Campus Alive

ഇന്ത്യയിലെ ഒരു പത്ര പ്രവർത്തകയുടെ ജീവിതം: വ്യക്തിഗത വിവരങ്ങളുടെ മോഷണം, അപകീർത്തിപ്പെടുത്തൽ, വേട്ടയാടൽ, ക്രിമിനൽ കുറ്റം.

ഓരോ തവണ ഡോർ ബെല്ല് മുഴങ്ങുമ്പോഴും, അത് ഒരു കത്തുമായി വന്ന പോസ്റ്റ്മെൻ ആണോ അതോ മറിച്ചൊരു വാറൻ്റുമായി വന്ന പോലീസ് ഉദ്യോഗസ്ഥൻ ആണോയെന്ന് ഞാൻ ഭയപ്പെടുന്നു.

പത്ര പ്രവർത്തകർ ഒരിക്കലും കഥകൾ ആകേണ്ടവരല്ല, പക്ഷേ നവംബർ 8-നു പുലർച്ചെ 1:20-നു എനിക്കതു സംഭവിച്ചു. അപ്പോൾ എൻ്റെ അനന്തരവൾ എന്നെ ഉറക്കത്തിൽ നിന്നുണർത്തി. “എന്തോ കുഴപ്പമുണ്ട്,” അവൾ എൻ്റെ ഫോൺ കയ്യിൽ തന്നുകൊണ്ട് പറഞ്ഞു. ഒരു ഹിമപാതം വന്നു വീശിയതുപോലെയാണ് എനിക്ക് തോന്നിയത്. വീഡിയോ കോളുകൾ, വോയ്‌സ് കോളുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, ഡാറ്റ കോളുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ ഒഴുകി. ഭവന വായ്പ കമ്പനികൾ, ബാങ്കുകൾ, മാട്രിമോണിയൽ വെബ്‌സൈറ്റുകൾ, പോൺ വെബ്‌സൈറ്റ് രജിസ്‌ട്രേഷൻ അഭ്യർത്ഥനകൾ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ, റിയൽ എസ്റ്റേറ്റ് പ്രോജക്‌റ്റുകൾ എന്നിവയിൽ നിന്ന് പാസ്‌വേഡ് അഭ്യർത്ഥനകളും ഒറ്റത്തവണ വെരിഫിക്കേഷൻ കോഡുകളും. സന്ദേശങ്ങളും വോയ്‌സ്‌ മെയിലുകളും ലൈംഗികത പ്രകടമാക്കുന്നത് മുതൽ വധഭീഷണി വരെയുള്ളവയുണ്ട്. ഓരോ തവണയും ഞാൻ ഒരു വോയ്‌സ് കോൾ വിച്ഛേദിക്കുമ്പോൾ മറ്റൊരു വാട്ട്‌സ്ആപ്പ് വീഡിയോ കോൾ പോപ്പ് അപ്പ് ചെയ്യും. ഞാൻ ഡോക്സ് ചെയ്യപ്പെട്ടിരിന്നു.

റാണ അയ്യൂബ്

ഇതൊരു തുടക്കം മാത്രമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ എൻ്റെ ഇമെയിൽ പാസ്‌വേഡ്, പാസ്‌പോർട്ട് സ്കാൻ, വിലാസം, വിസ എന്നിവയെല്ലാം ഓൺലൈനായി ഷെയർ ചെയ്യപ്പെട്ടു. ഒരു ട്വീറ്റിൽ, എൻ്റെ AI- സൃഷ്ടിച്ച ഡീപ്ഫേക്ക് പോൺ ചിത്രം പ്രദർശിപ്പിച്ച ദി ബ്ലിറ്റ്സ് – എന്ന ഹാൻഡിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പിന്തുടരുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടില്ല. ഹിന്ദുത്വ നൈറ്റ് എന്ന, എൻ്റെ ഫോൺ നമ്പർ ആദ്യം വെളിപ്പെടുത്തിയ അക്കൗണ്ടിൻ്റെ സ്വഭാവവും അങ്ങനെ തന്നെയായിരുന്നു.

സർക്കാർ അനുകൂല നിലപാടിൽ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ഇന്ത്യൻ പത്രപ്രവർത്തകരെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) അതിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ ഹിന്ദു മേധാവിത്വവാദികളും കൂടുതലായി ലക്ഷ്യം വച്ചിട്ടുണ്ട്. നവംബർ 27-നു ഞാൻ നേരിട്ട സൈബർ പീഡനത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ടിൽ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെടുന്ന ഇന്ത്യ,180-ൽ 159-ാം സ്ഥാനത്തേക്ക് താഴ്ന്നു .

ലോകമെമ്പാടുമുള്ള പത്രസ്വാതന്ത്ര്യത്തെ അഭിസംബോധന ചെയ്ത 2019-ലെ ഒരു പഠനത്തിൽ ഫ്രീഡം ഹൗസ്, ഇന്ത്യൻ സർക്കാറിന്റെ “[പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ] പ്രവർത്തനങ്ങൾ, മാധ്യമങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അതിന് വിസമ്മതിക്കുന്ന മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു” എന്ന ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ഡോക്സിംഗ് എനിക്കെതിരെ വിന്യസിച്ചിരിക്കുന്ന ഏറ്റവും പുതിയ ഉപകരണം മാത്രമാണ്. ഹിന്ദു ആധിപത്യമുള്ള, പരസ്യമായി ഹിന്ദു ദേശീയവാദ സർക്കാരുള്ള രാജ്യത്ത്, ഒരു മുസ്ലീം എന്ന നിലയിൽ, അഞ്ച് വ്യത്യസ്ത ക്രിമിനൽ കേസുകളിൽ ഞാൻ കുറ്റാരോപിതയാണ്. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ദേശവിരുദ്ധത, വർഗീയത പ്രചരിപ്പിക്കൽ, ഹിന്ദു ദേശീയ സംഘടനകളെ അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ എനിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഓരോ തവണ ഡോർബെല്ല് മുഴങ്ങുമ്പോഴും അത് കത്തുമായി വന്ന ഒരു പോസ്റ്റ്മെൻ ആണോ അതോ മറിച്ച് വാറൻ്റുമായി വന്നൊരു പോലീസ് ഉദ്യോഗസ്ഥൻ ആണോയെന്ന് ഞാൻ ഭയപ്പെടുന്നു. കഥകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ കോടതിമുറികളിലാണ് ചിലവഴിക്കുന്നത്.

ഒക്ടോബറിൽ, ഞാൻ വിദേശത്തായിരുന്നപ്പോൾ, മുംബൈയിൽ എൻ്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന അപ്പാർട്ട്മെൻ്റിൽ പോലീസ് എനിക്കെതിരെ അറസ്റ്റ് വാറണ്ടുമായി വരികയുണ്ടായി. എൻ്റെ അഭിഭാഷകൻ ഒരു തവണ പോലും കോടതിയിൽ ഹാജരാകാതെയിരുന്നിട്ടില്ല. എന്നിട്ടും കോടതിയിൽ ഹാജരാകാത്തതിൻ്റെ പേരിലായിരുന്നു വാണ്ട്. ഇത് എൻ്റെ സഹോദരന് കാര്യമായ സമ്മർധം ഉണ്ടാക്കി (കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു). മറ്റൊരു കേസിൽ, എൻ്റെ കുടുംബം താമസിക്കുന്ന അപ്പാർട്ട്മെൻ്റ് ഒരു ജാമ്യാപേക്ഷക്കായി എനിക്ക് നൽകേണ്ടിവന്നു.

രണ്ട് മാസം മുമ്പ് അതിർത്തി സംസ്ഥാനമായ മണിപ്പൂരിലേക്ക് ഞാൻ നടത്തിയ ഒരു റിപ്പോർട്ടിംങ് യാത്രയിൽ സർക്കാരിന് എന്നെക്കുറിച്ചുള്ള സംശയം വ്യക്തമായിരുന്നു. കഴിഞ്ഞ വർഷം നൂറുകണക്കിന് ജീവനുകൾ അപഹരിക്കുകയും ആയിരക്കണക്കിന് കുടുംബങ്ങളെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് തള്ളിവിടുകയും ചെയ്ത തദ്ദേശീയ വംശീയ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഞാൻ അവിടെ പോയിരുന്നു. ഞാൻ പോകുന്നിടത്തെല്ലാം ഗവൺമെൻ്റ് ഏജൻ്റുമാർ എന്നെ അനുഗമിച്ചു – വിശ്രമ മുറി വരെ. മണിപ്പൂരിലേക്കുള്ള വിമാനത്തിൽ, എൻ്റെ അടുത്തിരുന്ന ആൾ എന്നോട് ഒരു റിപ്പോർട്ടിംഗ് യാത്രയ്ക്ക് പോകുകയാണോ എന്ന് ചോദിച്ചു. തുടർന്ന് താനൊരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനാണെന്നും കൂട്ടിച്ചേർത്തു. ഞാൻ അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് നിർത്തി, എൻ്റെ ബാഗിൽ എന്നെ കുടുക്കാനായി എന്തെങ്കിലും നിക്ഷേപിക്കുമെന്ന് ഭയന്ന് ഞാനെൻ്റെ ബാഗ് ചേർത്ത്പിടിച്ചു.

ഡ്രൈവറുമായി ചായ കുടിക്കാൻ വണ്ടി നിർത്തിയ ഹൈവേയിലെ റോഡരികിലെ കടയിൽ രണ്ട് പേർ പ്രത്യക്ഷപ്പെട്ടു, അവർ ഞങ്ങളുടെ അടുത്തുള്ള മേശയിൽ ഇരുന്നു, പിന്നീട് കാറിനെ അതിൻ്റെ ലക്ഷ്യസ്ഥാനം വരെയും പിന്തുടർന്നു. ദുരിതാശ്വാസ ക്യാമ്പിൽ വച്ച് ഞാൻ കണ്ടുമുട്ടിയ ഒരു അഡ്മിനിസ്ട്രേറ്റർ എന്നോട് പറഞ്ഞു, എൻ്റെ വരവിനെക്കുറിച്ച് ഇൻ്റലിജൻസ് ഏജൻ്റുമാർ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്ന്. കാറിൻ്റെ കോർഡിനേറ്റുകൾ പരിശോധിക്കാൻ പോലീസ് ഓഫീസ് സന്ദർശിക്കണമെന്ന് പറഞ്ഞ് എൻ്റെ ഡ്രൈവർക്കും കമ്പനിയുടെ ഉടമയിൽ നിന്ന് കോൾ ലഭിച്ചു. ഈ നിർദേശവും, ഭരണകൂടം എന്റെ മേൽ നടത്തുന്ന നിരീക്ഷണങ്ങളും, മണിപ്പൂരിൽ സംഘർഷം നടക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി ഞാൻ നടത്താനിരുന്ന നിരവധി അഭിമുഖങ്ങൾ റദ്ദാക്കാൻ എന്നെ നിർബന്ധിച്ചു. ഞാൻ എൻ്റെ സ്രോതസ്സുകളെ അപകടത്തിലാക്കിയേക്കുമെന്ന് എനിക്ക് തോന്നി. എനിക്ക് എൻ്റെ ജോലി ചെയ്യാൻ കഴിഞ്ഞില്ല. വീട്ടിലേക്കുള്ള യാത്രാമധ്യേ എയർപോർട്ടിൽ എത്തിയപ്പോൾ, രഹസ്യമായി എന്നെ റെക്കോർഡ് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ഞാൻ ഫോൺ തട്ടിപ്പറിച്ചു. അദ്ദേഹത്തിൻ്റെ ബാഡ്ജ് “സ്റ്റേറ്റ് ഇൻ്റലിജൻസ്” എന്നായിരുന്നു ഉണ്ടായിരുന്നത്. “സർ, നിങ്ങൾ എന്തിനാണ് എന്നെ റെക്കോർഡ് ചെയ്യുന്നത്?” ഞാൻ അയാളോട് ചോദിച്ചു. “ക്ഷമിക്കണം” എന്ന് പറഞ്ഞ് അയാൾ പോയി.

ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തി: ഒരു പത്രപ്രവർത്തകയെ വേട്ടയാടാൻ ഇത്രയധികം ആളുകൾ വിന്യസിക്കപ്പെട്ടിരിക്കെ, സർക്കാർ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നത്? ഞാൻ ഡോക്‌സ് ചെയ്യപെട്ടതിന് ശേഷം, കോളുകൾ, സന്ദേശങ്ങൾ, അശ്ലീല ചിത്രങ്ങൾ, ബലാത്സംഗം, വധഭീഷണി എന്നിവയുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് ഞാൻ ഏകദേശം 11 മണിക്കൂർ പോലീസ് സ്റ്റേഷനിൽ ചിലവഴിച്ചു. പരാതിപെടുമ്പോളും ഫോണിൽ കോളുകളും മെസ്സേജുകളും വന്നുകൊണ്ടിരുന്നു. ഒരെണ്ണത്തിൽ എൻ്റെ 7 വയസ്സുള്ള അനന്തരവൻ്റെ ഫോട്ടോ ഉണ്ടായിരുന്നു, അവൻ്റെ ചിത്രം ഒസാമ ബിൻ ലാദൻ്റെ ചിത്രവുമായി മോർഫ് ചെയ്‌തതായിരുന്നു അത്. എൻ്റെ മരുമകളുടെ ഫോട്ടോകളും ഉണ്ടായിരുന്നു. അതിനിടെ, വസ്തുതാ പരിശോധന വെബ്‌സൈറ്റ് ആയ ആൾട്ട് ന്യൂസ്, എന്നെ ഡോക്‌സ് ചെയ്യുകയും എക്‌സിൽ എന്നെക്കുറിച്ച് മോശമായ ഭാഷയിൽ പോസ്റ്റ് ചെയ്യുന്നത് തുടരുകയും ചെയ്ത ആളെ ക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ബി.ജെ.പിയുടെ സോഷ്യൽ മീഡിയ സംവിധാനങ്ങൾ കാമ്പെയ്ൻ നടത്താൻ അവരെ സഹായിച്ചിരുന്നതായി തുടർന്ന് മനസിലായി. ആ സ്റ്റോറി പ്രസിദ്ധീകരിച്ച ശേഷവും ഹിന്ദുത്വ നൈറ്റ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അയാൾ തൻ്റെ ടൈംലൈനിൽ എൻ്റെ പേരിനും ഫോട്ടോയ്ക്കും അടിയിൽ, “ഞാൻ ഇന്ത്യയെ വെറുക്കുന്നു, ഞാൻ ഇന്ത്യക്കാരെ വെറുക്കുന്നു” എന്ന് എഴുതിയ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. ഞാൻ ഹിന്ദുക്കളെ വെറുക്കുന്നു എന്നായിരുന്നു അയാൾ മറ്റ് ട്വീറ്റുകളിൽ പോസ്റ്റ് ചെയ്തത്.

അഭിഭാഷകർക്കൊപ്പമുള്ള, വർഷങ്ങൾ പഴക്കമുള്ള എൻ്റെ ഒരു വീഡിയോ അയാൾ പോസ്റ്റ് ചെയ്തു, എന്നാൽ ഇത് എന്നെ അറസ്റ്റ് ചെയ്യുന്നതിൻ്റെ വീഡിയോയാണെന്ന് പറഞാണു അത് പോസ്റ് ചെയ്തിരുന്നത്. മറ്റൊരു X ഉപയോക്താവ് എൻ്റെ AI- സൃഷ്ടിച്ച അശ്ലീല ചിത്രം പോസ്റ്റ് ചെയ്യുകയും അതിനടിയിൽ ഹിന്ദിയിൽ ഇങ്ങനെ എഴുതുകയും ചെയ്തു: “ആരും ഒറ്റ രാത്രി കൊണ്ട് അന്വേഷണാത്മക പത്രപ്രവർത്തകരായി മാറുന്നില്ല, അവർ ഇവിടം വരെയെത്താൻ ഒരു ടൺ പുരുഷന്മാരോടൊപ്പം കിടപ്പറ പങ്കിടേണ്ടതുണ്ട്.” (ഇതിനെക്കുറിച്ചുള്ള എൻ്റെ പരാതിക്ക് മറുപടിയായി, പോസ്റ്റ് “ഞങ്ങളുടെ സുരക്ഷാ നയങ്ങൾ ലംഘിച്ചിട്ടില്ല” എന്ന മറുപടിയാണ് X നൽകിയത്.)

ഈ വിവരങ്ങളെല്ലാം ഞാൻ പോലീസിന് അയച്ചുകൊണ്ടിരുന്നു. അന്വേഷണത്തിന് സമയമെടുക്കുമെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ 3 മണിക്ക് എന്നെ വിളിച്ച കുറച്ച് ആളുകളെ അവർ വിളിച്ചിരുന്നുവെങ്കിലും അവർ ആരെയാണ് വിളിക്കുന്നതെന്ന് അറിയാത്ത “17 വയസ്സുള്ള നിഷ്കളങ്കരായ ആൺകുട്ടികൾ” ആണെന്ന് കണ്ടെത്തിയതിന് ശേഷം അവരെ വിട്ടയച്ചുവെന്നാണ് പോലീസ് പറഞ്ഞത്. മുഖ്യപ്രതികളുടെ ഐ.പി വിലാസം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മറ്റൊരു ഫലം: “അഭിമാനിയായ ഹിന്ദു” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു അഭിഭാഷകൻ, ഞാൻ ഹിന്ദു വിരുദ്ധ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് എനിക്കെതിരെ പരാതി നൽകി. “മിസ്. അയ്യൂബിൻ്റെ പോസ്റ്റുകൾ ഹിന്ദു വിശ്വാസങ്ങളോടും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളോടുമുള്ള അനാദരവിൻ്റെ അസ്വസ്ഥമായ മാതൃക കാണിക്കുന്നു, ”അവർ എഴുതി. തെളിവായി, ഡോക്ടർ ചെയ്ത ട്വീറ്റുകൾ അവർ ഉദ്ധരിച്ചു. (എൻ്റെ രാജ്യത്ത്, ഹിന്ദു വിരുദ്ധ പ്രസംഗം എന്ന ആരോപണങ്ങൾ അപകടകരമാണ്. 2017-ൽ, മോദി സർക്കാർ ഉയർത്തിപ്പിടിക്കുന്ന ഹിന്ദു ദേശീയതയെ വിമർശിച്ച മാധ്യമപ്രവർത്തകയായ് എന്റെ സുഹൃത്ത് ഗൗരി ലങ്കേഷ്, ബാംഗ്ലൂരിലെ അവരുടെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചു.)

വർഷങ്ങളായി, എനിക്ക് മേൽ ചാർത്തപ്പെട്ട ഒന്നിലധികം ഐഡൻ്റിറ്റികൾ ഇന്ത്യയിലെ ഒരു പത്രപ്രവർത്തക എന്ന നിലയിൽ എന്നെ അപകടത്തിലാക്കുന്നു: തുറന്നു പറയുന്ന ഒരു സ്ത്രീ, സർക്കാരിൻ്റെ വിമർശകയായ ഒരു മുസ്ലീം. ഇന്ത്യയിലെ മറ്റ് പത്രപ്രവർത്തകരുടെ അതേ ഭാഷയാണ് ഞാൻ സംസാരിക്കുന്നത്, പക്ഷേ എൻ്റെ മതം കാരണം എൻ്റെ വാക്കുകൾ എനിക്കെതിരെ ആയുധമാക്കുന്നു. എൻ്റെ പത്രപ്രവർത്തനത്തെ എൻ്റെ സഹ-മുസ്‌ലിം ഇതര പത്രപ്രവർത്തകരുടെ പ്രവർത്തനത്തിൻ്റെ അതേ വസ്തുനിഷ്ഠതയുടെ ലെൻസിലൂടെയല്ല അവർ വീക്ഷിക്കുന്നത്, കാരണം എൻ്റെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ഞാൻ എൻ്റെ രാജ്യത്തോട് നന്ദികെട്ടവൾ ആണെന്നാണ് അവർ സമർതി ക്കുന്നത്.

അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്നതാണ് എൻ്റെ ലക്ഷ്യമെന്ന് എൻ്റെ വിമർശകർ ഉറപ്പിച്ചു പറയുന്നു. അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.

അധികാരത്തിലിരിക്കുന്ന ആളുകളെ അവർ ചെയ്തുകൂട്ടുന്നതിൻ്റെയൊക്കെ ഉത്തരവാദിത്തം ഏറ്റെടുപിക്കുക, അങ്ങനെ ഇന്ത്യയെ മികച്ച ജനാധിപത്യമാക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. അങ്ങനെയാണെങ്കിൽ, എനിക്ക് എൻ്റെ ജോലി ചെയ്യാൻ കഴിയും.

വിവർത്തനം: ഹാജിറ ടി.പി.എസ്

റാണ അയ്യൂബ്