Campus Alive

പുതിയ കാമ്പസ്: രാഷ്ട്രീയം, വിജ്ഞാനം, പ്രതിരോധം

 

രണ്ടാം മണ്ഡൽ വിദ്യാഭ്യാസ സംവരണം രാജ്യത്തെ കാമ്പസുകളിൽ സവിശേഷമായ രാഷ്ട്രീയ – വൈജ്ഞാനിക വ്യവഹാരത്തെയും ശക്തമായ വിദ്യാർത്ഥി പ്രതിപക്ഷത്തെയും രൂപപ്പെടുത്തിയിട്ടുണ്ട്. 2006 ൽ എസ് സി – എസ് ടി – ഒബിസി സംവരണം 49 ശതമാനമാവുകയും അതോടെ കാമ്പസുകളിലെ ജനസംഖ്യയുടെ പകുതിയോളം ഇന്ത്യയിലെ പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാവുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. സാമൂഹികമായും രാഷ്ട്രീയമായും അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദങ്ങൾ കാമ്പസ് രാഷ്ട്രീയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റുന്നതിന് കാരണമായിട്ടുണ്ട്. കാശ്മീരിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും സ്റ്റേറ്റ് വയലൻസുകളും അധീശത്വ ഇന്ത്യൻ ദേശീയതയെ കുറിച്ചുള്ള വിമർശനങ്ങളും ഉദാഹരണം. സ്വത്വ രാഷ്ട്രീയത്തെ കാമ്പസുകളിലും മുഖ്യാധാരയിലും രൂപപ്പെടുത്തിയെടുത്തത് രണ്ടാം മണ്ഡലിന് ശേഷം കാമ്പസുകളിൽ രൂപപ്പെട്ട കീഴാള വിദ്യാർത്ഥി രാഷ്ട്രീയമാണ്. ഇത് ഒരു പുതിയ രാഷ്ട്രീയത്തെ നിർമിക്കുകയായിരുന്നു. ഈ മണ്ഡലാനന്തര നവ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുകയാണ് ഡോ കെ അഷ്റഫിന്റെ ‘പുതിയ കാമ്പസ് പുതിയ രാഷ്ട്രീയം’ എന്ന പുസ്തകം. പുസ്തകത്തിൽ പറയുന്നത് പോലെ “ജാതി, മതം, സമുദായം, ലിംഗം, വർഗം, ദേശം, ദേശീയത, ന്യൂനപക്ഷം, ആത്മീയത, ജനാധിപത്യം, മതേതരത്വം തുടങ്ങിയ പ്രശ്നങ്ങളെ പുനർവായനക്ക് വിധേയമാക്കിയാണ് ഈ പുതിയ രാഷ്ട്രീയ മുന്നേറ്റം സാധ്യമായത്. പരമ്പരാഗത ഇടത് – വലതു വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സാമൂഹിക സങ്കൽപങ്ങളെ പൊളിച്ചെഴുതിയാണ് ഇത് സാധ്യമാക്കിയത്”.

എന്നാൽ ഈ മറ്റങ്ങളെ ഉൾക്കൊള്ളാൻ ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷനോ (ഐസ-AISA) സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കോ (SFI) കഴിഞ്ഞില്ല. കേരളത്തിലെ കാമ്പസുകളിൽ അധീശത്വ വ്യവഹാരം നടത്തുന്ന എസ്എഫ്ഐ, പക്ഷേ സെൻട്രൽ യൂണിവേഴ്‌സിറ്റികളിൽ രാഷ്ട്രീയമായും ജ്ഞാനശാസ്ത്രപരമായും കീഴാള ശബ്ദങ്ങളെ മറച്ചുപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചുപോരുന്നത്. കീഴാള ശബ്ദങ്ങളെ ദേശവിരുദ്ധത, രാജ്യദ്രോഹം, മാവോയിസം, നക്സലൈറ്റ് തുടങ്ങിയ ആഖ്യാനങ്ങളിലേക്ക് ചേർക്കുന്ന എബിവിപിയും വർഗീയത, തീവ്രവാദം, ഭീകരവാദം, മതമൗലികവാദം, സ്വത്വവാദം തുടങ്ങിയ നിലയിൽ ചിത്രീകരിക്കുന്ന എസ്എഫ്ഐയും ഒരേ പാതയിലാണ്. മണ്ഡൽ കമ്മീഷന് ശേഷം കീഴാള രാഷ്ട്രീയം കാമ്പസുകളിൽ ശക്തമായെങ്കിലും വിവേചനങ്ങളും അവകാശ നിഷേധങ്ങളും തുടർന്നുകൊണ്ടിരുന്നു. കാമ്പസുകളിലും ഹോസ്റ്റലുകളിലും തുടർന്നുകൊണ്ടിരിക്കുന്ന കീഴാള വിദ്യാർത്ഥികളുടെ ആത്മത്യാഗങ്ങളും സ്ഥാപനവത്കൃത കൊലപാതകങ്ങളും സവർണ മാടമ്പിത്തരത്തെ പിന്താങ്ങുന്ന എസ്എഫ്ഐയുടെയും ഐസയുടേതടക്കമുള്ള മറ്റ് ഇടത് വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളുടെയും രാഷ്ട്രീയ ചിന്തകളിൽ  കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയില്ല. സ്വത്വ രാഷ്ട്രീയത്തിനെതിരെയുള്ള നിലപാട് തന്നെയാണ് അവരുടെ ചിന്താപരമായ മുരടിപ്പിന് കാരണമായത്. അതുകൊണ്ടാണ് ഇടതു വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ വ്യവസ്ഥയിലെ സാമ്പത്തികാവസ്ഥ മാത്രം പരിഗണിച്ച് ജാതി-മത-ലിംഗ-ദേശ രാഷ്ട്രീയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചത്.

നാല് വർഷം മുമ്പ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ്’ എന്ന പേരിൽ രൂപീകരിക്കപ്പെട്ട വിദ്യാർത്ഥി സംഘടനകളുടെ സഖ്യത്തിൽ ദലിത്-മുസ്‌ലിം-ആദിവാസി-കീഴാള വിദ്യാർത്ഥി സംഘടനകളും എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടകനകളും ഉണ്ടായിരുന്നു. ഫല പ്രഖ്യാപന ശേഷം യൂണിയൻ ഭരണം പിടിച്ചെടുത്ത സഖ്യത്തിന്റെ ഭാഗമായ എച്ച്സിയുവിലെ മലയാളി എസ്എഫ്ഐ പ്രവർത്തകർ വിളിച്ച ഇസ്‍ലാമോഫോബിക്കായ മുദ്രാവാക്യം അവരുടെ രാഷ്‌ട്രീയ കാപട്യത്തെ തുറന്ന് കാണിക്കുന്ന ഒന്നായിരുന്നു. “മൗ മൗ മൗദൂദി, മൗദൂദിയുടെ മയ്യത്ത് എച്ച്സിയുവിൻ മുറ്റത്ത്”, “താഴ്ത്തിനിടാ മൂരികളെ പച്ചക്കൊടി താഴെ, വിളിക്കിനെടാ അന്തസോടെ ഇങ്ക്വിലാബ് സിന്ദാബാദ്” എന്നിങ്ങനെയായിരുന്നു ആ മുദ്രാവാക്യം. കാമ്പസുകളിൽ മുസ്‌ലിം രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്ന എസ്ഐഓവിനെയും എംഎസ്എഫിനെയും ഒറ്റപ്പെടുത്തുക എന്നതായിരുന്നു അവരുടെ ഇസ്‌ലാമോഫോബിക് മുദ്രാവാക്യങ്ങളിൽ നിന്ന് മനസിലാകുന്നത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അത്തരം ബഹുജൻ സഖ്യം ഉണ്ടാകാതിരിക്കാൻ എസ്എഫ്ഐ ശ്രമിക്കുകയും എസ്ഐഓ, എംഎസ്എഫ് പോലെയുള്ള വിദ്യാർത്ഥി സംഘടനകൾ ഉണ്ടെങ്കിൽ മുൻ വർഷത്തെ പോലെ എസ്എഫ്ഐ സഹകരിക്കില്ല എന്നും ഒറ്റക്ക് മത്സരിക്കുമെന്നും പറഞ്ഞ് മറ്റു സംഘടനകൾക്കുമേൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി എസ്ഐഒവിന്റെ പിന്തുണയോടെ ഫ്രറ്റേണിറ്റി മൂവ്മെന്റും എംഎസ്എഫും ഒന്നിച്ചു മത്സരിക്കാൻ തീരുമാനിച്ചു. അതിനെ തുടർന്നാണ് “എസ്എഫ്ഐ തേരാ നാം ഇസ്‌ലാമോഫോബിയ, എബിവിപി തേരാ നാം ഇസ്‌ലാമോഫോബിയ” എന്ന മുദ്രാവാക്യം ഉണ്ടാക്കപ്പെടുന്നത്. ഈ മുദ്രാവാക്യം മറ്റ് സർവകലാശാലകളിലും പ്രയോഗിക്കപ്പെട്ടു. എച്ച്സിയു യൂണിയൻ ഇലക്ഷനിൽ എബിവിപി അധികാരത്തിൽ വരാൻ എസ്എഫ്ഐയുടെ മുസ്‌ലിം വിദ്യാർത്ഥി രാഷ്ട്രീയത്തെ മാറ്റിനിർത്തിയ ഇസ്‌ലാമോഫോബിക് നിലപാട് കാരണമാവുകയും ചെയ്തു.

സവർണ മേൽജാതി വ്യവസ്ഥയെ കൂട്ടുപിടിച്ചുള്ള സമീപനങ്ങളാണ് ഇടത് വിദ്യാർത്ഥി സംഘടനകളുടേത് എന്നതു കൊണ്ടാണ് രോഹിത് വെമുലയുടെയും ഫാത്തിമ ലത്തീഫിന്റെയുമടക്കമുള്ള ധാരാളം വിദ്യാർത്ഥികളുടെ ആത്മത്യാഗങ്ങളും നജീബ് അഹ്മദിന്റെ നിർബന്ധിത തിരോധാനവും അവർക്ക് ഒരു രാഷ്ട്രീയ പ്രശ്‌നമായി പോലും മാറാത്തത്. നജീബ്‌ അഹ്മദിനെ കാണാതാകുന്നതിന് മുമ്പായി ഹോസ്റ്റലിൽ എബിവിപി പ്രവർത്തകർ നജീബിനെ ആക്രമിച്ച കേസിൽ നജീബും കുറ്റക്കാരനാണ് എന്നാണ് യൂണിയൻ ഭരിക്കുന്ന ഇടത് സംഘടനകൾ ഒപ്പിട്ടു നൽകിയത്. പിന്നീട് എസ്ഐഓ അടക്കമുള്ള സംഘടനകൾ നടത്തിയ സമ്മർദ്ദം മൂലം അതിൽ നിന്ന് പിൻവലിയുകയായിരുന്നുവെന്ന് പുസ്തകം നിരീക്ഷിക്കുന്നു.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും

കാമ്പസുകളിലെ ജാതി വിവേചനങ്ങളെ ചർച്ച ചെയ്യുമ്പോൾ ഐഐടികളുടെ ഘടനയും സ്വഭാവവും പരിശോധിക്കേണ്ടതുണ്ട്. കോളനിയാനന്തര ഇന്ത്യയിൽ സാങ്കേതിക വിദ്യാഭ്യാസം വളർത്താനാണ് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐഐടികൾ സ്ഥാപിക്കപ്പെട്ടത്. “ബൗദ്ധിക നിലവാരവും ഗുണനിലവാരവും ഉറപ്പുവരുത്താൻ എന്ന പേരിൽ സ്ഥാപനത്തിന്റെ മെറിറ്റ് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നു വാദിക്കപ്പെട്ടു. അതുകൊണ്ട് തന്നെ അമ്പതുകളിലും അറുപതുകളിലും സംവരണത്തിൽ നിന്നുവരെ ഐഐടികളെ മാറ്റിനിർത്തിയിരുന്നു. ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് 22.5 ശതമാനം സംവരണം നൽകിയ 1973 ലെ എസ്.സി-എസ്.ടി ആക്റ്റും ഒബിസി വിദ്യാർത്ഥികൾക്ക് 27 ശതമാനം സംവരണം നൽകിയ 2006 ലെ ഒബിസി ആക്റ്റും നടപ്പാക്കിയതോടെ ഐഐടികളിൽ ചരിത്രത്തിൽ നിർണായകമായ ചില മാറ്റങ്ങൾ വന്നു. ദലിത്-ഒബിസി സംവരണം ഐഐടികളിൽ കീഴാള വിദ്യാർത്ഥികളെ നിർണായകമായ ഒരു സാമൂഹിക ശക്തിയാക്കി മാറ്റി” എന്ന് ഹാാർവാഡ് സർവകലാശാല പ്രൊഫസറായ അജന്ത സുബ്രഹ്മണ്യന്റെ ‘Making Merit: The Indian Institute of Technology and the Social Life and Cast’ എന്ന ലേഖനം അവലംബമാക്കി ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. പക്ഷെ, ഐഐടികളിൽ ജാതീയമായ വിവേചനങ്ങളും ഇസ്‌ലാമോഫോബിയയും ശക്തമായി തന്നെ നിലനിൽക്കുന്നുവെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് മലയാളി മുസ്‌ലിം വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ വ്യക്തമാക്കുന്നത്. അതിന്റെ പേരിൽ ഇടത്-വലത് മുഖ്യധാരാ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിക്കുക പോയിട്ട് ഒരു പ്രസ്താവന പോലും പുറത്തിറക്കിയിട്ടില്ല. ആത്മഹത്യക്ക് കാരണക്കാരായ അധ്യാപകരേയും സാമൂഹ്യ വ്യവസ്ഥയേയും നിയമപരമായി ശിക്ഷിക്കുകയോ അവർക്കെതിരെ കുറ്റം ചാർത്തുകയോ ചെയ്തിട്ടില്ല.

ഇന്ത്യൻ കാമ്പസുകളിൽ നടക്കുന്ന ആത്മഹത്യകളെയും അതിനോടുള്ള മാധ്യമങ്ങളുടെയും മുഖ്യധാരാ വിദ്യാർത്ഥി സംഘടനകളുടെയും സമീപനങ്ങളെ പുസ്തകം പ്രശ്നവൽക്കരിക്കുന്നു. “ഇന്ത്യൻ കാമ്പസുകളിൽ ആത്മഹത്യ എന്നത് വ്യക്തിപരമായ ഒരു പ്രശ്നം എന്നതിൽ നിന്നു മാറി അതൊരു സാമൂഹിക സാഹചര്യത്തിന്റെ പ്രശ്നം കൂടിയാണെന്ന വിലയിരുത്തൽ ശക്തമായി. ഇത് വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ്. ഇന്ത്യൻ സർവകലാശാലകളിൽ എന്തുകൊണ്ട് ഒരു പ്രത്യേക സാമൂഹിക സ്ഥാനവും അടയാളവും വഹിക്കുന്ന വിദ്യാർത്ഥികൾ മാത്രം സാധാരണ മട്ടിൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ കാമ്പസിലും ഹോസ്റ്റലിലും ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നുവെന്ന ചോദ്യം ഗൗരവമുള്ളതാണ്” എന്ന് പുസ്തകത്തിൽ വായിക്കാം. ഇത്തരം ആത്മഹത്യകളുടെ കാരണമായി മുഖ്യധാരാ അക്കാദമിക സമൂഹവും ഭരണകൂടവും ഇടത് വിദ്യാർത്ഥി സംഘടനകളും കണ്ടെത്തുന്നത് ‘ആത്മവിശ്വാസ കുറവ്’, ‘ബുദ്ധിശൂന്യത’ തുടങ്ങിവയാണ്. എന്നാൽ ജാതി വ്യവസ്ഥയെയും സാമൂഹിക സാഹചര്യത്തെയും കുറ്റപ്പെടുത്താനോ പ്രശ്നവൽക്കരിക്കാനോ അവർ ശ്രമിച്ചിട്ടില്ല. 2013 മാർച്ച് ആദ്യ വാരം ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാൻഗ്വേജ് യൂണിവേഴ്‌സിറ്റിയിൽ (ഇഫ്‌ലു) കാശ്മീർ വിദ്യാർത്ഥിയായ മുദ്ദസിർ കംറാൻ ആത്മഹത്യ ചെയ്തിരുന്നു. അതിനെ തുടർന്നുള്ള പ്രക്ഷോഭത്തെ ആദ്യം തള്ളി പറഞ്ഞത് ഇഫ്‌ലു കാമ്പസിലെ ഇടത് അനുകൂല വിദ്യാർത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ് എന്ന് പുസ്തകത്തിൽ നിന്ന് മനസിലാക്കാം. ഇഫ്‌ലുവിലെ സംഭവത്തിന് പിന്നാലെ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ദലിത് വിദ്യാർത്ഥിയായ പുല്യാല രാജു ആത്മഹത്യ ചെയ്തു. അവിടെ സവർണ വിദ്യാർത്ഥികളുടെ താൽപ്പര്യത്തിന് വേണ്ടി നിലനിന്നവരാണ് എസ്എഫ്ഐ എന്ന് പുസ്തകം കുറ്റപ്പെടുത്തുന്നു. ശക്തമായ പിന്നാക്ക ന്യൂനപക്ഷ രാഷ്ട്രീയം നിലനിൽക്കുന്ന ഹൈദരാബാദിൽ ഇവ്വിധമാണ് സ്ഥിതിയെങ്കിൽ കേരളത്തിലെ സാഹചര്യവും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

ജെ.എൻ.യു

കേരളത്തിലെ സാഹചര്യത്തിൽ അധീശത്വ – ആണധികാര രാഷ്ട്രീയത്തെയാണ് എസ്എഫ്ഐ പ്രോത്സാഹിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കേരളാ സർവകലാശാലാ കാമ്പസ്, തിരുവനന്തപുരം ഗവ. ലോ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് തുടങ്ങിയ ഒട്ടനവധി കോളേജുകളിൽ എസ്എഫ്ഐക്കെതിരേ മത്സരിക്കുന്നവരെ കായികമായി നേരിടുകയും യൂണിയൻ തെരഞ്ഞെടുപ്പിൽ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ഏകാധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന രീതിയാണ് എസ്എഫ്ഐ ശീലിച്ചിട്ടുള്ളത്. എസ്ഐഒ, എംഎസ്എഫ്, ഫ്രറ്റേണിറ്റി, കെ.എസ്.യു തുടങ്ങിയ സംഘടനകൾ എസ്എഫ്ഐയുടെ കായികമായ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. എസ്എഫ്ഐക്കെതിരെ നിൽക്കുന്ന പെൺകുട്ടികളെ വെർബൽ റേപ്പിന് ഇരകളാക്കുകയും വധഭീഷണിയടക്കം മുഴക്കുകയും ചെയ്തിട്ടുണ്ട്. ദലിത് – മുസ്‌ലിം സമുദായങ്ങളിൽ നിന്ന് കാമ്പസ് രാഷ്ട്രീയത്തിൽ എസ്എഫ്ഐക്ക് വ്യക്തമായ വോട്ട് ബാങ്ക് ഉണ്ട്. എന്നാൽ എസ്എഫ്ഐയെ എതിർക്കുന്ന മുസ്‌ലിം രാഷ്ട്രീയത്തെ അവർ മറ്റൊരു രീതിയിൽ കൂടിയും കൈകാര്യം ചെയ്യുന്നുണ്ട്. ഐഎസ്ഐഎസ്, താലിബാൻ, മതമൗലികവാദം, വർഗീയത, തീവ്രവാദം തുടങ്ങിയ ആരോപണങ്ങൾ ചാർത്തി മുസ്‌ലിം വിദ്യാർത്ഥി രാഷ്ട്രീയ ശബ്ദങ്ങളേയും ചിഹ്നങ്ങളേയും അവർ ഭീകരവൽക്കരിക്കുകയും റദ്ദ് ചെയ്യുകയും ചെയ്യുന്നു. എസ്ഐഓവും കാമ്പസ് ഫ്രണ്ടും ഇത്തരം ആരോപണങ്ങൾക്ക് ധാരാളം വിധേയമായിട്ടുണ്ട്.

ജാതി, ലിംഗം തുടങ്ങിയ രാഷ്ട്രീയ വ്യവഹാരത്തെ കുറിച്ചുള്ള ഇടത് വിദ്യാർത്ഥി സംഘടനകളുടെ അജ്ഞതയോ അതിനെ പരിഗണിക്കേണ്ടതില്ല എന്ന നിലപാടോ ഘടനാപരമായ പരിമിതിയോ ആണ് രോഹിത് വെമുലയോടും ഹാദിയയോടും ഐക്യദാർഢ്യപ്പെടുന്നതിൽ നിന്ന് മലാല യൂസുഫ് സായ്ക്ക് ഐക്യദാർഢ്യപ്പെട്ട എസ്എഫ്ഐയെ തടയുന്നത്. ഹാദിയ വിഷയത്തിൽ സംഘപരിവാറിന്റെ ലൗ ജിഹാദ് നുണ പ്രചരണത്തിനെതിരെ പോലും സംസാരിക്കാൻ എസ്എഫ്ഐ ഉൾപ്പെടെയുള്ള മുഖ്യാധാര വിദ്യാർത്ഥി സംഘടനകൾ ധൈര്യം കാണിച്ചില്ല. രോഹിത് വെമുലയുടെ ഓർമ ദിനത്തിൽ മഹാരാജാസ് കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പതിച്ച പോസ്റ്ററുകൾ വലിച്ചു കീറി കളഞ്ഞാണ് എസ്എഫ്ഐ തങ്ങളുടെ അധീശത്വം കാണിച്ചത്. രോഹിത് വെമുല ഉയർത്തിയ കീഴാള രാഷ്‌ട്രീയത്തെ അംഗീകരിക്കാതിരിക്കുക എന്നത് മാത്രമല്ല എസ്എഫ്ഐ ചെയ്‌തത്; ഒരു എസ്എഫ്ഐ ഇതര സംഘടനയുടെ രാഷ്ട്രീയ ആവശ്യത്തെ ഹിംസാത്മകമായി റദ്ദ് ചെയ്യുക എന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനം കൂടിയാണ്. എന്നാൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ആദിവാസി വിദ്യാർത്ഥിയും എസ്എഫ്ഐയുടെ കാമ്പസ് ലീഡറുമായ അഭിമന്യുവിന്റെ ആദിവാസി സ്വത്വം ഉയർത്തിപിടിച്ചാണ് എസ്എഫ്ഐ രാഷ്ട്രീയ പ്രചരണം നടത്തിയത്. സ്വത്വ രാഷ്ട്രീയത്തോടുള്ള ഇടതുപക്ഷത്തിന്റെ കാപട്യമാണ് ഇവിടെ വ്യക്തമായത്.

ഇടതു പക്ഷത്തിന് വേണ്ടി ഹിംസയിൽ ഏർപ്പെടുന്നവരിലും കൊല്ലപ്പെടുന്നവരിലും ബഹുഭൂരിപക്ഷവും അവരിലെ കീഴാള വിഭാഗക്കാരാണ്. അധികാര ശ്രേണിയിലാകട്ടെ അധികവും മുന്നോക്ക വിഭാഗക്കാരുമാണ്. അടിസ്ഥാനപരമായി വിവേചനമാണിത്. ഹൈദരാബാദ് സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ കൈരളിയും ഡൽഹി സർവകലാശാലയിലെ മൈത്രിയും പേരുകൾ സൂചിപ്പിക്കുന്നത് പോലെ ‘മതേതര’ വിദ്യാർത്ഥി കൂട്ടായ്മകളാണ്. പൊതുവെ എസ്എഫ്ഐ പോലെയുള്ള വിദ്യാർത്ഥി സംഘടനകളുടെ റിക്രൂട്ടിങ് ഏജന്റുകളായാണ് ഇത്തരം കൂട്ടായ്മകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇവർ നടത്തുന്ന ഓണാഘോഷം, കേരള പിറവി ദിനം, തുടങ്ങിയ ‘കേരളത്തനിമ’ നിറഞ്ഞു നിൽക്കുന്ന പരിപാടികളിൽ ഊണു വിളമ്പാനും കായികാധ്വാനം ചെയ്യാനും മുസ്‌ലിം-ഈഴവ-ദലിത് വിദ്യാർത്ഥികളാണ് പൊതുവെ ഉണ്ടാകാറുള്ളത്. ഇവർ ആഘോഷങ്ങളുടെ മുഖ്യസാന്നിധ്യമോ ഘടകമോ ആകുന്നില്ല എന്ന് പുസ്തകത്തിൽ വിശകലനം ചെയ്യുന്നു.

വ്യക്തികേന്ദ്രീകൃത വിദ്യാർത്ഥി രാഷ്ട്രീയമാണ് ജെഎൻയു പോലെയുള്ള ഇടത് ആധിപത്യ സർവകലാശാലകളിലും കാമ്പസുകളിലും സംഭവിക്കുന്നത്. “യാക്കൂബ് മേമന് വേണ്ടി മയ്യത്ത് നിസ്കരിച്ചു തുടങ്ങിയ രോഹിതിന്റെ പുതിയ രാഷ്ട്രീയം പരമ്പരാഗത ഇടത് രാഷ്ട്രീയത്തിന്റെ മേലെയാണ് വളർന്നത്. മുസ്‌ലിം ചോദ്യങ്ങളും ദലിത് ചോദ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് ഇടതു രാഷ്ട്രീയത്തിൽനിന്നു പുറത്തുപോന്ന രോഹിത് വെമുലയുടെ ഇന്റർസെഷനൽ രാഷ്ട്രീയം അംബേദ്കർ വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ ഏറ്റവും സർഗാത്മകമായ ആവിഷ്കാരമായി മാറി” എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. അഫ്‌സൽ ഗുരുവിന് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഉമർ ഖാലിദും കുറച്ചു കശ്മീർ വിദ്യാർത്ഥികളും നടത്തിയ സമരത്തിന്റെ ഭാഗമേ അല്ലാതിരുന്ന കനയ്യ കുമാർ, സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ആയതിന്റെ പേരിൽ മാത്രമാണ് ഉമർ ഖാലിദിന്റെ കൂടെ രാജ്യദ്രോഹ കേസ് ചാർത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ പിന്നീട് മേൽ ജാതി സവർണ സാമൂഹിക ഇടത്തിൽ നിന്നുള്ള കനയ്യക്ക് കേരളത്തിലടക്കം കിട്ടിയ സ്വീകാര്യത റാഡിക്കൽ ഇടത് അനുഭാവമുള്ള, എന്നാൽ മുസ്‌ലിം നാമധാരിയായ ഉമർ ഖാലിദിന് മുഖ്യാധാരയിൽ കിട്ടിയില്ല. മുസ്‌ലിം-കീഴാള വേദികളിൽ മാത്രമാണ് ഉമർ ഖാലിദ് ദൃശ്യമായത്. പൗരത്വ സമരവുമായി ബന്ധപ്പെട്ട് ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയും സമര നേതാവുമായ ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്തിട്ട് ഒരു വർഷം പിന്നിട്ടിട്ടും ഷർജീൽ ഇമാമിന്റെ നീതിക്ക് വേണ്ടി സംസാരിക്കാൻ മുസ്‌ലിം-കീഴാള കൂട്ടായ്മകളോ സംഘടനകളോ അല്ലാതെ ജെഎൻയുവിലെ പ്രബല വിദ്യാർഥി സംഘടനകൾ മുന്നോട്ട് വന്നിട്ടില്ല.

സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജെഎൻയുവിലെ ചുമർ ചിത്രങ്ങളിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മാൽകം എക്‌സ്,  മഅ്‌ദനി, ഫലസ്തീൻ, ഇൻദിഫാദ, കശ്മീർ, വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങിയ ധാരാളം പാർശ്വവത്കൃത വിഭാഗങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ ദൃശ്യതകൾ മുസ്‍ലിം-കീഴാള രാഷ്ട്രീയം ഒരു ബദലായി ഇടത് അഗ്രഹാരമായ ജെഎൻയുവിലുണ്ട് എന്നുകൂടിയാണ്.

മുസ്‌ലിം വിദ്യാർത്ഥിത്വവും വൈജ്ഞാനിക രാഷ്ട്രീയവും

എഴുപതുകളിലെ ഇറാൻ ഇസ്‌ലാമിക വിപ്ലവം, എൺപതുകളിൽ ശക്തമായ ഇന്ത്യയിലെ സവർണ ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ച, ബാബരി മസ്ജിദ് ധ്വംസനം, വിവിധ കീഴാള രാഷ്ട്രീയ മുന്നേറ്റങ്ങൾ എന്നിവയൊക്കെയാണ് മുസ്‌ലിം വിദ്യാർത്ഥി-യുവജന രാഷ്ട്രീയ രൂപീകരണത്തിന്റെ അടിയന്തര രാഷ്‌ട്രീയ സാഹചര്യങ്ങൾ. വിദ്യാഭ്യാസ പ്രശ്‌നങ്ങളിൽ മാത്രം ഇടപെടുന്നതിൽ നിന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ജാതി-മത-ലിംഗ-ദേശീയ രാഷ്ട്രീയത്തിൽ ഇടപെടുന്നതിലേക്ക് മുസ്‌ലിം വിദ്യാർത്ഥി രാഷ്ട്രീയം വികസിച്ചു. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുസ്‌ലിം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അത്ര സുഖകരമായ അവസ്ഥയായിരുന്നില്ല. “2001 ലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭീകരവേട്ടയുടെ ചുവടുപിടിച്ച് എൽകെ അദ്വാനിയും എബി വാജ്പേയിയും കൂടി നേതൃത്വം നൽകിയ സവർണ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യെ നിരോധിച്ചതോടെ ഇന്ത്യയിലെ മുസ്‌ലിം വിദ്യാർത്ഥി രാഷ്ട്രീയം ഭീകരവാദ-തീവ്രവാദ വേട്ടയുടെ കീഴിലായി. ജാമിഅഃ മില്ലിയ ഇസ്‌ലാമിയ, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി തുടങ്ങിയ കാമ്പസുകളിൽ നിന്ന് നിരവധി മുസ്‌ലിം വിദ്യാർത്ഥികളെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു. ഇന്നും തുടരുന്ന ഭീകരവേട്ട എന്ന വിദ്യാർത്ഥി വേട്ട പൊതുബോധമായി. അതിന്റെ ഭാഗമായി 2008 സെപ്റ്റംബറിൽ ജാമിഅഃ മില്ലിയയിലെ ബട്‌ലാ ഹൗസിൽ നടന്ന വെടിവെപ്പിൽ രണ്ട് മുസ്‌ലിം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അതിനെതിരെ ജാമിഅഃ മില്ലിയ നടത്തിയ ഐതിഹാസിക ചെറുത്തുനിൽപ്പ് ഏറെ ശ്രദ്ധേയമായി” എന്ന് പുസ്തകത്തിൽ വായിക്കാം. ഇതിന്റെ ചുവട് പിടിച്ച് കേരളത്തിലെ ഇടത്-വലത്-മതേതര വ്യവഹാരങ്ങൾ മുസ്‌ലിം വിദ്യാർത്ഥികളെ ഭീകരവാദ ചാപ്പയടിക്കുന്ന പ്രവർത്തനത്തിൽ വ്യാപൃതരായി. ഇടതുപക്ഷത്തിന്റെ തന്നെ പ്രവർത്തകരായ അലൻ ശുഹൈബ്, ത്വാഹ ഫസൽ എന്ന രണ്ട് വിദ്യാർത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് UAPA ചുമത്തി അറസ്റ്റ് ചെയ്തതിനെ പ്രതിരോധിക്കാതെ കേന്ദ്രസർക്കാർ ഏജൻസിയായ എൻഐഎയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കൾ ചെയ്‌തത്. എന്നാൽ ത്വാഹക്ക് എതിരെ മൊഴി നൽകി മാപ്പുസാക്ഷിയാകാൻ എൻഐഎ സമ്മർദ്ദം ചെലുത്തിയതായി പിന്നീട് അലൻ തന്നെ വിളിപ്പെടുത്തിയിരുന്നു. പക്ഷേ ദിവസങ്ങൾക്ക് മുമ്പ് ത്വാഹയുടെ മാത്രം ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തതും വീണ്ടും അറസ്റ്റ് ചെയ്തതും ഭരണകൂട ആസൂത്രണത്തിന്റെ ഭാഗമാണ് എന്നത് വ്യക്തമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം, ഇടതുപക്ഷ പ്രവർത്തകനായിരിക്കെ അലനിൽ നിന്ന് വ്യത്യസ്തമായി പ്രാക്ടീസിംഗ് മുസ്‌ലിം ജീവിത പരിസരത്താണ് ത്വാഹയുടെ ജീവിതം വികസിച്ചു വന്നിട്ടുള്ളത് എന്നതാണ്. അതിനാൽ തന്നെ ത്വാഹയുടെ കാര്യത്തിൽ സൂക്ഷ്മമായ ഗൂഢാലോചനകളും ആസൂത്രണവും നടന്നിട്ടുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്.

കാമ്പസുകളിൽ വൈജ്ഞാനികമായ ഒരു ബദൽ രാഷ്ട്രീയം രൂപപ്പെടുത്താൻ മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനമായ എസ്ഐഓവിന് കഴിഞ്ഞിട്ടുണ്ട്. എസ്ഐഓ പുറത്തിറക്കുന്ന കാമ്പസ് അലൈവ് വെബ്പോർട്ടൽ (മുമ്പ് അത് പ്രിന്റ് രൂപത്തിലുള്ള മാഗസിൻ ആയിരുന്നു) ശക്തമായ വൈജ്ഞാനിക രാഷ്‌ട്രീയത്തെ ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ആഗോള തലത്തിൽ നടക്കുന്ന സാമൂഹിക-രാഷ്‌ട്രീയ മാറ്റങ്ങളേയും ചർച്ചകളെയും കേരളത്തിന്റെ മുഖ്യധാരാ അക്കാദമിക മണ്ഡലങ്ങളിൽ ഇസ്‌ലാമിക കാഴ്ചപ്പാടിൽ നിന്നുകൊണ്ട് അവതരിപ്പിക്കാൻ കാമ്പസ് അലൈവിലൂടെ സാധിച്ചു. കീഴാള ന്യൂനപക്ഷങ്ങളുടെ അനുഭവങ്ങളുടെ അക്കാദമികവൽക്കരണത്തിനും എഴുത്തുകൾക്കും കാമ്പസ് അലൈവിൽ ഇടം ലഭിച്ചു. ഡീകൊളോണിയാലിറ്റി, ലിബറേഷൻ തിയോളജി, ഇസ്‌ലാമിക ഫെമിനിസം, സിനിമ, സംഗീതം തുടങ്ങിയ കാലികവും നവീനവുമായ വൈജ്ഞാനിക ഇടപാടുകളെ കാമ്പസ് അലൈവ് മലയാളത്തിലെ അക്കാദമിക ലോകത്ത് പരിചയപ്പെടുത്തി. എന്നിരിക്കെ കാമ്പസ് അലൈവിന്റെ ഭാഷ ചെറിയൊരു വിഭാഗത്തിന് മാത്രമേ മനസ്സിലായുള്ളൂ എന്നത് യാഥാർഥ്യമാണ്. അതായത് കാമ്പസ് അലൈവിന്റെ അക്കാദമിക ഭാഷ മനസിലാക്കാൻ കഴിയാത്ത ഒരു ഭൂരിപക്ഷം പുറത്തുണ്ട് എന്ന് പുസ്തകം വിലയിരുത്തുന്നു. പക്ഷേ, ഇസ്‌ലാമിക ചിന്തയുടെയും കർമ്മ ശാസ്ത്രത്തിന്റെയും സാമൂഹ്യ ശാസ്ത്ര വ്യവഹാരങ്ങളുടെയും ഒരു വൈജ്ഞാനിക ഭൂമി സൃഷ്ടിക്കാൻ എസ്ഐഓവിനും കാമ്പസ് അലൈവിനും സാധിച്ചു എന്നത് അനിഷേധ്യമാണ്. കാമ്പസ് മാഗസിനുകൾ കഥയും കവിതയും പോലെയുള്ള സർഗാത്മക സാഹിത്യ മേഖലയിൽ ചുറ്റിതിരിഞ്ഞു നടക്കുന്ന സമയത്താണ് കാമ്പസ് അലൈവ് പ്രിന്റഡ് മാഗസിനായും പിന്നീട് വെബ്പോർട്ടലായും വൈജ്ഞാനിക ബദൽ സൃഷ്ടിക്കുന്നത്.

രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ പ്രതിസന്ധികളേയും ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും അടിത്തറകളിൽ നിന്നുകൊണ്ട് അഭിമുഖീകരിക്കാൻ കഴിയുന്ന തരത്തിലുള്ള വികാസക്ഷമത മുസ്‌ലിം വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ സവിശേഷതയാണ്. ഇന്ന് വിദ്യാഭ്യാസ പ്രശ്നങ്ങളിൽ മാത്രമല്ല പൗരത്വ സമരം പോലെയുള്ള പൊതു പ്രക്ഷോഭങ്ങൾ നയിക്കാൻ മുസ്‌ലിം വിദ്യാർത്ഥി രാഷ്ട്രീയത്തിന് കഴിയുന്നുവെന്ന് പുസ്തകത്തിൽ നിന്നുമാത്രമല്ല അനുഭവത്തിൽ നിന്നുകൂടി വ്യക്തമാവുന്നതാണ്. മുസ്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിർമിച്ചെടുത്ത പൗരത്വ നിയമത്തിനെതിരെ ജെഎൻയു ഒരുതരത്തിലുമുള്ള പ്രതിഷേധങ്ങളോ സമരങ്ങളോ നടത്തിയിരുന്നില്ല. എന്നാൽ മുസ്‌ലിം വിദ്യാർത്ഥികൾ ഭൂരിപക്ഷമുള്ള അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെയും ജാമിഅഃ മില്ലിയയിലെയും മുസ്‌ലിം വിദ്യാർത്ഥികളാണ് രാജ്യത്തു പൗരത്വ സമരത്തെ ശക്തിപ്പെടുത്തിയത്. ജാമിഅഃ മില്ലിയയിലെ ബിരുദ വിദ്യാർത്ഥിയും പൗരത്വ സമര നേതാവുമായ ആസിഫ് ഇഖ്ബാൽ തൻഹയെ സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ട് മാസങ്ങൾ പിന്നിടുന്നു. ഇസ്‌ലാമിക പാഠങ്ങളും ഇന്ത്യൻ സാഹചര്യവും തമ്മിൽ പഠന-പോരാട്ടത്തിന്റെ വഴിയിൽ പുതിയ സമന്വയങ്ങൾ രൂപപ്പെട്ടു. അതുകൊണ്ടാണ് ജയ് ഭീം-ഇൻഷാ അല്ലാഹ് പോലെയുള്ള മുദ്രാവാക്യങ്ങൾ ഒരുപോലെ വ്യത്യസ്തങ്ങളായ കീഴാള സമരങ്ങളിൽ സ്വീകരിക്കപ്പെട്ടത്.

‘പുതിയ കാമ്പസ് പുതിയ രാഷ്ട്രീയം’ എന്ന പേരിൽ റീഡേഴ്‌സ് നെറ്റവർക്ക് പ്രസിദ്ധീകരിച്ച കെ അഷ്റഫിന്റെ പുസ്തകത്തിന്റെ ആദ്യാവസാനം ഇടത് വിദ്യാർത്ഥി രാഷ്ട്രീയത്തെ കുറിച്ചുള്ള ശക്തമായ വിമർശനങ്ങൾ കാണാം. രണ്ടാം മണ്ഡലിന് ശേഷമുള്ള കാമ്പസ് രാഷ്‌ട്രീയത്തിന്റെ സവിശേഷതകളും ദലിത്-മുസ്‌ലിം-കീഴാള രാഷ്‌ട്രീയത്തിന്റെ രൂപീകരണങ്ങളും സവിശേഷ പശ്ചാത്തലവും പുസ്തകത്തിന്റെ പ്രധാന ചർച്ചാ വിഷയമാണ്. ഇന്ത്യയിലെ വിദ്യാർത്ഥി രാഷ്ട്രീയ സമരങ്ങളുടെ അന്തർദേശീയമാനങ്ങളും സംവരണ അട്ടിമറികളും നിഷേധങ്ങളും വിദ്യാഭ്യാസ മനുഷ്യാവകാശ പ്രവർത്തകനും ഡൽഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഹാനി ബാബുവിന്റെ അന്യായമായ അറസ്റ്റും മനുഷ്യാവകാശ ലംഘനങ്ങളും അതിനോടുള്ള മാധ്യമ പ്രതികരണങ്ങളും സാമൂഹ്യ സാഹചര്യങ്ങളും പുസ്തകത്തിൽ സവിശേഷമായി തന്നെ വിശകലനം ചെയ്യുന്നുണ്ട്.

മുഷ്താഖ് ഫസൽ