Campus Alive

ഫ്രാൻസിന്റെ കൊളോണിയൽ ഗൃഹാതുരത്വം: മുസ്‌ലിം വിരുദ്ധ ‘ഇസ്‌ലാമിക്’ പ്രൊജക്ട്

ഇസ്‌ലാമോഫോബിക്കായ മറ്റൊരു നടപടിയിലൂടെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയെ നിയന്ത്രിക്കാൻ ഫ്രഞ്ച് ഭരണകൂടം ഒരു പുതിയ ബോഡി സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ്; ‘ദ ഫോറം ഓഫ് ഇസ്‌ലാം ഇൻ ഫ്രാൻസ്’. മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നതിന് പകരം ഫ്രാൻസിന്റെ സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ഇസ്‌ലാമിനെ രൂപപ്പെടുത്താൻ മാക്രോണിനെ സഹായിക്കുന്നതിന് പാരീസ് തിരഞ്ഞെടുത്ത ആളുകളെയാണ് ഈ ഫോറം ഉൾക്കൊള്ളുന്നത്.

മുസ്‌ലിം രാജ്യങ്ങളിലെ ക്രിസ്ത്യൻ സ്കൂളുകൾക്ക് ഫണ്ട് നൽകുന്ന മതേതര ഫ്രാൻസ്

ഈ ഫോറം തീവ്രവാദത്തെ തടയുമെന്നും ഫ്രാൻസിലെ മതന്യൂനപക്ഷങ്ങളുടെ കാര്യങ്ങളിൽ വിദേശശക്തികൾ ഇടപെടുന്നതിന് കടിഞ്ഞാണിടുമെന്നും പൊതുജീവിതത്തിൽ മുസ്‌ലിംകൾ മതേതരത്വമെന്ന പേരിലുള്ള രാജ്യത്തിന്റെ പ്രഖ്യാപിത സമീപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മാക്രോണും അദ്ദേഹത്തിന്റെ മന്ത്രിമാരും തറപ്പിച്ചു പറയുന്നു. എന്നാൽ, വലിയ അളവിൽ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യങ്ങളിലെ ക്രിസ്ത്യൻ സ്‌കൂളുകൾക്ക് ഫ്രഞ്ച് ഭരണകൂടം നൽകുന്ന ധനസഹായം ഇരട്ടിയാക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം ന്യായീകരണങ്ങളെ ഗൗരവമായി എടുക്കുക പ്രയാസമാണ്.

ഫ്രാൻസിനെ പോലെയുള്ള ഒരു സ്വയം പ്രഖ്യാപിത മതേതര രാജ്യം, വിദേശ ക്രിസ്ത്യൻ സ്കൂളുകൾക്ക് ധനസഹായം നൽകുന്നത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള അവരുടെ നയത്തിന് വിരുദ്ധമാണെന്ന് തോന്നുന്നു. പാശ്ചാത്യ ശക്തികളുടെ ഇത്തരം ഇരട്ടത്താപ്പുകൾ നമ്മെ സംബന്ധിച്ച് ശീലമാവുകയും അത്തരം വൈരുദ്ധ്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം സങ്കടകരമാണ്.

ഇസ്‌ലാമോഫോബിയ ഒരു സ്ഥിരസ്ഥിതി ആയി മാറുന്നു

സ്വദേശത്ത് ജനാധിപത്യം പ്രസംഗിക്കുകയും വിദേശത്ത് സ്വേച്ഛാധിപതികളെയും തെമ്മാടികളെയും പിന്തുണക്കുകയും ചെയ്യുന്ന ഒരു നീണ്ട ചരിത്രം തന്നെ പാശ്ചാത്യ ശക്തികൾക്കുണ്ട്. അതുകൊണ്ട് തന്നെ ഫ്രാൻസും ഇത്തരത്തിലൊരു പതിവ് കാപട്യത്തിലാണ് ഏർപ്പെടുന്നത് എന്ന് ഒരാൾക്ക്  വാദിക്കാം. എന്നാൽ 1990 കളുടെ തുടക്കം മുതൽതന്നെ ഫ്രാൻസിൽ തുടർച്ചയായി വന്ന ഭരണകൂടങ്ങൾ മുസ്‌ലിമത്വത്തിന്റെ (Muslimness) പ്രകടനങ്ങക്കെതിരെ കുരിശുയുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു.

മാക്രോണിന്റെ ഇസ്‌ലാമോഫോബിയ ഒരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നാണ് പല വിശകലന വിദഗ്ധരും അനുമാനിക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ക്യാമ്പയിനു ശേഷം അതിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇസ്‌ലാമോഫോബിയ പിൻവാങ്ങുന്നില്ല എന്നതിനേയും മറിച്ച്, അത് ഇസ്‌ലാമോഫോബിയയെ സ്ഥാപിക്കുകയും ക്രമേണ വികസിപ്പിക്കുകയുമാണെന്ന യാഥാർത്ഥ്യത്തെയും ഈ നിരീക്ഷണം നിരാകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരന്തരമായ വിദ്വേഷ പ്രചരണത്തിന്റെ ഫലമായി, ഇസ്‌ലാമോഫോബിയ എന്നത് വലതുപക്ഷ പാർട്ടികളുടെ മാത്രം പ്രത്യേകത എന്നതിൽ നിന്ന് ഫ്രഞ്ച് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയാന്തരീക്ഷത്തിൽ ഉടനീളമുള്ള വലിയൊരു വിഭാഗത്തിന്റെ സ്ഥിരസ്ഥിതിയായി (Default Position) പരിണമിച്ചിരിക്കുന്നു.

ലോകത്തിന്‍റെ മുഖ്യധാരയായി മാറുന്ന ഇസ്‌ലാമോഫോബിയ

മുസ്‌ലിംകൾക്കെതിരായ പോലീസ് പീഡനങ്ങൾക്കും അക്രമങ്ങൾക്കും,  തൊഴിലവസരങ്ങളിലെ വിവേചനങ്ങൾക്കും, മുസ്‌ലിം സിവിൽ-മനുഷ്യാവകാശ സംഘടനകളെ നിരോധിക്കുന്നതിന് ഭരണ സംവിധാനങ്ങളെ ഉപയോഗിക്കുന്നതിനുമൊക്കെ ഇസ്‌ലാമോഫോബിയയുടെ സ്വാഭാവികവൽക്കരണം കാരണമായിത്തീർന്നു. ഫ്രാൻസിലെ ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ കൂട്ടായ്മ  മുസ്‌ലിംകൾ നേരിട്ട വംശീയ വിവേചനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത് ഇതിനുദാഹരണമാണ്. അതുപോലെ തന്നെ ഫ്രാൻസ് ഇസ്‌ലാമോഫോബിക് നയങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നവരെ നിശബ്ദരാക്കാനും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവരിൽ അവബോധം വളർത്താനും ശ്രമിക്കുകയുണ്ടായി.

ഫ്രാൻസിലെ ഇസ്‌ലാമോഫോബിയയുടെ തീവ്രതയെ ഒറ്റപ്പെട്ട സംഭവങ്ങളായി മനസ്സിലാക്കുന്നത് തെറ്റാണ്. ഇസ്‌ലാമോഫോബിയ ലോകമെമ്പാടും മുഖ്യധാരാവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ലോകമെമ്പാടുമുള്ള അൾട്രാ-നാഷണലിസ്റ്റ് ഭരണകൂടങ്ങൾ തങ്ങളുടെ ഭയവും താൽപര്യങ്ങളും ഇസ്‌ലാമോഫോബിയയുടെ ഭാഷയിലൂടെ കൂടുതലായി പ്രകടിപ്പിക്കുന്നു. ഇസ്‌ലാമോഫോബുകൾ അവരുടെ വിവേചനപരമായ പ്രവർത്തനങ്ങളെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ന്യായീകരണങ്ങളിൽ വലിയ തോതിലുള്ള യോജിപ്പുകൾ പ്രകടമാക്കുന്നു എന്നതാണ് മുഖ്യധാരാവത്കരണത്തിന്റെ അർഥം. ഫ്രാൻസിലെ ഇസ്‌ലാമോഫോബിയയുടെ മുഖ്യധാരാവൽക്കരണം സവിശേഷമായി അപകടകരമാവുന്നത്, അത് ആറ് ദശലക്ഷം മുസ്‌ലിംകളുടെ ജീവിതത്തിന് നേരിട്ട് ഭീഷണിയാകുന്നു എന്നത് കൊണ്ട് മാത്രമല്ല, മറിച്ച് അറിയപ്പെടുന്നതും സ്ഥാപിതവുമായ ഒരു ലിബറൽ ജനാധിപത്യത്തിനകത്ത് പതിറ്റാണ്ടുകളായി വളർത്തിയെടുക്കപ്പെട്ടതാണ് അത് എന്നതുകൊണ്ടുകൂടിയാണ്. അതിനാൽ തന്നെ, ഇസ്‌ലാമോഫോബിയ സൈനിക സ്വേച്ഛാധിപത്യങ്ങളുമായോ ഏകാധിപത്യ ഭരണകൂടങ്ങളുമായോ കുടിയേറ്റ-കോളനികളുമായോ രാജവംശങ്ങളിലെ സ്വേച്ഛാധിപതികളുമായോ മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.  കൊളോണിയലിസത്തിനും വംശീയതയ്ക്കും കൂട്ടുനിൽക്കുന്ന ലിബറലിസത്തിനും ജനാധിപത്യത്തിനും ഇസ്‌ലാമോഫോബിയയുമായി സഹകരിക്കാതിരിക്കാൻ പ്രത്യേകിച്ച് കാരണം ഒന്നുമില്ല.

ഇസ്‌ലാമോഫോബിക് നയങ്ങൾ; വംശീയതയുടെ ഒരു രൂപമെന്ന നിലയിൽ

ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിംകൾക്കെതിരായ വിദ്വേഷമോ വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചുള്ള തർക്കങ്ങളോ അല്ല. മുസ്‌ലിമത്വത്തിന്റെ പ്രകടനങ്ങളായി കരുതപ്പെടുന്ന സ്വഭാവങ്ങളെയും ഗ്രൂപ്പുകളെയും ലക്ഷ്യമിടുന്ന ഒരു തരം വംശീയതയാണിത്. ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിംകൾക്കെതിരെ തെരുവിൽ വ്യക്തികൾ നടത്തുന്ന ആക്രമണങ്ങൾ മാത്രമല്ല; സ്ഥാപനപരമായ വിവേചനങ്ങളെക്കുറിച്ച് കൂടിയാണ് അത് സംസാരിക്കുന്നത്. വംശീയത എന്നത് ആളുകൾ തലയിൽ ചുമക്കുന്ന വിശ്വാസങ്ങൾ മാത്രമല്ല; മറിച്ച്, അതൊരു ഭരണസംവിധാനമാണ്. അതിൽ നിർണായകമായത് ‘വംശങ്ങളുടെ’ അസ്തിത്വമല്ല, മറിച്ച് വംശീയവൽക്കരണം എന്ന പ്രക്രിയയാണ്.

സാമൂഹിക ഗണരൂപീകരണത്തെ (Social grouping) തിരിച്ചറിയാൻ കഴിയുന്ന ജൈവ ഗണങ്ങളാക്കി (biological group) മാറ്റുന്ന ഒരു പ്രക്രിയയാണിത്. ഉദാഹരണത്തിന്, മുസ്‌ലിംകൾ വിമാനത്താവളങ്ങളിലൂടെ പോകുമ്പോൾ, അവരുടെ വസ്ത്രധാരണം എങ്ങനെയാണ്, എങ്ങനെയാണവർ പ്രത്യക്ഷപ്പെടുന്നത്, അവർ വരുന്നതോ അല്ലെങ്കിൽ പോകുന്നതോ ആയ രാജ്യങ്ങൾ ഏതൊക്കെയാണ്, അവരുടെ ഹാൻഡ് ലഗേജിൽ എന്താണുള്ളത്, എങ്ങനെയാണവർ സംസാരിക്കുന്നത് തുടങ്ങിയവക്കനുസരിച്ച് അവരെ തിരിച്ചറിയുന്ന ഒരു വലിയ നിരീക്ഷണ സംവിധാനം അവിടെ പ്രവർത്തിക്കുന്നു. ആ നിരീക്ഷണ സംവിധാനം മുസ്‌ലിംകളെ തിരിച്ചറിയുന്നത് ഭക്തിയുടെയോ വ്യക്തിഗത ഉദ്ദേശ്യങ്ങളുടെയോ സ്വഭാവങ്ങളുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് അവർ മുസ്‌ലിമത്വത്തിന്റെ അടയാളങ്ങൾ വഹിക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ്.

മുസ്‌ലിമത്വം എന്നാൽ ലളിതമായ ഹിജാബിന്റെയോ താടിയുടെയോ ഹലാൽ ഫുഡിന്റെയോ മാത്രം വിഷയമല്ല; മറിച്ച് ഏതെങ്കിലുമൊരു ദേശരാഷ്ട്രത്തിനകത്ത് ഒതുങ്ങിയിരിക്കുന്നതിനുപകരം ലോകമെമ്പാടും ബന്ധപ്പെട്ടു കിടക്കുന്ന ഒരു സ്വത്വരൂപമായി വ്യാപകമായി മുസ്‌ലിമത്വത്തെ മനസ്സിലാക്കപ്പെടുന്നു. ദേശവിരുദ്ധതയുടെയും, ഇരട്ടക്കൂറിന്റെയും, വീണ്ടെടുക്കാൻ കഴിയാത്ത അന്യതയുടെയും, രാഷ്ട്രത്തിന്റെ അപൂർണതയുടെയും ചിഹ്നമായി മുസ്‌ലിമിന്റെ രൂപം നിലകൊള്ളുന്നു.

കൊളോണിയൽ ഗൃഹാതുരത്വം

മതേതരവൽക്കരണം എന്നാൽ മുസ്‌ലിമത്വത്തെ ഇല്ലാതാക്കുക എന്നതാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതേതരവൽക്കരണം എന്നത് ‘ചർച്ചി’നെ ഭരണകൂടത്തിൽ നിന്ന് വേർപെടുത്തുന്നതല്ല; മറിച്ച് അത്  ഇസ്‌ലാമിക സ്ഥാപനങ്ങളെ ഭരണകൂടം പിടിച്ചെടുക്കുന്നതിനേയും അവരുടെ നിർബന്ധിത ദേശസാൽക്കരണത്തേയുമാണ് അർത്ഥമാക്കുന്നത്. മുസ്‌ലിംകളെ ദേശസാൽക്കരിക്കാനും ‘ഉമ്മത്ത്’ പോലെയുള്ള ഐക്യദാർഢ്യത്തിന്റെ വിഭാവനകളിൽ നിന്ന് അവരെ വെട്ടിമുറിക്കാനുമുള്ള ശ്രമങ്ങൾ ലോകമെമ്പാടുമുള്ള ഇസ്‌ലാമോഫോബിക് ഭരണകൂടങ്ങളുടെ സവിശേഷതയാണ്.

ഫ്രഞ്ച് ഭരണകൂടത്തെ നയിക്കുന്നത് മതേതരത്വത്തിലുള്ള വിശ്വാസമല്ല, മറിച്ച് അത് കൊളോണിയൽ ഗൃഹാതുരത്വമാണ്. പാരീസിന് ലോക വേദിയിൽ അതിന്‍റെ സ്ഥാനം ഇടിയുന്നതിനോട് പൊരുത്തപ്പെടാൻ കഴിയില്ല, മാത്രമല്ല മുസ്‌ലിമത്വത്തിന്റെ മെരുങ്ങാത്ത സ്ഥിരോത്സാഹം പാരീസിന്റെ സാങ്കൽപ്പിക സ്വത്വബോധത്തെ അപമാനിക്കുന്നതായും അവർ കാണുന്നു. ലോകത്തെ മറ്റിടങ്ങളിലെന്നപോലെ ഫ്രാൻസിലും ഇസ്‌ലാമോഫോബിയയുടെ മുന്നേറ്റം, എല്ലാവരെയും ഉൾക്കൊള്ളുന്ന പൗരത്വം എന്ന വാഗ്ദാനത്തിനു പകരം കൊളോണിയൽ ഭരണത്തിന്റെ വർണ്ണവിവേചനത്തേയാണ് സൂചിപ്പിക്കുന്നത്.

‘ഫോറം ഓഫ് ഇസ്‌ലാം ഇൻ ഫ്രാൻസ്’ മുസ്‌ലിംകളെ ഫ്രഞ്ച് ഐഡന്റിറ്റിയുമായി അനുരഞ്ജിപ്പിക്കാൻ വേണ്ടിയുള്ളതാണെങ്കിൽ, മുസ്‌ലിംകളെ നിശബ്ദരാക്കുന്നതിൽ പങ്കാളികളാകുന്നതിനുപകരം മുസ്‌ലിം ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ഘടന അതിന് ഉണ്ടാകുമായിരുന്നു. അത് ഭരണകൂടത്താൽ നിയമിതരാകുന്നവരുടെ ഒരു സംഘം ആയിരിക്കില്ല. ഫ്രാൻസിലെ പ്രശ്‌നം മുസ്‌ലിമത്വമല്ല ഇസ്‌ലാമോഫോബിയയാണ് എന്ന് അത് അംഗീകരിക്കുമായിരുന്നു. ഇസ്‌ലാമോഫോബിയ ഒരു തരം വംശീയതയാണെന്നും അത് ചെറുക്കേണ്ടതാണെന്നും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും അത് അംഗീകരിക്കുമായിരുന്നു. ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ പോരാട്ടം മുസ്‌ലിംകൾക്കോ മുസ്‌ലിംകളെന്ന് കരുതപ്പെടുന്നവർക്കോ മുസ്‌ലിംകളുടെ സഖ്യകക്ഷികൾക്കോ വേണ്ടി മാത്രമുള്ളതല്ലെന്നും മറിച്ച് അത് എല്ലാവർക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പോരാട്ടമാണെന്നും അത് അംഗീകരിക്കുമായിരുന്നു.


വിവർത്തനം: ഹാമിദ് ടി.പി

സൽമാൻ സയ്യിദ്