Campus Alive

രാഷ്ട്രീയ നൈതികതയും ഇസ്‌ലാമും: ഹംസ യൂസുഫിനൊരു വിമർശന കുറിപ്പ്

പ്രശസ്ത അമേരിക്കൻ ഇസ്‌ലാമിക പണ്ഡിതനും സൈത്തൂന യൂണിവേഴ്സിറ്റി പ്രെസിഡന്റുമായ ഷെയ്ഖ് ഹംസ യൂസഫ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അമേരിക്കൻ ഭരണകൂടത്തിന് കീഴിൽ ഫോറിൻ പോളിസി കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കാൻ തയ്യാറായിരിക്കുകയാണ്. ട്രംപിനെ പോലെയുള്ള ഒരു പ്രഖ്യാപിത മുസ്‌ലിം വിരുദ്ധ ഭരണാധികാരിയുടെ ഭാഗമായതിന്റെ പേരിൽ ലോകമുസ്‌ലിം സമൂഹത്തിൽ നിന്ന് ( പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ ‘ആധുനിക മുസ്‌ലിം ഐഡിയലിസ്റ്റുകൾ’ ആയ ‘ഇസ്‌ലാമിസ്റ്റു’കൾക്കിടയിൽനിന്ന്) വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഹംസ യുസുഫിന്റെ മുൻകാല രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പുകളും ഇതിന് ആക്കം കൂട്ടുന്നു. ആഗോള മനുഷ്യാവകാശ രാഷ്ട്രീയത്തിലും, മുസ്‌ലിം അതിജീവന രാഷ്ട്രീയത്തിലും മുഖ്യ ചർച്ച വിഷയമായ അമേരിക്കയുടെ അധിനിവേശ രാഷ്ട്രീയവും ഇസ്രയേലിന്റെ , ഫലസ്തീൻ അധിനിവേശവും അമേരിക്കൻ ഭരണാധികാരികൾ അതിൽ സ്വീകരിക്കുന്ന നിലപാടുകളും അമേരിക്കയിൽ തന്നെ അനവധി പ്രക്ഷോഭങ്ങൾക്ക് കാരണമാക്കിയിട്ടുണ്ട്.
ഇത്തരം അധികാര വർഗങ്ങളോട്, പ്രത്യേകിച്ച് ഇസ്‌ലാം വിരുദ്ധ സമീപനവും അക്രമ നയവും കൈക്കൊള്ളുന്ന ഭരണാധികാരികളോടുള്ള ഹംസ യൂസുഫിന്റെ നിലപാടുകളുടെയും ചേർന്ന് നിൽക്കലിന്റെയും കാരണങ്ങൾ കേവല രാഷ്ട്രീയമാണോ ദൈവശാസ്ത്രപരമാണോ, മുസ്‌ലിം സമൂഹത്തിന് വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമാണോ എന്നൊക്കെയുള്ള തർക്കങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. ഖാലിദ് അബൂ ഫദ്ലിനെ പോലുള്ള പണ്ഡിതന്മാർ ഇതിൽ ശ്രദ്ധേയമായ നിലപാടോടുകൂടി ഹംസ യൂസുഫിനെ വിമർശിച്ചു പലപ്പോഴും രംഗത്ത് വന്നിട്ടുമുണ്ട്.

ഹംസ യൂസുഫ് : 9/11 ന് മുൻപും ശേഷവും

അമേരിക്കൻ മുസ്‌ലിം വിരുദ്ധ നയനിലപാടുകളോട് വിപ്ലവാത്മകമായ രാഷ്ട്രീയ നിലപാടുകൾ കൈക്കൊണ്ട വ്യക്തിത്വമായിരുന്നു 2001 ലെ അമേരിക്കൻ ട്രേഡ് സെന്റർ ആക്രമണത്തിന് മുൻപ് ഹംസ യൂസുഫ്. അമേരിക്കൻ ‘Council on Foreign Relations(CFR)’ നെ കാഫിർ എന്ന ഖുർആനിലെ സംജ്ഞ കൊണ്ട് ഉപമിച്ച് ‘ഗൗരവമുള്ള പരിഹാസം’ ഹംസ യൂസുഫ് നടത്തിയിരുന്നു. കൂടാതെ അമേരിക്കയെ ദജ്ജാൽ എന്ന രീതിയിൽ വിമർശിച്ച പശ്ചാത്തലവും സെപ്റ്റംബർ 11 മുൻപുള്ള ഹംസ യുസുഫിനുണ്ട്. അതെ ഹംസ യുസുഫ് തന്നെയാണ് പ്രസ്തുത ഫോറിൻ പോളിസി കൗൺസിലുമായി ചേർന്നു പ്രവർത്തിക്കുവാൻ തയ്യാറായിരിക്കുന്നത്. സെപ്റ്റംബർ 11ന് ശേഷമാണ് ഹംസ യൂസുഫിന്റെ രാഷ്ട്രീയ നിലപാടുകളിൽ പ്രത്യക്ഷമായ മാറ്റങ്ങൾ വരുന്നത്. ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ആക്രമണകാരികൾ ‘ഇസ്‌ലാമിനെ’ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും ഇത്തരം വിധ്വേശാത്മകമായ പ്രവർത്തനങ്ങളിൽ നിന്നും വിശ്വാസികൾ മാറിനിൽക്കണമെന്നും വൈറ്റ് ഹൗസിൽ വെച്ച് നടന്ന പ്രാർത്ഥനാവേളയിൽ അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയുടെ ഘടനാപരമായ ഇസ്‌ലാം വിരുദ്ധതയെ സാധൂകരിക്കുന്ന രീതിയിൽ, സെപ്റ്റംബർ 11 ന് ശേഷം അമേരിക്ക തന്നെ പ്രത്യേകമായി പ്രോത്സാഹിപ്പിച്ച നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം വിഭജനത്തെ ഊർജ്ജിതമാക്കുന്ന നിലപാടാണ് ആ സമയം ഹംസ യൂസുഫ് കൈക്കൊണ്ടത്. അമേരിക്കയുടെ അധിനിവേശങ്ങൾക്കെതിരിൽ മുസ്‌ലിം സമൂഹം നടത്തുന്ന പ്രതിരോധങ്ങളെ തടയുവാനുള്ള അമേരിക്കയുടെ ശ്രമത്തിനാണ് ഇത് പ്രോത്സാഹനമായത്. തുടർന്ന് അദ്ദേഹം മുസ്‌ലിം സമാധാനം ആണ് എന്ന് സ്ഥാപിക്കുന്ന നിലപാട് സ്വീകരിച്ചു. അമേരിക്ക ബുഷിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭീകരവാദ വിരുദ്ധവേട്ടയിൽ (war on terror) മുസ്‌ലിംകളെ വൈകാരികമായി സംരക്ഷിക്കാൻ വേണ്ടി രസകരമായ ഇടപെടൽ അദ്ദേഹം നടത്തുന്നുണ്ട്. അമേരിക്കയുടെ ഭീകരവാദ വിരുദ്ധ സായുധ നീക്കത്തിന് അവർ നൽകിയ പേര് infinite justice എന്നായിരുന്നു. അത് അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണെന്നും അതിനാൽ അത് ഉപേക്ഷിക്കണമെന്നും ഹംസ യുസുഫ് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ പരിഗണിച്ച് പ്രസിഡന്റ് ജോർജ് ബുഷ് പേര് മാറ്റുകയും ചെയ്തു. പ്രസ്തുത സായുധ നീക്കങ്ങൾ മുസ്‌ലിം രാജ്യങ്ങളിൽ വിതക്കുന്ന കൂട്ടക്കുരുതികളോടുള്ള വിയോജിപ്പിനേക്കാൾ ഈ വിഷയത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

അമേരിക്കൻ സ്തുതി പാടകരായ സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ഇദ്ദേഹത്തിന്റെ ബന്ധവും യു.എ.ഇയുടെ കീഴിൽ നടന്ന Forum for Promoting Peace in Muslim Socities എന്ന അന്തരാഷ്ട്ര സമ്മേളനവുമായി ബന്ധപ്പെട്ട് യു.എ.ഇയുടെയും സൗദിയുടെയും ചരിത്രപരമായ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച്, മുൻപ് കാമ്പസ് അലൈവിൽ പ്രസിദ്ധീകരിച്ച വലാ ഖ്യുസായ്, തോമസ് പാർക്കർ ഷെയ്ഖ് ബിൻ ബയ്യാഹിന്റെയും ഷെയ്ഖ് ഹംസ യൂസുഫിന്റെയും അദ്ദേഹത്തിന്റെ ഗുരുവായ ബിൻ ബയ്യാഹിന്റെയും രാഷ്ട്രീയ ആശയങ്ങളോടുള്ള വിമർശന പഠനത്തിൽ വിശദമായി ചർച്ചചെയ്യുന്നുണ്ട്. മുസ്‌ലിം രാജ്യങ്ങളിൽ കൂട്ടക്കുരുതികൾക്ക് നേതൃത്വം നൽകുന്ന വംശീയാക്രമണങ്ങൾ നടത്തുകയും, അമേരിക്കയിലെ തന്നെ ആഭ്യന്തര ഭദ്രത ശിഥിലമാക്കുകയും ചെയ്യുന്ന, ഏകാധിപത്യ രാഷ്ട്രീയം കൈക്കൊള്ളുന്ന ഭരണാധികാരിയാണ് ട്രംപ്. അദ്ദേഹത്തിന്റെ വിദേശനയ ഉപദേഷ്ടാവാകുന്ന ഹംസ യൂസുഫിന്റ തീരുമാനത്തെ രാഷ്ട്രീയമില്ലാത്ത ഒരു പ്രവർത്തിയായി ആഗോള മുസ്‌ലിം രാഷ്ട്രീയത്തിനോ,അധിനിവേശ വിരുദ്ധ അതിജീവന പോരാട്ട ശ്രമങ്ങൾക്കോ മനസ്സിലാക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. പ്രത്യേകിച്ച് മുസ്‌ലിം കുടിയേറ്റ പ്രശ്നനങ്ങളോടുള്ള രാഷ്ട്രങ്ങളുടെ നിലപാട് ആഗോള രാഷ്ട്രീയത്തിന്റെയും ഭരണകൂടങ്ങളുടെ അന്താരാഷ്രട്ര നയങ്ങളുടെയും ഗതിയെ സ്വാധീനിക്കുന്ന കാലഘട്ടത്തിൽ ഒരു മുസ്‌ലിം പണ്ഡിതൻ അമേരിക്കയുടെ വിദേശനയ ഉപദേഷ്ടാവ് ആകുന്നത് രാഷ്ട്രീയ പ്രാധാന്യമുള്ള ചർച്ച തന്നെയാണ്. ഹംസ യൂസുഫിനോട് താല്പര്യമുള്ളവർക്കിടയിലും, പ്രത്യേകിച്ച് അമേരിക്കയിലെ വൈറ്റ് മുസ്‌ലിം സമൂഹത്തിനിടയിൽ തന്നെ അമേരിക്കൻ വിദേശ നയത്തോടുള്ള വിയോജിപ്പിന്റെ ആക്കം കുറയ്ക്കുക എന്ന രാഷ്ട്രീയം ഇതിലുണ്ടെന്ന് ഇതിനോടകം വിമർശനം വന്നു കഴിഞ്ഞതാണ്. ഇന്ത്യയിലെ നരേന്ദ്ര മോദി ഗവർന്മെന്റിന്റെ സമാനമായ രാഷ്ട്രീയ തന്ത്രം പലവിധത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുസ്‌ലിം വിരുദ്ധ രാഷ്ട്രീയതിനേറ്റ വിമർശനത്തിന്റെ ശക്തി കുറക്കാനുള്ള ട്രംപിന്റെ രാഷ്ട്രീയ തന്ത്രമായി ഇതിനെ മനസിലാക്കുന്നതിനൊപ്പം, ഹംസ യൂസുഫിനെ പോലുള്ള ഇസ്‌ലാമിക വൈജ്ഞാനിക അടിത്തറയുള്ള ഒരു പണ്ഡിതന്റെ നിലപാടിനെ കുറിച്ചുള്ള വിശകലനങ്ങൾ കൂടി അനിവാര്യമാണ് എന്ന് കരുതുന്നു. പ്രത്യേകിച്ച് ഹംസ യൂസുഫിന്റെ നിലപാടുകൾക്ക് രാഷ്ട്രീയരഹിതമായ അർത്ഥങ്ങളും, ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളും, മുസ്‌ലിം ചരിത്രത്തിൽ നിന്നുള്ള കണ്ടെടുക്കലും ഉണ്ടാകുന്നു എന്നതിനാൽ അത്തരം അന്വേഷണങ്ങൾക്ക് വൈജ്ഞാനികമായ പ്രാധാന്യം തന്നെയുണ്ട്.

ഇസ്‌ലാമിസ്റ്റ് വിളിയുടെ രാഷ്ട്രീയം

‘ഇസ്‌ലാമിസ’ത്തോടുള്ള ഹംസ യൂസുഫിന്റെ വിയോജിപ്പുകൾക്കും ‘ഇസ്‌ലാമിസ്റ്റു’കൾക്ക് ഹംസ യൂസുഫിനോട് ഉണ്ടാകാൻ സാധ്യതയുള്ള വിയോജിപ്പുകൾക്കും വിശ്വാസ വിജ്ഞാനീയങ്ങളുടെയും ശരീഅ വിജ്ഞാനീയങ്ങളുടെയും തലങ്ങളുണ്ടെന്ന് കാണാൻ സാധിക്കും. ഖാലിദ് അബൂ ഫിദലും ഹംസ യുസുഫും തമ്മിലുള്ള വിയോജിപ്പുകളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ തന്നെ അത് മനസിലാക്കാൻ സാധിക്കും. വിശ്വാസ സംഹിതയുടെ വ്യാഖ്യാനത്തിലും ശരീഅത്തിലും കർമശാസ്ത്ര -രാഷ്ട്രതന്ത്ര വിജ്ഞാനങ്ങളിലും പരസ്പരം വിയോജിച്ചും പ്രയോഗത്തിൽ വൈവിധ്യം പുലർത്തിയും തന്നെയായിരുന്നു ഇസ്‌ലാമിന്റെ വ്യാവഹാരിക പാരമ്പര്യത്തിലും ചരിത്രത്തിലും മുസ്‌ലിം സമൂഹം മുന്നോട്ട് പോയത്. എന്നാൽ, ഹംസ യൂസുഫ് അമേരിക്കയോട് ചേർന്ന് നിൽക്കുന്നത് കാരണത്താൽ ആഗോള മുസ്‌ലിം രാഷ്ട്രീയത്തിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങളെ ‘ഇസ്‌ലാമിസ്റ്റ്’ വിമർശനമായി മാത്രം കാണാൻ ശ്രമിക്കുന്നതിലൂടെ മറ്റൊരു രാഷ്ടീയ പ്രശ്നം രൂപപ്പെടുന്നുണ്ട്. ഇസ്‌ലാമിസമെന്ന വ്യവഹാരം അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തിൽ എങ്ങനെ സ്ഥാനപ്പെടുത്തപ്പെട്ടു എന്നതിനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വിഷയമാണത്.

Donald Trump

രാഷ്ട്രീയ ഇസ്‌ലാം സമം ഇസ്ലാമിക ഭീകരവാദം അഥവാ ഇസ്‌ലാമിക് ഫണ്ടമെന്റലിസം തുടങ്ങിയ പരികല്പനകളിൽ നിന്ന് കൊണ്ടാണ് അമേരിക്ക മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം നിലനിർത്തിപ്പോകുന്നത്. അഥവാ war on terror ന്റെ ഉത്ഭവവും സമകാലികതയും ഇസ്‌ലാമിസത്തെ കുറിച്ചുള്ള പ്രത്യേകമായ നിർണ്ണയനങ്ങളിലൂടെയാണ് പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ സാമൂഹികത -രാഷ്ട്രീയം -പ്രധിരോധം -അതിജീവനം തുടങ്ങിയ സങ്കൽപ്പനങ്ങൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് ഇടപെട്ടുകൊണ്ടിരിക്കുന്ന ലോകത്തെ പലവിധ മുസ്‌ലിം വിഭാഗങ്ങളുടെ ഇടപാടുകൾ മുതൽ ഐ എസ് പോലുള്ള പ്രതിഭാസങ്ങളെ വരെ സെപ്റ്റംബർ 11-ാനന്തരം ഇസ്ലാമിസം എന്ന വൃത്തത്തിൽ war on terror വ്യവഹാരങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിസത്തെ ഇങ്ങനെ ഏകശിലാത്മകമായ നിർണയനം നടത്തി അമേരിക്ക നടത്തുന്ന മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഹംസ യൂസുഫിന്റെ നിലപാടുകളോടുള്ള വിയോജിപ്പുകളെ ഇസ്ലാമിസ്റ്റ് വിമർശനമായി കാണാൻ ശ്രമിക്കുന്നതിൽ മറ്റൊരു രാഷ്ടീയം കൂടിയുണ്ട്. അമേരിക്കയുടെ രാഷ്ട്രീയ ഘടനയുടെ പ്രത്യേക ആനുകൂല്യത്തിൽ നിന്ന് കൊണ്ടാണ് ഹംസ യൂസുഫിന്റെ ഇസ്ലാമിസത്തോടുള്ള വിമർശനം എന്ന പ്രശ്നമാണത്. അമേരിക്കയോടുള്ള രാഷ്ടീയ വിയോജിപ്പ് ആഗോള മുസ്‌ലിംകൾ പ്രക്ഷോഭത്തിന്റെയും, ബഹിഷ്‌കരണത്തിന്റെയും, പലതരം സാധ്യതകളിൽ നിന്ന് വികസിപ്പിച്ചെടുത്തതാണ്. ലക്ഷക്കണക്കിന് മുസ്‌ലിംകളെ വിവിധ രാഷ്ട്രങ്ങളിൽ കൊന്നൊടുക്കിയ, അഭയാർഥികളാക്കിയ, ആഭ്യന്തര സംഘർഷങ്ങൾക്ക് വഴിയൊരുക്കിയ അമേരിക്കൻ നയങ്ങളും പ്രയോഗങ്ങളും അവർക്കെതിരെയുള്ള മുസ്‌ലിം രാഷ്ട്രീയത്തിന്റെ നിലപാടുകളെ നിർണയിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഹംസ യൂസുഫിന്റെ അമേരിക്കൻ അനുകൂല നിലപടുകൾക്ക് വിശ്വാസ വിജ്ഞാനീയങ്ങളുടെ പ്രായോഗിക അർഥങ്ങൾ നൽകാൻ ശ്രമിച്ചാലും ആഗോള മുസ്‌ലിം രാഷ്ട്രീയത്തിന് അതിനെ രാഷ്ട്രീയമായിക്കൂടിയേ മനസ്സിലാക്കാൻ സാധിക്കുകയുള്ളു.

Shaheed Sayyid Qutb

ഇനി ഇസ്‌ലാമിസത്തെ കുറിച്ചുള്ള ചർച്ചകളിലേക്ക് തന്നെ പ്രവേശിച്ചാൽ അനവധി വിശകലനങ്ങൾ ബാക്കിയുള്ളതായി മനസ്സിലാക്കാൻ സാധിക്കും. ഇസ്‌ലാമിസത്തെ war on terror വ്യവഹാരത്തിന്റെ നിർണയങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുകയില്ല എന്നതാണ് അതിന്റെ അടിസ്ഥാന കാരണം. ഇസ്‌ലാമിസം അടിസ്ഥാനപരമായി ഇസ്‌ലാമിനെ കുറിച്ചുള്ള ഒരു വിശകലനോപാധി എന്ന നിലയിലും, ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ വിമോചന ഉള്ളടക്കം എന്ന നിലയിലും ഇസ്‌ലാമിന്റെ സമഗ്രതയെ പ്രതിനിധാനം ചെയ്യുന്ന ഭാഷാ സൂചകം എന്ന നിലയിലും വിശകലന സാധ്യതകളുള്ള പദ്ധതിയാണ്. മുസ്‌ലിം സമൂഹത്തിന്റെ വ്യവഹാരികമായ പാരമ്പര്യത്തിലും ചരിത്രത്തിലും പലതിലേക്കും അത് വ്യാപിച്ചു കിടക്കുന്നുണ്ട്. ഒരു പക്ഷെ ഹംസ യൂസുഫിന്റെ പാരമ്പര്യത്തിൽ പോലും അത് കണ്ടെത്താൻ സാധിക്കും. സെപ്റ്റംബർ 11 ന് മുൻപുള്ള ഹംസ യൂസുഫിന്റെ അമേരിക്കൻ വിമർശനത്തിൽ വന്ന ‘കാഫിർ -ദജ്ജാൽ’ പ്രയോഗങ്ങളുമായി രീതിശാസ്ത്രപരമായ ബന്ധങ്ങൾ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും അധികാര വിമർശനങ്ങളിൽ വരെ കാണാൻ സാധിക്കും.War on Terror, ഇസ്‌ലാമിസം, വിശ്വാസ-വിജ്ഞാനങ്ങൾ, മോഡെർണിസ്റ്റ്-മുസ്‌ലിം പാരമ്പര്യം, മുസ്‌ലിം നിർണയനങ്ങൾ, ഇസ്‌ലാം സ്വീകരിച്ച യൂറോ അമേരിക്കൻ സമൂഹത്തിലെ ബ്ലാക്ക് മുസ്‌ലിം-വൈറ്റ് മുസ്‌ലിം സംവാദങ്ങൾ, ആഗോള മുസ്‌ലിം രാഷ്ടീയം തുടങ്ങി പല മേഖലകളെ കേന്ദ്രമാക്കിയുള്ള ആലോചനകൾ ഹംസ യൂസുഫിനോടുള്ള വിയോജിപ്പിന്റെ രാഷ്ട്രീയത്തിൽ ബാക്കിയാകുന്നുണ്ട്.

(തുടരും)

ലദീദ ഫർസാന

സ്റ്റുഡന്റ് ലീഡർ
ജാമിഅ മില്ലിയ്യ, ഡൽഹി