“ആണുങ്ങളൊക്കെ ഇടതുഭാഗത്തേക്ക്, സ്ത്രീകളും കുട്ടികളും വലതുഭാഗത്തേക്ക്,” പട്ടാളക്കാർ ഹീബ്രുവിൽ അലറി.
പതിനഞ്ചടി താഴ്ച്ചയുള്ള കിടങ്ങുകളാണതെന്ന് ഭയചകിതരായ സാക്ഷികൾ റിപ്പോർട്ട് ചെയ്യുന്നു. ചില സ്ത്രീകൾക്ക് ഭയം മൂലം മരണപ്പെട്ടവരെ അവിടെത്തന്നെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ചിലർ സാക്ഷ്യപ്പെടുത്തുന്നു. ബാക്കിയുള്ളവരുടെ കണ്ണുകെട്ടി മുട്ടിപ്പായി നിർത്തിയിരിക്കുകയാണ്. എതിർക്കാനോ ഒന്നനങ്ങാനോ ശ്രമിച്ചാൽ, അവിടെ വെച്ചുതന്നെ അവരെ വെടിവെച്ചിടും. സമീപത്ത് ചീഞ്ഞളിയുന്ന മൃതശരീരങ്ങളുടെ ദുർഗന്ധവും കുട്ടികളുടെ കരച്ചിലും അന്തരീക്ഷത്തിൽ തളംകെട്ടി നിന്നു.
പുകച്ചൂരും, ഒഴിഞ്ഞ വയറുകളും, ദാഹിക്കുന്ന നാവുകളും, മരിച്ചതോ പൊള്ളുന്നതോ ആയ തൊലികളും എങ്ങും പടർന്നു കൊണ്ടിരിക്കുന്നു.
ഓസ്വിറ്റ്സാണോ ഇത്?
അല്ല. ഗസ്സയാണിത്. വാസ്തവത്തിൽ ഇന്നത്തെ ഗസ്സ. 2024 ഒക്ടോബർ 22–ലെ ഗസ്സ. 21–ാം നൂറ്റാണ്ടിലെ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഹോളോകോസ്റ്റ്.
കഴിഞ്ഞ ദിവസം, ഗസ്സയിലെ ഈ വംശഹത്യ നടനമാടിക്കൊണ്ടിരിക്കുന്ന അതേ അവസരത്തിൽ, കമല ഹാരിസിന്റെയും ട്രംപിന്റെയും ചിഹ്നങ്ങളുമായി നടക്കുകയും, ഹാലോവീന് വേണ്ടി തയ്യാറെടുക്കുകയും പംപ്കിൻ സ്പൈസ് ലാത്തെയുമായി ആഘോഷിക്കുകയും ചെയ്യുന്ന അമേരിക്കക്കാരുടെ അസംബന്ധത്തെ കുറിച്ച് ഞാനെഴുതിയ ഒരു കുറിപ്പിൽ കോപാകുലനായ ഒരു വായനക്കാരൻ ഇപ്രകാരം കമന്റ് ചെയ്തു: “അതൊരു ഹോളോകോസ്റ്റല്ല.”
“ഗസ്സയെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്യാൻ നിനക്കെങ്ങനെ ധൈര്യം വന്നു.”
ശരി. ഇനിയത് സാക്ഷാൽ ഹോളോകോസ്റ്റല്ല, എങ്കിലും മറ്റൊരു ഹോളോകോസ്റ്റാണെന്നു പറഞ്ഞാലോ? ഒരു കൂട്ടം മനുഷ്യരെ ജീവനോടെ ചുട്ടെരിക്കുന്നതിന്റെ അർത്ഥം അതുതന്നെയല്ലേ? ഇനിയതല്ല, വിയറ്റ്നാമിലേതു പോലുള്ള മറ്റ് അതിക്രമങ്ങളുമായി അതിനെ താരതമ്യപ്പെടുത്തിയാൽ നിങ്ങളുടെ മനഃസ്സാക്ഷിയെ ഏതെങ്കിലും തരത്തിലത് സഹായിക്കുമോ? അല്ലെങ്കിൽ കംബോഡിയ? ഹെയ്ഥി? തദ്ദേശീയ അമേരിക്കക്കാരുടെ ഉന്മൂലനമായാലോ? നിങ്ങളുടെയൊക്കെ ധാർമ്മികക്കളങ്കമില്ലാതാക്കാൻ അത് സഹായകരമാവുമോ?
ഒന്നിനും അതിന് കഴിയില്ല.
നിങ്ങൾക്ക് വേണ്ടത്ര ഇരവാദവും യാതനയും ഉയർത്തിക്കോളൂ.
പക്ഷേ ദൈവത്തെയോർത്ത് ഒരൊറ്റക്കാര്യം ചെയ്യണം: നിങ്ങൾ ദൈവമാണെന്ന് പറയരുത്. ദൈവത്തെ ഗസ്സയിലെ ജനങ്ങൾക്ക് വിട്ടേക്കൂ. ഒരാൾക്കിത് മനസ്സിലായാലും ഇല്ലെങ്കിലും ശരി, പറഞ്ഞറിയിക്കാനാവാത്ത ക്രൂരതകൾക്കിടയിൽ കഴിഞ്ഞ ഒരു വർഷമായും, കഴിഞ്ഞ 75-വർഷത്തിലധികമായി തുടരുന്ന ക്രൂരമായ അധിനിവിഷ്ഠ വർഷങ്ങളായും ജീവിച്ച് അതിജീവിക്കാൻ അവരെ പ്രാപ്തരാക്കിയത് അവരുടെ ദൃഢവിശ്വാസം ഒന്ന് മാത്രമാണ്.
അതിനെ ബഹുമാനിക്കുക. അംഗീകരിക്കുക. അതിനെ പരിഗണിക്കുക, ഒരുപക്ഷേ അവരാണ് ‘തിരഞ്ഞെടുക്കപ്പെട്ടവർ.’ ഇതിഹാസ നായകന്മാർ ഒരുപക്ഷേ അവരാണ്. ആത്യന്തികമായ അധഃകൃതർ: ആധുനികതയുടെ ധാർമ്മികാപചയത്തിന്റെ പരകോടിയെ ചെറുക്കാൻ മുന്നേ വിധിക്കപ്പെട്ടൊരു വിഭാഗം. ലോകചരിത്രത്തിന്റെ അങ്ങേയറ്റം മനുഷ്യത്വരഹിതവും പൈശാചികവുമായൊരു മുഹൂർത്തത്തിൽ ഉള്ളിലെ ദൈവിക കനൽ ഉയർത്തിപ്പിടിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ജനത ഒരുപക്ഷേ അവരായിരിക്കാം.
ദശകങ്ങളുടെ ദൈർഘ്യമുള്ള “ഭീകരവാദവിരുദ്ധ യുദ്ധ”ത്തിന്റെ വാചാടോപവും, മുസ്ലിം വിരുദ്ധതയും, അറബികൾക്കെതിരായ മുൻവിധിയും, മുൻകൂർ രൂപകല്പന ചെയ്യപ്പെട്ട ഓറിയന്റലിസ്റ്റ് ഇസ്ലാമോഫോബിയയും കാരണം യുക്തിവാദികൾ/പാശ്ചാത്യർ/മറ്റുകാഴ്ച്ചക്കാർ എന്നിവർക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നൊരു—അതേസമയം ഇസ്രായേൽ തകർക്കാൻ ശ്രമിക്കുന്നതും—സംഗതിയെന്തെന്നാൽ കീഴടങ്ങാത്ത മുസ്ലിങ്ങളെന്ന യാഥാർത്ഥ്യമാണ്. അഥവാ സവിശേഷമായി പറയുകയാണെങ്കിൽ, ഫലസ്തീനിയൻ വിശ്വാസമാണ്.
“ദൈവം മരിച്ചു”വെന്ന പദ്ധതിയുടെയും, മതത്തെ “പിന്നോക്കം” എന്നാക്ഷേപിക്കുകയും, ശക്തമായ മതേതരവൽക്കരണത്തിന്റെയും, ദുരാചാരങ്ങൾ കൊടികുത്തിവാഴുന്ന കാലത്ത് വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന മുസ്ലിങ്ങൾ “തീവ്രവാദികൾ” ആവുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ ദൈവസത്തയെയും ലോകത്തെ ദിവ്യത്വത്തെയും പുനരുദ്ധാനം ചെയ്യുന്ന ജീവിതമാണ് ഫലസ്തീനികളുടേത്. അതവർ ഏറ്റവും മനോഹരമായി നിർവ്വഹിക്കുകയും ചെയ്യുന്നു.
നിഷ്ഠൂരതകൾക്കിടയിൽ തങ്ങളുടെ ശരീരവും, രക്തപൂർണവും, ദുരന്തപൂർണവുമായ മനുഷ്യത്വത്തെ സംരക്ഷിച്ചു നിർത്തുകയെന്നു പറയുന്നത് യഥാർത്ഥത്തിൽ, വിശ്വാസരാഹിത്യത്തിന്റെ ആത്മരാഹിത്യത്തിനു എതിരെയുള്ളൊരു പ്രഖ്യാപനമാണ്. ദശകങ്ങളുടെ വ്യവസ്ഥാപിതവും സൂക്ഷ്മ പരിശോധനാ വിധേയമാവാത്തതുമായ ദൈവരാഹിത്യം ഉൽപ്പാദിപ്പിച്ച ഇത്രയും നാണം കെട്ട കൂട്ടത്തിന്മയുടെ പേക്കൂത്തിനെതിരായ മുറവിളിയാണ് വാസ്തവത്തിൽ ഗസ്സ. സർവ്വശക്തനും നീതിമാനുമായ ഒരതീന്ദ്രീയ സ്രഷ്ടാവുമായി—സകല നന്മകളുടെയും, സ്നേഹത്തിന്റെയും, സത്യത്തിന്റെയും, നീതിയുടെയും ആത്യന്തിക ഉറവിടമായ സ്രഷ്ടാവ്, അനന്ത ജ്ഞാനത്തിന്റെ ഉടയവനായ സ്രഷ്ടാവ്, ഭൂമിയിലെ സകല സൈന്യങ്ങളുടെയും സാകല്യത്തെക്കാൾ ശക്തിമാനായ സ്രഷ്ടാവ്— അവർക്കുള്ള സചേതനവും, വ്യക്തവും, യഥാർത്ഥവുമായ ബന്ധമാണവരെ നിലനിർത്തുന്നത്. ഇബ്രാഹിമിന്റെയും, ഈസയുടെയും, മൂസയുടെയും, മുഹമ്മദിന്റെയും സ്നേഹസമ്പന്നനും സർവ്വവ്യാപിയും കരുണാമയനുമായ ദൈവത്തോടുള്ള അചഞ്ചലമായ ബന്ധവും പ്രതിബദ്ധതയുമാണത്.
സംഘടിത മരണവും, തണുപ്പൻ ഹൃദയവുമെന്ന മനുഷ്യകുലത്തിന്റെ മാലിന്യക്കൂമ്പാരത്തിലെ തീയണക്കുകയാണ് ഫലസ്തീനികൾ.
ആത്മരഹിതവും, ഭ്രാന്തവും, മാരകവുമായൊരു നാഗരികതയുടെ വികൃതമായ തണുപ്പൻ കരങ്ങൾക്കു പുറത്ത് എങ്ങനെയൊരു മനുഷ്യനാവാമെന്ന് എത്തിനോക്കുകയാണവർ.
ദൈവരഹിതമായ ലോകത്തേക്ക് ദൈവത്തെ തിരികെ കൊണ്ടുവരികയാണവർ.
“ആഹാ, അങ്ങനെയൊന്നുണ്ടായിരുന്നുവെങ്കിൽ, എവിടെ ദൈവം? ഇതവസാനിപ്പിക്കാൻ അവനൊന്നും ചെയ്യാത്തതെന്തേ?”
ഹോളോകോസ്റ്റിന്റെ സമയത്ത് ദൈവമെവിടെയായിരുന്നുവെന്നും അവനതെന്തു കൊണ്ട് തടഞ്ഞില്ലെന്നുമുള്ള ചോദ്യത്തെക്കുറിച്ച് ജൂത് ദൈവശാസ്ത്രജ്ഞമാർ ഒരുപാടന്വേഷണങ്ങൾ നടത്തുന്നുണ്ട്. മറ്റു പല സിദ്ധാന്തങ്ങൾക്കുമൊപ്പം ചുവടെ പറയുന്ന പ്രധാന സിദ്ധാന്തങ്ങൾ അവർ രൂപീകരിച്ചു:
- ദൈവം മരിച്ചിരിക്കുന്നു: ദൈവമുണ്ടായിരുന്നുവെങ്കിൽ, അവനെന്തായാലും ഹോളോകോസ്റ്റ് അവസാനിപ്പിച്ചിരുന്നേനെ. ദൈവമത് ചെയ്യാത്ത സ്ഥിതിക്ക്, പരമ്പരാഗതമായി ദൈവമെന്ന് മനസ്സിലാക്കപ്പെടുന്ന സംഗതി ഒന്നുകിൽ നിലനിൽക്കുന്നില്ല, അല്ലെങ്കിൽ അതിന് രൂപമാറ്റം സംഭവിച്ചിരിക്കുന്നു.
- ദൈവഗ്രഹണം:വിശദീകരിക്കുക സാധ്യമല്ലാത്ത വിധം ദൈവം അസന്നിഹിതമായ സന്ദർഭങ്ങൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. മാർട്ടിൻ ബൂബറാണ് ഈ പ്രയോഗം പ്രസിദ്ധമാക്കിയത്. അജ്ഞാതമായ ചില കാരണങ്ങളാൽ ദൈവം സ്വയം വെളിപ്പെടാൻ കൂട്ടാക്കാതിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് 20-ാം നൂറ്റാണ്ട് കടന്നു പോയതെന്ന് അദ്ദേഹം പറയുന്നു.
- വിദൂരനായ ദൈവം: ഹോളോകോസ്റ്റെന്ന അനുഭവം ദൈവത്തിലുള്ള അവരുടെ വിശ്വാസത്തെ പുനർവ്യാഖ്യാനിക്കാൻ ജൂതരോട് ആഹ്വാനം ചെയ്യുന്നു. ഇന്ദ്രിയഗോചരമോ അളക്കത്തക്കവിധത്തിലോ മനുഷ്യാസ്തിത്വത്തിൽ ഇടപെടുന്ന ഒന്നല്ല ദൈവം. ഹോളോകോസ്റ്റിന്റെ ഉത്തരവാദിയാക്കി, ദൈവത്തെ മാറ്റാൻ കഴിയാത്തത്രയും അതീന്ദ്രിയനാണ് ദൈവമെന്ന് ആർതർ കോഹൻ കരുതുന്നു.
- പരിമിതിനായ ദൈവം: ദൈവം സർവ്വശക്തനല്ല. ഹോളോകോസ്റ്റുപോലുള്ള കാര്യങ്ങൾക്ക് അന്ത്യം കുറിക്കാനുള്ള ശക്തി അവനില്ല. When Bad Things Happen to Good People എന്ന പുസ്തകത്തിലൂടെ ഹരോൾഡ് കുഷ്നർ ഈ വീക്ഷണം ജനകീയമാക്കി.
- സ്വതന്ത്ര ഇച്ഛയും ദൈവവും: സ്വതന്ത്ര ഇച്ഛയുണ്ടായിരിക്കുന്നതിന് നാം നൽകേണ്ട വിലയാണ് ഹോളോകോസ്റ്റുപോലുള്ള ഭീകരാനുഭവങ്ങൾ. ദൈവേച്ഛ ചരിത്രത്തിലിടപെടുകയോ അതിന് കഴിയുകയോയില്ല. അല്ലാത്തപക്ഷം, നമ്മുടെ സ്വതന്ത്ര ഇച്ഛ നിലനിൽക്കുകയില്ല. ഉദാഹരണത്തിന്, ദൈവം എല്ലാത്തിനും ശക്തിയുള്ളവനാണെന്നും, എന്നാൽ മനുഷ്യരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഭീകരമാന പ്രത്യാഘാതങ്ങളുണ്ടായിട്ടു കൂടി, സ്വന്തം സ്വാതന്ത്ര്യം തന്നെ അവൻ വേണ്ടെന്നു വെച്ചെന്നും എലീസർ ബെർകോവിറ്റ്സ് അടിവരയിട്ടുപറയുന്നു.
- പീഢിതനായ ദൈവം: ക്രിസ്തുവിനെയും ദൈവ സാധ്യതയെയും പറ്റിയുള്ള കൃസ്ത്യൻ വീക്ഷണത്തെ കടമെടുത്തുകൊണ്ട് ശക്തിയുടെ കാര്യത്തിൽ ആത്യന്തികമായ ഭീകരതയെ സമ്പൂർണവൽക്കരിക്കുകയും അതിലൂടെ, എന്താണോ സംഭവിച്ചത് അതിന്റെ യാതനകളെ ചെറുതാക്കിക്കാണുകയും ഒപ്പം അതിന് ഒഴിവുകഴിവ് പറയാനും അത്തരമൊന്ന് വീണ്ടും ആവർത്തിക്കാനുമുള്ള സാധ്യത മനുഷ്യകുലത്തിന് തുറന്നു നൽകുകയും ചെയ്യുന്നു. ചിലർക്ക് വിശദീകരിക്കാനുള്ള ഏതൊരു ശ്രമത്തിന്റെയും റാഡിക്കലായ നിഷേധമായിരിക്കാം ഇത്. മറ്റുചിലരെ സംബന്ധിച്ചേടത്തോളം, ഉത്തരം കണ്ടെത്താനുള്ള മതകീയമായ ശ്രമങ്ങളുടെ മാത്രം നിഷേധമായിരിക്കാം. ദൈവ നീതിയെക്കുറിച്ചോ സ്നേഹത്തെ കുറിച്ചോ ഉള്ള ഏതൊരു സംസാരവും ഷോഹയിൽ സംഭവിച്ചതിനു നേരെയുള്ള പരിഹാസം മാത്രമാണ്.
പക്ഷേ ഗസ്സക്കാരെ സംബന്ധിച്ചേടത്തോളം മേല്പറഞ്ഞതൊന്നുമല്ല ഉത്തരം. ഗസ്സയിലെ ഒരു ശരാശരി മനുഷ്യനോട്, അല്ലെങ്കിൽ ഒരു ശരാശരി കുട്ടിയോട്, ദൈവമെവിടെയെന്ന് നിങ്ങൾ ചോദിച്ചാൽ, സംശയലേശമന്യേ അഭിമാനപൂർവ്വം അവർ ഇപ്രകാരം പ്രഖ്യാപിക്കും; “അവനെപ്പോഴും ഞങ്ങളുടെ കൂടെ ഇവിടെയുണ്ട്.” അവർക്ക് ദൈവത്തെ അറിയാം. ദൈവത്തെ അനുഭവിച്ചവരാണവർ.
ഒരു പക്ഷേ നിങ്ങളുടെ ഈ ചോദ്യത്തെ പോലും രക്ഷാധികാരി ചമയുന്ന, തലതിരിഞ്ഞ, മര്യാദകെട്ട, സുബോധമില്ലാത്ത ഒന്നായി അവർ കണ്ടേക്കാം. അവരുടെ സഹജമായ ധിക്കാര ഭാവത്തിൽ ഒരുപക്ഷേ നിങ്ങളോട് ഇങ്ങനെയൊരു മറുചോദ്യവും അവരുന്നയിച്ചേക്കാം; “മോശയുടെയും ദാവീദിന്റെയും പേരിൽ ഞങ്ങളെ കൊല ചെയ്യുന്നവരോട് നിങ്ങൾ ചോദിക്കൂ, അവരുടെ ദൈവമെവിടെ? തീർച്ചയായും അവർക്കവനെ അറിയില്ല. എങ്കിലും, അവന്റെ ശത്രുവായ ചെകുത്താനെ അവർക്കറിയാമായിരിക്കും. അതിനാൽ, ഒരു കണ്ണാടി അവർക്ക് നൽകൂ, അതിലവർക്ക് ആ ചെകുത്താനെ കാണാനാവും.” ഞങ്ങളുടെ ഈ ധിക്കാര ഭാവം ഏറെ പ്രശസ്തമാണ്. ഞങ്ങളെ നിലനിർത്തുന്ന മറ്റൊരു സവിശേഷത അതാണ്.
എന്നിട്ടും നിങ്ങളിതേ ചോദ്യമാവർത്തിക്കുകയാണെങ്കിൽ, അവർ പറയും; “നിങ്ങളാണ് ഞങ്ങളെ കൈവെടിഞ്ഞത്. ദൈവത്തിങ്കൽ നിന്നകന്ന് പോയത് നിങ്ങൾ മനുഷ്യരാണ്. ദൈവം ഞങ്ങളോടൊപ്പം തന്നെയുണ്ട്, ഞങ്ങളവനോടൊപ്പവും.” പരമകാരുണികൻ, സ്നേഹനിധി, പരമദയാലു, എന്നെന്നും നിലനിൽക്കുന്നവൻ എന്നിങ്ങനെ അല്ലാഹുവിന് 99 പരിശുദ്ധ നാമങ്ങളുണ്ടെന്ന് നാം പഠിച്ചിട്ടുണ്ട്. ഈ വിശേഷണങ്ങളെ സശരീരം ഉൾവഹിച്ച് ജീവിക്കുന്നവരാണ് അൻപും അരുമയും കരുണയുമുള്ള ഫലസ്തീനികൾ. അതിനാൽ, നിങ്ങളവരോട് ദൈവമെവിടെയെന്ന് ചോദിക്കുമ്പോൾ, വാസ്തവത്തിൽ, അവരെത്തന്നെ കണ്ടെത്താനാണ് അവരോട് നിങ്ങൾ ചോദിക്കുന്നത്. ഒരസംബന്ധം. നീക്കിവെക്കുക സാധ്യമല്ലാത്ത കേന്ദ്രമാണവർ. ദിവ്യത്വത്തിന്റെ പ്രതിഫലനം. ഒരൊറ്റക്കാര്യത്തിൽ അവർക്ക് തീർച്ചയുണ്ട്; ഈ കേന്ദ്രത്തിൽ നിന്നകലുന്നവരാരും, അവരെ കൈവെടിയുന്നവരാരും ദൈവമല്ല.
ആധുനിക യുഗത്തിലെ ദൃഷ്ടാന്തമല്ലാതെ മറ്റൊന്നുമല്ല നാം കണ്ടുകൊണ്ടിരിക്കുന്നത്— ബില്ല്യണുകൾ ചിലവിടുന്ന ഒരു സൈനിക സുരക്ഷാ ശ്രമങ്ങൾക്കും തടയാനോ ദുർബ്ബലപ്പെടുത്താനോ സാധിക്കാത്ത സജീവമായ നിർവ്വാഹകത്വവും ശക്തിയുമുള്ള സംഘടിത വിശ്വാസത്തിന്റെ ജീവിക്കുന്ന അനുഭവ യാഥാർത്ഥ്യം. മനുഷ്യരുടെ ഹൃദയങ്ങളുടെ കലവറയിൽ നിന്ന് ഈ വിശ്വാസത്തെ പിഴുതെറിയാൻ രണ്ടായിരം പൗണ്ടിന്റെ ബോംബുകൾക്കൊന്നും സാധിക്കില്ല.
മാറ്റുക സാധ്യമല്ലാത്ത ആ കേന്ദ്രത്തിൽ നിന്ന് അന്ധമായി സ്വയം മാറിയകലുന്നവരും, തങ്ങളുടെ ഡ്രോണുകളും, യന്ത്രത്തോക്കുകളും, അപ്പാച്ചേകളുമായി സ്വബോധം നഷ്ടപ്പെട്ട പിശാച്ചുകളെപ്പോലെ സ്വയം ദൈവം കളിക്കാൻ ശ്രമിക്കുന്നവരുമാണ്, അവരിലെ ദിവ്യത്വത്തിന്റെ കനലിനെ എങ്ങനെയാണ് കുഴിച്ചുമൂടിയതെന്നും അതെന്തിനാണെന്നും വാസ്തവത്തിൽ ചോദിക്കേണ്ടത്.
തങ്ങൾ ദൈവത്തിനു മുകളിലാണെന്നു കരുതുന്നവരോടാണ്—ഏതോ ചില വംശീയ മതകീയാവകാശങ്ങളുടെ പേരിൽ “തിരഞ്ഞെടുക്കപ്പെട്ടവർ”എന്നു കരുതുന്നവരോടാണ്—ദൈവമല്ലാത്ത മറ്റെല്ലാത്തിനേയും അവരാരാധിക്കുന്നതെന്തു കൊണ്ടാണെന്ന് ചോദിക്കേണ്ടത്. സ്വന്തത്തെയും, അധികാരത്തെയും, പണത്തെയും, മേല്ക്കോയ്മയെയും ദേശീയതയെയുമൊക്കെ അവർ ആരാധനാപാത്രമാക്കുന്നത് എന്തുകൊണ്ടാണ്?
ക്ലേശകരമായ ഈ സന്ദർഭത്തിന് സാക്ഷ്യം വഹിക്കവേ, മനുഷ്യത്വത്തെ കുറിച്ചുള്ളൊരു പാഠം മാത്രമല്ല ഗസ്സയെന്നും, നൈതികതയെയും ദൈവശാസ്ത്രത്തെയും കുറിച്ചുള്ളൊരു പാഠ്യപദ്ധതിയെന്ന നിലയിൽ അത് ചരിത്രത്തിൽ നിലനിൽക്കുമെന്നുമുള്ള വസ്തുത നാം കാണാതെ പോയേക്കാം. സമകാലിക ലോകത്തെ മറ്റേതൊരു മതനേതാവിനേക്കാളും പുരോഹിതനേക്കാളും സേവനം ഇസ്ലാമിന് വേണ്ടി ഇത് ചെയ്തിട്ടുണ്ട്. ആധുനിക ലോകം കണ്ടതിൽ വെച്ചേറ്റവും ശ്രദ്ധേയമായ രീതിയിൽ ഇസ്ലാമിക ഗുണങ്ങളെ ഉൾക്കൊള്ളുന്ന ഒന്നാണത്. പടിഞ്ഞാറും കമ്മ്യൂണിസ്റ്റ് ലോകവും അന്തരിച്ചുവെന്ന് പ്രഖ്യാപിച്ച വിശ്വാത്തെ വിപ്ലവവൽക്കരിക്കുകയാണത് ചെയ്യുന്നത്.
ഗസ്സയിലെ അവിശ്വസനീയമാം വിധം എഴുതുന്ന എഴുത്തുകാരുടെയും കവികളുടെയും വാക്കുകൾ മാത്രം വായിച്ചു നോക്കൂ. പ്രിയ പ്രവാചകന് ഗസ്സയിൽ നിന്ന് എന്ന പേരിൽ ഈയടുത്ത് ശ്രദ്ധിക്കപ്പെട്ട രചനയുടെ ഉടമയായ ഗസ്സയിൽ നിന്നുള്ള കവിയും നിരാശ്രിതയായ ഒരു മാതാവുമായ ഡോ. അലാ ഖത്റാവി വടക്കൻ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയോന്മൂലനത്തെ പറ്റി മറ്റൊരു രചന ഈയടുത്തിടെ നടത്തുകയുണ്ടായി;
“വടക്കൻ ഗസ്സയെ എന്തുവിളിക്കണമെന്ന് എനിക്കറിയില്ല. പക്ഷേ ‘എങ്ങോട്ട് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്’ (ഖു. 2:115) എന്ന ഖുർആനിക വചനത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണത്. ബൈത്തുല്ലഹിയ, ബൈത്തു ഹനൂൻ, ജബലിയ്യ, അൽ-ശുജാഇയ്യ, ഗസ്സ, അൽ ശാത്വി എന്നിങ്ങനെ വടക്കൻ ഗസ്സാ മുനമ്പിന്റെ ഓരോ കണികകളിലും സർവ്വശക്തനായ അല്ലാഹു സ്വയം പ്രകാശിക്കുന്ന പോലെയുള്ളൊരു അനുഭൂതിയാണത്. ഗസ്സ മുനമ്പിൽ വെച്ച് തന്റേടമുള്ള വരണ്ട തലയുമായി ആരെയെങ്കിലും കണ്ടാൽ ഞങ്ങളദ്ദേഹത്തോട് ചോദിക്കും; ‘നിങ്ങളൊരു ജബലിയാണോ?’ (അതായത് ജബലിയ്യ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളയാളാണോ എന്നർത്ഥം). പക്ഷേ ഇന്ന് ഞങ്ങൾ പറയുന്നത്, സർവ്വദിശകളിലും അല്ലാഹുവിന്റെ മുഖം വെളിപ്പെടുന്നത് കാണണമെങ്കിൽ ജബലിയ്യയിലേക്ക് പോകൂ എന്നാണ്.”
ഗസ്സോയോട് അനുകമ്പയും ഐക്യദാർഢ്യവുമുള്ള മിക്ക മുസ്ലിങ്ങളെയും അമുസ്ലിങ്ങളെയും സംബന്ധിച്ചേടത്തോളം, ഗസ്സ അവരുടെ വിശ്വാസത്തെ ദുർബ്ബലപ്പെടുത്തുന്നതിന് പകരം ദൃഢപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. അവരൊരു വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ആ വംശഹത്യ ഒരു വർഷം കഴിയുകയും ചെയ്യുമ്പോൾ, നിങ്ങളിപ്പോഴും അസ്തിത്വ പ്രതിസന്ധി നേരിടുകയാണെങ്കിൽ, ജീവിതത്തെ കുറിച്ച് പൊതുവിലും ഈ ലോകത്തിന്റെ സാമയികതയെക്കുറിച്ച് മൊത്തത്തിലും മനുഷ്യ ചരിത്രത്തിലെ ഈ മുഹൂർത്തം മുന്നോട്ടുവെക്കുന്ന അർത്ഥങ്ങളെ നിങ്ങൾക്ക് മനസ്സിലായിട്ടില്ല.
അവരുടെ മരണവും ത്യാഗങ്ങളും വെറുതെയാവാനനുവദിക്കരുത്. സുഖശീതളിമയുടെ പ്രിവിലേജിന്റെയും ധാർഷ്ഠ്യവും വ്യക്തിവാദവും നിറഞ്ഞ സങ്കുചിതത്വത്തിന്റെയും ദുർഗന്ധം വമിക്കുന്ന അസ്തിത്വ പ്രതിസന്ധി.
ഈ വർഷം മുഴുവൻ എവിടെയായിരുന്നു നിങ്ങൾ? ഭക്തനായ, തലപ്പാവും താടിയും ധരിച്ച ഒരു വല്ല്യുപ്പ തന്റെ ‘റൂഹിന്റെ റൂഹായ’ വൃത്തിയിൽ കഫൻ ചെയ്ത, മാലാഖയെപ്പോലുള്ള റീമെന്ന പേരക്കുട്ടിയുടെ മുഖത്തിന്റെ ഓരോ ഇഞ്ചിലും മുത്തം നൽകുകയും സ്നേഹത്തിന്റെ അന്ത്യാശ്ലേഷണം ചെയ്യുകയും ചെയ്ത ദൃശ്യം നിങ്ങളാരും കണ്ടില്ലേ? ഹിന്ദ് റജബെന്ന സ്ത്രീ അവരുടെ ഉമ്മയ്ക്ക് നേരെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് 355 തവണ നിറയൊഴിക്കുന്നതിന് തൊട്ടുമുമ്പ് പരിഭ്രാന്തരായ ഉമ്മയ്ക്ക് ഫോണിലൂടെ അവർ ഫാത്തിഹാ സൂറത്ത് ഓതിക്കൊടുക്കുന്നത് നിങ്ങൾ കേട്ടിട്ടില്ലേ? കത്തിക്കരിഞ്ഞ ആശുപത്രിയുടെ തറയിൽ, രക്തത്തിൽക്കുളിച്ച് തളർന്ന്, എന്നാൽ തകരാതെ കിടക്കുന്ന ഗസ്സയിലെ ഡോക്ടർമാരും മാധ്യമപ്രവർത്തകരും പ്രവാചകന്റെ (സ്വ) മദ്ഹ് പാടുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? വീടുകളും ജീവിതവും കൈകാലുകളും നഷ്ടപ്പെട്ടു കഴിയുമ്പോഴും അൽഹംദുലില്ലാഹ് എന്നു പറയുന്ന മനുഷ്യരെ നിങ്ങൾ കണ്ടിട്ടില്ലേ? ദൈവവും, വേദവാക്യവും, പ്രവാചകന്മാരുടെ ജീവിതവും ഈ വംശഹത്യയിലേക്ക് ജീവൻ വെക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?
സിൻവാറിന്റെ വിമതത്വത്തിന്റെ വടി മൂസയുടെ (അ) ദണ്ഡുമായി താരതമ്യപ്പെടുന്നതെങ്ങനെ എന്ന് നിങ്ങൾ കണ്ടില്ലേ?
“മൂസയോട് നാം നിര്‍ദ്ദേശിച്ചു: ‘നീ നിന്റെ വടിയെറിയുക.’ അതൊരു പാമ്പായി അവരുടെ മായാജാലത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങി!”
ഇവിടെ ഗസ്സൻ മൂസ വടിയെറിഞ്ഞു വീഴ്ത്തുന്ന മായാജാലങ്ങളെന്നു പറയുന്നത്, വംശഹത്യാദാഹികളായ മാപ്പുസാക്ഷികളുടെ കള്ളങ്ങളും, സയണിസ്റ്റ് പ്രോപ്പഗണ്ടകളും ഗസ്സയിലെ ഫലസ്തീനികളെന്ന കുഞ്ഞു ദാവീദിയൻ ജനതയെ ഞെക്കിഞെരുക്കാനും അവരുടെ പോരാട്ടത്തെ അപമാനിക്കാനുമായി കുതന്ത്രം മെനയുന്ന ചതിയിലധിഷ്ടിതമായ ക്രമവുമാണ്. സിൻവാറിന്റെ അവസാന നിമിഷങ്ങളുടെ ദൃശ്യം ലോകത്തെ കാണിക്കുന്നതിലൂടെ ആധുനികലോകത്തെ ഫിർഔന്റെ മായാജാലക്കാർ നേടിയത് അവരുദ്ദേശിച്ചതിന്റെ നേർവിപരീതമാണ്; ധീര നേതാവും മർദ്ദകർക്കെതിരെയുള്ള അദ്ദേഹത്തിന്റെ ജനതയുടെ ധർമ്മ യുദ്ധവും കൂടുതൽ സഹതാപവും പ്രശംസയും ആദരവും നേടിയെടുത്തു. ധാർഷ്ഠ്യവും ധിക്കാരവും നിറഞ്ഞ അവരുടെ മിഥ്യാവലയത്തിൽ അവരദ്ദേഹത്തെ എന്നെന്നും നിലനിൽക്കുന്ന സ്മരണയാക്കി പരിവർത്തിപ്പിച്ചു.
അതുമാത്രമല്ല, ഖുർആൻ തന്നെയും ഗസ്സയിലൂടെ ജീവൻവെക്കുകയാണ് ഇവിടെ. കഴിഞ്ഞ ഒരു വർഷമായുള്ള നിരന്തരമായ ബോംബ് ഭീഷണികൾക്കും പട്ടിണിക്കുമിടയിൽ താനും തന്റെ കുടുംബവും നെഞ്ചുറപ്പോടെ പിടിച്ചു നിൽക്കുന്ന വടക്കൻ ഗസ്സയിൽ നിന്നും ആദരണീയനായൊരു പിതാവും ധീരനായ മാധ്യമപ്രവർത്തകനുമായ മഹ്മൂഹ് അൽ-അമൂദി ഇപ്രകാരമൊരു സന്ദേശം പങ്കുവെക്കുകയുണ്ടായി; “സൂറത്തുൽ ബുറൂജിൽ പ്രതിപാദിച്ചിരിക്കുന്ന ജനതയുടെ ജീവിതം ഉൾവഹിച്ചു കൊണ്ടാണ് ഗസ്സയിൽ ഞങ്ങൾ ജീവിക്കുന്നത്. ഖുർആൻ തുറന്ന് ആ വചനം എപ്രകാരമാണ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതെന്ന് നോക്കൂ. അത് അവസാനിക്കുന്നതിപ്രകാരമാണ്; ‘തീര്‍ച്ചയായും നിന്റെ നാഥന്റെ പിടുത്തം കഠിനം തന്നെ.’ ഈ കഠിന പിടുത്തം യാഥാർത്ഥ്യമാവുന്ന സമയമടുത്തിരിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്.”
പറഞ്ഞറിയക്കുക സാധ്യമല്ലാത്ത ഭീകരതകൾക്കിടയിൽ മഹ്മൂദ് പങ്കുവെക്കുന്ന അതീന്ദ്രീയ ജ്ഞാന പ്രചോദിതമായ ഈ സന്ദേശത്തോടുള്ള ആദരവെന്ന നിലയിൽ, സൂറത്തുൽ ബുറൂജിനെ കുറിച്ചുള്ള ദൈവശാസ്ത്രപരമായ ലഘു വ്യാഖ്യാനങ്ങൾ പങ്കുവെക്കാം. പ്രസ്തുത അദ്ധ്യായത്തിന്റെ ചില ഭാഗങ്ങളുടെ പരിഭാഷ കാണുക;
“നക്ഷത്രങ്ങളുള്ള ആകാശം സാക്ഷി. വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം സാക്ഷി. സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി. കിടങ്ങിന്റെ ആള്‍ക്കാര്‍ (അസ്ഹാബുൽ ഉഖ്ദൂദ്) നശിച്ചിരിക്കുന്നു. വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്‍ക്കാര്‍. അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം. സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു. അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ. അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്. സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ. എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളാണുള്ളത്. അതത്രെ അതിമഹത്തായ വിജയം! തീര്‍ച്ചയായും നിന്റെ നാഥന്റെ പിടുത്തം കഠിനം തന്നെ” (പരിഭാഷ: ഖുർആൻ ലളിതസാരം).
നക്ഷത്രസമൂഹങ്ങളുള്ള ആകാശത്തെതൊട്ട് ആണയിട്ടുകൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്. നക്ഷത്രങ്ങളെന്നത് ബഹിരാകാശത്ത് ഭൂമിയെ വലയം വെക്കുന്ന സാറ്റ്ലൈറ്റുകളിലൂടെ ‘ആകാശത്തിന്റെ ഉന്നതിയിൽ’ ഭൂമിയിലെ സംഭവങ്ങൾ ഒപ്പിയെടുക്കുന്നതിനെ സൂചിപ്പിക്കുന്നതാവില്ലേ? പുനരുദ്ധാനത്തിന്റെ അത്യന്താപേക്ഷികതയെയും, മർദ്ദിതർ മർദ്ദകരോട് പ്രതികാരം ചോദിക്കുകയും ആത്യന്തിക നീതി പുലരുകയും ചെയ്യുന്ന മനുഷ്യ കുലത്തിന്റെ വിധിനിർണയ നാളിനെയായിരിക്കില്ലേ ‘വാഗ്ദത്ത ദിനം’ എന്നതിന്റെ ഉദ്ദേശം. തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്ന ക്രൂരതകളിലേക്കും അതിന് സാക്ഷ്യം വഹിക്കുന്ന നാമുൾപ്പെടുന്ന സകലരിലേക്കുമല്ലേ ‘സാക്ഷിയും സാക്ഷ്യം നിൽക്കപ്പെടുന്ന കാര്യവും’ എന്ന പ്രയോഗം വിരൽ ചൂണ്ടുന്നത്?! ഒരാഗോള പ്രേക്ഷകർക്കു മുന്നിൽ തത്സമയം പ്രക്ഷേപണം ചെയ്യപ്പെടുന്ന തുറന്ന വൻ ആക്രമണമാണ് ഗസ്സയിലെ വംശഹത്യയെന്ന് തീർച്ച. ഈ കുറ്റകൃത്യങ്ങൾ അന്ത്യമില്ലാതെ, ശിക്ഷിക്കപ്പെടാതെ ഇപ്പോഴും തുടരുകയും ലോകത്തെ ഏകദേശം മുഴുവൻ ജനങ്ങളും അതിന് സാക്ഷികളാവുകയും ചെയ്യുന്നു.
സ്വന്തം ഭൂമിയിലും ഭവനത്തിലും കഴിയാനുള്ള അവകാശത്തെ ധൈര്യപൂർവ്വം മുറുകെപ്പിടിക്കുന്ന വടക്കൻ ഗസ്സയിലെ ധീര ജനങ്ങളുടെ ഉന്മൂലനാർത്ഥമുള്ള കൂട്ടഖബറുകളെയും കോണസൺട്രേഷൻ ക്യാമ്പുകളായി ഉപയോഗിക്കുന്ന കിടങ്ങുകളെയുമാണ് ‘കിടങ്ങിന്റെ ആളുകൾ’ എന്നതിലെ കിടങ്ങ് തീർച്ചയായും സൂചിപ്പിക്കുന്നത്. ഗസ്സക്കെതിരായ സാമ്പത്തികവും, രാഷ്ട്രീയവും, ഭക്ഷ്യപരവും, വ്യാപാരപരവുമായ നിരോധനവും ഗസ്സയെ തന്നെ ഒരർത്ഥത്തിൽ ഒരു കിടങ്ങാക്കി മാറ്റിയിരിക്കുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് സകലബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട ചെറിയൊരു ഖണ്ഡം ഭൂമിയെന്ന നിലയിൽ ലോകത്തിന്റെ ഘർത്തമാണ് ഗസ്സയെന്ന് വേണമെങ്കിൽ പറയാം. ആ ചെറു ഭൂമികക്കകത്താകട്ടെ സ്വന്തമായ ‘ആന്തരിക കിടങ്ങു‘ തീർക്കുന്ന ഗസ്സയുടെ ചെറുത്തുനിൽപ്പു പോരാളികളും.
ഗസ്സയിലെ പതിത ജനത അവസാനം അഭയം പ്രാപിക്കുന്ന ടെന്റുകൾക്കും, ആശുപത്രികൾക്കും, സ്കൂളുകൾക്കും മേൽ വർഷിക്കുന്ന തീബോംബുകളെയായിരിക്കും ‘വിറക് നിറച്ച തീക്കുണ്ഡം’ എന്ന പ്രയോഗം തീർച്ചയായും സൂചിപ്പിക്കുന്നത്. ഈ തീബോംബുകൾ അവരുടെ ജീവിതത്തെയൊന്നടങ്കം ഒരു തീക്കുണ്ഡാരമാക്കി മാറ്റുകയും അവരുടെ മാംസങ്ങളെ തകർക്കാനാവുമെങ്കിലും അവരുടെ ആത്മാക്കളെ തകർക്കാൻ അതിനാവില്ല. ‘അവരതിനു ചുറ്റും (അതിന്റെ മേൽനോട്ടക്കാരായി) ഇരിക്കുന്ന സന്ദർഭം’ എന്ന പ്രയോഗം ഒരുപക്ഷേ നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ ദൈർഘ്യത്തെയും മനുഷ്യനെയും, ഭൂമിയെയും അതോപോലെ മൃഗങ്ങളെയും സസ്യലദാതികളെയും ഗസ്സയിലെ കടലിനെ പോലും ചുറ്റിയിരിക്കുന്ന സമഗ്ര നശീകരണത്തെയും അഗ്നിയെയുമായിരിക്കാം സൂചിപ്പിക്കുന്നത്. ഒരിടവും സുരക്ഷിതമല്ല.
“സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു,” എന്ന ബുറൂജിലെ ഏഴാമത്തെ വചനം, ഈ കുരുതിക്കളത്തെ നിലനിർത്തുന്നതിൽ ഇസ്രായേലിനും അമേരിക്കക്കുമൊപ്പം കൂടിയവരെയും അതേപോലെ, ഗസ്സൻ ജനതയ്ക്കെതിരായ ഉന്മൂലനത്തെയും, ചുട്ടെരിക്കലിനെയും, നശീകരണത്തെയും നിഷ്ക്രിയരായി നോക്കിനിന്ന ഈജിപിത്, ജോർദാൻ, സൗദി, യു.എ.ഇ പോലോത്ത നാണം കെട്ടതും ഉപയോഗശൂന്യരുമായ അറബ്-മുസ്ലിം ലോകത്തെ മർദ്ദക ഭരണകൂടങ്ങളെയുമായിരിക്കാം ഒരു പക്ഷേ സൂചിപ്പിക്കുന്നത്.
“വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ” എന്ന എട്ടാമത്തെ വചനം ഫലസ്തീനിയൻ ജനത ഇത്രയും വെറുക്കപ്പെട്ടവരായതെന്തുകൊണ്ടെന്ന് കൃത്യമായി വ്യക്തമാക്കുന്നു. പക്ഷേ അവർക്കെതിരായ ഉന്മൂലനശ്രമങ്ങൾ അസാധ്യമാവുന്നതിന്റെ കാരണവും മറ്റൊന്നല്ല. ക്ഷമ, കൃതജ്ഞത, ധീരത, ശൂരത, ദൃഢനിശ്ചയം സ്വന്തം വിശ്വാസത്തിലുള്ള അഭിമാനബോധം തുടങ്ങിയ ഗസ്സൻ ഗുണങ്ങൾ അവരെ ആദരണീയരാക്കുകയും ലോകത്തിന്റെ കണ്ണിൽ അവരുടെ ശ്രേഷ്ഠത ഉയർത്തപ്പെടുകയും ചെയ്യുന്നു. അതേസമയം സമീപരാഷ്ട്രങ്ങൾ അപമാനിതരമാവുകയും ചെയ്യുന്നു.
ഇതാണ് സജീവമായ ദിവ്യബോധനമെന്നു പറയുന്നത്. ഇതുതന്നെയാണ് സജീവമായ വിശ്വാസദാർഢ്യം. അതിനാൽ, ഇനിയാരെങ്കിലും ‘ദൈവമെവിടെ?’ എന്നു ചോദിച്ചാൽ, ‘നക്ഷത്രസമൂഹങ്ങളാൽ നിറഞ്ഞ ആകാശത്തേക്ക് നോക്കൂ’ എന്നവരോട് പറഞ്ഞേക്കുക.
പിന്നീടവരോട് ഗസ്സയിലേക്ക് തിരിയാനാവശ്യപ്പെടുക; എങ്ങോട്ട് തിരിഞ്ഞാലും ദിവ്യമുഖത്തെ നീ കാണും (ഖു, 2:115).
വിവർത്തനം: മൻഷാദ് മനാസ്