Campus Alive

പരിസ്ഥിതി പരിപോഷണത്തിന്റെ ദൈവികത

നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് ലളിതമായി നാം പരിസ്ഥിതി എന്നു വിളിക്കുന്നത്. അതിലെ അചേതനവും സചേതനവുമായ മുഴുവന്‍ വസ്തുക്കളും പരിസ്ഥിതിയുടെ ഭാഗമാണ്. നമ്മുടെ ഭൂമിയും അതിലെ സകല വസ്തുക്കളും മനുഷ്യനന്മക്ക് വേണ്ടിയാണെന്നാണ് വിശുദ്ധ ഖുര്‍ആന്റെ അസന്നിഗ്ദമായ പ്രഖ്യാപനം. ‘തസ്ഖീര്‍’ എന്നാണ് ഖുര്‍ആനിക പ്രയോഗം. ഒരു സംഗതിയെ സ്വാഭീഷ്ടപ്രകാരം ഉപയോഗപ്പെടുത്താവുന്ന അവസ്ഥയിലാക്കുക എന്നതാണ് പ്രസ്തുത പ്രയോഗത്തിന്റെ വിവക്ഷ. അതോടൊപ്പം പരിസ്ഥിതിയുടെ കാര്യത്തില്‍ സുപ്രധാനമായ ചില തത്വങ്ങള്‍ കൂടി ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. മറ്റെല്ലാത്തിലുമെന്നതുപോലെ അല്ലാഹുവിന്റെ ഉടമസ്ഥാവകാശമാണ് ഇസ്‌ലാമിന്റെ പരിസ്ഥിതി കാഴ്ചപ്പാടിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന്. ഭൂമിയിലുള്ളതൊക്കെയും മനുഷ്യന് അധീനപ്പെടുത്തിക്കൊടുത്തു എന്നുദ്‌ഘോഷിക്കുന്ന ദൈവിക വചനങ്ങളെല്ലാം അനാശ്രയനും അജയ്യനുമായ അത്തരമൊരു ശക്തിയുടെ സാന്നിധ്യം അനിവാര്യമാക്കുന്നുണ്ട്. ഈ ഉടമസ്ഥാവകാശം അംഗീകരിക്കപ്പെടുന്നേടത്ത് പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനം അതേ നാഥന്റെ അഭീഷ്ടപ്രകാരമാവുക അനിവാര്യമാകുന്നു. സൃഷ്ടിക്കാനും കല്പിക്കാനും അവന്ന് മാത്രമാണധികാരമെന്ന (വി.ഖു 7:54) ദൈവിക പരമാധികാര പ്രഖ്യാപനത്തിന്റെ തേട്ടമാണത്.

പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പൊതുവായി ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു മനുഷ്യന് നല്‍കിയ അതുല്യ അനുഗ്രഹങ്ങളിലൊന്നാണത്. ദൈവാസ്തിത്വവും അവന്റെ ഏകത്വവും സ്ഥാപിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിക്കുന്ന സുപ്രധാന ദൃഷ്ടാന്തങ്ങളിലൊന്ന് ഇതേ പരിസ്ഥിതിയും അതിലെ വ്യത്യസ്ത പ്രതിഭാസങ്ങളുമാണ്. അതുകൊണ്ടാണ് പ്രവാചകന്മാരുടെ പ്രബോധന ചരിത്രങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ധാരാളം കടന്നുവരുന്നത് (വി.ഖു 71: 11-17). എല്ലാത്തിനുമപ്പുറം മനുഷ്യന്റെ ഭൂമിയിലെ നിലനില്‍പ്പും സ്വൈര്യ ജീവിതവും പരിസ്ഥിതിയോടുള്ള അവന്റെ സമീപനത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മനുഷ്യകരങ്ങളുടെ ദുഷ്‌ചെയ്തികള്‍ ഭൂമിയുടെ നാശകാരണമാകുന്നുവെന്നത് (വി.ഖു 30:41) പോലെയുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ അനിഷേധ്യമായ ഈ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അടുത്തകാലത്ത് നാം നേരിട്ട വലിയ പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ച പല പഠനങ്ങളും ഈ യാഥാര്‍ത്ഥ്യത്തെ അടിവരയിടുന്നുണ്ട്.

കേവല പരിസ്ഥിതി സംരക്ഷണ വാദത്തിനപ്പുറം ഒരു പടി കൂടി കടന്ന് കൂടുതല്‍ വിശാലമായ പരിസ്ഥിതി പരിപോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ‘ഇസ്തിഅമാര്‍’ എന്ന വേദവാക്യത്തിന്റെ താല്പര്യമതാണ്. പരിസ്ഥിതി വിഭവങ്ങളുടെ ധൂര്‍ത്തും ദുര്‍വ്യയവും നിരോധിക്കുന്നത് ഈ പരിപോഷണ പ്രക്രിയയുടെ ആദ്യപടിയാണ്. ഒഴുകുന്ന പുഴ ആണെങ്കിലും വുദൂഇനാണെങ്കില്‍ പോലും ആവശ്യമായ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് അനുചരനെ ഉണര്‍ത്തുന്ന പ്രവാചക വചനം (ഇബ്‌നുമാജ) ഉപരിസൂചിത നിലപാടിന്റെ മാതൃകാപരമായ പ്രയോഗമാണ്. അനാവശ്യമായി സസ്യലതാദികള്‍ നശിപ്പിക്കപ്പെടുന്നത് യുദ്ധസന്ദര്‍ഭത്തില്‍ പോലും ന്യായീകരിക്കപ്പെടാവതല്ല എന്ന സൂക്ഷ്മതയാണ് ഇസ്‌ലാം. ചില പ്രത്യേക ജീവികളുടെ പേരെടുത്തു പറഞ്ഞ് അവയെ കൊല്ലുന്നതും പീഡിപ്പിക്കുന്നതും കുറ്റകരമാണ് എന്ന് പഠിപ്പിക്കുന്ന പ്രവാചക വചനങ്ങള്‍ (അന്നസാഈ : 7/239) അലംഘനീയമായ ഈ പരിസ്ഥിതി തത്വത്തെ ബലപ്പെടുത്തുന്നുണ്ട്. അമിതവ്യയം അവസാനിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി പോഷണം പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് പ്രവാചകന്‍. ചെടി നടുന്നത് ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമായ സുകൃതമാണ് എന്ന് കല്‍പ്പിക്കുന്നതും ‘ആരെങ്കിലും ഒരു തരിശ് ഭൂമി കൃഷിയോഗ്യമാക്കിയാല്‍ അതവനു ഉള്ളതാണ്’ (അബൂദാവൂദ് : 3073) എന്നത് പോലെയുള്ള പ്രായോഗിക മാതൃകകള്‍ നിര്‍ദ്ദേശിക്കുന്നതും ഈ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ്.

സമാനതകളില്ലാത്ത ഒരു ആത്മീയ തലം കൂടി ഉള്‍ക്കൊള്ളുന്നുണ്ട് ഇസ്‌ലാമിന്റെ പരിസ്ഥിതി സിദ്ധാന്തം. താന്‍ നട്ട ചെടി ഉല്‍പാദിപ്പിക്കുന്ന ഫലങ്ങളില്‍ നിന്ന് പക്ഷി ഭക്ഷിക്കുന്നത് മുതല്‍ മോഷ്ടിക്കപ്പെടുന്നത് വരെ തന്റെ സുകൃതങ്ങളില്‍ രേഖപ്പെടുത്തപ്പെടുന്നേടത്തോളം വിശാലമാണത്. ഉഹ്ദ് മല നമ്മെ സ്‌നേഹിക്കുന്നുണ്ടെന്നും നമ്മള്‍ അതിനെ സ്‌നേഹിക്കണമെന്നും പഠിപ്പിക്കുന്ന പ്രവാചക വചനം (ബുഖാരി, മുസ്‌ലിം) കേവല ഭൗതിക യുക്തിക്ക് അപ്രാപ്യമായ മറ്റൊരു പരിസ്ഥിതി സങ്കല്‍പത്തിന്റെ അടിത്തറ പാകുകയാണ്. ഭൂമിയിലുള്ളതൊക്കെയും അല്ലാഹുവിനെ പ്രണമിക്കുന്നുവെന്നും (22:18) പക്ഷിമൃഗാദികള്‍ മനുഷ്യരെ പോലുള്ള വ്യത്യസ്ത ജീവിസമൂഹങ്ങള്‍ ആണെന്നും (6:38) പോലുള്ള ഖുര്‍ആനിക വചനങ്ങള്‍ ആണ് അതിന്റെ ഉറവിടം. ലോകാവസാനത്തെ മുന്നില്‍ കാണുമ്പോഴും കയ്യിലുള്ള ചെടി നടണമെന്ന് പറയുന്ന നബിവചനം പരലോകത്തോളം നീളുന്ന പ്രതിഫലത്തെക്കുറിച്ച ശുഭവാര്‍ത്തയാണ്.

ചുരുക്കത്തില്‍ മിണ്ടാപ്രാണിക്ക് ദാഹജലം നല്‍കിയതിന്റെ പേരില്‍ സ്വര്‍ഗസ്ഥനാവുന്ന ധിക്കാരിയെയും, രാജ്യാതിര്‍ത്തിയില്‍ ഭക്ഷണം കിട്ടാതെ ഉഴറുന്ന ആട്ടിന്‍കുട്ടിയെ കുറിച്ച് വേവലാതിപ്പെടുന്ന ഭരണാധികാരിയെയും സാധ്യമാക്കുന്ന സന്തുലിത പരിസ്ഥിതി ദര്‍ശനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.

നിയാസ് വേളം