Campus Alive

ഇന്ത്യൻ ജനാധിപത്യവും ഭൂരിപക്ഷത്തിൻ്റെ രാഷ്ട്രീയ അധികാരവും – ഭാഗം -2

ചോദ്യം: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് എന്താണ് താങ്കളുടെ നിരീക്ഷണം, പ്രത്യേകിച്ചും വലതു പക്ഷം ശക്തി നേടിയ പശ്ചാത്തലത്തിൽ? 

ഉത്തരം: എന്റെ പുസ്തകത്തിൽ ഞാൻ ചർച്ച ചെയ്യുന്നത് ഇതേ വിഷയമാണ്, ഞാൻ അതിനെ വിളിക്കുന്നത് ജനാധിപത്യം എന്ന സാഹസം എന്നാണ്. അംബേദ്കറിനെ എന്നും അലട്ടിയ പ്രതിസന്ധി, ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുന്നത് എന്നതാണ്. ജനാധിപത്യം പ്രഥമവും പ്രധാനവുമായി ഒരു വിശ്വാസമാണ്. എന്നെയും നിങ്ങളെയും വേർപ്പെടുത്തുന്ന എന്തൊക്കെ കാര്യങ്ങളുണ്ടാവട്ടെ, നമ്മൾ തമ്മിൽ എന്തൊക്കെ വിഭജനങ്ങൾ ഉണ്ടാകട്ടെ, ആവശ്യം വരുമ്പോൾ നമ്മുടെ പൊതു നന്മ എന്താണെന്ന് നമ്മൾ തീരുമാനിക്കും. ജനാധിപത്യത്തിന്റെ സ്വഭാവം ഭൂരിപക്ഷം എല്ലാവർക്കും വേണ്ടി തീരുമാനിക്കുന്നു എന്നതാണ്. ഇതിനെ നമ്മൾ ഭൂരിപക്ഷ തീരുമാന തത്ത്വമെന്ന് വിളിക്കുന്നു.

അതുപ്രകാരം ആണ് ഭൂരിപക്ഷം പൊതു നന്മക്കു വേണ്ടി തീരുമാനിക്കുന്നത്. ഇതാണതിന്റെ ചട്ടക്കൂട്. എന്നാൽ ജാതി എന്ന അസമത്വം നിലനിൽക്കുന്നിടത്തോളം കാലം ഇങ്ങിനെയുള്ള ഒരു വിശ്വാസത്തിനു വളരുക സാധ്യമല്ല എന്ന് അംബേദ്‌കർ തിരിച്ചറിഞ്ഞിരുന്നു. അംബേദ്കറെ അലട്ടിയ പ്രധാന പ്രശ്നം അതു തന്നെയായിരുന്നു. ജാതി ഒരിക്കലും ഈ വിശ്വാസത്തെ വളരാൻ അനുവദിക്കുകയില്ല, എന്നു പറഞ്ഞാൽ, ജാതി ജനാധിപത്യത്തെ വളരാൻ അനുവദിക്കുകയില്ല. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ നമ്മുക്ക് ഇടയിലുള്ള ഈ വിശ്വാസത്തെ ജനാധിപത്യവത്കരിക്കാൻ ഒരിക്കലും ജാതി സമ്മതിക്കില്ല. അതിന്റെ അർഥം ഇന്ത്യൻ ഭൂരിപക്ഷം ഒരിക്കലും ഉത്തരവാദിത്വമുള്ള ഒരു ജനാധിപത്യ ഭൂരിപക്ഷമായിരിക്കുകയില്ല. ഇന്ത്യൻ ഭൂരിപക്ഷം സ്വാതന്ത്ര്യത്തെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കും. ഇന്ത്യൻ ഭൂരിപക്ഷം, സ്വാതന്ത്ര്യത്തിലേക്ക് കൂടുതൽ അടുക്കുന്നതിനു പകരം, കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കു നീങ്ങി കൊണ്ടിരിക്കും. സ്വേച്ഛാധിപത്യത്തിലേക്കു നീങ്ങാനുള്ള ഈ ആകർഷണത്തിനു ഒരു പേരുണ്ട്. അത് ജാതിയാണ്.

അന്തർലീനമായ ഈ സ്വേച്ഛാധിപത്യ പ്രവണത ഇല്ലെങ്കിൽ,  കീഴടക്കി ഭരിക്കുന്ന അധികാര സ്വഭാവമില്ലെങ്കിൽ, ഉപദ്രവിക്കുന്ന രീതി ഇല്ലെങ്കിൽ, രാഷ്ട്രീയ-സാമൂഹിക അധികാരത്തെ ദുരുപയോഗം ചെയ്യുന്നില്ലെങ്കിൽ ജാതി ഇല്ല. അംബേദ്കറെ ന്യൂനപക്ഷങ്ങളുടെ ഒരു ചിന്തകനായിട്ടു വിശേഷിപ്പിക്കലാണ് പതിവ് രീതി, ഈ കൊടിയ അബദ്ധം ചെയ്തത് ഇന്ത്യയുടെ രാഷ്ട്രീയ പാരമ്പര്യം മാത്രമല്ല കൊളോണിയൽ വിരുദ്ധ  പാരമ്പര്യം കൂടിയാണ്. ഞാൻ അതു പറയാൻ കാരണം, ജനാധിപത്യം നേരിടാൻ പോകുന്ന യഥാർത്ഥ പ്രശ്നം ആദ്യമായി തിരിച്ചറിഞ്ഞത് അംബേദ്‌കർ ആണ്. അദ്ദേഹം അത് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുമുണ്ട്. ജനാധിപത്യം യഥാർത്ഥ പ്രതിസന്ധി നേരിടുക ന്യൂനപക്ഷത്തിൻ്റെ ഭാഗത്തു നിന്നല്ല, മറിച്ചു ഭൂരിപക്ഷത്തിൽ നിന്നാണ് എന്നതാണ് പ്രവാചക തുല്യമായ ആ അഭിപ്രായം. ന്യൂന പക്ഷത്തെ കുറിച്ച് നമുക്ക് ഒരുപാട് അഭിപ്രായങ്ങളുണ്ട്. എന്താണ് അവരുടെ ആവശ്യങ്ങൾ, അവർ എന്തിനെയാണ് ഭയക്കുന്നത്, എന്താണവരുടെ ആഗ്രഹങ്ങൾ,  എങ്ങിനെ അവരെ നിയന്ത്രിച്ചു നിർത്താം തുടങ്ങിയ അനവധിയായ ചോദ്യങ്ങളും ഉത്തരങ്ങളും നമ്മുക്ക് ഉണ്ട്. എന്നാൽ, അംബേദ്ക്കർ പറയുന്നത്, ഇതൊക്കെ ശ്രദ്ധ തിരിക്കാനുള്ള ഉപായങ്ങൾ മാത്രമാണ് എന്നാണ്. ഇന്ന് ജനാധിപത്യം പ്രതിസന്ധി നേരിടുന്നത് ന്യൂനപക്ഷങ്ങളിൽ നിന്നല്ല, മറിച്ചു ആരോടും കണക്കു ബോധിപ്പിക്കേണ്ടാത്ത സ്വേച്ഛാധിപത്യ പ്രവണതയുള്ള കാണാ മറയത്ത് നിൽക്കുന്ന ഭൂരിപക്ഷത്തിൽ നിന്നാണ്. നവ ഫാസിസ്റ്റു ശക്തിപ്പെടൽ ഇന്ത്യയിലും ലോകത്തു പലയിടത്തും നാം കാണുമ്പോൾ, നമ്മൾ പരോക്ഷമായി ആവശ്യപ്പെടുന്നത് അംബേദ്കറെ വീണ്ടും ആഴത്തിൽ വായിക്കുക എന്നതാണ്. ആധുനിക രാഷ്ട്ര ചിന്തയിൽ പരാമർശിക്കാതെ പോകുന്നത് ന്യൂനപക്ഷത്തെയല്ല, മറിച്ചു ഭൂരിപക്ഷത്തെയാണ്. നാല്പതുകളിൽ തന്നെ ഭൂരിപക്ഷ അധികാര ഘടനയെ കുറിച്ച് സിദ്ധാന്തവും നിരൂപണവും അംബേദ്‌കർ  വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. ഭൂരിപക്ഷത്തിന്റെ എണ്ണത്തിലുള്ള ആധിക്യം, ഉത്തരവാദ രഹിതമായി സ്വേച്ഛാധിപത്യ ശക്തിയുടെ ദുരുപയോഗം എന്നിവയുടെ പ്രലോഭനത്തിൽ, ജനാധിപത്യം പ്രതിസന്ധി നേരിടുമെന്നാണ് അദ്ദേഹം വികസിപ്പിച്ച സിദ്ധാന്തം. ഇവിടെ നിന്ന് തുടങ്ങാമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അദൃശ്യമായ ഭൂരിപക്ഷ പ്രലോഭനങ്ങളെ അപഗ്രഥിക്കുമ്പോൾ, നമുക്ക് ഇന്ന് കാണാൻ കഴിയുക അവർ എല്ലാറ്റിനെയും മായ്ച്ചു കളയുന്നു, എല്ലാറ്റിനെയും മലിനമാക്കുന്നു, എല്ലാം കുഴിച്ചെടുക്കുന്നു, എല്ലാം നശിപ്പിക്കുന്നു. ഇതൊക്കെ ചെയ്യുന്നത് അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി പണം സ്വരൂപിക്കുകയും നിക്ഷേപിക്കുകയും ചെയുമ്പോൾ തന്നെയാണ്. ഇതൊരു വൈരുധ്യാധിഷ്ഠിത നശീകരണത്വം ആണ്. നാല്പതുകളിലെ അംബേദ്കറിലേക്കു തിരിച്ചു പോവുകയാണെങ്കിൽ, നമ്മുക്ക് മനസ്സിലാക്കാൻ കഴിയുക, ഇന്ത്യയിൽ ജനാധിപത്യം അതിജീവിക്കും എന്നാണെന്ന് ഞാൻ കരുതുന്നു. പക്ഷെ നമ്മൾ തുടങ്ങേണ്ടത് എന്താണ് യഥാർത്ഥത്തിൽ ഭൂരിപക്ഷം എന്ന ചോദ്യത്തിൽ  നിന്നാണ്, അതെങ്ങനെയാണ് ജനാധിപത്യ വിരുദ്ധമായിത്തീരുക എന്ന ചോദ്യത്തിൽ നിന്നാണ്.

ചോദ്യം: താങ്കൾ മുന്നോട്ടു വെക്കുന്ന ആശയം ഭരണഘടന ഉയർത്തെഴുന്നേൽക്കും എന്നതാണ്. ഹിലാൽ അഹ്മദിനെ പോലുള്ള ചിന്തകർ 2014-നു ശേഷമുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഭരണഘടനാ ഹിന്ദുയിസം എന്നൊരു പദം സൃഷ്ടിച്ചിട്ടുണ്ട്. വലതുപക്ഷ പ്രത്യയശാസ്ത്ര വക്താവായ സുനിൽ അംബേദ്‌കർ, ഭരണഘടനയെ വലതുപക്ഷ ലക്ഷ്യങ്ങൾ നേടാനുള്ള ഉപകരണമാക്കാമെന്നു ഇരുപതാം നൂറ്റാണ്ടിലെ RSS റോഡ് മാപിൽ വിശദീകരിക്കുന്നുണ്ട്. എങ്ങിനെയാണ് ഹിന്ദുത്വയെ ഭരണഘടന ഉൾക്കൊള്ളുക? ഈ പശ്ചാത്തലത്തിൽ എങ്ങിനെയാണ് മൗലികമായി ജനാധിപത്യം സാധ്യമാകുക? 

ഉത്തരം: നമ്മൾ ഭരണഘടനാ തത്വത്തെ മനസ്സിലാക്കിയതിൽ വരുത്തിയ വലിയ പിഴവ്; ഭരണഘടന നിയമ സംവിധാനം ഉറപ്പു നൽകുന്നു, അതിന്റെ സ്വഭാവം തന്നെ ജനാധിപത്യപരമാണ്, അല്ലെങ്കിൽ ഭരണഘടന തത്വവും (constitutionalism) ജനാധിപത്യവും തമ്മിൽ തകർക്കാനാകാത്ത ബന്ധമുണ്ട് എന്നൊക്കെ വിശ്വസിച്ചു പോയതാണ്.

ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ 25 – 30 വർഷമായി, പ്രത്യേകിച്ചും ബാബരി മസ്ജിദിന്റെ തകർച്ചക്ക് ശേഷം, ഭരണഘടനയും ജനാധിപത്യവും ഒന്നാണെന്ന വിശ്വാസം തകർന്നു. ഈ ആശയം, ഭരണഘടനയോടു ഔദ്യോഗികമായി ആദര പ്രകടനം നടത്തിയും ഭരണഘടനക്ക് ചാരിത്ര്യം കല്പിച്ചു കൊണ്ടും നമുക്ക് ജനാധിപത്യവാദികളായി തുടരാൻ  കഴിയുമെന്നാണ്. ഇന്ത്യയുടെ ഭരണഘടനാ പാരമ്പര്യത്തോടു വളരെ ജാഗ്രതയോടെ പ്രതിബദ്ധനായിരുന്ന അംബേദ്‌കർ ഈ അസ്വാഭാവികതയെ കുറിച്ച് നല്ല വണ്ണം ബോധവാനായിരുന്നു. ഭരണഘടനയും ജനാധിപത്യവും തമ്മിൽ ചിലപ്പോൾ വഴക്കിടാം. 

നമ്മുടെ ധാർമ്മികവും രാഷ്ട്രീയവുമായ മുൻഗണന പരമാധികാരവും ജനങ്ങളുടെ സ്വാതന്ത്ര്യവും ആകുമ്പോൾ ഭരണഘടനയും ജനാധിപത്യവും തമ്മിൽ താള പൊരുത്തമുണ്ടാകും. ഭരണഘടന എന്നത് ഔദ്യോഗികമായ ഒരു പരിരക്ഷ മാത്രമാണ്. ഈ അർത്ഥത്തിൽ വലതു പക്ഷ ലക്ഷ്യങ്ങൾ നേടാൻ ഭരണ ഘടനയെ ഉപയോഗപ്പെടുത്താം എന്ന ആശയം മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അമേരിക്കൻ ഭരണഘടനയാണ് ഏറ്റവും വലിയ ഉദാഹരണം. ആധുനിക ലോകത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണത് (അത് മാത്രമെന്നല്ല). അമേരിക്കൻ ഭരണഘടനയിൽ നിന്ന് തന്നെയാണ് അതിന്റെ ആദ്യ നൂറ്റാണ്ടുകളിൽ അടിമത്തം, പിന്നീട് വന്ന പല തരം വിവേചനങ്ങൾക്കും നിയമ സാധുത കണ്ടെത്തിയത്. അപ്പോൾ ഇന്ത്യൻ ഭരണഘടനയെയും വലതുപക്ഷ ആശയങ്ങൾ നടപ്പിലാക്കാൻ ഉപയോഗിക്കാം എന്ന് കാണുമ്പോൾ അത് എനിക്ക് അത്ര വലിയ ഞെട്ടൽ ഒന്നും ഉണ്ടാക്കുന്നി”ല്ല. ഉദാഹരണത്തിന് അമേരിക്കയുടെ വധ ശിക്ഷ രീതി. അംബേദ്‌കർ സ്ഥിരമായി, ശക്തമായി അതിനെ എതിർത്ത് പോന്നിട്ടുണ്ട്. ആ ഭരണഘടനാ സംവിധാനം കെട്ടിപ്പൊക്കിയിട്ടുള്ളത് ഒരു രീതിയിലുള്ള വംശീയതയുടെയും അടിമത്ത ഗൃഹാതുരത്വത്തിന്റെയും അടിസ്ഥാനത്തിലാണ്. ഒരു തരത്തിൽ ഇസ്ലാമോഫോബിക് നയങ്ങളാണ് അമേരിക്കൻ വിദേശ നയത്തെ നിയന്ത്രിക്കുന്നത്, അതിനു ഭരണഘടനാ സാധുത നൽകുന്നത്, പ്രസിഡന്റിൽ നിക്ഷിപ്തമായ ചില വകുപ്പുകളും. വലതുപക്ഷ ലക്ഷ്യങ്ങൾ നേടാൻ ഭരണഘടനയെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്റെ രണ്ടു ഉദാഹരണങ്ങളാണ് ഇവ. നമ്മൾ നവ ജനാധിപത്യത്തെ, നവ ജനാധിപത്യ അവസ്ഥ എന്ന് ഞാനതിനെ വിളിക്കട്ടെ,  മനസ്സിലാക്കുന്ന രീതിയിൽ ചില മാറ്റങ്ങൾക്കു ഊന്നൽ കൊടുക്കണം. ഹിന്ദുത്വം നവ ഫാസിസം ആണോ എന്നതല്ല ചോദ്യം, അതൊരു തരം ജനാധിപത്യമാണോ എന്നതാണ്. അത്  ജനാധിപത്യവും ഭരണഘടന സംവിധാനവുമായി (കോൺസ്റ്റിറ്റുഷണലിസം) ഒരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷ ആശയങ്ങളും വലതുപക്ഷ  ആശയങ്ങളും നടപ്പാക്കാൻ കഴിയുമോ എന്നതല്ല, ജനാധിപത്യത്തിൽ ഭരണഘടനയുടെ സ്ഥാനം തന്നെ മാറ്റാൻ ശ്രമിക്കുന്നു എന്ന രീതിയിൽ ഫാസിസം മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അംബേദ്‌കർ ഇതിനെ വിളിച്ചത് ഭരണഘടനാ ബിംബാരാധന എന്നാണ്. 

ചോദ്യം: രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്. ന്യൂനപക്ഷങ്ങൾക്കു, പ്രത്യേകിച്ച് മുസ്ലിംകൾക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങൾ. അത് രാഷ്ട്രീയ ഹിംസ ആണോ, അതോ മറ്റു വല്ലതുമോ? 

ഉത്തരം: ഞാൻ മനസ്സിലാക്കുന്നത്, അത് രാഷ്ട്രീയ ഹിംസയുടെ കൃത്യമായ നിർവഹണം തന്നെയാണ് എന്നാണ്. അതിന്റെ ലക്ഷ്യം നിർണിതമാണ്, കൃത്യമാണ്. അത് അംബേദ്‌കർ പറയും പോലെ  യുദ്ധമാണ്, ആയുധം ധരിച്ച നിഷ്പക്ഷതയാണ്. അംബേദ്‌കർ ഈ പ്രയോഗം നടത്തുന്നത്, ജാതി നിർമൂലനം എന്ന ഗ്രന്ഥത്തിലാണ്. ഇന്ത്യ എന്നത് എത്ര ക്രൂരമായ സായുധ സംഘമാണ് എന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നുണ്ട്. സംസ്കാരം, ജാതി മര്യാദകൾ, എന്നീ പദ പ്രയോഗങ്ങളിൽ ഈ ശാത്രവത്തെ പൊതിഞ്ഞുവെക്കുന്നത് കൊണ്ട് നമ്മൾ അവയെ അംഗീകരിക്കാറില്ല. ഇന്ന് നമ്മൾ ആ ശക്തമായ ആവിഷ്കാരത്തിലേക്കു തിരിച്ചു പോകേണ്ടതുണ്ട്. ഈ കൃത്യമായ ഹിംസയെ സാമൂഹ്യ ശാസ്ത്ര മണ്ഡലത്തിലേക്ക് കൊണ്ട് പോകുന്ന ലിബറലുകൾ ഉണ്ട്. വിമോചന പ്രോജക്ടിന്റെ അവശിഷ്ടങ്ങൾ, ജാതി വിരുദ്ധ അവശിഷ്ടങ്ങൾ രക്ഷിക്കുവാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്.  ഇത്തരം സാമൂഹ്യ സംരക്ഷണത്തെ കുറിച്ച് ഞാൻ സംശയാലുവാണ്, അസ്വാരസ്യമുള്ള ആളാണ്. അംബേദ്‌കർ വളരെ ശരിയാണ്. അദ്ദേഹം ചോദിക്കുന്നുണ്ട്, സൗഭ്രാത്രത്തിനും രാഷ്ട്രീയ സ്നേഹത്തിനും സാധ്യതയില്ലാത്ത ഒരു സമൂഹത്തിൽ എന്ത് സാമൂഹ്യ പ്രതലമാണുള്ളത്, എന്ത് ജനാധിപത്യത്തിനാണ് സാധ്യതയുള്ളത്. സ്നേഹത്തിന്റെ രാഷ്ട്രീയത്തിന് സ്ഥാനമില്ലെങ്കിൽ അവിടെ പിന്നീട് സ്ഥാനം ഉണ്ടാകുക രാഷ്ട്രീയ നിരാസത്തിനായിരിക്കും, അവിടെ ലക്ഷ്യം നിർണയിക്കപ്പെട്ട ഹിംസയാണുണ്ടാകുക. അപ്പോൾ രാഷ്ട്രീയ ഹിംസ എന്ന് പറയുന്നത്, ഈ ഹിംസ അനുവദിക്കപ്പെടുന്നു എന്ന തലത്തിൽ മാത്രമല്ല, അത് സാധൂകരിക്കപ്പെടുന്നു, കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ലക്ഷ്യം നിശ്ചയിച്ചതാണ് എന്നത് കൊണ്ട് കൂടിയാണ്. മൊത്തം ജനതയെ അരാഷ്ട്രീയവൽക്കരിക്കുക എന്ന ഉദ്ദേശവും അതിന്റെ ഉള്ളടക്കം ആണ് എന്നത് കൊണ്ട് കൂടിയാണ്.

ഇന്ത്യയുടെ ജനാധിപത്യ ഇലക്ടറേറ്റിനെ മേൽ വിലാസങ്ങളില്ലാത്ത ജനക്കൂട്ടമാക്കി മാറ്റുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ന്യൂനപക്ഷം ഇന്ത്യയിലാണ്. വളരെ മൗലികമായ രാഷ്ട്രീയ-ചിന്താ പാരമ്പര്യമുള്ള ഒരു സമൂഹമാണത്. അവരെ നിഷ്ക്രിയമാക്കുകയാണ്. ഞാൻ ആവർത്തിക്കുകയാണ്, പല തവണ ആവർത്തിക്കുകയാണ്. നിഷ്ക്രിയവത്കരണത്തിനു അംബേദ്‌കർ നൽകുന്ന പേര് ജാതി എന്നാണ്. 

ചോദ്യം: ഇപ്പോൾ ഇന്ത്യ പുനഃക്രമീകരിക്കപ്പെടുന്നത് മധ്യ കാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു ചരിത്രകാരന്റെ പരിപ്രേക്ഷ്യത്തിൽ താങ്കൾ ഇതിനെ എങ്ങിനെയാണ് കാണുന്നത്.

ഉത്തരം: അത് വളരെ ശ്രദ്ദേയമായ ഒരു ചോദ്യമായിട്ടാണ് ഞാൻ കാണുന്നത്.  നമ്മൾ ഇതിനെ കാണേണ്ടത് ചരിത്രവും വർത്തമാനകാലവും ഉൾകൊള്ളുന്ന ദ്വന്ദ ചലനം ആയിട്ടാണ്. ഞാൻ മനസ്സിലാക്കുന്നത്, എല്ലാ സമകാലിക കലഹങ്ങളും മധ്യകാല ചരിത്രത്തിന്റെ പ്രതലത്തിലാണ് അരങ്ങേറുന്നത്. ഈ അർത്ഥത്തിൽ, മധ്യ കാല മുസ്ലിം കാലഘട്ടം തലയ്ക്കു പിടിച്ച ഈ ഭൂമിയിലെ ഒരേയൊരു നവ ഫാസിസ്റ്റു പ്രസ്ഥാനം ഹിന്ദുത്വം ആണ്, അല്ലെങ്കിൽ ക്ലാസ്സിക്കൽ ശുദ്ധ പൗരാണികതയിലേക്കു മടങ്ങിപ്പോകാൻ ശ്രമിക്കുന്ന വലതു പക്ഷം. ഇത് ക്രിസ്ത്യൻ ലോകത്തുണ്ട്, ഇസ്‌ലാമിക ലോകത്തുണ്ട്. പക്ഷെ ഇന്ത്യയിൽ മാത്രമാണ് മധ്യകാലഘട്ടം,  സംഘട്ടനത്തിന്റെ ഭൂമികളുടെ കൊടിയടയാളമായി നിലനിൽക്കുന്നത്. പടിഞ്ഞാറൻ ഇസ്ലാമോഫോബിയയുടെ വേരുകൾ കുരിശു യുദ്ധങ്ങളിൽ സജീവമാണ് എന്ന വസ്തുത മറന്നു കൊണ്ടല്ല ഇത് പറയുന്നത്. മധ്യകാലഘട്ടത്തെ ഇസ്ലാമിക കാടത്തം എന്നതിലേക്ക് വിളക്കിച്ചേർത്തു കൊണ്ടാണ് ആഗോള ഭീകരതക്കെതിരെയുള്ള യുദ്ധം അരങ്ങേറിയതും, ആ പേരിൽ മധ്യേഷ്യയിലെ പൗരന്മാരെ കൊന്നൊടുക്കാൻ ന്യായം കണ്ടെത്തിയതും. ആഗോള ഇസ്ലാമോഫോബിയയുമായി ഹിന്ദുത്വവും വിശാലമായ അർത്ഥത്തിൽ പല ധാരകളെയും പങ്കു വെക്കുന്നുണ്ട്. പക്ഷെ ഹിന്ദുത്വ ആഗോളമായി മറ്റൊരു തലത്തിൽ പ്രധാനപ്പെട്ടതാണ്. ഗതകാല സംഘട്ടനങ്ങളുടെ അടിസ്ഥാനത്തിൽ വർത്തമാന കാലത്തെ അവർ  രൂപപ്പെടുത്തുകയാണ്. ഭാവന ലോകത്തുള്ള ഒരു ഭൂതകാലത്തിന്റെ അടിസ്ഥാനത്തിൽ രൂപമാറ്റം വരുത്തുകയാണ്.  അപ്പോൾ നമ്മൾ ജീവിക്കുന്നത് നമ്മുടെ വർത്തമാന കാലത്തിലല്ല. ഒരു മുന്നറിയിപ്പ് നൽകി കൊണ്ട് ഈ സംഭാഷണം അവസാനിപ്പിക്കാമെന്നാണ് ഞാൻ കരുതുന്നത്. മധ്യകാലഘട്ടം നമ്മുടെ തലയ്ക്കു പിടിച്ചാൽ ഈ കാലം നമുക്ക് നഷ്ടമാകും, നമ്മിൽ നിന്ന് മോഷണം പോകും. മധ്യ കാലഘട്ടത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ തിട്ടൂരങ്ങൾ ഉൾകൊണ്ടാൽ, നമ്മുടെ കാലം, ഈ ഭൂമിയിലുള്ള നമ്മുടെ സഞ്ചിത കാലം എല്ലാം നഷ്ടപ്പെടും. 

ചോദ്യം : ഇതിനിടയിൽ, മുസ്ലിംകളെ ഉപദ്രവിക്കാൻ ഭരണഘടന ഉപയോഗിക്കുന്നു, ഉദാഹരണം CAA.  അടുത്ത ചോദ്യം താങ്കളുടെ വരാൻ പോകുന്ന കൃതിയെ കുറിച്ചാണ്. താങ്കൾ നവ ജനാധിപത്യത്തെ കുറിച്ച് ഗ്രന്ഥ രചന നടത്താൻ പോകയാണെന്നു പറഞ്ഞിരുന്നു. ഈ രണ്ടു ചോദ്യങ്ങൾക്കും ഒന്നിച്ചു ഉത്തരം പറയാം, കൂടുതൽ കൂട്ടി ചേർക്കുകയുമാകാം. 

ഉത്തരം: ഞാൻ നവ ജനാധിപത്യ അവസ്ഥ എന്ന് വിളിക്കുന്നത്, ഇന്ത്യയുടെ രാഷ്ട്രീയ ഭൂരിപക്ഷത്തിന്റെ ഉല്പരിവർത്തനവും, അതിനെ ഞാൻ ഭൂരിപക്ഷ അവസ്ഥ (majoritarian) എന്ന് വിളിക്കുന്നു, തമ്മിൽ അടിസ്ഥാനപരമായി കണ്ണി ചേർത്തിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. CAA  പ്രശ്നത്തോട്, കർഷക സമരത്തോട്,  അവരുടെ ആത്മഹത്യയോട്‌, ഷഹീൻ ബാഗ് സമരത്തോട്, അതിനെ നേരിടാൻ സായുധ സംഘങ്ങളെ അയച്ചതിനോട്, ഗവണ്മെന്റ് സ്വീകരിച്ച നയത്തോട് ഒക്കെ ഭൂരിപക്ഷത്തിന്റെ നിലപാട് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ നവ ജനാധിപത്യ അവസ്ഥയുമായി ബന്ധമുണ്ട്. എന്നാൽ ഇത് ജനാധിപത്യത്തിന്റെ അവസാനമല്ല. ആത്മാവ് നഷ്ടപ്പെട്ട കേവല ഭൂരിപക്ഷ ഭരണത്തിന്റെ ഘനീകരണമാണത്. സ്വാതന്ത്ര്യം പങ്കുവെക്കലാണ് ജനാധിപത്യം എന്ന് മറന്നു പോയി.  ഇതിനെ രാഷ്ട്രീയ ക്രൂരതയായി  കാണാനാണെനിക്കിഷ്ടം.

നവ ജനാധിപത്യാവസ്ഥയായിരുന്നു ഞാൻ ഹൈദരാബാദിൽ  നടത്തിയ ക്രൂര രാഷ്ട്രീയം എന്ന സെഷൻ്റെ മൗലിക ആശയം. ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഉല്പരിവർത്തനമാണത്. ഇതിൽ ക്രൗര്യം ഒരു രാഷ്ട്രീയ ഉപകരണമായി സാധൂകരിക്കപ്പെടുന്നു. അത് ന്യൂനപക്ഷങ്ങളുടെ, സ്ത്രീകളുടെ, കർഷകരുടെ, വിദ്യാർത്ഥികളുടെ  രക്തച്ചൊരിച്ചിലിലും നീണ്ട കാരഗ്രഹത്തിലും മാത്രമല്ല, അതൊരു ഭൂരിപക്ഷത്തിന്റെ ഉല്പരിവർത്തനം കൂടിയാണ്. ക്രൂരത മഹാഭൂരിപക്ഷത്തേയും അവഗണിച്ചു കൊണ്ടാണ് നടക്കുന്നത്. ഇതൊരു നവ ജനാധിപത്യ അവസ്ഥയാണ്. Hannah Arendt നെ കുറിച്ചുള്ള പഠനത്തിൽ ഞാൻ അതിനെ വിളിച്ചത്, അവഗണനയുടെ നിയമസംഹിത എന്നാണ്. ജനതയെ അവഗണിച്ചു കൊണ്ട്, ജനതകളെ ലക്ഷ്യം വെച്ചുള്ള ക്രൂരത ആശയമാക്കിയുള്ള നിയമം. ഇതെല്ലാം സായുധമായ നിഷ്ക്രിയത്വത്തിൽ ശാന്തമായി നടക്കുകയാണ്. ഇതിനെ അംബേദ്‌കർ ജാഗ്രത രഹിതമായ അലംഭാവം എന്നാണ് വിളിക്കുന്നത്.

പ്രഫ. ഐശ്വരി കുമാർ