Campus Alive

മൗലാനാ മൗദൂദിയും മറിയം ജമീലയും: വൈജ്ഞാനിക ഇടപാടുകളുടെ ചരിത്രരേഖ

 

പാശ്ചാത്യ സംസ്കാരത്തെയും ആധുനിക പ്രത്യയശാസ്ത്രങ്ങളെയും കുറിച്ച് ഇസ്‌ലാമിക ഭൂമികയുടെ അടിസ്ഥാനത്തിൽ വിമർശന പഠനങ്ങൾ രചിച്ച ചിന്തകയാണ് മറിയം ജമീല. ഇസ്‌ലാമാശ്ലേഷണത്തിനു മുമ്പും ശേഷവുമുള്ള അവരുടെ ജീവിതത്തിലെ മൗലാനാ മൗദൂദിയുടെ സ്വാധീനവും സാന്നിധ്യവും അടയാളപ്പെടുത്തുന്ന കൃതിയാണ് ‘Correspondence between Maryam Jameelah and Maulana Maudoodi and the Marcuses’. 1960 ഡിസംബർ മുതൽ 1962 ഏപ്രിൽ വരെ രണ്ടു വർഷത്തിനുള്ളിൽ നടന്ന കത്തിടപാടുകളുടെ സമാഹാരമാണിത്. മറിയം ജമീലയുടെ പതിനൊന്നു കത്തുകളും മൗലാനാ മൗദൂദിയുടെ 10 കത്തുകളും മറിയം ജമീലയുടെ മാതാപിതാക്കളുമായുള്ള രണ്ടു കത്തുകളുമാണ് ഈ സമാഹാരത്തിലുള്ളത്.

പത്തൊമ്പതാം വയസ്സു മുതൽ ഇംഗ്ലീഷ് ഇസ്‌ലാമിക സാഹിത്യ വായനയിൽ മുഴുകിയ മറിയം ജമീല മുസ്‌ലിം ലോക ചലനങ്ങളറിയാൻ അറബ് രാജ്യങ്ങളിലും പാകിസ്താനിലുമുളള ചില വ്യക്തികളുമായി എഴുത്തുകുത്തുകൾ നടത്തിയെങ്കിലും അവരിൽ പലരുടേയും പശ്ചാത്യവൽകൃത ജീവിത ശൈലിയും ഇസ്‌ലാമിക വിശ്വാസത്തോടും സംസ്കാരത്തോടുമുള്ള ശത്രുതയും ഈ തൂലികാ ബന്ധം അവസാനിപ്പിക്കുകയാണുണ്ടായത്. 1960 കളിൽ ഡോ. ഫാദിൽ ജമാലി, ഡോ. മഹ്‌മൂദ് എഫ് ഹുബ്ബുല്ലാഹ്, ശൈഖ് മുഹമ്മദ് ബഷീർ ഇബ്റാഹീമി, ഡോ. മുഹമ്മദ് അൽ ബാബയ്, ഡോ.ഹമീദുല്ല, ഡോ. മഉറൂഫ് ദവാലിബി, ഡോ. സഈദ് റമദാൻ എന്നീ അറബ്-പാശ്ചാത്യ ലോകങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി മറിയം ജമീല എഴുത്തു ബന്ധമുണ്ടാക്കിയിരുന്നു. ശഹീദ് സയ്യിദ് ഖുതുബുമായും അവർ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. സയ്യിദ് ഖുതുബ് മൗലാനാ മൗദൂദിയുടെ രചനകൾ വായിക്കാൻ ശുപാർശ ചെയ്തത് മറിയം ജമീല കത്തിൽ പരാമർശിക്കുന്നുണ്ട്.

മൗലാനാ മൗദൂദി

ശൈഖ് ഹസനുൽ ബന്നയും മുസ്‌ലിം ബ്രദർഹുഡും അമേരിക്കൻ മാധ്യമങ്ങൾക്ക് സുപരിചിതരായിരുന്നെങ്കിലും  മൗലാനാ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അമേരിക്കൻ  മാധ്യമലോകത്തും പണ്ഡിതർക്കുമിടയിൽ വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ലായിരുന്നുവെന്നു അവർ എഴുതുന്നു. 1958 ൽ കെന്നത് റൊണാൾഡ് എഡിറ്റു ചെയ്ത ‘Islam the Straight Path’ ൽ മസ്ഹറുദ്ദീൻ സിദ്ദീഖിയുടെ പ്രബന്ധത്തിലൂടെയാണ് മറിയം ജമീല മൗലാനാ മൗദൂദിയെ പരിചയപ്പെടുന്നത്. 1960 ൽ ദി മുസ്‌ലിം ഡൈജസ്റ്റ് ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട മൗലാനാ മൗദൂദിയുടെ മരണാനന്തരജീവിതം (Life after Death) എന്ന ലേഖനം മറിയം ജമീലയെ ഹഠാതാകർഷിക്കുകയും അദ്ദേഹവുമായുള്ള പ്രത്യയശാസ്ത്ര സംവാദത്തിനു ആരംഭം കുറിക്കുകയും ചെയ്തു. മോഡേണിസ്റ്റായ സിദ്ധീഖിയുടെ വിമർശനം മൗലാനായോടു അനുകമ്പ തോന്നാൻ കാരണമായതായി അദ്ദേഹത്തിനുള്ള ആദ്യ കത്തിൽ അവർ എഴുതുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും സുപ്രധാന ഘട്ടമായാണ് മൗലാനായുമായുള്ള കത്തിടപാടുകളെ അവർ വിശേഷിപ്പിക്കുന്നത്. ഇസ്‌ലാമികാശ്ലേഷണത്തിനു തയ്യാറായി നിന്ന മറിയം ജമീലയുടെ ചിന്തകളിൽ ഇസ്‌ലാമിക ആശയങ്ങൾക്കു പുതിയ മാനം നൽകാൻ മൗലാനാ മൗദൂദിക്കു സാധിച്ചു. ജോൺ എഫ് കെന്നഡിയുടെ ഭരണകാലത്തെ അമേരിക്കൻ രാഷ്ട്രീയ-സാമ്പത്തിക അഭിവൃദ്ധിയും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധവും ജമാഅത്തെ ഇസ്‌ലാമി അടക്കം എല്ലാ സംഘടനകളെയും നിരോധിച്ചു ഏകാധിപത്യം ശക്തിപ്പെടുത്തിയ പാകിസ്താനിലെ അയ്യൂബ് ഖാന്റെ ഭരണം, കൂടാതെ സത്യാന്വേഷണ പാതയിൽ അനുഭവിച്ച മാനസിക സംഘർഷങ്ങൾ തുടങ്ങി ഗൗരവമാർന്ന ജീവിത സാഹചര്യങ്ങൾക്കിടയിൽ മൗലാനാ മൗദൂദിയുടെ സംഭാഷണങ്ങൾ ആത്മീയ-ബൗദ്ധിക മേഖലകളിൽ സഹായകമായതായി മറിയം ജമീല ആമുഖത്തിൽ എഴുതുന്നുണ്ട്. പദാർത്ഥ വാദ സെകുലറിസവും ദേശീയതയും ഇസ്‌ലാമിനു മാത്രമല്ല മുഴുവൻ ലോകത്തിന്നും വെല്ലുവിളിയാണ് എന്ന ആശയം മുന്നോട്ടു വെച്ച മറിയം ജമീല, മുസ്‌ലിം ലോകത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും പാശ്ചാത്യ വൽകരണത്തിന്റെ ഭാഗമായി സെകുലറിസം, ലിബറലിസം, നാഷണലിസം, ആധുനിക ശാസ്ത്രം എന്നിവയോടുള്ള ആവേശവും അമിതാവലംബവും, ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകളോടും സംവിധാനങ്ങളോടുമുള്ള എതിർപ്പ് തുടങ്ങിയ വിഷയങ്ങളിൽ വിമർശന പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമാൽ അതാതുർക്ക്, സിയാ ഗോകാൽപ്, സർ സയ്യിദ് അഹ്മദ് ഖാൻ, വിൽഫ്രഡ് കാന്റ് വെൽ സ്മിത്, അസഫ് എ ഫൈസീ, അലി അബ്ദു റാസിഖ്, ഹബീബ് ബുർഗീബ, താഹ ഹുസൈൻ എന്നിവരാണ് ആദ്യകാലങ്ങളിൽ മറിയം ജമീലയുടെ വിമർശനത്തിന് വിധേയമായവർ. ഇവരെപ്പോലുള്ള മുസ്‌ലിം ‘പുരോഗമനവാദി’കൾ ബാഹ്യശത്രുക്കളേക്കാൾ അപകടകാരികളാണെന്നാണ് മറിയം ജമീല അഭിപ്രായപ്പെട്ടത്. മൗലാനാ മൗദൂദിയുടെ കത്തുകളിൽ മറിയം ജമീലയുടെ ചിന്തകളെയും വിശകലന പാടവത്തെയും അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും  കാണാം.

ഖിലാഫത്തിന്റെ നിരോധം, ശരീഅഃതിനു പകരം ആധുനിക പാശ്ചാത്യ സെകുലർ നിയമ വ്യവസ്ഥകളുടെ കടമെടുക്കൽ, ഉമ്മത്ത് എന്ന ആഗോള മുസ്‌ലിം സാഹോദര്യം എന്ന ആശയത്തിനു പകരം പ്രാദേശിക-വംശീയ ദേശീയതകളുടെ സ്വീകാര്യത, അറബിക് വചനങ്ങൾ ഒഴിവാക്കി റോമൻ സ്ക്രിപ്റ്റിലെ ഖുർആൻ വിവർത്തനങ്ങൾ, വ്യാവസായിക വൽകരണത്തിലൂടെ പാശ്ചാത്യ ജീവിത മാതൃക സ്വീകരിക്കാനുള്ള മുസ്‌ലിം ഭരണകൂടങ്ങളുടെ ധൃതി, വനിതാ വിമോചന ചർച്ചകൾ, പാശ്ചാത്യ ജീവിത ശൈലിയുടെയും വസ്ത്രധാരണത്തിന്റെയും ദത്തെടുക്കൽ തുടങ്ങിയ മേഖലകളിൽ ഇസ്‌ലാമിനെ ആധുനികവൽക്കരിക്കാനുള്ള പുരോഗമനവാദികളുടെ ത്വരയെ മറിയം ജമീല ചർച്ച ചെയ്യുന്നു. ഖാദിയാനിയസത്തിന്റെ രൂപീകരണവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ അവരുടെ സ്വാധീനത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇസ്‌ലാം വിരുദ്ധ സമീപനത്തെ മൗലാനാ  മൗദൂദി അവലോകനം ചെയ്യുന്നുണ്ട്.

പാശ്ചാത്യ സംസ്കാരത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറകളെക്കുറിച്ച വിമർശം, ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളുടെ വിശകലനം, ഒരു ബദൽ വ്യവസ്ഥ എന്ന നിലയിൽ ഇസ്‌ലാമിനെ വിശദീകരിക്കുക എന്നിങ്ങനെ  തന്റെ ഇസ്‌ലാമിക പ്രവർത്തനത്തെ മൂന്നു പോയിന്റുകളിൽ മൗലാനാ ചുരുക്കി പരിചയപ്പെടുത്തിത്തരുന്നു. ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തെകുറിച്ചും പരാമർശിക്കുന്നു. പശ്ചിമേഷ്യൻ-ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക-രാഷ്ട്രീയ വികാസങ്ങളെക്കുറിച്ച മൗലാനയുടെ വീക്ഷണം അടുത്തറിയാൻ ഈ കൃതി ഉപകരിക്കുന്നതാണ്. മദീന യൂണിവേഴ്സിറ്റിക്കു വേണ്ടി മൗലാനാ മൗദൂദി തയ്യാറാക്കിയ കരിക്കുലത്തെക്കുറിച്ച വിശദ വിവരണം ഈ കൃതിയിലുണ്ട്.

മറിയം ജമീല

ഷാഹ് വലിയുല്ലാഹി ദഹ്‌ലവിയെക്കുറിച്ച ആരോപണങ്ങളും അദ്ദേഹത്തിന്റെ ഫിഖ്ഹീ നിലപാടും, സർ സയ്യിദ് അഹ്മദ് ഖാൻ, ചിരാഗ് അലി, അമീർ അലി, ഖുർആൻ വിവർത്തകൻ മുഹമ്മദ് അലി പോലുള്ള മുസ്‌ലിം ബുദ്ധിജീവികളിലെ ആധുനികതയുടെ സ്വാധീനം, ജിഹാദിനെയും ബഹുഭാര്യത്വത്തെയും സംബന്ധിച്ച തെറ്റിദ്ധാരണകൾ, അല്ലാമാ ഇഖ്ബാലിന്റെ ആദ്യകാല ചിന്തകളിൽ മുഴച്ചു നിന്ന മുസ്‌ലിം നാഷണലിസം, യുക്തിചിന്ത, കമാൽ അത്താതുർക്കിന്റെ പരിഷ്കാരങ്ങൾക്കുള്ള പിന്തുണയും പിൽക്കാലത്തെ അദ്ദേഹത്തിന്റെ പരിവർത്തനവും, അബ്ദുൽ കലാം ആസാദിന്റെ രണ്ട് ജീവിതഘട്ടങ്ങളും ‘മതങ്ങളുടെ ഐക്യ’ത്തെക്കുറിച്ച അദ്ദേഹത്തിന്റെ ചിന്തകളും, മുഹമ്മദ് അസദിന്റെ ഇസ്‌ലാമാശ്ലേഷണത്തിനു ശേഷമുള്ള ചിന്താ പരിണാമങ്ങളും മറിയം ജമീലയും മൗലാനാ മൗദൂദിയും ചർച്ച ചെയ്യുന്നു. 1958 ൽ പ്രമുഖ ഓറിയന്റലിസ്റ്റായ ഡോ. വിൽഫ്രെഡ് കാന്റ് വെൽ സ്മിത്  മൗലാനാ മൗദൂദിയുടെ  വിമർശനമുൾക്കൊള്ളുന്ന ‘Islam in modern History’ എന്ന തന്റെ ഗ്രന്ഥം സമ്മാനമായി നൽകുന്ന അനുഭവം അദ്ദേഹം പങ്കു വെക്കുന്നുണ്ട്.

മറിയം ജമീല തന്റെ യഹൂദ പാരമ്പര്യവും സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും വിശദീകരിക്കുന്നത് കാണാം. മറിയം ജമീലക്ക് പാകിസ്ഥാനിൽ എല്ലാവിധ സുരക്ഷയും സൗകര്യവും ഒരുക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ടു മാതാപിതാക്കൾക്കയച്ച കത്തും അതിനു നന്ദി പ്രകാശിപ്പിച്ച അവരുടെ മറുപടിയും ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കളെ ഇസ്‌ലാമിലേക്കു ക്ഷണിക്കുന്ന മറിയം ജമീലയുടെ കത്ത്, ഇസ്‌ലാമിനെ ഒരു വിമോചന പ്രത്യയശാസ്ത്രമെന്ന നിലയിൽ സമർപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കൃതിയുടെ അവസാന ഭാഗത്ത് മറിയം ജമീലയുടെ പ്രധാനപ്പെട്ട അഞ്ചു രചനകളുടെ വിവിധ റിവ്യൂകൾ ഉൾപ്പെടുത്തിയിരിക്കുന്നത് അവരുടെ വൈജ്ഞാനിക വ്യവഹാരം അടുത്തറിയാൻ പ്രയോജനപ്പെടുന്നതാണ്. പാശ്ചാത്യ സംസ്കാരത്തെയും വിവിധ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അടുത്തറിഞ്ഞ വ്യക്തിയെന്ന നിലയിൽ മറിയം ജമീലയുടെ മൗലാനാ മൗദൂദിയുമായുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതും ആഗോള മുസ്‌ലിം രാഷ്ട്രീയ ചലനങ്ങളെ അടുത്തറിയാൻ ഉപകരിക്കുന്നതുമാണ് ഈ പുസ്തകം.

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്