Campus Alive

നീയൊന്നായൊളി

ചങ്ങാതീ, നിൻ ഹൃത്തടമൊരു മിനുങ്ങിയ കണ്ണാടീ. അതിന്മേലടിഞ്ഞിരിക്കുന്ന പൊടിയുടെ മറ നീ തുടച്ചുനീക്കണം. കാരണം ദിവ്യ രഹസ്യങ്ങളുടെ പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ളതാണത്. പ്രകാശം,

‘ഭൂമി സ്വർഗ്ഗങ്ങളുടെ ഒളിയായ അല്ലാഹുവിന്റെ’

നിൻഹൃത്തടത്തിലത് പ്രകാശിതമാകവേ, ഹൃദയവിളക്കും കത്തി ജ്വലിക്കും. ഹൃദയവിളക്ക്,

‘ഒരു സ്ഫടികക്കൂടിനുള്ളിലാണ്, അതാവട്ടെ തിളങ്ങുന്ന നക്ഷത്രം കണക്കേയും’

പിന്നെയാ ഹൃത്തടത്തിൽ ദിവ്യ ദർശനങ്ങളുടെ പ്രകാശം കമ്പനം കൊള്ളും. ഈ പ്രകാശം അർത്ഥങ്ങളുടെ മഴമേഖങ്ങളിൽ നിന്നാവും ഉദിച്ചുയരുക.

‘കിഴക്കും പടിഞ്ഞാറുമല്ലാത്ത, ഒരനുഗ്രഹീത ഒലീവു മരത്തിൽ നിന്നുറവപ്പെടുന്നത്’

തിരച്ചിലിന്റെ മരത്തിലത് വെളിച്ചം വീശുന്നു, അത്രയും ശുദ്ധവും സുതാര്യവുമായത്

‘തിളങ്ങിലും തീയ്യതിനെ തൊടുക പോലുമില്ല’ – (നൂർ, 35)

പിന്നെ ജ്ഞാനത്തിന്റെ വിളക്ക് സ്വയം കത്തുന്നു. അല്ലാഹുവിന്റെ രഹസ്യങ്ങളുടെ പ്രകാശം തനിക്കുമേൽ വീശുമ്പോൾ പിന്നെങ്ങനെയതിന് കത്താതിരിക്കാനാവും? ദിവ്യ രഹസ്യങ്ങളുടെ പ്രകാശം മാത്രമാണതിനു മേൽ വീശിയിരുന്നതെങ്കിൽ, രഹസ്യങ്ങളുടെ രാത്രിയാകാശം ആയിരം താരകങ്ങളാൽ കത്തിനിന്നേനെ,

‘താരകങ്ങളാൽ [നിന്റെ] വഴി [നീ] കണ്ടെത്തും’ – (നഹ്ൽ, 16)

താരകങ്ങളല്ല ദിവ്യ വെളിച്ചമാണ് നമ്മെ നയിക്കുന്നത്. അതിനല്ലാഹു,

താഴേ സ്വർഗ്ഗത്തെ മനോഹാരിത നിറച്ച താരകങ്ങളാൽ ചമയിച്ചു – (യാസീൻ, 6)

ദിവ്യ രഹസ്യങ്ങളുടെ വിളക്ക് നിന്നന്തരാത്മാവിൽ ജ്വലിച്ചെങ്കിൽ മാത്രം, ബാക്കിയും വന്നുകൊൾകും, ഒന്നിച്ചോ ഒറ്റയ്ക്കോ. ചിലത് നിനക്കറിയും, ചിലത് നിന്നോട് ഇവിടെപ്പറയും. വായിക്കുക, ശ്രദ്ധിക്കുക, ഉള്ളിലാക്കാൻ നോക്കുക. ബോധമില്ലായ്മയുടെ ഇരുണ്ടാകാശങ്ങൾ കത്തിജ്ജ്വലിക്കും, ദൈവിക സാന്നിധ്യത്താലും പ്രഭപൊഴിയുന്ന ചക്രവാളത്തിൽ നിന്നുദിച്ചുയരുന്ന പൂർണ്ണചന്ദ്രന്റെ ശാന്തി-സൗന്ദര്യത്താലും,

പ്രകാശത്തിനുമേൽപ്രകാശം – (നൂർ, 35)

ആകാശത്തിലുദിക്കവേ, അല്ലാഹു നിർണ്ണയിച്ചുകൊടുത്ത മണ്ഡലങ്ങളിലൂടെയത് കടന്നുപോവുന്നു,

അതിന് മണ്ഡലങ്ങൾ നിർണ്ണയിച്ചുകൊടുത്തിരിക്കുന്നു, അതുവരെ (യാസീൻ, 39)

ആകാശമദ്ധ്യേയത് തേജസ്സിൽ മിന്നിത്തിളങ്ങുന്നു, അശ്രദ്ധയുടെ അന്ധകാരത്തെ ചിതറിക്കുന്നു.

പ്രശാന്തമാകുന്ന രാവാണെ (സത്യം) – (അദ്ദുഹാ, 2)

ശോഭയാർന്ന പകൽ വെളിച്ചമാണെ – (അദ്ദുഹാ, 1)

നിന്റെ ബോധമില്ലായ്മയുടെ രാവ് പകലിന്റെ തിളക്കം ദർശിക്കും. ശേഷം, ദിക്റിന്റെ സുഗന്ധത്തെ നീ മണക്കും,

രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനംതേടും (ആലുഇംറാൻ, 17)

ബോധമില്ലായ്മയെത്തൊട്ട്, ഉറക്കത്തിലായിപ്പോയ ജീവിതത്തെത്തൊട്ട് നീ ഖേദിക്കും. പാതിരാ രാപ്പാടികളുടെ പാട്ടുകൾ നീ കേൾക്കും, അവർ പറയുന്നതു നീ കേൾക്കും,

രാത്രി കുറച്ച് മാത്രം ഉറങ്ങുന്ന ശീലരായിരുന്നു അവർ, ഉദയത്തോടടുത്താൽ പൊറുക്കലിനെ തേടുന്നവർ – (സാരിയത്ത്, 17, 18)

അല്ലാഹു അവനിച്ഛിക്കുന്നവരെ വെളിച്ചത്തിലാക്കുന്നു (നൂർ, 35)

പിന്നെ അന്തരറിവിന്റെ സൂര്യൻ ദൈവിക ഹിതത്തിന്റെ ചക്രവാളത്തിൽ നിന്നുദിച്ചു പൊങ്ങുന്നത് നീ കാണും. അതു നിൻ സ്വകാര്യ സൂര്യൻ, നീ

അല്ലാഹുവാൽ നയിക്കപ്പെട്ടവരിലാണ്,

സന്മാർഗത്തിലും

ആണ്

അവൻ പിഴവിലാക്കിയവരിൽ (അഅ്റാഫ്, 178)

അല്ല

പിന്നെ നിനക്കാ രഹസ്യം തിരിയും;

ചന്ദ്രനെ പിടിക്കാൻ സൂര്യനോ, രാത്രിയെ കവച്ചുകടക്കാൻ പകലിനോ സമ്മതമില്ല. ഓരോന്നും ഓരോ പഥങ്ങളിൽ നീന്തിക്കൊണ്ടേയിരിക്കുന്നു. (യാസീൻ, 40)

അവസാനം കെട്ടുകളഴിക്കപ്പെടും,

ജനങ്ങൾക്കായല്ലാഹു ഒരുക്കിയ അന്യാപദേശങ്ങൾക്ക് [അനുസൃതമായി], സർവ്വതിനേയുമറിയുന്നവൻ അല്ലാഹുവാകുന്നു. (നൂർ, 35)

പിന്നെ, മറ ഉയരും, പുറംകൂടുകൾ പൊളിയും, പരുക്കനായതിനടിൽ നിന്ന് മൃദുലത തലപൊക്കും; സത്യമവളുടെ മുഖം വെളിവാക്കും. നിൻ ഹൃത്തടം ശുദ്ധമാക്കിയാലേ ഇതൊക്കെ തുടങ്ങൂ. നീയാഗ്രഹിച്ചാൽ, അവനോട്, അവങ്കൽ നിന്ന്, അവനൊപ്പം നീ ചോദിച്ചാൽ ദിവ്യ രഹസ്യങ്ങളുടെ പ്രകാശം അതിൽ വന്നുപതിക്കും.


(ശിഹാബുദ്ധീൻ സുഹ്രവർദ്ദിയുടെ ‘ഹയാക്കലു അൽ-നൂർ’ (The Shape of Light) എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് വിവർത്തനത്തിന്റെ തുടക്കഭാഗത്ത് നൽകിയ ഹസ്റത്ത് അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ ഒരു കത്താണിത്)

മൊഴിമാറ്റം: മൻഷാദ് മനാസ്

ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി