യൂസുഫ് ഉറക്കെ പറയാതിരുന്ന ആ സ്വപ്‌നത്തിന്റെ പൊരുള്‍ എന്തായിരിക്കും? യഅ്ഖൂബിന് മാത്രമായി കേൾപ്പിച്ച ആ നക്ഷത്രങ്ങളുടെ അഗോചര വിവരണം എന്തായിരിക്കും? യൂസുഫ് യഅ്ഖൂബിനോട് താന്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച് പങ്കു വെക്കുന്ന കഥ വിശുദ്ധ ഖുർആനിലുണ്ട്. ഒരു പക്ഷേ, കഥാകഥന രീതിക്ക് ക്രമം പാലിച്ച, രേഖീയ സ്വഭാവമുളള ഒരേ ഒരു കഥ മാത്രമേ ഖുർആനിൽ ഉണ്ടാകൂ, അത് പ്രവാചകന്‍ യൂസുഫിന്റേയും യഅ്ഖൂബിന്റേയും കഥയാണ് (Norman Brown).
മുട്ട (Yumurta 2007), പാല്‍ (Sut 2008), തേന്‍ (Bal 2010)
തുർക്കിഷ് സംവിധായകനായ സെമിഹ് കപ്ലാനൊഗ്‌ലുവിന്റെ ‘യൂസുഫ് ട്രിലോഗി'(യൂസുഫ് ത്രയ സിനിമകള്‍)യാണ് ‘മുട്ട’യും ‘പാലും’ ‘തേനും’. യൂസുഫ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് അയാളുടെ ജീവിതത്തിന്റെ മൂന്ന് കാലഘട്ടത്തേയാണ് സിനിമ അവതരിപ്പിക്കുന്നത്. 2007-ല്‍ ഇറങ്ങിയ ഈ സീരീസിലെ ആദ്യ സിനിമയായ ‘മുട്ട’, മധ്യ വയസ്‌കനായ യൂസുഫിലൂടെ സഞ്ചരിക്കുമ്പോള്‍, 2008-ലെ ‘പാല്‍’ അയാളുടെ കൗമാരത്തേയും 2010-ലെ ‘തേന്‍’ ബാല്യകാലത്തേയും ചിത്രീകരിക്കുന്നു. അഥവാ സിനിമ പിറകിലേക്ക് സഞ്ചരിക്കുന്നു. രാത്രി വൈകിയും തന്റെ സെക്കന്റ് ഹാന്റ് ബുക്ക് ഷോപ്പ് തുറന്നിരിക്കുന്ന യൂസുഫിന് തന്റെ ഉമ്മയുടെ മരണവാർത്തയറിയിച്ചു കൊണ്ട് ഒരു ഫോൺ കോള്‍ വരുന്നിടത്ത് ‘മുട്ട’ തുടങ്ങുമ്പോള്‍ സീരീസിലെ ഏറ്റവും അവസാനത്തെ സിനിമയായ തേന്‍ അവസാനിക്കുന്നത് തന്റെ പിതാവിന്റെ മരണവാർത്തക്കൊപ്പമാണ്.

2010-ല്‍ ഇറങ്ങിയ ‘തേനി’ല്‍ നിന്നും 2007-ലെ ‘മുട്ട’യിലേക്ക് കാലാനുഗതമായി കാണേണ്ട സിനിമയായാണ് യൂസുഫ് ട്രിലോഗി വായിക്കപ്പെടുന്നത്. തുർക്കി യുടെ മലയോര ഗ്രാമത്തില്‍ തേന്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന യഅ്ഖൂബ്-സെഹ്ര ദമ്പതികളുടെയും മകന്‍ യൂസുഫിന്റെയും കഥ പറയുന്ന ‘തേന്‍’, പിതാവും പുത്രനും തമ്മിലുളള മധുരിമയാര്‍ന്ന(തേന്‍) അഗാധ ബന്ധത്തിന്റെ കൂടി കഥയാകുമ്പോള്‍, ‘പാല്‍’ ഉപജീവനത്തിന്റെ ഉപാധിയായിരിക്കെ ഉമ്മയും മകനും തമ്മിലുളള (breast feed/milking) ഘർഷണ-ശോഷണങ്ങളുടെ കഥ കൂടിയായി മാറുന്നു. ക്ലാസിലെ മികച്ച കുട്ടിക്കുളള ചുവന്ന മെഡല്‍ കരസ്ഥമാക്കുന്ന ക്ലാസിലെ അവസാന കുട്ടിയായി, സ്വയമേവ തെരഞ്ഞെടുത്ത, പുതിയ പാഠം ഉറക്കേ വായിക്കുകയെന്ന അസൈന്മെന്റെു പോലും പൂർത്തീകരിക്കാൻ സാധിക്കാതെ വിക്കി-വിക്കി കഷ്ടപ്പെട്ട് ക്ലാസിലെ മറ്റു കൂട്ടുകാരുടെ പരിഹാസങ്ങളേറ്റു വാങ്ങിയ, തന്റെ പിതാവിനോടു മാത്രം ശരിയായ രീതിയില്‍ ആശയ സംവാദം സാധ്യമാകുന്ന, പിതാവിന്റെ അഭാവത്തില്‍ മാത്രം സ്വന്തം ഉമ്മയോട് ‘ബന്ധം’ സാധ്യമാകുന്ന ‘തേനി’ലെ ബാലനായ യൂസുഫ്, പാലിലെത്തുമ്പോള്‍ ആദ്യമായി സ്വന്തം കവിത എഴുതി പ്രസിദ്ധീകരിച്ച യുവകവിയായ എന്നാൽ പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന, സ്വന്തം ഉമ്മയെ(വിവാഹം) ആഗ്രഹിച്ച, ഉമ്മ തിരിച്ചും ആഗ്രഹിച്ച, ഒരു റിട്ടയേർഡ് പട്ടാളക്കാരനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കൗമാരക്കാനായി മാറുകയും ചെയ്യുന്നു.
ഇവിടെ ‘പാല്‍’ ഈഡിപ്പല്‍ ആശയുടെ രൂപകം കൂടിയായി മാറുന്നുണ്ട്. ഉമ്മ നിർബന്ധിക്കുമ്പോഴൊക്കെ പാല്‍ കുടിക്കാതെ, പാല്‍ ഗ്ലാസിലേക്ക് നോക്കാതെ തലതാഴ്ത്തിയിരിക്കുന്ന തേനിലെ ബാലന്‍ യൂസുഫ്, ആദ്യമായി പാൽ കുടിക്കുന്നത് സ്വന്തം പിതാവ് തേന്‍ ശേഖരണാർത്ഥം ഉൾക്കാട്ടിലേക്ക് പോയി മടങ്ങിവരാതെ ഉമ്മയും മകനും പ്രതീക്ഷയറ്റ് കാത്തിരിക്കുന്നിടത്താവുന്നതും. മുമ്പ് ഉമ്മ മേശപ്പുറത്തെടുത്തു വെച്ച പാല്‍ നിറച്ച ഗ്ലാസ് യൂസുഫ് കുടിക്കാതിരിക്കുമ്പോള്‍ ഉപ്പ യഅ്ക്കൂബ് അതെടുത്തു കുടിക്കുന്നതും’ , തേനി’ലെ ഈഡിപ്പല്‍ അമർച്ചയുടെ പാലിന്‍ രൂപകമാണ്. ‘തേനില്‍’ പാലിഷ്ടപ്പെടാത്ത യൂസുഫ് ‘പാലി’ല്‍ പാല്‍ കച്ചവടക്കാരനാണ്. ആർമിയിൽ ചേരാന്‍ വൈദ്യ പരിശോധനക്കു പോയ യൂസുഫ് ആ സമയത്ത് പാല്‍ വിതരണം ചെയ്യാന്‍ ഉമ്മയെ ഏൽപ്പിക്കുന്നു. എന്നാൽ ആ സമയത്താണ് ഉമ്മ റിട്ടയർഡ് പട്ടാളക്കാരനുമായി ബന്ധം ചേരുന്നത്. മടങ്ങിയെത്തിയ യൂസുഫ്, ഉമ്മ പാല്‍ വിതരണം നടത്തിയിട്ടില്ലാ എന്നറിയുന്നു. കൃത്യമായി പാല്‍ ലഭിക്കാത്തതു കൊണ്ട് യൂസുഫിന് തന്റെ ‘പാലി’ലൂടെയുളള ഉപജീവനം/ഈഡിപ്പല്‍ ആശ തന്നെ നഷ്ടമാവുന്നു. ഉമ്മയുടെ പുതിയ ഇഷ്ടക്കാരനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു.
‘മുട്ട’ ഉപജീവനത്തിന്റെ കഥയല്ല. ഉമ്മയുടെ മരണവാർത്തയറിഞ്ഞ് ഇസ്തംബൂളില്‍ നിന്നും ‘ടയറി’ലെത്തിയതാണ് യൂസുഫ്. കവിതാ പുസ്തകങ്ങളെഴുതിയ, അത് തന്റെ പഴയ സഹപാഠികൾക്കയച്ചു കൊടുത്ത് – എന്നാൽ ഇന്ന് കവിതയെഴുത്ത് ഉപജീവനമല്ലാത്ത, വിവാഹിതനല്ലാത്ത യൂസുഫ്. ഒരു ചെമ്മരിയാടിനെ നേർച്ചയയാക്കണമെന്ന ഉമ്മയുടെ വസ്വിയ്യത്ത് നടപ്പിലാക്കാന്‍ നിർബന്ധിതനാകുന്ന എന്നാൽ ഉമ്മയുടെ അനന്തര സ്വത്തുക്കളില്‍ താൽപര്യമില്ലാത്ത, അനന്തരങ്ങളില്‍ വിശ്വാസമില്ലാത്ത യൂസുഫ്.
മുട്ട ഇവിടെ സ്വയം പര്യാപ്തതയുടെ രൂപകമാണ്. പാലിനാലുളള(feeding) ഉപജീവനത്തിന്റെ ആവശ്യമില്ലാത്ത അഥവാ രക്ഷാകർതൃത്വം ആവശ്യമില്ലാത്ത സ്വയം പര്യാപ്തതയുടെ പ്രതീകം. ‘മുട്ട’യില്‍ ഒരു ബാലന്‍ പാല്‍ കൊണ്ടു വരുന്ന ഒരു രംഗമുണ്ട്. യൂസുഫിനുളള ഭക്ഷണത്തിലേക്കായി കോഴിക്കൂട്ടിൽ നിന്നും മുട്ടയെടുക്കാൻ ആ ബാലനെ പറഞ്ഞയക്കുന്നുണ്ട്. എന്നാൽ ആ ബാലന് ആ മുട്ട കിട്ടിയില്ല. അവനു പുറമേ യൂസുഫും മുട്ട അന്വേഷിച്ചു ചെന്നെങ്കിലും മുട്ട കിട്ടിയില്ല. ‘തേനി’ല്‍ ബാലനായ യൂസുഫിനെ മുട്ടയെടുക്കാൻ ഉമ്മ പറഞ്ഞു വിടുന്നുണ്ട്. തേന്‍ ശേഖരിക്കാനായി യഅ്ക്കൂബ് പോയതില്‍ പിന്നെ യാതൊരുവിധ വിവരവും കിട്ടാതിരുന്ന ദിവസങ്ങളിലൊന്നിലാണ് ഉപ്പ വന്നാൽ നൽകാനുളള പലഹാരത്തിലേക്കാണെന്നു പറഞ്ഞ് യൂസുഫിനെ മുട്ട എടുക്കാന്‍ ഉമ്മ പറഞ്ഞയക്കുന്നത്. അന്ന് യൂസുഫിന് മുട്ട കിട്ടി. എന്നാൽ മുട്ട ഉമ്മാക്ക് കൊടുത്ത യൂസുഫ് ഉപ്പ ഇനി തിരിച്ചു വരില്ലെന്നുറപ്പായ നാളുകളൊന്നിൽ ആദ്യമായി ഉമ്മ തന്ന പാലെടുത്ത് കുടിച്ചു. മുട്ടയുടെ പര്യാപ്തതക്കു പകരം യൂസുഫ് പാലിന്റെ വിധേയത്വത്തെ എടുത്തു സ്വീകരിച്ചു.
കേവലം ഈഡിപ്പല്‍ വൃത്തത്തിന്റെ ക്രൊണോളജിക്കല്‍ വിശദീകരണത്തിനപ്പുറം ‘യൂസുഫ് ട്രിലോഗി’ സവിശേഷമാവുന്നത് അതിന്റെ Esoteric സൗന്ദര്യത്തില്‍ കൂടിയാണ്. ‘സ്വർഗവാതിൽ തുറന്ന് ജിബ്‌രീൽ എന്റെ മുറിയിലേക്ക് വന്നപ്പോൾ ഞാന്‍ മക്കയില്‍ സുഖ നിദ്രയിലായിരുന്നു. അവന്‍ എന്റെ ഹൃദയം പുറത്തെടുത്ത് വിശുദ്ധ ജലം കൊണ്ട് കഴുകി. വിശ്വാസവും ജ്ഞാനവും നിറച്ച ഒരു ചഷകം കൊണ്ടു വന്നു. എന്റെ ഹൃദയം അവകൊണ്ട് നിറച്ച് തിരിച്ചു വെച്ചു. അനന്തരം ജിബ്‌രീൽ എന്നേയും കൂട്ടി ബുറാഖ് എന്ന വാഹനത്തില്‍ ഏഴാനാകാശത്തേക്ക് പോയി… അയാള്‍ വാതില്‍ തുറന്നു. ഞങ്ങള്‍ ഒന്നാം സ്വർഗത്തിലേക്കു പോയി… ആദമിനെ കണ്ടു, യൂസുഫിനേയും മൂസയേയും കണ്ടു,… ഒരു ചഷകം വീഞ്ഞവരെനിക്കു തന്നു, ഒരു പാത്രം പാല്‍. ഒരു പാത്രം തേന്‍. ഞാന്‍ പാലെടുത്തു കുടിച്ചു.’
‘തേനി’ല്‍ ഉപ്പയെ കാത്തിരുന്ന നാളുകളൊന്നിൽ, ബാലനായ യൂസുഫ് വല്ല്യുമ്മയോടൊപ്പം കുന്നിൻ മുകളിലെ വീട്ടിലേക്കു പോയി. അന്നേരം വീട്ടിൽ നിന്നും കേട്ട ഉദ്ധരണികളാണ് മുകളില്‍ സൂചിപ്പിച്ചത്. ഇവിടെ പാലും തേനും സ്വർഗീയ വിഭവങ്ങളാണ്. വിശ്വാസവും വിജ്ഞാനവും നിറച്ചു വെച്ച ഹൃദയം- മുത്തു നബിയുടെ ഹൃദയം- തെരഞ്ഞെടുത്തതാകട്ടെ, തേനിനെതിരില്‍ പാലും.
‘തേന്‍’ തുടങ്ങുന്നതാകട്ടെ, പൂർത്തീകരണമില്ലാത്ത ഒരു യാഥാർത്ഥ്യത്തിന്റെ, സ്വപ്‌നമെന്നോ അരേഖീയമെന്നോ ഉറപ്പു നൽകാനാവാത്ത ഒരു കഥാതന്തുവില്‍, ഒരു വിറകു വെട്ടന്നുയാൾ(തേന്‍ ശേഖരിക്കുയാളുമാവാം-യഅ്ഖൂബ്) ഉൾക്കാട്ടിലെവിടെയോ ഒരു മരം കണ്ടെത്തുന്നു. തന്റെ കൈവശമുളള കയര്‍ മുകളിലേക്കെറിഞ്ഞ് കൊമ്പുകളിലൊന്നിൽ അളളി പിടിപ്പിച്ച് അയാള്‍ മുകളിലോട്ട് കയറുന്നു. കയറിക്കയറി ഉയരത്തിലെത്തവേ, കൊമ്പൊടിഞ്ഞ് അയാള്‍ താഴേക്ക് വരവേ, കൊമ്പും കയറും തമ്മിലുളള ഒരു ഘർഷണ വ്യത്യാസത്തില്‍ താഴോട്ട് നിപതിക്കുന്നതിൽ നിന്നും ഒരു വേള അയാള്‍ തൂങ്ങിയാടിക്കൊണ്ടിരിക്കുന്നു. പൂർത്തിയാകാത്ത രംഗ നിശ്ചലം പടര്ന്നു കയറുന്നിടത്ത് അയാളുടെ തന്നെ വീട്ടിലെ ഒരു പൊൻപുലരി.
സിനിമയില്‍ ആദ്യം ഉയര്ന്നു കേട്ട ശബ്ദം; ‘വായിക്കുക’ -ഏകാന്തതയുടെ കുന്നിൻ മുകളിൽ മുഹമ്മദ് ഉണര്ന്ന് കേട്ട ആദ്യ ശബ്ദം, അശരീരി. തേനിനാലും പാലിനാലും സമർപ്പിക്കപ്പെടുന്നതിനു മുമ്പ്, വിജ്ഞാന-വിശ്വാസത്താല്‍ ഹൃദയശുദ്ധി വരുത്തപ്പെടുന്നതിനു മുമ്പ് വിക്കി വിക്കി അദ്ദേഹം ജിബ്‌രീൽ പറഞ്ഞത് ഏറ്റുപറഞ്ഞു. കുഞ്ഞു യൂസുഫിനോട് വാപ്പ യഅ്ഖൂബ് വായിക്കാനാവശ്യപ്പെടുന്നു. കുഞ്ഞ് യൂസുഫ് ഇങ്ങനെ വായിച്ചു: ജനങ്ങൾക്ക് ഉപകാരപ്രദമായതും സൗകര്യപ്രദമായതുമായ കാര്യങ്ങള്‍ പറയുകയും വെറുപ്പ് വളർത്തുന്നതിനു പകരം നല്ല കാര്യങ്ങള്‍ പ്രവർത്തിക്കുകയും ചെയ്യുക’
വിക്കി വിക്കി ക്ലാസിലെ പാഠങ്ങള്‍ എടുത്തു വായിക്കുന്ന യൂസുഫ് ആദ്യമായി പാലെടുത്തു കുടിക്കുന്നത് കുന്നിൻ ചെരുവില്‍ ഒറ്റപ്പെട്ട വല്ല്യുമ്മയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയിട്ടാകുന്നതും മുകളില്‍ പറഞ്ഞ ഉദ്ധരണികള്‍ കേട്ടതിനു ശേഷമാകുന്നതും യാദൃശ്ചികമല്ല. സ്വർഗീയതയുടെ തേന്‍ നുകരണോ ഐഹിക ജീവിതത്തിന്റെ പ്രയാസമേറിയ പാലന്‍ ചവർപ്പു കുടിക്കണോ എന്ന ചോദ്യത്തിന് മുഹമ്മദ് മറ്റൊന്നാഗ്രഹിച്ചില്ല. ‘പാല്‍’ ജീവിതത്തിന്റെ പോരാട്ടമാകുന്നത് ഇങ്ങനെയൊക്കെയാണ്. കവിത പ്രസിദ്ധീകരണത്തിനും ഉമ്മയുടെ വെണ്ണ വിൽപ്പനക്കും ഇടയില്‍ യൂസുഫ് ഉപജീവനത്തിനായി തെരഞ്ഞെടുത്തത് പാല്‍ കച്ചവടമാകുന്നത് ആകസ്മികവുമല്ല. ഉമ്മ ഇവിടെ യൂസുഫിന്റെ പൂർത്തീകരണത്തിലേക്ക് നയിക്കുന്ന എല്ലാമാകുന്നു. യൂസുഫിനെ ചോദ്യം ചെയ്യുന്ന, യൂസുഫിന്റെ മുന്നോട്ടുളള ഗമനം സാധ്യമാക്കുന്ന, യൂസുഫ് സ്വയം പൂർത്തീകരണം കണ്ടെത്തുന്ന… എല്ലാം.

മുട്ട ഒരു സ്വപ്‌നത്തിന്റെ/നിയ്യത്തിന്റെ പൂർത്തീകരണമാണ്. ഒരു ചെമ്മരിയാടിനെ ബലികൊടുക്കാന്‍ ഉമ്മ വസ്വിയ്യത്ത് ചെയ്തതായി അമ്മാവന്റെ മകള്‍ പറയുന്ന ഒരു രംഗം മുട്ടയിലൊരിടത്തുണ്ട്. വിശ്വാസിയല്ലാത്ത യൂസുഫ് പ്രതിവചിക്കുന്നു: പിന്നെയാകാം. കിണറ്റിലകപ്പെട്ട് രക്ഷപ്പെടാനായി ശ്രമിക്കുന്ന ഒരാളെ കണ്ട് യൂസുഫ് ഉറക്കമുണരുന്നു. ചരിത്രത്തിലെ യൂസുഫിനെ സിനിമയിലെ യൂസുഫ് ആദ്യമായി അനുഭവിക്കുന്ന വേളയാകാം അത്. ചരിത്രത്തിലെ യൂസുഫ് സ്വപ്‌നം വ്യാഖ്യാനിച്ചിരുന്നു. ചരിത്രത്തില്‍ സാക്ഷാത്കരിക്കപ്പെട്ട ആദ്യ സ്വപ്‌നം ഒരു പക്ഷേ ഒരു ത്യാഗത്തിന്റേതായിരിക്കാം…, മകനെ വെച്ചു മാറി ആടിനെ ബലിയറുത്ത ആ അഭിവന്ദ്യ പിതാവിന്റേത്. ചെമ്മരിയാടിനെ അറുക്കാന്‍ യൂസുഫ് തീരുമാനിക്കുന്നു. ‘മുട്ട’യിലെ ആടിന്റെ ബലി, കേവലം അനന്തര വസ്വിയ്യത്തിന്റേത് മാത്രമല്ല, അത് മാനവ മോചനത്തിനായി സ്ഫുടം ചെയ്‌തെടുക്കപ്പെട്ട സമാനതകളില്ലാത്ത ത്യാഗത്തിന്റേതു കൂടിയാവുന്നിടത്ത്, ‘മുട്ട’ സിനിമയിൽ ആദ്യമായും അവസാനമായും, യൂസുഫിന്റെ തീന്മേയശയിലെത്തുന്നു.
ഒരുപക്ഷേ, യൂസുഫ് എന്ന ഒറ്റ വ്യക്തിയുടെ സഞ്ചാര പദം മാത്രമാവേണ്ടതല്ല യൂസുഫ് ട്രിലോഗിയിലെ മൂന്നു പടങ്ങളും. അത് മൂന്ന് യൂസുഫുമാര്‍ തന്നെയായിരിക്കാം. ചരിത്രത്തില്‍ വ്യത്യസ്ത പ്രവാചകന്മാരാല്‍ മാർഗനിർദേശം ചെയ്യപ്പെട്ട ജനത കൂടിയായിരിക്കാം. അവയില്‍ ‘തേൻ’ അവസാനമാവുന്നതും മുഹമ്മദ് പ്രതിപാദിതമാവുന്നതും കേവലം ക്രോണോളജി മാത്രമല്ല, ഒന്നുമില്ലാതിരുന്ന പ്രപഞ്ചത്തില്‍ തിളങ്ങി നിന്ന, സൃഷ്ടിയുടെ ഹേതുവായ ആ നക്ഷത്രമായിരുന്നിരിക്കണം കുഞ്ഞു യൂസുഫിനോട് സ്വപ്‌നത്തിൽ വന്ന് കഥ ചൊല്ലിക്കൊടുത്തത്.