Campus Alive

ഇസ്‌ലാമിക രാഷ്ട്രീയവും ജനാധിപത്യ വിമര്‍ശവും

പാശ്ചാത്യ അധീശത്വത്തിന്റെ വിവിധങ്ങളായ ആവിഷ്‌കാരങ്ങള്‍ ഭരണകൂട ഇടങ്ങളില്‍ മാത്രമല്ല, ജനപ്രിയ സംസ്‌കാരത്തിലും വളരെ സജീവമാണ്. സ്റ്റാര്‍ ട്രെക്ക് (Star Trek) എന്ന പേരിലുള്ള ടെലിവിഷന്‍ സീരീസ് അതിനുദാഹരണമാണ്. എഴുപത്തൊമ്പത് എപ്പിസോഡുകളിലായി ഇറങ്ങിയ ആ സീരീസ് 1960 ന്റെ പകുതികളില്‍ അമേരിക്കയിലാണ് നിര്‍മ്മിക്കപ്പെടുകയും പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തത്. അതിനുശേഷം ലോകമൊട്ടാകെ പ്രദര്‍ശനം തുടരുകയും ചെയ്തു. നൂറോളം രാജ്യങ്ങളില്‍ അത് പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി. നിരവധി ഹോളിവുഡ് സിനിമകളും നൂറുകണക്കിന് നോവലുകളും ആ സീരീസിന്റെ പ്രചോദനമുള്‍ക്കൊണ്ട് പുറത്തിറങ്ങുകയുണ്ടായി. മനുഷ്യര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കപ്പെടുകയും ഭൂമി ഒരു ലിബറല്‍ ഉട്ടോപ്യയായി മാറുകയും ചെയ്യുന്ന ഒരു ഭാവിയെയാണ് സ്റ്റാര്‍ ട്രെക്ക് കാണിക്കുന്നത്. തുടക്കം മുതല്‍ തന്നെ അമേരിക്കയുടെ ഒരു കണ്ണാടിയായാണ് അത് നിലനില്‍ക്കുന്നത്. അതേസമയം പാശ്ചാത്യ ഭരണകൂടങ്ങളുടെ നന്‍മ മാത്രമാണ് ആ കണ്ണാടിയില്‍ പ്രതിഫലിപ്പിക്കപ്പെടുന്നത്. പൗരസ്ത്യ ദേശങ്ങളെ സേച്ഛാധിപത്യത്തിന്റെ ഇടങ്ങളായും പാശ്ചാത്യലോകത്തെ ജനാധിപത്യത്തിന്റെ സ്വര്‍ഗങ്ങളുമായാണ് സ്റ്റാര്‍ ട്രെക്ക് ചിത്രീകരിക്കുന്നത്.

ഇനി വിഷയത്തിലേക്ക് വരാം. മുസ്ലിം ഉമ്മത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നത് കമാലിസവും ഇസ്ലാമിസവും തമ്മിലുള്ള സംഘര്‍ഷമാണ്. അതിനര്‍ത്ഥം മറ്റു ഗ്രൂപ്പുകള്‍ (ലിബറലുകള്‍, സോഷ്യലിസ്റ്റുകള്‍, യാഥാസ്ഥികര്‍ തുടങ്ങിയവ) നിലനില്‍ക്കുന്നില്ല എന്നല്ല. മറിച്ച്, കമാലിസവും ഇസ്ലാമിസവുമാണ് മുസ്ലിം ലോകത്തെ രണ്ട് പ്രധാന ചേരികള്‍ എന്നാണ് ഞാന്‍ വാദിക്കുന്നത്. അതേക്കുറിച്ച് വഴിയെ വിശദീകരിക്കാം.

മുഹമ്മദ് ബൂഅസീസിന്റെ ആത്മാഹുതിയോടെയാണ് മുഹമ്മദ് ഗദ്ദാഫി, ഹുസ്നി മുബാറക്, ബെന്‍ അലി തുടങ്ങിയ അറബ് ഭരണാധികാരികളുടെ നൂറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യത്തിന്റെ അടിവേരിളക്കിയ വിപ്ലവം രൂപപ്പെടുന്നത്. ജനകീയ വിപ്ലവമായിരുന്നു അത്. ചിലരൊക്കെ പറയുന്നത് അറബ് വസന്തത്തോടു കൂടി ജനാധിപത്യം അറബ് തെരുവുകളിലെത്തിയെന്നാണ്. ജനാധിപത്യത്തിന്റെ സാര്‍വ്വലൗകികമായ സാധ്യതകളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറിന്റെ ജനാധിപത്യ മൂല്യങ്ങളില്‍ ആകൃഷ്ടരായ ഒരു സംഘം യുവാക്കളാണ് അറബ് വസന്തത്തിന്റെ ശില്‍പ്പികള്‍. ഈ യുവാക്കള്‍ തന്നെ പ്രക്ഷോഭത്തിന്റെ സന്ദര്‍ഭങ്ങളില്‍ അല്ലാഹു അക്ബര്‍ എന്നു വിളിക്കുകയും പരസ്യമായി തന്നെ നമസ്‌കരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഒരു മതേതര പ്രക്ഷോഭമായാണ് അവരതിനെ കാണാന്‍ ശ്രമിക്കുന്നത്. അഥവാ, പാശ്ചാത്യവല്‍ക്കരണത്തിന് വിധേയമായ അറബ് യുവാക്കളുടെ ഒരു മതേതര പ്രക്ഷോഭമാണ് അറബ് വസന്തം. ഈ വീക്ഷണം പാശ്ചാത്യലോകത്തിന്റെ അധീശത്വത്തെ തന്നെയാണ് ഉറപ്പിക്കുന്നത്. മാത്രമല്ല, ഇസ്ലാമിസത്തിന്റെ അന്ത്യമായാണ് അത് അറബ് പ്രക്ഷോഭങ്ങളെ കാണുന്നത്. അതേസമയം ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് ഇറാനെ സംബന്ധിച്ചിടത്തോളം ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ഒരു തുടര്‍ച്ചയാണ് അറബ് വസന്തം. ചുരുക്കത്തില്‍ ജനാധിപത്യവും ഇസ്ലാമും പടിഞ്ഞാറും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കുമാണ് അറബ് വസന്തം വഴിവെച്ചിരിക്കുന്നത്. അതിലേക്കുള്ള സൂചനയാണ് സ്റ്റാര്‍ ട്രെക്ക് എന്ന സിനിമ നല്‍കുന്നത്. ആ സിനിമയിലുള്ള പൗരസ്ത്യരെല്ലാം സേച്ഛാധിപതികളാണ്. അപ്പോള്‍ പാശ്ചാത്യമാവുക എന്നതിനര്‍ത്ഥം ജനാധിപത്യപരമാവുക എന്നാണ്. എന്നാല്‍ പാശ്ചാത്യലോകത്തിന്റെ കൊളോണിയലിസവും വംശീയതയുമായുള്ള ബന്ധത്തെക്കുറിച്ചും ജനാധിപത്യത്തിന് അതേല്‍പ്പിക്കുന്ന പരിക്കുകളെക്കുറിച്ചും ആരും സംസാരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

2

റിപ്പബ്ലിക്കനിസം, ലിബറലിസം എന്നീ മൂല്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ജനാധിപത്യത്തെക്കുറിച്ച വായനയിലൂടെ ഞാന്‍ നടത്തുന്നത്. ലിബറലിസത്തിന്റെ ഒട്ടുമിക്ക സ്വഭാവങ്ങളും ഇന്ന് ജനാധിപത്യത്തിന്റെ മേലും ആരോപിക്കപ്പെടുന്നുണ്ട്. ജനാധിപത്യത്തെക്കുറിച്ച് പൊതുവായി നിലനില്‍ക്കുന്ന ധാരണ അത് രാഷ്ട്രീയ വ്യവസ്ഥയുടെ രൂപകമാണ് എന്നാണ്. അതേസമയം ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായി പറയപ്പെടുന്നത് തെരെഞ്ഞെടുപ്പ്, സമാധാനപരമായ ഭരണകൈമാറ്റം എന്നിവയൊക്കെയാണ്. അവയുടെ സാന്നിധ്യമോ അസാന്നിധ്യമോ ഒരു രാഷ്ട്രീയക്രമത്തിന്റെ ജനാധിപത്യ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നുണ്ട്. ഒട്ടുമിക്ക എന്‍.ജി.ഒകളും ബുദ്ധിജീവികളുമെല്ലാം ജനാധിപത്യത്തെ അങ്ങനെയാണ് നിര്‍വ്വചിക്കുന്നത്. ജനാധിപത്യത്തിന്റെ നിര്‍വ്വചനത്തിലടങ്ങിയ സങ്കീര്‍ണ്ണതകളെക്കുറിച്ച ചോദ്യങ്ങളും സജീവമാണ്. ഉദാഹരണത്തിന് തെരെഞ്ഞെടുക്കപ്പെട്ടതിനാല്‍ ഹിറ്റ്ലറിനെ ഒരു ജനാധിപത്യ ഭരണാധികാരിയായി കാണാന്‍ കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. കൂടാതെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്ക് വോട്ടവകാശം നല്‍കപ്പെടുന്നതിന് മുമ്പ് അമേരിക്കന്‍ ഭരണകൂടം ജനാധിപത്യപരമായിരുന്നോ? 1970 ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിന് മുമ്പ് സ്വിറ്റ്സര്‍ലാന്റ് ജനാധിപത്യ രാഷ്ട്രമായിരുന്നോ? മീഡിയകളുടെ അപ്രമാദിത്യം ഉപയോഗിച്ച് നടത്തുന്ന തെരെഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ജനാധിപത്യപരമാണോ? ജനങ്ങള്‍ക്ക് സ്വതന്ത്രമായ തെരെഞ്ഞെടുപ്പുകള്‍ സാധ്യമാകുന്നുണ്ടോ? എന്നാല്‍ ഈ ചോദ്യങ്ങളിലടങ്ങിയ സങ്കീര്‍ണ്ണതകളൊന്നും ജനാധിപത്യത്തെ ബാധിക്കുന്നില്ലെന്നും ഏതാനും രാഷ്ട്രങ്ങളുടെ പ്രായോഗികവല്‍ക്കരണത്തിന്റെ പ്രശ്നമാണെന്നും ഒരാള്‍ക്ക് വാദിക്കാവുന്നതാണ്. എന്നാല്‍ ചില അടിസ്ഥാന സ്വഭാവങ്ങളെ മുന്‍നിര്‍ത്തി മാത്രം ജനാധിപത്യത്തെ മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ട്. കാരണം എല്ലാ സ്വത്വങ്ങളെയും പോലെ ജനാധിപത്യ സ്വത്വവും ആപേക്ഷികവും വൈരുദ്ധ്യം നിറഞ്ഞതുമാണ്. ജനാധിപത്യത്തിന്റെ സ്വത്വം തന്നെ രൂപപ്പെടുന്നത് സേച്ഛാധിപത്യത്തിന്റെ നിരാകരണത്തില്‍ നിന്നാണ്. അഥവാ, സേച്ഛാധിപത്യത്തിന്റെ സ്വഭാവങ്ങളുടെ എതിരായി നിലനില്‍ക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ സവിശേഷതകള്‍ നിലനില്‍ക്കുന്നത്. അപ്പോള്‍ പ്രായോഗികമായ ആവിഷ്‌കാരങ്ങളിലൂടെ മാത്രമേ ജനാധിപത്യത്തെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

3

പുരാതന ഗ്രീസിലാണ് ജനാധിപത്യം ആരംഭിച്ചത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. അഥവാ, ജനാധിപത്യത്തിന്റെ വംശാവലി ഗ്രീസിലാണ് കിടക്കുന്നത് എന്നാണ് വളരെ സജീവമായി നിലനില്‍ക്കുന്ന അധീശമായ ഒരു വാദം. എന്നാല്‍ സുമേറിയ (sumeria), പോഎനീഷ്യ (phoenicia) തുടങ്ങിയ പാരമ്പര്യങ്ങളില്‍ നമുക്ക് ജനാധിപത്യത്തിന്റെ വംശാവലിയെ കണ്ടെടുക്കാന്‍ സാധിക്കും. മാത്രമല്ല, പുരാതന ഗ്രീസ് പൂര്‍ണ്ണമായും ജനാധിപത്യപരമൊന്നുമായിരുന്നില്ല. അതില്‍ ഏഥന്‍സ് ആണ് ജനാധിപത്യ ഇടമായി നിലനിന്നിരുന്നെന്ന് പറയപ്പെടുന്നത്. അതേസമയം ജനാധിപത്യ ഏഥന്‍സില്‍ സ്ത്രീകള്‍, അടിമകള്‍, വിദേശികള്‍ എന്നിവരെല്ലാം രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ നിന്ന് പുറത്തായിരുന്നു. ഗ്രീക്കുകാര്‍ തന്നെ പേര്‍ഷ്യന്‍ രാജാവിന്റെ മര്‍ദ്ദക ഭരണത്തിന് കീഴിലുള്ള അടിമജീവിതങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു തങ്ങളുടെ ജനാധിപത്യത്തെ നിര്‍വ്വചിച്ചിരുന്നത്. ഗ്രീക്ക് സ്വാതന്ത്ര്യവും പേര്‍ഷ്യന്‍ അടിമത്വവും എന്ന വിഭജനം തന്നെ പാശ്ചാത്യ രാഷ്ട്രീയ ചിന്തയിലെ ഒരു പ്രധാന ഘടകമായിരുന്നു. അങ്ങനെയാണ് പാശ്ചാത്യ ജനാധിപത്യവും പൗരസ്ത്യ സേച്ഛാധിപത്യവും എന്ന വിഭജനം രൂപം കൊള്ളുന്നത്. ഗ്രീക്കുകാര്‍ സ്വതന്ത്രരും പേര്‍ഷ്യക്കാര്‍ അടിമകളുമായിരുന്നു എന്ന കൊളോണിയല്‍ വാദം ഒരു ചരിത്രാഖ്യാനമായി നിര്‍മ്മിക്കപ്പെടുകയാണുണ്ടായത്. ഒട്ടുമിക്ക ലോക ചരിത്രകാരന്‍മാരും അതേറ്റെടുത്തവരാണ്. ആ പാരമ്പര്യത്തെ പിന്തുടര്‍ന്നു കൊണ്ടാണ് പടിഞ്ഞാറ് ജനാധിപത്യത്തിന്റെ ഇടമായും പടിഞ്ഞാറിതര ലോകം സേച്ഛാധിപത്യത്തിന്റെ പരീക്ഷണ ഭൂമികയായും വായിക്കപ്പെട്ടത്. അങ്ങനെയാണ് ജനാധിപത്യം പടിഞ്ഞാറിന്റെ ഒരു അടിസ്ഥാന ഘടകമായി നിരീക്ഷിക്കപ്പെട്ടത്.

അതേസമയം പുരാതന ഗ്രീക്കുകാരായിരുന്നു ഏറ്റവും കൂടുതല്‍ അച്ചടക്കത്തിനും നിയന്ത്രണത്തിനുമെല്ലാം വിധേയമായ സമൂഹങ്ങള്‍. പേര്‍ഷ്യന്‍ സമൂഹങ്ങള്‍ക്ക് അത്ര വലിയ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, യൂറോപ്യന്‍ കൊളോണിയലിസത്തിന് മുമ്പുണ്ടായിരുന്ന സാമ്രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഭരണീയരിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പേര്‍ഷ്യന്‍ രാജാക്കന്‍മാര്‍ അതിനെ മറികടന്നുകൊണ്ട് സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ സമൂഹങ്ങളെ ബഹുസാംസ്‌കാരിക നയത്തെ വികസിപ്പിച്ചു കൊണ്ട് ഭരിക്കുകയുണ്ടായി. അതിലൂടെ ഏകദൈവത്തില്‍ വിശ്വസിക്കുന്നവരെയും ഒരുപാട് ദൈവങ്ങളില്‍ വിശ്വസിക്കുന്നവരെയും നിരീശ്വരവാദികളെയും ഒരുപോലെ ഭരിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. എന്നാല്‍ ഏതന്‍സിലെ പൗരന്‍മാര്‍ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ജീവിച്ചത്. ഒരു അച്ചടക്ക സമൂഹമായാണ് അവര്‍ നിലനിന്നത്. അവിടെയുണ്ടായിരുന്ന പൊതുവായ വിശ്വാസങ്ങളോട് രാജിയാകാതിരുന്നവര്‍ അപരരായി മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു. സോക്രട്ടീസിന്റെ വധം തന്നെ അതിനേറ്റവും വലിയ ഉദാഹരണമാണ്. അപ്പോള്‍ ഗ്രീക്ക് ജനാധിപത്യം, പേര്‍ഷ്യന്‍ സേച്ഛാധിപത്യം എന്ന വിഭജനം ചരിത്രപരമായി തന്നെ തെറ്റാണ്. കാരണം, ഗ്രീക്കുകാര്‍ സ്വതന്ത്രരും പേര്‍ഷ്യക്കാര്‍ അടിമകളുമായിരുന്നു എന്ന നിരീക്ഷണം വസ്തുതാപരമായി പൂര്‍ണ്ണമായും ശരിയല്ല. അതേസമയം ഈ ഗ്രീക്ക് മാതൃകയെ പിന്തുടര്‍ന്ന് കൊണ്ടാണ് ആധുനികതയില്‍ പാശ്ചാത്യ ജനാധിപത്യം, പൗരസ്ത്യ സേച്ഛാധിപത്യം എന്ന വിഭജനം നിലനില്‍ക്കുന്നത്. അഥവാ, അടിസ്ഥാനപരമായി പാശ്ചാത്യലോകം ജനാധിപത്യപരവും പൗരസ്ത്യലോകം സേച്ഛാധിപത്യപരവുമാണ്. ആധുനികതയുടെ വരവോട് കൂടിയാണ് ഈ വിഭജനം ജ്ഞാനശാസ്ത്രപരമായി ഉറപ്പിക്കപ്പെടുന്നത്.

ജനാധിപത്യം മാത്രമല്ല, പടിഞ്ഞാറിന്റെയും തുടക്കം പുരാതന ഗ്രീസാണ്. പാശ്ചാത്യമായതിന്റെ ഒരു സൂചകമായി ജനാധിപത്യം മാറുകയാണുണ്ടായത്. അപ്പോള്‍ പാശ്ചാത്യ സ്വത്വവും ജനാധിപത്യ വ്യവഹാരങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതേസമയം ചരിത്രത്തില്‍ ഒരിക്കല്‍ പോലും പൗരസ്ത്യ ദേശങ്ങളേക്കാള്‍ സ്വതന്ത്രമായി പാശ്ചാത്യ ഇടങ്ങള്‍ നിലനിന്നിട്ടില്ല. എന്നാല്‍ പാശ്ചാത്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം മുറിയാതെ സൂക്ഷിക്കാനാണ് പാശ്ചാത്യ ചരിത്രരചന ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലെ വരേണ്യരായ സമുദായങ്ങള്‍ക്ക് മാത്രമാണ് ജനാധിപത്യത്തെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. കറുത്തവര്‍, മുസ്ലിംകള്‍, മറ്റ് കുടിയേറ്റ വംശജര്‍ എന്നിവരെല്ലാം പാശ്ചാത്യ ജനാധിപത്യ ഭാവനകള്‍ക്ക് പുറത്താണ് നിലനില്‍ക്കുന്നത്. കാരണം പാശ്ചാത്യ ജനാധിപത്യം, പൗരസ്ത്യ സേച്ഛാധിപത്യം എന്ന വിഭജനം വളരെ സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഈ വിഭജനമാണ് അടിസ്ഥാനപരമായ പ്രശ്നം. അതിനെ തകര്‍ക്കാതെ ജനാധിപത്യത്തെക്കുറിച്ച അധീശമായ വായനകളെ വെല്ലുവിളിക്കുക സാധ്യമല്ല.

ഇറാന്‍ വിപ്ലവം

ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയില്‍ ജനതാല്‍പര്യത്തിന്റെ ആവിഷ്‌കാരമായാണ് ജനാധിപത്യം പൊതുവെ വായിക്കപ്പെടാറുള്ളത്. ലിബറലിസത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വ്യക്തികളുടെ താല്‍പര്യങ്ങളാണ് ജനാധിപത്യം. ഇവിടെ ജനാധിപത്യം എന്നത് വ്യക്തികളുടെ രാഷ്ട്രീയ ആവിഷ്‌കാരങ്ങളെ സാധ്യമാക്കുന്ന ഒരു മാധ്യമമായിത്തീരുന്നു. അതിലൂടെ ഒരു മനുഷ്യന്‍ ആകുന്നതിന്റെ സാധ്യതകളെയാണ് ജനാധിപത്യം അന്വേഷിക്കുന്നത്. കാരണം, എല്ലാ സാമൂഹിക-രാഷ്ട്രീയ ഇടപാടുകളുടെയും മൂലമായി ജനാധിപത്യം നിലനില്‍ക്കുന്നുണ്ട്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ ഒരു മനുഷ്യന്‍ എന്ന നിലക്കുള്ള അനുഭവം സാധ്യമാവുകയുള്ളൂ. അഥവാ, ജനാധിപത്യമാണ് മനുഷ്യന്റെ സത്താപരമായ ആവിഷ്‌കാരത്തെ നിര്‍ണ്ണയിക്കുന്നത്. എന്താണ്, ആരാണ് മനുഷ്യന്‍ എന്ന ചോദ്യത്തിന് ജനാധിപത്യത്തെ ഉള്‍ക്കൊണ്ടവന്‍ എന്നുപറയാം. എന്നാല്‍ ജനാധിപത്യത്തെ ആരാണ് നിര്‍വ്വചിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ആരാണ് മനുഷ്യന്‍ എന്ന ചോദ്യം അഭിമുഖീകരിക്കപ്പെടുന്നത്. വളരെ അധീശമായ ഒരു സംസ്‌കാരത്തിന്റെ പ്രതിനിധികളാണ് എല്ലാ സാമൂഹിക ഇടങ്ങളിലും ജനാധിപത്യത്തെ നിര്‍വ്വചിക്കുന്നത്. അപ്പോള്‍ അവര്‍ നിര്‍വ്വചിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ സ്വീകരിക്കാത്തവര്‍ മനുഷ്യന്‍ എന്ന വര്‍ഗീകരണത്തില്‍ നിന്ന് പുറത്താവുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പാശ്ചാത്യമൂല്യങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നവര്‍ക്ക് മനുഷ്യന്‍ എന്ന പരിഗണന നിഷേധിക്കപ്പെടുന്നത്. കാരണം, മനുഷ്യനാകണമെങ്കില്‍ പാശ്ചാത്യലോകത്ത് ജീവിക്കുന്നവനും പാശ്ചാത്യമൂല്യങ്ങളെ സ്വീകരിക്കുന്നവനുമായിരിക്കണം. വംശീയമായ പ്രത്യയശാസ്ത്രങ്ങളാണ് മനുഷ്യനെക്കുറിച്ച ഇത്തരം നിര്‍വ്വചനങ്ങള്‍ സൃഷ്ടിക്കുന്നത്. ഇന്നും മനുഷ്യനെക്കുറിച്ച നിര്‍വ്വചനങ്ങളില്‍ വംശീയ വ്യവഹാരങ്ങള്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ജനാധിപത്യം മനുഷ്യസ്വത്വത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അഥവാ, നിയന്ത്രണങ്ങളും തടസ്സങ്ങളുമെല്ലാം എടുത്തുകളഞ്ഞ് ജനാധിപത്യം ‘യഥാര്‍ത്ഥ മനുഷ്യനെ’ വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ സാര്‍വ്വലൗകികമായ മൂല്യങ്ങള്‍ പാശ്ചാത്യലോകത്തിന് സ്വന്തമാണ്. അഥവാ, സാര്‍വ്വലൗകികതയെ എല്ലാ ചരിത്രപാരമ്പര്യങ്ങളിലും നിങ്ങള്‍ക്ക് കണ്ടെടുക്കാന്‍ കഴിയില്ല. അതിനൊരു സവിശേഷമായ ചരിത്രമുണ്ട്. പടിഞ്ഞാറാണ് ആ ചരിത്രത്തെ നിര്‍ണ്ണയിക്കുന്നത്. അപ്പോള്‍ പടിഞ്ഞാറിന്റെ ചരിത്രനിര്‍മ്മിതിയില്‍ പങ്കാളിയായെങ്കില്‍ മാത്രമേ ഏതൊരു പാരമ്പര്യത്തിനും നിലനില്‍പ്പ് സാധ്യമാവുകയുള്ളൂ. ജനാധിപത്യമാണ് അതിന് നമ്മെ സഹായിക്കുന്നത്. പാശ്ചാത്യ ജനാധിപത്യം എന്നും അതിനെ വായിക്കാം. അങ്ങനെ പാശ്ചാത്യ ജനാധിപത്യത്തെ സാര്‍വ്വലൗകിക മൂല്യമായി സ്വീകരിക്കുന്നതോടെ നമ്മളും മനുഷ്യനായിത്തീരുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ പാശ്ചാത്യവല്‍ക്കരണത്തിലൂടെയാണ് ജനാധിപത്യവല്‍ക്കരണം സാധ്യമാകുന്നത്. അപ്പോള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ജനാധിപത്യവും പാശ്ചാത്യ സംസ്‌കാരവും തമ്മില്‍ അഭേദ്യമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ ഒരേസമയം ജനാധിപത്യപരവും പാശ്ചാത്യവിരുദ്ധവുമായ ഒരു ഭരണക്രമത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല. അങ്ങനെ ഉണ്ടാകില്ല എന്നാണ് പാശ്ചാത്യര്‍ പറയുന്നത്. അഥവാ, എത്ര തെരെഞ്ഞെടുപ്പുകള്‍ നടന്നാലും ഭരണം എത്ര സുതാര്യമായാലും പാശ്ചാത്യവിരുദ്ധ ഭരണകൂടം ഒരിക്കലും ജനാധിപത്യപരമാവുകയില്ല!

അതേസമയം, പാശ്ചാത്യം, പൗരസ്ത്യം എന്ന വിഭജനം ഭൂമിശാസ്ത്രപരമായി മാത്രം നിലനില്‍ക്കുന്നതല്ല. ചില സന്ദര്‍ഭങ്ങളില്‍ അതിന് മാറ്റങ്ങളുണ്ടാകാം. ഉദാഹരണത്തിന്, ശീതയുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ റഷ്യ ഒരു ‘പൗരസ്ത്യ’ രാഷ്ട്രമാണെങ്കില്‍ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വീകരിക്കുന്നതോടെ പാശ്ചാത്യമാവുകയും ജനാധിപത്യഭാഷ സ്വീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല, അമേരിക്കന്‍ വിദേശനയത്തെ പിന്തുണക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ജനാധിപത്യവും സേച്ഛാധിപത്യവും പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അഥവാ, ജനാധിപത്യത്തെക്കുറിച്ച വീരഗാഥകള്‍ നിലനില്‍ക്കുന്നത് സേച്ഛാധിപത്യത്തെക്കുറിച്ച ഭയം സൃഷ്ടിക്കുന്നതിലൂടെയാണ് എന്നര്‍ത്ഥം. അപ്പോള്‍ ജനാധിപത്യം പാശ്ചാത്യവും സേച്ഛാധിപത്യം പൗരസ്ത്യവുമാണ്.

1945-91 കാലഘട്ടങ്ങളില്‍ പാശ്ചാത്യ ജനാധിപത്യങ്ങളെക്കുറിച്ച ആഖ്യാനം രൂപപ്പെടുത്തിയിരുന്നത് കമ്മ്യൂണിസ്റ്റ് സേച്ഛാധിപത്യത്തെ മുന്‍നിര്‍ത്തിയായിരുന്നു. പൗരന്‍മാരുടെ രാഷ്ട്രീയ സമത്വത്തില്‍ നിന്ന് സാമൂഹ്യ-സാമ്പത്തിക സമത്വത്തിലേക്ക് ജനാധിപത്യത്തിന്റെ നോട്ടം എത്തിച്ചേര്‍ന്ന സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയോടെ സാമൂഹിക-സാമ്പത്തിക സമത്വം ജനാധിപത്യത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന് മാറുകയുണ്ടായി. ഭീകരതക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഒരു മര്‍ദ്ദനോപാധിയായാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിന്റെ പേരിലാണ് ഒരുപാട് രാഷ്ട്രങ്ങള്‍ ഇസ്ലാമിസ്റ്റുകളെ ഒരു ഭീഷണിയായി മനസ്സിലാക്കുന്നത്. എന്നാല്‍ ഇസ്ലാമിസത്തിന്റെ പാശ്ചാത്യവിരുദ്ധ സ്വഭാവം മൂലമാണ് അത് ജനാധിപത്യത്തിന് ഭീഷണിയായി മാറുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. തുര്‍ക്കിയിലെ വെല്‍ഫയര്‍ പാര്‍ട്ടിയും അള്‍ജീരിയയിലെ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടും ഈജിപ്തിലെ ഇഖ്വാനുമെല്ലാം ഇങ്ങനെ ജനാധിപത്യത്തിന് ഭീഷണിയായി മാറിയവരാണ്. അതുകൊണ്ടാണ് പടിഞ്ഞാറിന്റെ ഒത്താശയോടെ അവര്‍ തുടച്ചുനീക്കപ്പെട്ടത്.

4

തീര്‍ച്ചയായും യൂറോകേന്ദ്രീകൃത ജനാധിപത്യത്തിന് ഒരു ബദല്‍ സാധ്യമാണ്. ജനാധിപത്യത്തിന്റെ അപകോളനീകരണ വായനയാണ് ഞാന്‍ മുന്നോട്ടുവെക്കുന്ന ബദല്‍. ഗ്രീക്കുകാരുടെ മുമ്പും ജനാധിപത്യം നിലനിന്നിട്ടുണ്ട് എന്ന വാദമാണ് അതിലൊന്ന്. ജനാധിപത്യത്തിന്റെ പദപരമായ ഉല്‍പ്പത്തി സുമേറിയന്‍ പാരമ്പര്യത്തിലാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇസ്ലാമിക പാരമ്പര്യമടക്കമുള്ള പാശ്ചാത്യ ഇതര ലോകത്തും ജനാധിപത്യത്തിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങള്‍ നിലനിന്നിട്ടുണ്ട്. അപകോളനീകരണ വായന ജനാധിപത്യത്തെ പാശ്ചാത്യ ഇടത്തില്‍ നിന്നും മാറ്റുകയാണ് ചെയ്യുന്നത്.

ഇസ്ലാമിക രാഷ്ട്രീയചിന്തയില്‍ നല്ല ഭരണത്തിന്റെ അഞ്ച് മാതൃകകള്‍ കാണാന്‍ സാധിക്കും. മദീനയില്‍ മുഹമ്മദ് നബി (സ) സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രമാണ് അതിലൊരു മാതൃക. ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉദാത്തമായ ഭരണമാതൃകയാണിത്. പ്രവാചകന്റെ മരണശേഷം പിന്നെ ഖിലാഫത്തായിരുന്നു മുസ്ലിംകളുടെ രാഷ്ട്രീയ മാതൃക. അതേസമയം പ്രവാചകന്റെ പിന്‍മുറക്കാര്‍ എന്ന സവിശേഷസ്ഥാനമായിരുന്നു അധികാര ലബ്ധിയുടെ അടിസ്ഥാനമായി വര്‍ത്തിച്ചിരുന്നത്. ശീഈ രാഷ്ട്രീയ ചിന്തയെയാക്കെ നിര്‍ണ്ണയിക്കുന്നത് ഈ ഘടകമാണ്. എന്നാല്‍ പിന്നീട് ഖിലാഫത്തിന്റെ തകര്‍ച്ചയോടെ ഇസ്ലാമിക രാഷ്ട്രീയ ക്രമത്തെ മുന്‍നിര്‍ത്തി വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങള്‍ രൂപപ്പെടുകയുണ്ടായി. ഖുമൈനിയുടെ വിലായത്തെ ഫഖീഹ് അതിനൊരു ഉദാഹരണമാണ്. സുന്നീ രാഷ്ട്രീയ ചിന്തയുമായുള്ള സമവായത്തിനുള്ള ശ്രമങ്ങളും ഖുമൈനി അതിലൂടെ നടത്തുകയുണ്ടായി. മുസ്ലിം രാഷ്ടീയ കേന്ദ്രത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ സാധ്യതകളാണ് ഖുമൈനിയുടെ ഖിലാഫത്തിനെ കുറിച്ച ചിന്തകള്‍ തുറന്ന് തന്നത്.

ഖുമൈനിയുടെ രാഷ്ട്രീയചിന്തയുടെയും കമാലിസത്തിന്റെ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ഇന്ന് നിലനില്‍ക്കുന്നത് ഇസ്ലാമിക ഭരണത്തിന്റെ അഞ്ചാം ഘട്ടമാണെന്ന് പറയാവുന്നതാണ്. ഇസ്ലാമും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെ ഒരു സാധ്യതയായി മാത്രമല്ല, മറിത്ത് ഒരു അനിവാര്യതയായിട്ടാണ് ഈ ഘട്ടത്തില്‍ മനസ്സിലാക്കപ്പെടുന്നത്. അഥവാ, ജനാധിപത്യവുമായി ഒത്തുപോകുന്ന പുരോഗമന ഇസ്ലാമിന്റെ സാധ്യതകളാണ് അവിടെ അന്വേഷിക്കുന്നത്. റാഷിദ് ഗനൂശി, അബ്ദുല്‍ കരീം സൊറോഷ് തുടങ്ങിയവരുടെ രാഷ്ട്രീയാലോചനകളെ നമുക്കതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നാല് പ്രധാന വാദങ്ങളാണ് അതുമായി ബന്ധപ്പെട്ട് ഉയര്‍ത്തപ്പെടുന്നത്.

ഒന്നാമതായി, ജനാധിപത്യത്തിലൂടെ രാഷ്ട്രീയാധികാരം സാധ്യമാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് സാധിക്കുന്നു. സായുധ വിപ്ലവങ്ങളിലൂടെയല്ലാതെ അധികാരം കരസ്ഥമാക്കാനുള്ള സാധ്യതകളാണ് ജനാധിപത്യം അവര്‍ക്ക് നല്‍കുന്നത്. രണ്ട്, ശീതയുദ്ധത്തിന്റെ അന്ത്യം ജനാധിപത്യ ഭരണക്രമത്തിന്റെ സാധ്യതകള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഫാസിസത്തിനും കമ്മ്യൂണിസത്തിനും മേലുള്ള ലിബറല്‍ ജനാധിപത്യങ്ങളുടെ ചരിത്രവിജയങ്ങള്‍ ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളെയാണ് തുറക്കുന്നത്. മൂന്ന്, അധികാരം കരസ്ഥമാക്കുന്നതിലോ നിലനിര്‍ത്തുന്നതിലോ ഉള്ള ഇസ്ലാമിസ്റ്റുകളുടെ പരാജയം ഒരു രാഷ്ട്രീയ പദ്ധതി എന്ന നിലയിലുള്ള ഇസ്ലാമിസത്തിന്റെ അസാധ്യതയെയാണ് കാണിക്കുന്നത്. നാല്, ഭീകരമായ മര്‍ദ്ദനങ്ങളും ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരിലുള്ള അധിനിവേശങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക് ഒരു രാഷ്ട്രീയ പദ്ധതിയെ ആവിഷ്‌കരിക്കാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ ജനാധിപത്യമാണ് ഇസ്ലാമിക സമൂഹങ്ങള്‍ക്ക് ഒരു ബദല്‍ വിമോചന ചിന്ത സമ്മാനിക്കുന്നത്.

ഒട്ടുമിക്ക മുസ്ലിം രാഷ്ട്രങ്ങളിലും ഭരണാധികാരികളും ഭരണീയരും തമ്മില്‍ ഒരു വിടവ് നിലനില്‍ക്കുന്നുണ്ട്. സുതാര്യമായ ഒരു ഭരണത്തിന്റെ അഭാവത്തിലേക്കാണ് ആ വിടവ് വിരല്‍ ചൂണ്ടുന്നത്. ഇസ്ലാമികമായ ഭരണക്രമത്തിലൂടെ ഒരു മാതൃകാഭരണം സൃഷ്ടിച്ചു കൊണ്ട് ആ വിടവ് നികത്താനാണ് ഇസ്ലാമിസം ശ്രമിക്കുന്നത്. എന്നാല്‍ ഈ ഇസ്ലാമിസ്റ്റ് പദ്ധതി അപ്രായോഗികമാണെന്നാണ് മിക്കപേരും പറയുന്നത്. അതിനാല്‍ തന്നെ ജനാധിപത്യത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വീകരിക്കണമെന്നാണ് അവര്‍ മുസ്ലിംകളോട് ആവശ്യപ്പെടുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ ജനാധിപത്യത്തിന്റെ ഗുണങ്ങളെ എടുത്തുകാണിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം ഇവിടെ ജനാധിപത്യം എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നത് പാശ്ചാത്യ ജനാധിപത്യമാണ് എന്ന വസ്തുത നാം ഓര്‍ക്കേണ്ടതുണ്ട്. അബ്ദുല്‍ കരീം സോറോഷും പാശ്ചാത്യ ചരിത്രത്തെയും ജനാധിപത്യത്തെയുമാണ് ഒരു മാതൃകയായി മുമ്പില്‍ വെക്കുന്നത്. ഇവിടെ പാശ്ചാത്യ ജനാധിപത്യം എന്നത് സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും മനുഷ്യാവകാശത്തിന്റെയുമൊക്കെ രൂപകമായി മാറിയിരിക്കുകയാണ്.

മുസ്ലിം രാഷ്ട്രങ്ങളില്‍ ജനാധിപത്യത്തെ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയും അഭിമുഖീകരിക്കുന്ന നാല് പ്രധാനപ്പെട്ട പ്രതിസന്ധികളാണുള്ളത്. ഒന്നാമതായി, ഏതൊരു തരത്തിലുള്ള പരിവര്‍ത്തന ശ്രമങ്ങളെയും വ്യവസ്ഥിതിയെ നിലനിര്‍ത്താനാഗ്രഹിക്കുന്നവര്‍ പരാജയപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. മാത്രമല്ല, മുസ്ലിം രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന ഏകാധിപത്യ പ്രവണതകള്‍ക്ക് പാശ്ചാത്യ\യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ആ പ്രശ്നത്തെ അഭിമുഖീകരിക്കാതെ ജനാധിപത്യത്തെക്കുറിച്ച ചര്‍ച്ചകള്‍ ഒരിക്കലും പൂര്‍ണ്ണമാവുകയില്ല. അതിനാല്‍ തന്നെ, ജനാധിപത്യ പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സത്യസന്ധവും മൂര്‍ത്തവുമായ ജനകീയ ഇടപെടലുകളാണ് അറബ് നാടുകളില്‍ സാധ്യമാകേണ്ടത്.

രണ്ട്, ജനാധിപത്യവും സേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം പാശ്ചാത്യവും പൗരസ്ത്യവും തമ്മിലുള്ള വ്യത്യാസത്തിന് തുല്യമായതിനാല്‍ പാശ്ചാത്യവല്‍ക്കരണം സാധ്യമാക്കാതെ മുസ്ലിം നാടുകളില്‍ ജനാധിപത്യം കൊണ്ടുവരാന്‍ കഴിയില്ല. എന്നാല്‍ ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം പാശ്ചാത്യവല്‍ക്കരണം ഒരു വെല്ലുവിളിയായാണ് നിലനില്‍ക്കുന്നത്. ഈ വെല്ലുവിളിയെ മറികടക്കാനുള്ള ഒരു വഴി ജനാധിപത്യവും ഇസ്ലാമും തമ്മില്‍ സമന്വയത്തിന് സാധ്യതകളുണ്ട് എന്ന് വാദിക്കലാണ്. എന്നാല്‍ അത്തരം വാദങ്ങള്‍ ജനാധിപത്യ വ്യവഹാരങ്ങളിലടങ്ങിയ ശ്രേണീപരമായ അധികാരബന്ധങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ തന്നെ ജനാധിപത്യത്തെ പാശ്ചാത്യ വംശാവലിയില്‍ നിന്ന് വിമോചിപ്പിച്ച് പുതിയ ജനാധിപത്യ പരീക്ഷണങ്ങളെ സാധ്യമാക്കുകയാണ് മുസ്ലിംകള്‍ ചെയ്യേണ്ടത് എന്നാണ് എന്റെ പക്ഷം. അത്തരമൊരു നീക്കത്തെ പാശ്ചാത്യ അധികാരിവര്‍ഗ്ഗം ചെറുക്കുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ തന്നെ പാശ്ചാത്യം, പൗരസ്ത്യം എന്ന വിഭജനത്തെ മുന്‍നിര്‍ത്തിയുള്ള അധീശമായ ജനാധിപത്യ വ്യവഹാരങ്ങളെ വെല്ലുവിളിക്കാത്തിടത്തോളം പുതിയ ജനാധിപത്യ വായനകള്‍ സാധ്യമാവുകയില്ല.

അബ്ദുല്‍ കരീം സോറോഷ്‌

മൂന്ന്, ശീതയുദ്ധാനന്തര ലോകത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണം സാധ്യമാക്കിക്കൊണ്ടാണ്. അതിനാല്‍ തന്നെ ഇസ്ലാമിക സമൂഹങ്ങളുടെ രാഷ്ട്രീയാവിഷ്‌കാരങ്ങളെ തടയാനുള്ള ശേഷി ജനാധിപത്യത്തിനുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. നാലാമതായി, ജനാധിപത്യത്തിന് വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഇസ്ലാമിക ഭരണസംവിധാനത്തിന്റെ ആവിഷ്‌കാരങ്ങളെ തടയുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ചരിത്രങ്ങളുടെയും പാരമ്പര്യങ്ങളുടെയുമെല്ലാം രാഷ്ട്രീയ സാധ്യതകളെ സ്വീകരിക്കുക എന്നത് നീതിയുടെയും സമാധാനത്തിന്റെയുമെല്ലാം നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയുമെല്ലാം ഏകകമാക്കുകയാണ് പാശ്ചാത്യലോകം ചെയ്യുന്നത്. അതിനാല്‍ തന്നെ ജനാധിപത്യത്തിന്റെ അപകോളനീകരണ വായനയിലൂടെ മാത്രമേ അതിന്റെ അധീശമായ ഉള്ളടക്കത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ.

ഇറാഖ് അധിനിവേശത്തിന് ശേഷം അമേരിക്കന്‍ ഭരണകൂടം അവിടെ നടപ്പിലാക്കിയ ജനാധിപത്യ പരീക്ഷണങ്ങള്‍ ജനാധിപത്യത്തിന്റെ അധീശസ്വഭാവത്തിന് തെളിവാണ്. ഇറാഖില്‍ ജനതാല്‍പര്യത്തെയായിരുന്നില്ല അമേരിക്ക പരിഗണിച്ചത്. മറിച്ച്, അമേരിക്കന്‍ അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്. അതിനെയാണ് അവര്‍ ജനാധിപത്യത്തിന്റെ സംസ്ഥാപനം എന്ന് വിളിച്ചത്. മാത്രമല്ല, ലിബറല്‍ ബുദ്ധിജീവികള്‍ അറബ് സമൂഹങ്ങളുടെ ജനാധിപത്യ പരിവര്‍ത്തനങ്ങളെ പാശ്ചാത്യമൂല്യങ്ങളിലേക്കുള്ള പരിവര്‍ത്തനമായാണ് മനസ്സിലാക്കുന്നത്. അഥവാ, ജനാധിപത്യ പരിവര്‍ത്തനങ്ങള്‍ പാശ്ചാത്യവല്‍ക്കരണ പ്രക്രിയയായാണ് മനസ്സിലാക്കപ്പെടുന്നത്. നവയാഥാസ്ഥികര്‍ പറയുന്നത് പടിഞ്ഞാറിനോടുള്ള ശത്രുത ഇല്ലാതാക്കാന്‍ മുസ്ലിംകളെ ജനാധിപത്യം സഹായിക്കുമെന്നാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യത്തിന് മുന്നോടിയായി നടക്കേണ്ട പ്രക്രിയ പാശ്ചാത്യവല്‍ക്കരണമാണ്. അതോടൊപ്പം തന്നെ പൗരസ്ത്യതയുടെ എല്ലാ തരത്തിലുമുള്ള അടയാളങ്ങളും ഊരിവെക്കുകയും വേണം. ഈ പാശ്ചാത്യ നിര്‍ണ്ണയങ്ങള്‍ക്ക് പുറത്ത് പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ സാധ്യമാക്കുകയാണ് ഇസ്ലാമിസം ചെയ്യുന്നത്.

ജനാധിപത്യത്തില്‍ നീതിയുക്തമായ ഒരു ലോകത്തെ സ്വപ്നം കാണുന്നവര്‍ പടിഞ്ഞാറിന്റെ പിടുത്തത്തില്‍ നിന്നും അതിനെ മോചിപ്പിക്കാനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്. മാത്രമല്ല, വിവിധങ്ങളായ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ക്കും അവരുടേതായ രാഷ്ട്രീയാവിഷ്‌കാരങ്ങള്‍ സാധ്യമാകുന്ന ഒരു ഇടത്തിന് വേണ്ടി സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനര്‍ത്ഥം പാശ്ചാത്യം, പാശ്ചാത്യേതരം എന്ന് ലോകത്തെ രണ്ടായി കാണുന്ന അധീശ വ്യവഹാരങ്ങളെ കീഴ്മേല്‍ മറിക്കുക എന്നതുതന്നെയാണ്

സൽമാൻ സയ്യിദ്