Campus Alive

വിധേയപ്പെടലിന്റെ ദൈവശാസ്ത്രം

ഷെയ്ഖ് ബിന്‍ ബയ്യാഹിന്റെയും ഷെയ്ഖ് ഹംസ യൂസുഫിന്റെയും രാഷ്ട്രീയ ചിന്തകളെ വിശകലനം ചെയ്യുന്ന പഠനത്തിന്റെ ആദ്യഭാഗം


2018 ഡിസംബർ അഞ്ചിന് Forum for Promoting Peace in Muslim Societies (FPPMS) ന്റെ അഞ്ചാമത് വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം അബുദാബിയിൽ വെച്ച് നടക്കുകയുണ്ടായി. യു.എ.ഇ വിദേശ കാര്യ മന്ത്രി അബ്ദുല്ലാഹ് ബിൻ സായിദ് അൽനഹ്‌യാന്റെ സഹായത്തോടെ പ്രഗൽഭ അമേരിക്കൻ മുസ്‌ലിം പണ്ഡിതൻ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ ബയ്യാഹിന്റെയും ശിഷ്യൻ ഷെയ്ഖ് ഹംസ യൂസുഫിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രസ്തുത ഫോറം നിലവിൽ വന്നത്. ‘നന്മക്കായ് ഐക്യപ്പെടുക: ആഗോള സമാധാനത്തിനായുള്ള അവസരം’ എന്ന പ്രമേയത്തിലാണ് പരസ്പര ബഹുമാനവും ഐക്യവും കാത്തുസൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെ മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിനെ തുടർന്ന് യു.എ.ഇ 2019 ‘സഹിഷ്ണുതയുടെ വർഷമായി’ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി നടന്ന സമ്മേളനങ്ങളേക്കാൾ ഈ വർഷത്തെ സമ്മേളനം കൂടുതൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

FPPMS ഉദ്ഘാടന വേദി

ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് ഇക്കഴിഞ്ഞ സമ്മേളനം ചര്‍ച്ചാവിഷയമായത്. സമാധാനത്തിനുവേണ്ടി യു.എ.ഇയിൽ ഒരു ഫോറം രൂപം കൊണ്ടതും, സൗദിയും യു.എ.ഇയും യെമനിൽ നടത്തിയ മൃഗീയമായ യുദ്ധങ്ങൾ(UN കണക്ക് പ്രകാരം 13 മില്യൺ മനുഷ്യരാണ് പട്ടിണിയിലായത്) ഉയർത്തുന്ന മാനുഷികവും നൈതികവുമായ ആശങ്കകളും തമ്മിലുള്ള പ്രത്യക്ഷമായ വൈരുദ്ധ്യമാണ് ഒന്നാമത്തേത്. കൂടാതെ ഈ പ്രദേശങ്ങളിൽ വിമതരെ ഇല്ലായ്മ ചെയ്യുക എന്ന പേരില്‍ എതിര്‍ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സ്വേഛാധിപതികള്‍ക്ക് പ്രാദേശികമായും ഭൗമരാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചും പിന്തുണക്കുന്നതും വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ മുഖം വെളുപ്പിക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായി യു.എ.ഇ പണ്ഡിതന്മാരെ അനാവശ്യമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് പാശ്ചാത്യനിരീക്ഷകരും വിലയിരുത്തുന്നുണ്ട്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങള്‍ പലപ്പോഴും കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. കാരണം 9/11 ആക്രമണത്തിന് മുൻപുള്ള പ്രശ്നക്കാരനായ ഹംസ യുസുഫിനെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും ഒട്ടേറെ അമേരിക്കൻ മുസ്‌ലിംകളിലുണ്ട്. അമേരിക്കയുടെ ആന്റി ക്രൈസ്റ്റ്(ദജ്ജാൽ) സ്വഭാവത്തെ അടയാളപ്പെടുത്തുവാൻ വേണ്ടി Council for Foreign Relations(CFR) നെ അറബി ഭാഷയിലെ അവിശ്വാസിയെ സൂചിപ്പിക്കുന്ന ത്രിഭുജ ശബ്ദമായ ‘കഫറ’ (CFR എന്നതിനെ K-F-R) എന്നതുമായി പരിഹാസ്യമായി താരതമ്യപ്പെടുത്തിയ പണ്ഡിതൻ കൂടിയാണ് ഹംസ യുസുഫ്. അതേ വ്യക്തി തന്നെ എങ്ങനെയാണ് സംസ്ഥാപനത്തിൽ താൻ സഹായിച്ച ഒരു ഫോറത്തിൽ സമാനമായ ഓർഗനൈസേഷനുകൾ സംഘടിപ്പിക്കുകയും യു.എ.ഇയെ മഹത്വവത്കരിക്കുകയും ചെയ്യുക? 2018ലെ ഫോറത്തിൽ നിന്നുള്ള ഒട്ടേറെ പ്രസ്താവനകൾ അവരുടെ നിലവിലെ  നിഷ്ക്രിയത്വത്തെയും ആധിപത്യ ഭരണകൂടങ്ങളോടുള്ള പിന്തുണയെയും വികസിപ്പിക്കാന്‍ തക്കതായതാണ്‌. അവസാനം നടന്ന ഫോറം ഇത്തരത്തിലുള്ള കേവലം ‘പിന്തുണ ഊട്ടിയുറപ്പിക്കാന്‍’ ആണെന്നാണ് നാം വാദിക്കുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട്‌ ഷെയ്ഖ് ബിൻ ബയ്യാഹിന്റെയും ശിഷ്യൻ ഷെയ്ഖ് ഹംസ യൂസുഫിന്റെയും രാഷ്‌ട്രീയ ചിന്തകളെ പ്രത്യേകിച്ചും അവയിലെ അതിഭൗതികതയുടെ
സാന്നിധ്യത്തെയും അടുത്തകാലത്തായി ഉണ്ടായിട്ടുള്ള രാഷ്ട്രീയ സംഭവ വികാസങ്ങൾ അവരുടെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള നിർണ്ണായകമായ മാറ്റങ്ങളെയും പരിശോധിക്കാനാണ് ഈ ലേഖനത്തിലൂടെ നാം ശ്രമിക്കുന്നത്. ശേഷം അവസാന ഭാഗത്ത്‌ യു.എ.ഇയിലെ FPPMS ഫോറത്തിന്റെ രൂപീകരണം പോലെയുള്ള ചില സംഭവങ്ങളെ ആധുനികതയെയും രാഷ്ട്രീയത്തെയും ഒരുമിച്ച് പരിഗണിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുവാൻ വേണ്ടി വിലയിരുത്തുകയും ചെയ്യുന്നു.

ഷെയ്ഖ് ഹംസ യൂസുഫ്, ഷെയ്ഖ് ബിന്‍ ബയ്യാഹ്‌

നാം ഇവിടെ വിശകലനം ചെയ്യുന്ന പണ്ഡിതന്മാരെ പറ്റിയും അവര്‍ക്കിടയിലെ ബന്ധത്തെ പറ്റിയും വസ്തുനിഷ്ഠമായി ചില കാര്യങ്ങള്‍ പറയേണ്ടതായിട്ടുണ്ട്. പണ്ഡിത ലോകത്ത്(Ulumi) ഷെയ്ഖ്‌ ബിൻ ബയ്യാഹ്‌ ഉസൂലുൽ ഫിഖ്ഹിലെ ജീവിച്ചിരിക്കുന്ന മഹാനായ പ്രതിഭ എന്ന നിലക്കാണ് പരിഗണിക്കപ്പെടുന്നത്. ചിലർ ഇദ്ദേഹത്തെ ‘മുജ്തഹിദ്’ എന്ന നിലയിൽ പോലും കാണുന്നുണ്ട്. ഈ അർത്ഥത്തിൽ ബിൻ ബയ്യാഹിന്റെ ശിഷ്യൻ ആയതിനാല്‍ ഷെയ്ഖ് ഹംസ യൂസുഫിനും ഇസ്‌ലാമിക ലോകത്ത് സാധുത നിലനില്‍ക്കുന്നുണ്ട്‌. അതിലുപരിയായി ഷെയ്ഖ്‌ യൂസുഫ് ഒരു തവണ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പടിഞ്ഞാറിൽ ഹംസ യൂസുഫിന്റെ ഷെയ്ഖ് എന്ന നിലയിൽ ബിൻ ബയ്യാഹിനെ പരിചയപ്പെടുത്തിയത് ഹംസ യൂസുഫ് തന്നെയാണ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പഠനം നടത്തിയ ഇമാമുമാരുടെയും പണ്ഡിതരുടെയും വലിയ അളവിലുള്ള സാന്നിധ്യം കാരണം, ആധുനികത തൊട്ടു തീണ്ടാത്ത ചുരുക്കം ചില ഇടങ്ങളിലൊന്നായി പടിഞ്ഞാറൻ മുസ്‌ലിങ്ങൾ വിഭാവന ചെയ്യുന്ന മൗറിത്താനിയയുടെ പ്രതീകാത്മക അധികാര രൂപമാണ് ഈ പണ്ഡിതൻ. പടിഞ്ഞാറിൽ മുസ്‌ലിംകളിലും പോളിസി നിർമ്മാതാക്കളിലും, മധ്യേഷ്യയിൽ ശരീഅത്തിന്റെയും ഫിഖ്ഹിന്റേയും കൗൺസിലിലും ഭരണകൂടങ്ങളിലും എല്ലാമുള്ള ഈ സംയുക്ത സ്വീകാര്യത അന്താരാഷ്ട്ര തലത്തിൽ സ്വാധീനിക്കാൻ കഴിയുന്ന നയരൂപീകരണത്തിനുള്ള സാധ്യതയായി പരിവര്‍ത്തിക്കപ്പെടുന്നു.

രണ്ടു പേരും മതാധികാരി എന്ന നിലയിൽ പ്രമുഖരായിരിക്കുമ്പോൾ തന്നെ ബിന്‍ ബയ്യാഹിന്റെ നീണ്ട രാഷ്ട്രീയ ജീവിതം എന്തുകൊണ്ട് പ്രാധാന്യത്തോടുകൂടി കണക്കാക്കപ്പെടുന്നില്ല? മൗറിത്താനിയ ഫ്രഞ്ചുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷം മൗറിത്താനിയന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1970 മുതല്‍ 1978 വരെ അതിന്റെ ക്യാബിനറ്റിലും സ്ഥിരകമ്മിറ്റിയിലും അംഗമായിരുന്നു. കൂടാതെ മൗറിത്താനിയന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ ഹൈക്കോടതി ജഡ്ജി, സാമൂഹിക നീതി വകുപ്പിലെ ശരീഅഃ വിഭാഗം തലവന്‍, അപ്പീല്‍ കോടതി ഉപാദ്ധ്യക്ഷന്‍, രാജ്യത്തെ മതകാര്യങ്ങളിലെ പ്രധാന ഉപദേഷ്ടാവ്, ഇസ്‌ലാമിക കാര്യങ്ങള്‍, വിദ്യാഭ്യാസം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രി, സാമൂഹികനീതി വകുപ്പ് മന്ത്രി, മാനവിക വിഭവശേഷി വകുപ്പ് മന്ത്രി തുടങ്ങിയ പദവികളെല്ലാം തന്നെ അദ്ദേഹം വഹിച്ചിട്ടുണ്ട്‌. ഷെയ്ഖ് ബിന്‍ ബയ്യാഹിന്റെ ഇത്തരത്തിലുള്ളൊരു രാഷ്ട്രീയമായ പാരമ്പര്യത്തെ പറ്റി സംസാരിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാല്‍ ആധുനികത തൊട്ടുതീണ്ടാത്ത സൂഫിയായ ബിന്‍ ബയ്യാഹിന്റെ ഇപ്പോഴത്തെ രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങളെ അംഗീകരിക്കാത്ത ആളുകള്‍ അദ്ദേഹം രാഷ്ട്രീയബോധ്യങ്ങളില്ലാതെയാണ് സംസാരിക്കുന്നത് എന്ന് ധരിച്ചുവെക്കുന്നത് കൊണ്ടാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ രാഷ്ട്രീയ പരിചയത്തിന് തെളിവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ പറ്റിയും അദ്ദേഹത്തിന് കൃത്യമായ ധാരണകളുണ്ടായിരിക്കും.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഭീകരവാദവിരുദ്ധ യുദ്ധങ്ങളും ആഗോളതലത്തിൽ സർവ്വ വ്യാപമായ ഇസ്ലാമോഫോബിയയും ലോകത്തിലെ മുസ്‌ലിം സമുദായങ്ങളെ വളരെയധികം രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, ഷെയ്ഖ് ഹംസ യൂസുഫ് സെപ്റ്റംബർ പതിനൊന്നാനന്തര കാലഘട്ടത്തിലെ നേരിട്ടുള്ള രാഷ്ട്രീയ വിയോജിപ്പുകളെ അവസാനിപ്പിക്കുന്നത്. വാസ്തവത്തിൽ രാഷ്ട്രീയപരമായ നിഷ്പക്ഷതയും പ്രത്യക്ഷത്തിലുള്ള അരാഷ്ട്രീയതയുമാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ വെളിവാക്കുന്നത്. അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകളെ യുക്തിരഹിതമായതായാണ് പലരും കണക്കാക്കുന്നത്‌. എങ്കിലും ഇദ്ദേഹത്തിന്റെ ഇത്തരം വ്യവഹാരങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ‘രാഷ്ട്രീയം’എന്ന വിഷയികയുടെ പരിമിതമായ തലത്തിൽ നിന്നും ‘ട്രഡീഷണലായ’ ഇസ്ലാമിക ലോകവീക്ഷണത്തിലേക്കും അതിഭൗതികതയിലേക്കും(metaphysics) അദ്ദേഹത്തിന്റെ ആശയലോകം ഉൾച്ചേർന്നുകിടക്കുന്നുണ്ട് എന്ന് കണ്ടെത്താന്‍ കഴിയും. ഷെയ്ഖ് ഹംസ യൂസുഫിന്റെ രാഷ്ട്രീയ ചിന്ത അതിഭൗതികതയുടെ അപചയത്തെ പറ്റിയുള്ള ആഖ്യാനങ്ങളിലൂടെയാണ് രൂപപ്പെട്ടു വന്നിട്ടുള്ളത്. ആധുനികതയെ പറ്റിയുള്ള അദ്ദേഹത്തിന്റെ ആഖ്യാനത്തില്‍, ആധുനികതക്ക് മുമ്പുള്ള ലോകക്രമം എന്നത് അതിഭൗതികതയിലധിഷ്ഠിതമായതും അതിനാല്‍ തന്നെ പ്രപഞ്ചവും അതിന്റെ യാഥാര്‍ഥ്യത്തെ കേന്ദ്രീകരിച്ചുള്ള ജീവിതവും സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ സ്വയം പ്രതിഫലിച്ചിരുന്നതായി അദ്ദേഹം പറയുന്നു. ഇതിൽ നിന്നും വിരുദ്ധമായി കൊണ്ട് ആധുനിക  മുസ്‌ലിംകൾ മതേതരത്വതിന്ന് വേണ്ടി മുൻകഴിഞ്ഞ മുസ്‌ലിംകൾ നിശ്ശങ്കമായി ഉൾക്കൊണ്ട സാമാന്യവൽകൃതമായ  അതിഭൗതിക ‘ലോകവീക്ഷണത്തെ’ മറന്നു  കൊണ്ട് (metaphysical lens) ക്രിസ്ത്യൻ വഴി പിന്തുടരുകയാണ് ചെയ്യുന്നത് എന്നാണ് അദ്ദേഹം വാദിക്കുന്നത്‌.

വാസ്തവത്തിൽ ഇവിടെ മനസ്സിലാക്കേണ്ടുന്ന ഒരു പ്രധാന കാര്യം എന്തെന്നാൽ ഇത്തരം അതിഭൗതികമയ ആശയ മണ്ഡലങ്ങൾ ഭൗമികമായ അധികാരശ്രേണികളെ പ്രതിരോധിക്കുന്നതിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതാണ്. എന്നാല്‍, എങ്ങനെയെല്ലാമാണ് അതിഭൗതികതയെ പറ്റിയുള്ള ആലോചനകള്‍ ഭൂമിയിലെ അധികാരശ്രേണികളെ വെല്ലുവിളിക്കുന്നതിനായി ഉപയോഗപ്പെടുത്തേണ്ടത് എന്നതിനെ പറ്റിയാണ് നാം ചിന്തിക്കേണ്ടത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജ്ഞാനപരമായ സന്തുലനാവസ്ഥ രാഷ്ട്രീയപരതയെ സംസ്ഥാപിക്കുന്നുണ്ട്. മുസ്‌ലിം ‘ട്രഡീഷനിൽ’ പ്രാപഞ്ചികമായ അനുക്രമങ്ങളിലും അർത്ഥതലങ്ങളിലും മുസ്‌ലിംകൾക്കുള്ള അവബോധം അധികാരത്തെ കുറിച്ചും ശ്രേണീബന്ധങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കുന്നു. ഇന്നത്തെ അറബ് വസന്തം പോലുള്ള രാഷ്ട്രീയ വിമത ശബ്ദങ്ങളെ ഈ അർത്ഥതലങ്ങളിൽ കൂടി കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം രാഷ്ട്രീയ വിയോജിപ്പുകൾ വ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളി എന്നതിലുപരി പ്രാപഞ്ചികമായ അസ്ഥിരതക്കെതിരെയുമാണ്.

ഷെയ്ഖ് ഹംസയുടെ വീക്ഷണത്തിൽ ആധുനികതക്ക് മുൻപുള്ള മുസ്‌ലിം സമൂഹത്തിന്റെ ഇത്തരം പ്രാപഞ്ചികമായ അവബോധം അവരെ അധികാരത്തോടുള്ള വിധേയത്വത്തിന് മാത്രമല്ല വഴിയൊരുക്കിയത്, മറിച്ച് ഇസ്ലാമിനെ സംബന്ധിച്ച് ‘ഇരയാവുക’ എന്ന അവസ്ഥ തന്നെ സാധ്യമല്ലെന്ന തിരിച്ചറിവ് കൂടി അവർക്ക് നൽകി. ഇതേ പാഠം ആദമിന്റെയും ഹവ്വായുടെയും അധ്യായം നമ്മെ പഠിപ്പിക്കുന്നുണ്ട്. ചെകുത്താന്റെ വാക്കുകൾ കേട്ട് തെറ്റുകാരായി മാറിയ ആദമും ഹവ്വയും  ചെകുത്താനെയോ അവർ തന്നെ പരസ്പരമോ പഴിചാരുകയോ ചെകുത്താന്റെ ഇരകളായി സ്വയം മനസ്സിലാക്കുകയോ ചെയ്യുന്നില്ല. മറിച്ച് സ്വന്തം പ്രവർത്തികൾക്ക് മറ്റുള്ളവരെ പഴിചാരുന്ന ചെകുത്താനിൽ നിന്നും വിരുദ്ധമായി, തങ്ങൾ ചെയ്ത പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം സ്വയം ഉൾകൊള്ളുകയാണ് അവർ ചെയ്യുന്നത്. ഷെയ്ഖ് ഹംസ പറയുന്നത് കാണുക: “സമകാലിക മുസ്‌ലിംകൾ സ്വയം തന്നെ ഒരു ‘ഇരകളാണ്’. ഇരയാകുക എന്നത് ഒരു പരാജിത മനോഭാവമാണ്. അത്തരം മനോഭാവം ദൗർബല്യത്തെയാണ് കാണിക്കുന്നത്. എന്നാൽ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന് ഒരിക്കലും ഇത്തരത്തിലുള്ള മാനസികാവസ്ഥ ഉണ്ടാകാൻ പാടില്ല. ഒരു മുസ്‌ലിമിന് അടിസ്ഥാനപരമായി ഇരയുടെ സ്ഥാനം ചേരുകയില്ല. എല്ലാ വിധ കഷ്ടതകൾക്കും പാപമോചനത്തിന്റേതായ ഒരു തലമുണ്ടെന്നാണ് നാം വിശ്വസിക്കുന്നത്”.

ഇസ്‌ലാമിലെ ഇത്തരത്തിലുള്ള ‘ഇരവാദത്തിന്റെ’ അഭാവം ഹംസ യൂസുഫിന്റെ രാഷ്ട്രീയ സംഭവങ്ങളോടുള്ള പ്രതികരണങ്ങളിലും അദ്ദേഹത്തിന്റെ ആശയങ്ങളിലും പ്രതിഫലിച്ചു കാണാം. ഈ ലോകമെന്നത് ക്ലേശം നിറഞ്ഞതും അപൂർണ്ണമായ നീതി മാത്രം ലഭ്യമാകുന്നതുമാണ്. പരിപൂർണ്ണമായ നീതി സ്വർഗ്ഗ ലോകത്തേക്ക് നീട്ടിവെക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെ വിസ്മരിച്ചു കൊണ്ടുള്ള എല്ലാ പരിശ്രമങ്ങളും വിഫലമാണെന്ന് മാത്രമല്ല അത് അനീതിയുടെ പുനരുല്പാദനത്തിന് വഴിയൊരുക്കുകയും ചെയ്യും. ” ഇക്കാരണത്താലാണ് നമ്മുടെ പണ്ഡിതന്മാർ(ulama) വിപ്ലവത്തെ എതിർത്തത്. അല്ലാതെ മർദനം  തെറ്റല്ലാത്തതിനാലോ  മർദകനെ അധികാരത്തിൽ നിലനിർത്തുവാനോ വേണ്ടിയല്ല. അവരതിനെ മെറ്റാഫിസിക്കലായ വീക്ഷണ കോണിലൂടെയാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. അത് അല്ലാഹുവിൽ നിന്നുള്ള പരീക്ഷണങ്ങളാണ്‌.  ഇത്തരം അതിഭൗതികമായ കാര്യങ്ങളെ വിസ്മരിച്ചു കൊണ്ടുള്ള ലോകം അർത്ഥമില്ലാത്ത ഒന്നായി മാറും-എല്ലാം നിങ്ങൾക്ക് നശിപ്പിക്കുവാൻ കഴിയും”.

ഉപര്യുക്ത വാചകത്തിൽ ഹംസ യൂസുഫ് ‘എല്ലാം തകർക്കുന്നവർ’ എന്നതിലൂടെ ഇസ്‌ലാമിസ്റ്റുകളെയാണ് അടയാളപ്പെടുത്തുന്നത്. ദുനിയാവിൽ ഒരു ‘ഉട്ടോപ്യയുടെ’ സംസ്ഥാപനം സ്വപ്നം കാണുന്ന മാർക്സിസത്തിന്റെ സ്വാധീനം കാരണം  വളരെ അക്രമാസക്തരാണ് എന്നാണ്  ഇസ്ലാമിസ്റ്റുകളെ കുറിച് അദ്ദേഹം നിർമ്മിച്ചെടുക്കുന്ന വംശാവലി. “കാല്പനികമായ ഒരു ലോകമാണ് അവർ ആവശ്യപ്പെടുന്നത്. തിന്മയെ അവർക്ക് മുഴുവനായും ഉന്മൂലനം ചെയ്യണം.അവരുടെ ലക്ഷ്യം എന്നത് ഈ ലോകത്ത്‌ തന്നെ സ്വർഗലോകം പണിയുക എന്നതാണ്. മാർക്സിസത്തിന്റെ സ്വപ്ന സാക്ഷാത്കാരം എന്ന്‌ പറയുന്നത് സ്വർഗം ഈ ലോകത്ത്‌ തന്നെ നിർമ്മിക്കുക എന്നതാണ്.ഒരിക്കൽ നാമീ ഭൂമിയിൽ സമത്വം സ്ഥാപിക്കും.  മാർക്സിസ്റ്റ് വിരുദ്ധവും ഇരവാദ വിരുദ്ധവുമായ ഇത്തരം സംവാദങ്ങളെ മനസ്സിലാക്കുവാനുള്ള മാർഗം എന്നത് അമേരിക്കൻ മുസ്‌ലിം സമുദായത്തിന്റെ സമകാലിക സാഹചര്യം മനസ്സിലാക്കുക എന്നതാണ്.  സെപ്റ്റംബർ പതിനൊന്ന് ആക്രമണങ്ങൾക്ക് ശേഷം ഇത് കാരണമായി  ഒരുപാട് മുസ്‌ലിംകൾ ഇടതുപക്ഷത്തോട് സഹകരിച്ച്‌ സാമൂഹ്യ നീതിക്ക് വേണ്ടി ശബ്‌ദിച്ചു കൊണ്ടിരിക്കുകയാണ്  ചെയ്യുന്നത്. അമേരിക്കൻ മുസ്‌ലിം സ്വത്വത്തെ കുറിച്ചുള്ള ഭാവനകളെ ഇപ്പോഴും നിർണ്ണയിക്കുന്നത് വംശീയതയും ന്യുനപക്ഷതയുമാണെന്ന് വിശ്വസിക്കുന്ന അമേരിക്കൻ മുസ്‌ലിംകൾ ഇത്തരം ഇടത് മുസ്‌ലിംകളുമായി ഇടത് വിരുദ്ധ സംവാദങ്ങൾക്കുള്ള കളമൊരുക്കുകയാണ് ചെയ്തത്.   അദ്ദേഹത്തിന്റെ ചിന്തകളെ പ്രധാനമായും സഹായിക്കുന്ന ഐഡിയോളോജിക്കൽ, മാർക്സിസ്റ്റ്, നിയോ മാർക്സിസ്റ്റ് തുടങ്ങിയ വിഭജനങ്ങളിലെ അവ്യക്തതകൾ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും .  ഹംസ യൂസുഫിന്റെ വ്യാവഹാരിക തലങ്ങൾ അടിസ്ഥാനമായിരിക്കുന്നത് ഇസ്ലാമിസ്ററ്-മാർക്സിസ്റ്റ്-ഉട്ടോപ്യൻ എന്ന സൂത്രവാക്യത്തിലാണ്. അതിലേക്ക്‌ നമുക്ക് പിന്നീട് വരാം എന്ന് തോന്നുന്നു.

ഇനി ഇത്തരത്തിലുള്ള അതിഭൗതികമായ ചട്ടക്കൂടുകളിൽ നിന്ന് മാറി അഖീദയുടെ ചട്ടക്കൂടുകള്‍ക്കകത്ത് നിന്നുകൊണ്ട് ശെയ്ഖ് ഹംസ യൂസുഫിനെ മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്‌. ഒരു കാലത്ത്  സുന്നി സമുദായങ്ങൾക്കകത് വളരെ സ്വീകാര്യത ലഭിച്ചിരുന്ന “ശരീഅത് അനുസരിക്കുന്ന ഭരണാധികാരിക്ക് നേരെ വിപ്ലവം പാടില്ല” എന്ന ആദര്‍ശവാക്യത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു:”ഭരണസംവിധാനങ്ങൾക് എതിരിലുള്ള (അവർ മർദ്ദക വിഭാഗമാണെണെങ്കിൽ പോലും) ഏതൊരു അതിക്രമങ്ങളെയും നമുക്ക് അംഗീകരിക്കാം കഴിയുന്നതല്ല. ഇതാണ് മുസ്‌ലിംകളുടെ അഖീദ. എന്നാൽ ഭരണകൂടത്തിനെതിരിൽ നീങ്ങുവാൻ നിങ്ങൾ പറയുകയാണെങ്കിൽ നമ്മുടെ മുൻഗാമികൾ പറയുന്നു(അവരെല്ലാവരും തന്നെ അംഗീകരിക്കുകയും ചെയ്യുന്നു) അവർ മർദ്ദക വിഭാഗമാണെങ്കിൽ പോലും എന്ത് കൊണ്ടാണ് അവരത് ചെയ്യുന്നത്? എന്തെന്നാൽ  അവർ തങ്ങളെ മർദ്ദിക്കുന്നവരാണെന്ന് ജനങ്ങൾ  പറയും എന്ന് അവര്‍ക്ക്  അറിയാം

ഇവിടെ ഷെയ്ഖ് ‘ഖുറൂജ്’ എന്ന വളരെ സങ്കീർണ്ണമായ ഒരു ആശയത്തെ ‘ലഹള’ എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. എന്നാൽ ഖുറൂജ് എന്നത് അധികാരത്തിന് വേണ്ടിയുള്ള സംഘടിതമായ സായുധ പോരാട്ടത്തെ സൂചിപ്പിക്കുന്ന സാങ്കേതിക പദമാണ്. ഖാലിദ് അബുൽ ഫദ്ൽ തന്റെ Rebellion and Violence in Islamic Law എന്ന ഗ്രന്ഥത്തിൽ ഖുറൂജ് എന്നതിന് കൃത്യമായ അതിരുകളോട് കൂടി വിശദീകരണം നല്‍കുന്നുണ്ട്.  അസംഘടിതവും നിരായുധവുമായ പ്രക്ഷോഭ രീതികളിൽ നിന്നും വിത്യസ്തമായിട്ടുള്ള സംഘടിതമായ സായുധ പ്രക്ഷോഭങ്ങളുടെ കാരണവും പ്രക്ഷോഭകാരികൾ സ്വീകരിക്കുന്ന രീതി ശാസ്ത്രവുമാണ് അവയുടെ സാധുതയെ നിർണ്ണയിക്കുന്നത് എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇവിടെ നേതാവിന് നിയമ സാധുത നല്‍കുന്നത് അദ്ദേഹം നീതിക്കു വേണ്ടിയാണോ അതോ പണ്ഡിതരുടെ അധികാര സംരക്ഷണത്തിന് വേണ്ടിയാണോ നിലകൊള്ളുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഖലീഫയെ തിരഞ്ഞെടുക്കുക എന്നത് ജനതയുടെ തന്നെ മൗലികമായ ഉത്തരവാദിത്തമായതിനാലാണ് മർദ്ദകനായ ഭരണാധികാരിയെ നീക്കം ചെയ്യുവാൻ ജനങ്ങൾക്ക്  അക്രമാസക്തരാവാൻ  കഴിയാത്തതെന്ന്  ചില പണ്ഡിതർ വാദിക്കുന്നു. എല്ലാ ഫിഖ്‌ഹി പ്രശ്നങ്ങളെയും പോലെ ഇതിനും ഇത്തരമൊരു പ്രബന്ധം അപര്യാപ്തമാണെന്നതാണ് വസ്തുത. രസകരമായ മറ്റൊരു കാര്യം, സായുധ പ്രക്ഷോഭങ്ങളെ മാത്രമല്ല മറിച്ച്‌ വാചികമായ പ്രക്ഷോഭ നീക്കങ്ങളെയും ഈ തത്വം നിഷേധിക്കുന്നുണ്ട് എന്ന് ചിലര്‍ വാദിക്കുന്നുണ്ട് . അതായത് അക്രമാസക്തമായതോ അല്ലാത്തതോ ആയ പ്രക്ഷോഭങ്ങളെ മാത്രമല്ല, പ്രതിരോധത്തിന്റെ എല്ലാ രീതിശാസ്ത്രങ്ങളെയും അത് നിഷേധിക്കുന്നു. ഇദ്ദേഹത്തിന്റെ ഈ  വാദമുഖങ്ങളെ അവരുടെ ലോകവീക്ഷണത്തിന്റെ യുക്തമായ  അന്ത്യമായി ഒരാൾക്ക് വാദിക്കാൻ  കഴിയും. മേൽ സൂചിത അതിഭൗതികത ഇസ്ലാമികമായി തന്നെ തർക്ക സാധ്യത ഉള്ള വിഷയമായിരിക്കെ വാസ്തവത്തിൽ പ്രശ്‌നമാകുന്നത് ഇനിയും ഇതുമായുള്ള മുൻപോട്ട് പോക്കാണ്. ഒരു വലിയ ജന വിഭാഗത്തെയാണ്‌ അത്‌ പ്രതിസന്ധിയിലാക്കുന്നത്. പരിപൂർണ്ണമായ നീതി പരലോകവുമായി മാത്രം സംജാതമാകുന്ന ഒന്നാണ് എന്നത് മാത്രമല്ല ഇവിടെ പ്രശ്‌നമാകുന്നത്, മറിച്ചത്‌ ഈ ലോകത്ത്‌  അനീതികൾ ഏറ്റുവാങ്ങേണ്ടി വന്ന ജീവിതങ്ങൾക്ക് എതിരായി കൂടിയാണ് നിലകൊള്ളുന്നത്  എന്നത്  കൂടിയാണ്. അധികാരികൾക്കെതിരെയുള്ള അഹിംസാത്മകമായ നീക്കങ്ങളെ അമിതമായി ലളിതവത്കരിക്കുക മാത്രമല്ല ഇത് ചെയ്യുന്നത്,  അധീശ ശക്തികളുടെ സ്തുതി ഗീതകര്‍ക്കുള്ള ന്യായമായും അത്‌ ഉപയോഗിക്കപ്പെടും. തന്നെയുമല്ല, ഇത്തരം ലോകവീക്ഷണത്തിന്റെ അവസാനം വ്യക്തികൾക്ക് മേൽ അനുചിതമായ ഭാരങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. പ്രാപഞ്ചികമായ ക്രമങ്ങളെ മുറുകെപ്പിടിക്കാനുള്ള ഉത്തരവാദിത്തം അധികാര ഘടനകൾക്ക് നൽകാതെ അത് വൈയക്തികമായ ഒന്നായി മാറുകയാണ് യഥാര്‍ത്ഥത്തിലിവിടെ.

(തുടരും)


ലേഖനത്തിന്റെ രണ്ടാം ഭാഗം

വിവര്‍ത്തനം: മന്‍ഷാദ് മനാസ്‌

വലാ ഖ്യുസായ്‌& തോമസ് പാര്‍ക്കര്‍