Campus Alive

“ബാബരി തന്നെയാണ് നീതി”

(ബാബരി തന്നെയാണ് നീതി എന്ന തലക്കെട്ടിൽ ജനുവരി 21-ാം തിയ്യതി എസ്.ഐ.ഓ കേരള സംഘടിപ്പിച്ച ഹിന്ദുത്വ വംശീയതാ വിരുദ്ധ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം)


ജനുവരി 22-ന് അയോദ്ധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ‌ചടങ്ങ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ സമ്പൂർണമാ‌യ തകർച്ചയുടെ അ‌ട‌യാളപ്പെടുത്തലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ‌ചടങ്ങിന് ഹിന്ദുത്വ ഭരണകൂടവും മാധ്യമങ്ങളും വലിയ ശ്രദ്ധ നൽകിയിരിക്കുകയാണ്. ഫൈസാബാദ് എന്ന ജില്ലയുടെ പേര് മാറ്റി അയോദ്ധ്യ എന്നാക്കുകയും വലിയ നിക്ഷേപങ്ങൾക്ക് ഭരണകൂടം നേതൃത്വം നൽകുകയും ചെയ്തിരിക്കുകയാണ്. സാധാരണ ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ട് നിർവഹിക്കുന്ന ഈ വികസന പ്രവർത്തനങ്ങൾ ലോകത്തെ തന്നെ വലിയ തീർത്ഥാടന കേന്ദ്രമായി രാമക്ഷേത്രത്തെ മാറ്റാനുള്ള ശ്രമമാണ്. രാമക്ഷേത്ര നിർമാണം ഏറ്റവും വലിയ പുണ്യപ്രവർ‍ത്തനമായി ചിത്രീകരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ഭരണകൂടവും സംഘ്പരിവാറും ഒത്തുചേർന്ന് നിർവഹിക്കുകയാണ്. അതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് അക്ഷതം വിതരണം ചെയ്യുകയും വിപുലമായ പ്രചാരണം ഉണ്ടാക്കിയെടുക്കുകയുമാണ് ഇപ്പോൾ നടക്കുന്നത്. രാമക്ഷേത്രത്തെ രാജ്യത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റിയെടുക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വാഭാവികവൽകരിക്കാനുമുള്ള ദീർഘമായ സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ് ഇതെല്ലാം.

സംഘ്പരിവാർ എത്രതന്നെ നുണകളെ വ്യാഖ്യാനിച്ചെ‌‌ടുത്താലും രാമക്ഷേത്രം പണിയുന്നത് ബാബരി മസ്ജിദിന്റെ മണ്ണിലാണ്. ബാബരി മണ്ണിലു‌യരുന്ന ഏത് നിർമ്മിതി‌‌യും ഈ സത്യത്തെ മായ്ച്ചുകളയാൻ പര്യാപ്തമല്ല. മുഗൾ സാമ്രാജ്യ സ്ഥാപകനാ‌യ സഹീറുദ്ദീൻ ബാബറിന്റെ ഗവർണറായ മീർ ബാഖി 1528-ൽ തരിശ് ഭൂമിയിൽ നിർമിച്ച പള്ളിയാണ് ബാബരി മസ്ജിദ്, അത് വഖ്ഫ് ഭൂമിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഉ‌ടനീളവും അത് മുസ്‌ലിം ഉടമസ്ഥതയിൽ തുടർന്നതുമാണ്. 1949 ഡിസംബർ 22-ന് ചില തൽപര കക്ഷികളുടെ കയ്യേറ്റത്തെ തു‌ടർന്ന് ഫൈസാബാദ് ജില്ലാ ഭരണാധികാരി മലയാളികൂടിയായ കെ.കെ നായരാണ് മസ്ജിദ് അടച്ചുപൂട്ടിയത്. തുടർന്ന് സജീവമായ നിയമവ്യവഹാരങ്ങളിലേക്ക് ഈ വിഷയം എത്തിപ്പെട്ടു. 1980-കൾ മുതൽ സംഘ്പരിവാർ ശക്തികൾ ഇതിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് വേണ്ടി കൂടുതലായി ഉപയോഗിക്കുകയും രാജ്യത്ത് ഉടനീളം ഇതിന്റെ പേരിൽ വംശീയാക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. 1992-ലെ കർസേവയും 2019-ലെ ജുഡീഷ്യൽ കർസേവയും ഈ ചരിത്രത്തിന്റെ തുടർച്ചയാണ്. സ്വതന്ത്ര ഇന്ത്യയിൽ ഉടനീളം സംഭവിക്കുന്ന മുസ്‌ലിം അപരവത്കരണത്തിന്റെയും മുസ്‌ലിം സമുദായത്തോടുള്ള നീതിനിഷേധത്തിന്റെയും നേർചിത്രമായി മാത്രമേ ബാബരിയുടെ ചരിത്രത്തെ കാണാൻ കഴിയൂ.

രാമക്ഷേത്രം പരിപൂർണമായും ഹിന്ദുത്വ വംശീയതയുടെ രാഷ്ട്രീയ പദ്ധതി മാത്രമാണ്. രാമനേയും രാമായണത്തെയും കേന്ദ്രീകരിച്ച് ഹിന്ദു എന്ന ഏകശിലാത്മകമായ ഒരു സ്വത്വം രൂപീകരിച്ചെടുക്കുന്നതിനാണ് ഇത്തരം പ്രമേയങ്ങളെ കേന്ദ്രീകരിച്ച വംശീയ അജണ്ടകൾ അവർ നടപ്പിലാക്കുന്നത്. അടിസ്ഥാനപരമായി തന്നെ കീഴാള സമുദായങ്ങൾക്കും ജാതികൾക്കും എതിരായ ഈ വംശീയ പ്രത്യയശാസ്ത്രം മുസ്‌ലിം എന്ന അപരനെ നിരന്തരം പൈശാചികവൽക്കരിച്ച് നിലനിർത്തുകയായിരുന്നു. ഹിന്ദു-മുസ്‌ലിം സഹിഷ്ണുത എന്ന സാമ്പ്രദായിക മതേതര പരിപ്രേക്ഷ്യത്തിന് ഹിന്ദുത്വ വംശീയതയുടെ ബഹുമുഖമായ ഹിംസാത്മകതകളെ അഭിമുഖീകരിക്കാൻ സാധിച്ചിട്ടില്ല. ഹിന്ദു മതേതര ബോധത്തിന് അകത്ത് നിന്നുണ്ടായിവരുന്ന ഈ സമീപനം കാരണമാണ് കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികൾക്ക് രാമക്ഷേത്ര വിഷയത്തിൽ ശക്തമായ നിലപാടെടുക്കാൻ സാധിക്കാത്തത്. അതിനാൽ ഈ സമവാക്യത്തെ മറികടന്നുകൊണ്ട് ഹിന്ദുത്വം അപരവൽകരിക്കുകയും സവർണ ബ്രാഹ്മണ്യത്തിന് എതിര് നിൽക്കുക‌യും ചെയ്യുന്ന സമുദായങ്ങളുടെയും കൂട്ടായ്മകളുടെയും വിപുലമായ രാഷ്ട്രീ‌യ, ആത്മീയ ഐക്യപ്പെടലിലൂടെ മാത്രമേ നീതി‌‌യെക്കുറിച്ച പ്രതീക്ഷകൾ ഇനി മുന്നോട്ട് പോകൂ.

ബാബരി മസ്ജിദ് ശക്തമായ ഒരു രാഷ്ട്രീയ സന്ദേശമാണ്. വഖഫ് ഭൂമി‌യിൽ ഉണ്ടായിരുന്ന ബാബരി മസ്ജിദ് തകർത്താണ് രാമക്ഷേത്രം പണിയുന്നത് എന്ന ചരിത്ര സത്യം സകല കാവിവത്കരണങ്ങൾക്കും അതീതമായി മുഴങ്ങിക്കൊണ്ടിരിക്കും. ബാബരിയുടെ ഓർമ്മകൾ ഹിന്ദുത്വ വംശീയതയുടെ ചരിത്രനിർമാണം, വികസനവാദങ്ങൾ തുടങ്ങിയ സകലതിനെയും നിരന്തരം ചോദ്യം ചെയ്യുന്ന ശക്തമായ രാഷ്ട്രീയ സന്ദേശമായി എന്നും മുഴങ്ങും. ബാബരി മസ്ജിദിന്റെ ഈ രാഷ്ട്രീയ സന്ദേശത്തെ ഏറ്റെടുക്കാൻ ഈ രാജ്യത്തെ മുഴുജനങ്ങളോടും ഈ സമ്മേളനം ആവശ്യപ്പെടുന്നു. ‌ഹിന്ദുത്വയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ മറികടന്നു കൊണ്ടുള്ള വംശീയതാ വിരുദ്ധ ഐക്യപ്പെടലുകൾക്ക് മുന്നിട്ടിറങ്ങണമെന്ന് സവർണ ബ്രാഹ്മണ്യം ചരിത്രപരമായി അപരവത്കരിച്ച മുഴുവൻ സമുദായങ്ങളോടും ഈ സമ്മേളനം ആവശ്യപ്പെടുന്നു. ബാബരിയുടെ ഓർമകളെ ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ നിത്യപ്രചോദനമാക്കുകയും ഹിന്ദുത്വയുടെ നിർമിതികൾ നുണകൾക്ക് മേലുള്ളതായത് കൊണ്ട് നുണകൾ ആത്യന്തികമായി തകരാനുള്ളതാണെന്ന ഖുർആനിക വാഗ്ദാനത്തിൽ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്ത് ആത്മാഭിമാനത്തിനായുള്ള പോരാട്ടത്തിൽ പിന്മടക്കമില്ലാതെ മുന്നോട്ട് പോകണമെന്ന് മുസ്ലിം സമുദായത്തോട് സവിശേഷമായും ഈ സമ്മേളനം ഉണർത്തുന്നു.

എസ്.ഐ.ഓ