Campus Alive

പോൾ ബ്രാസ്: ഇന്ത്യയിലെ വംശഹത്യാ രാഷ്ട്രീയത്തെ അടയാളപ്പെടുത്തിയ വിചക്ഷണൻ

ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തെ ആഴത്തിൽ അടുത്തറിഞ്ഞ അമേരിക്കൻ രാഷ്ട്രമീമാംസ വിദഗ്ധനാണ് ഈയടുത്ത് അന്തരിച്ച പോൾ റിച്ചാർഡ് ബ്രാസ് (1936-2022). വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസിന്റെയും ഇന്റർനാഷണൽ സ്റ്റഡീസിന്റെയും പ്രൊഫസർ (എമറിറ്റസ്) ആയിരുന്നു അദ്ദേഹം. അമേരിക്കയിലെ മസ്സാച്ചുസെറ്റ്സിൽ ജനിച്ച ബ്രാസ് ചിക്കാഗോ സർവകലാശാലയിൽ നിന്നാണ് ഗവേഷണ ബിരുദം നേടിയത്. തന്റെ ഗവേഷണ-കാലയളവിൽ 1961-ൽ ഉത്തർപ്രദേശ് സന്ദർശിച്ച ബ്രാസ് പിന്നീട് തന്റെ പഠനമേഖലയായി ഈ ഭൂപ്രദേശത്തെ തിരഞ്ഞെടുത്തു.

അതിനാൽ തന്നെ, 1961 മുതൽ നിരവധി സന്ദർശനങ്ങളിൽ ഇന്ത്യയിൽ നടത്തിയ വിപുലമായ ഫീൽഡ് ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അദ്ദേഹത്തിന്റെ കൃതികൾ. അദ്ദേഹം രചിച്ച പതിനാറ് പുസ്തകങ്ങളിൽ പ്രധാനമായവ ഇവയാണ്: ഒരു ഇന്ത്യൻ രാഷ്ട്രീയ ജീവിതം: ചരൺ സിങ്ങും കോൺഗ്രസ് രാഷ്ട്രീയവും – 3 വാള്യങ്ങൾ (2011); കൂട്ടായ അക്രമത്തിന്റെ രൂപങ്ങൾ: ആധുനിക ഇന്ത്യയിലെ കലാപങ്ങൾ, കൂട്ടക്കൊലകൾ, വംശഹത്യകൾ (2006); സമകാലിക ഇന്ത്യയിൽ ഹിന്ദു-മുസ്‌ലിം അക്രമങ്ങളുടെ ഉത്പാദനം (2003); ഒരു വിഗ്രഹത്തിന്റെ മോഷണം: കൂട്ടായ അക്രമത്തിന്റെ പ്രതിനിധാനത്തിൽ വാചകവും സന്ദർഭവും (1997); കലാപങ്ങളും കൂട്ടക്കൊലകളും (1996); സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയം (1994), ഉത്തരേന്ത്യയിലെ ഭാഷ, മതം, രാഷ്ട്രീയം (1974).

പോൾ ബ്രാസ്

പശ്ചിമ ഉത്തർ പ്രദേശിലെ ജില്ലകളായ അലിഗഢും മീറത്തുമായിരുന്നു ബ്രാസ് തന്റെ ഫീൽഡ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഗ്രാമീണ ജീവിതത്തിന്റെ ഉൾപ്പിരിവുകൾ തൊട്ടറിയാൻ ഹിന്ദിയും അതിന്റെ വകഭേദങ്ങളും പഠിച്ച അദ്ദേഹം നരവംശശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെയാണ് അവലംബിച്ചത്. തന്റെ ഇന്ത്യൻ പഠനങ്ങളുടെ തുടക്കകാലത്ത് ബ്രാസ് ശ്രദ്ധ കേന്ദ്രീകരിച്ചത് ഉത്തർ പ്രദേശിലെ കോൺഗ്രസ് പാർട്ടിയുടെ രൂപീകരണത്തെയും അവർക്കിടയിലെ ഭിന്നതകളെയുമായിരുന്നു. പിന്നീട് സ്വത്വാധിഷ്ഠിത രാഷ്ട്രീയ മുന്നേറ്റങ്ങളെ പഠനവിധേയമാക്കിയ അദ്ദേഹം, നിര്‍ദ്ദിഷ്‌ടമായ തത്വങ്ങൾക്കപ്പുറത്ത്, സ്വത്വ-രൂപീകരണവും പുനർ-നിർണയവും സാധ്യമാക്കുന്ന സാഹചര്യങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് സംസാരിച്ചത്.

1980-കളിൽ ബ്രാസ് ‘വർഗീയത’യെ കുറിച്ചുള്ള വ്യവഹാരങ്ങളെ വിമർശന വിധേയമാക്കി. കലാപങ്ങൾ ആൾക്കൂട്ട രോഷത്തിന്റെ അടിസ്ഥാനത്തിൽ പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന, അല്ലെങ്കിൽ എളുപ്പത്തിൽ വിശദീകരിക്കാവുന്ന  സംഭവങ്ങളല്ല. അവ അടിസ്ഥാനപരമായി ആസൂത്രിതവും വ്യവസ്ഥാപിതവും സ്ഥാപനവൽകൃതവുമായ ഒരു പ്രതിഭാസമാണ്. സാമുദായിക കലാപങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ, വർഗീയ കലാപങ്ങളുടെ ഉത്ഭവത്തിലും നിലനിൽപ്പിലും കേന്ദ്ര ഘടകമായി പ്രവർത്തിക്കുന്ന ഒരു ‘സ്ഥാപനവൽകൃത കലാപ സമ്പ്രദായം’ (institutionalized riot system) നിലവിലുണ്ടെന്ന് ബ്രാസ് വാദിക്കുന്നു. വർഗീയതയുടെ വ്യവഹാരത്താൽ പരിപോഷിപ്പിക്കപ്പെടുകയും നിലനിറുത്തുകയും ചെയ്യുന്ന ഈ വ്യവസ്ഥിതി, ചില  വ്യക്തികൾ, സാമ്പത്തിക താൽപ്പര്യങ്ങൾ, സംഘടനകൾ, കുറ്റവാളികൾ, രാഷ്ട്രീയക്കാർ, പോലീസ് എന്നിവയ്‌ക്കിടയിലുള്ള നിരവധി ഇടപാടുകളും ബന്ധങ്ങളുടെ ശൃംഖലയും ഉൾക്കൊള്ളുന്നു. വർഗീയ അക്രമവും രാഷ്ട്രീയ പ്രക്രിയയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ബ്രാസ് അഭിപ്രായപ്പെടുന്നു, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് മത്സരവും രാഷ്ട്രീയ സംഘാടനവും.

കലാപങ്ങൾ ആസൂത്രണത്തിന്റെയും തന്ത്രത്തിന്റെയും ഉൽപന്നമാണെന്ന വീക്ഷണത്തിന് അനുസൃതമായി, കലാപ ഉൽപാദനത്തിന്റെ മൂന്ന് ഘട്ടങ്ങളെക്കുറിച്ച് ബ്രാസ് സംസാരിക്കുന്നു: തയ്യാറെടുപ്പ്, യഥാർത്ഥ പ്രവർത്തനം, വിശദീകരണം അല്ലെങ്കിൽ വ്യാഖ്യാനം. മേൽപ്പറഞ്ഞ ആശയപരമായ ചട്ടക്കൂടിനുള്ളിൽ, സ്വാതന്ത്ര്യാനന്തരം അലിഗഢിൽ നടന്ന വർഗീയ അക്രമത്തിന്റെ മാതൃകയുടെയും ചലനാത്മകതയുടെയും വിശദമായ വിശകലനം തന്റെ പുസ്തകത്തിലൂടെ അദ്ദേഹം നൽകുന്നു. എന്തുകൊണ്ടാണ് കലാപങ്ങൾ ഉണ്ടാകുന്നത് എന്നതിലുപരി, കലാപങ്ങൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലാണ് തന്റെ പഠനത്തെ അദ്ദേഹം കേന്ദ്രീകരിക്കുന്നത്.

വർഗീയ അക്രമത്തിന്റെ സ്ഥിരതയുടെ കാരണങ്ങളെ ഒരു നിർവ്വഹണപരമായ സിദ്ധാന്തത്തിലൂടെ (functional theory) ബ്രാസ് നോക്കിക്കാണുമ്പോൾ; വർഗീയ കലാപങ്ങളെക്കൊണ്ട് വിവിധ ഗ്രൂപ്പുകൾക്കും സംഘടനകൾക്കും, പ്രത്യേകിച്ച് ഭാരതീയ ജനതാ പാർട്ടിക്കും (ബിജെപി) മറ്റ് രാഷ്ട്രീയ സംഘടനകൾക്കും പ്രയോജനമുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. വർഗീയതയുടെയും തീവ്ര-ഹിന്ദു ദേശീയതയുടെയും വ്യവഹാരത്തിൽ വേരൂന്നിയ ഹിന്ദു-മുസ്‌ലിം വിഭജനവും ധ്രുവീകരണവും ബിജെപിയുടെ രാഷ്ട്രീയ ഭാവിക്ക് അത്യന്തം വിലപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഥവാ കലാപങ്ങളുടെ യഥാർത്ഥ ഉപഭോക്താക്കളാണ് അവ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതും, പിന്നീട് അവയെ അപലപിച്ചുകൊണ്ടു തുലന സിദ്ധാന്തങ്ങളും പ്രതിരോധത്തിന്റെ വ്യവഹാരങ്ങളും പ്രചരിപ്പിക്കുന്നതും.

ഇന്ത്യയിലിന്നോളം നടത്തിയിട്ടുള്ള മുസ്‌ലിം-വിരുദ്ധ വംശഹത്യാ-ശ്രമങ്ങളുടെ ഭാഗം ആയിട്ടു തന്നെയാണ് ബ്രാസ് അക്രമാനന്തരമുള്ള വ്യവഹാര-നിർമാണത്തെയും നോക്കിക്കാണുന്നത്. ഇരയെ വില്ലനാക്കി അവതരിപ്പിക്കുകയും ഹിംസയുടെ തുടക്കം അവരിൽ ആരോപിക്കുകയും സ്വയംരക്ഷയുടെ പദാവലികൾ ഉപയോഗിക്കുകയും ചെയ്തുകൊണ്ട് മാധ്യമങ്ങളെയും ഔദ്യോഗിക റിപ്പോർട്ടുകളെയും സ്വാധീനിക്കുകയാണ് സംഘപരിവാർ ചെയ്തിട്ടുള്ളത്. നിയമ സംവിധാനങ്ങളെയും പോലീസിനെയും തങ്ങളുടെ വ്യവഹാരത്തിനനുസരിച്ചു വഴിതിരിച്ചു വിടാനും അവർ ശ്രമിക്കുന്നു. അതോടെ, കുറ്റാരോപണം ഇരയ്‌ക്കെതിരെയും അതിജീവിതർക്കെതിരെയും നീളുകയും യഥാർത്ഥ ഉപഭോക്താക്കൾ മറയ്ക്കപ്പെടുകയും ചെയ്യുന്നു.

2002 ഗുജറാത്ത് വംശഹത്യയെ ബ്രാസ് തന്റെ ‘സമകാലിക ഇന്ത്യയിൽ ഹിന്ദു-മുസ്‌ലിം അക്രമങ്ങളുടെ ഉത്പാദനം’ എന്ന പുസ്തകത്തിൽ വിശേഷിപ്പിച്ചത് ‘അസാധാരണമായ ക്രൂരമായ ഏകോപനത്തോടെ നടത്തിയ മുസ്‌ലിം വിരുദ്ധ വംശഹത്യ’ എന്നായിരുന്നു. രാമജന്മഭൂമിവാദവും ബാബരി മസ്ജിദിന്റെ ധ്വംസനവും തുടർന്നുണ്ടായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റവും വിശകലന വിധേയമാക്കുന്ന ബ്രാസിന്റെ പുസ്തകമാണ് ‘കൂട്ടായ അക്രമത്തിന്റെ രൂപങ്ങൾ: ആധുനിക ഇന്ത്യയിലെ കലാപങ്ങൾ, കൂട്ടക്കൊലകൾ, വംശഹത്യകൾ’. ബ്രാസിന്റെ സിദ്ധാന്തത്തെ എതിർത്ത അശുതോഷ് വാഷ്‌നി മുന്നോട്ടുവച്ച ഇന്ത്യയിൽ നിലനിൽക്കുന്ന ‘വ്യവസ്ഥാപിത സമാധാന സംവിധാനങ്ങൾ’ എന്ന വീക്ഷണം വളരെയേറെ വിമർശന വിധേയമായി.

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കർഷക-പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ചൗധരി ചരൺ സിങ്ങുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തിന്റെ വൈയക്തിക-ഫയലുകൾ പരിശോധിക്കുവാൻ ബ്രാസിനെ സഹായിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഉത്തർ പ്രദേശ് രാഷ്ട്രീയ ഭൂമികയെ അടയാളപ്പെടുത്തികൊണ്ടു മൂന്നു വാള്യങ്ങളിൽ ബ്രാസ് രചിച്ചതാണ് ‘ഒരു ഇന്ത്യൻ രാഷ്ട്രീയ ജീവിതം: ചരൺ സിങ്ങും കോൺഗ്രസ് രാഷ്ട്രീയവും’.

ഷർജീൽ ഇമാം

പൗരത്വപ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായ ഷർജീൽ ഇമാമിനെതിരെ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ ഡൽഹി പോലീസ് ആരോപിക്കുന്നത് അദ്ദേഹത്തിന്റെ എം.എഫിൽ പ്രബന്ധത്തിൽ പോൾ ബ്രാസിന്റെ ‘കൂട്ടായ അക്രമത്തിന്റെ രൂപങ്ങൾ: ആധുനിക ഇന്ത്യയിലെ കലാപങ്ങൾ, കൂട്ടക്കൊലകൾ, വംശഹത്യകൾ’ എന്ന പുസ്തകം വിശകലനം ചെയ്തു എന്നാണ്. കുറ്റപത്രപ്രകാരം, ഈ പുസ്തകം “കലാപങ്ങൾ, വംശഹത്യകൾ, വംശഹത്യ എന്നിവ ഉൾപ്പെടുന്ന, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇന്ത്യയിൽ നടന്ന കൂട്ടായ അക്രമത്തിന്റെ വിവിധ രൂപങ്ങളെ പട്ടികപ്പെടുത്തുന്നു… വിവിധ തരത്തിലുള്ള അക്രമങ്ങളെ വികാരത്തിന്റെ സ്വതസിദ്ധമായ പൊട്ടിത്തെറികളായിട്ടല്ല, മറിച്ച് സംഘടിത ഗ്രൂപ്പുകളുടെ പ്രവർത്തിയായി മനസ്സിലാക്കണമെന്ന് അത് പറയുന്നു. അത്തരം സാഹിത്യങ്ങൾ മാത്രം വായിക്കുകയും ബദൽ സ്രോതസ്സുകൾ അന്വേഷിക്കാതിരിക്കുകയും ചെയ്തതിനാൽ, കുറ്റാരോപിതൻ (ഷർജീൽ) കടുത്ത തീവ്രവാദിയും മതഭ്രാന്തനുമായിത്തീർന്നിരിക്കുന്നു”. ‘വിഭജനത്തിന് മുമ്പുള്ള പലായനം: 1946-ൽ ബീഹാറിൽ മുസ്‌ലീങ്ങൾക്കെതിരായ ആക്രമണം’ എന്ന തലക്കെട്ടിലുള്ള ഷർജീൽ ഇമാമിന്റെ ഈ പ്രബന്ധത്തിനെ കുറിച്ചുള്ള പോലീസിന്റെ ഭയാശങ്കകൾ ബ്രാസിന്റെ പഠനത്തിന്റെ രാഷ്ട്രീയ-പ്രത്യാഘാതങ്ങളെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കുറിച്ചുള്ള അക്കാദമിക പഠനരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച ബ്രാസ്, ഗവേഷണ രീതിശാസ്ത്രത്തെ വിഷയീ-കേന്ദ്രീകൃതമാക്കി കൊണ്ട് പുതിയ ഉൾക്കാഴ്ചകളാണ് നൽകിയത്. തുടർന്ന് കൊണ്ടിരിക്കുന്ന വംശഹത്യാരാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ട ആവശ്യകതയെ ഇന്ത്യൻ മുഖ്യധാരയിൽ ചർച്ചാവിഷയമാക്കുന്നതിന് ബ്രാസിന്റെ കൃതികൾ തീർച്ചയായും സഹായകമാകും.

ഹിശാമുൽ വഹാബ്

PhD Research Fellow at the Centre for West Asian Studies, School of International Studies, Jawaharlal Nehru University.