Campus Alive

“ഇന്ത്യൻ മുസ്‌ലിംകളുടെ പ്രതിസന്ധി ലോക മുസ്‌ലിം ഉമ്മത്തിന്റെ കൂടിയാണ്”

(ഇന്ത്യൻ ഭരണകൂടത്തിന്റെ മുസ്‌ലിങ്ങൾക്കെതിരായ അന്യായ അറസ്റ്റുകൾക്കും മുസ്‌ലിങ്ങളുടെ ഭവനങ്ങൾ പൊളിച്ചു മാറ്റിയതിനും എതിരെ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്‌ലാമിക് റിസേർച്ച് പ്രസിഡൻ്റ് ഉമർ സുലൈമാന്റെ നേതൃത്വത്തിൽ ജൂൺ 18-ന് അമേരിക്കയിലെ ഡല്ലാസിൽ വെച്ചു നടന്ന പ്രതിഷേധ സംഗമത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണം)


“ഈ വെയിലത്തും ഈ പരിപാടിക്കായി ഇവിടെ എത്തിച്ചേർന്ന മുഴുവൻ ആളുകൾക്കും ആദ്യമേ നന്ദി പറയുകയാണ്. അല്ലാഹു നിങ്ങൾക്ക് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.

ഇവിടെ ഒരുമിച്ചു കൂടിയവരാരും ഇന്ത്യക്കാരല്ല എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ സവിശേഷതയായി ഞാൻ മനസ്സിലാക്കുന്നത്. അൽഹംദുലില്ലാഹ്! മുസ്‌ലിം ഉമ്മത്തിന്റെ ഒരു ഭാഗം വേദന അനുഭവിക്കുമ്പോൾ അത് ലോകത്തെ മുഴുവൻ മുസ്‌ലിം ഉമ്മത്തിന്റെയും വേദനയായി മാറണം/മാറുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങളെ പറ്റി സംസാരിക്കുമ്പോൾ യഥാർത്ഥത്തിൽ ലോക മുസ്‌ലിം ഉമ്മത്തിന്റെ പത്തിലൊരു ഭാഗത്തെ പറ്റിയാണ് നാം സംസാരിക്കുന്നത്. കാരണം, ലോക മുസ്‌ലിങ്ങളുടെ പത്തിലൊരു ഭാഗം ഇന്ത്യയിലാണ് ജീവിക്കുന്നത്. അഥവാ, മുസ്‌ലിം ഉമ്മത്തിന്റെ പത്തിലൊന്ന് ഇന്ന് പ്രതിസന്ധിയിലാണ്. ഭദ്രമായ ഒരു വീട് പോലെയെന്ന് റസൂൽ (സ്വ) വിശേഷിപ്പിച്ച മുസ്‌ലിം ഉമ്മത്തിന്റെ പത്തിലൊരുഭാഗം ഭീകരമായ വംശഹത്യാമുനമ്പിൽ എത്തി നിൽക്കുകയാണ്.

അവരെ ഒരു വംശഹത്യാ പദ്ധതി കൊണ്ട് ഉന്മൂലനം ചെയ്തു കളയാം എന്നാണ് മോദിയും മറ്റു ഫാഷിസ്റ്റുകളും കരുതുന്നത്. അവർക്ക് തെറ്റി. അതിന്റെ തെളിവാണ് ഇന്നിവിടെ പ്രതിഷേധത്താൽ അണിനിരന്ന നിങ്ങൾ ഓരോരുത്തരും. ഈ പ്രതിസന്ധികൾ ഇന്ത്യൻ മുസ്‌ലിംകൾ ഒറ്റക്കല്ല അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ലോക മുസ്‌ലിംകൾ ഒന്നടങ്കം അവർക്കൊപ്പമുണ്ട്. ഇന്ത്യയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് അറിയുന്ന മനസ്സാക്ഷിയും ധാർമിക ബോധവുമുള്ള മുഴുവൻ മനുഷ്യരും അവരോടൊപ്പമുണ്ട്. വംശഹത്യ കേവലമായി അരങ്ങേറുകയല്ല എന്നും മൊത്തം ലോകക്രമത്തെയും മനുഷ്യാവകാശങ്ങളേയും മൂല്യവ്യവസ്ഥകളേയും തന്നെ അത് തകർത്തുതരിപ്പണമാക്കുമെന്നും അവർ മനസ്സിലാക്കുന്നു. നമ്മുടെ ഉമ്മത്തിലെ 200 മില്യൺ ആളുകൾ വംശഹത്യാ മുനമ്പിൽ ജീവിക്കുമ്പോൾ നാം ഒരു ഉമ്മത്താണെന്നും നാമോരോരുത്തരും അതിലെ അംഗങ്ങളാണെന്നുമുള്ള അർത്ഥത്തിലാണ് അവർക്ക് വേണ്ടി ഇന്ന് നാമിവിടെ സമ്മേളിച്ചിരിക്കുന്നത്.

തുടർച്ചയായി തങ്ങളുടെ ബീഭത്സതയെ ഉയർത്തിക്കാണിച്ചു കൊണ്ടിരിക്കുന്ന ആർ.എസ്.എസ്  നാസിസത്തിന്റെ സന്തതികളാണെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചാവർത്തിച്ച് പറയാൻ ഞാനാഗ്രഹിക്കുകയാണ്. യാതൊരു ലജ്ജയുമില്ലാതെ അഭിമാനത്തോടെ തങ്ങളുടെ ഫാഷിസ്റ്റ് മനോഭാവത്തെ ഉയർത്തിപ്പിടിക്കുകയും വെറുപ്പ് ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ഒരു ആശയത്തെ പറ്റിയാണ് നാം സംസാരിക്കുന്നത്.

മോദിയെ ഗുജറാത്തിലെ അറവുകാരൻ എന്ന് വിളിച്ചതിനും, അമേരിക്കയിൽ അദ്ദേഹത്തിന് നിരോധനം ഏർപ്പെടുത്തിയതിനും കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് മോദി ഈ രാജ്യം സന്ദർശിക്കുകയും  ടെക്സാസിൽ ‘ഹൗഡി മോദി’ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ഡോണാൾഡ് ട്രംപ് എന്ന നാണംകെട്ട പ്രസിഡന്റ് മാത്രമല്ല, നിരവധി റിപബ്ലിക്കൻസും ഡേമോക്രാറ്റുകളും അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. ഇതൊക്കെ സംഭവിക്കാൻ എന്ത് മാറ്റമാണ് ഇത്ര പെട്ടെന്ന് ഉണ്ടായത്? ഈ രാജ്യത്ത് കാലു കുത്താൻ പോലും അനുമതി ഇല്ലാതിരുന്ന ഒരാൾ അമേരിക്കൻ കോൺഗ്രസ്സിനെ അഭിസംബോധന ചെയ്യാൻ മാത്രം എന്ത് മാറ്റമാണ് ഉണ്ടായത്? ബറാക് ഒബാമ ടൈം മാഗസിന്റെ ‘ദി 100’ എന്ന പതിപ്പിൽ മോദിയെ പുകഴ്ത്തി എഴുതാൻ മാത്രം എന്ത് മാറ്റമാണ് സംഭവിച്ചത്? ജോ ബൈഡനും സമാനമായ പരിഗണന നൽകാൻ മാത്രം മോദിയിൽ എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ആകെയുണ്ടായ മാറ്റം, ഒരു രാഷ്ടീയക്കാരനേയും നമുക്ക് വിശ്വസിക്കാൻ പറ്റില്ല എന്നതാണ്. അത് ഡേമോക്രാറ്റായാലും റിപബ്ലിക്കനായാലും. ഇവരാർക്കും ഒരു വിധത്തിലുമുള്ള സ്ഥിരതയും ഇല്ലെന്ന് മാത്രമല്ല, ധാർമിക പാപ്പരത്തം മാത്രമാണ് അവരുടെ നില. നാമൊരിക്കലും അങ്ങനെയാവുകയില്ല.  നമ്മുടെ നേതാക്കളും ജനപ്രതിനിധികളും നമ്മുടെ മനുഷ്യാവകാശ സംരക്ഷരായി വേഷം ചമയുകയും അവർ തന്നെ നമ്മുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുമ്പോൾ ഇടമുറിയാതെ ശബ്ദമുയർത്തി സംസാരിക്കാൻ നാം തീരുമാനിക്കണം. മറ്റാരെയും കുറിച്ചല്ല, അമേരിക്കൻ ഭരണകൂടത്തേയും റിപ്പബ്ലിക്കൻസിനേയും ഡെമോക്രാറ്റുകളേയും കുറിച്ച് തന്നെയാണ് ഞാൻ പറയുന്നത്.

അതു കൊണ്ടു തന്നെ നമ്മുടെ സഹോദരങ്ങൾക്ക് നേരെയുള്ള വംശഹത്യക്കെതിരെ നാം നിരന്തരം സംസാരിക്കും. നാമതിനെ തടയുകയും ചെയ്യണം. ജനപ്രതിനിധികളും ഉത്തരവാദപ്പെട്ടവരും ഫാഷിസ്റ്റ് ഭരണകൂടവുമായി സമരസപ്പെട്ട് പോവുന്ന കാലത്തോളം നാം അവർക്കെതിരെ ശബ്ദമുയർത്തുകയും അവരെ ചോദ്യം ചെയ്തും കൊണ്ടേയിരിക്കുകയും ചെയ്യും. മാത്രമല്ല മോദിയെ ഹിറ്റ്ലറായി മാറാൻ ശ്രമിക്കുന്ന ഭീരുവെന്ന് ഞങ്ങളിനിയും വിളിക്കും. ഇനിയും മോദിയെ ടെക്സാസിലേക്ക് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറുമല്ല. ഇവിടെ കൂടിയിരിക്കുന്ന ആളുകൾ മാത്രമല്ല, മുസ്‌ലിം ഉമ്മത്തിനും മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യർക്കും നമ്മുടെ സഹോദരങ്ങളായ 200 മില്യൺ മുസ്‌ലിംകൾക്ക് നേരെ വംശഹത്യ നടത്താൻ ഉദ്ദേശിക്കുന്ന ഈ ക്രൂരഭരണത്തിനെതിരെ മൗനികളാവുക അസാധ്യമാണ്.

ഒരു ബുൾഡോസർ കാരണം നാം ഐക്യപ്പെടുന്നു എന്നതിനോക്കാൾ ഇസ്ലാമിന്റെ സാഹോദര്യ കാഴ്ചപ്പാട് കാരണമാണ് നാം ഒന്നിക്കുന്നത്. വിശിഷ്യാ ഒരു ഫലസ്തീനി എന്ന നിലക്ക് കൂടിയാണ് ഞാൻ ഇത് പറയുന്നത്. ഈ കാര്യത്തിൽ നാം ഭിന്നിച്ചു പോകരുത്. അവർ നമ്മെ വ്യത്യസ്തമായി കാണാതെ ഒന്നിച്ച് അപമാനവീകരിക്കാനാണ് ശ്രമിക്കുന്നത്. അതിനാൽ കൊണ്ട് നമ്മൾ ഒന്നിച്ചു നിൽക്കാത്ത പക്ഷം അവർക്ക് ഒതുങ്ങി കൊടുക്കുകയാണ് നാം ചെയ്യുക.

ഇന്ത്യയും ഇസ്രായേലും ഒരേ കുതന്ത്രങ്ങളാണ് മെനഞ്ഞു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമമാണെങ്കിൽ ഇസ്രായേലിൽ അത് Jewish Nation State Law ആണ്. ഇസ്രായേലിന്റെ മാതൃകയാണ് ഞങ്ങൾ പിന്തുടരുന്നതെന്നാണ് ഇന്ത്യ പച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാനിത് വെറുതെ പറയുന്നതല്ല. 2019-ൽ ഇന്ത്യൻ കൗൺസിലർ ജനറൽ ഇന്ത്യ ഇസ്രായേൽ മാതൃക പിന്തുടരണം എന്ന് പറഞ്ഞത് നിങ്ങൾ കേട്ടതല്ലേ…?

നിങ്ങൾ ഇസ്രായേലി മാതൃക പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫലസ്തീനിയൻ മാതൃകയിലുള്ള ചെറുത്തു നിൽപ്പും ആവേശവും പ്രതീക്ഷിച്ചു കൊള്ളുക. ഫലസ്തീനിൽ റസാൻ ഉണ്ടെങ്കിൽ ഇന്ത്യയിൽ ഞങ്ങൾക്ക് അഫ്രീനും മുസ്ക്കാനുമുണ്ട്. നിങ്ങളെ ഒട്ടും ഭയക്കാത്ത ബുദ്ധിയും സാമർത്ഥ്യവുമുള്ളവരാണവർ.

ഞങ്ങൾ ഇവിടെ സുരക്ഷിതരാണെന്നറിയാം. ഇവിടെ നിന്ന് അവർക്ക് വേണ്ടി ശബ്ദമുയർത്തുക എന്നതും വളരെ എളുപ്പമാണ്. എങ്കിലും ഞങ്ങൾ പ്രചോദനമുൾക്കൊള്ളുന്നത് ഇന്ത്യയിൽ നിന്നും ശബ്മുയർത്തുന്ന യുവത്വത്തിൽ നിന്നാണ്.

റസൂൽ (സ്വ) പറയുന്നു: “അല്ലാഹുവാണ് ഞങ്ങളുടെ സംരക്ഷകൻ, നിങ്ങൾക്കാകട്ടെ സംരക്ഷകനില്ലതാനും”. മുദസ്സിർ അടക്കമുള്ള ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരൊക്കെയും സ്വർഗത്തിലാണ്, ഇൻഷാ അല്ലാഹ്. അവർക്ക് വേണ്ടി നിരന്തരം എഴുന്നേറ്റ് നിൽക്കാൻ പ്രേരിപ്പിക്കുന്നത് അതാണ്. ഞങ്ങൾ അവരോടൊപ്പം തന്നെയുണ്ട് എന്നും അവരിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നത് എന്നും അവരറിയണം.

മുദസ്സിർ

ഞങ്ങൾ അഭിയാർത്ഥി ക്യാമ്പുകളാണ് തുടങ്ങുന്നത് എന്ന് അവർ പറയുമ്പോൾ, അല്ല! “നിങ്ങൾ കോൺസൻട്രേഷൻ  ക്യാമ്പുകളാണ് തുടങ്ങാൻ പോവുന്നത്” എന്നാണ് നമ്മൾ പറയുക. സമാനമായി ഞങ്ങൾ പുനർവിദ്യാഭ്യാസം (reeducation) ക്യാമ്പുകളാണ് തുടങ്ങുന്നത് എന്ന് ചൈന പറയുമ്പോൾ അതിനോടുള്ള നമ്മുടെ പ്രതികരണം അത് കോൺസൻട്രേഷൻ ക്യാമ്പുകളാണെന്നാണ്. ഇവരുടെ ഈ കാപട്യത്തെ നാം തിരിച്ചറിയണം.

അവസാനമായി ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. അവർ നമ്മുടെ പ്രവാചകനെ നിന്ദിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇന്ത്യ പ്രവാചകനെ നിന്ദിക്കുമ്പോൾ ആ രാജ്യത്തെ ഭരണകൂടം മുസ്‌ലിം ജനത്തിന് നേരെ കാണിക്കുന്ന അധീശത്വത്തിന്റെ പ്രതിഫലനമാണത്. ഇസ്രായേൽ അധിനിവേശകർ മസ്ജിദുൽ അഖ്സയിലേക്ക് അക്രമം അഴിച്ചുവിടുകയും ‘മുഹമ്മദ് മരിച്ചു’ എന്ന് പറഞ്ഞ് പ്രവാചക നിന്ദ നടത്തുമ്പോൾ അതും മുസ്‌ലിംകൾക്കെതിരെയുള്ള അധിനിവേശമാണ്. സമാനമായത് ഫ്രാൻസ് ചെയ്യുമ്പോഴും അവിടത്തെ മുസ്‌ലിം ജനസംഖ്യക്ക് എതിരെയുള്ള അധിനിവേശമാണത്.

എന്നാൽ പ്രവാചക നിന്ദ നടത്തുന്ന ഓരോ സന്ദർഭത്തിലും ഇവർ മനസ്സിലാക്കാത്ത ഒരു സംഗതി, എത്രയധികം റസൂൽ (സ്വ)യെ അവർ നിന്ദിക്കുന്നുവോ അത്രയധികം നമ്മുടെ ഹൃദയത്തിൽ അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും രൂഢമൂലമാവുന്നു എന്നതാണ്. റസൂൽ (സ്വ) മരണപ്പെട്ടു എന്നവർ പറയുന്തോറും ഈ പ്രവാചകന്റെ ഉമ്മത്ത് സജീമായി ജീവിക്കുന്നുവെന്ന് ഉദ്‌ബോധിപ്പിക്കപ്പെടുന്നു. ഈ ചെറുത്തു നിൽപ്പ് നാം തുടർന്നു കൊണ്ടേയിരിക്കും, അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്”.


തയ്യാറാക്കിയത്: ടി.എം ഇസാം

ഡോ. ഒമർ സുലൈമാൻ