Campus Alive

വിമോചനത്തിൻ്റെ മാതൃകകൾ: ശൈഖ് ഇബ്രാഹിം ഇന്യാസെയുടെ രാഷ്ട്രീയം

“നെപ്പോളിയനോ ലെനിനോ മാർക്‌സോ ദൈവികപ്രേരണ ലഭിച്ചവരല്ല,

അതുകൊണ്ട് അവരുടെ സിദ്ധാന്തങ്ങൾ വഴി വിഡ്ഡികളാവതിരിക്കുക,

അത്യുന്നതനും പ്രതാപിയുമായ അല്ലാഹുവിൻ്റെ ഗ്രന്ഥം മാത്രം  …”

ഷെയ്ഖ് ഇബ്രാഹിം ഇന്യാസ്

ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയും ആധുനിക പരിഷ്കർത്താവുമായിരുന്ന മുഹമ്മദ് അബ്ദു (മരണം. 1905) പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ യൂറോപ്പിലേക്ക് യാത്ര ചെയ്തതും തിരിച്ചു വന്ന് അവിടെ കണ്ട ചിട്ടയും സമൃദ്ധിയും അദേഹത്തെ ഏറെ സ്വാധീനിച്ചതും പ്രശസ്തമാണ്, എത്രത്തോളമെന്നാൽ അദ്ദേഹം പറഞ്ഞു: “ഞാൻ പടിഞ്ഞാറിലേക്ക് പോയി അവിടെ ഇസ്ലാം കണ്ടു, എന്നൽ മുസ്‌ലിംകളെ കണ്ടില്ല; ഞാൻ കിഴക്കിലേക്ക് തിരിച്ചെത്തിയപ്പോൾ മുസ്‌ലിംകളെ കണ്ടു ഇസ്‌ലാം കണ്ടില്ല”

ഈ ഒരു സംസാരത്തെ ഇരുപതാം നൂറ്റാണ്ടിൻ്റെ, പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലിൽ നിന്നുള്ള, ഏറ്റവും പ്രാധാന്യവും സ്വാധീനവുമുള്ള പണ്ഡിതൻ തിജ്ജാനി ഷെയ്ഖ് ഇബ്രാഹിം ഇന്യാസിൻ്റെതുമായി താരതമ്യപ്പെടുത്തി നോക്കാം. നീതിക്കായുള്ള തേട്ടത്തെ കുറിച്ചുള്ള വർത്തമാന കാലത്തെ ഇസ്ലാമിക വ്യവഹാരത്തിലെ ശൂന്യത അതിരൂക്ഷമായിരിക്കുകയും നമ്മൾ ജീവിക്കുന്ന പ്രതിസന്ധികൾ നിറഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കുകയും അതിന് ആവശ്യമായ മറുമരുന്ന് നൽകുകയും ചെയ്ത  കാലത്തെ അതിവർത്തിക്കുന്ന ഈ മാതൃകയിലേക്ക് നാം ശ്രദ്ധ തിരിക്കേണ്ടിയിരിക്കുന്നു.

ഷെയ്ഖ് ഇബ്രാഹിം ഇരുപതാം നൂറ്റാണ്ടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പണ്ഡിതരിൽ ഒരാൾ മാത്രമല്ല, മറിച്ച് അതിശയോക്തികൾക്കപ്പുറം  നബി തങ്ങളെ പുകഴ്ത്തികൊണ്ട് കവിതയെഴുതിയും സ്വന്തം ജീവിതം മൊത്തം തൻ്റെ പ്രിയപ്പെട്ടവൻ്റെ സേവനത്തിൽ മുഴുകുകയും ചെയ്തു കൊണ്ട് മുഹമ്മദ് നബി (സ) തങ്ങളുടെ ഏറ്റവും കടുത്തതും അനുരക്തരുമായ ആഷിക്കീങ്ങളിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം.

ആ പ്രണയത്തിലൂടെയാണദ്ദേഹം എല്ലാ അർത്ഥത്തിലും ഒരു മാർഗദർശിയും, പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിൽ ഭരണാധികാരികളോട് സത്യം സംസാരിക്കുകയും ചെയ്യുന്ന ഒരാളായി മാറിയത്. ചെറുപ്രായത്തിൽ തന്നെ വിവരണത്തോടൊപ്പം ഖുർആനും, ഹദീസും, കർമശാസ്ത്രവും ആദർശ വിശ്വാസങ്ങളുമെല്ലാം സ്വായത്തമാക്കിയ അദേഹം ചലിക്കുന്ന ഒരു ഖുർആൻ (ലിങ്ക്) ആയിരുന്നു. ആഫ്രിക്കയിൽ ഉടനീളവും, കർബല മുതൽ കറാച്ചി വരെയും, ലോകം ചുറ്റിലും അദ്ദേഹം സഞ്ചരിച്ചു. രാഷ്ട്ര തലവന്മാർ മുതൽ അതീവ ദരിദ്രർക്ക് വരെ സത്യത്തിൻ്റെ ശബ്ദമായിരുന്ന അദ്ദേഹത്തിന്, ആഫ്രിക്കക്ക് അകത്തും ലോകത്താകമാനവും ഒരു വലിയ അന്തർദേശീയ ശൃംഖല തന്നെയുണ്ടായിരുന്നു. ആളുകൾ അദ്ദേഹത്തെ പാൻ ആഫ്രിക്കനിസ്റ്റ് എന്നും അധിനിവേശത്തിനെതിരെയുള്ള ശബ്ദമെന്നും, പാൻ ഇസ്ലാമിസ്റ്റ് എന്നുമൊക്കെ വിളിച്ചു, എന്നാൽ അദ്ദേഹം അതിനേക്കാൾ ഒരുപാടപ്പുറമായിരുന്നു. ലോകത്തെ കുറിച്ചുള്ള ഷെയ്ഖ് ഇബ്രാഹിമിൻ്റെ ഇസ്ലാമിക കാഴ്ചപ്പാട് ഒരു ചിന്താധാര എന്ന നിലക്കും പ്രവർത്തന മാതൃക എന്ന നിലക്കും  അതിൻ്റേതായ രീതിയിൽ പഠനമർഹിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പടിഞ്ഞാറൻ ആഫ്രിക്കയുടെ തിളങ്ങുന്ന ഒരു വിളക്കിനെ കുറിച്ചുള്ള സമുദ്രത്തിലെ ഒരു ചെറിയ തുള്ളി മാത്രമാണ് ഈ ലേഖനം.

അദ്ദേഹത്തിൻ്റെ നിർഭയത്വത്തോട് കൂടിയുള്ള ശബ്ദത്തിൻ്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ കുറിച്ചും ലഘുവായി പരിചയപ്പെടുത്തുകയാണെങ്കിൽ, അദ്ദേഹം നബി തങ്ങൾക്ക് അർപ്പിച്ചു കൊണ്ട് എഴുതിയ ബഹുലമായ മദീഹ് കവിതയിൽ അദേഹം തൻ്റെ പ്രിയപ്പെട്ട തങ്ങളെ നിരന്തരം പുകഴ്ത്തിക്കൊണ്ടും തേടി കൊണ്ടും നടത്തിയ തൻ്റെ ലോക യാത്രകൾ വിവരിക്കുന്നുണ്ട്, അദ്ദേഹം സന്ദർശിച്ച വൻ നഗരങ്ങളിൽ ഉന്മേഷമുണർത്തുന്ന ദർശനങ്ങളും അദ്ദേഹം വർണിക്കുന്നുണ്ട്. പാരിസിൽ എത്തിയത് പരാമർശിച്ച സ്ഥലത്ത് അബ്ദുവിൽ നിന്ന് വിഭിന്നമായി അദ്ദേഹം അവിടെ ഇസ്ലാം കണ്ടില്ല. അദ്ദേഹം അതിനെ സംബന്ധിച്ച് പറഞ്ഞത് باريسدار الكافرين كسالى   “പാരിസ്, മടിയന്മാരായ നിഷേധികളുടെ നാട്” എന്നാണ്. സനഗലിലെ മദീന ബയെയിലെ പള്ളിയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന അദ്ദേഹത്തിൻ്റെ പൊതു തഫ്സീർ പ്രഭാഷണങ്ങൾക്കിടയിൽ ഒരിക്കൽ ഒരു ചെറു പുഞ്ചിരിയോടെ തമാശ രൂപേണ,  سَأُو۟رِيكُمْ دَارَ ٱلْفَـٰسِقِين   “ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്‌” എന്ന സൂറത്തുൽ അഅ്റാഫിലെ ആയത്ത് പാരിസിനെ കുറിച്ചാണെന്ന് പറയുകയുണ്ടായി. (ഇതിൻ്റെ രസ്കരമായ ശബ്ദരേഖ (ലിങ്ക്) ഇന്നും ലഭ്യമാണ്).

അതുകൂടാതെ, യുവാവായിരിക്കുമ്പോൾ ഔപചാരിക ഇസ്ലാമിക വിദ്യാഭ്യാസത്തിന് പുറമെ ഫ്രഞ്ച് പഠിക്കാൻ താൽപര്യം കാണിച്ചപ്പോൾ, പ്രശസ്തനായ പണ്ഡിതനും സെനഗലിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പോരാടിയ അദ്ദേഹത്തിൻ്റെ പിതാവ് അബ്ദുല്ലാഹ് ഇന്യാസ് മർദ്ദകരുടെ ഭാഷ പഠിക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. 1960കളിലെ ഒരു ഈജിപ്ഷ്യൻ പത്രകുറിപ്പിൽ ഇങ്ങനെ കാണാം “ എട്ട് മില്യൺ വിദ്യാർത്ഥികളുള്ള ഒരു മത നേതാവ്! അദ്ദേഹം (ഇബ്രാഹിം ഇന്യാസ്) ഫ്രഞ്ചുകാരോട് പറഞ്ഞു: ‘ഖുർആൻ ഫ്രഞ്ചിൽ പഠിപ്പിക്കാൻ ഞാൻ അനുവദിക്കണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലേണ്ടി വരും.’ അതിൻ മറുപടി വന്നത് സെനഗലിലെ മിഷനറി സ്കൂളുകൾക്ക് വന്ന മില്യൺ കണക്കിന് ഫ്രാങ്കുകളാണ്, മുസ്‌ലിംകൾക്ക് ഒരു തുട്ട് പോലുമില്ല.”

ശൈഖ് ഇബ്രാഹിമിൽ നിന്ന് വിഭിന്നമായി, പത്തൊൻപതാം നൂറ്റാണ്ട് മുതൽക്കുള്ള ആധുനിക മുസ്ലിം പണ്ഡിതന്മാർ, മിക്കവാറും എല്ലാവരും, അബ്ദു വിൻ്റെ ഭ്രമത്തിൻ്റെയും വെറുപ്പിൻ്റെയും വൈരുദ്ധ്യം നിറഞ്ഞ മാതൃകയിൽ പടിഞ്ഞാറിനെ കാണാൻ തുടങ്ങി. ഒരു വശത്ത് നിയമപരവും ശാസ്ത്ര സാങ്കേതികപരവുമായ നേട്ടങ്ങളെ പ്രശംസിക്കുകയും, മറ്റൊരു വശത്ത് മുസ്ലിം രാജ്യങ്ങളുടെ മേലുള്ള അധിനിവേശ കൊള്ളക്കെതിരെയും അവക്ക് മേൽ അടിച്ചേൽപ്പിക്കുന്ന മതേതര മൂല്യങ്ങളെ എതിർക്കുകയും ചെയ്യുന്നു.

എന്ത് കൊണ്ടാണ് ആധുനിക മാതൃകക്കും നവ പാരമ്പര്യ മാതൃകകൾക്കും അപ്പുറമുള്ള ആധുനികതയെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രം അറിവുള്ളത്? എന്ത് കൊണ്ടാണ് മൗദൂദിയെയും ഖർദാവിയെയും ഖുത്ബിനെയും പോലെയുള്ള ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിതന്മാരെ, ശൈഖ് ഇബ്രാഹിമിനെ ഒഴിച്ച്, എല്ലാവരെയും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് അറിയുന്നത്? അദ്ദേഹത്തിൻ്റെ കറുപ്പ് നിറം കൊണ്ടാണോ? എങ്ങനെയാണ് ശൈഖ് ഇബ്രാഹിമിനെ പോലെയൊരാൾ ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ സഞ്ചാരത്തിൻ്റെ ഗതി നിർണയിച്ചത്? എങ്ങനെയാണ് ആധുനികതയുടെ വെല്ലുവിളികൾക്കെതിരെയും, സയണിസത്തിനെത്തിരെയും, പാശ്ചാത്യ ദേശ രാഷ്ട്രങ്ങളുടെ വഞ്ചനകൾക്കെതിരെയും അദ്ദേഹം ക്ഷമാപണമില്ലാതെ വേരുറപ്പുള്ള മറുപടികൾ നൽകിയത്?

ജൂഡോ-ക്രിസ്ത്യൻ മാതൃകയിലുള്ള പുരോഗമനം നാഗരികതയുടെ ഉന്നതിയായി കണ്ട് അതിന് വേണ്ടി കിടപിടിക്കാൻ നിൽക്കാതെ ഷെയ്ഖ് ഇബ്രാഹിമും – പടിഞ്ഞാറൻ ആഫ്രിക്കയിലെ മറ്റു പണ്ഡിതന്മാരും- ഇസ്ലാമിനെ അവരുടെ പ്രാഥമിക അടയാള ബിന്ധുവായി കണ്ടു. എല്ലായ്പ്പോഴും മതേതര പടിഞ്ഞാറിനോട് മറുപടി പറയേണ്ട അല്ലെങ്കിൽ അതിനോടൊപ്പം എത്തേണ്ട ഒരു ഇസ്ലാമിന് പകരം നബി (സ) തങ്ങളെ ആഗ്രഹിക്കേണ്ട ഏറ്റവും പരമമായ മാതൃകയായി ശൈഖ് ഇബ്രാഹിം ഇന്യാസ് കണ്ടു. അദ്ദേഹം പാശ്ചാത്യൻ ആധിപത്യത്തെ- അതിന്റെ ജനാധിപത്യപരമെന്ന് വിളിക്കപ്പെടുന്ന മൂല്യങ്ങളെയും പുരോഗതിയെയും ക്രമത്തേയുമെല്ലാം വെറും മിഥ്യയായി കണ്ടു, പലസ്തീൻ പോരാട്ടത്തിന്റെ ഫലമായി പൊട്ടിപ്പുറപ്പെട്ട (ചതിയുടെ) നിയമാനുസൃത ക്രമമെന്ന നിലവിലെ മിഥ്യാധാരണയ്ക്കും നൂറു വർഷങ്ങൾക്കും അധികം മുമ്പേതന്നെ.

പടിഞ്ഞാറിൻ്റെ ‘പുരോഗതി’യാലും രൂപങ്ങളുടെ ലോകത്താലുമൊന്നും അദ്ദേഹത്തിന് ഭ്രമം ബാധിച്ചില്ല, അദ്ദേഹം അതിനെ അതിൻ്റെ യഥാർത്ഥ രൂപത്തിൽ കണ്ടു: ആത്മീയ പാപരത്വം നിറഞ്ഞ ഭൗതിക സമൃദ്ധി, നിരന്തരമായ സത്യ നിഷേധത്തിൻ്റെ ഒരു താത്കാലിക വസതി, ഉച്ചനീചത്വ ചൂഷണങ്ങളുടെയും മാനവികതക്ക് അവസാനമായി അവതരിച്ചതിനെ കൂട്ടമായി നിരസിച്ച ഒരു വ്യവസ്ഥിതി. ‘ആഫ്രിക്ക ആഫ്രിക്കക്കാർക്ക്’ എന്ന തൻ്റെ പ്രശസ്തമായ ലേഖനത്തിൽ അദ്ദേഹം തൻ്റെ പ്രസ്താവന തുടങ്ങുന്നത് അധിനിവേശക്കാരെ ബിംബാരാധകരുമായി  താരതമ്യം ചെയ്തുകൊണ്ടാണ്, കാരണം അവർ “കാണാനോ കേൾക്കാനോ സാധിക്കാത്ത ഒന്നിൽ വിശ്വസിക്കുന്നു, ഒരു ജീവനില്ലാത്ത വസ്തു, അല്ലാഹുവിൻ്റെ സൃഷ്ടിയും മനുഷ്യൻ്റെ നിർമിതിയും മാത്രമായ, കുരിശ് പോലെയുള്ള, ചിത്രങ്ങളും പ്രതിമകളുമൊക്കെ പോലെയുള്ള ഒന്നിൽ.”

ദേശ രാഷ്ട്ര സംവിധാനത്തിൻ്റെ പുതിയ ലോകത്ത് എല്ലാവരും അവരുടെ സ്ഥാനം കണ്ടെത്താൻ ശ്രമിച്ച സമയത്ത്, ‘തീൻമേശയിൽ ഒരു ഇരിപ്പിടം’ നേടാൻ അല്ലെങ്കിൽ ബ്രഹ്മാണ്ടമായ ലോക ക്രമത്തിൽ നിന്ന് കേവലം അപ്പകഷ്ണങ്ങൾ ലഭിക്കാൻ ശ്രമിച്ചപ്പോൾ, സ്വത്വ രാഷ്ട്രീയത്തിൻ്റെ നൈമിഷിക പ്രചാരത്തിൽ അദ്ദേഹം പങ്കെടുക്കാനോ ‘ആധുനികതയും’ ‘ഇസ്ലാമും’ അല്ലെങ്കിൽ ‘കിഴക്കും’ ‘പടിഞ്ഞാറും’ പോലെയുള്ള സമസ്യകൾക്ക് തമ്മിൽ അന്തരം കുറയ്ക്കുവാൻ വേണ്ടിയോ അദ്ദേഹം തൻ്റെ വാക്കുകളിൽ കൃത്രിമത്വം കാണിച്ചില്ല. ഇസ്ലാം ‘മിതമായ’ (ഇഷ്ടംപോലെ സ്വാധീനിക്കാവുന്ന, മാറ്റം വരുത്താവുന്ന എന്ന് വായിക്കുക); ശരീഅത്തും ജിഹാദും ഒഴിവാക്കിയ പല്ലില്ലാത്ത നായയെ പോലെയുള്ള വിശ്വാസം പോലെ എന്തോ ഒന്നാണ് എന്ന് സ്ഥാപിക്കുന്ന ക്ഷമാപണങ്ങളിൽ അദ്ദേഹം മുഴുകിയില്ല.

അതിനുപകരം, ഖുർആനിൻ്റെയും സുന്നത്തിൻ്റെയും തിരിച്ചറിവുള്ള ജീവനുള്ള അനന്തരാവകാശിയാകുന്നതിലൂടെ, യൂറോപ്പിനോ പടിഞ്ഞാറിനോ ഒരു മറുപടിയും കൊടുക്കേണ്ട ആവശ്യം തോന്നാതെ; അദ്ദേഹം പ്രവർത്തിക്കുക മാത്രം ചെയ്തു. ഐഹികമായ ഭൗതികമായ അധികാരം വ്യാജമായ ഒരു പുകമറയായി അദ്ദേഹം കണ്ടു. പ്രത്യക്ഷത്തിൽ അതിനുണ്ടായിരുന്ന പുറംപൂച്ചിനെ മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചു, കാരണം നിസ്സാരമായ രാഷ്ട്രീയ താൽപര്യങ്ങളെ പോഷിപ്പിക്കുവാനുള്ള കേവലമൊരു ഭൗതിക പ്രത്യയശാസ്ത്രമായിരുന്നില്ല അദ്ദേഹത്തിന് ഇസ്ലാം. മറിച്ച്  ദൈവത്തിലേക്കുള്ള -ജീവിക്കുന്ന ഒരു യാഥാർത്ഥ്യവും നിരന്തരം പ്രവാചകത്വവും വെളിപാടുകളും നൽകുന്ന ഒന്നിലേക്കുള്ള- സത്യസന്ധമായ എന്നാൽ ക്ലേശകരമായ ഒരു യാത്രയായിരുന്നു. ആത്മീയ സാക്ഷാത്കാരത്തെയും വിശ്വാസത്തെയും കേന്ദ്രീകരിച്ചുള്ള ഇത്തരം ഒരു

ലോകവീക്ഷണത്തിലൂടെ, അദ്ദേഹം അപകോളനീകരണത്തിനുമെല്ലാമപ്പുറം ചെല്ലുകയും ചെയ്തു എന്ന് വേണമെങ്കിൽ പറയാം. കാരണം പാശചാത്യ അധീശത്വത്തിനും ദേശീയതയുടെ താഗൂതിന് (ബിംബം) കീഴിലും അദ്ദേഹത്തിൻ്റെ ആത്മാവ് മുൻപേ തന്നെ സ്വതന്ത്രനായിരുന്നു.

ഇതിനർത്ഥം ശൈഖ് ഇബ്രാഹിം സാങ്കേതിക വിദ്യകളിലോ കച്ചവടത്തിലോയുള്ള  പുരോഗതിക്കെതിരായിരുന്നുവെന്നല്ല, മറിച്ച്, പുതിയ ബഹിരാകാശ പര്യവേക്ഷണങ്ങളെ (ലിങ്ക്) കുറിച്ചും റേഡിയോ ടെക്നോളജിയെ കുറിച്ചുമെല്ലാം അദ്ദേഹം ദീർഘദൃഷ്ടിയുള്ള എഴുത്തുകളും പ്രഭാഷണങ്ങളുമെല്ലാം നടത്തിയിട്ടുണ്ട്. ഭരണാധികാരി അവിശ്വാസിയാണെങ്കിൽ പോലും, നീതി അടിസ്ഥാനപെടുത്തിയുള്ള ഭരണ വ്യവസ്ഥയുടെ പ്രാധാന്യത്തെ കുറിചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതേ സമയം ഏറ്റവും ഉദാത്തനായ ഭരണാധികാരി നീതിമാനും ധർമ്മബോധമുള്ള മുസ്ലിം ഖലീഫ (പണ്ഡിത-രാജാവ്) യാണെന്നും മതേതര നിയമവാഴ്ചയെ അകറ്റി നിർത്തിക്കൊണ്ട് തന്നെ പറയുന്നുണ്ട്.

ഷെയ്ഖ് ഇബ്രാഹിം ഇടനിലയൊന്നുമില്ലാത്ത ഒരു രീതിശാസ്ത്രത്തിലൂടെ, ദൈവികതയെ അനുഭവിച്ചറിയുന്നതിലൂടെ (മഅ് രിഫ) അധികാരത്തെയും പുരോഗതിയെയും ദൈവത്തിൻ്റെ സർവ്യാപിയായ പരമാധികാരത്തിലൂടെ കണ്ടു. മിക്കവർക്കും ഗൂഢമായ ഇത്തരം പദപ്രയോഗങ്ങൾ ഭൗമികമായ അധികാരത്തിന് മുന്നിടുന്നതിന് വിരുദ്ധമായിട്ട് തോന്നാം, എന്നാൽ ശൈഖ് ഇബ്രാഹിമിനെ പോലെയുള്ള സൂഫി വര്യന്മാർക്ക് ഐഹിക അധികാരമൊരു ബിംബമായിരുന്നില്ല, ലോകത്തിൻ്റെ നേതൃത്വ സ്ഥാനങ്ങൾ

ഏറ്റെടുക്കുന്നത് ലജ്ജാകരവുമായിരുന്നില്ല. ആ നിലക്ക് സൂഫിസം ലോകത്തിൻ്റെ സ്വാധീനങ്ങളെ തടസ്സപ്പെടുത്തുന്നില്ല, മറിച്ച് അത് കുറച്ചു കൂടി നീതിയും സമാധാനമാണ് ഒരു ലോകത്തിലേക്കുള്ള മാർഗമായിരിക്കും, കാരണം അത് മൂലം ഒരാളുടെ ഇസ്ലാം ബന്ധനങ്ങളിൽ നിന്നും കറകളിൽ നിന്നുമെല്ലാം മുക്തമാവുന്നു. മത പാണ്ഡിത്യം യഥാർത്ഥത്തിൽ എങ്ങനെയാവണമെനന്നും,അത് പോലെ മത പണ്ഡിതൻ ഏതു തരത്തിൽ പ്രതിനിധീകരിക്കണമെന്നുമുള്ള അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാട് തൻ്റെ തഫ്സീറിൽ പറഞ്ഞു വെയ്ക്കുന്ന ഭാഗം നോക്കാം:

“വിശ്വാസികളിലെ ഏറ്റവും ഉത്തമരെ കുറിച്ച് അല്ലാഹു ഇങ്ങനെ പറഞ്ഞു കൊണ്ട് വിവരിക്കുന്നു: സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. (അഹ്സാബ് 23), അല്ലാഹു അവരെക്കുറിച്ച് ഇങ്ങനെയും പറഞ്ഞു: സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. (അഹ്സാബ് 22)

ദൈവത്തിൽ അചഞ്ചലമായി സ്വന്തത്തെ ചേർത്തവരുടെ കാര്യം അപ്രകാരമാണ്, ഫിത്നയുടെ പ്രക്ഷുബ്ധമായ തിരകൾ അവരുടെ വഴിയേ വരുമ്പോൾ പതറില്ല. ഈ ഒരു സ്ഥാനം ദൈവത്തെ യഥാർത്ഥത്തിൽ അറിഞ്ഞവർക്ക് വേണ്ടി മാത്രം മാറ്റിവച്ചതാണ്, ഇതിനെയാണ് മതത്തിലുള്ള യഥാർത്ഥ അറിവ്. ഇതിലൂടെ ദൃഢതയുടെ ശുദ്ധി (അവരിലേക്ക്) ഇറങ്ങുകയും, മതത്തിൻ്റെ കാതലായ അർഥതലങ്ങൾ അവർ അറിയുകയും ചെയ്യും. ദൈവത്തിൻ്റെ വിശേഷണങ്ങളും മറഞ്ഞു കിടക്കുന്ന പേരുകളും അവയുടെ സാവധാനത്തിലുള്ള സാക്ഷാത്കാരവും, അവയുടെ അവകാശങ്ങളും മര്യാദകളും പൂർത്തികരിക്കുന്നതുമൊക്കെ ഈ പ്രക്രിയയുടെ അനിവര്യതകളാണ്.

ഇതാണ് യഥാർത്ഥ ഫിഖ്ഹ് അഥവാ മതത്തെ മനസ്സിലാക്കൽ, ഇത് നിയമജ്ഞരുടെ വൃത്തത്തിന് പുറത്തുള്ള മണ്ഡലമാണ്. പ്രവാചകന്മാർക്കും, ദൈവത്തെ അറിയുന്നവർക്കും സിദ്ധീക്കീങ്ങൾക്കും മാത്രം എത്താൻ പറ്റുന്ന ഒന്ന്. പ്രവാചകൻ്റെ ഹദീസിൽ സൂചിപ്പിച്ചിട്ടുള്ള മനസ്സിലാക്കൽ ഇതാണ്: “അല്ലാഹുവിനെ ആരാധിക്കാൻ മതത്തിൻ്റെ (യഥാർത്ഥ) മനസ്സിലാക്കലിനേക്കാൾ നല്ല ആരാധനയില്ല. ആയിരം വിശ്വാസികളെക്കാളും പിശാചിന് വെറുപ്പുള്ളത് ഒരൊറ്റ ഫഖീഹിനെയായിരിക്കും.”

 

(ഷെയ്ഖ് ഇബ്രാഹിം ഇന്യാസിൻ്റെ രിയാൾ അത്തഫ്സീർ മൂന്നാം വോൾയം 327 പേജ്)  

അറബ് പണ്ഡിതന്മാരെ അപേക്ഷിച്ച് കറുത്ത വംശജരായ പണ്ഡിതർക്ക് എങ്ങനെയൊക്കെയോ പാണ്ഡിത്യവും ആധികാരികതയും കുറവാണ് എന്നുള്ള വംശീയ മുൻവിധി കാരണം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഇസ്ലാമിക പാണ്ടിത്യത്തെ കുറിച്ച് ലോകമൊട്ടാകെയും പടിഞ്ഞാറിലുമുള്ള അധിക മുസ്ലിംകളും അജ്ഞരാണ്. പലർക്കും അറിയില്ല, ഉദാഹരണത്തിന് മഹാനായ പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള പണ്ഡിതനും ഭരണാധികാരിയുമായ ഹാജ് ഉമർ ഫൂത്തി താൽ (മരണം 1864) (ഇദ്ദേഹത്തിൻ്റെ പാണ്ഡിത്യത്തെ കുറിച്ചാണ് ഞാൻ എൻ്റെ പിഎച്ച്ഡി പ്രബന്ധം എഴുതിയത്) ഹജ്ജിന് പോകുന്ന വഴിയിൽ ഈജിപ്തിലെ ഇസ്ലാമിക ഉന്നത പഠനത്തിൻ്റെ സങ്കേതമായ അൽ അസ്ഹർ കടന്നു പോയപ്പോൾ, കൈറോയിലെ ഏറ്റവും പാണ്ഡിത്യമേറിയ പണ്ഡിതർ ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ പല വിഷയങ്ങളിൽ നിന്നും മണിക്കൂറുകളോളം പരീക്ഷിച്ചു എന്ന് പറയപ്പെടുന്നു. അവർക്ക് ഇസ്ലാമിനെ കുറിച്ച് അറിവുള്ളതിനേക്കാൾ ഒരു കറുത്ത വംശജന് അറിവുണ്ടാകൻ സാധ്യതയില്ലാ എന്നവർക്ക് തോന്നി. ഐതിഹ്യങ്ങൾ അനുസരിച്ച് താൽ ഖുർആൻ പൂർണമായി ഓതി കൊടുത്തു എന്ന് മാത്രമല്ല അതിലോരോ വാക്കും എത്ര തവണ ആവർത്തിച്ചു എന്ന് കൃത്യമായി പറഞ്ഞു കൊടുക്കാനും സാധിച്ചത്രെ. അദ്ദേഹം അസ്ഹറിലെ പണ്ഡിത ശ്രേഷ്ഠരെ വിസ്മയിപ്പിക്കുകയും, പടിഞ്ഞാറേ ആഫ്രിക്കൻ പണ്ഡിതന്മാരുടെ അറബിയിലും ഇസ്ലാമിക വിജ്ഞാനീയങ്ങളിലുമുള്ള പാണ്ഡിത്യം, അവർ പഠനത്തിനായി പടിഞ്ഞാറൻ ആഫ്രിക്ക വിട്ട് പുറത്തൊന്നും പോവാതെ തന്നെ, അറബികളുടേതിനോട് കിടപിടിക്കുന്ന അല്ലെങ്കിൽ അതിനേക്കാൾ മുകളിലാണെന്നുള്ളതിൻ്റെ മകുടോദാഹരണമായിരുന്നുവദ്ദേഹം.  

അതുപോലെ, ഒരു നൂറ്റാണ്ടിനുശേഷം 1961-ൽ, വെള്ളിയാഴ്ച പ്രാർത്ഥനയിൽ കെയ്റോയിലെ അൽ-അസ്ഹർ പള്ളിയെ നയിക്കുന്ന ആദ്യത്തെ പടിഞ്ഞാറൻ ആഫ്രിക്കക്കാരനായി ഷെയ്ഖ് ഇബ്രാഹിം ഇന്യാസെ മാറി, അതിനുശേഷം അദ്ദേഹത്തെ കൂടുതൽ ഔപചാരികമായി ബഹുമാനാർത്ഥം ഷെയ്ഖ് അൽ-ഇസ്ലാം എന്ന് വിളിച്ചിരുന്നു, ഇത് ഏതൊരു മുസ്ലിം പണ്ഡിതനും നേടാനാകുന്ന ഏറ്റവും ഉയർന്നതും അഭിമാനകരവുമായ ബഹുമതിയായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ആത്മീയവും പണ്ഡിതോചിതവുമായ വൈദഗ്ദ്ധ്യം സമകാലിക അറബ് പണ്ഡിതരുടെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല. മക്കയിലെ മുസ്ലിം വേൾഡ് ലീഗിന്റെ സെക്രട്ടറി ജനറൽ എഴുതിയ കത്തിൽ, അന്തരിച്ച മക്ക പണ്ഡിതനായ മുഹമ്മദ് സുരുയി അൽ-സബ്ബാൻ 1961 ൽ ഷെയ്ഖ് ഇബ്രാഹിമിന് എഴുതിയ കത്തിൽ, ഖുർആനിനും സുന്നത്തിനും   പ്രവാചകന്റെയും സഹാബികളുടെയും മാതൃകയോടും ഏറ്റവും ചേർന്ന് നിൽക്കുന്ന അദ്ദേഹത്തിൻ്റെ രീതിയെ പ്രശംസിച്ചു:

“മുന്നേവഴിതെളിച്ചവർ ഹിജാസ് വിട്ടു, അവർക്കൊപ്പം മത പ്രചാരകരും. അവർ ഹിജാസിൻ്റെ നിയമ നിർദദേശങ്ങളുമായി മടങ്ങി, ഇപ്പോൾ അത് താങ്കളോടൊപ്പമുണ്ട്, ഷെയ്ഖ് ഇബ്രാഹിം. […] തീർച്ചയായും താങ്കൾ ഫിഖ്ഹ്, ഖുർആൻ എന്നിവയിൽ മദീനയിലെ യഥാർത്ഥ ആളുകളിൽ പെട്ടവരാണ്. ഇത് നിങ്ങളുടെ സ്ഥൈര്യത്തിൻ്റെ തെളിവാണ്, ഞാൻ പുകഴ്ത്തി പറയുകയല്ല, മറിച്ച് അവൻ (അല്ലാഹു) വഴി താങ്കളിലുള്ള അഭിമാനമാണ്. നിങ്ങൾ വിശ്വസിക്കുകയും ഉറച്ചുനിൽക്കുകയും മതത്തെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ഒടുക്കം വിജയം നേടുകയും ചെയ്തു.”

ഷെയ്ഖ് ഇബ്രാഹിം ഒരു താർക്കികനോ പ്രത്യയശാസ്ത്രജ്ഞനോ ആയിരുന്നില്ല; ഒരു വിഭാഗത്തിനോ കൂട്ടത്തിനോ അല്ലാതെ “മനുഷ്യവർഗത്തിനൊട്ടാകേ കാരുണ്യമായി” അയക്കപെട്ട മുഹമ്മദ് നബി തങ്ങളുടെ വഴി പിന്തുടർന്നുകൊണ്ട്,

മനുഷ്യരാശിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ അദ്ദേഹം സാർവത്രികനായിരുന്നു.

പ്രായോഗിക അർത്ഥത്തിൽ, റിയാദിൽ മുസ്ലീം വേൾഡ് ലീഗും ഈജിപ്തിലെയും കറാച്ചിയിലെയും ഹൈ കൌൺസിൽ ഓഫ് ഇസ്ലാമിക് അഫയേഴ്സും സ്ഥാപിക്കാൻ അദ്ദേഹം സഹായിച്ചു എന്ന് മാത്രമല്ല, 1960 കളിൽ ഘാനയിലെ ക്വാമെ എൻക്രുമ, ഗിനിയയിലെ അഹമ്മദ് സെകൌ ടൂറെ, ജറുസലേമിലെ ഗ്രാൻഡ് മുഫ്തി ഹാജി അമീൻ അൽ-ഹുസൈനി, ഈജിപ്തിലെ ഗമാൽ അബ്ദ് അൽ-നാസർ തുടങ്ങി നിരവധി പ്രമുഖ നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം നിലനിർത്തി. ഈ കണ്ടുമുട്ടലുകളെ പരാമർശിക്കുന്ന ജീവചരിത്രകാരന്മാർ പലപ്പോഴും ഷെയ്ഖ് ഇബ്രാഹിം അവരോട് ഒരു ഹുജ്ജ (തെളിവ്) ആയി പ്രവർത്തിക്കുകയും അവരിൽ നിന്ന് ഒന്നും ആഗ്രഹിക്കാതിരിക്കുകയും ചെയ്തു എന്ന വസ്തുതയെ മറച്ചുവെക്കുന്നു. മറിച്ച്, ആദ്ദേഹം അവർക്ക് ഒന്നുകിൽ ആത്മീയ രക്ഷയുടെ ഉറവിടമായിരുന്നു, അദ്ദേഹത്തിൻ്റെ നല്ല ഉപദേശം അനുസരിക്കുന്നതിൽ അവർ പരാജയപ്പെട്ടാൽ അവർക്കൊരു ശിക്ഷകനും.

ചില വിവരണങ്ങൾ അനുസരിച്ച്, രാഷ്ട്രീയപരമായതോ വിഭാഗീയമായതോ ആയ എന്ത് വിയോജിപ്പുകളുണ്ടെങ്കിലും,  മുസ്ലിം ബ്രദർഹുഡ് നേതാവ് സയ്യിദ് ഖുത്ബിനെ  വധിക്കരുതെന്ന് അഭ്യർത്ഥിച്ച് ഷെയ്ഖ് ഇബ്രാഹിം ഗമാൽ അബ്ദുൽ നാസറിന് ഒരു കത്ത് അയച്ചതായി കാണാം. ഖുത്ബ് ഒരു സഹ മുസ്ലീമാണെന്നും ഭരണകൂടത്താൽ വധിക്കപ്പെടേണ്ട ആളല്ലെന്നും പറഞ്ഞു. എന്നിരുന്നാലും  ഷെയ്ഖ് ഇബ്രാഹിമിന് കടുത്ത നിരാശയുണ്ടാക്കിക്കൊണ്ട് ഈജിപ്ഷ്യൻ പ്രസിഡന്റ് വധശിക്ഷയുമായി മുന്നോട്ട് പോയി. നാസറിൻ്റെ മരണശേഷം അയാളുടെ ഖബർ സന്ദർശിച്ച ഘട്ടത്തിൽ മരണാനന്തര ജീവിതത്തിൽ അബ്ദുൽ നാസറിന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

പലസ്തീൻ പോരാട്ടം ഷെയ്ഖ് ഇബ്രാഹിമിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായിരുന്നു, മറ്റൊരു ലേഖനത്തിൽ, സയോണിസത്തെയും പലസ്തീനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഞാൻ വ്യക്തമാക്കും. ഷെയ്ഖ് ഇബ്രാഹിം നമ്മുടെ നിലവിലെ അവസ്ഥയിൽ ആശയക്കുഴപ്പത്തിലായ മുസ്ലീങ്ങളുടെ ഗൗരവമായ ശ്രദ്ധ അർഹിക്കുന്നു, കാരണം ദേശീയത, കമ്മ്യൂണിസം, മതേതരത്വം, സലഫിസം മുതലായ പല ‘ഇസ’ങ്ങളുടെ നൂറ്റാണ്ടിലും ‘അനീതി’ അടിസ്ഥാനമാക്കിയുള്ള ക്രമം കല്ലിൽ കൊത്തിവക്കപ്പെടുകയും അത് സൃഷ്ടിച്ച ചീഞ്ഞളിഞ്ഞ അടിത്തറയുള്ള നമ്മൾ ഇപ്പോൾ ജീവിചുകൊണ്ടിരിക്കുന്ന വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള ലോകക്രമത്തിലും തളരാത്ത പ്രവാചക വാർപ്പ്മാതൃകയിലുള്ള  പണ്ഡിത മാതൃകയെ അദ്ദേഹം പ്രതിനിധീകരിക്കുന്നു.

നിർഭയത്വവും വിവേകത്തോടും കൂടിയുള്ള അദ്ദേഹത്തിൻ്റെ ഇത്തരം നിലപാടുകൾ കാരണമാണ് പടിഞ്ഞാറെ ആഫ്രിക്കയിലെ ഇസ്ലാമിൻ്റെ ഉജ്ജ്വലമായ ചരിത്രത്തെ കുറിച്ച് ഒരു കോഴ്സ് പഠിപിക്കേണ്ടി വരുമ്പോഴൊക്കെ ‘അപകോളനീകരണത്തിന് അപ്പുറം’ എന്ന് തലക്കെട്ട് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പലസ്തീനിലെ പോരാട്ടത്തിനെയും അത് കൂടാതെ കോംഗോയിലും യെമനിലും സുദാനിലും മ്യാന്മാർലും സിൻജിയാങ്ങിലും കശ്മീരിലും ഒക്കെ നടന്നുകൊണ്ടരിക്കുന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെല്ലാം ഇത്തരം ഒരു വിഭാവന ഞാൻ നിർദ്ദേശിക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മുസ്ലിം പണ്ഡിത വ്യക്തിത്വങ്ങളുടെ എഴുത്തുകളിലും ചരിത്രങ്ങളിലും പാരമ്പര്യത്തിലും നമ്മുടെ ഈ കാലത്തിൻ്റെ വ്യവഹാരങ്ങളെ പിടികൂടിയ സ്വത്വ രാഷ്ട്രീയത്തിൻ്റെയും ആഗോള സാംസ്കാരിക യുദ്ധങ്ങളുടെയും വ്യാധികൾക്കുള്ള മറുമരുന്ന് നൽകാനുള്ള ശക്തിയുണ്ട്.

തീർച്ചയായും ഇതൊരു അതിവായനയാണെന്ന്, ഒരു പ്രദേശത്തിൻ്റെയും ചരിത്രത്തെ കുറിച്ചുള്ള ഒരൊറ്റ കാഴ്ചപ്പാടും ഇത്തരം ഒരു മറുവായന സമർപ്പിക്കാൻ മാത്രം കഴിവുള്ള രീതിയിൽ തുല്യലക്ഷണമുള്ളവയാണെന്ന്, ആരെങ്കിലും വാദിച്ചേക്കാം. പക്ഷേ പത്തൊൻപത് ഇരുപത് നൂറ്റാണ്ടുകളിലെ പടിഞ്ഞാറൻ ആഫ്രിക്കയിലെ (കിഴക്കും തീർച്ചയായും ഉൾപ്പെടും) പണ്ഡിതന്മാരുടെയും വര്യന്മാരുടെയും എഴുത്തുകളിലും ഉപദേശ ശിക്ഷണങ്ങളിലും അതേ കാലഘട്ടത്തിലുണ്ടായിരുന്ന (ദേശ രാഷ്ട്ര രൂപീകരണവും അധിനിവേശ ഭരണത്തിൽ നിന്ന് ‘സ്വാതന്ത്ര്യം’ നേടിയതുമായ കാലം  ) അറബ് പണ്ഡിതന്മാരിൽ നിന്നും വ്യതിരിക്തരാക്കുന്ന സമാനതകളില്ലാത്ത ചില മാതൃകകളും രീതികളും കാണാം.

ആധുനിക പശ്ചിമേഷ്യ എന്ന് പറയപ്പെടുന്ന അക്കാദമിക വിഷയം പഠിക്കുന്ന എതൊരു വിദ്യാർത്ഥിക്കും ഉസ്മാനിയ ഖിലാഫത്തിൻ്റെ പതനത്തിന് ശേഷമുള്ള ഇസ്ലാമിൻ്റെ ചരിത്രം പഠിപ്പിക്കപെടുമ്പോൾ, അവർ പഠിക്കുന്നതാകട്ടെ മുഹമ്മദ് അബ്ദുവിൻ്റെയും റാഷിദ് രിദായുടെയും ജമാലുദ്ധീൻ അഫ്ഗാനിയുടെയും മറ്റുള്ളവരുടെയും ആധുനിക സംസാരങ്ങളാണ്, ഇവരൊക്കെയാവട്ടെ വലിയൊരളവോളം അവരുടെ പദ്ധതികൾ അടിസ്ഥാനപ്പടുത്തിയത് പടിഞ്ഞാറിൻ്റെ ഉയർന്നു വരുന്ന ആധിപത്യത്തിനും അധീശത്വത്തിനും ഒരു പ്രതികരണം എന്ന നിലക്കാണ്. അടുത്തകാലത്തെ പഠനങ്ങളിൽ നവ പാരമ്പര്യവാദത്തിന് വലിയ രീതിയിൽ പരിഗണന ലഭിച്ചിട്ടുണ്ട്, അതും ‘ചീത്ത’ ആധുനികതയോടുള്ള ഒരു പ്രതിലോമകരമായ ഒരു പ്രസ്ഥാനമാണ്.

ഇസ്ലാമിൻ്റെ ബൗദ്ധിക ചരിത്രകാരന്മാർ എന്ന നിലയ്ക്ക്, അന്നത്തെ ജ്ഞാനശാസ്ത്രപരമായ പ്രശ്നങ്ങളെന്താണോ അതിനോട് കേവല പ്രതികരണത്തിൽ അപ്പുറത്തേക്ക് വ്യാപൃതരായവരിലേക്ക് നമ്മുടെ ദൃഷ്ടി പതിയേണ്ടിയിരിക്കുന്നു. ഉണ്മയിൽ മുഴുകിയിരുന്നു കൊണ്ട് മാത്രം പ്രവാചക വെളിച്ചത്തിൻ്റെ പാത്രങ്ങളായവരിൽ നാം ആവശ്യത്തിന് ശ്രദ്ധ കൊണ്ടുവന്നിട്ടില്ല; ഉണ്മയിലാവുക എന്ന അവരുടെ കേവല പ്രവർത്തി തന്നെ വിപ്ലവാത്മകമായ ഒന്നാണ്.

ഇതാണ് വിഷയത്തിൻ്റെ കാതൽ. ആധുനികതയെയും മറ്റു പ്രത്യയശാസ്ത്രങ്ങളെയും പ്രതികരിക്കാൻ ബൗദ്ധിക ജീവിതം ഉഴിഞ്ഞു വെക്കുന്ന ഒരു പണ്ഡിതൻ എല്ലായ്പ്പോഴും, പ്രതിരോധത്തിൻ്റെ, മറ്റു മാർഗ്ഗങ്ങളൊന്നും സൃഷ്ടിക്കാൻ കഴിയാതെ, ദൗർബല്യം നിറഞ്ഞ ഒരു സ്ഥാനത്തായിരിക്കും. അതിനൊരിക്കലും പുറം ലോകത്തിൻ്റെ പേമാരികളുടെ മുൻപിൽ ജൈവികവും മൗലികവും മൂർത്തവുമായ ഉണ്മയിൽ നില കൊള്ളാനാവില്ല.

അതിനു പകരമായി, ശൈഖ് ഇബ്രാഹിമും മറ്റുള്ളവരും തെളിയിച്ച പോലെ ഒരാൾ സാക്ഷാത്കാരത്തിൽ നിന്ന് പ്രവർത്തിക്കുമ്പോൾ, പൂർണമായി, കൃത്യമായ കൂടിച്ചേരലിൽ ഏകനായവനോട് ചേർന്ന് ഒന്നാവുകയും ചെയ്യും. ഈ കാര്യം ആരംഭിക്കുന്നത് വ്യക്തി തലത്തിൽ നിന്നാണ്, കാരണം ഇസ്ലാമിൻ്റെ സന്ദേശം എന്നും ആദ്യം വ്യക്തിയിലേക്കാണ് ശ്രദ്ധ കൊടുത്തിട്ടുള്ളത്. അത്തരത്തിൽ സ്പഷ്ടമായ പ്രവർത്തികളിലൂടെ തൻ്റെ അറിവ് സജീവമായവൻ, അവൻ്റെ അന്തർലീനമായ പൊരുളും യുക്തി ജ്ഞാനവും അവൻ്റെ ബാഹ്യമായ അവസ്ഥകളും അതിൻ്റെ പ്രവർത്തനങ്ങളുമായി സമമാവുന്ന ഒരു അവസ്ഥയിലേക്ക് നയിക്കും. ഓരോ കർമ്മത്തിലും വാക്കിലും പ്രവർത്തിയിലും സ്വർഗീയമായ നിർദ്ദേശങ്ങളുമായി ഒത്തുചേരുന്ന മൗലികമായ ഈ ദൗത്യം നിർവഹിക്കുന്ന, അല്ലാഹുവിൻ്റെ ഖലീഫ എന്ന സ്ഥാനത്തെ ഇത് വിശേഷിപ്പിക്കുന്നു.

ഇത്തരമൊരു സ്ഥാനം എത്തുക എന്നത് പരിശുദ്ധമായ കൃപയുടെയും പ്രണയത്തിൻ്റെയും കാര്യമാണ്, ഖുദ്സിയായ ഹദീസിൽ അല്ലാഹു പറയുന്നത് പോലെ:  

“ഞാനവനെ ഇഷ്ടപ്പെട്ടാൽ അവൻ കേൾക്കുന്ന കാതും, അവൻ കാണുന്ന കണ്ണും, അവൻ പിടിക്കുന്ന കൈയ്യും, അവൻ നടക്കുന്ന കാലും ഞാനാകും, അവൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാനവന്ന് നൽകും, അവനെന്നോട് അഭയം ചോദിച്ചാൽ ഞാനവന്ന് അഭയം നൽകുന്നതാണ്”

ഇത്തരമൊരു അവസ്ഥ കൈവരിക്കാൻ അനുഗൃഹീതനായ ആർക്കെങ്കിലും, അല്ലാഹു പൂർണ്ണമായും പരിപൂർണ്ണമായും സ്നേഹിക്കുന്ന ഒരാൾക്ക്, ഏതെങ്കിലുമൊരു ലൗകിക ‘ഇസം’, ശക്തി അല്ലെങ്കിൽ അധികാരം എന്നിവയാൽ ഭീഷണിപ്പെടുത്തപ്പെടാൻ  കഴിയുമോ? അത്തരം സജീവമായ, മൂർത്തീകൃതമായ പ്രകാശ പാത്രങ്ങളെ അഭിമുഖീകരിക്കുമ്പോൾ തീർച്ചയായും മറ്റുള്ളവയുടെ ചഞ്ചലത പ്രകടമാകും.  അല്ലാഹുവിൻറെ സ്നേഹിതനായ, അവനോട് ശത്രുത കാണിക്കുന്നവനോട് അല്ലാഹു യുദ്ധം പ്രഖ്യാപിക്കുന്ന, ഇത്തരം വ്യക്തികളുമായി ഒരു ഭൗമിക ശക്തിക്കും പോരാട്ടം തുടങ്ങാനാവില്ല.

അതിനാൽ, ഇത്തരത്തിലുള്ള വിശുദ്ധ പ്രകൃതി -എല്ലാ ശക്തികളുടെയും യഥാർത്ഥ ഉറവിടമെന്ന നിലയിൽ അല്ലാഹുവിലുള്ള ഈ ഇല്ലാതവലാണ് ഷെയ്ഖ് ഇബ്രാഹിം ഇന്വാസെയുടെയും ഹാജ്ജ് ഉമർ താൽ, ഉസ്മാൻ ദാൻ ഫോഡിയോ തുടങ്ങിയവരുടെയും അവരുടെ വിവേകപൂർണ്ണമായ അനന്തരാവകാശികളുടെയും വിപ്ലവകരമായ ജീവിതത്തെ വിവരിക്കുന്നത്-ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ ഇന്നും ജീവിക്കുന്ന, പ്രതികരണാത്മകമല്ലാത്ത, വേരൂന്നിയ ഇസ്ലാമിന്റെ ഈ പാരമ്പര്യം അവർ തുടരുന്നു.

അന്ത്യനാളിൽ “സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കും” എന്ന് മുഹമ്മദ്‌ നബി തങ്ങൾ (സ) പറഞ്ഞപ്പോൾ ഒരുപക്ഷെ ഈയൊരു  വിജയകരമായ വിശ്വാസത്തെയാവും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ടാകുക.

“ഞാൻ എൻ്റെ സ്വയത്തെ ഇല്ലാതാക്കുന്ന ഒരു ഐക്യം നേടിയിരിക്കുന്നു

എൻ്റെ ഹൃദയം കറങ്ങുന്നത് അദ്ദേഹത്തെ (മുഹമ്മദിനെ) ചുറ്റിയാണ്,

എനിക്ക് മറ്റ് കാര്യങ്ങൾക്കായി പോകേണ്ടി വന്നാലും,

കാരണം അല്ലാഹു അല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല,

എൻ്റെ മൂടുപടം നീക്കിയപ്പോൾ ഞാൻ ഈ നിശ്ചിതത്വത്തിൽ എത്തി,

അവൻ്റെ മേൽ അല്ലാഹുവിൻ്റെ സമാധാനവും അനുഗ്രഹവുമുണ്ട്,

ത്വാഹ മാത്രമാണ് എന്നെ സന്തോഷിപ്പിക്കുന്നത്, കാരണം അവർ എൻ്റെ നിധിയാണ്,

ഈ കവിതയുടെ മുദ്രയായി അല്ലാഹുവിൻ്റെ സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ,

അവരുടെ വീട്ടുകാരുടെയും അനുചരന്മാരുടെയും മേൽ ആയിരിക്കട്ടെ “.

ഷെയ്ഖ് ഇബ്രാഹിം ഇന്യാസെ

 

Translated. By Zaki Hamdan RN

ഫറാ അല്‍-ശരീഫ്‌