Campus Alive

കീഴാള ഐക്യവും ജെ.എന്‍.യു വിലെ പുതിയ രാഷ്ട്രീയ സ്വപ്‌നങ്ങളും

ദലിത്, മുസ്ലിം, ബഹുജനുകളും മറ്റു അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളും തമ്മിലുള്ള കൂടിച്ചേരലിന് ദീര്‍ഘകാല ചരിത്രം പറയാനുണ്ട്. ദലിത്, മുസ്ലിം, ബഹുജന്‍ വിഭാഗങ്ങളുടെ വ്യത്യസ്ഥ തരത്തിലുള്ള രാഷ്ട്രീയ പരീക്ഷണങ്ങളുടെയും സൗഹൃദത്തിന്റെയും ചരിത്രം കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം നാം ഏറെ കണ്ടതാണ്. തമിഴ്‌നാട്ടിലെ പെരിയറിസ്റ്റുകളുടെയും കേരളത്തിലെ ഈഴവ മെമ്മോറിയലിന്റെയും വി.ടി രാജശേഖറിന്റെ ദലിത് വോയ്സിന്റെ ചരിത്രവും പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാടിയും അസദുദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും എല്ലാം അത്തരം ചരിത്രപരവും സ്വാഭാവികവുമായ രാഷ്ട്രീയ ചോദ്യങ്ങളുടെ കഴിഞ്ഞ കാലത്തും ഇന്നും നടന്നുകൊണ്ടിരിക്കുന്ന കീഴാള മുന്നേറ്റങ്ങളുടെ ഉദാഹരണങ്ങളില്‍ ചിലതാണ്. ഹൈദരാബാദ് സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും കേരളത്തിലെ മഹാരാജാസ് കോളേജിലും നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാര്‍ മനപ്പൂര്‍വം അവഗണിക്കുന്ന ധാരാളം ദലിത് ബഹുജന്‍ ഐക്യങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ബാപ്സയുടെയും ഫ്രറ്റേര്‍ണിറ്റിയുടെയും നേതൃത്വത്തില്‍ രൂപപ്പെട്ടിട്ടുള്ള ദലിത് ബഹുജന്‍ ഐക്യത്തിലും ഇത്തരം ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും ഓര്‍മകളുടെയും സങ്കീര്‍ണതകള്‍ നിറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ എഴുത്തുകളുടെയും രാഷ്ട്രീയ ജീവിതത്തിന്റെയും വലിയൊരു പാരമ്പര്യം ജെ.എന്‍.യുവിന് അവകാശപ്പെടാനുണ്ട്. ഇടതുപക്ഷം രൂപപ്പെടുത്തിയെടുത്ത അത്തരമൊരു രാഷ്ട്രീയ ഭാഷ ഞാന്‍ പിന്തുടരണമെന്നില്ല. അതുകൊണ്ട് തന്നെ എന്നോട് അങ്ങനെ ഒരു ഭാഷയില്‍ എഴുതാന്‍ ദയവായി ആവശ്യപ്പെടരുത്. ഞാന്‍ നില്‍ക്കുന്ന ഇടത്തിന്റെ ഭാഷയില്‍ ആണ് ഞാന്‍ എഴുതുക. വളരെ വ്യത്യസ്തമായിക്കൊണ്ട് ഒരു ആത്മീയ രാഷ്ട്രീയത്തില്‍ (Political Spirituality) വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ മുസ്ലിം/അറബിക് പേരായ വസീം സ്വയം തന്നെ അത് വെളിവാക്കുന്നുണ്ട്. ഇന്ത്യന്‍ കാമ്പസുകളില്‍ രൂപപ്പെട്ടിട്ടുള്ള പുതിയ കീഴാള രാഷ്ട്രീയത്തെ വരച്ചുകാട്ടുന്ന രാഷ്ട്രീയ മണ്ഡലമാണത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഒരേസമയം പ്രതീക്ഷകള്‍ കൊണ്ട് നിറഞ്ഞതും അതേ സമയം തന്നെ നിരാശയുടെ ഭാരം താങ്ങുന്നതുമാണ്. എന്റെ പുതിയ രാഷ്ട്രീയ അന്യേഷണം നിരാശ നിറഞ്ഞതാണ്, കാരണം ഇത് എഴുതുന്ന വേളയില്‍ ആസ്സാമില്‍ നിന്നുള്ള 1.9 മില്യണ്‍ ആളുകളുടെ നിശബ്ദമായ കരച്ചില്‍ എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

എന്നില്‍ ഞാന്‍ വ്യത്യസ്ത തരം ശബ്ദങ്ങള്‍ കാണുന്നുണ്ട്. എനിക്ക് തന്നെ വ്യക്തതയുള്ള ചില ശബ്ദങ്ങള്‍ അതിലുണ്ട്, ബാക്കിയുള്ള ശബ്ദങ്ങളെ പറ്റി എനിക്ക് പോലും വ്യക്തമായ ധാരണകളില്ല. ഒരു വ്യക്തി/സാമൂഹ്യ ജീവി/ മുസ്ലിം/ന്യൂനപക്ഷം/OBC/ആണ്‍/മലയാളി/ജെ.എന്‍.യു വിദ്യാര്‍ത്ഥി എന്നൊക്കെയുള്ള നിലയിലാണ് ഞാനിത് എഴുതുന്നത്. ഞാന്‍ തന്നെ വിമര്‍ശിക്കേണ്ടുന്ന പല കാര്യങ്ങളും എന്നിലുണ്ട്. ഞാന്‍ ആഘോഷിക്കേണ്ടുന്ന പലതും എന്നില്‍ തന്നെയുണ്ട്. ഞാന്‍ പഠിപ്പിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതുമായ, എന്റെ മുസ്ലിം ആത്മീയ പാരമ്പര്യത്തില്‍ നിന്നും എനിക്ക് കിട്ടിയ കാരുണ്യത്തിന്റെ രാഷ്ട്രീയമാണത്. കാരുണ്യവാനായ ദൈവത്തിന്റെ ഇച്ഛക്ക് അനുസരിച്ചാണ് ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് എന്നെ പഠിപ്പിക്കുന്ന ഒരു പാരമ്പര്യത്തില്‍ നിന്നാണ് എന്റെ രാഷ്ട്രീയ ചിന്തകള്‍ രൂപപ്പെടുന്നത്.

വ്യത്യസ്ത തരം സ്വത്വങ്ങള്‍ ഉണ്ടായിട്ടും എന്റെ മുസ്ലിം സ്വത്വത്തെ പറ്റി എന്തിനാണ് ഞാന്‍ ഇങ്ങനെ വേവലാതിപ്പെടുന്നതെന്ന് നിങ്ങളില്‍ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ മുസ്്ലിമാവല്‍ (Muslimness) എന്റെ തിരഞ്ഞെടുപ്പല്ല. ചിലപ്പോഴൊക്കെ മതേതര ആഖ്യാനങ്ങളില്‍ വീടിന്റെ മൂലയില്‍ സ്വകാര്യ മുസ്ലിം ആയി കഴിഞ്ഞു കൂടുന്ന ഈ രാജ്യത്തെ മുഖമില്ലാത്ത അനേകം വസീമുമാരില്‍ ഒരാളായി ഞാന്‍ മാറേണ്ടതായി വരുന്നുണ്ടെങ്കിലും, എന്റെ മുസ്ലിം സ്വത്വത്തെ ചവിട്ടി താഴ്ത്താന്‍ എനിക്ക് കഴിയില്ല. വ്യത്യസ്ത തരം സവര്‍ണ ഹിന്ദു വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു മുസ്ലിം ആയാണ് ഞാന്‍ അറിയപ്പെട്ടത്, പ്രത്യകിച്ച് ഈ ക്യാമ്പസില്‍ വന്നത് മുതല്‍ ഒരു മുസ്്‌ലിം മാത്രമായിട്ടാണ്് ഞാന്‍ അടയാളപ്പെട്ടിട്ടുള്ളത്. ഒരു മുസ്ലിം എന്ന നിലക്കുള്ള എന്റെ രാഷ്ട്രീയാവകാശങ്ങളെ മായിച്ചു കളയാന്‍ കൂടിയാണ് അവരെന്നെ മുസ്ലിം എന്ന് വിളിച്ചുകൊണ്ടിരുന്നത് എന്ന് എനിക്ക് ബോധ്യപ്പെട്ടു. അതേ സമയം തന്നെ ഇന്ത്യയിലെ അധീശത്വ വിഭാഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്റെ സ്വത്വത്തെ അപ-മുസ്ലിം വത്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ അധികാരമുള്ള ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ പൊരുതുന്ന മുസ്ലീങ്ങള്‍ക്കായി (പ്രത്യേകിച്ചും വിശ്വാസികളായ/അദൃശ്യരായ) നിലകൊള്ളാനുള്ള ശരിയായ സമയമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ മുസ്ലിം കര്‍തൃത്വത്തെ നിരാകരിക്കാന്‍ ശ്രമങ്ങള്‍ ഉള്ളിടത്തോളം കാലം പ്രതിരോധങ്ങളുമുണ്ടാവും. ഇന്‍ഷാ അല്ലാഹ്…

ഈ എഴുത്തിന്റെ വിശാലമായ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് കടക്കാം.

സവര്‍ണ ബ്രാഹ്മണ ഇടതുപക്ഷവും വലതുപക്ഷവും സ്ഥാപനവത്കൃതവും രാഷ്ട്രീയവത്കൃതവുമായി നിലനിര്‍ത്തിപ്പോരുന്ന ഏകാധിപത്യം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജെ.എന്‍.യു കാമ്പസില്‍ ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം എന്നത് ചരിത്ര പ്രാധാന്യമുള്ള അധ്യായമാണ്. ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തിന് എത്രയൊക്കെ പരിമിതികളുണ്ട് എന്ന് ആരോപിച്ചാലും ജെ.എന്‍.യു കാമ്പസിന്റെ രാഷ്ട്രീയ ഭാഷയുടെ ചരിത്രത്തിന്റെ ഇടര്‍ച്ചയും വ്യക്തമായ മാറ്റവുമാണത്. ഇത് ജെ.എന്‍.യുവിന്റെ ചരിത്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ തിരിച്ചു വരവാണ്. ഇത് സവര്‍ണ-പുരോഗമന ഇടതുപക്ഷവും വലതുപക്ഷവും വളര്‍ത്തിയെടുത്ത ബഹുജന്‍ വിരുദ്ധ അതിഭൗതികതക്കെതിരെയുള്ള യുദ്ധമാണ്. ബാപ്‌സയുടെയും ഫ്രറ്റേണിറ്റിയുടെയും മാതൃക പിന്‍പറ്റിക്കൊണ്ട് കൂടുതല്‍ അരികുവല്‍കൃത ജനതകളും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജെ.എന്‍.യു കാമ്പസില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം എന്ന ആശയത്തെ ശക്തിപ്പെടുത്തും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ കാമ്പസുകളിലെ മണ്ഡലാനന്തര രാഷ്ട്രീയം അവസാനം ജെ.എന്‍.യു കാമ്പസില്‍ അതിന്റെ വിപ്ലവവീര്യം കണ്ടെത്തിയിരിക്കുന്നു.

ബാപ്സ-ഫ്രറ്റേണിറ്റി ഐക്യത്തില്‍ സന്തുഷ്ടരല്ലാത്ത ഇടത്, വലത് പക്ഷങ്ങളോട് പറയാനുള്ളത്, നിങ്ങള്‍ വൃത്തികെട്ട രീതിയില്‍ ഭയപ്പെട്ടിരുന്നതെന്തോ അത് യാഥാര്‍ഥ്യം ആയിരിക്കുന്നു എന്നാണ്. എ.ഐ.എസ്.എയും (AISA), എസ്.എഫ്.ഐയും അല്ലെങ്കില്‍ മറ്റുള്ള അവസരവാദികളായ ഇടതു സംഘടനകളും രൂപപ്പെടുത്തുന്ന ഇടത് സഖ്യം വരച്ചുകാട്ടുന്നത് പോലുള്ള വര്‍ഗസിദ്ധാന്തങ്ങളും എ.ബി.വി.പി ക്രൂരമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മിഥ്യാദേശീയതയും ജെ.എന്‍.യുവില്‍ ഇനിമുതല്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. അതിനുപകരം, ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചുള്ള അധികാരത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും ചോദ്യങ്ങളുമായി നാം സംവദിക്കേണ്ടതുണ്ട് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. വര്‍ഗം/ജാതി/ലിംഗം/ദേശം/മതം തുടങ്ങിയ ചോദ്യങ്ങളുമായി അഗാധമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന, മാറ്റമില്ലാത്ത അധികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പ്രശ്‌നങ്ങളാണവ. വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുമുള്ള ഇന്ത്യന്‍ സാമൂഹിക ഘടനയോടുള്ള വിമര്‍ശനത്തെ ശക്തിപ്പെടുത്താന്‍ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ കര്‍തൃത്വങ്ങളില്‍ നിന്നുള്ള അധഃകൃത ജനതകളുടെ ഒന്നിച്ചുചേരലിലൂടെ മാത്രമേ കഴിയൂ.

ഉദാഹരണത്തിന്, ലൈംഗിക ന്യൂനപക്ഷ വ്യവഹാരങ്ങളെ ക്രിമിനല്‍വത്കരിക്കാനുപയോഗിക്കുന്ന വാദങ്ങളെ വ്യവസ്ഥാപിതമായി ഉപയോഗപ്പെടുത്തിക്കൊണ്ട്, മുസ്ലിം ന്യൂനപക്ഷ വ്യവഹാരങ്ങളെ ക്രിമിനല്‍ വത്കരിക്കുകയും, അതിലൂടെ വര്‍ഗ ഘടന മാത്രമാണ് നിലനില്‍ക്കുന്നത് എന്ന ഇടത് സവര്‍ണ വിഭാഗത്തിന്റെ താല്പര്യത്തെ സംരക്ഷിക്കുവാനുമുള്ള നീക്കങ്ങള്‍ ജെ.എന്‍.യു കാമ്പസിലെ അരികുവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ നിലനിര്‍ത്താന്‍ ഒരിക്കലും സഹായിക്കുകയില്ല. അതു പരാമര്‍ശിക്കുമ്പോള്‍ തന്നെ, ലൈംഗിക ന്യൂനപക്ഷ പ്രസ്ഥാനങ്ങളോടുള്ള ഫ്രറ്റേണിറ്റിയുടെ ഐക്യപ്പെടലിനെ ഞാന്‍ ഇവിടെ ഒന്നുകൂടെ ഊന്നിപ്പറയുന്നു. ലൈംഗിക ന്യൂനപക്ഷ പ്രസ്ഥാനങ്ങളും മത ന്യൂനപക്ഷ പ്രസ്ഥാനങ്ങളും തമ്മിലെ പരസ്പര ഐക്യം എന്നത് ആഗോള യാഥാര്‍ഥ്യമാണ് എന്ന് ജൂഡിത് ബട്‌ലറെ പോലുള്ളവര്‍ തെളിയിക്കുന്നുണ്ട്. അതിനാല്‍ ജെ.എന്‍.യു കാമ്പസിലും ഇന്ത്യയില്‍ ഒട്ടാകെയും ഇത്തരം ഐക്യപ്പെടലുകള്‍ക്ക് ശക്തി പകരേണ്ടത് അനിവാര്യമാണ്. വ്യത്യസ്ത ജാതി, മത, ലൈംഗിക, ലിംഗ, പ്രാദേശിക രാഷ്ട്രീയ കര്‍തൃത്വങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നതിന് ആന്തരികമായി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അവിടെ അഭിപ്രായ വ്യത്യാസങ്ങളും പരസ്പര വിനിമയങ്ങളുടെ കുറവും ഉണ്ട്. അതേ സമയം തന്നെ കാര്യങ്ങളെക്കുറിച്ചുള്ള അവഗണനകളും ബോധ്യക്കുറവുകളും ഉണ്ട്.

മറ്റൊരു ഉദാഹരണത്തിന്, ഷാ ബാനു സംഭവത്തിന്റെ സമയം തൊട്ട് ഫെമിനിസ്റ്റ് പ്രസ്ഥനങ്ങളും മുസ്ലിം ന്യൂനപക്ഷ സാമൂഹിക മുന്നേറ്റങ്ങളും തമ്മില്‍ ഗൗരവപ്പെട്ട പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും ഐക്യവും മനസ്സിലാക്കിക്കൊണ്ട് അര്‍ത്ഥവത്തായ ഒന്നിച്ചു ചേരലിന്റെ സാധ്യതകളെ വിഭാവനം ചെയ്യാന്‍ രണ്ട് കൂട്ടര്‍ക്കും ഒരുപാട് സമയം വേണ്ടി വന്നു. സാമൂഹിക ഐക്യപ്പെടല്‍ എന്നത് ഒരു അത്താഴവിരുന്നിലൂടെ ഉണ്ടായിത്തീരുന്ന ലളിതമായ ഒന്നല്ല, മറിച് അടിച്ചമര്‍ത്തപ്പെട്ട വ്യത്യസ്ത സ്വത്വങ്ങളുടെ സങ്കീര്‍ണമായ ഒന്നിച്ചു ചേരലാണത്. എന്നാല്‍, ദേശീയമായ സവര്‍ണ ഇടതിന്റെയും ഫാഷിസ്റ്റ് ഹിന്ദു വലത് പക്ഷത്തിന്റെയും ഇടപെടലില്ലാതെ, വ്യത്യസ്ത ന്യൂനപക്ഷങ്ങളെ കേള്‍ക്കാനുള്ള ഇടം നമുക്കൊണ്ടോ എന്നുള്ളതാണ് യഥാര്‍ത്ഥ ചോദ്യം.
ജെ. എന്‍. യു കാമ്പസില്‍ പുതിയ രാഷ്ട്രീയത്തിനായുള്ള വിശാലമായ പോരാട്ടം രൂപപ്പെട്ടു എന്നതാണ് ബാപ്സ-ഫ്രറ്റേണിറ്റി സഖ്യം നമ്മെ ഓര്‍മിപ്പിക്കുന്നത്. ജാതിയെയും മതത്തെയും വര്‍ഗത്തെയും ലൈംഗികതയെയും പ്രദേശത്തെയും കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന സ്വതങ്ങളുടെ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഒരുമിച്ചു ചേരലിനെ ഈ സഖ്യം ശക്തിപ്പെടുത്തും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജെ.എന്‍.യു കാമ്പസിലെ ഐക്യപ്പെടലിന്റെ പുതിയ രാഷ്ട്രീയം ഇടത്-വലത് ദേശീയ രാഷ്ട്രീയ അധികാരങ്ങളുടെ മധ്യസ്തമില്ലാതെ തന്നെ വ്യത്യസ്ത സാമൂഹിക ശക്തികളുടെ തുല്യമായ സംവേദനത്തിന് കരുത്തു പകരുന്നുണ്ട്.

ബാപ്സ-ഫ്രറ്റേണിറ്റി ഐക്യം പോലെ ഇന്ത്യയിലെ വ്യത്യസ്ത കാമ്പസുകളില്‍ രൂപപ്പെട്ടു വരുന്ന മുന്നേറ്റങ്ങളെ വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ ഭയപ്പെടുന്നത് പോലെ തന്നെ വ്യവസ്ഥാപിത ഇടതുപക്ഷവും ഭയപ്പെടുന്നുണ്ട്. ഇന്ത്യന്‍ കാമ്പസുകളിലെ വ്യവസ്ഥാപിത ഇടതുപക്ഷം- മേല്‍ജാതി ഹിന്ദു പരിസരത്ത് നിന്നുമുള്ളവരാണ് അവരില്‍ വലിയ വിഭാഗവും- ദളിത് ബഹുജന്‍ മുസ്ലിം സാമൂഹിക രാഷ്ട്രീയ കൂടിച്ചേരലിനെ പറ്റി എപ്പോഴും ഭയപ്പെടുന്നവരാണ്. ഉദാഹരണത്തിന് അംബേദ്കറൈറ്റ് സംഘടനകളും മുസ്ലിം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും ഒരുമിച്ച് നില്‍ക്കുന്നത് എസ്.എഫ്.ഐ യെ തങ്ങളുടെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ തന്ത്രമായ ഇസ്ലാമിസത്തിന്റെ പേരും പറഞ്ഞു കൊണ്ടുള്ള ഇസ്ലാമോഫോബിയയുടെ വാദങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. അത് തങ്ങള്‍ സോവിയറ്റ് ആഖ്യാനങ്ങളില്‍ നിന്നും പഠിച്ചെടുത്ത ഇടത് ഇസ്ലാം ഭീതിയുടെ പുതിയ പതിപ്പാണ്. മുസ്ലിംങ്ങള്‍ക്ക് ലോകത്തില്‍ മാറ്റം കൊണ്ട് വരാന്‍ കഴിയും എന്നുള്ള യൂറോ കേന്ദ്രീകൃത ആശങ്കയാണ് സോവിയറ്റ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം. ജോര്‍ജിയന്‍ ദേശീയവാദികളുടെ സോവിയറ്റ് സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായതും അതാണ്.

തങ്ങളുടെ കഴിഞ്ഞുപോയതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ കുറ്റകൃത്യങ്ങളെ മറച്ചുപിടിക്കാനാണ് ഇടത് സംഘടനകള്‍ ഇസ്ലാമോഫോബിക് വാദങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത്. ഇന്ത്യന്‍ കാമ്പസുകളിലെ ന്യൂനപക്ഷ മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങുടെ ഭീഷണികളെപ്പറ്റി പറയുന്നതിന് മുമ്പ് കേരളത്തിലെ എസ്.എഫ്.ഐ നേതാക്കള്‍ കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ മേല്‍ തങ്ങള്‍ നടപ്പാക്കിയ കൊലപാതകങ്ങളെയും നരഹത്യയെയും പറ്റി ഉത്തരം പറയാനുള്ള ധാര്‍മിക ശക്തിയെങ്കിലും കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. മറ്റൊരു കാര്യം കൂടി ഞങ്ങള്‍ക്ക് പറയാനുള്ളത് ഇന്ത്യയുടെ സ്റ്റേറ്റ് സംവിധാനങ്ങള്‍ തങ്ങള്‍ക്ക് പറ്റുന്ന തരത്തിലെല്ലാം ഞങ്ങള്‍ നിലനില്‍ക്കുന്ന മുസ്ലിം സംഘടനകളെ നിരോധിക്കാന്‍ പരമാവധി അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ്. ഇപ്പോള്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ഞങ്ങളെ ഇന്ത്യന്‍ സ്റ്റേറ്റിന് മുന്നില്‍ തീവ്രവാദികളായി ചിത്രീകരിക്കുകയും ഞങ്ങളെ സ്റ്റേറ്റിന്റെ ശത്രുക്കളാക്കുകയും രാഷ്ട്രീയ ഭൂമികയില്‍ നിന്നും ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മുസ്ലിം രാഷ്ട്രീയ ഭാവനകളോടുള്ള നിങ്ങളുടെ വെറുപ്പിന് യാതൊരു പരിധിയും ഇല്ല എന്നത് വ്യക്തമാണ്.

ഇസ്ലാമിസം, ഇസ്ലാമിസ്റ്റ് എന്നെല്ലാം പ്രയോഗിക്കുന്നതിലൂടെ – സാമ്രാജ്യത്വ ശക്തികള്‍ ശീതസമരത്തിനും 9/11 നും ശേഷം നിര്‍ണയിച്ചു നല്‍കിയ ഒറ്റ അര്‍ത്ഥം മാത്രമാണ് അതിനുള്ളത് – ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ (പ്രത്യേകിച്ചും ചില എസ്.എഫ്.ഐ അനുകൂലികര്‍) ഇസ്ലാമിസത്തിനകത്ത് തന്നെയുള്ള വൈവിധ്യങ്ങളെയും ഇസ്ലാമിസ്റ്റുകളിലെ തന്നെ വ്യത്യസ്ത അഭിപ്രായക്കാരെയും പറ്റിയുള്ള അക്കാദമികമായ പഠനങ്ങളെ ഇന്ത്യന്‍ കാമ്പസുകളിലെ മുസ്ലിം രാഷ്ട്രീയത്തെ വില്ലന്മാരായി ചിത്രീകരിക്കാന്‍ മനപ്പൂര്‍വം മറച്ചു പിടിക്കുകയാണ്. ഇസ്ലാമിസത്തെ ഏകശിലാത്മകമായ രൂപമാക്കുകയും ഇസ്ലാമിസത്തിന്റെയും ഇസ്ലാമിസ്റ്റുകളുടെയും വൈജ്ഞാനിക പാരമ്പര്യത്തെ പൈശാചികവത്കരിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും പറ്റി കൃത്യമായി ബോധ്യമില്ലാത്ത ആളുകളില്‍ നിരന്തരം ഭയം ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇടതുപക്ഷം. ഒവമിര്‍ അഞ്ചുമിനെയും സല്‍മാന്‍ സയ്യിദിനെയും ഖാസിം സമാനെയും പോലുള്ള ആളുകളുടെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ പറ്റിയുള്ള പുതിയ പഠനങ്ങളില്‍ ഇസ്ലാമിസ്റ്റുകളില്‍ തന്നെ ഒരേ സമയം സമാധാനപ്രിയരും ഭക്തരും സായുധരും ആയിട്ടുള്ള വ്യത്യസ്ത തരം സാമൂഹിക രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രവണതകള്‍ കാണിക്കുന്നതായി കാണാം.

ഇന്ത്യയിലെ ഇസ്ലാമിസത്തെക്കുറിച്ച് മതേതര/വര്‍ഗീയ ചട്ടക്കൂടുകള്‍ക്കകത്ത്് നടന്ന പഠനങ്ങളെല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഇസ്ലാമിസത്തിന്റെ സ്വതന്ത്രമായ ചരിത്രത്തിന്റെ കര്‍തൃത്വത്തെ നിരാകരിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തിലെ മുസ്ലിം സാമൂഹിക പ്രസ്ഥാനങ്ങളെ പറ്റിയുള്ള പഠനങ്ങളെല്ലാം ബ്രാഹ്മണിക സ്റ്റേറ്റിന് മുസ്ലിം വിഷയങ്ങളോടുള്ള വിദ്വേഷത്തിന്റെ പ്രതിഫലനമെന്നോണം ഉണ്ടായിത്തീര്‍ന്നവയാണ്. അപ്പോള്‍ തന്നെ ഈ വിദ്വേഷത്തിനും മുഖ്യധാരാ രാഷ്ട്രീയ ഭാവനയ്ക്കും പുറത്തുനിന്നുകൊണ്ടുള്ള പഠനങ്ങളും കാണാം. ഉദാഹരണത്തിന്, വ്യത്യസ്ത ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ജനാധിപത്യവുമായി പലതരത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയതായി കാണാം. അവരില്‍  സമുദായത്തിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയും കാണാം, എസ്.ഐ.ഒ വിനെ പോലെ. ശീതസമരത്തിന് ശേഷമുള്ള ലോകഘടന ഇസ്ലാമിക പ്രസ്ഥാനങ്ങളെ പൈശാചികവത്കരിക്കുന്നതും അധിക്ഷേപിക്കുന്നതും സാമാന്യവത്ക്കരിക്കപ്പെട്ട വിജ്ഞാനമായി തീര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള ഇടതുപക്ഷം അമേരിക്ക നയിക്കുന്ന സാമ്രാജ്യത്തത്തിന്റെ അതേ ഇസ്ലാമോഫോബിക് ആഖ്യാനങ്ങളാണ് പുനരുത്പാദിപ്പിച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി, പ്രത്യേകിച്ചും ബുഷിന്റെ കാലം തൊട്ട് ഇസ്ലാമോഫോബിയ ലോകത്തിലെ മുസ്ലിംകളെ കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങളെ നിയന്ത്രിക്കാന്‍ മാത്രം ശക്തിപ്രാപിച്ചത് മുതല്‍, അബുല്‍ അഅ്‌ലാമൗദൂദിയെ പൈശാചികവത്ക്കരിക്കുന്നത് ഒരു ഫാഷന്‍ ആയി മാറിയിട്ടുണ്ട്. മൗദൂദിയെ പറ്റിയുള്ള ഇടത്/മതേതര/ഇസ്ലാമോഫോബിക് വായനകളെ പ്രശ്‌നവത്ക്കരിക്കുന്ന നൂറുകണക്കിന് എഴുത്തുകളുണ്ട്. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളെയെല്ലാം തന്നെ മൗദൂദിയുമായി ബന്ധിപ്പിക്കുകയോ അല്ലെങ്കില്‍ മൗദൂദിയെ മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കേന്ദ്രമായി സ്ഥാപിക്കുകയോ ചെയ്തുകൊണ്ട് ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ ചിന്തകനും സവിശേഷമായ സൈദ്ധാന്തികനും എന്ന നിലക്ക് മൗദൂദിയെ വായിക്കാനുള്ള മുസ്ലിംകളുടെ കര്‍തൃത്വത്തെയാണ് അവര്‍ നിരാകരിക്കുന്നത്. മൗദൂദിയുമായോ അല്ലെങ്കില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏതൊരു രാഷ്ട്രീയ ചിന്തകനുമായോ ആ നിലക്കല്ല ഇടപെടേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ഇസ്ലാമിക പാരമ്പര്യം വളരെ വിശാലമാണെന്നും മുസ്ലിം സമുദായവുമായി സംവദിക്കുന്ന ആളുകള്‍ ഇസ്ലാമിന്റെ വലിയ വൈജ്ഞാനിക പാരമ്പര്യത്തോട് അല്പമെങ്കിലും ബഹുമാനമുള്ളവര്‍ ആയിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. കോളനിയാനന്തര ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തെ കുറിച്ചുള്ള വിമര്‍ശനാത്മക സംവേദനത്തിന് മൗദൂദിയെ അധിക്ഷേപിക്കുക എന്നത് നല്ലൊരു തുടക്കം അല്ല. ഉദാഹരണത്തിന് ആയിശ ജലാലിന്റെയും ഇര്‍ഫാന്‍ അഹ്മദിന്റെയും ഹുമൈറ ഇഖ്തിദറിന്റെയും മൗദൂദിയുടെ രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളെ മനസ്സിലാക്കാനുള്ള സത്യസന്ധമായ പഠനങ്ങളാണെന്ന് കാണാം. ഇന്ത്യന്‍ മുസ്ലിം രാഷ്ട്രീയത്തെ വികസിപ്പിച്ചു കൊണ്ടുവരുന്നതിലെ വെല്ലുവിളികളായാണ് ഇതിനെയെല്ലാം ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ മതേതര ഇടതുപക്ഷം -രാഷ്ട്രീയത്തിന്റെ പേരില്‍- തങ്ങളുടെ വെറുപ്പ് പ്രകടിപ്പിക്കാനുള്ള എളുപ്പവഴിയായി പൈശാചികവത്ക്കരണത്തെ ആസ്വദിക്കുന്നു.

ഇന്ത്യന്‍ മുസ്ലിങ്ങളെ പഠിക്കുന്നതിനായി ഇന്ത്യയിലെ വിദ്യാര്‍ഥി രാഷ്ട്രീയം പുതിയൊരു സിലബസ് ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. വ്യത്യസ്തങ്ങളായ പ്രദേശങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കാണ് ഏറ്റവും നന്നായി മുസ്ലിംകളെക്കുറിച്ച് സംസാരിച്ച് തുടങ്ങാന്‍ കഴിയുക എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നത് ആഗോള യാഥാര്‍ഥ്യമാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ തൊട്ട് രോഹിത് മൂവ്‌മെന്റ് വരെ മുസ്ലിം വിദ്യാര്‍ഥി സംഘങ്ങള്‍ മറ്റുള്ള അരികുവല്‍കൃത വിഭാഗങ്ങളുമായി മാതൃകാപരമായ സഖ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരാണെങ്കില്‍ ഇന്ത്യന്‍ കാമ്പസുകളില്‍ മുസ്ലിം രാഷ്ട്രീയം പറയുന്നവരുടെ അടുത്തേക്ക് നിങ്ങള്‍ പോകണം. ഇസ്ലാമിനെ കുറിച്ച് സംസാരിക്കാന്‍ ഒരുപാട് പുസ്തകങ്ങളും പണ്ഡിതരും ഉണ്ട്. നമ്മുടെ കാമ്പസില്‍ തന്നെ അതിന് പറ്റിയ വ്യക്തികളും വൈജ്ഞാനിക സംഘങ്ങളും ഉണ്ട്. അവര്‍ തങ്ങളുടെ ഐക്യപ്പെടലുകളും വേദനയും രോഷവും പ്രകടിപ്പിക്കാറുണ്ട്. നമുക്കിടയില്‍ അടിച്ചമര്‍ത്തലിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ആദ്യം നാം മനസ്സിലാക്കണം. വര്‍ഗത്തിന്റെയും ലിംഗത്തിന്റെയും ജാതിയുടെയും മതാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ ഗൗരവപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ നമുക്കിടയിലുണ്ട്. ഇസ്ലാമില്‍ അവസാന വാക്കോ ചോദ്യം ചെയ്യപ്പെടാത്ത തീരുമാനമോ ഇല്ല. ജീവിതത്തിന്റെ യാഥാര്‍ഥ്യത്തെ കണ്ടെത്തുന്നതില്‍ വിവിധങ്ങളായ വഴികള്‍ ഇസ്ലാമില്‍ ഉള്ളതായി ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവിക പാഠങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഭൗതിക ലോകത്ത് പ്രവര്‍ത്തിച്ചു കൊണ്ട് നല്ലൊരു ലോകം സാധ്യമാക്കാന്‍ ആണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ജെ.എന്‍.യു കാമ്പസിലെ ശക്തമായ ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍, ഇസ്ലാമോഫോബിക് ശക്തികള്‍ക്കെതിരെ പോരാടാന്‍ ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തെ പ്രാപ്തരാക്കിയിരിക്കുന്നു എന്നത് വ്യക്തമാണ്. ബാപ്സ-ഫ്രറ്റേണിറ്റി സഖ്യം ഈ കാമ്പസിലെ വെറുപ്പിന്റെയും വര്‍ഗീയതയുടെയും ശക്തികളെ പുറത്തുകൊണ്ടുവന്നിരിക്കുന്നു. ബാപ്സ-ഫ്രറ്റേണിറ്റി സഖ്യം പഴകിയ ഇടതുഭാഷയെ ഇല്ലാതാക്കിക്കൊണ്ട് ബഹുജന്‍ ചരിത്രത്തിലെ മഹാന്മാരായ ആദ്ധ്യാത്മികരിലും പാരമ്പര്യത്തിലും മുഴങ്ങിനില്‍ക്കുന്ന രാഷ്ട്രീയ ആത്മീയതയെ തിരിച്ചുകൊണ്ടു വന്നിരിക്കുന്നു. നിങ്ങളില്‍ പലരും ഈ സഖ്യത്തെ വെറുത്താലും ഇഷ്ടപ്പെട്ടാലും ഈ സഖ്യം ഇവിടെ തന്നെ കാണും. അത് ജെ.എന്‍.യു കാമ്പസിന്റെ ഭാവിയാണ്. ഇന്‍ഷാ അല്ലാഹ്…

(2019-20 ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിലെ ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറി കാന്‍ഡിഡേറ്റാണ് ലേഖകന്‍. നിലവില്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് ഡിപാര്‍ട്‌മെന്റില്‍ പി.എച്ച്.ഡി ചെയ്യുന്നു.)

വസീം ആര്‍ എസ്‌