Campus Alive

മുസ്‌ലിം ഉമ്മത്തീ ബോധം: ഭൂതവും വത്തമാനവും

(ഇസ്‌ലാം അതിർത്തികൾപ്പുറം: 21-ാം നൂറ്റാണ്ടിലെ ഉമ്മത്തീ ഐക്യം’, ലേഖനത്തിന്റെ രണ്ടാം ഭാഗം)


GUMEES: Global Urban Muslims, Educated and English Speaking

സൂക്ഷ്മവും സ്ഥൂലവും അതിനിടക്കുള്ളതുമായ സങ്കീർണമായ ഒട്ടേറെ പ്രശ്നങ്ങളെ നാം അഭിമുഖീകരിക്കേണ്ടതുണ്ട് എന്നിരിക്കേ തന്നെ, ഒരു ഉമ്മത്ത് എന്ന നിലയിൽ നമ്മുടെ ജനസംഖ്യ കഴിഞ്ഞനൂറ്റാണ്ടിൽ വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് ഓർമ്മയിലുണ്ടായിരിക്കുക പ്രധാനമാണ്. പകുതിയിൽ കൂടുതൽ 30 വയസ്സിന് താഴെ പ്രായം വരുന്ന ശക്തരും യുവാക്കളുമടങ്ങിയ 2 ബില്ല്യണടുത്ത് വരുന്നതാണ് ഉമ്മത്ത്.[1] മുൻപത്തേതിനേക്കാൾ പരസ്പര ബന്ധമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മില്ല്യൺ കണക്കിന് അഭ്യസ്തവിദ്യരും അനേകം വിഭവങ്ങളുമുള്ള ഉമ്മത്ത് നിലവിൽ ലോകജനസംഖ്യയുടെ 20 ശതമാനത്തോളം വരും. ദ്രുതഗതിയിലുള്ള ആശയവിനിമയ സാങ്കേതികവിദ്യയുടെയും വ്യാപാര സഞ്ചാരങ്ങളുടെയും സാധ്യതകളിലൂടെ ഉമ്മത്തീ വികാരത്തെ ത്വരിതപ്പെടുത്താൻ ആഗോളവൽക്കരണം സഹായകമായിട്ടുണ്ട്. പരസ്പരാശ്രിതമായി കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ഒറ്റക്ക് പരിഹരിക്കാൻ കഴിയാത്ത അനേകം സങ്കീർണമായ പ്രശ്നങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്.

സാമൂഹികവും സാംസ്കാരികവും മതകീയവും സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളും സഹകരണവും അധികരിപ്പിച്ചാൽ മാത്രം സാധ്യമാകുന്ന വിപുലമായ സംഘടിത ശ്രമം ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ആവശ്യമാണ്. ഇതിനാവശ്യമായ ബൗദ്ധികവും ഭൗതികവുമായ സ്രോതസ്സുകൾ നമ്മുടെ പക്കലുണ്ട് എന്ന് മാത്രമല്ല പല തലങ്ങളിലായി അത് നടന്നുകൊണ്ടിരിക്കുന്നുമുണ്ട്, പക്ഷേ അവ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. ലോക നാഗരികതകളിലെ പടിഞ്ഞാറുമായും അതല്ലാത്തതുമായും ബന്ധപ്പെട്ടതും അതിന്റെ ഭാഗവുമാണ് നിലവിൽ മുസ്‌ലിം സമൂഹങ്ങൾ. ആഫ്രിക്കയെ ഭക്ഷ്യ, സാമ്പത്തിക, ഊർജ്ജ ദുർലഭ്യതയിലേക്ക് വഴിവെച്ച ഉക്രൈനിലെ റഷ്യൻ ആക്രമണത്തിന്റെ ഘട്ടത്തിൽ ഈ ആഗോളവൽകൃത രാഷ്ട്രീയവും സാമ്പത്തികവുമായ ഏകീകരണത്തിന്റെയും പരസ്പരാശ്രയത്തിന്റെയും വേദനാജനകമായ കാഴ്ച ദൃശ്യമായിരുന്നു.[2] ഉക്രൈനിൽ നിന്നുള്ള ഗോതമ്പ് ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന ലബനാൻ, ഈജിപ്ത്, ലിബിയ, ഒമാൻ, സൗദി അറേബ്യ, യമൻ, തുനീഷ്യ, ഇറാൻ, ജോർദാൻ, മൊറോക്കോ എന്നീ രാജ്യങ്ങളെയും ഇത് ബാധിച്ചിരുന്നു. തന്നെയുമല്ല ദരിദ്ര രാജ്യങ്ങളിൽ വിലക്കയറ്റത്തിനും മറ്റ് പ്രയാസങ്ങൾക്കും ഇത് ഇടയാക്കിയിരുന്നു. അങ്ങേയറ്റം പ്രശ്നകലുഷിതമായ ഈ അന്തരീക്ഷത്തിൽ ജീവിക്കുമ്പോഴും, ഗുണാത്മകമായ സാമൂഹിക മാറ്റത്തിനു വേണ്ടി മുൻനിരയിൽ നിൽക്കുന്ന മുസ്‌ലിം യുവസമൂഹത്തെ നോക്കുമ്പോൾ നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇപ്പോഴും കാണാൻ സാധിക്കും.[3] നവമാധ്യമങ്ങളെയും ആഗോള വിപണികളെയും രൂപീകരിക്കുകയും മാറ്റത്തിന്റെ രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും മതപരമായ പുനരുദ്ധാന പ്രവർത്തനങ്ങളിലും ഇടപെട്ടുകൊണ്ട് സമൂഹങ്ങളെ പുനക്രമീകരിക്കുന്ന സാംസ്കാരിക രൂപങ്ങൾ നിർമ്മിച്ചെടുക്കുകയും മുസ്‌ലിം യുവാക്കൾ ചെയ്യുന്നുണ്ട്.[4]

നവീദ് അക്തർ

രാഷ്ട്രീയത്തിൽ ഇടപെടുക വഴി സാമൂഹ്യ ബോധമുള്ളവരായും ലോകത്തെ മിക്ക സാമൂഹിക രാഷ്ട്രീയ മതകീയ പരിഷ്കരണ പ്രവണതകളുടെയും സുപ്രധാന ഭാഗമായി തീരാനും മുസ്‌ലിം യുവാക്കൾക്ക് ഒട്ടുമിക്ക സന്ദർഭങ്ങളിലും സാധിക്കാറുണ്ട്.[5] നെറ്റ്ഫ്ലിക്സിന്റെ മുസ്‌ലിം പതിപ്പായ ആൽക്കമിയയുടെ (Alchemiya) സി.ഇ.ഒ നവീദ് അക്തർ ഈ തലമുറയെ “GUMEES” എന്നാണ് വിശേഷിപ്പിച്ചത്.[6] മതപരമായി പ്രതിബദ്ധതയുള്ള വരേണ്യരും, കല, ബിസിനസ്സ്, സർഗ്ഗാത്മകമായ വ്യവസായങ്ങൾ, മത പാണ്ഡിത്യം, മീഡിയ, പത്രപ്രവർത്തനം, കായികം തുടങ്ങി വ്യത്യസ്ത മേഖലകളിൽ വിദഗ്ധരും മുസ്‌ലിം അറ്റ്ലാന്റിക് എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളിലാകെ വ്യാപിച്ചുകിടക്കുന്നവരുമാണ് ഈ തലമുറ.[7] അവരുടെ വിദ്യാഭ്യാസവും, സാമൂഹിക മൂലധനവും, ഡിജിറ്റൽ ടെക്നോളജിയുടെ സാധ്യതകളും സംഘാടനത്തിനും പ്രവർത്തനത്തിനുമുള്ള നവസാധ്യതകൾ ഇവർക്ക് തുറന്നു നൽകുകയും പുതിയ ബന്ധങ്ങൾ ഉണ്ടാക്കി നൽകുകയും ചെയ്യുന്നുണ്ട്. ഒരു സാമൂഹിക സംഘമെന്ന നിലയിൽ നാടകീയമായി വളർച്ചയുള്ളതും ഗുണാത്മകമായ സാമൂഹിക മാറ്റങ്ങളെ സ്വാധീനിക്കുന്നവരുമാണ് ഇവർ.[8] ഓൺലൈനിടങ്ങളിലുള്ള അവരുടെ സ്വാധീനം ഒരു ‘വെർച്വൽ ഉമ്മത്തിന്റെ’ രൂപീകരണത്തിന് സഹായകമാവുകയും എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള സമാനമനസ്കരായ മുസ്‌ലിംകളെ ഇംഗ്ലീഷ് ഭാഷയെ ആശയവിനിമയ മാധ്യമമായി ഉപയോഗിച്ചും വിജ്ഞാന കൈമാറ്റത്തിലൂടെയും ബന്ധിപ്പിക്കാനും ഒന്നിപ്പിക്കാനും ശ്രമിക്കുന്നുമുണ്ട്. ഇതാവട്ടെ പുതിയ ആശയ സംവർഗ്ഗങ്ങളുടെ രൂപീകരത്തിന് കാരണമായിത്തീരുകയും ചെയ്തിട്ടുണ്ട്;

“ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ, സാമാന്യമായി ഇംഗ്ലീഷ് സംസാരിക്കുന്നതോ (ബ്രിട്ടൻ നോർത്ത് അമേരിക്ക, ഓസ്ട്രേലിയ) അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നതോ ആയ ഇംഗ്ലീഷ് സംസാര ഭാഷയായ സ്ഥലങ്ങളിലായാണ് ആഗ്ലോഫോൺ ഇസ്‌ലാം നിലനിൽക്കുന്നത്. ഇംഗ്ലീഷ് ഭാഷ അംഗീകൃതമല്ലെങ്കിലും ഏറെ ഉയർന്ന ഇംഗ്ലീഷ് സാക്ഷരതയുള്ള യൂറോപ്പിന്റെ മിക്ക ഭാഗങ്ങളും ഇതിലുൾപ്പെടും, പക്ഷേ മുൻകാല ബ്രിട്ടീഷ് കോളനികളിൽ പലതും ഇതിന്റെ ഭാഗമാണെന്നതും പ്രധാനമാണ്.”[9]

ഇംഗ്ലീഷ് ഭാഷയുടെ ഉറവിടം കൊളോണിയലായിരിക്കെ തന്നെ ഒരു ആഗോള ഭാഷയെന്ന അർത്ഥത്തിൽ അതിനുള്ള പദവി വെച്ചു നോക്കുമ്പോൾ, മുസ്‌ലിങ്ങൾക്കിടയിലെ പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങൾ പരസ്പരം കൈമാറാൻ സഹായകരമായ മുസ്‌ലിങ്ങളെ ഒരുമിച്ചു ചേർക്കാൻ കഴിയുന്ന ഒരു ആഗോള ഭാഷയായി ഇംഗ്ലീഷിന് വർത്തിക്കാൻ കഴിയുമെന്നത് ഒരുപക്ഷേ അത്ര അത്ഭുതകരമായിരിക്കുമെന്ന് തോന്നുന്നില്ല. ഇംഗ്ലീഷിലുള്ള ആശയവിനിമയം ഇതര ഭാഷകളുടെ പ്രാധാന്യത്തെ വിലകുറച്ചു കാണുകയല്ല ചെയ്യുന്നത്, മറിച്ച് ഈ തലമുറയുടെ ബഹുഭാഷാ ശേഷിയേയും അഭ്യസ്തവിദ്യരായ മുസ്‌ലിം യുവജനങ്ങൾക്കിടയിലുള്ള അതിന്റെ ഉപയോഗത്തിലേക്കുമാണ് അത് വിരൽ ചൂണ്ടുന്നത്. അടുത്ത 15 വർഷങ്ങൾക്കകം അമുസ്‌ലിം ജനസംഖ്യാ നിരക്കിന്റെ രണ്ടിരട്ടിയോളം മുസ്‌ലിം ജനസംഖ്യ വളരുകയും നിലവിലെ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ 2030 ആവുമ്പോഴേക്കും ലോകത്തിന്റെ മൊത്തം ജനസംഖ്യയായ 8.3 ബില്ല്യണിന്റെ 26 ശതമാനത്തോളമായി മുസ്‌ലിംകൾ മാറുകയും ചെയ്തേക്കാം.[10] പ്യൂ റിസർച്ച് സെന്ററിന്റെ അഭിപ്രായ പ്രകാരം, 2010 നും 2050 നും ഇടയ്ക്കുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ ഉയർന്ന ജനന നിരക്കും മെച്ചപ്പെട്ട ആരോഗ്യ-സാമ്പത്തിക സ്ഥിതിയും ലോകജനസംഖ്യയുടെ രണ്ട് മടങ്ങിൽ കൂടുതൽ ജനസംഖ്യാ വളർച്ച മുസ്‌ലിം ജനസംഖ്യയിൽ ഉണ്ടാവുന്നതിന് കാരണമാവും.[11]

ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാവുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മത വിഭാഗമായ കൃസ്ത്യാനികളെ മുസ്‌ലിങ്ങൾ മറികടന്നേക്കാം. ഏകദേശം 60 ശതമാനം മുസ്‌ലിംകൾ ഏഷ്യ പസിഫിക് മേഖലയിൽ ജീവിക്കുന്നുണ്ട്, മദ്ധ്യേഷ്യയിലും ഉത്തരാഫ്രിക്കയിലും 20 ശതമാനത്തിനടുത്തും മുസ്‌ലിംകൾ താമസിക്കുന്നുണ്ട്, ഈ ജനസംഖ്യയിൽ പകുതിയിലേറെയും യുവാക്കളാണ്. കുടിയേറ്റവും പ്രകൃത്യായുള്ള വളർച്ചയും മൂലം യൂറോപ്പിലെയും അമേരിക്കയിലെയും മുസ്‌ലിം ന്യൂനപക്ഷ ജനസംഖ്യയും വളർന്നു കൊണ്ടിരിക്കുകയാണ്. 2030 ആവുമ്പോഴേക്കും യൂറോപ്പിലെ മുസ്‌ലിങ്ങളുടെ എണ്ണം 58 മില്ല്യണായും അമേരിക്കയിൽ 6 മില്ല്യണായും ഉയർന്നേക്കാം. മുസ്‌ലിം ന്യൂനപക്ഷ-ഭൂരിപക്ഷ പ്രദേശങ്ങളിലെ മുസ്‌ലിം യുവാക്കളുടെ ജനസംഖ്യ അവർ സാമൂഹിക പ്രസ്ഥാനങ്ങളുടെ രൂപകർത്താക്കളും പങ്കാളികളുമായി മാറുകയും സാമൂഹിക പ്രവർത്തനത്തിലേർപ്പെടുകയും ചെയ്യുന്നവരെന്ന നിലക്ക് ഏറെ പ്രാധാന്യമർഹിക്കുന്ന വിഭാഗമായി മാറും. പാശ്ചാത്യൻ സമൂഹങ്ങളിലെ താരതമ്യേന കുറഞ്ഞ പ്രത്യുൽപാദന നിരക്കും പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യയും വെച്ച് നോക്കുമ്പോൾ മാറിക്കൊണ്ടിരിക്കുന്ന ഈ ജനസംഖ്യാ ശാസ്ത്രം അവയെയും മാറ്റുന്നതിന് കാരണമാവും. ആഗോളമായുള്ള പരസ്പര ബന്ധം മുസ്‌ലിം യുവസമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പ്രവണതകളെ രൂപപ്പെടുത്തുന്നത് തുടരും, പ്രത്യേകിച്ച് ആൽഫാ തലമുറ കൗമാരക്കാരും Z ജനറേഷനുമായി മാറുകയും അവരുടെ സമൂഹത്തെ വ്യത്യസ്ത രീതിയിൽ സ്വാധീനിക്കുകയും ചെയ്യവേ. ഇതൊരേ സമയം ഒരു അവസരവും വെല്ലുവിളിയുമാണ്. ഗുണാത്മകമായ സാമൂഹിക പദ്ധതികളിൽ സജീവമായി നിക്ഷേപിച്ചു കൊണ്ട് അവരുടെ സമൂഹങ്ങളെ പുഷ്ടിപ്പെടുത്താനുള്ള സാധ്യതയായി മുസ്‌ലിംകൾക്ക് ഇതിനെ കാണാം എന്ന് ശുഭാപ്തി വിശ്വാസത്തോടെ പറയാം.[12]

ചില മുസ്‌ലിം യുവാക്കൾക്ക് അവരുടെ വിശ്വാസത്തിൽ താൽപര്യം നഷ്ടപ്പെടുന്നുണ്ടെന്നത് ദുഖകരമാണെങ്കിലും, മറ്റുള്ളവർ ധാരാളമായി ഇസ്‌ലാമിലേക്ക് കടന്നു വരുന്ന സമാനമായ പ്രവണത മറുവശത്തും കാണാം.[13] ഒരു സംഘടിത മതകീയ സ്വത്വത്തിനു വേണ്ടിയുള്ള ആഗ്രഹം പ്രതിസന്ധികളാൽ വലയുന്നവരിൽ മാത്രം പരിമിതമല്ലെന്ന് അനുഭവസിദ്ധമായി തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഉദാഹരണത്തിന്, 1997 നും 2003 നും ഇടക്ക് നടന്നിട്ടുള്ള ഒരു പഠനം ഉപസംഹരിക്കുന്നത് ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ഈജിപ്ത്, ഇറാൻ, തുർക്കി എന്നിവിടങ്ങളിലെ മുസ്‌ലിംകൾക്കിടയിൽ ശക്തമായ ‘ഉമ്മത്തീ ബോധം’ നിലനിന്നിരുന്നുവെന്നാണ്.[14] മുസ്‌ലിംകളോട് സ്വന്തത്തെ കുറിച്ച് ചോദിക്കുമ്പോൾ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുമായുള്ള അവരുടെ ബന്ധമാണ് ഉയർന്ന നിൽക്കാറുള്ളത്. വിശ്വാസത്തിൽ അധിഷ്ഠിതമായ സ്വത്വം ദേശീയ സ്വത്വത്തെ അതിജയിച്ചു നിൽക്കുന്നത് എങ്ങനെയാണെന്നാണ് മിക്ക സർവ്വേകളും സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, 2015-ൽ മലേഷ്യയിൽ നടന്ന ഒരു സർവ്വേ കാണിക്കുന്നത്, മലായ് മുസ്‌ലിംകളിൽ 60 ശതമാനവും പ്രഥമമായി സ്വയം മുസ്‌ലിംകളെന്ന് തിരിച്ചറിയുന്നവരും 27 ശതമാനം മാത്രം പ്രഥമമായി സ്വയം മലേഷ്യനെന്ന് തിരിച്ചറിയുന്നവരുമാണെന്നാണ്.[15] ഓസ്‌ട്രേലിയയിലെ ലാറ്റിനമേരിക്കൻ, ടർക്കിഷ് രണ്ടാം തലമുറകളെക്കുറിച്ചുള്ള ഒരു താരതമ്യ വിശകലനത്തിൽ ഇസ്‌ലാം ഒരു പാൻ എത്‌നിക് ഐഡന്റിറ്റി നൽകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.[16] ഇങ്ങനെ ഇസ്‌ലാമെന്ന് സ്വയം തിരിച്ചറിയുന്നതിന്റെ കാരണം ചില മുസ്‌ലിം യുവാക്കളെ സംബന്ധിച്ച് ദൈവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടാണെങ്കിൽ, മറ്റു ചിലർക്ക് അത് അവരനുഭവിക്കുന്ന വിവേചനങ്ങളും പലസ്തീൻ, കാശ്മീർ, ബർമ്മ തുടങ്ങിയ സ്ഥലങ്ങളിലെ അവരുടെ മതസഹോദരങ്ങളുടെ ദുരവസ്ഥയുമായി ചേർന്നുനിൽക്കുന്നതിന്റെ ഭാഗമായുമാണ്. ബെൽജിയം, നെതർലാൻഡ്സ്, സ്വീഡൻ എന്നീ നഗരങ്ങളിലെ രണ്ടാം തലമുറ യുവ മുസ്‌ലിംകൾക്കിടയിൽ നടത്തിയ ഒരു പഠനം ഈ കണ്ടെത്തലുകളെ ബലപ്പെടുത്തുകയും ഒപ്പം വിവേചനങ്ങൾ വ്യക്തി സ്വത്വങ്ങളെ ‘പ്രശ്നബാധിതമായ സംഘടിത സ്വത്വങ്ങളുമായി’ ബന്ധിപ്പിക്കാൻ കാരണമായിത്തീരുന്നു എന്ന് തെളിയിക്കുകയും ചെയ്യുന്നുണ്ട്.[17]

സുഹൈൽ ദൗലത് സായി

മതകീയ പ്രതിബദ്ധതയുള്ള ഈ തലമുറ ജനപ്രിയ സംസ്കാരങ്ങളിലും സാമൂഹിക പ്രവർത്തന മേഖലകളിലും അവരുടെ ഉമ്മത്തീ വികാരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ചില ദശകങ്ങളിലായി മുസ്‌ലിം യുവാക്കളിലെ വിവിധ തലമുറകൾക്കിടയിൽ ഇസ്‌ലാമും സംഗീതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം എപ്രകാരമാണ് വികസിച്ചു വന്നിട്ടുള്ളതെന്ന് രാഷ്ട്രമീംമാസകനായ ഹിശാം ഐദി അദ്ദേഹത്തിന്റ ‘Race, Empire and the New Muslim Youth Culture’ എന്ന പുസ്തകത്തിൽ വരച്ചു കാണിക്കുന്നുണ്ട്. ബ്ലാക്ക് മുസ്‌ലിംകൾക്കും റാഡിക്കൽ ആക്ടിവിസ്റ്റുകൾക്കും മുസ്‌ലിം മൂന്നാം ലോകത്തിനും ഇടയിലുള്ള സമാന ചരിത്രങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന സുഹൈൽ ദൗലത്സായിയുടെ ‘Black Star, Crescent Moon’ എന്ന പുസ്തകം അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നുമുണ്ട്.[18] ഒരുപാട് റാപ്പർമാർ അവരുടെ വരികളിൽ ഇസ്‌ലാമിക പദാവലികൾ ഉൾക്കൊള്ളിക്കുന്നതായും ആഗോള മുസ്‌ലിം പ്രശ്നങ്ങളെ പിന്തുണക്കുന്നതായും ദൗലത് സായി പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്, 1990-കളുടെ മദ്ധ്യത്തിൽ ഇസ്‌ലാം ആശ്ലേഷിക്കുകയും പിന്നീട് ‘ദി ഉമ്മത്ത്’ എന്ന ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്ത A Tribe Called Quest പോലുള്ള സംഘങ്ങൾ ഉദാഹരണമാണ്. നഷീദ ഗായകരായ സെയിൻ ബിക്ക, സാമി യൂസുഫ്, മാഹിർ സെയിൻ തുടങ്ങിയ ഇംഗ്ലീഷ് കലാകരന്മാരുടെ വരികളുടെയും മുഖ്യ സവിശേഷതയായിരുന്നു ഉമ്മത്തീ ഐക്യം (റഷ്യൻ അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്ഥാനോടുള്ള ഐക്യദാർഢ്യത്തെക്കുറിച്ചുള്ള യൂസഫ് ഇസ്‌ലാമിന്റെ ഗാനത്തിൽ ഈ സംഗീത വിഭാഗത്തിന് അതിന്റെ ആദ്യ രൂപമുണ്ടായിരുന്നുവെങ്കിലും).[19]

വെർച്ച്വൽ ഉമ്മത്ത്

1990-കൾ മുതലുള്ള മുസ്‌ലിങ്ങളുടെ ആദ്യകാല ഇന്റർനെറ്റിന്റെ ഉപയോഗം ലോകമെമ്പാടുമുള്ള സമാനമനസ്കരായ സമുദായങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതും മതഗ്രന്ഥങ്ങളും ഫത്ത്വകളും ഓൺലൈനിൽ ലഭ്യമാക്കുന്നതുമായ അനേകം ഓൺലൈൻ ഇടങ്ങളുടെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചു. ഈ പ്രവണത കഴിഞ്ഞ രണ്ടു ദശകങ്ങളിലായി തുടർന്നു പോരുകയും കൂടുതൽ ശക്തമാവുകയും ചെയ്യുകയും, തദ്ഫലമായി വ്യത്യസ്ത തരം വെബ്പോർട്ടലുകളും സാമൂഹ്യ മാധ്യമ ഇടങ്ങളും ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉയർന്നു വരികയും ചെയ്തു. ഉമ്മത്തീയായ പരസ്പര ബന്ധം ഇന്റർനെറ്റിലൂടെ കൂടുതൽ ശക്തിപ്പെടുന്നതും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി ധാരാളമായി പ്രചരിക്കുന്നതുമായി കാണാൻ കഴിയും. മുസ്‌ലിങ്ങൾ തമ്മിലുള്ള സഹകരണങ്ങൾക്ക് വേണ്ടിയുള്ള ആഗ്രഹം ഒരിക്കലും ചർച്ച ചെയ്യപ്പെടാതെ പോയിട്ടില്ല. മുസ്‌ലിം ആഗോള തലത്തിലുള്ള പരസ്പര ബന്ധം സ്ഥാപിക്കുകയും സംഘടിത പ്രവർത്തനങ്ങളായി വിവർത്തനം ചെയ്യപ്പെടുന്ന ദേശാന്തര ബന്ധങ്ങളെ വികസിപ്പിച്ചെടുക്കാനുമായി ഉപയോഗിക്കുന്ന ഏറ്റവും പ്രകടമായ മാർഗ്ഗങ്ങളിലൊന്നാണ് ഓൺലൈനിലെ ഉമ്മത്തീ ബോധം;

“സമുദായത്തിലെ നേതാക്കളെ ബന്ധിപ്പിക്കാനാണ് ഞാനിപ്പോൾ എഫ്.ബി ഉപയോഗിക്കുന്നത് – ഉമ്മത്തിനു വേണ്ടി സേവനങ്ങൾ ചെയ്യാൻ മനസ്സുള്ളവർക്ക് ഒരുമിച്ചുകൂടാനും മറ്റുള്ളവരെ അതിലേക്ക് ചേർക്കാനും കഴിയുന്ന ഒരു മാർഗ്ഗം നമുക്കാവശ്യമാണ്. നമ്മുടെ പക്കൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ധാരാളം നിപുണതകളെ ഉപയോഗപ്പെടുത്താൻ സാമൂഹികമായ ശൃംഖലകളുണ്ടാക്കുന്ന സൈറ്റുകൾക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്.”[20]

മുസ്‌ലിം യുവാക്കൾ തങ്ങളുടെ ചരിത്രത്തെയും ഇസ്‌ലാമിക സ്വത്വത്തെ കുറിച്ചും പഠിക്കാൻ വേണ്ടി എപ്രകാരമാണ് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്നും ഡിജിറ്റൽ ടെലികമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ കണ്ടുപ്പിടിത്തത്തിന് മുന്നേ വരെ അസാധ്യമായിരുന്ന തരത്തിൽ എങ്ങനെയാണ് അവർ പരസ്പരം ബന്ധപ്പെടുന്നതെന്നുമാണ് മുകളിലെ അഭിപ്രായ പ്രകടനം കാണിക്കുന്നത്. വലിയ മുസ്‌ലിം സമുദായങ്ങളിൽ നിന്ന് ഭൂമിശാസ്ത്രപരമായി വിദൂരപ്പെട്ടു കിടക്കുന്ന ലാറ്റിനോകളും പരിവർത്തിതരുമായ മുസ്‌ലിങ്ങൾ ദേശാന്തര ഇസ്‌ലാമിക സ്വത്വവുമായി സ്വയം ബന്ധപ്പെടുത്താൻ ഇന്റർനെറ്റാണ് ഉപയോഗിക്കുന്നത്.[21] 20 മില്ല്യനോളം മുസ്‌ലിം ജനസംഖ്യയുള്ള ചൈനയിലേത് പോലെ ഭരണകൂടത്തിന്റെ ഇടപെടലുള്ളപ്പോൾ തന്നെ സഹവിശ്വാസികളുമായി ബന്ധം സ്ഥാപിക്കാൻ ഏറ്റവും ഉതകുന്ന മാർഗ്ഗമായ വെർച്ച്വൽ ഉമ്മത്തീ ബാന്ധവത്തിന് വേണ്ടിയുള്ള തേട്ടം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.[22]

മുൻകാലങ്ങളിൽ ഉമ്മത്തീ വികാരത്തെ ശക്തിപ്പെടുത്തിയിരുന്ന വിശ്വാസികളുടെ വർഷം തോറുമുള്ള ഒരു ഒത്തുചേരൽ ഹജ്ജായിരുന്നു. സംഘടിതമായ ആരാധന നിർവ്വഹിക്കുന്ന സന്ദർഭങ്ങൾ മുസ്‌ലിങ്ങൾ പരസ്പരം കാണാനും ആശയങ്ങൾ കൈമാറാനുമുള്ള അവസരങ്ങൾ കൂടിയായിരുന്നു, അല്ലാത്ത പക്ഷം മുസ്‌ലിങ്ങൾക്കിടയിലെ ഭൂമിശാസ്ത്രപരമായ ദൂരം കാരണം അസാധ്യമായ ഒന്നാണിത്. ‘പരസ്പരം അറിയുക’ (തഅ്റൂഫ്) എന്ന ഖുർആനിക അദ്ധ്യാപനത്തിന്റെ സഫലീകരണമായിരുന്നു സഹ മുസ്‌ലിങ്ങളുമായി മുഖാമുഖമുള്ള ഈ കണ്ടുമുട്ടൽ. മുസ്‌ലിം സാമ്രാജ്യങ്ങൾ വ്യാപാര പാതകൾ വികസിപ്പിക്കുകയും വിവിധ സൂഫീ വിഭാഗങ്ങൾ ഇസ്‌ലാമിനെ അറേബ്യൻ ഉപദ്വീപിൽ നിന്നും ഇന്തോനേഷ്യ വരെ വ്യാപിപ്പിക്കുകയും ചെയ്തതോടെ മുസ്‌ലിങ്ങളുടെ അതിർത്തി കടന്നുള്ള യാത്രകൾ സ്വാഭാവികമായി തന്നെ സംഭവിച്ചു. മറ്റു യാത്രകൾ കുടിയേറ്റത്തിലൂടെയും മത വിജ്ഞാന സമ്പാദനത്തിനായി രിഹ്ല പോകുന്ന പണ്ഡിതരുടെയും വിദ്യാർത്ഥികളുടെയും ഒഴുക്കിലൂടെയും സംഭവിച്ചു.[23] ഇവയൊക്കെയും അഭൂതപൂർവ്വമായ രീതിയിൽ ഇന്നും തുടരുന്നുണ്ട്. ഇന്ന് ഉല്ലാസത്തിനു വേണ്ടി യാത്ര ചെയ്യാൻ ശേഷിയുള്ളവരാണ് മിക്ക മുസ്‌ലിംകളും, പ്രത്യേകിച്ച് ട്രാവൽ ഏജൻസികളുടെ ഇസ്‌ലാമിക ചരിത്രങ്ങളാൽ സമ്പന്നമായ ദേശങ്ങളിലൂടെയുള്ള യാത്രകളുടെ ‘ഹലാൽ പാക്കേജുകൾ’ വ്യാപകമായതോടെ ഇത് വളരുകയും ചെയ്തിട്ടുണ്ട്. രണ്ട് കാര്യങ്ങൾ ഇതിലൂടെ ഉണ്ടായിട്ടുണ്ട്; മുസ്‌ലിങ്ങൾ സാധാരണ സന്ദർശിക്കാറുള്ള തുർക്കി, മൊറോക്കോ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചവരിൽ ചിലർ അവിടങ്ങളിൽ ബിസിനസ്സ് ആരംഭിക്കുകയും വ്യാപാര സാധ്യതകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

സാമ്പത്തിക വികസനവും സ്വാശ്രയത്വവുമാണ് മുസ്‌ലിം ശാക്തീകരണത്തിന്റെയും ഐക്യരൂപീകരണത്തിന്റെയും മാർഗ്ഗങ്ങളിലൊന്ന്. ഹലാൽ അംഗീകൃത ഭക്ഷ്യവസ്തുക്കൾക്ക് വേണ്ടി തേടുന്ന മുസ്‌ലിം സംരംഭകരും നിക്ഷേപകരും ഉദ്യോഗസ്ഥരും ഉപഭോക്താക്കളുമൊക്കെ കാരണം ഈ അന്താരാഷ്ട്ര വ്യാപാരത്തിന്റെ വിശാല സാധ്യത അധികരിച്ചിട്ടുണ്ട്.[24] 2016-17 വർഷത്തിലെ The State of Global Islamic Economy റിപ്പോർട്ടിന്റെ കണക്കുകൾ പ്രകാരം, 2015 വർഷത്തിൽ 1.9 ട്രില്ല്യൺ ഡോളറിലധികമാണ് മുസ്‌ലിങ്ങൾ ചിലവഴിച്ചത്, 2019-ൽ ഇത് ഭക്ഷണം, ഔഷധം, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഫാഷൻ, യാത്ര എന്നീ മേഖലകളിലായി 2.02 ട്രില്ല്യണായി ഉയർന്നു.[25] ശരീഅത്തിന് ഇണങ്ങുന്ന ഫൈനാൻസ് ഉൽപ്പന്നങ്ങൾക്കും മുഖ്യധാരാ റീട്ടെയ്ൽ ഷോപ്പുകളിലെ ഹലാൽ ഉൽപ്പന്നങ്ങൾക്കും വേണ്ടിയുള്ള വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യം ‘മുസ്‌ലിം ഡോളറിന്റെ/പൗണ്ടിന്റെ’ ശക്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമ്പത്തിക വിദഗ്ധനായ മസൂദുൽ ആലം ചൗധരി ഇപ്രകാരം വാദിക്കുന്നുണ്ട്; “ഉമ്മത്തിന്റെ പരിവർത്തനങ്ങൾ വിപണി പ്രേരിതമായ പ്രക്രിയകളിൽ നിന്നായിരിക്കണം ഉയർന്നുവരേണ്ടത്. അതിനാൽ, ആഗോള മുസ്‌ലിങ്ങളുടെ താഴേക്കിടയിലെ ബിസിനസ്സ്, വ്യവസായ സംരംഭങ്ങൾ, വ്യാപാരം, സംഘടനാ സംവിധാനങ്ങൾ എന്നിവയിൽ നിന്നായിരിക്കും അത്തരം ഉയർച്ചകൾ ഉണ്ടാവുക.”[26]

ഈ ഹലാൽ സ്വത്വമുള്ള സമ്പത്ത് വ്യവസ്ഥ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നതും വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയെ സൂചിപ്പിക്കുന്നതുമാവുമ്പോൾ തന്നെ, ഇസ്‌ലാമിന്റെ ചരക്കുവൽക്കരണത്തിലേക്ക് നീങ്ങാനുള്ള അതിന്റെ സാധ്യതയെ തടയേണ്ടതുണ്ടെന്ന് മാത്രമല്ല ഒപ്പം സ്വകാര്യ നിയന്ത്രണങ്ങൾക്കും സാമ്പത്തിക നീതിക്കും വില കൽപ്പിക്കുന്നതും മാലിന്യ സംസ്കാരത്തെ നിരുത്സാഹപ്പെടുത്തുന്നതും പരിസ്ഥിതിക്ക് അർഹമായ ബഹുമാനം നൽകുകയും ചെയ്യുന്നതായ ഇസ്‌ലാമിന്റെ നൈതിക ചട്ടക്കൂടിൽ അധിഷ്ഠിതമായിരിക്കുകയും വേണം അത്. മുസ്‌ലിം രാജ്യങ്ങൾ പരസ്പരം സഹകരിച്ചുകൊണ്ടുള്ള കൂടുതൽ തന്ത്രപരമായ സമീപനവും ഇതിനാവശ്യമാണ്. 1990-കളുടെ മദ്ധ്യത്തിൽ തുർക്കി പ്രധാന മന്ത്രിയായിരുന്ന നജ്മുദ്ധീൻ അർബക്കാൻ അദ്ദേഹത്തിന്റെ ഹ്രസ്വകാല ഭരണത്തിനിടക്ക് വികസിപ്പിച്ച ‘മുസ്‌ലിം സാമാന്യ വിപണി’ എന്ന ആശയം ഭാഗികമായെങ്കിലും ഇത്തരം സാമ്പത്തിക സഹകരണങ്ങളിൽ നിന്ന് രൂപംകൊണ്ടതാണ്.[27] മുസ്‌ലിം ലോകത്തിന്റെ സാമ്പത്തിക സ്ഥിരതക്കും യു.എസ് ഡോളർ പോലുള്ള പ്രബല കറൻസികളിലുള്ള ആശ്രയത്വം ചുരുക്കാനും സഹായകരമായ വിധത്തിൽ മുസ്‌ലിം ലോകത്തിന്റെ ഏകീകൃത കറൻസി സംവിധാനമെന്ന നിലയിൽ സ്വർണ്ണ ദീനാറിനെ പുനരവതരിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1997 ജൂൺ 15-ന് ഡി-8 (Developing-8) രാജ്യങ്ങളുടെ സംഘടനക്ക് ഇസ്താംബൂളിൽ തുടക്കം കുറിച്ചതോടെയാണ് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായി തുടങ്ങിയത്.[28] ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, മലേഷ്യ, നൈജീരിയ, പാകിസ്താൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളടങ്ങിയതാണ് ഡി-8. അംഗങ്ങൾക്കിടയിലെ നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കാനും അവർക്കിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്താനുമാണ് പ്രവർത്തിക്കുന്നത്. അവർ തമ്മിലുള്ള നിലവിലെ വ്യാപരബന്ധത്തിൽ 100 ബില്ല്യൺ മൂല്യം വരുന്ന സാമ്പത്തിക സഹകരണത്തിനുള്ള ശേഷി അതിനുണ്ട്.[29]

രാഷ്ട്രീയ ശേഷിയുള്ള മുസ്‌ലിം സാമ്പത്തിക സഹകരണണത്തിന്റെ മറ്റൊരു രൂപം ‘ഉമ്മത്തീ ബഹിഷ്കരണം’ എന്ന ആശയമാണ്. മതപരമായി നിന്ദ്യമായ വസ്തുക്കൾ നിർമ്മിക്കുകയോ അല്ലെങ്കിൽ മുസ്‌ലിം സമുദായത്തെ അടിച്ചമർത്തിക്കൊണ്ടിരിക്കുന്നതോ ആയ രാഷ്ട്രങ്ങൾക്കോ കമ്പനികൾക്കോ എതിരിലുള്ള പ്രേരണ തന്ത്രമെന്ന നിലക്ക് മുസ്‌ലിം സമുദായങ്ങൾ തുടക്കം കുറിക്കുന്ന തന്ത്രപരമായ ബഹിഷ്കരണങ്ങളെ വിശേഷിപ്പിക്കാൻ ആയിശ കറാമത് ബേഗ് ഉപയോഗിച്ചതാണ് ഈ പദം.[30] ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരിലുള്ള ബി.ഡി.എസ് മൂവ്മെന്റ്, 2005-ലെ ജൈലൺ പോസ്റ്റൺ കാർട്ടൂൺ വിവാദത്തിന്റെ തുടക്കത്തിൽ ഡാനിഷ് ഉൽപ്പന്നങ്ങൾക്കെതിരെ നടന്ന ബഹിഷ്കരണം, ഇറാഖിലെ അമേരിക്കൻ അധിനിവേശാനന്തരം മക്ഡൊണാൾഡ് കമ്പനിയുടെ മുസ്‌ലിം ലോകത്തെ 300 ഫ്രാഞ്ചൈസികൾ അടച്ചുപൂട്ടാൻ കാരണമായ ബഹിഷ്കരണം, തുടങ്ങിയ ഉദാഹരണങ്ങൾ കാണിക്കുന്നതു പോലെ സാമ്പത്തിക ബഹിഷ്കരണത്തെ നേരിടൽ ഏറെ പ്രയാസകരവും അവർക്ക് നഷ്ടങ്ങളുണ്ടാക്കുന്നതുമാണെന്ന് തെളിഞ്ഞ സംഗതിയാണ്.

(തുടരും)

വിവർത്തനം: മൻഷാദ് മനാസ്

 

അവലംബം

[1] Religion by Country 2023,” World Population Review, https://worldpopulationreview.com/country-38 rankings/religion-by-country.

[2] Edward A. Burrier, “In Africa, Putin’s War on Ukraine Drives Food, Fuel and Finance Crises,” United States Institute of Peace, June 30, 2022, https://www.usip.org/publications/2022/06/africa-putins-warukraine-drives-food-fuel-and-finance-crises.

[3] ഉദാഹരണത്തിന്, Juan Cole, The New Arabs: How the Millennial Generation is Changing the Middle East, (Simon & Schuster, 2014), and Tahir Abbas and Sadek Hamid (Eds) Political Muslims: Understanding Youth Resistance in a Global Context, (Syracuse University Press, 2019).

[4] ഉദാഹരണത്തിന്, Herrera, Linda, and Asef Bayat, eds. 2010. Being Young and Muslim: New Cultural Politics in the Global South and North. Oxford University Press, Ahmad, Fauzia, and Mohammed S. Seddon, eds. 2012. Muslim Youth: Challenges, Opportunities, and Expectations. London: Continuum, Masquelier and Soares 2016.

[5] ഉദാഹരണത്തിന്, Hisham D Aidi, Rebel Music: Race, Empire and New Muslim Youth Culture (Pantheon Books, 2014).

[6] ഈ വിഭാഗം M ജനറേഷൻ എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. Shelina Janmohammed, Generation M: Young Muslims Changing the World (London: I.B Tauris, 2016). The website Creative Ummah is indicative of this trend in the Anglosphere

[7] Daniel Nilsson DeHanas and Peter Mandaville, Mapping the Muslim Atlantic: US and UK Debates on Race, Gender and Securitization, London: British Council, 2019

[8] Janmohammed, Generation M. See also William Barylo, Young Muslim Change Makers: Grass Roots Charities Rethinking Modern Societies (London: Routledge, 2018).

[9] bdul-Azim Ahmed, “Anglophone Islam: A New Conceptual Category.” Contemporary Islam 16, no. 2-3 (2022): 135-154.

[10]  Brian Grim and Mehtab Karim, The Future of the Global Muslim Population: Projections for 2010-2030, Pew Research Center Forum on Religion & Public Life, https://www.pewresearch.org/religion/ 2011/01/27/the-future-of-the-global-muslim-population/, p.13

[11] Grim and Karim, The Future of the Global Muslim Population, 13.

[12]  Barylo, Young Muslim Change Makers.

[13] ഉദാഹരണത്തിന്, Garbi Schmidt, “Islamic Identity Formation among Young Muslims: The Case of 50 Denmark, Sweden and the US,” Journal of Muslim Minority Affairs 24, no. 1 (2004): 31-45.

[14]  Riaz Hassan, “Globalisation’s Challenge to the Islamic ‘Ummah’,” Asian Journal of Social Science 34, no. 2 (2006): 311–23.

[15]  Teo Cheng Wee, “More Malays Say They Are Muslim First: Malaysian Poll,” Straits Times, August 12, 2015, www.straitstimes.com/asia/se-asia/more-malays-say-they-are-muslim-first-malaysian-poll.

[16]  Zuleyka Zevallos, “‘You Have to be Anglo and Not Look Like Me’: Identity and belonging among young women of Turkish and Latin American backgrounds in Melbourne Australia,” Australian Geographer 39, no. 1 (2008): 21-43

[17]  Fenella Fleischmann, Karen Phalet, and Olivier Klein, “Religious Identification and Politicization in the Face of Discrimination,” British Journal of Social Psychology 50, no. 4 (2011): 628-648, at 629.

[18] Sohail Daulatzai, Black Star, Crescent Moon: The Muslim International and Black Freedom beyond America (University of Minnesota Press, 2012), xxiix.

[19] Yusuf Islam – Afghanistan, Nasheed Lovers Blog, December 30, 2008, http:// nasheedlovers.blogspot.com/2008/12/yusuf-islam-afghanistan.html.

[20] Nasya Bahfen, “The Individual and the Ummah: The Use of Social Media by Muslim Minority Communities in Australia and the United States,” Journal of Muslim Minority Affairs 38, no. 1 (2018): 7.

[21]  Diana Carolina Zuniga Gomez and Mehmet Ozkan, “(Dis)Connecting with the Ummah in e-Spaces: How Latino Muslims Shape Their Identity Through the Internet,” Journal of Muslim Minority Affairs 40, no. 2 (2020): 302-317

[22]  Ho Wai-Yip, “Emerging Islamic-Confucian Axis in the Virtual Ummah: Connectivity and Constraint in the Contemporary China,” Comparative Islamic Studies 7, no. 1-2 (2011): 137-155.

[23] Piscatori and Saikal, Umma Beyond Borders,15.

[24] digitalummah.co.uk, ummah.com, and netummah.com എന്നു തുടങ്ങി വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉമ്മത്തീ കേന്ദ്രീകൃതമായ വ്യാപാര വസ്ത്തുക്കളും സേവനങ്ങളും നൽകുന്ന അസംഖ്യം മുസ്‌ലിം വെബ്സൈറ്റുകളുണ്ട്.

[25] Ifty Islam and Muzahid Khan. Capturing the Halal Pound: A Global Business Growth Opportunity, Janala Ventura, August 19, 2021, https://janalaventura.com/knowledge-insights

[26] Masudul Alam Choudhury, The Islamic World System: A Study in Polity and Market Interaction (London: Routledge, 2004), xxii

[27] Cengiz Dinç, “The Welfare Party, Turkish Nationalism and Its Vision of a New World Order,” Alternatives: Turkish Journal of International Relations 5, no. 3 (2006): 1-17

[28] കൂടുതൽ വിവരങ്ങൾക്ക്, സംഘടനയുടെ വെബ്സൈറ്റ് കാണുക: https://developing8.org/.

[29] Md. Kamaruzzam, “D-8 leaders vow to enhance trade among member states,” Anadolu Agency, April 8, 2021, https://www.aa.com.tr/en/politics/d-8-leaders-vow-to-enhance-trade-among-member-states/2202874

[30] Aysha Karamat Baig, Ummatic Macro-Boycott Motives: A Socio-Cultural Perspective, unpublished PhD, (Malaysia: Swinburne University of Technology, 2019)

സാദിഖ് ഹാമിദ്