Campus Alive

മെറീനയോ സമീറയോ? മലയാള സിനിമ ടേക് ഓഫ് ചെയ്യുന്നതാരെ?

‘യഥാര്‍ഥ സംഭവം’

‘ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ജന്മ നഗരമായ തിക്‌രീതിലെ ടീച്ചിങ് ഹോസ്പിറ്റലില്‍ 45 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയുമടക്കം 46 നഴ്‌സുമാര്‍ ആഭ്യന്തര യുദ്ധം കാരണം കുടുങ്ങി കിടക്കുന്ന വിവരം 2014 ജൂണ്‍ 14ന് തന്നെ പുറത്തറിഞ്ഞിരുന്നു. ഇറാഖിലെ സായുധരായ സുന്നി വിമതര്‍ ആശുപത്രിയുടെ നിയന്ത്രണം പിടിച്ചെടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്. (ഇറാഖിലെ ശിയ സര്‍ക്കാറിനെതിരെ 2009 മുതല്‍ രംഗത്തുള്ള സായുധ സുന്നി വിമതരെ 2014 പകുതി വരെ ഇതേപേരിലാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയിരുന്നത്. അമേരിക്കയുടേയും ഗള്‍ഫ് രാജ്യങ്ങളുടേയും പരോക്ഷ പിന്തുണയോടെ സായുധരായി രംഗത്തുണ്ടായിരുന്ന സുന്നി വിമത സേനയെ 2014 പകുതിക്ക് ശേഷമാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ISIL, ISIS, IS അറബിയില്‍ ‘ദാഇശ്’ എന്നും വിളിക്കാന്‍ തുടങ്ങിയത്. ഐ.എസിന്റെ ഉയിര്‍പ്പ് പോലെ ദുരൂഹമാണ് സുന്നി വിമത സേനയുടെ ഐ.എസിലേക്കുള്ള രൂപമാറ്റവും).

2003 ഏപ്രില്‍ ഒമ്പതിന് സദ്ദാം ഹുസൈനെ പുറത്താക്കി അമേരിക്കന്‍ അധിനിവേശ സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം 2006ല്‍ നിലവില്‍ വന്ന ശിയ ഭൂരിപക്ഷമുള്ള നൂരി അല്‍മാലികി സര്‍ക്കാറിന്റെ നിയന്ത്രണത്തിലായിരുന്നു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. സുന്നി വിമതരുടെ പിടയിലായതോടെ തദ്ദേശീയരായ ആശുപത്രി ജീവനക്കാരും രോഗികളും ആശുപത്രി വിട്ടുപോയി. പരസഹായമില്ലാതെ ചലിക്കാന്‍ കഴിയാത്ത ചില രോഗികളും മലയാളി നഴ്‌സുമാരും ബംഗ്ലാദേശുകാരായ ശുചീകരണ തൊഴിലാളികളും ആശുപത്രിയില്‍ ബാക്കിയായി. വിമതര്‍ താവളമാക്കിയതായി സംശയിച്ച് ഇറാഖ് സൈന്യം ആശുപത്രിക്ക് നേരെ ബോംബാക്രമണം ശക്തമാക്കിയതോടെ നഴ്‌സുമാരുടെ ജീവന് ഭീഷണിയുയര്‍ന്നു. ഇതോടെ അവര്‍ രക്ഷക്കായി ഇറാഖിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന മലയാളി എ. അജയ്കുമാര്‍, നാട്ടിലെ ബന്ധുക്കള്‍ വഴി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ‘ഗള്‍ഫ് മാധ്യമം’ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍, ഗള്‍ഫിലെ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരോട് സഹായമഭ്യര്‍ഥിച്ചു. കോട്ടയം, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരായിരുന്നു നഴ്‌സുമാര്‍.

നഴ്‌സുമാരെ രക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവുമുണ്ടായില്ല. ആശുപത്രിയില്‍ ഇന്ത്യന്‍ നഴ്‌സുമാരുണ്ടെന്നും അവിടേക്ക് ബോംബാക്രമണം നടത്തരുതെന്നും ഇറാഖി അധികൃതരോട് അഭ്യര്‍ഥിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാറിന് സാധിച്ചില്ല. സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ നഴ്‌സുമാരെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതും ഭക്ഷണമെത്തിച്ചതും സുന്നി വിമതരായിരുന്നു. ‘എല്ലാ പ്രതീക്ഷയും നശിച്ചെന്നും സര്‍ക്കാര്‍ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയതെന്നും ഇനി തങ്ങളെ തിരിച്ചു കൊണ്ടുപോകാന്‍ ശവപ്പെട്ടി അയച്ചാല്‍ മതി’യെന്നുമാണ് സോന ജോസഫ് എന്ന നഴ്‌സ് ഡല്‍ഹിയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ട പത്രപ്രവര്‍ത്തകനോട് പറഞ്ഞത്.

1490269625_take-off-indian-nurses-iraq-isis

ജൂലൈ മൂന്നിന് ആശുപത്രി വളപ്പില്‍ ഇറാഖ് സൈന്യം ബോംബ് വര്‍ഷിച്ചു. ഇതേതുടര്‍ന്ന് വിമത സേന ആശുപത്രി വളഞ്ഞ് ഉടന്‍ അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസിലിലേക്ക് മാറണമെന്നായിരുന്നു നിര്‍ദേശം. (മൂസില്‍ എന്ന പേര് പടിഞ്ഞാറന്‍ മാധ്യമങ്ങളെ അനുകരിച്ച് ‘മൊസ്യൂള്‍’ എന്ന് തെറ്റായാണ് സിനിമയില്‍ ഉപയോഗിക്കുന്നത്). ഉടന്‍ നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പൈട്ടെങ്കിലും വിമതര്‍ക്കൊപ്പം പോകരുതെന്നായിരുന്നു നിര്‍ദേശം. നിങ്ങള്‍ ആലോചിച്ച് തീരുമാനമറിയിക്കാന്‍ പറഞ്ഞ് വിമതര്‍ മടങ്ങി. കുറേകഴിഞ്ഞ് മറ്റൊരു സംഘമെത്തി നിങ്ങളെ രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അഞ്ച് മണിക്കൂര്‍ കൂടി സമയം തരാമെന്നും പറഞ്ഞു. അപ്പോഴും എംബസിയില്‍ നിന്ന് അനുവാദം ലഭിച്ചില്ല. മൂന്നാമത്തെ തവണയെത്തിയ വിമതര്‍ അരമണിക്കൂര്‍ സമയം കൂടി തരാമെന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പറഞ്ഞു. അവസാനമായി എംബസി അധികൃതരേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും നഴ്‌സുമാര്‍ ബന്ധപ്പെട്ടു. വിമതരെ പ്രകോപിപ്പിക്കാതെ ബസില്‍ കയറാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂസിലിലേക്ക് പോകാന്‍ തീരുമാനിച്ചത്. നഴ്‌സുമാരും വിമതരും ആശുപത്രി വിട്ടയുടന്‍ തന്നെ ഇറാഖ് സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ ആശുപത്രി കെട്ടിടം തകര്‍ന്നിരുന്നു. ഈ സ്‌ഫോടനത്തില്‍ ചില്ല് തെറിച്ച് ബസിലുള്ളവര്‍ക്ക് ചെറിയ പരിക്കേറ്റു. (അക്ഷരാര്‍ഥത്തില്‍ വിമതര്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നെന്ന് നഴ്‌സുമാരില്‍ പെട്ട കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രുതി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു).

വിമതരും ഇറാഖി സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ 198 കിലോമീറ്റര്‍ അകലെയുള്ള മൂസിലിലേക്ക് ജീവന്‍ കൈയില്‍ പിടിച്ചാണ് നഴ്സുമാരും വിമതരും ബസില്‍ യാത്രചെയ്തത്. മൂസിലില്‍ രാത്രി ഒമ്പതോടെ എത്തിയ നഴ്‌സുമാരെ വൈദ്യുതിയില്ലാത്ത മുറിയിലടച്ചു. പിന്നീട് വെള്ളിയാഴ്ച (ജൂലൈ നാല്) രാത്രി മൂസിലില്‍ നിന്ന് 81 കിലോമീറ്റര്‍ അകലെ കുര്‍ദിസ്താന്‍ സ്വയംഭരണ മേഖലയില്‍ പെട്ട ഇര്‍ബില്‍ പട്ടണത്തിന്റെ അതിര്‍ത്തിയില്‍ വിമതര്‍ നഴ്‌സുമാരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. ശനിയാഴ്ച എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നഴ്‌സുമാര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങി.

ഇന്ത്യയെയോ അതിന്റെ പൗരന്മാരേയോ പ്രതിസന്ധിയിലാക്കുക എന്നത് തങ്ങളുടെ അജണ്ടയിലില്ലെന്ന് വിമതര്‍ക്ക് വേണ്ടി സംസാരിച്ച ഡോക്ടര്‍മാര്‍ പ്രതിസന്ധിയുടെ ആദ്യത്തില്‍ തന്നെ ഇന്ത്യന്‍ പ്രതിനിധികളെ അറിയിച്ചിരുന്നു. ഇറാഖ് സര്‍ക്കാറിന് പുറമെ അറബ് രാജ്യങ്ങളോടും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഹായമര്‍ഥിച്ചപ്പോള്‍ പൂര്‍ണ പിന്തുണയറിയിച്ചിരുന്നു. വിമത സൈനികരുടെ ഗുരുസ്ഥാനീയരായ സദ്ദാം ഭരണകാലത്തെ ബഅസ് പാര്‍ട്ടി നേതാക്കളില്‍ ചിലരും വിഷയത്തില്‍ ഇടപെട്ടിരുന്നു. മേഖലയില്‍ വാണിജ്യ ബന്ധങ്ങളുള്ള മലയാളി വ്യവസായികള്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രേരണയില്‍ നഴ്‌സുമാരുടെ കൈമാറ്റത്തിനു വേണ്ട പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതില്‍ പിന്തുണ നല്‍കിയിരുന്നു. അറബ് രാജ്യങ്ങളുമായി വര്‍ഷങ്ങളുടെ നയതന്ത്ര ബന്ധമുള്ള മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ വിലയേറിയ സേവനം നഴ്‌സുമാരുടെ മോചനത്തിന് ലഭിച്ചതായും ഇതിന് പ്രത്യേക നന്ദി അറിയിക്കുന്നതായും പാര്‍ലമെന്റിന്റെ ഇരുസഭകളിലും സുഷമ സ്വരാജ് പറഞ്ഞിരുന്നു. രണ്ടു വര്‍ഷം സൗദിയില്‍ നഴ്‌സായി ജോലി ചെയ്ത് ഭാഷാപരിചയമുള്ള കോട്ടയം സ്വദേശി മെറിന്‍ എം. ജോസാണ് നഴ്സുമാരുടെ സംഘത്തിന്റെ നേതാവായി വിമതരോടും ഇന്ത്യന്‍ അധികൃതരോടും ആശയ വിനിമയം നടത്തിയിരുന്നത്.
(അവലംബം: 2014 ജൂലൈ നാലു മുതല്‍ ആറു വരെയുള്ള ‘മാധ്യമം’ റിപ്പോര്‍ട്ടുകള്‍)

‘യഥാര്‍ഥ സംഭവങ്ങ’ളെ മലയാള സിനിമ പകര്‍ത്തുമ്പോള്‍

2014 ജൂലൈയില്‍ ഇറാഖിലെ സായുധരായ സുന്നി വിമതരുടെ പിടിയില്‍ നിന്ന് മലയാളി നഴ്‌സുമാരെ മോചിപ്പിച്ച ‘യഥാര്‍ഥ സംഭവ’ത്തെ അടിസ്ഥാനമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘ടേക് ഓഫ്’ (2017) സിനിമയുടെ അവസാനത്തില്‍ നായിക കഥാപാത്രമായ സമീറയെ അവതരിപ്പിച്ച നടി പാര്‍വതി ‘യഥാര്‍ഥ’ നായിക കോട്ടയം സ്വദേശിനി മെറിന്‍ എം. ജോസിനൊപ്പം നില്‍ക്കുന്ന ചിത്രം കാണിക്കുന്നുണ്ട്. മെറിന്‍ ആണ് സമീറ എന്ന നായിക കഥാപാത്രത്തിന്റെ പൂര്‍വ രൂപമെന്ന് സിനിമ തന്നെ സ്വയം അടയാളപ്പെടുത്തുന്ന സന്ദര്‍ഭം. അപ്പോള്‍ ന്യായമായ ചോദ്യം, രണ്ട് മണിക്കൂര്‍ 19 മിനിറ്റ് നേരം തിരിശ്ശീലയില്‍ കാണിച്ച യഥാര്‍ഥ ‘സമീറ’ ആരാണ്?

take-off-movie-review-4

ഈ ചോദ്യം ‘യഥാര്‍ഥ സംഭവങ്ങളെ’ അടിസ്ഥാനമാക്കി മലയാള സിനിമ എടുക്കാന്‍ തുടങ്ങിയ കാലം മുതലുണ്ട്. അല്ല, യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് ‘ഊര്‍ജ’മുള്‍ക്കൊണ്ട് മലയാള സാഹിത്യ രചനകള്‍ പിറക്കുന്ന കാലം തൊട്ടേയുണ്ട്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ മലയാള സാഹിത്യത്തിന്റെയും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടേയും ‘മുസ്‌ലിം ഭീതി’യില്‍ ഒളിഞ്ഞു കിടപ്പുണ്ട്. വടക്കന്‍ പാട്ടുകള്‍, ടിപ്പു സുല്‍ത്താന്റെ മലബാറിലെ പടയോട്ടം, 1921ലെ മലബാര്‍ സമരം എന്നീ സംഭവങ്ങളെ മലയാള സാഹിത്യ ലോകം സമീപിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമാവും. വടക്കന്‍ പാട്ടുകളില്‍ പോര്‍ച്ചുഗീസ് കാലത്തെ രാഷ്ട്രീയ ചെറുത്തുനില്‍പിന്റെ പ്രതീകമായിരുന്ന കുഞ്ഞാലി മരക്കാര്‍ നാലാമനെ ചിത്രീകരിച്ചതിലും ടിപ്പു സുല്‍ത്താന്റെ മലബാര്‍ പടയോട്ടത്തെ കുറിച്ച വിവരണങ്ങളിലും (ഉദാ: എ.ആര്‍. രാജരാജ വര്‍മയുടെ സാഹിത്യ സഹ്യത്തിലെ (1911) ‘പടയോട്ടം’ എന്ന ഭാഗം) 1921ലെ മലബാര്‍ സമരത്തെ മുന്‍ നിര്‍ത്തി വന്ന മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’ (1922) എന്ന ഖണ്ഡകാവ്യത്തിലും ഇത് കാണാം.

ദുരവസ്ഥ’ ഉല്‍പാദിപ്പിക്കുന്ന മുസ്‌ലിം ഭീതിയെ കുറിച്ച് അക്കാലത്ത് തന്നെ മുസ്‌ലിം പക്ഷത്തു നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ആലപ്പുഴ മുസ്‌ലിം യുവജന സംഘം ഇക്കാര്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. ഇതിന് മറുപടിയായി ആശാന്‍ എഴുതി: ‘മലബാറില്‍ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുന്‍നിര്‍ത്തിയുള്ള അവരുടെ പൈശാചിക പ്രവര്‍ത്തികളെയും അതില്‍ കാവ്യയോഗ്യമായ വിധത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ രസാനുഗുണമായും ലഹളയെ സംബന്ധിച്ച് ഞാനറിഞ്ഞിട്ടുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങള്‍ അവരെയും അവരുടെ പ്രവര്‍ത്തികളെയും മാത്രം കുറിക്കുന്നവയാണ്.

‘രസാനുഗുണമായ വര്‍ണനയില്‍ സ്വാഭാവിക’മായും സംഭവിച്ചുപോയതാണ് തന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെന്ന് ആശാന്‍ പറയുന്നുണ്ട്. ‘ദുരവസ്ഥ’യില്‍ നിന്ന് മലയാള ചലച്ചിത്രങ്ങളുടെ കാലത്തിലെത്തുമ്പോള്‍ ‘രസാനുഗുണമായ’ ഈ വര്‍ണന ‘പ്രേക്ഷകരുടെ അഭിരുചി’ക്കൊത്ത് കഥാപാത്രങ്ങളുടെ നിര്‍മിതിയില്‍ അട്ടിമറി നടത്തിയാണ് സാധ്യമാക്കുന്നത്. സവിശേഷമായ ചില ഉദാഹരണങ്ങള്‍ (കാലാപാനി, ഗദ്ദാമ, എന്നു നിന്റെ മൊയ്തീന്‍) മാത്രമെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. മലബാര്‍ സമരത്തെ തുടര്‍ന്ന് 1921 അവസാനത്തിലും 1922 മധ്യത്തിലുമായി ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് മുസ്‌ലിംകളെ ബ്രിട്ടീഷ് ഭരണകൂടം ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലടച്ച സംഭവത്തെ മലയാള സിനിമ കണ്ടെടുക്കുന്നത് ഗോവര്‍ധന്‍ മേനോന്‍ എന്ന സവര്‍ണ കഥാപാത്രത്തിലൂടെയാണ് (കാലാപാനി 1996). ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായ മലബാര്‍ മുസ്‌ലിംകളെ അപ്പാടെ ഗോവര്‍ധന്റെ കഥാപാത്ര സൃഷ്ടിയിലൂടെ സിനിമ അദൃശ്യമാക്കുന്നു. സിനിമയില്‍ യഥാര്‍ഥ പീഡകരായ ബ്രിട്ടീഷ് ഭരണകൂടമല്ല, അവരുടെ ഉദ്യോഗസ്ഥനായ പഠാണി മുസ്‌ലിമാണ് ശത്രുവെന്നും പറഞ്ഞുവെക്കുന്നുണ്ട്.

lbymbIeceifsi

കമല്‍ സംവിധാനം ചെയ്ത ‘ഗദ്ദാമ’ (2011) എന്ന സിനിമയിലും നായിക കഥാപാത്രത്തിന് സമാനമായ അട്ടിമറിച്ചില്‍ സംഭവിക്കുന്നുണ്ട്. റിയാദിലെ മലയാളി പത്രപ്രവര്‍ത്തകനായ കെ.യു. ഇഖ്ബാല്‍ ഭാഷാപോഷിണി മാസികയില്‍ എഴുതിയ ഫീച്ചറാണ് ‘ഗദ്ദാമ’ സിനിമക്ക് ആധാരം. മുസ്‌ലിം വീട്ടുവേലക്കാരിയായ സുബൈദ അനുഭവിക്കേണ്ടി വന്ന ദുരിതമാണ് ഫീച്ചറില്‍ വരച്ചു കാണിക്കുന്നത്. എന്നാല്‍ ഇത് സിനിമയായപ്പോള്‍ സുബൈദക്ക് പകരം കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന അശ്വതി എന്ന മധ്യ വര്‍ഗ ഹിന്ദു യുവതിയാണ് നായികയാവുന്നത്. സൗദിയിലെ അറബി കുടുംബത്തില്‍ പീഡനങ്ങള്‍ക്കിരയാവുന്ന സുബൈദയേക്കാള്‍ ‘പ്രേക്ഷക പ്രീതി’ അശ്വതിക്കാണെന്ന് സിനിമ നിരീക്ഷിക്കുന്നു.

2015ല്‍ ഇറങ്ങിയ ‘എന്നു നിന്റെ മൊയ്തീന്‍’ സിനിമയില്‍ മൊയ്തീന്റെ പിതാവ് ബി.പി. ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ കഥാപാത്ര നിര്‍മിതിയിലാണ് മറ്റൊരു അട്ടിമറിച്ചില്‍ നടക്കുന്നത്. ‘യഥാര്‍ഥ’ ജീവിതത്തില്‍ താടിയും തലപ്പാവുമില്ലാത്ത, ‘പ്രാക്ടീസിങ് മുസ്‌ലി’മല്ലാത്ത ഉണ്ണിമൊയ്തീന്‍ സാഹിബിനേക്കാള്‍ കാഴ്ചയില്‍ തന്നെ മത വിശ്വാസിയായ ഉണ്ണിമൊയ്തീന്‍ സാഹിബാണ് പ്രേക്ഷക രുചിമുകുളങ്ങളില്‍ മൊയ്തീനെ കത്തികൊണ്ട് കുത്താന്‍ നല്ലതെന്ന് ഈ സിനിമ പറഞ്ഞുവെക്കുന്നുണ്ട്.

മെറീനക്ക് പകരം സമീറ വരുമ്പോള്‍

ഇറാഖില്‍ നിന്ന് മോചിതരായ 46 നഴ്‌സുമാരില്‍ ഒരാള്‍പോലും മുസ്‌ലിമായിരുന്നില്ലെന്ന് തിരിച്ചറിയുമ്പോഴാണ് ‘സമീറ’ എന്ന നായിക കഥാപാത്ര സൃഷ്ടിയിലൂടെ ഈ സിനിമ നടത്തുന്ന മുസ്‌ലിം വംശവെറിയുടെ ആഴം മനസിലാകുക. കേരളത്തില്‍ മുസ്‌ലിം സമുദായം മുസ്‌ലിം സ്ത്രീകളുടെയും ഇറാഖില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ മൊത്തം സ്ത്രീകളുടേയും ജീവിതത്തെ ഒരുപോലെ അപായപ്പെടുത്തുകയാണെന്ന ഗുരുതര ആരോപണമാണ് സമീറ എന്ന സാങ്കല്‍പിക കഥാപാത്ര സൃഷ്ടിയിലൂടെ സിനിമ മുന്നോട്ടുവെക്കുന്നത്. യഥാര്‍ഥ സംഭവങ്ങളോട് ഒരു തരത്തിലും ബന്ധമില്ലാത്ത കേരളീയ മുസ്‌ലിം കുടുംബ പശ്ചാതലം ഈ സിനിമയില്‍ ചേര്‍ത്തുവെക്കുന്നത് മുസ്‌ലിം ഭീതിയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്.

സിനിമയുടെ ആദ്യപാതി മുഴുവന്‍ സ്വന്തം കുടുംബത്തില്‍ നിന്നും മുസ്‌ലിം സമുദായത്തില്‍ നിന്നും സമീറയെന്ന തന്റേടിയായ പെണ്ണിന് നേരിടേണ്ടി വരുന്ന ദുരിതങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഗള്‍ഫില്‍ ഭര്‍ത്താവിന്റെ കൂട്ടുകുടുംബത്തില്‍ കഴിയുന്ന സമീറ പുറത്ത്‌പോയി തൊഴിലെടുത്ത് സ്വന്തം പിതാവിനെയും സഹോദരിമാരേയും പോറ്റുന്നത് ഭര്‍ത്താവ് ഫൈസലിനും (ആസിഫലി) കുടുംബത്തിനുമുണ്ടാക്കുന്ന അതൃപ്തിയില്‍ നിന്നാണ് സമീറയുടെ വിവാഹമോചനമെന്ന കഥപറച്ചിലിലൂടെ മുസ്‌ലിം സമുദായം അടിമുടി സ്ത്രീവിരുദ്ധമാണെന്ന പല്ലവി ആവര്‍ത്തിക്കുന്നത്.

ഫൈസലിന്റെ കുടുംബത്തിന്റെ ദൃശ്യപരിചരണത്തില്‍ തന്നെ ഈ മുസ്‌ലിം വംശവെറി അടങ്ങിയിരിക്കുന്നു. സമീറയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഫൈസലിനെ സുബ്ഹി നമസ്‌കാരത്തിനായി പിതാവ് വിളിച്ചുണര്‍ത്തി കൊണ്ടുപോകുന്ന ദൃശ്യം / ഭര്‍തൃപിതാവടക്കമുള്ളവരിരിക്കുന്ന (ആണധികാര കേന്ദ്രം) ഡൈനിങ് ടേബിളില്‍ നിന്ന് ‘തലയില്‍ തട്ടമിടാത്ത’ സമീറ ഭക്ഷണമെടുത്ത് സ്വന്തം മുറിയില്‍ പോകുന്നത് / ഫ്‌ളാറ്റില്‍ നിന്ന് പര്‍ദയിടാതെ ജോലിക്ക് പോകുന്ന സമീറയെ ജനലിലൂടെ നോക്കുന്ന മഫ്തയിട്ട ഭര്‍തൃമാതാവിന്റെയും സഹോദര ഭാര്യമാരുടേയും ദൃശ്യം എന്നിവയിലെല്ലാം കാമറയുടെ വംശീയബോധം കാണാം.

take-off-movie-review-3.jpg.image.784.410

പര്‍ദയോടും മഫ്തയോടുമുള്ള സിനിമയുടെ അതൃപ്തി സമീറ പര്‍ദ ധരിക്കാനെടുക്കുന്ന തീരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. രണ്ടാം ഭര്‍ത്താവായ ശഹീദില്‍ നിന്ന് താന്‍ ഗര്‍ഭിണിയാണെന്ന വിവരം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ‘മറച്ചു പിടിക്കാ’നാണ് സമീറ പര്‍ദയിടുന്നത്. മുസ്‌ലിം സ്ത്രീ സ്വമനസാലെയല്ല, എന്തെങ്കിലും മറച്ചു പിടിക്കേണ്ട സാഹചര്യത്തിലാണ് പര്‍ദയും മഫ്തയും അണിയുന്നതെന്നും സിനിമ പറഞ്ഞുവെക്കുന്നു. വിവാഹ മോചിതയായി കേരളത്തിലെത്തിയ ശേഷം അമ്മാവനടക്കമുള്ള ‘മുസ്‌ലിം പുരുഷന്മാരുടെ’ അധികാര കേന്ദ്രവുമായി ഏറ്റുമുട്ടേണ്ട അവസഥയിലാണ് സമീറ. തന്നിലെ സ്ത്രീയുടെ സ്വതന്ത്ര വ്യക്തിയെ ‘അംഗീകരിക്കുന്ന’ സഹപ്രവര്‍ത്തകനായ ശഹീദിനെ (കുഞ്ചാക്കോ ബോബാന്‍) രണ്ടാമത് വിവാഹം കഴിക്കുന്നത് തന്നെ ഈ ‘മുസ്‌ലിം ആണധികാര’ കേന്ദ്രത്തില്‍ നിന്ന് ഇറാഖിലേക്ക് രക്ഷപ്പെടാമെന്ന വ്യാമോഹം കൊണ്ടാണെന്നും സിനിമ പറഞ്ഞുവെക്കുന്നു.

സമീറ മറച്ചുവെക്കുന്നത് ആരുടെ ജീവിതങ്ങളെ?

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലുമടക്കം ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരില്‍ എത്ര ശതമാനമാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ എന്ന ചെറിയൊരു കണക്കെടുപ്പ് നടത്തിയാല്‍ തന്നെ ‘ടേക് ഓഫ്’ സിനിമയുടെ സ്രഷ്ടാക്കള്‍ മറച്ചു വെക്കുന്നത് ആരുടെ ജീവിതമാണെന്ന് പിടികിട്ടും. മധ്യ കേരളത്തില്‍ നിന്നും വിശേഷിച്ചും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുമുള്ളവരാണ് മലയാളി നഴ്‌സുമാരില്‍ ഭൂരിഭാഗവുമെന്ന് മനസിലാക്കാന്‍ ഇറാഖില്‍ നിന്ന് മടങ്ങിയ 46 നഴ്‌സുമാരുടെ ഒറ്റ ഉദാഹരണം മാത്രം മതിയാകും. സമീറ എന്ന സാങ്കല്‍പിക മുസ്‌ലിം നഴ്‌സും അവളുടെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബവും ഇല്ലാതാകുന്നതോടെ സിനിമയുടെ കാമറ തിരിക്കേണ്ടി വരുന്നത് ആരുടെ ജീവിതങ്ങളിലേക്കാകും? ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലേക്ക് സ്വന്തം പെണ്‍മക്കളെ പറഞ്ഞയച്ച മധ്യ കേരളത്തിലെ ആ കുടുംബങ്ങളിലേക്ക് എന്നാണുത്തരം.

അങ്ങിനെ വരുമ്പോള്‍ അത് മധ്യകേരളത്തിലെ ഏതെങ്കിലും നഴ്‌സുമാരുടെ വീട്ടിലേക്ക് മാത്രമായി പരിമിതിപ്പെടില്ല. നഴ്‌സിങ് മേഖലയിലെ കഴുത്തറപ്പന്‍ ഫീസും പഠനത്തിന് ചെലവായ പണം ഈടാക്കാനായി കൂടുതല്‍ ശമ്പളം കിട്ടുന്ന ഏത് നരകത്തിലേക്കും മക്കളെ പറഞ്ഞയക്കുന്ന മാതാപിതാക്കളിലേക്കും ഭര്‍ത്താക്കന്മാരിലേക്കുമെല്ലാം കാമറ പതിയേണ്ടി വരും. സിനിമയിലൊരിടത്ത് ഒരു കഥാപാത്രമിത് പറയുന്നുണ്ട്, ‘കാശില്ലാതെ അങ്ങോട്ട് വരേണ്ടെന്നാണ് അഛന്‍ പറയുന്നത്’. കുടുംബത്തിന്റെ ഊഷ്മളതയേക്കാളും സ്വന്തം പെണ്‍മക്കളുടെ ജീവനേക്കാളും പണമാണ് വലുത് എന്നു കരുതുന്ന ‘യഥാര്‍ഥ’ കുടുംബങ്ങളിലേക്ക് കാമറ ഒരിക്കലും തിരിയരുതെന്ന് ഈ സിനിമക്ക് നിര്‍ബന്ധമുണ്ട്. ബാധ്യതകള്‍ തീര്‍ക്കാന്‍ വിവാഹവും കുടുംബ ജീവിതവും നീട്ടിവെക്കപ്പെടുന്ന മലയാളി നഴ്‌സുമാരുടെ ‘യഥാര്‍ഥ’ മനുഷ്യാവകാശ പ്രശ്‌നങ്ങളും മുസ്‌ലിം വംശവെറിയുടെ ചെലവില്‍ ഈ സിനിമ മൂടിവെക്കുന്നുണ്ട്.

‘അവര്‍ ഞങ്ങളോട് സ്‌നേഹത്തോടെ പെരുമാറി’

‘തിക്‌രീതിലെ ടീച്ചിങ് ആശുപത്രിയില്‍ നിന്ന് മൂസിലിലേക്കുള്ള യാത്രയിലും പിന്നീടും സുന്നി വിമതര്‍ ഞങ്ങളോട് സ്‌നേഹത്തോടെയാണ് പെരുമാറിയതെന്ന് നഴ്സുമാരിലൊരാളായ മാവേലിക്കര സ്വദേശി ജയലക്ഷ്മി പറഞ്ഞു’. നഴ്‌സുമാര്‍ കേരളത്തിലെത്തിയ ദിവസത്തെ പത്രവാര്‍ത്തയാണിത്. അവര്‍ സഹോദരന്മാരെ പോലെയാണ് പെരുമാറിയതെന്ന് മറ്റു നഴ്സുമാരും പറഞ്ഞതായി പത്രങ്ങളും ചാനലുകളും അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂസിലില്‍ നിന്ന് ഇര്‍ബില്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കായി നഴ്‌സുമാരുടെ ലഗേജുകള്‍ ബസില്‍ കയറ്റാന്‍ സഹായിച്ചത് മൂസില്‍ പ്രാദേശിക ഭരണകൂടത്തിലെ സൈനികര്‍ (പടിഞ്ഞാറന്‍ മാധ്യമഭാഷയില്‍ ഐ.എസ് ഭീകരര്‍) ആണെന്ന് കോട്ടയം സ്വദേശി ശ്രുതിയും പറഞ്ഞിരുന്നു.

ഇറാഖി സൈന്യം ആശുപത്രി ബോംബിട്ട് തകര്‍ക്കുന്നതിന് മുമ്പായി നഴ്‌സുമാരെ മൂസിലിലേക്ക് മാറ്റിയ (നഴ്‌സുമാരുടെ വാക്കുകളില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ തങ്ങളുടെ ജീവന്‍ രക്ഷിച്ച) വിമത സൈനികരെ ‘ടേക് ഓഫ്’ സിനിമയില്‍ കാണാന്‍ കഴിയില്ല. പകരം നഴ്‌സുമാര്‍ ഇതുവരെ ആരോപിക്കാത്ത വംശവെറിയുല്‍പാദിപ്പിക്കുന്ന പെരുംനുണകളാണ് സിനിമയുടെ രണ്ടാം പാതിയിലുള്ളത്.

1481179099_take-off

മുസ്‌ലിംകളല്ലാത്ത നഴ്‌സുമാരെ മൂസിലിലേക്ക് മാറ്റില്ലെന്നാണ് സിനിമയില്‍ വിമതസൈനികര്‍ പറയുന്നത്. നഴ്‌സുമാരില്‍ ഒരാള്‍പോലും മുസ്‌ലിമല്ലെന്ന് വിമതര്‍ക്ക് അറിയാമായിരുന്നുവെന്നതാണ് ‘യാഥാര്‍ഥ്യം’. എന്നിട്ടും സമീറ എന്ന സാങ്കല്‍പിക കഥാപാത്രത്തെ ഉപയോഗിച്ച് സിനിമ കടുത്ത മുസ്‌ലിം വിദ്വേഷം ഉല്‍പാദിപ്പിക്കുന്നു. തങ്ങളെല്ലാം മുസ്‌ലിംകളാണെന്ന് വിമതസൈനികരെ ധരിപ്പിക്കാന്‍ സമീറയാണ് മറ്റുള്ളവര്‍ക്ക് മഫ്ത ധരിക്കുന്നതും നമസ്‌കരിക്കുന്നതുമെല്ലാം പഠിപ്പിക്കുന്നത്. മുസ്‌ലിം ‘തീവ്രവാദികളു’ടെ തോക്കിന്‍ മുനക്ക് കീഴില്‍ സമീറയുടെ നേതൃത്വത്തില്‍ നമസ്‌കരിക്കുന്ന നഴ്‌സുമാരുടെ ദൃശ്യം സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന ‘നിര്‍ബന്ധിത മതപരിപവര്‍ത്തന’ കഥകളേക്കാള്‍ ആയിരം മടങ്ങ് സ്‌ഫോടക ശേഷിയുള്ളതാണ്.

യസീദി മുസ്‌ലിം പ്രത്യക്ഷമാക്കുന്നതും യു.എസ് സൈന്യം അപ്രത്യക്ഷമാക്കുന്നതും

ഇറാഖ് സംഘര്‍ഷത്തെ കുറിച്ച ഏതൊരു സംസാരവും തുടങ്ങുന്നത് അമേരിക്കന്‍ സൈന്യത്തിന്റെ ഇറാഖ് അധിനിവേശത്തോടെയാണ്. ലക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ അധിനിവേശങ്ങളിലൊന്നിന്റെ ബാക്കിപത്രം മാത്രമാണ് ഇറാഖില്‍ ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങള്‍. വിസ്മയകരമെന്ന് പറയട്ടെ, ‘ടേക് ഓഫ്’ അബദ്ധത്തില്‍ പോലും അക്കാര്യം പരാമര്‍ശിക്കുന്നില്ല. എന്നുമാത്രമല്ല, നഴ്‌സുമാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന റെഡ്‌ക്രോസ് വളണ്ടിയര്‍മാരായാണ് ഇറാഖിലെ ‘നല്ലവരായ’ പാശ്ചാത്യരുടെ സാന്നിധ്യം സിനിമ അടയാളപ്പെടുത്തുന്നത്.

അമേരിക്കന്‍ സൈനിക സാന്നിധ്യത്തെ കുറിച്ച് ബോധപൂര്‍വം മറക്കുന്ന സിനിമ ഇറാഖിലെ മുസ്‌ലിംകള്‍ക്കിടയിലെ ഭാഷാ-ദേശ വൈരുധ്യങ്ങളെയും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെയും ഒട്ടും മറക്കുന്നില്ല. സമീറക്കും ശാഹിദിനുമൊപ്പം ജോലി ചെയ്യുന്ന ഡോക്ടര്‍ ദമ്പതികളില്‍പെട്ട യസീദി വനിതക്ക് ഇറാഖി സൈന്യത്തില്‍ നിന്നും വിമതരില്‍ നിന്നും നേരിടേണ്ടി വരുന്ന വിവേചനം സിനിമ അവസാനം വരേക്കും പിന്തുടരുന്നു.

സമാനമായി നഴ്‌സുമാരുടെ മോചനശ്രമങ്ങളില്‍ ഇന്ത്യന്‍ മിഷനേയും അംബാസഡറേയും വിദേശകാര്യ മന്ത്രാലയത്തേയും അന്നത്തെ മുഖ്യമന്ത്രിയേയും വരെ ഓര്‍മിക്കുന്ന ‘ടേക് ഓഫ്’, മോചനത്തില്‍ സുപ്രധാന നയതന്ത്ര നീക്കങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനെ ബോധപൂര്‍വം മറക്കുന്നു. നഴ്‌സുമാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കത്തെ കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടത്തിയ വിശദീകരണത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം ഇ. അഹമ്മദിന്റെ സേവനങ്ങളേയും പ്രത്യേകം അനുസ്മരിച്ചിരുന്നു. സിനിമയുടെ ‘ബോധപൂര്‍വമായ മറവി’യില്‍ (selective amnesia) ഇ. അഹമ്മദ് ഉള്‍പ്പെട്ടത് സ്വാഭാവികം മാത്രം.

മലയാളി ഐ.എസ് ഭീകരര്‍’

പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ കുടുംബങ്ങള്‍ ഉള്‍പ്പടെ 20 പേരെ കാണാതായ സംഭവത്തെ ഉപജീവിച്ചാണ് മാധ്യമങ്ങളിലൂടെ ‘മലയാളി ഐ.എസ് ഭീകര’രുടെ കഥകള്‍ വരുന്നത്. എന്നാല്‍ ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമോ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ ലഭ്യമായ യാത്രാ രേഖകള്‍ പ്രകാരം, യമന്‍, ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലേക്ക് പോയതായാണ് അനുമാനം. കാണാതായവരിലുള്‍പ്പെട്ട തൃക്കരിപ്പൂരിലെ ഹഫീസുദ്ദീന്‍ അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കാണാതായവരുള്‍പ്പെട്ട സംഘത്തെ നയിച്ചുവെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ അഫ്ഗാനില്‍ നിന്നെന്ന് സംശയിക്കുന്ന ഫോട്ടോ ബന്ധുക്കള്‍ക്ക് ഏറ്റവും ഒടുവിലായി ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. കാണാതായവര്‍ അഫ്ഗാനിലേക്ക് പോയിരിക്കാമെന്ന് അനുമാനിക്കാവുന്ന വിവരങ്ങളാണിവ. എന്നാല്‍ ഇതെല്ലാം ഇറാഖില്‍ നിന്നുള്ള നഴ്‌സുമാരുടെ കൈമാറ്റത്തിന് ശേഷം സംഭവിച്ച കാര്യങ്ങളാണ്. പക്ഷേ, മുസ്‌ലിംകളെ കുറിച്ച ഭീകരാരോപണത്തിന് ഔദ്യോഗികമായി ലഭിച്ച വിവരങ്ങളെ ആശ്രയിക്കേണ്ട ബാധ്യതയില്ലെന്ന പൊതുബോധത്തെ കൂട്ടുപിടിച്ച് ‘ടേക്ക് ഓഫി’ന്റെ അണിയറക്കാര്‍ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സ്ഥാപിക്കുന്നു. തുടര്‍ന്ന് ശഹീദ് എന്ന കഥാപാത്രത്തിലൂടെ പടിഞ്ഞാറ് നിര്‍മിച്ച Bad Muslim, Good Muslim സിദ്ധാന്തം സിനിമ സാക്ഷാത്കരിക്കുന്നു.

images

സൗദി ശൈഖും ഐ.എസ് ഭീകരരും പിന്നെ മലയാളി വ്യവസായിയും

ലോകമെമ്പാടുമുള്ള ‘ഇസ്‌ലാമിക തീവ്രവാദികള്‍ക്ക്’ സൗദി ഫണ്ടിങ് നടത്തുന്നുവെന്ന പടിഞ്ഞാറന്‍ പ്രചാരണത്തെ സിനിമയുടെ അവസാന രംഗങ്ങള്‍ അപ്പടി പകര്‍ത്തിവെക്കുന്നു. നഴ്‌സുമാരെ കൈമാറിയതിന് പിന്നില്‍ ‘പതിവ് നയതന്ത്ര രീതികള്‍ക്കപ്പുറത്തുള്ള’ നടപടികള്‍ ഉണ്ടായെന്ന വിദേശകാര്യ വക്താവിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് ദേശീയ മാധ്യമങ്ങളടക്കമുള്ളവര്‍ നല്‍കിയ ഊഹക്കഥകളെ പിന്തുടര്‍ന്നാണ് സൗദിയെ ‘ഇസ്‌ലാമിക തീവ്രവാദ’ത്തിന്റെ കേന്ദ്രമാക്കാനുള്ള ശ്രമം. ഇക്കാര്യത്തിലും അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കഥകള്‍ക്ക് പകരം ‘പ്രേക്ഷകാഭിരുചി’യെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ സിനിമയില്‍ സൗദിയെ ചേര്‍ത്ത് കെട്ടുകയായിരുന്നു.

വിമത സൈനികരുടെ ഗുരുസ്ഥാനീയരായ സദ്ദാം ഭരണകാലത്തെ ബഅസ് പാര്‍ട്ടി നേതാക്കളുമായി ബന്ധമുള്ള അറബ് വ്യവസായികള്‍ വഴി നഴ്‌സുമാരുടെ മോചന നീക്കം ത്വരിതപ്പെടുത്തിയെന്ന നിലയില്‍ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് വന്‍തുക കൈമാറിയെന്ന തരത്തില്‍ നിറം പിടിപ്പിച്ച കഥകള്‍ പ്രചരിച്ചിരുന്നെങ്കിലൂം അതിന് വിശ്വാസയോഗ്യമായ പിന്‍ബലമുണ്ടായിരുന്നില്ല. ഈ അറബ് വ്യവസായികളുമായി ബന്ധമുള്ള മുസ്‌ലിമല്ലാത്ത മലയാളി വ്യവസായി വഴി സംസ്ഥാന സര്‍ക്കാറാണ് ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും അന്ന് വാര്‍ത്തയുണ്ടായിരുന്നു. ഈ നീക്കങ്ങളെല്ലാം യു.എ.ഇ കേന്ദ്രമാക്കിയാണ് നടന്നതെന്നാണ് അന്ന് പ്രചരിച്ചിരുന്നത്. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് പകരം ഇന്ത്യന്‍ അംബാസഡര്‍ വന്നത്. പോലെ യു.എ.ഇക്ക് പകരം സൗദിയും കയറി വന്നു. മലയാളിയുടെ പൊതുബോധ നിര്‍മിതിയില്‍ താരനിശകള്‍ അരങ്ങേറുന്ന യു.എ.ഇക്കും മുസ്‌ലിംകളുടെ പുണ്യ നഗരങ്ങളായ മക്കയും മദീനയും സ്ഥിതിചെയ്യുന്ന സൗദി അറേബ്യക്കുമുള്ള ഇടങ്ങള്‍ വ്യത്യസ്തമാണ്. ഈ പൊതുബോധ നിര്‍മിതിയെയും സിനിമ സമര്‍ഥമായി ഉപയോഗിച്ചു.

2003ല്‍ സദ്ദാമിനെ പുറത്താക്കിയ ശേഷം അമേരിക്കന്‍ പിന്തുണയോടെ ഇറാഖില്‍ അധികാരത്തില്‍ വന്ന ശിയ ഭൂരിപക്ഷ സര്‍ക്കാറുകളും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. സദ്ദാം കാലത്തെ ഭരണകക്ഷിയായ ബഅസ് പാര്‍ട്ടി നേതാക്കള്‍ക്ക് അറബ് മേഖലയിലുള്ള വാണിജ്യ രാഷ്ട്രീയ ബന്ധങ്ങളും നൂരി അല്‍മാലികി സര്‍ക്കാറിനെതിരെ രാജ്യത്തെ സുന്നീ വിഭാഗങ്ങളുടെ എതിര്‍പ്പും ഏകീകൃത നേതൃത്വത്തിന് കീഴിലല്ലാതെ നടന്ന ചെറുത്തു നില്‍പുകളുമെല്ലാം ‘സായുധരായ വിമത സുന്നി സേന’ എന്ന ഒറ്റ പ്രയോഗത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഒതുക്കുകയായിരുന്നു. വര്‍ഷങ്ങളായി യുദ്ധം തിന്നു ജീവിക്കുന്ന ഒരു ജനതയെ അഭിമുഖീകരിക്കുമ്പോള്‍ ഈ യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കാതിരിക്കുമ്പോഴാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന നിറംപിടിപ്പിച്ച കഥകളെ ഉപജീവിച്ച് മുസ്‌ലിം ഭീതി ഉല്‍പാദിപ്പിക്കേണ്ടി വരുന്നത്. വര്‍ഷങ്ങള്‍ നീണ്ട യുദ്ധം നിരാലംബരാക്കി തീര്‍ത്ത ഇറാഖി ജനതക്ക് നേരെ കാരുണ്യത്തിന്റെ ഒരു നോട്ടം പോലും നോക്കാന്‍ കഴിയുന്നില്ല എന്നിടത്ത് ‘ടേക് ഓഫ്’ മാനവിക വിരുദ്ധം കൂടിയായിത്തീരുന്നു. ജോര്‍ജ് ബുഷ് ഭരണകാലം മുതല്‍ ഹോളിവുഡ് സിനിമ ഉല്‍പാദിപ്പിക്കുന്ന ‘ആഗോള മുസ്‌ലിം ഭീകര വിരുദ്ധ’ പ്രചാരണയുദ്ധത്തില്‍ കണ്ണിചേരാനുള്ള ശ്രമം നടത്തുന്നുവെന്നതാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ ‘ടേക് ഓഫി’ന്റെ സ്ഥാനം.

campusadmin