Campus Alive

ആത്മാഭിമാനിയായ പൂമ്പാറ്റയുടെ ജീവചരിത്രം

സ്വന്തം ജീവിതം കൊണ്ട് സാഹസികത തീർത്ത മഹാപ്രതിഭകളെ നമുക്ക് കാണാം. ബോക്‌സിംഗ് റിംഗുകളിൽ ഇടിമുഴക്കം തീർത്ത് ലോകത്തിന്റെ നെറുകയിലെത്തിയ വ്യക്തിയായിരുന്നു മുഹമ്മദലി. റിംഗിലെ ഒരോ ഇടിയും ജയവും ഒരോ നിയോഗമാണെന്ന് വിശ്വസിച്ച മഹാൻ. ‘The Soul of a Butterfly Reflection on Life Journey’  എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ മലയാള വിവർത്തനമാണ് പൂമ്പാറ്റയുടെ ആത്മാവ്. ഐആം ദി ഗ്രേറ്റസ്റ്റ്, ജനങ്ങളുടെ ചാമ്പ്യൻ എന്ന് സ്വയം വിശേഷിപ്പിച്ച സാഹസിക ജീവിതത്തെ ഒരിക്കൽ കൂടി വായിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്.

മുഹമ്മദലി എന്ന ലോക ബോക്‌സർ

മുഹമ്മദലി

മുഹമ്മദലി ബോക്‌സിംഗിലേക്ക് പ്രവേശിക്കുന്നത് അദ്ദേഹം തന്നെ വിവരിക്കുന്നുണ്ട്. ഒരിക്കൽ കൊളമ്പിയ ഓഡിറ്റോറിയത്തിലെ ബ്ലാക്ക് ബസാറിൽ വെച്ച് മുഹമ്മദലിയുടെ ബൈക്ക് മോഷണം പോയി. പരാതിപ്പെടാനായി പോലീസ് സ്‌റ്റേഷനിലെത്തി അവിടുത്തെ ഉദ്യോഗസ്ഥനോട് പറഞ്ഞു “എന്റെ ബൈക്ക് മോഷ്ടിച്ചവർ ആരായാലും അവരെ ഞാൻ അടിച്ച് ശരിപ്പെടുത്തും”. ജോ മാർട്ടിൻ എന്ന പോലീസുദ്യോഗസ്ഥൻ അദ്ദേഹത്തോട് പറഞ്ഞു: “അവരെ അടിക്കാൻ വെല്ലുവിളിക്കും മുമ്പ് നീ ഫൈറ്റിംഗ് പടിക്കുന്നതാണ് നല്ലത്”. അങ്ങനെ പ്രതികാര ബുദ്ധിയോടെ ബോക്‌സിംഗിന് ചേർന്നു. ഒഴിവുസമയമെല്ലാം പരിശീലനത്തിനായി ചിലവഴിച്ചു. ജിമ്മിൽ ഏറ്റവും നേരത്തെയെത്തിയതും എറ്റവുമൊടുവിൽ തിരിച്ചുപോയതും മുഹമ്മദലിയായിരുന്നു.

ചെറുപ്പം മുതലേ ആരുടെ മുന്നിലും തലകുനിക്കാതെ അന്തസോടെ ജീവിക്കാനായിരുന്നു മുഹമ്മദലിക്കിഷ്ടം. ആത്മകഥയിൽ ‘ഐആം ദി ഗ്രേറ്റസ്റ്റ്’ എന്ന അധ്യായം  തന്നെയുണ്ട്. സോണി ലിസ്റ്റനുമായുള്ള മത്സരത്തിനു മുമ്പ് തന്റെ ശക്തിയെ കുറിച്ചും കഴിവുകളെ കുറിച്ചും സ്വയം പുകഴ്ത്തി കൊണ്ട് മുഹമ്മദലി എഴുതിയ കവിതയാണ് ഇത്. ഞാൻ ഇടിക്കൂട്ടിലേക്ക് നടന്നു കയറിയത് എനിക്ക് വേണ്ടിയായിരുന്നില്ല. ലോകത്തിലെ മുഴുവൻ ജനങ്ങളുടേയും കണ്ണുകൾ എന്റെ മത്സരത്തിലായിരുന്നെന്ന് ഞാൻ മനസ്സിലാക്കുന്നു. ജനങ്ങളുടെ ചാമ്പ്യനെന്ന മറ്റൊരധ്യായത്തിലദ്ദേഹം പറയുന്നു.

മുഹമ്മദലിയുടെ ബോക്‌സിംഗ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 1967-ലെ അമേരിക്ക വിയറ്റ്‌നാം യുദ്ധസമയം. സൈനിക സേവനത്തിന് സന്നദ്ധമാകാൻ അമേരിക്കൻ ഗവൺമെന്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമതിന് തയ്യാറായില്ല. വിയാറ്റ്‌നാമിനോട് യുദ്ധം ചെയ്യാൻ അമേരിക്ക നിരത്തിയ ന്യായങ്ങൾ മുഹമ്മദലിക്കൊരിക്കലും സ്വീകാര്യമായിരുന്നില്ല. ആ തീരുമാനത്തെ തുടർന്ന് ലോക ഹെവി വെയിറ്റ് ചാമ്പ്യൻ പട്ടം തിരിച്ചെടുത്തു. സകല സംസ്ഥാനങ്ങളിലും ബോക്‌സിംഗ് കമ്മീഷനുകൾ മത്സരത്തിന് അനുമതി നിഷേധിച്ചു. പാസ്സ്‌പോർട്ട് പിടിച്ച് വെച്ചതിനാൽ വിദേശത്തും പോവാൻ കഴിഞ്ഞില്ല. ഒരു ബോക്‌സറെന്ന നിലയിൽ ഏറ്റവും വിലപ്പെട്ട സമയങ്ങളാണ് നഷ്ടപ്പെട്ടത്. കാഷ്യസ് ക്ലേ ലോക ഹെവി വെയിറ്റ് ചാമ്പ്യൻ എന്ന് വിളിച്ച് പറയുന്നത് സ്‌കൂൾ പഠനകാലത്ത് പലപ്പോഴും മുഹമ്മദലി സ്വപ്നം കാണുമായിരുന്നു. മറ്റുചിലപ്പോൾ ഒരു കടലാസ് കഷ്ണമെടുത്ത് ഒരു ജാക്കറ്റിന്റെ പടം വരക്കും എന്നിട്ടതിന്റെ പിറകുവശത്ത് കാഷ്യസ ക്ലേ ഗോൾഡൻ ഗ്ലൗ ജേതാവ് എന്നെഴുതിവെക്കുമായിരുന്നു. വിലക്കുകൾ എടുത്തുമാറ്റിയതിന് ശേഷം ഇറ്റലി ഒളിമ്പിക്‌സ് ജയം കഴിഞ്ഞ് സ്വർണ്ണമെഡലിലേക്ക് നോക്കി മുഹമ്മദലി സ്വയം പറഞ്ഞു: മുഴുലോകത്തിന്റേയും ചാമ്പ്യനാണ് ഞാൻ, ഇനിയെനിക്കെന്റെ ജനതക്കു വേണ്ടി വല്ലതും ചെയ്യാൻ കഴിയും, അവർക്ക് സമത്വം സാധ്യമാക്കിക്കൊടുക്കാൻ ഇനിയെനിക്കാവും.

അഭിമാനകരമായ അസ്തിത്വം

ഞാൻ സുന്ദരനാണ്, മഹാനാണ്, അജയ്യനാണ്, മനുഷ്യരിൽ ഏറ്റവും വേഗമേറിയവനാണ്. ഇടിക്കൂട്ടിൽ പൂമ്പാറ്റയെ പോലെ പറന്ന് തേനീച്ചയെ പോലെ കുത്തും ഞാൻ എന്ന് മുഹമ്മദലി പറയുമായിരുന്നു. ജനിച്ച നിറത്തിന്റെ പേരിലുള്ള വംശീയതകളേയും വിവേചനങ്ങളേയും മുഹമ്മദലി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അതിനെതിരെ പോരടിക്കുകയും ശബ്ദിക്കുകയും ചെയ്തു. പൂമ്പാറ്റയുടെ ആത്മാവിൽ കറുപ്പ് സുന്ദരമാണ് എന്നൊരു അധ്യായം തന്നെയുണ്ട്. കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് അഭിമാനമാണ് തോന്നിയിരുന്നതെന്ന് അതിൽ പറയുന്നു. കറുത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതുമാതൃകാ പുരുഷൻമാർ ഇല്ലാത്തതും, നന്മകളെല്ലാം എന്ത് കൊണ്ട് വെളുപ്പിൽ ചിത്രീകരിക്കുന്നു എതിനെ കുറിച്ചും മുഹമ്മദലി വല്ലാതെ അസ്വസ്ഥ പെട്ടിരുന്നു. താനൊരു കറുത്ത അതിമാനുഷികാനണെന്നായിരുന്നു അദ്ദേഹം പറയാറുണ്ടായിരുന്നത്.

കറുപ്പ് എതിനപ്പുറം താനൊരു മുസ്ലിമാണെന്ന് വിളിച്ചു പറയാനായിരുന്നു മുഹമ്മദലി ഇഷ്ടപെട്ടിരുന്നത്. നമ്മുടെ സ്വത്വബോധത്തെ സ്ഫുടം ചെയ്‌തെടുക്കുന്ന ഒന്നായിട്ടാണ് മുഹമ്മദലി ഇസ്ലാമിനെ കണ്ടത്. മുസ്ലിമായതോടെ യഥാർത്ഥ ബോക്‌സിംഗ് റിംഗിലേക്ക് പ്രവേശിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ കറുത്ത വർഗക്കാർക്ക് നീതിയും സ്വാതന്ത്രവും ലഭിക്കാനുള്ള പോരാട്ടവേദിയിലേക്ക്. വിശ്വാസമായിരുന്നു മുഹമ്മദലിയുടെ ലക്ഷ്യബോധത്തിന്റേയും ആത്മവിശ്വാസത്തിന്റേയും അവലംബം. അത് കൂടുതൽ ആനന്ദവും ജീവിതത്തോടുള്ള അവേശവും തിരികെ നൽകിയെന്നു അദ്ദേഹം പറയുന്നു. ഒരിക്കൽ അമേരിക്കൻ യുവജന പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഡോ: അഹമ്മദുമായുള്ള കൂടിക്കാഴ്ച്ചയിലെ ഒരു ചോദ്യത്തിന് അലിയുടെ മറുപടി ഇപ്രകാരമായിരുന്നു; സഹോദരാ അഹമ്മദ്, തീർച്ചയായും ഇസ്ലാമിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഇസ്ലാമിനോട് മാത്രമേ ഞങ്ങൾ ഇങ്ങനെ ചേർത്തുപറയാറുള്ളൂ. പക്ഷെ ഒരോ സമൂഹത്തിനും അവരുടേതായ സാഹചര്യങ്ങൾ ഉണ്ടാവും, ഞങ്ങളുടെ സാഹചര്യങ്ങൾ ഞങ്ങൾക്കല്ലേ കൂടുതലായി അറിയൂ. മനുഷ്യനെന്ന നിലയിൽ വിശുദ്ധിയോടെ ജീവിക്കാൻ പ്രേരിപ്പിച്ചത് ഇസ്ലാമാണെന്നും വർണ്ണവും വിശ്വാസവും ഒരാളേയും പിശാചാക്കുന്നില്ലെന്നും മനസ്സും ഹൃദയവും ആത്മാവുമാണ് ഒരാളെ നിർവചിക്കുന്നതെന്നും മുഹമ്മദലി തിരിച്ചറിഞ്ഞു.

പ്രൗഢഗംഭീരമായ ജീവചരിത്രം തയ്യാറാക്കിയത് മുഹമ്മദലിയും അദ്ദേഹത്തിന്റെ മകൾ ഹനാ യാസ്മിൻ അലിയും കൂടിച്ചേർന്നാണ്. വിവർത്തനത്തിന്റെ യാതൊരു അലസതയുമില്ലാതെ മനോഹരമായിട്ടാണ് ബഷീർ മിസ്അബ് പൂമ്പാറ്റയുടെ ആത്മാവ് മലയാളത്തിൽ തയ്യാറാക്കിയത്. നമ്മൾ കണ്ട ധിക്കാരിയായ, പരുക്കനായ മുഹമ്മദലിക്ക് പകരം, മഹത്തായ നിയോഗമുണ്ട് എന്റെ ജന്മത്തിനെന്നും സവിശേഷമായ സ്ഥാനമുണ്ട് തനിക്ക് ഈ ലോകത്തെന്നും വിശ്വസിച്ച മഹാന്റെ ജീവിതം നിങ്ങൾക്ക് അതിൽ വായിക്കാം. മനുഷ്യന്റെ അന്തസ്സിനു വേണ്ടി ലോകം മുഴുവൻ സഞ്ചരിച്ച, പരസ്പര വിശ്വാസത്തിനും സമാധാനത്തിനും വേണ്ടി നിലകൊണ്ട ഒരു പൂമ്പാറ്റയുടെ ആത്മാവിനെ നിങ്ങൾക്കതിൽ കാണാം.

അനസ് റഷീദ്