Campus Alive

സത്യവും നുണയും: ജയിലനഭുവങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍

സത്യം പറയുക, തെറ്റ് ചെയ്യുക (Wrong Doing, Truth Telling) എന്ന പുസ്തകം ഫൂക്കോയുടേതാണ്. ഈ പുസ്തകത്തില്‍ കൊടുത്ത സംഭാഷണം താഴെ കൊടുക്കുന്നു. ഒരു രോഗിയും ഡോക്ടറും തമ്മിലുളളതാണ് സഭാഷണം.
ഡോക്ടര്‍ – നിങ്ങള്‍ക്ക് ഭ്രാന്താണ്
രോഗി – എനിക്ക് ഭ്രാന്തില്ല
ഡോക്ടര്‍ – നിങ്ങള്‍ ഇത് സമ്മതിക്കണം. അല്ലെങ്കില്‍ നിങ്ങളെ അടുത്ത കുളിക്ക് വിടും
(കുളി എന്നത് ഇവിടെ ശിക്ഷ എന്ന അര്‍ത്ഥത്തിലാണ്. തണുത്ത വെളളത്തില്‍ കിടത്തുക തുടങ്ങിയവ)
രോഗി – നിങ്ങള്‍ എനിക്കെതിരെ ശക്തി പ്രയോഗിക്കുമെങ്കില്‍ ഞാന്‍ സമ്മതിക്കാം.

ഇവിടെ ആധുനിക വൈദ്യശാസ്ത്രം എങ്ങനെയാണ് വികസിച്ച് വരുന്നത് എന്നും സമൂഹത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളെ അത് നേരിട്ടതുമാണ് നമ്മള്‍ ഈ സംഭാഷണത്തിലൂടെ കണ്ടത്. ഇവിടെ ശക്തി (Force) ഉപയോഗിച്ച് രോഗിയെ കൊണ്ട് സമ്മതിപ്പിക്കുന്ന (Consent) ഈ പ്രാക്ടീസിങ്ങ്, ആധുനിക വൈദ്യശാസ്ത്രം പ്രാവര്‍ത്തികമാക്കുന്നത് ആധുനിക ജ്ഞാനോദയത്തിന്‍റെ ഭാഗമായാണ്. ശരീരത്തിനെ പീഡിപ്പിച്ച് അതിലൂടെ മനുഷ്യനെ നിയന്ത്രിക്കാം എന്നത്‌ ആധുനികത മുന്നോട്ട് വെക്കുന്ന, അധികാരികള്‍ക്കുളള ഒരു സാധ്യതയാണ്. ഇവിടെ മനുഷ്യനെ ശക്തിയിലൂടെ കീഴ്പ്പെടുത്തി കളയാം എന്ന യുക്തിയെ തകര്‍ക്കുന്ന ഒരു സംഭാഷണത്തെ കുറിച്ചാണ് ഈ കുറിപ്പ്. പരപ്പനങ്ങാടി സ്വദേശി സകരിയ ബാംഗ്ലൂരു സ്ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട്‌ ഒമ്പത് വര്‍ഷമായി പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുകയാണ്. യു.എ.പി.എ എന്ന ഭീകരനിയമത്താല്‍ സമാനതകളില്ലാത്ത അക്രമത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ചെറുപ്പക്കാരന്‍. സകരിയയുടെ ജ്യേഷ്ടന്‍
മരണപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ജയിലില്‍ നിന്ന് വന്നപ്പോള്‍ കാണാന്‍ കഴിഞ്ഞു. അന്ന് അദ്ദേഹം പങ്കുവെച്ച കാര്യങ്ങളാണ് ചുവടെ:
zakaria-parappanangadiസകരിയ – ജയിലില്‍ നിന്ന് പോരണമെങ്കില്‍ ഒരു നുണ പറഞ്ഞാല്‍ മതി
ഞാന്‍ – എന്ത് നുണ
സകരിയ – ബോംബ് വെച്ചു എന്ന നുണ
സകരിയ – ഒരുപാട് ആളുകള്‍ ബോംബ് വെച്ചു എന്ന് സമ്മതിക്കും. അപ്പോള്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കും. അത് അനുഭവിച്ചാല്‍ വീട്ടില്‍ പോവാം. സത്യം പറഞ്ഞാല്‍ ഞാന്‍ കിടക്കുന്നത് പോലെ കിടക്കേണ്ടി വരും. സത്യം പറയുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അനന്തമായ ശിക്ഷയായിരിക്കും അതിന്‍റെ ഫലം.

ഇവിടെ സകരിയ പറയുന്ന സത്യം എന്താണ് എന്ന ചോദ്യം പ്രസക്തമാണ്? ഇങ്ങനെ സത്യം പറഞ്ഞിട്ട്‌ എന്താണ് കിട്ടാനുളളത്? ഭരണകൂടം നുണ പറയുമ്പോള്‍ അതിന്‍റെ ഇരകള്‍ രക്ഷപ്പെടണമെങ്കില്‍ നുണ പറഞ്ഞേ പറ്റൂ എന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കുളളില്‍ ഈ ഒരു ഭരണകൂടത്തിന്‍റെ മര്‍ദ്ദനത്തിനാല്‍ തന്നെ നമ്മള്‍ ചോദിച്ചിട്ടുളളതാണ്.
സാമൂഹിക നീതിക്കായി നടത്തുന്ന സമരങ്ങളില്‍ നമ്മള്‍ അറസ്റ്റ് വരിച്ച് കോടതിയിലെത്തിയാല്‍ “തെറ്റ് ചെയ്തിട്ടുണ്ടോ” എന്ന ചോദ്യത്തിന് ‘ചെയ്തിട്ടുണ്ട്’ എന്ന് പറയുന്ന, നുണയുടെ നിരന്തരമായ പ്രാക്ടീസിങ്ങ് നമ്മുടെ മനസ്സിനെ ക്രമീകരിച്ചു കഴിഞ്ഞു. ഇത് ഒരു തരത്തിലുള്ള വ്യാജനിര്‍മ്മിതി നമുക്കുളളില്‍ ഉണ്ടാക്കി തീര്‍ത്തിരിക്കുന്നു. ഇവിടെയാണ് സകരിയയുടെ സത്യം പറയുക എന്ന വലിയ പോരാട്ടം നമ്മള്‍ കാണാതെ പോവുന്നത്. ഇവിടെ പ്രവാചകന്‍റെ ഹദീസിനെ മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ സത്യ വിശ്വാസിക്ക് ദുനിയാവ് ഒരു ജയിലായി അനുഭവപ്പെടും. ഇവിടെ സത്യം പറയുന്ന വിശ്വാസി എന്നത് തന്നെയാണ് സകരിയയെ വ്യത്യസ്തനാക്കുന്നത്.17990501_726940347480605_4758190588455920950_o-1

ബ്രാഹ്മണിക്കലായ അധികാരക്രമത്തിലൂടെ രൂപപ്പെട്ട സാമൂഹിക വ്യവസ്ഥിതിയുടെ ജാതീയതയെയും അനീതിയെയും മൂടിവെക്കുക എന്ന ദൗത്യമാണ് മീഡിയ അടക്കമുള്ള ആധുനികമായ സാമൂഹിക സ്ഥാപനങ്ങളൊക്കത്തന്നെയും നിര്‍വ്വഹിക്കുന്നത്. ഭീകരവാദത്തെയും ബോംബ് സ്ഫോടനങ്ങളെയും മുന്‍നിര്‍ത്തി സംഘ്പരിവാരം സൃഷ്ടിക്കുന്ന പ്രോപ്പഗണ്ട അതിന്‍റെ അധികാരത്തെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ പ്രധാനമാണ്. പോലീസ്, ജയില്‍, കോടതി, വെത്യസ്ത ഭരണകൂട ഏജന്‍സികള്‍, മാധ്യമങ്ങള്‍ ഒക്കത്തന്നെയും ഈ നുണ വ്യവസായത്തെ സാധൂകരിക്കാന്‍ സംഭാവനകളര്‍പ്പിക്കുന്നുണ്ട്. ഇവിടെ സകരിയ സാക്ഷ്യം വഹിക്കുന്നത് അനശ്വരമായ ഒന്നിനെയാണ്. ശാരീരികമായ വയലന്‍സിലൂടെ ഭരണകൂടങ്ങള്‍ക്ക് കീഴ്പ്പെടേണ്ടി വന്നേക്കാവുന്ന അവസ്ഥകളെ ആത്മീയമായ മറ്റൊരു ലോക വീക്ഷണത്തിലൂടെ മറികടക്കാനുളള പ്രേരണയാണ് സകരിയയുടെ ജീവിതം നമുക്ക് നല്‍കുന്നത്.

ഒരു മണിക്കൂര്‍ അനീതി അനുഭവിച്ചയാള്‍ക്ക് ആറ് മാസക്കാലത്തെ നമസ്‌കാരത്തേക്കാളും അല്ലാഹു പ്രതിഫലം നല്‍കുന്നു എന്ന ഹദീസ് കൂടി നമ്മള്‍ ഇവിടെ കൂട്ടി വായിക്കുക. എങ്കില്‍ മാത്രമേ നമ്മള്‍ ശാരീരികമായ ദുര്‍ബലതകളെ മറികടക്കാന്‍ നമുക്ക് പറ്റുകയുളളൂ.

hqdefaultഇവിടെ ശാരീരികമായ ശക്തി പ്രയോഗത്തിലൂടെ നിര്‍മ്മിച്ചെടുക്കുന്ന സത്യങ്ങള്‍ (നുണകള്‍) ലോകത്ത് ഒരു ജ്ഞാന മണ്ഡലമായി രൂപപ്പെടുത്താന്‍ കൊളോണിയല്‍ (ബ്രാഹ്മണിക്കല്‍) ആയ ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതിനെതിരെ സുന്ദരമായ ചെറുത്ത് നില്‍പ്പുകള്‍ നടന്ന് കൊണ്ടിരിക്കുന്നു. ഇവിടെ സകരിയ, മഅ്ദനി തുടങ്ങിയ നിരവധി ആളുകള്‍ വേറൊരു ലോകത്തിന്‍റെ കാഴ്ച്ചയിലൂടെ മുന്നോട്ട് പോവുകയാണ്. ആ സൗന്ദര്യപരമായ ചെറുത്തുനില്‍പ്പിനെ നാം അഭിമുഖീകരിക്കുക; ആത്മീയ പാഠങ്ങളായി അവ ഉയര്‍ന്നുവരട്ടെ.

ഹാഷിര്‍ കെ മുഹമ്മദ്‌