Campus Alive

എന്ത്‌കൊണ്ടാണ് രജിനി ക്രിഷിന്റെ മരണം ഒരു വ്യവസ്ഥാപിത കൊലപാതകമാകുന്നത്?

രജിനി ക്രിഷ് എന്ന ഞങ്ങളുടെ സുഹൃത്തും സഹോദരനും സഹപ്രവര്‍ത്തകനുമായിരുന്ന മുത്തുകൃഷ്ണനെ ബ്രാഹ്മണ സമൂഹം കൊലപ്പെടുത്തിയിരിക്കുകയാണ്. അവന്‍ ജെ.എന്‍.യു വില്‍ ചേര്‍ന്നത് മുതല്‍ തന്നെ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അവന്റെ വധം പൂര്‍ണ്ണമായിരിക്കുകയാണ്. AIIMS ലെ മോര്‍ച്ചറിക്ക് മുമ്പില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് ഞങ്ങളുടെ സഹോദരനെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ ഉറക്കെ കരയാന്‍ മാത്രമേ കഴിയുകയുള്ളൂ. ഞങ്ങള്‍ക്കവനെ രജിനി ക്രിഷ് എന്ന പേരില്‍ മാത്രമേ അറിയുകയുളളൂ. കാരണം അവനെ അങ്ങനെ വിളിക്കാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. കബാലി സിനിമയുടെ പേരില്‍ പാ രഞ്ജിത്തിനെയും രജനികാന്തിനെയും അവന് വളരെ ഇഷ്ടമായിരുന്നു. രജനികാന്തിനെ അനുകരിച്ച് കൊണ്ട് എത്ര വേണമെങ്കിലും അവന്‍ സംസാരിക്കുമായിരുന്നു. എന്തിനാണവന്‍ ആത്മഹത്യ ചെയ്തത്? അവന്‍ അസന്തുഷ്ടനായിരുന്നോ? എന്ത്‌കൊണ്ടാകാം? അവന്‍ അസന്തുഷ്ടനാണെന്ന് നമ്മളെന്താണ് അറിയാതെ പോയത്.

എന്നാല്‍ നമ്മില്‍ ചിലര്‍ക്ക് അവന്റെ പ്രശ്‌നങ്ങള്‍ അറിയാമായിരുന്നു. എന്നാല്‍ ബ്രാഹ്മണ സ്ഥാപനവും സമൂഹവും സൃഷ്ടിച്ച പ്രശ്‌നങ്ങളാണതെന്ന് നമ്മളാരും ചിന്തിച്ചില്ല. കഴിഞ്ഞയാഴ്ച എല്ലാ ദിവസവും ക്രിഷിനെ സന്ദര്‍ശിച്ചിരുന്ന വികാസ് പറയുന്നത് അവന്‍ മാനസികമായി അങ്ങേയറ്റം പ്രയാസത്തിലായിരുന്നു എന്നാണ്. ക്യാംപസിലെ അധികാരികളുടെയും വിദ്യാര്‍ത്ഥികളുടെയും അവനോടുള്ള സമീപനമായിരുന്നു അതിന് കാരണം. വികാസ് പറയുന്നത് നോക്കൂ: ‘ തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ തനിക്ക് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി ക്രിഷ് പറയാറുണ്ടായിരുന്നു. പ്രൊഫസര്‍ നീലാദ്രി ഭട്ടാചാര്യയോട് എം.ഫില്‍ പ്രബന്ധം എഴുതുന്നതിന് സൂപ്പര്‍വൈസ് ചെയ്യുന്നതിനെക്കുറിച്ച് അവന്‍ സംസാരിച്ചിരുന്നു. നേരത്തെ പ്രൊഫസര്‍ ബര്‍ട്ടന്‍ ക്ലീറ്റസിന്റെ കീഴില്‍ അവന്‍ എം.ഫില്‍ എഴുതാന്‍ തുടങ്ങിയിരുന്നു. പിന്നീട് നീലാദ്രിക്ക് കീഴില്‍ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് വിചാരിച്ച് അദ്ദേഹത്തെ സമീപിക്കുകയാണുണ്ടായത്. നീലാദ്രി മറുപടിയൊന്നും തന്നില്ലെങ്കിലും ക്ലീറ്റസിനോട് താന്‍ നീലാദ്രിക്ക് കീഴില്‍ വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ച വിവരം ക്രിഷ് സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ നീലാദ്രി മറുപടിയൊന്നും തന്നിരുന്നില്ല. ഇത് ക്രിഷിനെ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതിനാല്‍ തന്നെ തുടര്‍ന്ന് ക്ലീറ്റസിനെ തന്നെ ക്രിഷ് വീണ്ടും സമീപിക്കുകയും അദ്ദേഹത്തിന്റെ കീഴില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്തു. അതിന് ക്ലീറ്റസ് കൊടുത്ത മറുപടി ഇതായിരുന്നു: ‘I am done with you’. ക്ലീറ്റസിന് കീഴില്‍ വര്‍ക്ക് ചെയ്ത് കൊണ്ടിരുന്ന റിസേര്‍ച്ച് സ്‌കോളേഴ്‌സെല്ലാം തന്നോട് വ്യത്യസ്തമായാണ് പെരുമാറുന്നത് എന്ന് ക്രിഷ് എന്നോട് പറയാറുണ്ടായിരുന്നു. എന്നാല്‍ ഞാനതെല്ലാം അവഗണിക്കുകയാണുണ്ടായത്. ക്യാംപസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം താനിവിടുത്തുകാരനല്ല എന്ന രീതിയിലാണ് പെരുമാറിയിരുന്നത് എന്നുമവന്‍ സൂചിപ്പിക്കാറുണ്ടായിരുന്നു.

എന്ത് കൊണ്ടാണ് ക്രിഷിന് ക്യാംപസില്‍ ഒറ്റപ്പെടല്‍ നേരിടേണ്ടി വന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. തമിഴ്‌നാട്ടിലെ സേലത്താണ് ക്രിഷ് ജനിച്ചതും വളര്‍ന്നതും. സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബത്തില്‍ നിന്ന് വരുന്ന ക്രിഷ് ജെ.എന്‍.യുവില്‍ എത്തിപ്പെടാന്‍ ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിന്റെ എന്‍ട്രന്‍സ് പരീക്ഷ അഞ്ച് തവണ എഴുതുകയും രണ്ട് തവണ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിന് അഡ്മിഷന്‍ ലഭിച്ചത്. ഒരുപാട് ദലിത് വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ടെങ്കിലും ക്രിഷിന് അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്യാംപസിലെ മിക്ക ദലിത് വിദ്യാര്‍ത്ഥികളുടെയും അവസ്ഥ അത് തന്നെയാണ്. ക്യാംപസില്‍ തന്റെ പ്രശ്‌നങ്ങള്‍ പങ്ക് വെക്കാന്‍ ഒരാളുമില്ല എന്ന് അവന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. ഇതൊരു വ്യക്തിപരമായ പ്രശ്‌നമായി കാണാന്‍ കഴിയില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ഒരു മെക്കാനിസവും നിലവിലില്ല. ക്രിഷ് അടക്കമുള്ള രോഹിത്തിന്റെ സുഹൃത്തുക്കള്‍ രോഹിത്ത് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണം ഇതായിരുന്നു. എന്നാല്‍ സറ്റേറ്റും ജെ.എന്‍.യു വും അതില്‍ പരാജയപ്പെടുകയാണ് ചെയ്തിരിക്കുന്നത്.

ഒരുപാട് സ്വപ്‌നങ്ങളുമായാണ് ക്രിഷ് ജെ.എന്‍.യുവിലേക്ക് കടന്ന് വെന്നത്. എന്നാല്‍ ജെ.എന്‍.യു എന്ന ബ്രാഹ്മണ സ്ഥാപനവും സമൂഹവും ചേര്‍ന്ന് അവന്റെ സ്വപ്‌നങ്ങളെ ഇല്ലാതാക്കിയിരിക്കുകയാണ്.

 

ബാപ്‌സ പുറത്തിറക്കിയ ലഘുലേഖയില്‍ നിന്ന്‌

campusadmin