Campus Alive

മതവും പൊതുവിടവും ജനാധിപത്യത്തിന്റെ (അ)സാധ്യതകളും

പൊതുവിടങ്ങളിലെ മതാധിഷ്ഠിതമായ ജീവിതവും ഇടപെടലുകളും അനവധി സാമൂഹിക വിശകലനങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. വിശ്വാസവും അതിന്റെ ഭാഗമായുള്ള ജീവിതങ്ങളും സ്വകാര്യമായ ഇടപാടായി പരിമിതപ്പെടുത്തുന്ന ആധുനികതയുടെ ആശയാടിത്തറയില്‍ തന്നെയാണ് ആധുനിക ജനാധിപത്യവും വികസിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ ജനാധിപത്യ ഭരണക്രമങ്ങള്‍ നിര്‍ണയിക്കുന്നതിനനുസരിച്ച് മതത്തിന്റെ പൊതുവിടങ്ങളിലെ സാന്നിധ്യങ്ങളെ ക്രമീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നുണ്ട്.
വിശ്വാസികള്‍ പൊതുവിടങ്ങളില്‍ ഇടപെടുമ്പോള്‍ മതത്തെക്കാള്‍ ജനാധിപത്യത്തിന് മുന്‍ഗണന നല്‍കണം എന്നാണ് അതിന്റെ അര്‍ത്ഥം. ഭരണകൂടവും നിയമവും നിയമ നിര്‍മാണ സംവിധാനങ്ങളുമെല്ലാം സാമൂഹിക പ്രക്രിയകളില്‍ ജനാധിപത്യത്തെ നടപ്പിലാക്കുന്നത് ഇപ്രകാരമാണ്.
എന്നാല്‍ ജനാധിപത്യം ഓരോ സാമൂഹിക ഇടങ്ങളിലും അവിടത്തെ ആധിപത്യ സാമൂഹിക ഭാവനകളാല്‍ സ്വാധീനിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ആശയമാണ് എന്ന വിമര്‍ശനം പ്രധാനപ്പെട്ടതാണ് . ഇന്ത്യയിലെ ദേശരാഷ്ട്ര രൂപീകരണവും അതിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രവും ഭരണഘടന നിര്‍മാണ പ്രവര്‍ത്തനങ്ങളുമെല്ലാം വിശകലനം ചെയ്താല്‍ അത് മനസിലാക്കാന്‍ സാധിക്കും. ഹിന്ദുത്വ അധീശ വ്യവഹാരങ്ങള്‍ക്കൊപ്പം വളര്‍ന്ന മതേതര ദേശീയ കാഴ്ചപ്പാടുകളും അതടിസ്ഥാനമാക്കിയ രാഷ്ട്രീയ ഭരണരൂപങ്ങളുമാണ് ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.പുരോഗമന ഇടത് രാഷ്ട്രീയവും അതിന്റെ മതേതര ലിബറല്‍ ആശയങ്ങളും പ്രതിനിധീകരിക്കുന്നതും പ്രസ്തുത അധീശ രാഷ്ട്രീയത്തെയാണ് എന്നതാണ് അനുഭവം.

ജീവിതം, സമൂഹം തുടങ്ങിയവയെ സംബന്ധിച്ച് മൗലികമായ കാഴ്ചപ്പാടുള്ള ഇസ്‌ലാമിന് എപ്പോഴും ഇത്തരം അധീശ വ്യവഹാരങ്ങളോട് കലഹിച്ചു കൊണ്ടേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു.സ്വാഭാവികമായും ഇസ്‌ലാമും മുസ്‌ലിംകളും ‘ജനാധിപത്യ’ഇടങ്ങളില്‍ പോലും നിരന്തരം പ്രശ്‌നവല്‍ക്കരിക്കപ്പെടാറാണ് പതിവ്. മുസ്‌ലിം സംഘടനകള്‍ പൊതുമണ്ഡലങ്ങളുടെ പവിത്രതയെ കളങ്കപ്പെടുത്തുന്നു എന്നത് ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയത്തിന്റെ പ്രധാന ആകുലതയാണ്. ആയതിനാല്‍ പൊതുമണ്ഡലങ്ങളെ അശ്ലീലമാക്കുന്ന വിശ്വാസങ്ങളെ വലിച്ചെറിയണം എന്ന രാഷ്ട്രീയ ആഹ്വാനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.
ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങള്‍ അസ്വാഭാവികമായി കാണക്കാക്കപ്പെടുന്ന രാഷ്ട്രീയം ഇതിനുദാഹരണമാണ്. എന്നാല്‍ ഹിന്ദുത്വ ഘര്‍വാപ്പസി കേന്ദ്രങ്ങളോട് ഈ രാഷ്ട്രീയ വിമര്‍ശനം മതേതര ഇടങ്ങളില്‍ അപ്രസക്തവുമാണ്. മുസ്‌ലിം സ്ത്രീകളുടെ ഹിജാബും പര്‍ദ്ദയും വിമര്‍ശന വിഷയമാകുന്നതും, നജ്മല്‍ ബാബുവെന്ന മുസ്‌ലിം നാമം ഒഴിവാക്കപ്പെടുന്നതും ഈ രാഷ്ട്രീയത്തിന്റെ വേറെ ഉദാഹരണങ്ങളാണ്.

സമീപകാലത്തെ കോടതിവിധികള്‍ ഭരണഘടന ധാര്‍മികതയെയും പൊതു ധാര്‍മികതയെയും കുറിച്ചുള്ള സംവാദങ്ങളിലേക്ക് നമ്മെ വീണ്ടും നയിക്കുന്നുണ്ട്. വ്യക്തിയുടെ അവകാശങ്ങളെ ഭരണഘടനയപരമായി പരിഗണിക്കുമ്പോള്‍ മത വിശ്വാസങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം എന്ന കോടതി വിധികളുടെ സമീപനങ്ങളെ രാഷ്ട്രീയമായി വിശകലനം ചെയ്തു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ഭരണഘടനയെ വ്യാഖ്യാനിച്ചുകൊണ്ടുള്ള നിയമ നിര്‍മാണങ്ങളിലൂടെയും കോടതിവിധികളിലൂടെയും ജനാധിപത്യ വ്യവസഥ മുന്നോട്ട് പോകുമ്പോള്‍ പ്രസ്തുത വ്യാഖ്യാനങ്ങളെ സ്വാധീനിക്കുന്ന വ്യവഹാരങ്ങളെയും വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്. പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ‘പ്രത്യേകം തെരഞ്ഞെടുത്തവരെ’ വധശിക്ഷക്ക് വിധേയമാക്കുന്ന നിയമ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയം അതുകൊണ്ട് തന്നെയാണ് പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതും.

മുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളി നിര്‍ബന്ധമല്ല എന്ന് പറയുന്ന കോടതിക്കും, ഗെയില്‍ സമരത്തില്‍ തെരുവില്‍ നമസ്‌കരിക്കുന്നത് തീവ്രവാദമാക്കുന്ന മതേതര വ്യവഹാരങ്ങള്‍ക്കും ഇടയില്‍ ജനാധിപത്യ വ്യവസ്ഥയുടെ അസാധ്യതകളെ തുറന്നുകാട്ടാനുള്ള ബാധ്യത ഇസ്‌ലാമിക സമൂഹത്തിനുണ്ട് എന്നാണ് മനസിലാക്കുന്നത്. മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും സംസാരിക്കുമ്പോള്‍ തന്നെയും ഇന്ത്യയിലെ ഹിന്ദുത്വത്തെയും അതിന്റെ ജാതി മേല്‍ക്കോയ്മകളെയും മനസിലാക്കിയും അതിനെതിരെയുള്ള ജാതി സമുദായങ്ങളുടെ പോരാട്ടങ്ങളെ തിരിച്ചറിഞ്ഞും നിലപാടുകള്‍ എടുക്കേണ്ടതുണ്ട്. പൊതുവിടങ്ങളിലെ പൊതുശത്രുവാകുന്ന മതവിശ്വാസം ഇന്ത്യയില്‍ ഏതാണ് എന്ന രാഷ്ട്രീയ ബോധ്യങ്ങളും ഇന്ത്യയിലെ ജനാധിപത്യം എന്ന കാഴ്ചപ്പാട് എത്രമാത്രം സാമൂഹിക നീതിയെ സാധ്യമാക്കുന്നു എന്ന ചോദ്യങ്ങളും പുതിയകാല രാഷ്ട്രീയത്തിന്റെ അനിവാര്യതയായി മനസ്സിലാക്കുന്നു. പൊതുവിടങ്ങളെക്കുറിച്ചുള്ള വിമര്‍ശനാത്മക സമീപനവും ജനാധിപത്യ വ്യവസ്ഥയുടെ (അ)സാധ്യതകളുടെ വിശകലങ്ങളും സാമൂഹിക നീതിയെ കുറിച്ചുള്ള പുതിയ ഭാവനകള്‍ നല്‍കുമെന്നാണ് പ്രത്യാശിക്കുന്നത്.

 

‘മതവും പൊതുവിടവും ജനാധിപത്യത്തിന്റെ (അ)സാധ്യതകളും’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ വും ജി.ഐ.ഒ വും സംയുക്തമായി സംഘടിപ്പിക്കുന്ന ചര്‍ച്ച സംഗമത്തിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ലഘുലേഖ..