Campus Alive

ഒരു ഇന്ത്യൻ സാക്ഷിയുടെ വിചാരണ: ഒരു മുസ്‌ലിമിന്റെ കോടതിയനുഭവങ്ങൾ

I

അതിനെ ഇങ്ങനെയാണ് നിസാർ അഹ്മദ് ഓർത്തെടുക്കുന്നത്. 2020 ഫെബ്രുവരി 24-ന്, തന്റെ വീടിന് വെളിയിൽ ഒരു ബഹളം കേട്ടാണ് അദ്ദേഹം ജനലിനരികിലേക്ക് ചെന്നു നോക്കിയത്. അദ്ദേഹത്തിന്റെ സമീപ പ്രദേശമായ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഭഗീരഥി വീഹാറിലൂടെ ഒരു വലിയ ജനക്കൂട്ടം “ജയ് ശ്രീറാം!”, “ഉണരൂ ഹിന്ദുക്കളേ ഉണരൂ!” തുടങ്ങിയ മുദ്രാവാക്യം മുഴക്കി കൊണ്ട്  കടന്നുപോവുകയായിരുന്നു. ഭാര്യ അസ്മയുമായി അഹ്മദ് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും തങ്ങളെ പോലുള്ള മുസ്‌ലിങ്ങൾക്ക് ഇത് ഉപദ്രവമൊന്നും ഉണ്ടാക്കുകയില്ലെന്ന തീരുമാനത്തിലേക്ക് അവരെത്തുകയും ചെയ്തു.

“സാധാരണ ഒരു രാഷ്ട്രീയ മുദ്രാവാക്യം പോലെ ആയിരുന്നു അത്,” അഹ്മദ് ഓർത്തെടുത്തു. രാഷ്ട്രീയം രാഷ്ട്രീയം തന്നെയായിരുന്നു എങ്കിലും, മുസ്‌ലിങ്ങളും ഹിന്ദുക്കളും പരസ്പരം ചായ സൽക്കാരങ്ങൾ നടത്തുകയും രാത്രി ഏറെ വൈകിയും ഒരുമിച്ചിരിക്കുകയും ചെയ്തിരുന്ന അയൽപക്കങ്ങളായിരുന്നു ഇത്. അഥവാ പരസ്പര സാഹോദര്യം വേണ്ട രീതിയിൽ കാത്തുസൂക്ഷിച്ചു പോന്നിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ മുതിർന്നവർ ഇടപെട്ട് അത് പരിഹരിക്കുമായിരുന്നു. എന്തൊക്കെയായാലും അതൊരു പ്രതീക്ഷ തന്നെയായിരുന്നു, ആ പ്രതീക്ഷയിൽ ജീവിച്ചയാളുമായിരുന്നു അഹ്മദ്. ഒരു അഴുക്കുചാലിന് ഓരത്തായിരുന്നു അദ്ദേഹത്തിന്റെ വീടെങ്കിലും തന്റെ ജനൽപാളിയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഇടമുറിയാത്ത ആകാശത്തെ നോക്കിനിൽക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. ഇത്തരം ചെറിയ സംഗതികളായിരുന്നു അദ്ദേഹത്തിന് ആനന്ദം നൽകിയിരുന്നത്.

11-ാം വയസ്സിൽ ഡൽഹിയിലേക്ക് വന്നതായിരുന്നു അഹ്മദ്. വന്നയുടനെ ഒരു വസ്ത്ര നിർമ്മാണശാലയിൽ ജോലി കണ്ടെത്തുകയും പതിയെ സ്വന്തമായി ചെറിയൊരു ബിസിനസ് ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 47-ാം വയസ്സിൽ സാമ്പത്തിക സ്ഥിരത എന്നത് എത്തിപ്പിടിക്കാൻ കഴിയാവുന്നതേയുള്ളൂവെന്ന് അദ്ദേഹത്തിന് തോന്നി. വീടിന്റെ താഴേ നിലയിൽ നിന്ന് ഡെനിം വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് ഡൽഹിയിലങ്ങോളമിങ്ങോളം അദ്ദേഹം വിൽപ്പന നടത്തി. വീടും മൂന്ന് മോട്ടോർ സൈക്കിളും മറ്റു നഗരങ്ങളിൽ തന്റെ ഉൽപ്പന്നം വാങ്ങാൻ സാധ്യതയുള്ളവരിലേക്ക് യാത്ര ചെയ്യാനുമൊക്കെയുള്ള ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ജനലിലൂടെ നോക്കവേ താഴെ കവലയിലൂടെ ഘോഷയാത്ര കടന്നു പോകുന്നത് അഹ്മദും അസ്മയും കണ്ടു. ആ ആൾക്കൂട്ടത്തിനിടയിൽ അപരിചിതമായ മുഖങ്ങളാൽ കണ്ട് അസ്വസ്ഥരായിരുന്നു അവർ, പക്ഷേ അതിൽ താൻ തിരിച്ചറിഞ്ഞ ചില മുഖങ്ങൾ കണ്ട് അത്ഭുതം കൂറിയിരിക്കുകയായിരുന്നു അഹ്മദ്. അതിൽ ചിലരെ ചെറുപ്പം തൊട്ടേ അദ്ദേഹത്തിനറിയാമായിരുന്നു. അന്നൊന്നും അദ്ദേഹത്തിന്റെ മുന്നിൽ വാ തുറക്കാൻ പോലും അവർ ധൈര്യപ്പെട്ടിരുന്നില്ല. എന്നാൽ, രാമ ദേവനോടുള്ള തങ്ങളുടെ ആത്മ സമർപ്പണത്തെ പ്രഖ്യാപിക്കുന്ന, മുമ്പ് ഏറെ ശാന്തവും ഇപ്പോൾ ഒരു യുദ്ധ കാഹളവുമായി മാറിയിരിക്കുന്ന ആൾക്കൂട്ടത്തിന്റെ ഭാഗമായിരുന്നു അവർ. ഈ കുട്ടികളെ കുറിച്ചാലോചിച്ചപ്പോൾ ഭക്തി എന്ന വാക്കായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിലേക്ക് വന്നത്. “അതിലൊരാൾ ഈ അഴുക്കു ചാലിൽ മദ്യപിച്ച് കിടക്കാറുണ്ടായിരുന്നു” അദ്ദേഹം പറഞ്ഞു.

മിനിറ്റുകൾ കഴിഞ്ഞപ്പോൾ മുദ്രാവാക്യം വിളി ശക്തമാകാൻ തുടങ്ങി. അസ്മ മകൾ ഇൽമയോടും ഗർഭിണിയായ മരുമകൾ സുമയ്യയോടും ശരിയായ പ്രശ്നങ്ങൾ തുടങ്ങുന്നതിന് മുന്നേ വീട് വിട്ട് പോകാൻ വേണ്ടി ആവശ്യപ്പെട്ടു. “അവർക്ക് ഓടാൻ കഴിയില്ലെന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്,” അഹ്മദ് പറഞ്ഞു. അസ്മയ്ക്കാണെങ്കിൽ വേറെന്തെങ്കിലും സംഭവിക്കുമോയെന്ന പേടിയുമുണ്ടായിരുന്നു, കാരണം 20 വയസ്സ് പ്രായമുള്ളവരായിരുന്നു ആ സ്ത്രീകൾ. അഹ്മദിന്റെ ഇളയ മകൻ സുഹൈൽ തൊട്ടയൽപക്കത്തുള്ള ബന്ധുവീട്ടിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി. അസ്മയ്ക്കും തന്റെ മറ്റേ മകനുമൊപ്പം അഹ്മദ് അവിടെ നിന്നു, ഇരുപത് മിനിറ്റ് കഴിഞ്ഞ് സുഹൈൽ തിരിച്ചുവരുന്നത് വരെ അവർക്ക് സമാധാനമുണ്ടായിരുന്നില്ല. ആൾക്കൂട്ടം എന്താണ് ചെയ്യുന്നതെന്നറിയാൻ അദ്ദേഹം പുറത്തേക്കൊന്ന് പാളി നോക്കി.

അഹ്മദിന്റെ വീട്ടിൽ നിന്ന് മിനിറ്റുകൾ മാറി അഴുക്കുചാലിനരികെയുള്ള ഒരു പാലത്തിൽ നാല് റോഡ് കൂടുന്നിടത്ത് ആൾക്കൂട്ടം ചെന്നു നിന്നു. അവരവിടെ ബാരിക്കേഡുകളും വലിയ സ്പീക്കറുകളും കൊണ്ടു വെച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അനുകൂലിച്ചും പ്രതികൂലിച്ചും പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു നിയമത്തിന് പിന്തുണ അറിയിക്കാനായിരുന്നു പ്രസ്തുത ആൾക്കൂട്ടം അവിടെ കൂടിയിരുന്നത്. മുസ്‌ലിങ്ങളല്ലാത്ത സൗത്തേഷ്യയിലെ മർദ്ദിത മത ന്യൂനപക്ഷങ്ങൾക്ക് എളുപ്പത്തിൽ ഇന്ത്യൻ പൗരന്മാരാവാൻ അവസരമൊരുക്കുന്ന പൗരത്വ ഭേദഗതി നിയമമായിരുന്നു അത്. ദേശീയ പൗരത്വ പട്ടിക കൂടി ഇതിനൊപ്പം ചേരുമ്പോൾ ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുമെന്ന് ധാരാളം നിയമ വിമർശകർ ഇതേപ്പറ്റി ആശങ്ക രേഖപ്പെടുത്തിയിരുന്നു. വിശ്വാസത്തിനതീതമായി എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്ന രാജ്യത്തിന്റെ മൗലിക തത്വത്തെ ഇല്ലാതാക്കാനുള്ള ഭരണകക്ഷിയായ ബി.ജെ.പിയുടെ നിർലജ്ജമായ ചെയ്തിയായി കണ്ട് ഇന്ത്യയിലെ ലിബറലുകളും ഇടതുപക്ഷവും നിയമത്തിനെതിരെ പ്രതിഷേധമുയർത്തി.

2019 ഡിസംബർ മാസത്തിനും 2020 ഫെബ്രുവരി മാസത്തിനുമിടയിൽ 600 ഓളം സമരങ്ങൾ ഇന്ത്യയിലൊട്ടുക്കും ഈ നിയമത്തിനെതിരെ അരങ്ങേറി. പലയിടത്തും രോഷാകുലരായി പോലീസ് പ്രതിഷേധക്കാരോട് പെരുമാറി. സമരക്കാരെ പോലീസ് വളയുകയും മർദ്ദിക്കുകയും, ഒരിടത്ത് പോലീസ് നോക്കിനിൽക്കേ ഒരു തീവ്രവാദി സമരക്കാർക്ക് നേരെ നിറയൊഴിക്കുകയും ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നു. നിയമ പാലകരാവേണ്ടതിന് പകരം ബി.ജെ.പി ഭരണകൂടത്തിന്റെ മതകീയ ദേശീയതയെ നടപ്പിലാക്കുന്നവരായി പോലീസിനെ സമരക്കാർ കണ്ടു.

പുതിയ നിയമത്തിനെതിരെയുള്ള സമരങ്ങൾ ശക്തമായിക്കൊണ്ടിരുന്നിട്ടും പ്രശ്നങ്ങൾ ശാന്തമാക്കാൻ നരേന്ദ്രമോദിയുടെ പാർട്ടി അംഗങ്ങൾ ഒന്നും തന്നെ ചെയ്തില്ല. ജനുവരി 3-ാം തിയ്യതി ഒരു ഭരണകൂടാംഗം ഹിന്ദുക്കൾ 80 ശതമാനവും മുസ്‌ലിങ്ങൾ ആകെ 20 ശതമാനവും മാത്രവുമാണെന്ന് മുസ്‌ലിങ്ങളെ താക്കീത് ചെയ്തു സംസാരിച്ചു. രണ്ടാഴ്ച്ചകൾക്ക് ശേഷം, ഡൽഹിയിലെ ഒരു ഇലക്ഷൻ റാലിയിൽ മന്ത്രിയായ അനുരാഗ് ഠാക്കൂർ ‘ചതിയന്മാരെ വെടിവെച്ചിടൂ’ എന്ന മുദ്രാവാക്യത്തോടെ ആൾക്കൂട്ടത്തെ അണിനിരത്തി. അഹ്മദിന്റെ വീടിനരികിലൂടെ പ്രസ്തുത ആൾക്കൂട്ടം കടന്നു പോയതിന്റെ തലേദിവസം ഫെബ്രുവരി 23-ന് കിഴക്കൻ ഡൽഹിയിലെ ബി.ജെ.പി നേതാവ് കപിൽ മിശ്ര, ഭഗീരഥി വീഹാറിൽ നിന്ന് അത്രയൊന്നും അകലെയല്ലാത്ത ജാഫറാബാദിലെ പൗരത്വ നിയമ വിരുദ്ധ സമരക്കാരെ എത്രയും പെട്ടെന്ന് ഒഴിപ്പിച്ചില്ലെങ്കിൽ താനും തന്റെ അനുയായികളും തെരുവ് കീഴടക്കി അത് ചെയ്യുമെന്ന് പോലീസിനോട് പറഞ്ഞു. ആ സമയത്ത് മിശ്രക്കരികിൽ ഒരു ബോഡിഗാർഡിനെ പോലെ നിന്നിരുന്നത് കിഴക്കൻ ഡൽഹി ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. ഇന്ത്യയുടെ വർഗീയ കലാപത്തിന്റെ ഭീകരമായ ചരിത്രം പരിചയമുള്ളവർക്ക് അടുത്തതായി എന്ത് സംഭവിക്കുമെന്ന കാര്യം വ്യക്തമായിരുന്നു.

II

മതവും ദേശീയതയും വിഷലിപ്തമായ രീതിയിൽ കൂട്ടിക്കലർത്തിയതായിരുന്നു ഭഗീരഥി വീഹാറിലെ പാലത്തിൽ വെച്ച് നടന്ന പ്രസംഗങ്ങളുടെ ഉള്ളടക്കം. വൈകുന്നേരമായപ്പോഴേക്കും ആൾക്കൂട്ടത്തിനൊരു വന്യസ്വഭാവം കൈവന്നിരുന്നു. “ചേലാകർമ്മം ചെയ്തവരെ ഇവിടെ നിന്ന് ഓടിക്കൂ”, “അവരുടെ വീടുകൾക്ക് തീയിടൂ” തുടങ്ങിയ മുദ്രാവാക്യങ്ങളും ഏറ്റവും ഒടുവിൽ “മുല്ലകളെ കൊല്ലൂ” എന്ന ആക്രോശവും ഉണ്ടായി. അഹ്മദ് വീട്ടിലേക്ക് ഓടി, ഷട്ടറുകൾ താഴ്ത്തി ഡോറുകൾ ലോക്ക് ചെയ്തു. രാത്രിയായപ്പോൾ ആൾക്കൂട്ടം ചെറുസംഘങ്ങളായ് തിരിഞ്ഞ് ഭഗീരഥി വീഹാറിന്റെ കവലകളിലൂടെ റോന്തു ചുറ്റാൻ തുടങ്ങിയതായി പിന്നീട് പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. തൊലിനിറവും മൂക്കും താടിയും തൊപ്പിയും നോക്കി മുസ്‌ലിങ്ങളാണെന്ന് തോന്നുന്നവരിൽ നിന്നൊക്കെ ഇവർ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. എന്തെങ്കിലും സംശയം തോന്നിയാൽ ഉറപ്പു വരുത്താൻ വേണ്ടി അവരോട് പാന്റ് അഴിച്ച് കാണിക്കാൻ ആജ്ഞാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ജനലിലൂടെ പുറത്തേക്ക് ഏന്തി നോക്കിയപ്പോൾ അടികൊണ്ട് തളർന്നവരെയും ആൾക്കൂട്ടത്തിന്റെ അടിയും ചവിട്ടും ഏൽക്കാതെ തങ്ങളുടെ തലകൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും അഹ്മദ് കണ്ടു. അഹ്മദിനോട് തിരിച്ചു വരാൻ മകൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് അതൊക്കെ കാണണമെന്നായിരുന്നു.

സൂര്യോദയത്തിന് ശേഷം മണിക്കൂറുകൾ മാത്രം കഴിഞ്ഞതേയുള്ളൂ, തന്റെ ജനലിനരികിൽ നിന്ന് അഹ്മദ് ഒരു ബഹളം കേട്ടു. നോക്കിയപ്പോൾ കലാപകാരികളിൽ ചിലർ തന്റെ അയൽക്കാരന്റെ വീട് പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ആ വീട് ഒന്നടങ്കം അവർ കാലിയാക്കി, എന്തിനേറെ പറയുന്നു, സീലിംഗ് ഫാൻ പോലും ഊരിയെടുത്ത് കൊണ്ടുപോയി. ഒളിച്ചിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന യാഥാർത്ഥ്യം അഹ്മദ് തിരിച്ചറിഞ്ഞു. ഓരോ മുസ്‌ലിം വീടുകളും എവിടെയൊക്കെ ആണെന്ന് ആൾക്കൂട്ടത്തിന് അറിയാമായിരുന്നു. ജനലിലൂടെ അവരുമായി സംവദിക്കാൻ അഹ്മദ് ശ്രമിച്ചു നോക്കി. ജനൽ വഴി കല്ലുകളും ഇരുമ്പ് ദണ്ഡുകളും കൊണ്ടാണ് അവർ പ്രതികരിച്ചത്. അതിലൊരു ഇരുമ്പ് ദണ്ഡ് അസ്മക്ക് കൊണ്ടു.

ഉടനെ, നാല്പതോളം ആളുകൾ അദ്ദേഹത്തിന്റെ വാതിലിൽ മുട്ടുകയും ഷട്ടർ പൊളിച്ച് അകത്തു കടക്കുകയും ചെയ്തതായി അഹ്മദ് പറയുന്നു. അഹ്മദും അസ്മയും കുട്ടികളും റൂഫ് ടോപ്പിലേക്ക് ഓടിക്കയറി പിന്നിലെ ഗേറ്റ് ക്ലോസ് ചെയ്തു. താഴെ വീടിനകത്ത് സൂക്ഷിച്ചിരുന്ന അഹ്മദിന്റെ ബൈക്ക്, വിതരണത്തിനായി വെച്ചിരുന്ന ചാക്ക് കണക്കിന് വസ്ത്രങ്ങളോടൊപ്പം ആൾക്കൂട്ടം പുറത്തേക്ക് വലിച്ചിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. ശേഷം അവർ റൂഫിലേക്ക് ഇരച്ചുകയറുകയും അവിടെയുള്ള ഗെയ്റ്റ് അടിച്ചു തുറക്കാൻ ശ്രമിക്കുകയും ചെയ്തു.

അഹ്മദ് ആകെ പരിഭ്രാന്തിയിലായി. തനിക്ക് നന്നായി അറിയാവുന്ന ചിലരുൾപ്പെടെയുള്ള ആളുകൾ സമീപത്തുള്ള റൂഫുകളിൽ നിന്ന് ഈ കാഴ്ച കണ്ടുകൊണ്ടിരിക്കുകയും കല്ലെറിയുകയും ചെയ്യുന്ന കാര്യം അഹ്മദിന് അത്ര ധാരണയുണ്ടായിരുന്നില്ല. അയാൾ അസ്മയെ കൈപിടിച്ച് മേൽക്കൂരയുടെ ഭിത്തിക്ക് മുകളിലൂടെ ഒരു കൈകൊണ്ട് അവളെ അടുത്തുള്ള വീടിന്റെ മുകളിലേക്ക് ഇറങ്ങാൻ സഹായിക്കുകയും ചെയ്തു. പക്ഷേ ആ വീടിന്റെ റൂഫ് സുരക്ഷിതമായി ചാടിയിറങ്ങാൻ കഴിയുന്നതിനേക്കാളും താഴ്ച്ച ഉള്ളതായിരുന്നു, അങ്ങനെ ആ റൂഫിനു മുകളിൽ അവർ തൂങ്ങി നിന്നു. ഇതു കണ്ട വീട്ടുടമ പൊടുന്നനെ ഒരു ഏണി എടുത്ത് അസ്മയെ രക്ഷിക്കുകയും ചെയ്തു. പിന്നാലെ അഹ്മദും മകനും വന്നു. ആ അയൽക്കാരന് അവരെ അവിടെ താമസിപ്പിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല, അഹ്മദാണെങ്കിൽ അവരുടെ സംരക്ഷണം ചോദിച്ചതുമില്ല. അവരങ്ങനെ വീണ്ടും മേൽക്കൂരകളിലൂടെ ഓടി അടുത്തൊരു തെരുവിൽ അള്ളിപ്പിടിച്ചിറങ്ങി ഹിന്ദുവായ ഒരു അടുത്ത സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറി. ആ സുഹൃത്ത് അവരെ ജാലകത്തിന് സമീപത്ത് നിന്നൊക്കെ മാറി വീടിന്റെ ഉള്ളിലേക്ക് കൊണ്ടു പോവുകയും ചായ കൊടുക്കുകയും ചെയ്തു. അവിടെ എത്തിയപ്പോളാണ് അവർക്ക് ശ്വാസം നേരെ വീഴുകയും ഒന്ന് കരയുകയും ചെയ്തത്.

ഈ ഭ്രാന്ത് ഒന്ന് അടങ്ങിക്കിട്ടാൻ മണിക്കൂറുകളോളം ആ കുടുംബം കാത്തുനിന്നു. ഒടുവിൽ ഉച്ച തിരിഞ്ഞ് ഏതോ സമയമായപ്പോഴേക്കും കലാപകാരികളൊക്കെ തിരിച്ചു പോയി എല്ലാം നിശബ്ദമായിരുന്നു. അഹ്മദ് പുറത്തേക്ക് നോക്കിയപ്പോൾ രണ്ട് പോലീസുകാരെ കാണാനിടയായി. അതൊരു തുറവിയായിരുന്നു. പക്ഷേ അഹ്മദും കുടുംബവും പുറത്തിറങ്ങിയപ്പോഴേക്കും പോലീസ് പോയിരുന്നു. 30-40 പേരടങ്ങുന്ന ഒരു കൂട്ടം ആളുകൾ അവരെ തിരിച്ചറിഞ്ഞ് ഓടിയടുത്തു. ആ കുടുംബം പേടിച്ചരണ്ട് ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു. “ഞങ്ങളെ വിടൂ,” അഹ്മദ് അത്ഭുതം വല്ലതും സംഭവിച്ചാലോ എന്ന പ്രതീക്ഷയിൽ അവരോട് കെഞ്ചി.

അദ്ദേഹത്തെ അത്ഭുതപ്പെടുത്തി കൊണ്ട്, ഒരിക്കൽ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഒരു മനുഷ്യൻ ആൾക്കൂട്ടത്തിനിടയ്ക്ക് നിന്ന് മുന്നോട്ട് വന്നു. “ഒരാളും ഇവരെ തൊട്ടുപോകരുതെന്നും തൊട്ടാൽ കൊന്നുകളയുമെന്നും അദ്ദേഹം ആക്രോശിച്ചു,” അഹ്മദ് പറഞ്ഞു. സമീപത്തെ വീടുകളിൽ നിന്ന് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ഹിന്ദുക്കൾ പുറത്തിറങ്ങി വരികയും കുടുംബത്തിന് ചുറ്റും കൂടിനിന്ന് കലാപകാരികളിൽ നിന്ന് അവർക്ക് സംരക്ഷണം തീർത്തു. അവരാ കുടുംബത്തെ ഭഗീരഥി വീഹാറിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുകയും ഒരു പോലീസുകാരന്റടുക്കൽ അവരെ വിടുകയും ചെയ്തു.

“അതിനു ശേഷം ഞങ്ങളെന്താ ചെയ്തത്? ഞങ്ങളോടി,” അഹ്മദ് പറഞ്ഞു. “വീടൊന്ന് നോക്കാൻ പോലും ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല.” അദ്ദേഹത്തിന് പരിചയമുള്ള ആ മനുഷ്യൻ രക്ഷിക്കാൻ തുനിഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതദ്ദേഹത്തിന് പിടി കിട്ടിയിരുന്നില്ല. ആ ദിവസത്തെ കുറിച്ചൊന്നും തന്നെ അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല.

III

2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിൽ 53 ആളുകൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റ നൂറു കണക്കിന് ആളുകളുടെ ശരീരം വിദ്വേഷത്തിന്റെ തെളിവാണ്; ഒരു യുവാവിന് അരക്കെട്ടിൽ വെടിയേൽക്കുകയും, ഒരു പള്ളി ഇമാമിനെ ആസിഡ് ഉപയോഗിച്ച് അന്ധനാക്കുകയും ചെയ്തു. ഞാൻ സംസാരിച്ച മുസ്‌ലിം സാക്ഷികൾ പ്രസ്തുത കലാപങ്ങൾ യഥാർത്ഥത്തിൽ ഒരു വംശഹത്യ ആയിരുന്നുവെന്നാണ് പറയുന്നത്. കൊല്ലപ്പെട്ട 53-ൽ 40 പേരും മുസ്‌ലിങ്ങളായിരുന്നു. അതുപോലെ, ഡൽഹി പോലീസിന്റെ ഒരു സത്യവാങ്മൂലം വെളിപ്പെടുത്തിയതു പോലെ തകർപ്പെട്ട കടകളിൽ ഹിന്ദു ഉടമസ്ഥതയിലുള്ള കടകളേക്കാൾ നാലു മടങ്ങ് അധികമായിരുന്നു മുസ്‌ലിം ഉടമസ്ഥതയിലുള്ളവ. പരിക്കു പറ്റിയ മുസ്‌ലിങ്ങളെ കലാപത്തിന്റെ പഴി ചാരിക്കൊണ്ട് ഹോസ്പിറ്റൽ അധികാരികൾ ഓടിച്ചുവിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അവസാനം അക്രമങ്ങൾ കെട്ടടങ്ങി ആഴ്ചകൾക്ക് ശേഷം ഡൽഹിയിലെ അഴുക്കു ചാൽ വൃത്തിയാക്കുന്ന ജോലിക്കാർ പാവ കണക്കെ വീർത്തു പൊന്തിയ മൃതദേഹങ്ങൾ കണ്ടെടുത്തു.

മോദിയുടെ ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള, മുസ്‌ലിങ്ങൾ രണ്ട് ശതമാനം മാത്രമുള്ള ലോക്കൽ പോലീസ്, അക്രമങ്ങൾ അരങ്ങേറുന്ന ദിവസങ്ങളിലത്രയും ഒന്നുകിൽ അസന്നിഹിതരോ അല്ലെങ്കിൽ നിഷ്ക്രിയരോ ആയിരുന്നുവെന്നാണ് അസംഖ്യം വരുന്ന സാക്ഷികൾ മാധ്യമ പ്രവർത്തകരോടും ജഡ്ജിമാരോടും വസ്തുതാന്വേഷണ സംഘങ്ങളോടും പിന്നീട് പറഞ്ഞത്. ചില സന്ദർഭങ്ങളിൽ പോലീസ് തന്നെ മുസ്‌ലിങ്ങളെ അടിക്കുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഈ സാക്ഷികൾ പകർത്തുക വരെയുണ്ടായി. (ഇത്തരം മുസ്‌ലിം വിരുദ്ധ മുൻവിധികളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ഡൽഹി പോലീസ് തള്ളിക്കളയുകയും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയാവുന്നതൊക്കെ അവർ ചെയ്തതായും പറഞ്ഞിട്ടുണ്ട്. 2020 മാർച്ചിൽ പാർലിമെന്റിൽ സംസാരിക്കവേ ‘സ്തുത്യർഹമായ’ പ്രവർത്തനമാണ് ചെയതതെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാഹ് അവരെ പ്രശംസിച്ചിരുന്നു.)

2021 ഒക്ടോബർ മാസത്തിൽ കോവിഡ് പടർന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ മുൻ വർഷത്തെ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച ആളുകളെ കാണാൻ ഞാൻ ഡൽഹിയിലേക്ക് യാത്ര ചെയ്തു. കലാപം നടക്കുന്ന സമയത്ത് വളരെ സാഹസികമായി ജോലിചെയ്ത ഒരു ഫോട്ടോ ജേണലിസ്റ്റ് മുസ്തഫാബാദിലെ ഒരു ചാരിറ്റബിൾ ഹോസ്പിറ്റലിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോവുകയും അവിടെ ഉത്തരവാദിത്വത്തിലുണ്ടായിരുന്ന ഡോക്ടറുമായി അഭിമുഖം നടത്തുകയും ചെയ്തു. പണിതീരാത്ത ഒരു കെട്ടിടമായിരുന്നു അത്, പണി സാധനങ്ങളോടൊപ്പം രോഗികൾ ബെഡുകളിൽ കിടക്കുന്നു. 2020-ലെ കലാപങ്ങൾക്ക് ശേഷമുള്ള ദിനങ്ങളിൽ അടികൊണ്ടവരും കുത്തേറ്റവരും വെടികൊണ്ടവരുമായ ആളുകളാൽ ആശുപത്രി നിറഞ്ഞിരുന്നു. ആ സമയത്ത് താൻ ശുശ്രൂഷിച്ച മുറിവുകളുടെ ഫോട്ടോ ഡോക്ടർ സൂക്ഷിച്ചിരുന്നു. “ഒരാളെ തന്നെ പലതവണ കുത്തുക എന്ന് പറഞ്ഞാൽ?” പ്രതീക്ഷാ രഹിതമായ ഒരു മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കുറച്ച് നേരം സംസാരിച്ചതിന് ശേഷം, വീട് അഗ്നിക്കിരയാക്കപ്പെട്ട ഒരാളെ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം വളരെ ധീരനായിരുന്നുവെന്നും അതൊക്കെ ഈയിടെയായി പരീക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു. കോടതിയിൽ മൊഴി കൊടുത്ത് കൊടുത്ത് ആകെ അവശനായിരുന്നു അദ്ദേഹം. നിസാർ അഹ്മദ് ആയിരുന്നു ആ മുഷ്യൻ.

അരമണിക്കൂർ കഴിഞ്ഞപ്പോൾ അഹ്മദ് വന്നു. മെലിഞ്ഞ്, തിളങ്ങുന്ന തല മുടിയോടു കൂടി, ഒരു വെളുത്ത സൽവാർ ധരിച്ചായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ചൊവ്വായ ചുമലുകളാണ് അദ്ദേഹത്തിന്റേതെങ്കിലും, താൻ വഹിക്കുന്ന ഭാരങ്ങൾ ശാരീരികമായി താങ്ങാൻ കഴിയാത്തതെന്ന പോലെ അല്പം വളഞ്ഞായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്. മൂക്കിന്റെ തുമ്പത്തായിരുന്നു അദ്ദേഹത്തിന്റെ കണ്ണടയുണ്ടായിരുന്നത്. ഒരു നല്ല വായനക്കാരനാണ് അദ്ദേഹമെന്നത് ഞാൻ ശ്രദ്ധിച്ചു. ഡോക്ടർ കലാപങ്ങളെ കുറിച്ച് സംസാരിച്ച് തീരുന്നതും കാത്ത് അഹ്മദ് ക്ഷമയോടെ കാത്തു നിന്നു. ഡോക്ടർ അവസാനിപ്പിച്ചപ്പോൾ അഹ്മദ് എന്നോട് അദ്ദേഹത്തിന്റെ കഥ പറഞ്ഞു.

1984-ൽ ഒരു സിഖ് സുരക്ഷാ ഉദ്യോഗസ്ഥൻ ഇന്ദിരാഗാന്ധിയെ കൊല ചെയ്യുകയും ശേഷം അവരുടെ അനുയായികൾ കണ്ണിൽകാണുന്ന എല്ലാ സിഖുകാരെയും കൊല്ലുകയും ചെയ്ത സംഭവത്തിന് തൊട്ടുടനെ തന്നെ അദ്ദേഹം ഡൽഹിയിലേക്ക് കുടിയേറിയിരുന്നു. ഇന്ത്യയിലെ  മറ്റേത് മാസ് വയലൻസും പോലെ ഇതും കേവല ഓർമ്മയും രണ്ട് അക്കങ്ങളുമായി ചുരുങ്ങിയിരുന്നു; മരിച്ചവരെ കുറിച്ചുള്ള ഗവണ്മെന്റിന്റെ ഒരു കണക്കും, അനൗദ്യോഗികമായ, കുറഞ്ഞത് 2,700, മുതൽ യഥാക്രമം 8,000 നും 17,000 നും ഇടയിലും ആയിരുന്നു അത്. അഹ്മദ് തുന്നൽ പഠിച്ച ഫാക്ടറിയിലെ ആ ആക്രമണങ്ങൾക്ക് സാക്ഷികളായ ആളുകൾ തങ്ങൾ കണ്ട, മറക്കാൻ കഴിയാത്ത കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ ഓർമ്മകളൊന്നും തന്റേതല്ലാത്തതിനാൽ നിസ്സംഗമായി ആയിരുന്നു അഹ്മദ് വർഷങ്ങളോളം ഈ കഥകൾ ഓർത്തെടുത്തിരുന്നത്. 36 വർഷങ്ങൾക്കിപ്പുറം ഒരു കൂട്ടം മനുഷ്യർ തന്നെയും കുടുംബത്തെയും കൊല്ലാൻ ശ്രമിക്കുകയും ജീവിതകാലം മുഴുവൻ കഴിയാൻ ആവശ്യമായ  സ്വത്തുക്കൾ അവർ കത്തിക്കുകയും ചെയ്തപ്പോൾ മാത്രമാണ് അദ്ദേഹത്തിന് അതൊക്കെ മനസ്സിലായി തുടങ്ങിയത്.

IV

വീടു വിട്ടിറങ്ങി ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു പേജിന്റെ ഇരപുറങ്ങളിലായി എഴുതിയ ഒരു പരാതിയുമായി അഹ്മദ് സമീപത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പോയി. കലാപത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന ഒരു റിലീഫ് പ്രോഗ്രാമും അടുത്തിടെ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം മുതിർന്നവർ കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് 1 മില്ല്യൺ രൂപ ലഭിക്കും. സ്വത്തുവകകൾ തകർക്കപ്പെട്ടവർക്കും കൊള്ളയടിക്കപ്പെട്ടവർക്കുമുള്ള നഷ്ടപരിഹാരവും അതിലുണ്ടായിരുന്നു. തട്ടിപ്പുകാരെ ഒഴിവാക്കാനുള്ള നടപടിയെന്നോണം, പോലീസിൽ പരാതി കൊടുത്ത ഇരകൾക്ക് മാത്രമേ നഷ്ടപരിഹാരത്തിന് യോഗ്യത ലഭിക്കുമായിരുന്നുള്ളൂ.

എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന രേഖകളും നഷ്ടപ്പെട്ട വസ്തുക്കളുടെ ലിസ്റ്റും ആൾക്കൂട്ടത്തിൽ തിരിച്ചറിഞ്ഞ ആളുകളുടെ പേരും ഒക്കെ അടങ്ങിയ രേഖകൾ അഹ്മദ് മുറപ്രകാരം ഓഫീസർമാർക്ക് കൈമാറി. പക്ഷേ പേരുകളൊന്നുമില്ലാതെ പരാതി അല്പം ചെറുതാക്കാൻ പോലീസ് ആവശ്യപ്പെട്ടു. “പേരുകൾ നമുക്ക് പിന്നീട് എപ്പോൾ വേണമെങ്കിലും ചേർക്കാം” എന്ന് അവർ ഉറപ്പ് തന്നതായി അദ്ദേഹം പറഞ്ഞു.

പണം അഹ്മദിന് ആവശ്യമുണ്ടായിരുന്നു. 3 മില്ല്യണിനടുത്ത് രൂപ മൂല്യം വരുന്ന സ്വത്തുക്കൾ അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ അദ്ദഹം നിർത്തി. കുറ്റവാളികളുടെ പേര് നൽകുന്നതിൽ പരാജയപ്പെടുക എന്നാൽ കലാപം യാതൊരു ഉത്തരാവാദികളും ഇല്ലാതെ പ്രകൃതിദുരന്തം കണക്കെ സ്വാഭാവികമായി സംഭവിച്ചതാണെന്ന് നടിക്കുന്നതിന് തുല്യമാണ്. പീന്നീട് അവരുടെ പേര് ചേർക്കുമോ എന്ന് ആർക്കറിയാം? അദ്ദേഹത്തിന്റെ മനസ്സാക്ഷി അതിനനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇങ്ങനെ രേഖപ്പെടുത്തപ്പെടുന്നതിൽ എതിർപ്പ് നേരിടേണ്ടി വന്ന അനേകം അനുഭവങ്ങളിൽ ആദ്യത്തേതായിരുന്നു അത്. മൊഴി കൊടുക്കാൻ തയ്യാറായ ചുരുക്കം ചില സാക്ഷികളിൽ ഒരാളെന്ന നിലയിൽ ഒന്നിലധികം കേസുകളുമായി ബന്ധപ്പെട്ട് പോലീസുമായി സംസാരിക്കാൻ അഹ്മദിന് നിരന്തരം സമൻസ് അയച്ചിരുന്നു. എന്നിരുന്നാലും, പല അവസരങ്ങളിലായി ഭാവിയിലെ ഏതൊരന്വേഷണത്തിനും അടിസ്ഥാനമാകുന്ന രേഖയായ എഫ്.ഐ.ആറിൽ സംഭവങ്ങളുടെ പൂർണ്ണമായ വിവരണം പോലീസിനെ കൊണ്ട് എഴുതിപ്പിക്കാൻ അദ്ദേഹം പാടുപെടുമായിരുന്നു. പേരുകളോ വസ്തുതകളോ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ശ്രദ്ധിച്ചു. “പോലീസിന്റെ ജോലി വളരെ അയഞ്ഞ രീതിയിലാണ്,” അദ്ദേഹം പറഞ്ഞു. ഒരു കേസിൽ, അനേകം പ്രതികളും ഇരകളും ഉൾപ്പെട്ട രണ്ട് ഡസനിലധികം പരാതികൾ പോലീസ് ഒറ്റ എഫ്‌ഐആറാക്കി മാറ്റി. ഇവയിൽ ചില കേസുകൾ പരിശോധിച്ച ജഡ്ജി “അടിസ്ഥാനപരമായി ആരോപിതരെ സഹായിക്കാൻ വേണ്ടി” എന്നാണ് നിരീക്ഷിച്ചത്.

പോലീസിന് തെളിവുകൾ സമർപ്പിച്ച ഘട്ടത്തിൽ മാത്രമല്ല അഹ്മദ് സമ്മർദ്ദത്തിലായത്. ഒരു പ്രാദേശിക ബി.ജെ.പി ലോക്കൽ കൗൺസിലർ അദ്ദേഹത്തെ വിളിക്കുകയും കലാപത്തിൽ പങ്കെടുത്തവരെന്ന നിലയിൽ തന്റെ പരിചയക്കാരിൽ ആരുടെയെങ്കിലും പേര് നൽകിയിട്ടുണ്ടോയെന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. കലാപത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം, ഫോൻസിക് ടീമിനോടൊപ്പം സംഭവിച്ച നഷ്ടങ്ങൾ അളക്കാൻ വേണ്ടി തന്റെ പഴയ വീട്ടിലേക്ക് പോയിരുന്നു, അവിടെ വെച്ച് അദ്ദേഹം കലാപത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് പേര് നൽകിയ മറ്റൊരാളുടെ ബന്ധു അദ്ദഹത്തെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. മറ്റുള്ളവർ തങ്ങളുടെ പേര് കൊടുത്തിട്ടുണ്ടോ അല്ലെങ്കിൽ താങ്കളുടെ മനസ്സ് മാറിയിട്ടുണ്ടോ എന്നൊക്കെ അറിയാനായി അദ്ദേഹത്തെ വളഞ്ഞു. 2020 മെയ് മാസത്തിൽ താൻ സുരക്ഷിതനല്ലെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. പക്ഷേ അവരത് അവഗണിച്ചു. അഹ്മദിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ഒരു ജഡ്ജി ഉത്തരവിടുന്നതിന് ഒരു വർഷം വേണ്ടി വന്നു.

ഇന്ത്യയിൽ സാക്ഷികളായി മുന്നോട്ടു വരിക എന്നു പറഞ്ഞാൽ അങ്ങേയറ്റം ധീരത ആവശ്യമുള്ള ഭ്രാന്തമായ ഒരു പ്രവർത്തിയാണ്, കാരണം സാക്ഷികൾ തന്നെ വിചാരണ നേരിടുന്നവരാണ് ഇവിടെ. 2009-ൽ ജി.എസ് ബാജ്പേയി എന്ന പ്രൊഫസർ ഇന്ത്യയിലെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ ക്രോഡീകരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. മോഷണം, വധശ്രമം, ബലാത്സംഗം തുടങ്ങി വ്യത്യസ്ത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 798 സാക്ഷികളെയാണ് അദ്ദേഹത്തിന്റെ ഗവേഷകർ അഭിമുഖം ചെയ്തത്. നിലവിലുണ്ടായിരുന്ന സംശയങ്ങൾക്ക് സംഖ്യാപരമായി പിൻബലം നൽകുന്നതായിരുന്നു ഈ റിപ്പോർട്ട്. മൊഴി കൊടുക്കന്നതിന് വേണ്ടി ആറു തവണയിൽ കൂടുതലെങ്കിലും കോടതി കയറിയിറങ്ങേണ്ടി വരുമെന്നും ദരിദ്രരായ മൂന്നിൽ രണ്ട് ഭാഗം സാക്ഷികൾക്കും ഉപദ്രവങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. സാക്ഷികളിൽ കാൽ ഭാഗം പേരും പോലീസിന്റെ ഉപദ്രവം ഭയക്കുന്നവരാണെന്നും, മൂന്നിൽ രണ്ട് ഭാഗം പേരും പോലീസ് കുറ്റാരോപിതരുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന് കരുതുകയും ചെയ്യുന്നു. ഇന്ത്യയിൽ സാക്ഷിയാവുക എന്ന് പറഞ്ഞാൽ ഏറെ അപകടം പിടിച്ച സംഗതിയാണ്. ഇന്ത്യയിലെ ദുർഘടം പിടിച്ച നിയമവ്യവസ്ഥിതിയിലൂടെ കടന്നു പോയി അവർ നൽകുന്ന മൊഴി നീതിയിൽ കലാശിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല.

അപ്പോഴും ഒരു കോടതിയുടെ മുമ്പാകെ തന്റെ രാജ്യത്തെ കുറിച്ച് ഇപ്പോൾ തനിക്കറിയാവുന്ന കാര്യങ്ങളെ വിശദീകരിക്കുന്ന രംഗം അഹ്മദ് സ്വപ്നം കണ്ടു, അഥവാ ഇന്ത്യയുടെ നാഡീ ഞരമ്പുകളിൽ ഒരു വിഷം പടർന്നിരിക്കുന്നുവെന്ന കാര്യം. കക്കാനും കൊല്ലാനും ശേഷിയുള്ള ആളുകളെയാണ് തന്റെ അയൽക്കാർ വളർത്തിയതെന്ന് അറിഞ്ഞപ്പോൾ അഹ്മദ് നടുങ്ങിപ്പോയിരുന്നു. “എല്ലാവരും, എനിക്ക് പരിചയമുള്ളവർ പോലും, ചെറിയ രീതിയിൽ മാറിത്തുടങ്ങിയിരുന്നു,” ഒരിക്കൽ അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തിന് വാട്സപ്പിൽ അയക്കുന്ന വീഡിയോ ക്ലിപ്പുകൾ എത്രത്തോളമാണ് അദ്ദേഹത്തിന്റെ ഈ വീക്ഷണത്തെ രൂപപ്പെടുത്തിയതെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഞങ്ങളുടെ സംസാരത്തിനിടക്കുള്ള ഇടവേളകളിൽ അവയൊക്കെ അദ്ദേഹം സ്ക്രോൾ ചെയ്ത് കാണുമായിരുന്നു. മുസ്‌ലിങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രഭാഷണങ്ങളുടെയും മുസ്‌ലിം വീടുകൾ തകർക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങളായിരുന്നു അവ. വാക്കുകൾ കൊണ്ട് പറ്റാതെ വരുമ്പോൾ നോട്ടങ്ങൾ കൈമാറുന്ന തരത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു ആ വീഡിയോസ്. ഇത്തരം വീഡിയോകൾക്കൊപ്പം മെസേജുകളും ഫോർവേഡ് ചെയ്യപ്പെടും. ഉദാഹരണത്തിന്, “സാക്ഷികൾ ആവശ്യമില്ലാത്തതാണ് നീതിയുടെ യുഗം”.

ആദ്യമായി ഞാൻ അഹ്മദിനെ കണ്ട് അര വർഷത്തിന് ശേഷം 2022 ഏപ്രിൽ മാസത്തിന്റെ അവസാനത്തിൽ ഒരു രാവിലെ മുസ്തഫാബാദിലെ പുതിയ വീട്ടിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹം ആകെ നിരുത്സാഹനായിരുന്നു. ലോണെടുത്തായിരുന്നു അദ്ദേഹം തന്റെ ബിസിനസ് പുതുക്കി നിർമ്മിച്ചത്, പക്ഷേ അതൊരിക്കലും പഴയപടിയായിരുന്നില്ല. ഒരു ഫ്ലൂറസെന്റ് ലൈറ്റിന് താഴെയുള്ള ഒരു ഭിത്തിയിൽ അദ്ദേഹം ക്ഷീണത്തോടെ ചാരിയിരുന്നു. “കഴിഞ്ഞ രാത്രി എന്റെ മരുമകൻ ഒരു വീഡിയോ അയച്ചു തന്നു,” ഫോണെനിക്ക് നേരെ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു ദൃഢഗാത്രനായ ആൾ ‘തന്റെ ഹിന്ദൂ സഹോദരീ സഹോദരന്മാരോട്’ ഈദ് ദിനമായ മെയ് രണ്ടാം തിയ്യതിയിലേക്ക് ആസിഡും ആയുധങ്ങളും ശേഖരിച്ച് സ്വയം പ്രതിരോധിക്കാൻ തയ്യാറാകാൻ അഭ്യർത്ഥിക്കുന്ന ചെറിയൊരു വീഡിയോ ക്ലിപ്പായിരുന്നു അത്. “എന്ത് വല്യ കാര്യം!” അഹ്മദ് പറഞ്ഞു, “ആളുകളോട് തോക്കുകൾ തയ്യാറാക്കി വെക്കാൻ പറയുന്നത് വല്യ കാര്യം തന്നെ.” വെറുതേ ഊർജ്ജം പാളാക്കുകയാണ് എന്ന പോലെയായിരുന്നു അദ്ദേഹത്തിന്റ സംസാരം. മുൻപത്തേതിനേക്കാളും മെലിഞ്ഞിരുന്നു അദ്ദേഹം, നടത്തവും വളരെ പതുക്കെ ആയിരിക്കുന്നു. കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടക്ക് അദ്ദേഹത്തിന്റെ പിൻഭാഗത്ത് സംഭവിച്ച ഒരു അപകടം വളരെ മോശമായി മാറിയിരുന്നു, സ്വസ്ഥമായി ഒന്ന് ഇരിക്കാനോ നിൽക്കാനോ പോലും അദ്ദേഹത്തിന് കഴിയുന്നുണ്ടായിരുന്നില്ല.

പിന്നീടുള്ള ആഴ്ചകളിലും മാസങ്ങളിലുമായി രാത്രിയും പകലും അദ്ദേഹം എനിക്ക് മെസേജയച്ചു കൊണ്ടിരുന്നു. “ഭായ്, ഈ രാജ്യം ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടി വരും, ആളുകൾ വിശപ്പു കൊണ്ട് മരിക്കുകയാണ്. ഇതിനൊക്കെ പകരം, പരസ്പരം സഹായിച്ച് സമാധാനത്തോടെയും നിയമമനുസരിച്ചും കഴിയുകയാണ് നാം ചെയ്യേണ്ടത്,” അദ്ദേഹം എനിക്കെഴുതി. എല്ലാത്തിലുമുപരി, തന്നോടും തന്നെ പോലുള്ളവരോടുമുള്ള ഈ വിദ്വേഷം എവിടെനിന്നുണ്ടാവുന്നു എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുയായിരുന്നു അദ്ദേഹത്തിന് വേണ്ടത്. ഒരുപക്ഷേ ജഡ്ജിയെങ്കിലും തൃപ്തികരമായ ഉത്തരം നൽകുമെന്ന് അദ്ദേഹം കരുതി.

V

2022 മെയ് മാസത്തിൽ കിഴക്കൻ ഡൽഹിയിലെ കർക്കർഡൂമാ കോടതിയുടെ അഞ്ചാം നിലയിൽ 71-ാം നമ്പർ കോടതി മുറിയിൽ അഹ്മദിനൊപ്പം ഞാനും പോയി. നാഴികകൾക്കിപ്പുറത്ത് നിന്ന് കാണാൻ കഴിയുന്നത്രയും വിശാലമായ കെട്ടിടമായിരുന്നു അത്. അതിന്റെ സമീപം പ്രാദേശിക ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിന് വേണ്ടി പ്രചാരണം നടത്തുന്ന അഭിഭാഷകരുടെ ചിത്രങ്ങളുള്ള സ്റ്റിക്കറുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒമ്പത് മുസ്‌ലിങ്ങളെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് കൊല ചെയ്ത 14 കുറ്റാരോപിതർക്കെതിരെയുള്ള ഡൽഹി ഗവൺമെന്റ് കേസിൽ സാക്ഷി പറയാൻ വിളിപ്പിച്ചതായിരുന്നു അഹ്മദിനെ. രാവിലെ ഒമ്പത് മണിക്ക് അദ്ദേഹം അവിടെ എത്തുകയും നിരായുധനായ ഒരു പോലീസ് കോൺസ്റ്റബിൾ അദ്ദേഹത്തെ സംരക്ഷണാർത്ഥം പിന്തുടരുകയും ചെയ്തു.

ഡൽഹിയുടെ കോടതിക മുറികൾ അഹ്മദിന് വേദനാജനകമായാണെങ്കിലും സുപരിചിതമാണിപ്പോൾ. 2020-ന്റെ അവസാനത്തിൽ കോടതി വാദം കേട്ട് തുടങ്ങിയതു മുതൽ പലതവണ അദ്ദേഹത്തെ വിളിപ്പിച്ചിട്ടുണ്ടെങ്കിലും കാത്തിരിപ്പ് തുടരുകയല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വാദം കേട്ടിരുന്ന ആദ്യത്തെ രണ്ട് ജഡ്ജിമാർ സ്ഥലം മാറി പോയി നിലവിൽ മൂന്നാമത്തെ ജഡ്ജിയാണ് വാദം കേൾക്കുന്നത്, അത്രയും കാലം ഈ പ്രക്രിയ നീണ്ടു നിന്നു. ഡൽഹി പോലീസിന്റെ അന്വേഷണത്തിലെ അലസതയെയും കെടുകാര്യസ്ഥതയെയും പരസ്യമായി വിമർശിച്ച മുൻ ജഡ്ജിമാരിൽ ഒരാളായ വിനോദ് യാദവ് വ്യത്യസ്തനായിരുന്നു. “ഈ വിഷയത്തിൽ നടന്ന അന്വേഷണത്തിന്റെ ന്യായവും കാര്യക്ഷമതയും സംബന്ധിച്ച് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല,” എന്നായിരുന്നു ഒരു കേസിൽ അദ്ദേഹം നടത്തിയ നിരീക്ഷണം. “വളരെ ഖേദകരമായ അവസ്ഥയാണിത്,” കുറ്റാരോപിതരായ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ട ഘട്ടത്തിൽ അദ്ദേഹം എഴുതി. അധികാരികൾക്കെതിരെ നേരിട്ടുള്ള ഇത്തരം വിമർശനങ്ങൾ അപൂർവമായതിനാൽ തന്നെ ഒരു നിയമ വാർത്താ വെബ്സൈറ്റ് ജഡ്ജിയുടെ ഈ വാക്കുകളെ ആഘോഷിച്ചു.

അഹ്മദ് മണിക്കൂറുകൾ കോടതിയിൽ ചെലവിട്ടിട്ടും നിയമ പ്രക്രിയകൾ അദ്ദേഹത്തിന് അന്യവും വിലക്കപ്പെട്ടതുമായി തുടർന്നു. മെയ് മാസത്തിലെ ആ ദിവസം, മുംബൈയിലെ സിനിമകളിൽ വല്ലപ്പോളും ജോലി ചെയ്യുന്ന കുറിയ, ദൃഢഗാത്രനായ സാഗർ എന്ന സുഹൃത്തും അഹ്മദിന്റെ കൂടെ ഒരു ധാർമ്മിക ബലത്തിന് വന്നിരുന്നു. (കോടതിയിൽ വരുന്ന മറ്റ് അവസരങ്ങളിലൊക്കെ വ്യത്യസ്ത സുഹൃത്തുക്കളെ അഹ്മദ് കൂടെ കൂട്ടാറുണ്ടായിരുന്നു. അഞ്ച് തവണ കോടതിയിൽ വന്നതിൽ ഒരു തവണ മാത്രമേ അദ്ദേഹത്തെ ഞാൻ ഒറ്റക്ക് കണ്ടിട്ടുള്ളൂ). ഇപ്പോഴും നിയമ നടപടികൾ നടക്കുന്നതിന്റെ ഇടയിലും അഹ്മദ് എന്നെയോ സാഗറിനോ നോക്കുകയും ചിരിക്കുകയും തലയാട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇത്രയൊക്കെ കാലതാമസമുണ്ടായിട്ടും അഹ്മദ് അപ്പോഴും പ്രതീക്ഷ കൈവിട്ടിരുന്നില്ല. അദ്ദേഹം ചെയ്തുകൂട്ടുന്നതിന്റെ ഒക്കെ മർമ്മം അതായിരുന്നു; കോടതിയിൽ തുടർച്ചയായി ഹാജരായാൽ നിയമം തന്നെ നാണം കെട്ട് പ്രവർത്തിച്ചു തുടങ്ങുമെന്ന തന്റെ ശുഭാപ്തി വിശ്വാസം അദ്ദേഹത്തോട് പറഞ്ഞു. അഥവാ, അടുത്തൊരു വട്ടം കൂടി താക്കോൽ തിരിച്ചാൽ എഞ്ചിൻ സ്റ്റാർട്ടായേക്കാമെന്ന വിശ്വാസം! അഹ്മദ് കേൾക്കാതെ വർഷങ്ങളായി പരിചയമുള്ള സാഗർ എന്നോടിങ്ങനെ പറഞ്ഞു; “അദ്ദേഹത്തേക്കാളും ധീരനായൊരു മനുഷ്യനെ കാണാൻ കഴിയില്ല”.

നന്നേ ചെറിയ കോടതി മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പത്ത് ചുവട് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതാവട്ടെ മുഷിഞ്ഞ പ്ലാസ്റ്റിക്ക് കവർ കൊണ്ട് പൊതിഞ്ഞ കസേരകൾ കൊണ്ട് നിറഞ്ഞിരുന്നു. അതിനകത്ത് പോലീസുകാരും അഭിഭാഷകരും കൂടിയായതോടെ ആകെ നിറഞ്ഞു. മുകളിൽ എയർ കണ്ടീഷന് വേണ്ടിയുള്ള പഴുതുകളുണ്ടായിരുന്നെങ്കിലും എയർ കണ്ടീഷൻ ഉണ്ടായിരുന്നില്ല. തലയ്ക്ക് മുകളിൽ നാല് ഫാനുകൾ പതുക്കെ കറങ്ങിക്കൊണ്ടിരുന്നു. റൂമിന്റെ ഒരു തലക്കലിൽ ക്ലർക്കുമാർ അവരുടെ കമ്പ്യൂട്ടറിൽ രേഖകൾ ശരിയാക്കിക്കൊണ്ടിരുന്നു. അവർക്ക് പിന്നിലായി അല്പം ഉയർന്ന സ്ഥാനത്തായിട്ടായിരുന്നു ജഡ്ജി പുലസ്ത്യ പ്രമാചലയുടെ കസേര. കസേര ഇരിക്കുന്ന ഉയർന്ന സ്ഥാനത്തേക്കാളും അതിനു പിന്നിലായുള്ള അശോക ചിഹ്നവും “സത്യമേവ ജയതേ” എന്ന വാക്കുകളേക്കാളൊക്കെ കസേരയിൽ വിരിച്ചിരിക്കുന്ന വെളുത്ത തുണിയായിരുന്നു അതിനെ എടുത്തു കാണിച്ചിരുന്നത്. 10 മണി കഴിഞ്ഞ് കുറച്ച് മിനിറ്റുകൾ കഴിഞ്ഞ് ജഡ്ജി വന്നപ്പോൾ അഹ്മദ് അദ്ദേഹത്തിന്റെ സീറ്റിൽ നേരെയിരുന്നു. കഷണ്ടിയുള്ള, കണ്ണട വെച്ച, അധികാര സ്വരത്തിൽ മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു പ്രമാചല. പോലീസുകാരെ എത്രത്തോളം കർക്കശമായാണ് അദ്ദേഹം കൈകാര്യം ചെയ്തെന്ന് കണ്ടപ്പോൾ അഹ്മദിന് കുറച്ചൊക്കെ പ്രതീക്ഷ തോന്നി. ‘നല്ല ആളാണല്ലോ ഇദ്ദേഹം?’ എന്ന് പറയുന്ന പോലെ എന്നെ നോക്കി അഹ്മദ് ഒരു ചിരി ചിരിച്ചു. ഒരു ഘട്ടത്തിൽ ഒരു അഭിഭാഷകൻ തന്റെ വാദങ്ങൾ വാചികമായി മാത്രമാണ്, ലിഖിത രൂപത്തിലല്ല സമർപ്പിക്കുന്നതെന്നു പറയുകയുണ്ടായി. “ഞാൻ ദൈവമോ അക്ബർ ചക്രവർത്തിയോ ഒന്നുമല്ല. എനിക്ക് നിയമമനുസരിച്ചേ ചെയ്യാനാവൂ, നിങ്ങൾക്കും അതെ,” പ്രമാചല പ്രതികരിച്ചു. പ്രിന്റെടുക്കാൻ 10 മിനിറ്റ് അഭിഭാഷകന് അനുവദിച്ചു നൽകി.

ഉച്ചക്ക് 2:15 സമയമായപ്പോൾ അഹ്മദിനോട് മൊഴി കൊടുക്കാൻ വേണ്ടി തയ്യാറാകാൻ പറഞ്ഞു. അഹ്മദിന് ചെറുപ്പം തൊട്ടേ പരിചയമുള്ള ചിലരടക്കമുള്ള കുറ്റരോപിതരെ പ്രതിക്കൂട്ടിൽ കൊണ്ടു വന്ന് നിർത്തിയിരുന്നു. അര വരെ എത്തുന്ന മരത്തടിയിലുള്ളതായിരുന്നു പ്രതിക്കൂട്. ഒരു അഭിഭാഷകൻ അഹ്മദിനോട് മുന്നിലേക്ക് വരാൻ ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം തുടങ്ങുന്നതിനു മുൻപ്, ഒരു സിഡിയിൽ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ഫൂട്ടേജിനെ പറ്റി ജസ്റ്റിസ് പ്രമാചല പ്രോസിക്ക്യൂഷനോട് ചോദിച്ചു. ആ തെളിവ് കേസിന് അനിവാര്യമാണോ അല്ലയോ എന്ന് അദ്ദേഹത്തിന് അറിയണമായിരുന്നു. അനിവര്യമായിരുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. “പിന്നെ അതെന്തേ ഇവിടെയില്ലാത്തത്?” പ്രമാചല ചോദിച്ചു. ആ ഫയലിൽ ഒരു ഡോക്യുമെന്റ് കൂടി ചേർത്തിരുന്നുവെന്ന് പ്രോസിക്യൂഷൻ മറുപടി പറഞ്ഞു. എന്താണിതു കൊണ്ട് ഉദ്ദേശിച്ചത് ആർക്കും അറിയില്ലായിരുന്നു. ജഡ്ജി തന്റെ വിരലുകൾ ചുണ്ടിലമർത്തി താഴെ പോലീസുകാരനെയും പ്രോസിക്യൂഷനെയും നോക്കി പറഞ്ഞു, “പറഞ്ഞു തരൂ,” എനിക്ക് തന്നെ താഴ്മ തോന്നിപ്പോന്നത്രയും വിനയത്തോടെയാണ് അദ്ദേഹം അത് ചോദിച്ചത്, “പറയൂ, എങ്ങനെയാണിത് നാമിത് മുന്നോട്ടുകൊണ്ടു പോവേണ്ടത്?”.

ഒരു പ്രതികരണവുണ്ടായിരുന്നില്ല. ജഡ്ജി അഹ്മദിന് നേർക്ക് തിരിഞ്ഞ് ഈ മൊഴി കൊടുക്കാൻ അദ്ദേഹത്തിന് എത്ര നാൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് വളരെ മൃദുലമായി ചോദിച്ചു. രണ്ട് വർഷം, അഹ്മദ് മറുപടി പറഞ്ഞു. ഇത്രയും കാത്തു നിൽപ്പിച്ചതിന് ജഡ്ജി ക്ഷമ ചോദിച്ചു, കോടതി മുറികളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്ന്. പെട്ടെന്ന് തന്നെ അവസരമുണ്ടാവുമെന്ന് അദ്ദേഹം അഹ്മദിന് ഉറപ്പുകൊടുക്കുകയും ചെയ്തു. എല്ലാ തെളിവുകളും ഒരുമിച്ചു വെക്കാൻ 10 ദിവസം കൂടി അദ്ദേഹം പ്രസിക്യൂഷന് നൽകി.

അഹ്മദ് ദുർബലമായ ഒരു ചിരി ചിരിച്ചു, കൈകൾ കെട്ടിക്കൊണ്ട് അവിടം വിട്ടു. ഈ സംഭവിച്ചതിൽ അദ്ദേഹം തൃപ്തനായിരുന്നു.

“പ്രമാചല അവരെയൊന്ന് മുറുക്കിയിട്ടുണ്ട്. ഇനിയവര് നന്നായിക്കോളും. അദ്ദേഹം പറഞ്ഞ പോലെ അവർക്ക് ചെയ്യേണ്ടി വരും,” ഇത് മറ്റൊരു വൈകിപ്പിക്കലാണ് എന്നതാണ് സത്യമെങ്കിലും തന്റേതല്ലാത്ത മറ്റാരുടെയോ വിധിയെ നോക്കി അഭിപ്രായം പറയുന്നയാളെന്ന പോലെ ഈ വസ്തുത അദ്ദേഹം രേഖപ്പെടുത്തി.

തുടരും……

വിവർത്തനം : മൻഷദ് മനാസ്

കടപ്പാട് : ദ ഗാർഡിയൻ

രാഹുൽ ഭാട്ടിയ