Campus Alive

മാൽത്യൂസിയൻ പോസിറ്റീവ് ചെക്കും, ഡാൻ ബ്രൗണിന്റെ ബർട്ടൻഡ്‌ സോബ്രിസ്റ്റും: വയറസ് കാലത്തെ ഒരു സാഹിത്യ വായന

രണ്ടു വർഷം മുമ്പ് ബ്രിട്ടനിലെ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ വംശീയ വാദികൾ രഹസ്യമായി നടത്തിയ സമ്മേളനം (eugenics conference) വലിയ ആശങ്കയോടെയാണ് പുതിയ ലോകം നോക്കികണ്ടത്. ചാൾസ് ഡാർവിൻറെ പ്രകൃതിയുടെ തിരെഞ്ഞെടുപ്പ് വഴിയുള്ള (പ്രകൃതി നിർധാരണം) പരിണാമത്തിന് ബദലായി മനുഷ്യൻ തന്റെ തിരെഞ്ഞെടുപ്പ് സാധ്യമാക്കുക എന്ന ആശയത്തിൽ സഞ്ചരിക്കുകയും, പ്രവർത്തിക്കുകയും ചെയ്തിരുന്ന കൂട്ടായ്മയാണ് യൂജെനിക്സ് പ്രസ്ഥാനം(eugenics movement ). ഫ്രാൻസിസ് ഗാൾട്ടൻ (Francis Galton 1822-1911) ആണ് ഇതിന് തുടക്കം കുറിച്ചത്. സമൂഹത്തിൽ ബുദ്ധിയും, ആരോഗ്യവും ഉള്ളവർ മാത്രം നിലനിൽക്കുക എന്നതായിരുന്നു ഇവരുടെ വാദം.

ഭാവിയിലെ വർത്തമാനങ്ങളുടെ മുൻവിധിയും, നിലനിൽപ്പിന്റെ പോരാട്ടവും, മനുഷ്യ ജനസംഖ്യയിൽ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ടെന്നു വാദിക്കുകയും, സിദ്ധാന്തവത്കരിക്കുകയും ചെയ്ത വ്യക്തിയാണ്‌ തോമസ് റോബർട്ട് മാൽത്യൂസ് (Thomas Robert Malthus). മാൽത്യൂസിയൻ തിയറിയെ പ്രയോഗവത്കരിക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രത്തെ ഡാൻ ബ്രൗണിന്റെ ഇൻഫെർണോയിൽ കാണാൻ സാധിക്കും. അതിന് വേണ്ടി ആ സിദ്ധാന്തത്തെ തന്നെ ഡാൻ ബ്രൗൺ ഒരു തരത്തിൽ മാറ്റിതിരുത്തുന്നുണ്ട്. യൂജെനിക്സ് പ്രസ്ഥാനത്തോട് പ്രസ്തുത സാഹിത്യ രചന നടത്തുന്ന ആവിഷ്കാരം, കഥാപാത്ര സൃഷ്ടി, സാമൂഹ്യപരമായ സംഘർഷവും അതിനെ കുറിച്ചുള്ള ആലോചനകളുമാണ് ഈ ലേഖനത്തിൽ ഞാൻ പറയാൻ ശ്രമിക്കുന്നത്.

“ലോകത്തിന്റെ എല്ലാ ആവാസ സ്ഥാനങ്ങളും മനുഷ്യരെക്കൊണ്ട് നിറഞ്ഞ് കഴിയുമ്പോൾ, അവർക്ക് അവിടെ നിലനിൽക്കാനോ, മറ്റൊരിടത്തേക്ക് പോകാനോ കഴിയാതാകുമ്പോൾ, ലോകം സ്വയം ശുദ്ധീകരണ പ്രക്രിയ നടത്തും…”

-മാക്ക്യ വെല്ലി

“ഒരു സ്വിച്ചിട്ടാൽ ലോകത്തിലെ പകുതി ജനസംഖ്യ നശിക്കുമെന്ന് നിങ്ങളോട് പറഞ്ഞാൽ അതു ചെയ്യുമോ? നിങ്ങളിത് ചെയ്തില്ലെങ്കിൽ വരുന്ന നൂറു വർഷങ്ങൾക്കുള്ളിൽ മനുഷ്യ കുലം മുഴുവൻ കുറ്റിയറ്റു പോകുമെന്ന് പറഞ്ഞാലോ….?”

-(നോവലിലെ ബർട്ടാൻഡ്‌ സൊബ്രിസ്റ്റ് എന്ന ഒരു കഥാപാത്രം)

കേരള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ 2018ലെ പ്രളയം, ഏറ്റവും മൂർത്തമായ രൂപത്തിൽ അതിന്റെ വികൃത മുഖം പ്രകൃതിയിൽ അലയടിപ്പിക്കുന്ന കാലത്താണ്, ലോകപ്രശസ്ത എഴുത്തുകാരൻ ‘ഡാൻ ബ്രൗണിന്റെ’  വിഖ്യാത രചനയായ ‘ഇൻഫെർണോ’ ഞാൻ വായിക്കുന്നത്. പ്രസ്തുത നോവലിൽ “പ്ലേഗ് ഒരളവോളം യൂറോപ്പ്യൻ നവോത്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്”എന്ന പരാമർശത്തിലൂടെ കടന്നു പോയപ്പോൾ “പ്ലേഗിന് ശേഷമാണ് യൂറോപ്പിൽ നവോത്ഥാനം ഉണ്ടായതെന്ന്” ഞാൻ എന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ ആ സമയം തന്നെ കുറിച്ചു. കേരള പരിസരത്തോട് നിലവിലുണ്ടായിരുന്ന സാഹചര്യമനുസരിച്ച് ഒത്തുപോകാത്തതാണ് ആ വാചകം എന്നും പറഞ്ഞ് പലരും നിഷേധാത്മക രൂപത്തിൽ പ്രതികരിച്ചു. പ്രതീക്ഷക്ക് വകനൽകുന്നതാണ് അതെന്ന് പറഞ്ഞ് മറ്റു പലരും പ്രശംസിക്കുകയും ചെയ്തു. എന്നാൽ, ആ സ്റ്റാറ്റസിനോട് ഈ രണ്ട് അഭിപ്രായവും അത്ര കാര്യമാക്കിയെടുക്കാൻ തോന്നിയില്ലെങ്കിലും, എനിക്ക് തന്നെ ഇതിനോട് (സ്റ്റാറ്റസ്) ഒരു വിയോജിപ്പ് തോന്നിയത് നോവൽ കുറച്ചുകൂടി പുരോഗമിച്ചപ്പോഴാണ്. അതായത്, ഒരു ട്രാൻസ് ഹ്യൂമനിസ്റ്റിന്റെതാണ് ഈ വാദം എന്നും എങ്ങനെയാണ് പ്ലേഗിന്റെ സ്വാധീനത്തിന്റെ കിടപ്പ് എന്നും മനസ്സിലായപ്പോൾ (ഇതിന്റെ വിശദാംശങ്ങളിലേക്കു കുറച്ച് കഴിഞ്ഞ് വരാം). ലോകത്തെ ഭീതിയിലാഴ്ത്തി പടർന്നുകൊണ്ടിരിക്കുന്ന കൊറോണ എന്ന പകർച്ച വ്യാധിയുടെ ഈ സാഹചര്യത്തിൽ ഈ നോവലിനെ ഒന്നുകൂടി വായിക്കാൻ ശ്രമിക്കുകയാണ് ഈ കുറിപ്പ്. പ്രത്യേകിച്ച് കോവിഡ്-19 യൂറോപ്പിൽ അതിവേഗം പടർന്നുപിടിക്കുന്നു എന്ന സാഹചര്യവും ഒരു കാരണമാണ്.

പ്രമുഖ മലയാളം മാഗസിനായ പച്ചക്കുതിരയിൽ 2018 ഡിസംബർ ലക്കത്തിൽ അരുൺ വി സി “അറിവിന്റെ അധികാര രാഷ്ട്രീയം” എന്ന പേരിൽ ഒരു ലേഖനം എഴുതിയിരുന്നു. മതപുരോഹിതന്മാർ അവിശ്വാസികളെ നേരിടുന്നത് പോലെ (അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ) തന്നെയാണ് ശാസ്ത്രാധികാരികൾ, തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്ക് നിരക്കാത്ത ആശയങ്ങളെ നേരിടുന്നത് എന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. അതിന് രണ്ട് കാരണങ്ങളും അദ്ദേഹം തന്നെ പറയുന്നുണ്ട്. ആദ്യത്തേത് ഡോ: റൂപ്പർട്ട്‌ ഷെൽഡറാക്കിന്റെ A New Science Of Life എന്ന പുസ്തകത്തെ ജോൺ മഡോക്സ് അത് ശാസ്ത്ര മതനിന്ദ (scientific heresy)യാണ് എന്ന് വിമർശിച്ചതാണ്. രണ്ടാമത്തേത് കാലിഫോർണിയ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ: പീറ്റർ ഡ്യുസ്ബർഗ്ഗിൻ HIV അല്ല എയ്ഡ്സിനു കാരണമെന്നു പറഞ്ഞ് പരമ്പരാഗത ശാസ്ത്ര വിശ്വാസത്തെ എതിർത്തതിനെ തുടർന്ന്,  ഗവേഷണ ഫണ്ട് നിഷേധമടക്കമുള്ള വെല്ലുവിളികളും, ആക്രമണങ്ങളും നേരിട്ട അനുഭവവും ആണ്. ശേഷം, മിക്കവാറും എല്ലാ (മെഡിക്കൽ) ജേണലുകളും അഭിമുഖീകരിക്കുന്ന ഒരു ധാർമ്മിക പ്രശ്നം ഈ ജേണലുകൾ മരുന്ന് കമ്പനികളുമായി അടുത്തബന്ധം പുലർത്തുന്നു എന്നതാണ് എന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ (BMJ)മുൻ പത്രാധിപർ റിച്ചാർഡ് സ്മിത്തിന്റെ (Richard smith) വാചകത്തെ കൂടി എടുത്തുദ്ധരിക്കുന്നുണ്ട് അദ്ദേഹം.

ആരോഗ്യ രംഗത്തു പ്രത്യേകിച്ച് മെഡിസിൻ മേഖലയിൽ ലോക ജനത ഇന്ന് അഭിമുഖീരിക്കുന്ന ഏറ്റവും വലിയ വിപത്ത് രോഗത്തേക്കാളേറെ ഇത്തരം മരുന്ന് മാഫിയകളുടെ കൊള്ളലാഭ താത്പര്യമനുസരിച്ചുള്ള മരുന്ന് വിതരണമായിരിക്കുമെന്നു ഈ ലേഖനത്തിൽ നിന്ന് എളുപ്പം മനസ്സിലാക്കാവുന്നതാണ്. വായിച്ചാൽ ആർക്കും മനസ്സിലാകുന്നതാണ്. അരുൺ വി സിയുടേത് ഒരു പഠനമോ, നിരീക്ഷണമോ ആണെങ്കിൽ, ഈയടുത്തു ഉസ്മാൻ സിദ്ദീഖി എന്നയാൾ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ നേരിട്ട് അനുഭവിക്കേണ്ടി വന്ന (മെഡിസിൻ രംഗത്തു) ഒരു അനുഭവത്തെ കുറിച്ചു എഴുതിയിരുന്നു. നേരിട്ട് പരിചയമുള്ള വ്യക്തിത്വം ആയതിനാൽ അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാനും ഞാൻ ശ്രമിച്ചിരുന്നു. ലോകത്ത് മുഴുവൻ ഇത്തരത്തിൽ കൊള്ളലാഭ അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കുന്നതിൽ ആർക്കാണ് ഉത്തരവാദിത്തം ഉള്ളത് എന്നത് ഇവിടെ സ്വാഭാവിക ചോദ്യമാണെങ്കിലും, ഇൻഫെർണോ വായിച്ച തരിപ്പിൽ നിൽക്കുന്ന എന്റെ മനസ്സിലേക്ക്, ഇത് ലോക ജനസംഖ്യയുടെ സ്റ്റബിലിറ്റിയിലും അതിന്റെ ഏറ്റക്കുറച്ചിലുകളിലെ ഗൗരവത്തിലും വല്ല ബന്ധവും നിലനിർത്തുന്നുണ്ടോ എന്ന ഒരു യാദൃശ്ചിക ചോദ്യവും കടന്നു വന്നു. ലോകാരോഗ്യ സംഘടന ഈ സംരംഭങ്ങൾക്ക് മൗനമായി വല്ല പിന്തുണയും നൽകുന്നുണ്ടോ, അതോ, എല്ലാ രാഷ്ട്രങ്ങളും ഇതിനെ കണ്ടില്ലെന്ന് നടിക്കുകയാണോ ചെയ്യുന്നത്… തുടങ്ങിയ യാദൃശ്ചിക ചിന്തകൾ കൂടി കടന്നുവന്നു.

മാൽത്യൂസിയൻ തിയറി ഓഫ് പോപുലേഷൻ

ഔപചാരിക (formal)സാമൂഹിക (social)ജനസംഖ്യാശാസ്ത്രങ്ങളെ കുറിച്ച് ധാരാളം വ്യത്യസ്തവും, വിമുഖവുമായ സിദ്ധാന്തങ്ങൾ പണ്ഡിതന്മാർ അവതരിപ്പിക്കുകയും, ചർച്ച ചെയ്യുകയും ചെയ്തിട്ടുമുണ്ട്. മാൽത്യൂസ്, മാർക്സ്, കിംഗ്സ്ലി ഡെവിസ് തുടങ്ങിയവരെല്ലാം അവരിൽ പ്രധാനികളാണ്. ജനസംഖ്യാ ശാസ്ത്രത്തെ കുറിച്ചുള്ള പ്രസിദ്ധമായ സിദ്ധാന്തങ്ങളിൽ ഒന്ന് റോബർട് തോമസ് മാൽത്യുസിന്റെതാണ് (Robert Thomas Malthus 1766-1834). ഇംഗ്ലണ്ടിലെ അറിയപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന മാൽത്യൂസ് 1798-ൽ പ്രസിദ്ധീകരിച്ച ജനസംഖ്യയെ കുറിച്ചുള്ള പ്രബന്ധം (An Essay on the Principle of Population) എന്ന കൃതിയിലാണ് തന്റെ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. മനുഷ്യന്റെ ഉപജീവന മാർഗങ്ങളുടെ വളർച്ചാ നിരക്കിനേക്കാൾ ഉയർന്ന തോതിലാണ് ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു. ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി ഭക്ഷ്യോൽപാദനം വർധിക്കുന്നില്ലെന്നുo അദ്ദേഹം എഴുതി. ഇതിന്റെ പ്രത്യാഘാതം മനുഷ്യവർഗം എന്നും ദാരിദ്രത്തിൽ കഴിയേണ്ടി വരുന്ന ദുരന്തമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്തവ്യം.

ജനസംഖ്യ വർധിക്കുന്നത് ജ്യോമെട്രിക്കൽ പ്രോഗ്രഷൻ (ജ്യാമിതീയ ശ്രേണി) വഴിയാണെന്ന്, അഥവാ 2, 4, 8, 16, 32… എന്ന ക്രമത്തിലാണെന്ന് അദ്ദേഹം തന്റെ സിദ്ധാന്തത്തിൽ രേഖപ്പെടുത്തി. (ഒരു കടലാസ് കഷ്ണം രണ്ടായി കീറി, ഒന്ന് മറ്റേതിന്റെ മുകളിൽ വെക്കുക. ഈ പ്രവർത്തനം 50 തവണ ആവർത്തിച്ചാൽ ഏകദേശം സൂര്യന്റെ അടുക്കൽ വരെ എത്തും എന്ന ലേബലിൽ ഈ ജ്യാമിതീയ പ്രോഗ്രഷനെ നോവലിൽ പരിചയപ്പെടുത്തുന്നുണ്ട്) എന്നാൽ ഭക്ഷ്യോത്പാദന വർധനവ് അരിത്മെറ്റിക്‌ പ്രോഗ്രഷൻ (സമാന്തര ശ്രേണി)വഴിയാണെന്നും, അഥവാ 2, 4, 6, 8, 10… എന്ന ക്രമത്തിലാണെന്നും റോബർട്ട്‌ വാദിച്ചു. ഇതിന്റെ ബാക്കിയെന്നോണമാണ് മനുഷ്യൻ വിഭവ ക്ഷാമത്തിലേക്കും, അതുവഴി വൻ നാശത്തിലേക്കും ചെന്നെത്തുന്നത്. (ഓടിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിന്റെ പെട്രോൾ തീരുന്നത് പോലെയാകില്ല, ആ വാഹനം അപ്രതീക്ഷിതമായി ഒരു അഗാധ ഗർത്തത്തിലേക്ക് പതിക്കുന്ന  അനുഭവം എന്ന് റോബെർട്ടിന്റെ ഈ ആശയത്തെ നോവലിൽ പരിചയപ്പെടുത്തുന്നു). ജനസംഖ്യയുടെ പ്രശ്നങ്ങളെ മാത്രമല്ല മാൽത്യൂസ് തുറന്ന് കാട്ടിയത്, അതിന് അദ്ദേഹത്തിന്റെ തന്നെ പരിഹാരമാർഗങ്ങളും തന്റെ സിദ്ധാന്തത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യ നിയന്ത്രിക്കുക മാത്രമാണ് ഈ വൻ ദുരന്തത്തിൽ നിന്നും രക്ഷ നേടാനും മാനവ കുലത്തിന് പുരോഗതി കൈവരിക്കാനുമുള്ള മാർഗമെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. രണ്ട് രീതികളിലൂടെയാണ് നിയന്ത്രണം സാധ്യമാവുക എന്നാണ് മാൽത്യൂസ് പറയുന്നത്. ഒന്നാമത്തേത് നിവാരണ നിയന്ത്രണം (preventive check), രണ്ടാമത്തേത് സ്വാഭാവിക നിയന്ത്രണം (positive check). ആദ്യത്തേത് വിവാഹം വൈകിപ്പിക്കൽ, ബ്രഹ്മചര്യം തുടങ്ങിയവയിലൂടെ വ്യക്തി സ്വയം തിരഞ്ഞെടുക്കേണ്ട മാർഗങ്ങളാണെങ്കിൽ, സ്വാഭാവിക നിയന്ത്രണത്തിൽ അമിത ജനസംഖ്യയുടെ ഭാരം പ്രകൃതിക്ക് താങ്ങാൻ കഴിയാതെയാകുമ്പോൾ പ്രകൃതി തന്നെ സ്വയം തിരഞ്ഞെടുക്കുന്ന ശുദ്ധീകരണ മുറകളാണ്. ക്ഷാമം, മാറാവ്യാധി, പ്ലേഗ്, യുദ്ധം തുടങ്ങിയവ ഉദാഹരണം. മാൽത്യൂസിന്റെ കാലഘട്ടത്തിൽ ഈ വാദത്തിന് നല്ല ഖ്യാതി ഉണ്ടായിരുന്നെങ്കിലും പിന്നീട് സാമൂഹ്യ ശാസ്ത്രജ്ഞന്മാരും, മാർകിസ്റ്റ് ദാർശനികരും മാൽത്യൂസിന്റെ വാദത്തെ വെല്ലുവിളിക്കുകയും, യൂറോപ്പിൽ തന്നെ പുതിയൊരു സാമൂഹിക പരിസരം സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ജനസംഖ്യാശാസ്ത്രത്തിന്റെ ഫിലോസഫി

ആദ്യകാല ചിന്തകന്മാർ ജനസംഖ്യ ശാസ്ത്രത്തെ എങ്ങനെ സമീപിച്ചു എന്ന ചിന്ത ആവശ്യമായി വരുന്നത് ആധുനിക ജനസംഖ്യാ സിദ്ധാന്തങ്ങളെല്ലാം സൂക്ഷ്മ ദർശനത്തിൽ പുരാണ ചിന്തകളുടെ ബാക്കിയോ അല്ലെങ്കിൽ, അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നവയോ ആണ് എന്നത് കൊണ്ടാണ്. (കൺഫ്യൂഷ്യസിന്റെയും, പ്ലേറ്റോയുടെയും വഴി പിന്തുടർന്ന് സിദ്ധാന്തം രൂപീകരിക്കുകയായിരുന്നു മാൽത്യൂസ്. ഇബ്നു ഖൽദൂന്റെ പോപുലേഷൻ ബെനിഫിറ്റ് എന്ന ചിന്തയുടെ സ്വാധീനം മാർക്‌സിലും ദർശിക്കാവുന്നതാണ്) പരമാവധി ജനസംഖ്യ എത്രത്തോളമായിരിക്കണം, അത് ഒരു പ്രത്യേക പ്രദേശത്ത് എത്രമാത്രം വലുതായിരിക്കണം, ജനസംഖ്യാ വളർച്ചയുടെ കാരണങ്ങൾ എന്തെല്ലാമാണ്, ജനസംഖ്യയുടെ അനന്തര ഫലങ്ങൾ എന്തെല്ലാമായിരിക്കും(അവസാനത്തെ രണ്ട് ചോദ്യങ്ങളും ജനസംഖ്യയെ എതിർക്കുന്നവരുടേതാണ്) തുടങ്ങിയ ചോദ്യങ്ങളിലൂടെ ആദ്യകാല ചിന്തകന്മാർ കടന്ന് പോയിട്ടുണ്ട്. BC-5ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷ്യസ് പ്രകൃതിയും, ജനസംഖ്യയും തമ്മിൽ ഒരു ആനുപാതിക കണക്ക് വേണമെന്ന പക്ഷക്കാരനായിരുന്നു. വിഭവങ്ങളുടെയും, ജനസംഖ്യയുടെയും ബന്ധത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഉയർന്ന ജനസംഖ്യയുള്ളിടത്തു നിന്ന് ജനസംഖ്യ താഴ്ന്നിടത്തേക്കു ജനങ്ങൾ നീങ്ങുന്നുണ്ടെന്നു അദ്ദേഹം സമൂഹത്തിൽ നിരീക്ഷിച്ചു. ഗ്രീക്കിലെ ആദ്യകാല ചിന്തകന്മാരെല്ലാം ജനസംഖ്യാ നിയന്ത്രണത്തിനെതിരെയായിരുന്നെങ്കിലും പ്ലേറ്റോയും, പിൻഗാമിയായ അരിസ്റ്റോട്ടിലും നിയന്ത്രണ വാദികളിൽ പെട്ടവരായിരുന്നു. ജനസംഖ്യാ വർദ്ധനവ് ജനാധിപത്ത്യത്തിന്റെ അടിത്തറ തോണ്ടുന്ന അജ്ഞാതത്വം (anonymity) സൃഷ്ടിക്കുമെന്ന് അദ്ദഹം വാദിച്ചു. പ്ലേറ്റോയുടെ ചിന്തയുടെ തുടർച്ചയാണ് അരിസ്റ്റോട്ടിലിൽ കാണാൻ സാധിക്കുന്നത്. “അനുവദിച്ച എണ്ണത്തിൽ കൂടുതൽ കുട്ടിയെ ഗർഭം ധരിച്ച സ്ത്രീകൾ അത് അലസിപ്പിക്കണം” എന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഗ്രീക്കിലെയും, കൺഫ്യൂഷ്യസിന്റെയും ചിന്തകൾ ചൈനയുടെ ‘ഒറ്റ കുട്ടി’ നയത്തിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്. മാർക്‌സും ഇബ്നു ഖൽദൂനും ജനന നിയന്ത്രണത്തെ എതിർക്കുകയും വിവിധ തലങ്ങളിലൂടെ അതിന്റെ ഉപകാരങ്ങളെ കാണാൻ ശ്രമിക്കുകയും ചെയ്ത ചിന്തകന്മാരാണ്. രണ്ട് പേരുടെയും ചിന്താ ധാരകൾ വ്യത്യസ്തമായിരുന്നു. മാർക്സിനെ സംബന്ധിച്ചിടത്തോളം ജനസംഖ്യ ഒരു പ്രശ്നമേ ആയിരുന്നില്ല. അതു കാപിറ്റലിസ്റ്റുകൾ നിർമ്മിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കമ്മ്യുണിസ്റ്റ് ഭരണത്തിന് കീഴിൽ ജനസംഖ്യയുടെ ദുരന്തങ്ങളോ, ദുരിതങ്ങളോ ഉണ്ടാകില്ല എന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ അറബ്‌ ചിന്തകനും, ചരിത്രകാരനുമായിരുന്ന ഇബ്നു ഖൽദൂൻ പോപുലേഷൻ ബെനിഫിറ്റിനെക്കുറിച്ച് വേറിട്ടൊരു നിരീക്ഷണം നടത്തിയ ചിന്തകനാണ്. അമിതജനസംഖ്യ വൈദഗ്ധ്യം ആവശ്യമുള്ള ജോലിയിലേക്കും, അത് പിന്നീട് വലിയ വരുമാന മാർഗങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇത്രയും എഴുതിയത് ജനസംഖ്യ ശാസ്ത്രത്തിന്റെ ചരിത്രത്തെ മനസ്സിലാക്കാനാണ്. ഡാൻ ബ്രൗണിന്റെ നോവലിനെ കുറിച്ച് പ്രതിപാദിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ചരിത്രം. പ്രശസ്ത ചിന്തകനും, ഫിലോസഫറുമായ ദാന്തെ അലിഗേറിയുടെ മാസ്റ്റർപീസ് രചനയായ Divine Comedy യിൽ ഏകദേശം നൂറ് കാന്റോകളാണ് ഉള്ളത്. ഇതിനെ മൂന്ന് ഭാഗങ്ങളായി തിരിച്ചതിൽ ഒന്നാണ് ഇൻഫെർണോ. എന്നാൽ നോവലിൽ ബർട്ടൻഡ്‌ സൊബ്രിസ്റ്റോ സൃഷ്ടിക്കുന്ന വയറസിനും ഇൻഫെർണോ എന്നാണ് പേര് നൽകിയിട്ടുള്ളത്. ഭൂമിയിൽ വർദ്ധിച്ചു വരുന്ന ജനസംഖ്യയിൽ ആശങ്ക അനുഭവപ്പെടുന്ന കഥാപാത്രമായ ബർട്ടൻഡ്‌ WHO (world health organization) യുടെ അധ്യക്ഷയുമായി പല കണക്കുകളും നിരത്തി ജനസംഖ്യയുടെ ദുരന്തത്തെ തുറന്ന് കാട്ടിയെങ്കിലും, ജനസംഖ്യയുടെ തോത് കുറയ്ക്കാൻ ആഫ്രിക്കയിലേക്ക് ഗർഭ നിരോധന ഉറകളുമായി ആരോഗ്യ സംഘടന സമീപിച്ചിട്ടുണ്ടെന്നു അധ്യക്ഷ മറുപടി പറയുന്നു. അതുകൊണ്ട് പ്രയോജനമില്ലെന്നും നിങ്ങളവിടെ ഇറങ്ങുന്നതിന്റെ ഒപ്പമായി, ഗർഭനിരോധനം നടത്തിയാൽ നരകത്തിൽ പോകുമെന്ന് ജനങ്ങളെ ഓർമ്മപ്പെടുത്താൻ അവിടെ കാത്തോലിക് മിഷനറിമാരും എത്തിയിരുന്നു എന്നാണ് ബർട്ടൻഡ്‌ തിരിച്ചടിക്കുന്നത്. ഒടുവിൽ തർക്കത്തിൽ ആ സംഭാഷണം അവസാനിക്കുകയും വരും തലമുറയെ രക്ഷിക്കാൻ ഞാൻ ലോകത്തേക്ക് ഒരു വയറസിനെ കടത്തിവിടുമെന്നു പറഞ്ഞ് ബർട്ടൻഡ്‌ താക്കീത് നൽകുകയും ചെയ്യുന്ന സാഹചര്യത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. തർക്കത്തിനിടയിൽ അധ്യക്ഷയോട് അദ്ദേഹത്തിന്റെ ഒരു ചോദ്യമുണ്ട്. “ഒരു സ്വിച്ചിട്ടാൽ ലോകത്തിലെ പകുതി ജനസംഖ്യ നശിക്കുമെന്ന് നിങ്ങളോട് പറഞ്ഞാൽ അതു ചെയ്യുമോ? നിങ്ങളിത് ചെയ്തില്ലെങ്കിൽ വരുന്ന നുറ് വർഷങ്ങൾക്കുള്ളിൽ മനുഷ്യ കുലം മുഴുവൻ കുറ്റിയറ്റു പോകുമെന്ന് പറഞ്ഞാലോ…?” ഇത്തരത്തിൽ ദാർശനികമായ ആശയക്കുഴപ്പങ്ങൾ സൃഷ്ട്ടിക്കുന്ന ഒരുപാട് ചോദ്യങ്ങൾ ബർട്ടൻഡ് സോബ്രിസ്റ്റ് എന്ന കഥാപാത്രത്തിനുണ്ട്.

റോബർട്ട് മാൽത്യൂസ്

മാൽത്യൂസിന്റെ തിയറിയിൽ അദ്ദേഹം മുന്നോട്ടു വെച്ച രണ്ട് നിയന്ത്രണ രീതികളിൽ ഒന്ന് സ്വാഭാവിക നിയന്ത്രണ (positive check) രീതിയാണല്ലോ, അഥവാ, പ്രകൃതി സ്വയം ശുദ്ധീകരണം നടത്തുന്ന മുറ. ഇത്തരത്തിലൊരു ശുദ്ധീകരണമാണ് യൂറോപ്പിൽ നവോത്ഥാനത്തിന് പ്ലേഗ് സഹായകമായി എന്ന് പറയുന്നതിലൂടെ ധ്വനിക്കുന്നത്. (ഈ മനസ്സിലാക്കലാണ് കേരള സാഹചര്യത്തിൽ എന്റെ സ്റ്റാറ്റസിനെ കുറിച്ച് എനിക്ക് ആശങ്കയുണ്ടാകാൻ കാരണം). ജനസംഖ്യയെ നിയന്ത്രിക്കാൻ ക്ഷാമവും,  വെള്ളപ്പൊക്കവും സാധാരണയാണ്. ഇത്തവണ പ്രകൃതി പരിണാമ പ്രക്രിയയിലൂടെ ഒരു ശാസ്തജ്ഞനെ സൃഷ്ടിക്കുകയും ജനപ്പെരുപ്പം കുറക്കാൻ അയാൾക്കൊപ്പം ഒരു വഴി സൃഷ്ടിച്ചതും ആയിക്കൂടെ എന്ന് നോവലിൽ മറ്റൊരു ട്രാൻസ് ഹ്യൂമനിസ്റ്റ് (സോബ്രിസ്റ്റിന്റെ തത്ത്വചിന്തയിൽ ആകൃഷ്ടയായ സ്ത്രീ ഒരു കഥാപാത്രം) ചോദിക്കുന്നുണ്ട്. നൈതികമായ നിയോഗമായി അദ്ദേഹത്തിന്റെ ജീവനെ കാണാനാണ് സ്ത്രീ കഥാപാത്രം ശ്രമിക്കുന്നത്. സോബ്രിസ്റ്റ് നിർമ്മിച്ച വയറസ് പ്ലേഗാണെന്ന് നോവലിന്റെ അന്ത്യം വരെ വിശ്വസിപ്പിക്കാൻ (വിശ്വസിക്കാൻ) ശ്രമിക്കുമെങ്കിലും, അവസാനം അത് ഒരു വന്ധ്യതയുടെ വയറസാണെന്ന് അറിയുന്നത് അതിനേക്കാൾ ഭീകരമായി മാറുന്നുമുണ്ട്. നോവലിന്റെ അവസാനം വയറസിന്റെ വിപുലീകരണം മാത്രമാക്കി അതിന്റെ ന്യായീകരണങ്ങൾ കൊണ്ടുവരുന്നതിലൂടെ നോവലിന്റെ മാൽത്യൂസിയൻ രാഷ്ട്രീയം വ്യക്തമായും പ്രകടമാക്കുന്നുമുണ്ട്. മാൽത്യൂസിയൻ രാഷ്ട്രീയം എന്നതിൽ ചില സങ്കീർണ്ണതകളുണ്ട്. പോസിറ്റീവ് ചെക്ക് എന്ന് മാൽത്യൂസ് പരിചയപ്പെടുത്തിയത് പ്രകൃതിയുടെ നിയന്ത്രണമാണ്. പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പിന്റെ സ്ഥാനത്ത് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയാണ് നോവലിൽ ഡാൻ ബ്രൗൺ ചെയ്തത്. ഡാർവിന്റെ സിദ്ധാന്തത്തിലെ പ്രകൃതി നിർധാരണം എന്നത് പ്രകൃതിയുടെ പദവി മനുഷ്യൻ സ്വയം ഏറ്റെടുക്കലാണ്. യൂജെനിക്സ് പ്രസ്ഥാനം ചെയ്തത് പോലെ. അവർ മുന്നോട്ട് വെച്ച മാതൃകയനുസരിച്ച് ബുദ്ധിയും, ആരോഗ്യവും ഉള്ള ഒരു വിഭാഗം മാത്രം നിർധാരണം വഴി പരിണമിച്ചാൽ മതി, ബാക്കിയെല്ലാവരും ഉൻമൂലനം ചെയ്യപ്പെടണം. പക്ഷെ, യൂജെനിക്സ്

യാഥാർത്ഥ്യമാണ്. നോവലിൽ സിദ്ധാന്തത്തെ പ്രകൃതിയുടെ സ്ഥാനത്ത് മനുഷ്യനെ (പ്രകൃതി തന്നെ തിരഞ്ഞെടുത്തതാവാം എന്ന് പറയുന്നുണ്ട് നോവലിൽ) പ്രതിഷ്ഠിക്കുന്നത് സാങ്കൽപികമാണ്. അഥവാ, ഇത് വരെ സംഭവിക്കാത്തത്. മാൽത്യൂസിന്റെ സിദ്ധാന്തമനുസരിച്ച് നിയന്ത്രണം അത്യാവശ്യമാണുതാനും. ആ സിദ്ധാന്തത്തെ അനുകരിക്കുന്നവരും, വിശ്വസിക്കുന്നവരും ഉള്ളത് കൊണ്ട് തന്നെ പ്രകൃതിയിൽ നിന്നും നിയന്ത്രണം ഇല്ലാതിരിക്കുമ്പോൾ (സിദ്ധാന്തമായതു കൊണ്ട്)അവരുടെ ചിന്ത സഞ്ചരിക്കാവുന്ന വ്യക്തമായ ഒരു റൂട്ട് ഇവിടെ നിർമ്മിക്കപ്പെടുന്നു എന്ന് വേണം പറയാൻ. ഒരു ജീവി വർഗം എന്ന നിലയിൽ മനുഷ്യൻ മുയലുകളെ പോലെയാണെന്ന് നോവലിൽ പറയുന്നുണ്ട്. പസഫിക് ദ്വീപിലൊന്നിൽ മുയലുകളെ ‘പെറ്റുപെരുകാൻ’ (പസഫിക് എന്ന് ഉപയോഗിച്ചത് എന്തുകൊണ്ട് എന്നത് ഒരു വിമർശനമാകാം…!) അയച്ചാൽ, അവർ അവയുടെ പരിസ്ഥിതിയെ തന്നെ തകർത്തു കൊണ്ട് സ്വയം നശിച്ചടയും എന്നാണ് കാരണം പറയുന്നത്. മനുഷ്യന്റെ പ്രത്യുല്പാദന പ്രത്യേകതയെ അപഗ്രഥനം ചെയ്ത ഒരു രീതിയാണിത്. സോബ്രിസ്റ്റും യൂജെനിക്സ് പ്രസ്ഥാനത്തെ പോലെ മനുഷ്യൻ ഒരു പരിണാമത്തിന് വിധേയമാകും എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷെ, ആ പരിണാമ ദശക്കു മുമ്പേ മനുഷ്യകുലം നശിച്ചു പോകും എന്നാണ് അദ്ദേഹത്തിന്റെ തത്ത്വചിന്ത.

നോവലിലെ നേരത്തെ പരാമർശിച്ച സ്ത്രീ കഥാപാത്രം മാത്രമാണ് വാചികമായി സോബ്രിസ്റ്റിന്റെ തത്ത്വചിന്തയെ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നത് (മാനസിക സംഘർഷം അനുഭവിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നും സോബ്രിസ്റ്റിന്റെ കാമുകിയായി മാറുകയാണ് ആ കഥാപാത്രം) നൈതികമായ ഒരു നിയോഗമായി ഇതിനെ കണക്കാക്കാൻ ശ്രമിക്കുന്നുമുണ്ട് ആ കഥാപാത്രം. അപ്പോഴും, സോബ്രിസ്റ്റ് സൃഷ്ട്ടിച്ച വയറസിന്റെ പ്രത്യേകതയും, അതെങ്ങനെ നിർമ്മിക്കുമെന്നതും ലോകത്തെ ഒരു കാരണവശാലും (ലോകാരോഗ്യ സംഘടനയെ പോലും..?) അറിയിക്കാൻ ശ്രമിക്കുന്നില്ല. ആ കഥാപാത്രം അതിന് കാരണം പറയുന്നത് ആറ്റംബോംബടക്കമുള്ള സർവ്വ രാസായുധങ്ങളും ഇത് പോലെ ഒരു സമൂഹത്തിന്റെ നിഷ്കാസനത്തിനു വേണ്ടി ഉപയോഗിക്കുന്ന ഗവൺമെന്റിൽ വിശ്വാസം ഇല്ല എന്നതാണ്. നേരത്തെ ഞാൻ സൂചിപ്പിച്ച മരുന്ന് കമ്പനികൾക്ക് മൗനം നൽകുന്നുണ്ടോ രാജ്യങ്ങൾ എന്നത് ഇവിടെയാണ് നിഴലിക്കുന്നത്. യൂറോപ്പിൽ പല രാജ്യങ്ങളിലും ജനസംഖ്യാ നിയന്ത്രണങ്ങൾ ആവിഷ്കരിച്ചു നില നിൽക്കാതെ പോയവയാണ്. സോബ്രിസ്റ്റിന്റെ വയറസ്, പ്ലേഗിനെ പോലെ ഒരു ഘട്ടത്തിൽ മാത്രം ശുദ്ധീകരണം നടത്തുന്നതല്ല. എപ്പോഴും ജനസംഖ്യയിൽ ഒരു സന്തുലിതാവസ്ഥ അത് നിലനിർത്തും എന്ന് നോവലിൽ വിശദീകരിക്കുന്നു.

ബർട്രാൻഡ് സോബ്രിസ്റ്റിനെ മാൽത്യൂസിന്റെ പോസിറ്റീവ് ചെക്കുകളുടെ അപരനായി അവതരിപ്പിക്കേണ്ടി വരുന്നത് എപ്പോഴാണ്? പ്രകൃതിയുടെ നിയന്ത്രണങ്ങൾ ഒരു പക്ഷെ മായുമ്പോഴോ, ഇല്ലാതാകുന്ന പ്രവണത സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ആവശ്യമായി വരുമ്പോഴോ ആയിരിക്കണം പ്രകൃതിക്കു പകരം മനുഷ്യനെ പുനഃസൃഷ്ടിക്കേണ്ടി വരുന്നത്. ഈ സൃഷ്ട്ടി, പ്രഥമ ദൃഷ്ടിയിൽ മാൽത്യൂസിയൻ തിയറിക്കു വിരുദ്ധമാണെങ്കിലും മാൽത്യൂസിയൻ ദുരന്തം എന്ന തിരിച്ചറിവിൽ രൂപപ്പെട്ട വിചിത്ര സങ്കല്പം നഷ്ടപ്പെടുന്നത് വലിയ സംഘർഷമായി മാറുന്നുണ്ട്. യൂജെനിക്സ് പ്രസ്ഥാനത്തോട് ഈ തിരെഞ്ഞെടുപ്പ് കൂടുതൽ യോജിക്കുന്നത് കാണാം. ഫ്രാൻസിസ് ഗാൾട്ടൻ, ഡാർവിന്റെ പ്രകൃതി നിർധാരണം മനുഷ്യ തിരഞ്ഞെടുപ്പായി പുനർ നിർമിച്ചപ്പോൾ ലോകം സാക്ഷിയായത് വലിയ ദുരന്തത്തിനാണ് എന്ന് ചരിത്രം. ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, തിയറികൾ നൽകാത്ത ഫലങ്ങൾ മനുഷ്യ നിർമ്മിതിയിലേക്കു കുടിയേറ്റുമ്പോൾ ശാസ്ത്രത്തിൽ തന്നെ വലിയ വഞ്ചന രൂപപ്പെടുന്നു എന്നതാണ്. സാഹിത്യം സാമൂഹിക ഭാവങ്ങളെ നിർണയിക്കുന്നുണ്ട് എന്നത് ഉറപ്പുള്ളതാണ്. നോവലിലാണെങ്കിലും സിനിമകളെ പോലെ കഥാപാത്രങ്ങളുടെ പദവിയും (Role) ജനതയെ സ്വാധീനിക്കും. പലപ്പോഴും ബിംബങ്ങൾ മാത്രമായി വായനകൾ അവസാനിക്കുന്നതും ദർശിക്കാവുന്നതാണ്. യൂജെനിക്സുകൾ അവശേഷിക്കുന്നത് പോലെ നോവലിൽ കഥാപാത്രങ്ങൾ (മുമ്പ് സൂചിപ്പിച്ച സാദൃശ്യതയുടെ അടിസ്ഥാനത്തിൽ) ബാക്കിയാകുന്നത് ചില പേടികൾ സമൂഹത്തിൽ നിർമ്മിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് ഇതിന്റെയെല്ലാം വക്താക്കൾ ജീവിച്ചിരിക്കുമ്പോൾ അനുകരണം ഉറപ്പാണ്. സാഹിത്യവും അതിവായനയും സംസാരിക്കുന്ന എഴുത്തുകാരന്റെ ശൈലി ഇവിടെ കാണാൻ സാധിക്കില്ല. കാരണം സോബ്രിസ്റ്റ് എന്ന കഥാപാത്രം ഒരിക്കലും ജീവിച്ചിരിക്കുന്നതല്ല, മറിച്ച് സാങ്കൽപികമാണ്. പക്ഷെ ആ കഥാപാത്രം നോവലിൽ വഹിക്കുന്ന പദവി സങ്കീർണ്ണതകളുള്ളതാണ്. അത് യൂജെനിക്സ് പോലെയുള്ള പ്രസ്ഥാനത്തിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് മാൽത്യൂസിയൻ വക്താക്കളുടെ സിദ്ധാന്തത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം കുറയ്ക്കും.

ഈ സാഹചര്യത്തിൽ ലോകത്ത് വയറസുകൾ (ഉദാഹരണം) ഉണ്ടാകുന്നതും വലിയദുരന്തങ്ങൾക്ക് കരണമാകുന്നതും പ്രത്യേകമായ എന്തോ കാരണങ്ങൾ കൊണ്ടാണെന്ന് ആരും വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് ജനസംഖ്യയുടെ ചെറിയൊരു ഭാഗത്തെ പോലും സ്പർശിക്കാൻ കഴിയാത്ത വിധത്തിൽ അവയെ നിയന്ത്രിക്കാൻ ഭരണകർത്താക്കൾ ശ്രദ്ധിക്കുമ്പോൾ പ്രകൃതിയുടെ അടിയായി (മാൽത്യൂസിയൻ തിയറി ഉദാഹരണം) നോവലിലെ കഥാപാത്ര കർതൃത്വം പോലെ കാണാൻ പോലും കഴിയില്ല. എന്നാൽ എന്തിനും ഏതിനും തയ്യാറായി ജീവിക്കുന്ന ജനവിഭാഗത്തിനിടയിലേക്ക് ഇത്തരം സാഹിത്യ രചനകൾ എത്തുമ്പോൾ സംഭവിക്കാവുന്ന മാനസിക സംഘർഷങ്ങളെ അവഗണിക്കാൻ കഴിയില്ല. എഴുത്തുകാരന്റെ ഭാവനകളും ആലോചനകളും ഈ രൂപത്തിൽ സഞ്ചരിച്ചില്ലെങ്കിൽ പോലും.

വാസിൽ മുജീബ്