Campus Alive

പൗരത്വ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ വ്യവഹാരവും സവർണ രാഷ്ട്രീയത്തിന്റെ ഇന്ത്യൻ ഭൂമികയും

ആധുനിക ദേശരാഷ്ട്ര സംവിധാനത്തിനകത്ത് പൗരത്വ നിഷേധം എന്നത് മനുഷ്യാവകാശ നിഷേധം അഥവാ മനുഷ്യൻ ആവാനുള്ള സാധ്യതയെ തന്നെ നിരാകരിച്ചുകൊണ്ടാണ് നിലനിൽക്കുന്നത് എന്ന് ജൂത വംശീയതയെ കുറിച്ച് നടത്തുന്ന നിരീക്ഷണത്തിൽ ഹന്നാ ആരെന്റ് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ നിലവിൽ നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളെ കേവലമായ ഒരു നിയമത്തെ ചുറ്റിപറ്റിയുള്ള പ്രതിരോധങ്ങളായല്ല  മനസിലാക്കേണ്ടത്. മറിച്ച് വളരെ വിശാലമായ ഇന്ത്യൻ സാമൂഹിക മണ്ഡലത്തിന്റെ നൈതിക രാഷ്ട്രീയ വ്യവഹാരത്തെ തന്നെ അത് പ്രതിനിധീകരിക്കുന്നതായി ഇന്നത്തെ പ്രക്ഷോഭങ്ങളെ വിലയിരുത്തിയാൽ കാണാൻ സാധിക്കും. കൊളോണിയൽ കാലഘട്ടത്തിന് ശേഷം ദേശരാഷ്ട്രങ്ങൾ രൂപപ്പെടുകയും ആ ദേശരാഷ്ട്രങ്ങൾ തന്നെ പിന്നീട് ആഗോളവൽക്കരണത്തിന്റെ കടന്ന് വരവോടുകൂടി ദുർബലപ്പെടുകയും ചെയ്യും എന്ന് കരുതപ്പെട്ട ഇടത്താണ് പൗരത്വ നിഷേധം പോലുള്ള ആഗോളവൽക്കരണത്തിന്റെ പൊതുമൂല്യങ്ങളെ നിരാകരിക്കുന്ന സംഗതികൾ കൂടുതൽ ശക്തമായി ഒരു രാഷ്ട്ര സംവിധാനത്തിനകത്ത് ഇടപെടുന്നത്. ഇത് രാഷ്ട്രത്തിന് മുകളിൽ ദേശത്തിന്റെ നിർവചനത്തിന് ലഭിക്കുന്ന അപ്രമാദിത്വത്തെയാണ് വ്യക്തമാക്കുന്നത്.

ഇന്ത്യൻ ദേശീയതയെ കുറിച്ചുള്ള നിർവചനങ്ങളും അതിന്റെ പ്രശ്നങ്ങളും സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട, വിമർശന വിധേയമായ ഒരു സങ്കല്പമാണ്. അത്തരം വിമർശനങ്ങളുടെ വ്യാവഹാരികമായ തുടർച്ചയാണ് പൗരത്വ പ്രക്ഷോഭങ്ങൾ നിർവഹിക്കുന്നത്. ദേശം എന്ന സങ്കൽപത്തെ നിർവചിക്കുന്നിടത്തെ മുസ്ലിം വിരുദ്ധത എന്ന ഇന്ധനവും, മുസ്ലിം വിരുദ്ധതക്ക് വേണ്ടി മാത്രം നിലനിൽക്കുന്ന ഹിന്ദു ഏകീകരണവുമാണ് ദേശീയതയുടെ നിർവചനത്തിലെ പ്രധാന ഘടകങ്ങൾ. ഇങ്ങനെ നിർവഹിക്കപ്പെടുന്ന ഹിന്ദു ഏകീകരണം യഥാർത്ഥത്തിൽ ഹിന്ദുത്വ സവർണ താൽപര്യത്തെയാണ് സംരക്ഷിക്കുന്നത്. ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തികൊണ്ട് മുസ്ലിം വിരുദ്ധമായ ദേശീയ സങ്കൽപത്തെ സാധ്യമാക്കുകയും എന്നാൽ അതിനെ തുടർന്ന് വിവിധ ജാതി വിഭാഗങ്ങൾ മാത്രമായി പിന്നീട് ഇതേ ഹിന്ദു മാറുകയും ചെയ്യുന്നു. അംബേദ്കർ നിരീക്ഷിക്കുന്നത് പോലെ ഹിന്ദു മതം എന്നൊന്ന് നിലനിൽക്കുന്നില്ലെന്നും മുസ്ലിം വിരുദ്ധതയുടെ സമയത്ത് മാത്രമാണ് ‘ഹിന്ദു’ ഉണ്ടാകുന്നത് എന്നും അല്ലാത്തപ്പോൾ വിവിധ ജാതികളുടെ കൂട്ടം മാത്രമാണതെന്നുമുള്ള കാഴ്ചപ്പാടാണ് ഇന്ത്യയുടെ ദേശീയതാ നിർമാണത്തിന്റെ അടിസ്ഥാനം. ഇതിന് നേതൃത്വം കൊടുക്കുന്നത് ആർ.എസ്.എസ്സാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഇന്നത്തെ പൗരത്വ പ്രക്ഷോഭങ്ങളെ അടക്കം നമ്മൾ മുന്നോട്ട് കൊണ്ടുപോകേണ്ടത്. അതിന് ആർ.എസ്.എസിനെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തുറന്നുകാണിക്കപെടണം. അത്തരമൊരു ദൗത്യ നിർവഹണമാണ് ‘പൗരത്വ നിഷേധം അധികാരം വ്യവഹാരം പ്രതിരോധം’ എന്ന പുസ്തകത്തിലൂടെ ഡോ.കെ അഷ്റഫ് നിർവഹിക്കുന്നത്

പ്രധാനമായും മൂന്ന് കാര്യങ്ങളെ കേന്ദ്രികരിച്ചുകൊണ്ടാണ് ഈ പുസ്തകം പൗരത്വ പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുന്നത്. ആർ.എസ്.എസ്/സംഘ്പരിവാറിന്റെ സവർണ ബ്രാഹ്മണിക്കൽ അജണ്ട എങ്ങനെയാണ് ഇന്ത്യൻ സാമൂഹിക പരിതസ്ഥിതിയിൽ പ്രവർത്തിക്കുന്നത് എന്നതാണ് പ്രാഥമികമായി ചർച്ച ചെയ്യപ്പെടുന്നത്. ആർ.എസ്.എസിന്റെ പരസ്യവും രഹസ്യവുമായ അജണ്ടകളെ വിശകലനം ചെയ്തുകൊണ്ട് നടത്തുന്ന നിരീക്ഷണങ്ങൾ ഏറെ ഗൗരവകരമായ, ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളിലേക്ക് നയിക്കുന്നു. സംഘ്പരിവാറും അവരുടെ അജണ്ടകളും കേവലം ബി.ജെ.പിയിലോ ആർ.എസ്.എസുമായി പ്രത്യക്ഷ്യ ആഭിമുഖ്യം പുലർത്തുന്നവരിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നും നിലവിലെ മുഖ്യധാര സാമൂഹിക രാഷ്ട്രീയ ബോധ്യത്തിൽ തന്നെ നിലനിൽക്കുന്നതാണ് ആർ.എസ്.എസിന്റെ ബ്രാഹ്മണിക്ക് സ്വാധീനം എന്നുമുള്ള നിരീക്ഷിക്കണം എത്രതന്നെ അവഗണിക്കാൻ ശ്രമിച്ചാലും തെളിഞ്ഞു നിൽക്കുന്ന ഒരു യാഥാർഥ്യമാണ്. ഡൽഹിയിലെ ആം ആദ്മിയിലും കോൺഗ്രസ്സിലുമടക്കം വലിയ സ്വാധീനങ്ങൾ ഈ അർത്ഥത്തിൽ നിരീക്ഷിക്കാൻ സാധിക്കും. അതിനെ മറയില്ലാതെ തുറന്നുകാണിക്കുകയാണ് ഈ പുസ്തകം നിർവഹിക്കുന്നത്. എന്ന് മാത്രമല്ല നമ്മുടെ കല സാംസ്കാരിക സാഹിത്യ മേഖലകളിലും ഭരണസിരാ കേന്ദ്രങ്ങളുടെ ഉന്നതതലങ്ങളിലുമൊക്കെയുള്ള ആവിഷ്ക്കാരങ്ങളും പ്രാതിനിധ്യങ്ങളുമൊക്കെ ബ്രാഹ്മണിക്ക് സവർണ താൽപര്യത്തെ താങ്ങി നിർത്തുന്നവയാണ് എന്നും മനസിലാക്കാൻ സാധിക്കും. നിലവിൽ ആർ.എസ്.എസിന്റെ കലാപ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ഭാഗത്ത് നിന്ന് ഉയരുന്ന ആർ.എസ്.എസിനെ നിരോധിക്കണം എന്ന വാദത്തിന്റെ സാധ്യതയെ തന്നെ ഇവിടെ വിമർശന വിധേയമാക്കുന്നു. ആർ.എസ്.എസിന്റെ ബ്രാഹ്മണിക്ക് താൽപര്യങ്ങൾ ഒന്നോ രണ്ടോ സംഘടനകൾക്കകത്ത് ഒതുങ്ങി നിൽക്കുന്നതല്ല എന്നതും നമ്മുടെ പൊതുബോധത്തിന്റെ അന്തർധാരയിലുള്ള ബ്രാഹ്മണിക്ക് സ്വാധീനത്തെ കേവലമായ നിരോധത്തിലൂടെ മറികടക്കാൻ കഴിയില്ല എന്നുമുള്ള കാഴ്ചപ്പാടിനെയാണ് എഴുത്തുകാരൻ മുന്നോട്ട് വെക്കുന്നത്.

രണ്ടാമതായി പൗരത്വ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികാസമാണ് പുസ്തകം നിർവഹിക്കുന്നത്. ഇന്ത്യയിലെ നവജനാധിപത്യ സംവാദ ഭൂമികയിൽ വികസിച്ചു വന്ന പുതിയ വിമോചന രാഷ്ട്രീയത്തിന്റെ സാധ്യതകളെയാണ് പൗരത്വ പ്രക്ഷോഭങ്ങൾ പ്രതിനിധീകരിക്കുന്നത് എന്ന് ഈ പുസ്തകം ഉന്നയിക്കുന്നു. ചരിത്രപരമായി അപരവൽക്കരണവും അവഗണനയും നേരിട്ട രാജ്യത്തെ ദലിത്-ആദിവാസി-സ്ത്രീ-പിന്നോക്ക-മുസ്ലിം ജനവിഭാഗങ്ങളുടെ സ്വത്വ സംരക്ഷണത്തെ കേന്ദ്രീകരിച്ച് നിലനിൽക്കുന്ന, ഇവരുടെ രാഷ്ട്രീയ ഐക്യത്തിലൂടെ സാധ്യമാകുന്ന ബഹുജൻ രാഷ്ട്രീയമാണ് വിമോചന രാഷ്ട്രീയം എന്നർത്ഥത്തിൽ ഇവിടെ മനസിലാക്കപ്പെടുന്നത്. പൗരത്വ നിയമം രാജ്യത്ത് നിലവിൽ വന്ന അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വിവിധ മുസ്ലിം വിദ്യാർത്ഥി വിദ്യാർത്ഥിനികളും ചന്ദ്രശേഖർ ആസാദിനെ പോലുള്ള ദലിത് ആക്ടിവിസ്റ്റുകളും രംഗത്ത് വന്നത് യാദൃശ്ചികമായല്ല എന്നത് സവിശേഷമായി മനസ്സിലാക്കേണ്ട രാഷ്ട്രീയ യാഥാർഥ്യമാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കാതെ പോയ സമരങ്ങളിലെ നേതൃത്വപരമായ പങ്കും അതേറ്റെടുത്ത ഇവിടെയുള്ള ദലിത് മുസ്ലിം ഇതര സംഘടനകളും സുപ്രധാനമായ സാമൂഹിക യാഥാർഥ്യത്തെയാണ് വ്യക്തമാക്കുന്നത്. ബ്രാഹ്മണിക്കൽ ആയി നിലനിൽക്കുന്ന സാമൂഹിക രാഷ്ട്രീയ പൊതുബോധത്തിന്റെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ അതേ ആശയത്തെ സ്വാംശീകരിച്ച മുഖ്യധാര പാർട്ടികൾക്ക് സാധിക്കില്ല എന്ന സന്ദേശമാണ് ഇത് നൽകുന്നത്. അതൊടപ്പം ഇവിടെയുള്ള ദലിത് മുസ്ലിം ഇതര ജനവിഭാഗങ്ങൾക്ക് എളുപ്പം അതിന് സാധിക്കുകയും ചെയ്യുന്നത് സവർണ ബ്രാഹ്മണിക്ക് ബോധത്തിന്റെ ഭാഗമായി തങ്ങൾ നേരിടുന്ന അപരവൽക്കരണത്തിന്റെ യുക്തിയെ മറികടന്നുകൊണ്ട് മുന്നോട്ട് വരാൻ സാധിച്ചതുകൊണ്ടാണ്. ആധുനിക ദേശരാഷ്ട്രങ്ങളുടെ അടിസ്ഥാന രാഷ്ട്രീയ സംജ്ഞകളായ ജനാധിപത്യം, മതേതരത്വം പോലുള്ളവയുടെ നിർവചനങ്ങളിൽ ഈ സവർണ സ്വാധീനത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യയിലെ ബഹുജൻ രാഷ്ട്രീയം വികസിക്കുന്നത്. യൂറോപ്യൻ നവോത്ഥാനന്തരം ആഗോളതലത്തിൽ തന്നെ നടന്ന സെക്യൂലറൈസേഷൻ നടപടിയിൽ പുറത്താക്കപ്പെട്ട ജൂത സമൂഹത്തിന്റെ ഉദാഹരണത്തിൽ നിന്ന് ഇന്ത്യയിലെ മതേതര പ്രക്രിയ എങ്ങനെയാണ് ഇവിടെയുള്ള മുസ്ലിം ഇതര വിഭാഗങ്ങളെ പുറത്ത് നിർത്തികൊണ്ട് മതേതരത്വത്തിന്റെ നിർവചനത്തെ സാധ്യമാക്കുന്നത് എന്ന് മനസിലാക്കുകയും അതിന്റെ യുക്തി തുടക്കത്തിൽ സൂചിപ്പിച്ച ദേശീയതാ നിർമാണത്തിൽ ഉപയോഗിച്ച അതേ യുക്തിയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഇപ്പോഴത്തെ ബഹുജൻ രാഷ്ട്രീയം മുന്നോട്ടപോകുന്നത് ഇതിനെ അടയാളപ്പെടുത്തുകയാണ് പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അഷ്റഫ് ചെയ്യുന്നത്.

ഡോ: കെ അഷ്റഫ്

തുടർന്ന് ഇവിടെയുള്ള മുഖ്യധാര ഇടത്-വലത് ലിബറൽ രാഷ്ട്രീയത്തെ അഭിമുഖീകരിച്ചുകൊണ്ട് അതിന്റെ പരിമിതികളെയും കാപട്യത്തെയും വ്യക്തമാക്കുന്നു. ഇസ്ലാമോഫോബിക്ക് ആയ ആഗോള ദേശീയ സാഹചര്യങ്ങളുടെ സമ്മർദങ്ങളെ മറികടക്കാതെ പൗരത്വ പ്രക്ഷോഭം അടക്കമുള്ള നൈതിക രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് ഇതിലെ പ്രധാന ഭാഗം. മുസ്ലിം സമൂഹം നേരിടുന്ന അവഗണനകളെ അടിച്ചർത്തലുകളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുമ്പോൾ  തങ്ങളുടെ ഉള്ളിലെ ഇസ്ലാമോഫോബിക്ക് സാന്നിധ്യം അതിനെ പരിമിതപ്പെടുത്തുകയോ കപടമാക്കുകയോ ചെയ്യുന്നു. രാഷ്ട്രീയപരമായ ശരിയെ തിരിച്ചറിയുക എന്നതിലൂടെ മാത്രം മറികടക്കാൻ സാധിക്കുന്ന ഒരു പ്രശ്നമാണിത്. ഇസ്ലാമോഫോബിയയെ, രാജ്യത്തെ ജാതി വിവേചനത്തെ മനസിലാക്കാൻ സാധിക്കാതെയുള്ള ഏതുതരം രാഷ്ട്രീയ ഇടപെടലുകളും പരിമിതമോ കാപട്യമോ ആണെന്ന് വിവിധ ഉദാഹരണങ്ങളിലൂടെ അഷ്റഫ് വ്യക്തമാക്കുന്നു. ശർജീൽ ഇമാമിനെതിരെ ഭരണകൂട നീക്കത്തോടുള്ള സമീപനവും ജെ.എൻ.യുവിലെ ഫീസ് വർധനവിനോടുള്ള ഇവിടെയുള്ള ലിബറലുകളുടെ സമീപനവും ഈ പ്രശ്‌നത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ശർജീൽ ഇമാമിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സാധിക്കാതെ വരുന്നത് അദ്ദേഹത്തിന്റെ പേര് ഒരു മുസ്ലിം നാമം ആയത് മാത്രമാണ്. ഇത്രയും ഗൗരവമുള്ള ഇസ്ലാമോഫോബിയയെ ആവാഹിച്ചുകൊണ്ട് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടപെടാൻ കഴിയില്ല എന്ന വിമർശനത്തെ ഈ പുസ്തകം മൂന്നാമതായി പ്രഖ്യാപിക്കുന്നു. നിലവിലെ പൗരത്വ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ രാഷ്ട്രീയത്തെ, വ്യവഹാരത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു പുസ്തകം എന്ന നിലക്ക് ‘പൗരത്വ നിഷേധം അധികാരം വ്യവഹാരം പ്രതിരോധം’ എന്ന പുസ്തകം പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് നടത്തുന്നത്.

ആത്തിഫ് ഹനീഫ്