമാണ് പ്രവാചകന്റെ ധര്‍മ്മം.

തീര്‍ച്ചയായും ലോകത്തെ നിര്‍മ്മിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാരങ്ങളെയും വിശ്വാസങ്ങളെയും അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനം കൂടിയാണത്. ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ സുഹൃത്തും ശത്രുവും പരസ്പര വിരുദ്ധമായി നിലനില്‍ക്കുന്ന ഒരു സാമൂഹിക സാഹചര്യത്തിലാണ് അത് സാധ്യമാവുക.

അല്ലാമാ ഇഖ്ബാൽ

ഈ പുസ്തകത്തിലുടനീളം രാഷ്ട്രീയപരമാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഞാന്‍ വിശദീകരിച്ചത്. എന്താണ് രാഷ്ട്രീയപരം എന്നാണ് ഇനി ഞാന്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയം എന്നത് ഏതെങ്കിലും പ്രദേശത്തെയോ പ്രവര്‍ത്തനത്തെയോ (പാര്‍ലമെന്റ്) സൂചിപ്പിക്കുന്ന ഒന്നല്ല. മറിച്ച് ഒരു അവസ്ഥയാണത്. ഭരണകൂടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല രാഷ്ട്രീയം എന്ന് നിര്‍വ്വചിക്കപ്പെടുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ സുഹൃത്തും ശത്രുവും (friend and enemy) തമ്മിലുള്ള വ്യത്യസ്തതയാണ് രാഷ്ട്രീയപരതയെ നിര്‍ണ്ണയിക്കുന്നത്.

മക്കയിലുണ്ടായിരുന്ന പരമ്പരാഗതമായ അധികാരങ്ങളെയും ആധിപത്യങ്ങളെയും ഇല്ലാതാക്കുക എന്നതായിരുന്നു പ്രവാചക ധര്‍മ്മം. പുതിയൊരു സാമൂഹികക്രമത്തെയാണ് പ്രവാചകന്‍ സൃഷ്ടിച്ചത്. ഒരു പുതിയ ലോകത്തെയാണ് അതിലൂടെ ഇസ്‌ലാം സംഭാവന ചെയ്തത്. അപ്പോള്‍ പ്രവാചകന്റെ ആഗമനത്തെ രാഷ്ട്രീയപരതയുടെ അടയാളമായും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ തുടക്കമായും മനസ്സിലാക്കാവുന്നതാണ്.

ഇസ്‌ലാമും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പ്രധാനമായും രണ്ട് ചേരികളിലായാണ് നിലനില്‍ക്കുന്നത്. ഒരു മതമെന്ന നിലക്ക് ഇസ്‌ലാം രാഷ്ട്രീയത്തില്‍ നിന്നും വേര്‍പ്പെടുന്നില്ല എന്ന് വിശ്വസിക്കുന്നവരുണ്ട്. അതുപോലെ വേറൊരു വിഭാഗം മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് ഇസ്‌ലാമിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ്. ഇസ്‌ലാമിക മൂല്യങ്ങളെ രാഷ്ട്രീയം മലിനമാക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ഇസ്‌ലാമല്ലാത്തതെല്ലാം ജാഹിലിയ്യത്താണെന്ന സയ്യിദ് ഖുതുബിന്റെ പ്രഖ്യാപനത്തെ പ്രശ്‌നകരമായിട്ടാണ് അവര്‍ അടയാളപ്പെടുത്തുന്നത്.

ഇസ്‌ലാമില്‍ നിന്നും രാഷ്ട്രീയപരതയെ മാറ്റിനിര്‍ത്തുക എന്നതിനര്‍ത്ഥം സാമൂഹികബന്ധങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ ഒഴിവാക്കുക എന്നതാണ്. അതോടെ ഇസ്‌ലാം എന്ന സാധ്യത തന്നെ അസന്നിഹിതമാവുകയാണ് ചെയ്യുന്നത്. രാഷ്ട്രീയപരമല്ലാത്ത ഇസ്‌ലാമാകട്ടെ, നൈതിക ഉള്ളടക്കമില്ലാത്ത ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്.

2

മുഹമ്മദ് താഹിറുല്‍ ഖാദിരി

ഇസ്‌ലാമിക പണ്ഡിതനായ മുഹമ്മദ് താഹിറുല്‍ ഖാദിരി എഴുതിയ പുസ്തകമാണ് The Fatwa on Terrorism and Suicide Bombings. അതിലദ്ദേഹം പറയുന്നത് ഫലസ്തീനടക്കമുള്ള പ്രദേശങ്ങളില്‍ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി നടത്തുന്ന ചാവേര്‍ സ്‌ഫോടനങ്ങള്‍ ഇസ്‌ലാമിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാണ്. എല്ലാ വിശ്വാസികളും പിന്തുടരേണ്ട ഒരു കൂട്ടം നിയമനിര്‍ദേശങ്ങളുടെ സങ്കലനമായിട്ടാണ് അദ്ദേഹം ഇസ്‌ലാമിനെ അവതരിപ്പിക്കുന്നത്. അതേസമയം ഇസ്‌ലാം എന്നത് ഒരു ജീവിതപദ്ധതിയായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. വളരെ നിര്‍ണ്ണിതമായ നിയമ ചട്ടക്കൂടുകളിലേക്ക് ഇസ്‌ലാമിനെ ചുരുക്കാന്‍ സാധ്യമല്ല. സാമൂഹിക ബന്ധങ്ങളും സമകാലിക പശ്ചാത്തലങ്ങളും ഇസ്‌ലാമിനെ നിര്‍വ്വചിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

ഉമ്മത്തുമായുള്ള ബന്ധത്തിലൂടെയല്ലാതെ മുസ്‌ലിമാവുക സാധ്യമല്ല. അതിനാല്‍ തന്നെ വൈയക്തിമായ ഒരു നിലനില്‍പ്പ് മുസ്‌ലിമിനില്ല. സാമൂഹികബന്ധങ്ങളാണ് അവന്റെ ഇസ്‌ലാമിനെ നിര്‍ണ്ണയിക്കുന്നത്. സമുദായത്തെ നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ അവനും പങ്കാളിയാകേണ്ടതുണ്ട്. കൃത്യമായ ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് മുസ്‌ലിംകള്‍ക്ക് അന്യമായി നില്‍ക്കുന്നത്. രാഷ്ട്രീയപരതയെ നിഷേധിക്കുക എന്നതിനര്‍ത്ഥം ചരിത്രമില്ലാത്ത സമൂഹമായി മുസ്‌ലിംകളെ തരംതാഴ്ത്തലാണ്. അതിനാല്‍ തന്നെ ഇസ്‌ലാമിന്റെയും രാഷ്ട്രീയത്തിന്റെയും സങ്കലനം മുസ്‌ലിം ഉമ്മയുടെ ഭാവിയെ തന്നെ നിര്‍ണ്ണയിക്കുന്ന ഘടകമാണ്. ഇസ്‌ലാമികമായ ഭരണക്രമം അതിനനിവാര്യമായ സംഗതിയുമാണ്. അതേസമയം ഇസ്‌ലാമിക നിയമ പണ്ഡിതനായ വാഇല്‍ ഹല്ലാഖ് സൂചിപ്പിക്കുന്നത് ഇസ്‌ലാമിക ഭരണക്രമത്തിന്റെ അനിവാര്യതയാണ് ധാര്‍മ്മികസമൂഹത്തിന്റെ സൃഷ്ടിപ്പെന്നാണ്.

ആഗോള മുസ്‌ലിം കര്‍തൃത്വത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയക്രമമാണ് ഖിലാഫത്ത് എന്ന് നിര്‍വ്വചിക്കപ്പെടുന്നത്. അതിനാല്‍ തന്നെ അത് കേവലമൊരു ചരിത്രപ്രതിഭാസമല്ല. സ്വന്തം ചരിത്രത്തെ തന്നെ രചിക്കാനുള്ള സാധ്യതകളാണ് അത് മുസ്‌ലിംകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ കേവലാര്‍ത്ഥത്തില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രമോ ഇസ്‌ലാമിക ഭരണഘടനയോ ഇസ്‌ലാമിക സമ്പദ്ഘടനയോ മുസ്‌ലിംകള്‍ക്ക് പുതിയൊരു ഭാവിയെ തുറന്നുതരികയില്ല. മറിച്ച് പൂര്‍ണ്ണമായും നൈതിക ഉള്ളടക്കമുള്ള ഒരു അധികാരരൂപമാണ് ഖിലാഫത്തിനെ പ്രതിഫലിക്കേണ്ടത്.

എന്നാല്‍ മുസ്‌ലിം കര്‍തൃത്വം എന്നത് വളരെ നിര്‍ണ്ണിതമായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ഒന്നല്ല. നിരന്തരമായ മാറ്റങ്ങളിലൂടെയാണ് അത് കടന്നുപോകുന്നത്. മുസ്‌ലിം രാഷ്ട്രീയ നിരീക്ഷകനായ സുഹൈല്‍ ദലോത്സായ് (Sohail Daulatzai) എഴുതുന്നു: ‘ആഗോള മുസ്‌ലിം കര്‍തൃത്വം ഒരിക്കലും ഭൂമിശാസ്ത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട ഒന്നല്ല. അടിമത്വം, കൊളോണിയലിസം, കുടിയേറ്റം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ചേര്‍ന്ന് സാധ്യമാക്കിയ ഒന്നാണത്.’

ഇവിടെ ഒരു രാഷ്ട്രീയ സാധ്യതയായിട്ടാണ് സൊഹൈല്‍ മുസ്‌ലിം കര്‍തൃത്വത്തെ അടയാളപ്പെടുത്തുന്നത്. ദേശീയതാനന്തര രാഷ്ട്രീയമാണത്. മാത്രമല്ല, മുസ്‌ലിം കര്‍തൃത്വത്തെ അപകോളനീകരണ രാഷ്ട്രീയത്തിന്റെ സാധ്യതയായിട്ടാണ് സൊഹൈല്‍ വായിക്കുന്നത്. ഭാവിയെ നിര്‍ണ്ണയിക്കുന്ന ഒരു രാഷ്ട്രീയ സമുദായമായി മുസ്‌ലിംകള്‍ ഇവിടെ നിര്‍വ്വചിക്കപ്പെടുകയാണ് ചെയ്യുന്നത്.

3

Sohail Daulatzai

ഒരു ഇസ്‌ലാമിക രാഷ്ട്രമായിട്ടല്ല ഖിലാഫത്തിനെ മനസ്സിലാക്കേണ്ടത്. നമ്മള്‍ സ്വപ്‌നം കാണുന്ന ഖിലാഫത്ത് ഒരിക്കലും ഇസ്‌ലാമിക രാഷ്ട്രമായിരിക്കുകയില്ല. മറിച്ച്, ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ നൈതികതയുടെയും രാഷ്ട്രീയപരതയുടെയും സങ്കലനമായിട്ടാണ് ഖിലാഫത്തിനെ മനസ്സിലാക്കേണ്ടത്. സാമൂഹികനീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിഫലനമായിട്ടാണ് ഖിലാഫത്ത് നിലനില്‍ക്കേണ്ടത്. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഒരു ഇടമാണത്.

ഖിലാഫത്തിന്റെ സംസ്ഥാപനത്തിന് വേണ്ടത് സമൂഹത്തിന്റെ ആത്മീയമായ ഔന്നത്യമോ നിലനില്‍ക്കുന്ന ലോകക്രമത്തെ അസ്ഥിരപ്പെടുത്തുന്ന സായുധനീക്കങ്ങളോ അല്ല. മറിച്ച് മനുഷ്യജീവിതത്തെ ആകമാനം ചൂഴ്ന്നുനില്‍ക്കുന്ന സംസ്‌കാരത്തിന്റെ സൃഷ്ടിപ്പാണ്. ഇസ്‌ലാം ഒരു ജീവിതപദ്ധതിയാണെങ്കില്‍ കലാ-സാംസ്‌കാരിക മേഖലകളിലെല്ലാം അത് പ്രതിഫലിക്കണം. അഥവാ, ഒരു സാംസ്‌കാരിക പോരാട്ടമാണ് ഖിലാഫത്തിനെക്കുറിച്ച ഓര്‍മ്മയിലൂടെ നാം നടത്തുന്നത്. നിലനില്‍ക്കുന്ന അധീശമായ അധികാര വ്യവസ്ഥകളെ അസ്ഥിരപ്പെടുത്തുന്ന നീക്കമാണത്.

ഖിലാഫത്ത് എന്ന ആശയം ഒരുപാട് അധികാരങ്ങള്‍ നിക്ഷിപ്തമായ സ്ഥാപനം എന്ന നിലക്കല്ല ഞാന്‍ മനസ്സിലാക്കുന്നത്. മറിച്ച് ലോകത്ത് ഇസ്‌ലാമിന്റെ രാഷ്ട്രീയ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന വളരെ സുപ്രധാനമായ ഒരു ഘടകമായിട്ടാണ്. മാത്രമല്ല, വളരെ സാര്‍വ്വലൗകികമായി നിര്‍ണ്ണയിക്കപ്പെട്ട മൂല്യങ്ങളെ അസ്ഥിരപ്പെടുത്തുകയും ബഹുസ്വരതയുടെ പുതിയ ആകാശങ്ങള്‍ തുറക്കുകയുമാണ് ഖിലാഫത്ത് ചെയ്യുന്നത്. അതോടൊപ്പം വളരെ അധീശമായി മാത്രം നിലനില്‍ക്കുന്ന യൂറോ-കേന്ദ്രീകൃത ലോകക്രമത്തിന് ഒരു ബദല്‍ സമ്മാനിക്കാനും ഖിലാഫത്തിന് സാധ്യമാണ്. ദേശരാഷ്ട്രം എന്ന ശ്രേണീപരമായ അധികാരത്തെ നിലനിര്‍ത്തുന്ന ആശയത്തിന്റെ അന്ത്യം കൂടിയാണത്. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പുതിയ ആലോചനകളെയും ആവിഷ്‌കാരങ്ങളെയുമാണ് അത് സാധ്യമാക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു അപകോളനീകരണ പ്രഖ്യാപനമാണ് ഖിലാഫത്തിന്റെ ഓര്‍മ്മയിലൂടെ നാം നടത്തുന്നത്.

സൽമാൻ സയ്യിദ്