Campus Alive

നോർത്ത്ഈസ്റ്റിന് ഇന്ത്യൻ ദേശീയത എന്നാലെന്തായിരിക്കും ?

ഇന്ത്യയില്‍ പൊതുവെ പറയാറുള്ളതും പാഠപുസ്തകങ്ങളിലും മറ്റും പഠിപ്പിക്കപ്പെടാറുള്ളതും ബഗ്ലാദേശ് ഇന്ത്യയുടെ കിഴക്ക് വശത്തുള്ള രാജ്യമാണ് എന്നാണ്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ നിന്ന് വരുന്ന എന്നെപോലുള്ളവര്‍ക്ക് ബംഗ്ലാദേശ് പടിഞ്ഞാറ് ഭാഗത്താണെന്നാണ് അനുഭവം. ഇതാണ് യഥാര്‍ഥത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ത്യയുടെ മറ്റുഭാഗങ്ങളും തമ്മിലുള്ള ബന്ധം. ഇവിടെ ഞങ്ങളുടെ അനുഭവങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ് ഞങ്ങള്‍ പഠിക്കുന്നത്. രാജ്യത്തെ പാഠപുസ്തകങ്ങളിലെല്ലാം ഞങ്ങള്‍ കാണുന്നതിനെതിരാണ് പഠിപ്പിക്കുന്നത്. അപ്പോള്‍ ഞങ്ങളുടെ അനുഭവങ്ങളെ രാജ്യമോ അതിലുള്ള പോളിസികളോ ഒരിക്കലും പരിഗണിക്കാറില്ലെന്നതാണ് ഈയൊരുദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചത്. ഈയൊരു ഉദാഹരണം തന്നെയാണ് നോര്‍ത്ത് ഈസ്റ്റ് എക്സ്പീരിയന്‍സിനെ കുറിച്ച് ആമുഖമായി പറയാന്‍ ഏറ്റവും അനുയോജ്യമെന്നാണ് ഞാന്‍ കരുതുന്നത്.

ദേശം, ദേശീയത എന്നിവയെല്ലാം അതിന്‍റെ പ്രകൃതത്തില്‍ തന്നെ ചില ആധിപത്യങ്ങളെയും ഹെജിമണികളെയും നിലനിര്‍ത്തുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളും ഉയരുന്നത്. ഇവിടെ നോര്‍ത്ത് ഈസ്റ്റ് എന്ന കാറ്റഗറിയെ കുറിച്ച് ആലോചിക്കുക. അത് ആരുടെ വടക്ക് കിഴക്കാണ്? അവിടെയുള്ളവരുടെയല്ലല്ലോ! മറിച്ച് ഇവിടെ നിലനില്‍ക്കുന്ന ഒരു ദേശരാഷ്ട്രം നല്‍കിയ ലേബല്‍ ആണത്. മാത്രമല്ല, ഇവിടെ നോര്‍ത്ത് ഈസ്റ്റ് എന്ന് ഉന്നയിക്കുമ്പോള്‍ ആ മേഖലയില്‍ ഒരേ ഒരു ഏകീകൃതമായ വിഭാഗമായി ഒരു സമൂഹം നിലനില്‍ക്കുന്നുണ്ട് എന്ന് മനസ്സിലാക്കാനാവുമോ? ഇല്ലെന്നാണ് ഉത്തരം. കാരണം വടക്കുകിഴക്കന്‍ മേഖലയില്‍ ഭാഷ, സംസ്കാരം, ആചാരം തുടങ്ങീ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വൈവിധ്യങ്ങള്‍ പുലര്‍ത്തുന്ന വിവിധ സമുദായങ്ങളാണ് അതിവസിക്കുന്നത്. എന്നാല്‍ ഇവിടെ ഈ കാറ്റഗറി രൂപപ്പെടുന്നത് തന്നെ ഇന്ത്യയെന്ന ദേശരാഷ്ട്രത്തോട് ചില കാര്യങ്ങള്‍ ഉന്നയിക്കാനും ചോദിക്കാനുമാണ്. അപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് എന്നതിനെ ഒരു ജനവിഭാഗമായല്ല, ദേശത്തോട് ചില കാര്യങ്ങള്‍ ചോദിക്കുന്ന വിവിധ ജനവിഭാഗങ്ങളുള്‍കൊള്ളുന്ന ഭൂപ്രദേശമായാണ് കാണേണ്ടത്. ഈ കാറ്റഗറി നിര്‍മിതിയുടെ ഭാരം വഹിച്ച് മാത്രമേ നോര്‍ത്ത് ഈസ്റ്റിന് ഇവിടെ സംസാരിക്കാനാവൂ.നോര്‍ത്ത് ഈസ്റ്റ് എന്ന ഭൂമിശാസ്ത്രപരമായ മേഖലയെ തന്നെ പലതരത്തില്‍ ദേശത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് പുറത്താക്കുന്നുണ്ട്. അവിടെയുള്ള ജനങ്ങളും സ്വാഭാവികമായും ഇതിന്‍റെ ഭാഗമായി ദേശീയതയില്‍ നിന്ന് പുറത്താകും. സാധാരണ നോര്‍ത്ത് ഈസ്റ്റിലുള്ളവര്‍ ഔദ്യോഗികമായി തന്നെ ഇന്ത്യയുടെ ബാക്കി ഭാഗത്തെ കുറിച്ച് ഉപയോഗിക്കുന്ന വാക്കാണ് മെയ്ന്‍ ലാന്‍റ് എന്നത്. അപ്പോള്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുകൊണ്ട് ഞങ്ങള്‍ എങ്ങനെയാണ് ദേശീയതയെ മനസ്സിലാക്കുക. കാരണം, ഔദ്യോഗികമായിത്തന്നെ മെയ്ന്‍ ലാന്‍റിന് പുറത്താണ് ഞങ്ങളെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ അതിര്‍ത്തികളിലുള്ളവര്‍ സ്വാഭാവികമായും പുറത്താക്കപ്പെടും. ദേശം തന്നെ പുറത്താക്കിയവരുടെ ദേശീയതയെ കുറിച്ചുള്ള ഭാവന എന്തായിരിക്കും? എന്താണ് മെയ്ന്‍ ലാന്‍റ്? ആരാണ് ഈ മെയ്ന്‍ ലാന്‍റും അതിര്‍ത്തികളും തീരുമാനിച്ചത്? ഇതെല്ലാമാണ് ഞങ്ങളുടെ ചോദ്യങ്ങള്‍.

ഡല്‍ഹിയില്‍ നിതു താനിയയെ ക്രൂരമായി അക്രമിച്ച കേസിന്‍റെ സന്ദര്‍ഭത്തില്‍ ‘അക്കാദമിക’മല്ലാത്ത മേഖലയായ ഫേസ്ബുക്കില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. അതില്‍ നേരത്തെ പറഞ്ഞ ഞങ്ങളുടെ പടിഞ്ഞാറന്‍ ഭാഗത്താണ് ഇന്ത്യയെന്നും ബംഗ്ലാദേശ് പടിഞ്ഞാറ് ഭാഗത്താണെന്നുമുള്ള യാഥാര്‍ഥ്യം ഉന്നയിക്കപ്പെട്ടു. അപ്പോള്‍ പലരും അതിനെ വിശ്വസിക്കാനാവാത്തതായും തമാശയായുമാണ് കണക്കാക്കിയത്. അതിനെ പലര്‍ക്കും തീരെ ഉള്‍കൊള്ളാനായില്ല. എന്നാലും ഞങ്ങളുടെ പരിഗണനയില്‍ ഇന്ത്യയുടെ പടിഞ്ഞാറ് വശത്തു തന്നെയാണ് ബംഗ്ലാദേശ്. പക്ഷെ മെയിന്‍ ലാന്‍റില്‍ ഉള്ളവര്‍ക്ക് അത് ഒരിക്കലും ഉള്‍കൊള്ളാന്‍ പോലും സാധിക്കില്ല. ഞങ്ങളുടെ അനുഭവയാഥാര്‍ഥ്യത്തെ നിങ്ങള്‍ക്ക് തമാശയായാണ് അനുഭവപ്പെടുക.

നോര്‍ത്ത് ഈസ്റ്റിന്‍റെ പരിഗണനയില്‍ ബംഗ്ലാദേശ് പടിഞ്ഞാറ് വശത്താണ്. പക്ഷെ ആ അനുഭവം ദേശീയതയുടെ കാലത്തെ അറിവായി അംഗീകരിക്കപ്പെടണമെങ്കില്‍ സ്റ്റേറ്റിന്‍റെ അംഗീകാരം അതിന് ലഭിക്കണം. എന്നാല്‍ മാത്രമേ അത് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്ന അറിവാവുകയുള്ളൂ.

ബംഗ്ലാദേശിന്‍റെ സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. കേരളത്തില്‍ ജീവിക്കുന്ന ഒരാളോട് ഈ ചോദ്യം ചോദിച്ചാല്‍ കിഴക്കാണെന്ന ഉത്തരം അനുഭവത്തിലും വാക്കുകളിലും ശരിയാണ്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിലുള്ള ഒരാള്‍ക്ക് ആ ഉത്തരം അനുഭവപരമായി തെറ്റാണ്. ഇതില്‍ നിന്നും ഈ ശരിതെറ്റുകള്‍ നിര്‍ണയിക്കുന്നത് ഒരാളുടെ ലൊക്കേഷന്‍ (സ്ഥാനം) കൂടിയാണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. അപ്പോള്‍ ദേശരാഷ്ട്രത്തിനുള്ളിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് വിവിധ ശരിയുത്തരങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ അനുഭവ യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നതോടെ നമുക്ക് ദേശീയതയെ കൂടി നിരാകരിക്കേണ്ടി വരും. അപ്പോള്‍ ഈയൊരു ഉദാഹരണത്തില്‍ നിന്ന് ഇന്ത്യയെന്ന ദേശീയത എവിടെയാണ് ലൊക്കേറ്റ് ചെയ്യപ്പെടുന്നതെന്നും, അതിന്‍റെ വ്യവഹാരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിലുള്ളവര്‍ എങ്ങനെ ലൊക്കേറ്റ് ചെയ്യപ്പെടുന്നു എന്നും മനസ്സിലാക്കാനാകും.

The princes of Manipur, Col. Johnstone, Thangal Major and the European officer in Kohima, 1880

ഇതേ ഉദാഹരണത്തിലൂടെ ദേശീയതയുടെ മറ്റൊരു പ്രത്യേകതകൂടി മനസ്സിലാക്കാനാകും. ദേശീയതയില്‍ രണ്ട് തരത്തിലുള്ള അറിവുകളുണ്ട്. അതിലൊന്ന് അനുഭവത്തിലൂടെയുള്ള സാധാരണ അറിവാണ് (സിംപ്ള്‍ നോളജ്), രണ്ടാമത്തേത് ദേശീയതയില്‍ ഉപയോഗിക്കാവുന്ന ഉപകാരപ്പെടുന്ന അറിവാണ് (കണ്‍സ്യൂമബ്ള്‍ നോളജ്). അഥവാ മണിപ്പൂരിലുള്ള ഒരു കുട്ടിയോട് ബംഗ്ലാദേശിന്‍റെ സ്ഥാനത്തെ കുറിച്ച് പരീക്ഷയില്‍ ചോദിച്ചാല്‍ അവന്‍റെ അനുഭവത്തിലുള്ള സിംപ്ള്‍ നോളജ് അവര്‍ എഴുതിയാല്‍ ദേശീയതയുടെ വീക്ഷണത്തില്‍ അത് തെറ്റാണ്. കാരണം ദേശീയത നിര്‍ണയിച്ച അറിവുകള്‍ക്ക് മാത്രമാണ് ഇവിടെ കണ്‍സ്യൂമബിലിറ്റി ഉണ്ടാവുക. ഇതില്‍ നിന്ന് ദേശീയതയുടെ ഭാഗമായി ഭൂമിശാസ്ത്രപരമോ, സാംസ്കാരികമോ, സാമൂഹികമോ, രാഷ്ട്രീയമോ ആയ ചില മേഖലയില്‍ നിന്നുള്ള അനുഭവ അറിവുകള്‍ മാറ്റിവെക്കേണ്ടി വരുമെന്ന് മനസ്സിലാക്കാം. ഇവിടെ അറിവിന്‍റെ മേഖല ഭൂമിശാസ്ത്രപരമായി തന്നെ നോര്‍ത്ത് ഈസ്റ്റിനെ ഒഴവാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കിത്തരുന്നത്. കാരണം ബംഗ്ലാദേശ് ഇന്ത്യയുടെ കിഴക്കാണെന്ന് പഠിപ്പിക്കപ്പെടുന്നതോടെ ബംഗാള്‍ കഴിഞ്ഞ് ബംഗ്ലാദേശ് തുടങ്ങുന്നതോടെ ആ അതിര്‍ത്തിയില്‍ ഇന്ത്യ അവസാനിച്ചു. പിന്നെയെങ്ങനെയാണ് നോര്‍ത്ത് ഈസ്റ്റ് ഇതിന്‍റെ ഭാഗമാവുക. ഇത് കൃത്യമായി വിദ്യാഭ്യാസ വ്യവസ്ഥയില്‍ തന്നെ പ്രയോഗവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇത് വ്യക്തമാവുന്നത്.

ഇവിടെ മനസ്സിലാക്കാവുന്ന ഒരു കാര്യം വിദ്യാഭ്യാസ വ്യവസ്ഥയുടെ നടത്തിപ്പിലും ഉള്ളടക്കത്തിലുമെല്ലാം മെയ്ന്‍ ലാന്‍റില്‍ നിന്നുള്ളവരെയാണ് പരിഗണിക്കുന്നത്. അവര്‍ക്ക് അവരുടെ അനുഭവങ്ങളെ തന്നെ ഔദ്യോഗിക അറിവായും ലഭിക്കുന്നു. അപ്പോള്‍ ദേശീയതയില്‍, അതിന്‍റെ വിദ്യാഭ്യാസ വ്യവസ്ഥയില്‍, സ്വാഭവികമായും നോര്‍ത്ത് ഈസ്റ്റ് വിദ്യാര്‍ഥികളെക്കാള്‍ മെയ്ന്‍ ലാന്‍റ് വിദ്യാര്‍ഥികള്‍ക്ക് ആധിപത്യം ലഭിക്കുന്നു. ഇതാണ് ദേശീയതയിലൂടെയുള്ള അനുഭവം. ഇത് വിദ്യാഭ്യാസത്തിലും പൗരത്വത്തിലുമെല്ലാം ലംബമായ ശ്രേണീബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് സ്വാഭാവികമായും എഴുത്തിലും പഠനത്തിലും മറ്റെല്ലാ ജീവിത മേഖലയിലും ബാധിക്കുന്നു. ഉദാഹരണത്തിന്, ഇ.പി.ഡബ്ലിയു വില്‍ ‘റെപ്രസന്‍റേഷന്‍ ഓഫ് ട്രൈബല്‍ കമ്മ്യൂണിറ്റി’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം വന്നിരുന്നു. അതില്‍ ബംഗാളിലെയും ബീഹാരിലെയും ചില ട്രൈബല്‍സിനെ പരാമര്‍ശിക്കാന്‍ ‘ഇറ്റ്’ (ഇവര്‍) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അത് നോര്‍ത്ത് ഈസ്റ്റിലെ ട്രൈബല്‍സിലെത്തുമ്പോള്‍ ‘ദേ’ (അവര്‍) എന്ന വാക്കാണ് ഉപയാഗിക്കുന്നത്. ഈ മാറ്റം അബോധത്തില്‍ തന്നെ കടന്നുവരുന്നതാണ്. ഇതാണ് ഇന്ത്യന്‍ ദേശീയതയിലെ നോര്‍ത്ത് ഈസ്റ്റിന്‍റെ യഥാര്‍ത്ഥ സ്ഥാനം.

ചരിത്രത്തില്‍ ഇതേ അടിസ്ഥാനത്തില്‍ തന്നെയാണ് ഇന്ത്യയെന്ന ദേശീയതയോട് അവര്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയത്. ഉദാഹരണത്തിന് മണപ്പൂര്‍ 1949-ലാണ് ഇന്ത്യയോട് ചേര്‍ക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം അവിടെ രണ്ട് വര്‍ഷം രാജാവിന്‍റെ ഭരണമുണ്ടായിരുന്നു. എന്നാല്‍ 49-ല്‍ രാത്രി രാജാവിനോട് ഇന്ത്യ ഒരു കരാറിലൊപ്പിടാന്‍ പറയുന്നു. മണിപ്പൂരിനെ ഇന്ത്യയില്‍ ചേര്‍ക്കുന്ന കരാര്‍. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. അപ്പോള്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്യായ പട്ടേല്‍ അതിനദ്ദേഹത്തെ നിര്‍ബന്ധിക്കുകയും, സൈനിക ഉദ്ധ്യോഗസ്ഥരെ കൊണ്ട് ഭീഷണിപ്പെടുത്തി കരാര്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈനയുദ്ധത്തില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ വലിയ ഭാഗം ചൈന പിടിച്ചെടുത്തു. ആ സമയത്ത് നെഹ്റു ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നാണ് പറഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാണെന്ന് കാര്യം തന്നെ അവർ മറന്നുപോയി. ഇന്ത്യയുടെ അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നാണ് അന്ന് ഇന്ത്യാ സര്‍ക്കാര്‍ പറഞ്ഞത്. അപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഈ അതിര്‍ത്തിക്കുള്ളിലല്ലെന്നല്ലേ അതിന്‍റെ അര്‍ഥം. അപ്പോള്‍ ഈ വാദത്തിലൂടെ നോര്‍ത്ത് ഈസ്റ്റിനെ ഇന്ത്യയെന്ന സങ്കല്‍പത്തില്‍ നിന്ന ഒഴിവാക്കുകയാണ് നെഹ്റു ചെയ്തത്. കോര്‍ ഇന്ത്യയെ സംരക്ഷിക്കുകയും ചെയ്തു.

ഇന്ത്യയെന്ന രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ കുറെ ഭാഗങ്ങള്‍ കടലുകൊണ്ട് സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു. ബാക്കി ഒരു ഭാഗം ഹിമാലയന്‍ മലകള്‍കൊണ്ടും സുരക്ഷിതമാണ്. പിന്നെ ബാക്കിയുള്ള കിഴക്കന്‍ മേഖലയിലെ സുരക്ഷക്കായുള്ള ഷീല്‍ഡ് ആയാണ് നോര്‍ത്ത് ഈസ്റ്റിനെ ഇന്ത്യ കാണുന്നത്. ആ പരിഗണനയേ അവര്‍ക്ക് ലഭിക്കുകയുള്ളൂ. ഇതിന്‍റെ ഫലമായാണ് അഫ്സ്പ എന്ന പ്രത്യേക സൈനിക നിയമം അവിടെ നടപ്പാക്കപ്പെടുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ വിഘടന വാദികളാണ് (കാശ്മീരിലും അതുപോലെതന്നെ), അതുകൊണ്ട് അവിടെ പ്രത്യേക സൈനിക നിയമം വേണം. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിലെ ഒരാള്‍ക്ക് അഫ്സ്പ പ്രശ്നങ്ങള്‍ മാത്രമേ ഉണ്ടാക്കൂ. പിന്നെ ആര്‍ക്കാണ് അത് ഗുണം ചെയ്യുക. ഇന്ത്യയെന്ന ദേശത്തിനാണ്. അവരുടെ ആ മേഖലയിലുള്ള അതിര്‍ത്തി സുരക്ഷിതമാകും എന്നതാണ് അതിന്‍റെ നേട്ടം. അഥവാ ഇന്ത്യയുടെ ആ മേഖലയില്‍ നിന്നുള്ള അക്രമങ്ങള്‍ തടയാനുള്ള ഷീല്‍ഡ് സംരക്ഷിക്കപ്പെടും. അതുപോലെ തന്നെ ഈ മേഖലയില്‍ ഗവര്‍ണര്‍മാരായി വരറുള്ളത് സിവിലിയന്‍സില്‍ നിന്നുള്ളവരല്ല. വിരമിച്ച സൈനിക മേധാവികളാണ്. കാരണം അതാണ് അവിടെ വേണ്ടത്.

അഫസ്പയുടെ ലക്ഷ്യമായി പറയപ്പെട്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പാക്കുക. രണ്ട്, ഇന്ത്യയെ സുരക്ഷിതമാക്കുക. അപ്പോള്‍ ഇവിടെയും ചോദ്യമുണ്ട്. ഇന്ത്യയെ സുരക്ഷിതമാക്കുമ്പോള്‍ നോര്‍ത്ത് ഈസ്റ്റിലും സുരക്ഷിതത്വമല്ലേ ഉണ്ടാവേണ്ടത്. പക്ഷെ ഇവിടെ ഇന്ത്യുടെ സുരക്ഷക്കായുള്ള ഒരു പരിചയായി നോര്‍ത്ത് ഈസ്റ്റിനെ ഉപയോഗിക്കുകയല്ലേ ചെയ്യുന്നത്? അഫസ്പ എന്നത് വംശീയതയുടെ കൂടി മുഖമുള്ളൊരു നിയമമാണ്. കാരണം അവിടെയുള്ള വംശങ്ങളെ സംശയിക്കുന്നതിലൂടെ കൂടിയാണ് അത് നടപ്പിലാക്കപ്പെടുന്നത്.

നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ളവര്‍ക്കെതിരെ അക്രമങ്ങള്‍ അധികരിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ചില മുദ്രാവാക്യങ്ങളെ നമ്മളെന്നു വിലയിരുത്തണം. ‘ഞങ്ങളും ഇന്ത്യക്കാരാണ്’ എന്ന പ്ലെക്കാര്‍ ചില നോര്‍ത്ത് ഈസ്റ്റുകാര്‍ ഉയര്‍ത്തിയതായി കാണുന്നു. അതോടൊപ്പം ഇന്ത്യയുടെ മറ്റു ഭാഗത്തുനിന്നുള്ളവര്‍ ‘നോര്‍ത്ത് ഈസ്റ്റും ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യവും ഉയര്‍ത്തി. അവരുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, ഈ മുദ്രാവാക്യത്തിലൂടെ എന്താണ് സംഭവിക്കുന്നത്. യഥാര്‍ഥത്തില്‍ നോര്‍ത്ത് ഈസ്റ്റിലെ ആളുകള്‍ എന്നാണ് ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായിരുന്നത്. അവര്‍ ഒരുകാലത്തും അങ്ങനെയായിരുന്നില്ലല്ലോ. പല തരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ ദേശീയതയില്‍ നിന്ന പുറം തള്ളുകയാണല്ലോ ദേശരാഷ്ട്രം ചെയ്തത്. അപ്പോള്‍ ഞങ്ങള്‍ ഇന്ത്യക്കാരല്ല എന്നായിരുന്നില്ലേ മുദ്രാവാക്യം ഉണ്ടാവേണ്ടിയിരുന്നത്. ദേശീയതയെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ വരുന്ന വലിയ ചോദ്യമാണിത്.

ആധുനികതയും ബ്രാഹ്മണിസവും സൃഷ്ടിച്ച ചില ഹൈറാര്‍ക്കിയല്‍ ഘടനയുടെ ഭാഗമായാണ് ഇന്ത്യയില്‍ പൗരത്വം എന്ന ആശയവും നിലനില്‍ക്കുന്നത് എന്നാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം. ഇവിടെ പ്രദേശങ്ങളുടെ, സംസ്കാരങ്ങളുടെ, മതങ്ങളുടെ എല്ലാം പരിഗണനയില്‍ പൗരന്മാരെ വ്യത്യസ്ത തട്ടുകളായി തിരിച്ചിരിക്കുന്നു. അതിനെ മറികടക്കാതെയും തിരിച്ചറിയാതെയും ദേശീയതയോട് നമുക്ക് ആരോഗ്യകരമായി ഇടപെടാനാവില്ല.

(എസ് ഐ ഓ പ്രസിദ്ധീകരിച്ച മുഖദ്ദിമ അക്കാദമിക് കോൺഫറൻസിന്റെ പ്രബന്ധ സമാഹാരത്തിൽ നിന്ന്)

 

തൊങ്കം ബിപിൻ