Campus Alive

‘പാരമ്പര്യവാദവും’ നവ-പാരമ്പര്യവാദവും

(രാഷ്ട്രീയവും ആത്മീയതയും: വലാ ഖ്യുസായ് സംസാരിക്കുന്നു, രണ്ടാം ഭാഗം)


ഡാനിയേൽ ടുട്ട്: നവ, പാരമ്പര്യവാദം’ എന്നിവ ചേർന്നതാണ് നവപാരമ്പര്യവാദം എന്ന പദമെന്ന് കാണാം. പാരമ്പര്യവാദത്തിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ച് വിവരിക്കാമോ? ഇവിടെ ഇന്ന് നാം കാണുന്നത് 1900-കളിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്തും ആരംഭിക്കുന്ന, റെനെ ഗ്വെനോണൊക്കെ ഉൾപ്പെടുന്ന പാശ്ചാത്യ കേന്ദ്രീകൃതമായ ഒരു പ്രസ്ഥാനമാണ്. നവ-പാരമ്പര്യവാദമെന്ന പരിണാമദശയിൽ പാരമ്പര്യവാദത്തെ എങ്ങനെയാണ് സ്ഥാനപ്പെടുത്താൻ കഴിയുക?

വലാ ഖ്യുസായ്: ഇതേ വിഷയത്തിൽ ഗവേഷകരായ പല സുഹൃത്തുക്കളോടും എനിക്ക് അഭിപ്രായവ്യത്യാസമുള്ളത് ഇവിടെയാണ്. കാരണം മിഡിലീസ്റ്റിലെയും അസ്ഹർ യൂണിവേഴ്സിറ്റിയിലെയും പണ്ഡിതന്മാരെയും ഹബീബ് അലി ജിഫ്‌രിയെ പോലെയുള്ളവരെയും ഉൾക്കൊള്ളുന്ന തരത്തിൽ നവ-പാരമ്പര്യവാദം എന്ന പദത്തെ അവർ വിപുലീകരിക്കുന്നുണ്ട്. ആധുനികതയോടുള്ള പാശ്ചാത്യ വിമർശനമായാണ് ഞാൻ നവപാരമ്പര്യവാദത്തെ കാണുന്നത്. സവിശേഷമായ അതിഭൗതികശാസ്ത്ര അടിത്തറയും ധാരണയുമുള്ള, ആധികാരിക പാരമ്പര്യത്തെക്കുറിച്ച ഏകീകൃത സങ്കൽപ്പത്തിന്റെ ആശയവൽക്കരണമാണിത് എന്ന് പോലും പറയാം. ‘പാരമ്പര്യവാദികളും’ റെനെ ഗ്വെനോണും തമ്മിൽ അനേകം സാമ്യതകളും വ്യത്യാസങ്ങളും ഉണ്ടെന്ന് തോന്നുന്നു.

അത്രകണ്ട് ജനകീയമായിരുന്നില്ലെങ്കിലും പാരമ്പര്യവാദത്തിന് ശേഷം അതേക്കുറിച്ച് മുസ്‌ലിം പണ്ഡിത വൃത്തങ്ങളിൽ തർക്കവിതർക്കങ്ങൾ നിലനിന്നിരുന്നു. ഷെയ്ഖുമാർക്ക് പാരമ്പര്യവാദികൾ മതങ്ങളുടെ അതീന്ദ്രീയമായ ഏകതയിൽ വിശ്വസിച്ചിരുന്നു എന്നും തങ്ങളത് വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കേണ്ടിയിരുന്നു.. പരമ്പരാഗതമായ അതിഭൗതിക ശാസ്ത്രത്തിന്റെ രൂപത്തെ ആശയവൽക്കരിക്കുന്നതിലാണ് ഷെയ്ഖുമാർക്കും പാരമ്പര്യവാദികൾക്കും യോജിക്കാൻ കഴിയുന്ന ഇടം. കല, വാസ്തുവിദ്യ, സമയ സങ്കൽപം, മാനവിക സങ്കല്പം, ആത്മനിഷ്ഠത തുടങ്ങി സകലതിനേയും നിർണയിക്കുന്ന തരത്തിൽ പാരമ്പര്യം/മുൻ‌കാലസമൂഹങ്ങൾ ‌ആത്മീയതയാൽ സംഘടിക്കപ്പെട്ടിരിക്കുന്നുവെന്നാണ് പ്രസ്തുത ആശയം. പ്രത്യേകിച്ച് ഡോ. ഉമർ ഫാറൂഖ് അബ്ദുല്ലയൊക്കെ  പരമ്പരാഗത മെറ്റാഫിസിക്സിനെക്കുറിച്ച് അറിയാൻ പരമ്പരാഗത ചിന്തകരെ റഫർ ചെയ്യാൻ തന്റെ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഷെയ്ഖ് അബ്ദുൽ ഹക്കീം മുറാദിന്റെ റെനെ ഗ്വെനോണുമായുള്ള ഇടപെടലിലൊക്കെ ഇത് കാണാൻ കഴിയും. ചുരുക്കത്തിൽ ഈ രണ്ട് ആശയങ്ങൾക്കും വ്യക്തമായ വ്യത്യാസങ്ങളും അതേസമയം യോജിക്കുന്ന ഇടങ്ങളും ഉണ്ട്.

ഷെയ്ഖ് ഹകീം മുറാദ്, ഉമർ ഫാറൂഖ് അബ്ദുല്ല, ഹംസ യൂസുഫ്

ഡാനിയേൽ ടുട്ട്: നവ-പാരമ്പര്യവാദത്തെ വിശകലനം ചെയ്യുന്ന മറ്റുരീതികളിൽ നിന്ന് താങ്കളുടേത് വ്യത്യസ്തമാണെന്ന പോയിന്റിനെ ഞാൻ അഭിനന്ദിക്കുന്നു. സവിശേഷമായ പാശ്ചാത്യൻ ഡിസ്എഞ്ചാന്റ്മെന്റ് മാതൃകയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒന്നായി നിങ്ങളതിനെ നോക്കികാണുന്നു. ആധുനികത അതീന്ദ്രീയതയെ വികേന്ദ്രീകരിക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് മാക്സ് വെബറൊക്കെ മുന്നോട്ടുവെച്ച ഡിസ്എഞ്ചാന്റ്മെന്റ് എന്ന ആശയം. അതുകൊണ്ട് തന്നെ അത്തരമൊരു ഘട്ടത്തിൽ ദൈവശാസ്ത്രകാരന്മാരുടെ കടമയെന്നത് മതാനുയായികളെ, ഇവിടെ മുസ്‌ലിംകളെ, അവരുടെ ജീവിതത്തിലും ആത്മീയ അനുഷ്ഠാനങ്ങളിലും ഉണ്ടായ അപചയങ്ങളെ വീണ്ടെടുക്കാൻ പ്രാപ്തരാക്കുക എന്നതാണ്. അതിനാൽ, അതീന്ദ്രീയതയും എഞ്ചാന്റ്മെന്റും നിലനിന്നിരുന്ന ഒരു നഷ്ടപ്പെട്ട സ്വർഗത്തിന്റെ സാമീപ്യത്തിനായുള്ള നൊസ്റ്റാൾജിയയി അത് മാറുന്നു. തത്ഫലമായി അന്തർലീനമായി തന്നെ കൺസർവേറ്റീവാപല പ്രവണതകളെയും (ഉദാ- ലിംഗ ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങൾ) അത് പിന്തുണയ്ക്കുന്നു. കൂടാതെ താങ്കൾ പലപ്പോഴും എഴുതിയിട്ടുള്ള ഒരു സംഗതിയാണ് രാഷ്ട്രീയ വിയോജിപ്പുകൾ ഉന്നയിക്കപ്പെടാതിരിക്കുക എന്നത് അവരുടെ ആശ്യമാണെന്നത്. അതേക്കുറിച്ചും കൂടുതൽ സംസാരിക്കാമെന്ന് തോന്നുന്നു. ആദ്യം താങ്കൾ പഠനവിധേയമാക്കിയ മൂന്ന് മതനേതാക്കളെക്കുറിച്ച് (ഹക്കീം മുറാദ്, ഹംസ യൂസഫ്, ഒമർ ഫാറൂഖ് അബ്ദുല്ല) പറയാമോ. അവർ എങ്ങനെയാണ് മുസ്ലിംകളായത്?

വലാ ഖ്യുസായ്: എന്റെ ഓർമ്മ ശരിയാണെങ്കിൽ, ഷെയ്ഖ് ഹംസ യൂസുഫിന് 17 വയസ്സുള്ളപ്പോൾ ഒരു അപകടം സംഭവിച്ചു. ആ അപകടം അദ്ദേഹത്തെ ഒരു ആത്മീയ യാത്രയിലേക്ക് നയിച്ചു. യു.കെയിലെ നോർവിച്ചിലെ മുറാബിത്തൂൻ എന്ന മൂവ്മെന്റിന്റെ നേതാവായിരുന്ന ഇയാൻ ഡാളസിന്റെ (അബ്ദുൽ ഖാദിർ അസ്സൂഫി) അനുയായികളെ അദ്ദേഹം കണ്ടുമുട്ടി. ധാരാളം പാശ്ചാത്യൻ/മാലിക്കീ പണ്ഡിതന്മാർ നോർവിച്ച് കമ്മ്യൂണിറ്റിയിൽ നിന്ന് വന്നവരാണ്. വടക്കേ ആഫ്രിക്കയിലെ മുറാബിതൂൻ ഒരു ആത്മീയ പ്രഭവകേന്ദ്രമായി (spiritual inspiration) അവർ കണ്ടു. ധാരാളം അനുയായികളെ ആകർഷിക്കുന്ന  ഒരു സൂഫി ത്വരീഖയായിരുന്നു അവർ. പ്രധാനമായും പരിവർത്തിതരായിരുന്നു അനുയായികൾ, എന്നാൽ മറ്റുള്ളവരും ഉണ്ടായിരുന്നു. അങ്ങനെയാണ് ഡോ. ഒമർ ഫാറൂഖ് അബ്ദുല്ലയും മുറാബിത്തൂൻ പ്രസ്ഥാനത്തിന്റെ ഭാഗമായത്. എനിക്ക് തോന്നുന്നു കേംബ്രിഡ്ജിൽ ആയിരുന്നപ്പോൾ ആണ് ഷെയ്ഖ് അബ്ദുൽ ഹക്കീം മുറാദ് ഇസ്‌ലാമുമായി അടുക്കുന്നത്. അദ്ദേഹം ക്രിസ്തുമതത്തിലെ ത്രിയേകത്വ സങ്കൽപ്പത്തെ ചോദ്യം ചെയ്യാൻ തുടങ്ങുകയും, മറ്റ് ക്രിസ്ത്യൻ ഗ്രൂപ്പുകളെ നിരീക്ഷിച്ചു തുടങ്ങുകയും ചെയ്തു. ഇസ്‌ലാമിൽ ചേരാനുള്ള തന്റെ പ്രാഥമിക മടിക്ക് കാരണം അദ്ദേഹം വളരെ ‘ഇംഗ്ലീഷ്’ ആയിരുന്നുവെന്നും അന്യമായ ഒന്നും ചെയ്യാൻ  ആഗ്രഹിച്ചിരുന്നില്ല എന്നതുമാണെന്ന് അദ്ദേഹം പിന്നീട് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഒടുവിൽ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. വടക്കേ ആഫ്രിക്ക, മൗറിത്താനിയ, മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിലും, കുറച്ച് കാലം സ്പെയിനിലും പത്തു വർഷങ്ങളോളം   ഷെയ്ഖ് ഹംസ യൂസുഫ് ചെലവഴിച്ചു. യുഎഇയിൽ നിന്ന് യാത്ര ആരംഭിച്ച അദ്ദേഹം  അവിടെ നിന്ന് ഇസ്‌ലാം പഠിക്കാനായി മൗറിത്താനിയയിലേക്ക് പോയി. ഷെയ്ഖ് അബ്ദുൽ ഹക്കീം മുറാദ് അൽ അസ്ഹറിലും, പിന്നീട്  സൗദി അറേബ്യയിലും കുറച്ചു കാലം പഠിച്ചിരുന്നു. ഷെയ്ഖ് ഉമർ ഫാറൂഖ് അബ്ദുല്ല സൗദി അറേബ്യയിൽ കുറച്ചുകാലം അധ്യാപകനായിരുന്നു. മുറാബിത്തൂൻ മൂവ്മെന്റിനൊപ്പം കുറച്ചുകാലം അദ്ദേഹം സ്പെയിനിലും ചെലവഴിച്ചു.

അബ്ദുൽ ഖാദിർ അസ്സൂഫി (ഇയാൻ ഡാളസ്)

ഡാനിയേൽ ടുട്ട്: ഈ ആളുകളെ കുറിച്ച് ഗവേഷണം ചെയ്യുക എന്നത് വളരെ സെൻസിറ്റീവ് ആയ ഒരു വിഷയം ആണ്, കാരണം ഈ മൂന്ന് ഷെയ്ഖുമാരും മുസ്‌ലിംകൾക്കിടയിൽ, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ, ആത്മീയ തലത്തിൽ വളരെയധികം ബഹുമാനിക്കപ്പെടുന്നവരാണ്.  ഒരു ഗവേഷകയെന്ന നിലയിൽ എങ്ങനെയാണ് നിങ്ങൾ അതിനെ നേരിട്ടത്? നിങ്ങളുടെ മിക്ക ഗവേഷണങ്ങളും ഒരു തരത്തിൽ എത്‌നോഗ്രാഫിക് ആണല്ലോ. പടിഞ്ഞാറിലെ ഏറ്റവും പ്രമുഖരായ ഒദ്യോഗിക മുസ്ലിം നേതാക്ക’ളുടെ അനുയായികളുമായാണ് നിങ്ങൾ അഭിമുഖങ്ങൾ നടത്തുന്നതും. അരാഷ്ട്രീയമെന്ന് സ്വയം അവതരിപ്പിക്കുകയും അതേസമയം അതിനുപിന്നിൽ കൃത്യമായ രാഷ്ട്രീയ പദ്ധതികളുമുള്ള ഇത്തരമൊരു ആത്മീയ രൂപവുമായുള്ള ഇടപെടലിനെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു? വിമർശനാതീതരായി കരുതുന്ന ഈ ഷെയ്ഖുമാർക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശ്രമകരമായ കാര്യമാണ്. അതിനെ എങ്ങനെയാണ് താങ്കൾ കൈകാര്യം ചെയ്തത്?

വലാ ഖ്യുസായ്: രണ്ട് പ്രധാന കാര്യങ്ങളാണുള്ളത്. വിമർശനം അന്യായമാണെന്നോ ഏകപക്ഷീയമാണെന്നോ ആളുകൾക്ക് തോന്നുമ്പോഴാണ് ‘ഷെയ്ഖിനെ വിമർശിക്കരുത്’ എന്ന പ്രതികരണം വരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആളുകളുമായി ദീർഘനേരം സംസാരിക്കുകയാണെങ്കിൽ, അവർ അഭിപ്രായ വ്യത്യാസങ്ങളോടൊക്കെ കൂടുതൽ ഓപ്പൺ ആണെന്ന് കാണാം. ഈ ഗവേഷണം എനിക്ക് സാധ്യമാക്കിയത് ഇതാണ്;  ഞാൻ ആദ്യമായ് ഈ ഷെയ്ഖുമാരെ പരിചയപ്പെടുന്നത് 2012ലാണ്. ഞാൻ ബിരുദ വിദ്യാർത്ഥി ആയിരിക്കേ എന്റെ ഒരു സുഹൃത്ത് ഷെയ്ഖ് നൂഹ് കെല്ലറുടെ മുരീദ് ആയിരുന്നു. എന്റെ മതത്തെക്കുറിച്ച് കൂടുതലറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു, അങ്ങനെയാണ് രിഹ്‌ല പ്രോഗ്രാമിനെക്കുറിച്ച് അവൾ എന്നോട് പറഞ്ഞത്. ആ സമയത്ത് എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. എങ്കിലും ഞാൻ അതിൽ ചേർന്നു, തുർക്കിയിലേക്ക് പോയി.  ഒരു മാസത്തോളം അവിടെ താമസിച്ചു. എന്നെ സംബന്ധിച്ചേടത്തോളം തികച്ചും പരിവർത്തനപരമായിരുന്നു ആ സമയം. എന്നാൽ പല കാരണങ്ങളാൽ, അത് എന്നെ ആത്മീയമായി ഉയർത്തുക മാത്രമല്ല ചെയ്തത്. രിഹ്‌ല ഗ്രൂപ്പിലെ ചിലർക്കെങ്കിലും ഉണ്ടായ അനുഭവത്തിലൂടെ ആ സമയം ഞാൻ കടന്ന് പോയി.

ഞാൻ ഒരു ഈജിപ്ഷ്യൻ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, അതിനാൽ 2012 പ്രത്യേകിച്ചും ശ്രദ്ധേയമായ ഒരു കാലഘട്ടമായിരുന്നു.  മുബാറക്കിന്റെ ഭരണ അട്ടിമറി സംഭവിക്കുകയും സൈനിക ഭരണം വരികയും ഒക്കെ ചെയ്ത സന്ദർഭമായിരുന്നു അത്. രാഷ്ട്രീയ അധികാരത്തിന്റെ ഒരുപാട് മത്സരങ്ങൾ നടന്നു. ഞാൻ രിഹ്‌ലയിലായിരുന്ന സമയത്തും, അതിനു തൊട്ടുമുമ്പും, ഈജിപ്ഷ്യൻ ചരിത്രത്തിൽ നിർണായകമായ ഒരു സന്ദർഭം ഉണ്ടായിരുന്നു; മുഹമ്മദ്-മഹമൂദ് പ്രക്ഷോഭങ്ങൾ. സൈനിക ഏറ്റെടുക്കലിനെതിരെ ആക്ടിവിസറ്റുകൾ നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു അവ. പോലീസും സൈന്യവും ഒരു തെരുവ് കയ്യേറുകയും പ്രമുഖ അസ്ഹരീ പണ്ഡിതൻ ഷെയ്ഖ് ഇമാദ് എഫത്ത് ഉൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു. ആ ഘട്ടത്തിൽ, ഈജിപ്റ്റിലുള്ള എന്റെ സുഹൃത്തുക്കൾ വ്യത്യസ്ത ദിശകളിലേക്ക് തിരിയുന്നതിന് ഞാൻ സാക്ഷ്യം വഹിച്ചു. രാഷ്ട്രീയമായി വളരെ സജീവമായിരുന്ന ആളുകൾ രാഷ്ട്രീയമായ ഒരുതരം എരിഞ്ഞടങ്ങലിലൂടെ കടന്നുപോയി. രാഷ്ട്രീയമായി ഇടപഴകുന്നതിന്റെ ആവശ്യകതയെ അവർ ചോദ്യം ചെയ്യാൻ തുടങ്ങി. അതേസമയം, ധാരാളം സിറിയൻ പ്രവർത്തകരും ബശ്ശാറിനെതിരെ പോരാടുന്നുണ്ടായിരുന്നു. ഇതുകൊണ്ടൊക്കെ എന്തെങ്കിലും കാര്യം ഉണ്ടോ എന്നൊക്കെ അവർക്ക് തോന്നി തുടങ്ങി. അങ്ങനെയാണ് ഞാൻ ഈ മേഖലയിലേക്ക് പ്രവേശിച്ചത്. ഞാൻ രിഹ്‌ലയിൽ പോയി, മുൻപരിചയമില്ലാത്ത വളരെ രസകരമായ ഒരു മതവ്യവഹാരത്തെ അവിടെ കാണാൻ എനിക്ക് കഴിഞ്ഞു. ഈജിപ്തിലെ എന്റെ സർക്കിളുകളിൽ പ്രകടമായ മത വ്യവഹാരത്തേക്കാൾ രാഷ്ട്രീയത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ ധാരണയായിരുന്നു അവിടെയുണ്ടായിരുന്നത്. അതേസമയം, ഈജിപ്തിൽ സൂഫീ നവ-പാരമ്പര്യവാദ പരിവേഷമുള്ള സ്ഥാപനങ്ങളുമുണ്ടായിരുന്നു. അതിനാൽ തങ്ങളെന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ചും, മതത്തെക്കുറിച്ച് അവരോട് പറഞ്ഞതെല്ലാം സത്യമാണോ അല്ലയോ എന്നത് സംബന്ധിച്ചൊക്കെയുള്ള വൈരുദ്ധ്യങ്ങളിലൂടെ കടന്നുപോകുന്ന സവിശേഷമായ ഒരു ഘട്ടമായിരുന്നു അത്.  ഇത് എന്റെ വ്യക്തിപരമായ അനുഭവമാണ്. ഞാൻ എന്റെ ഗവേഷണം തുടങ്ങിയപ്പോൾ, പുറത്ത് നിന്നുള്ള ഒരാൾ ആയിരുന്നില്ല ഞാൻ.

എന്റെ ചോദ്യങ്ങൾ ഈ ഇടങ്ങളിലെ ഒരുപാട് ചെറുപ്പക്കാരിൽ അനുരണനങ്ങൾ ഉണ്ടാക്കിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്, മിഡിലീസ്റ്റ് പശ്ചാത്തലത്തിൽ നിന്നല്ലാത്തവരിൽ പോലും. നേഷൻ ഓഫ് ഇസ്‌ലാമിന്റെ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരു പെൺകുട്ടിയുമായി ഞാൻ അഭിമുഖം നടത്തുകയുണ്ടായി. അവർക്കും സമാനമായ ചോദ്യങ്ങളാണ് ഞാനുമായി പങ്കുവെക്കാനുള്ളതെന്ന് എനിക്ക് മനസ്സിലായി. എന്റെ ഗവേഷണത്തിലൂടെ ഞാൻ ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. ഇത്തരം ഇടങ്ങളിലെ ഒരുപാട് ചെറുപ്പക്കാർ എന്നെപ്പോലെ സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. അതിനാൽ ഞാൻ അവരെ അഭിമുഖം നടത്തുമ്പോൾ, ഞങ്ങളുടെ ചിന്തകൾ സമാനമാണെന്ന് തോന്നി; ഇതിനെല്ലാം മതപരമായും രാഷ്ട്രീയമായും അർത്ഥമുണ്ടോ, നമ്മുടെ ചരിത്രങ്ങൾ എന്താണ് അർത്ഥമാക്കുന്നത്, നമ്മുടെ ഭാവിയെ ഇതെങ്ങനെ ബാധിക്കും? ഇത് പ്രായോഗികമാണോ? ഞങ്ങൾ ഷെയ്ഖിനെ സ്നേഹിക്കുന്നു, പക്ഷേ അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലോ? എന്നെ ശരിക്കും ബാധിച്ച ഒരു കാര്യം ഒരു ആത്മീയ വഴികാട്ടിയെ കണ്ടെത്തുക എന്ന ചോദ്യമായിരുന്നു. ആത്മീയ നേതാക്കളുമായുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ച് അറിയാൻ ഞാൻ പലരെയും അഭിമുഖം നടത്തുമായിരുന്നു. ഷെയ്ഖുമാരെ പറ്റി അവർക്ക് വിയോജിപ്പുള്ള എന്തെങ്കിലും  ഉണ്ടോ എന്ന് ഞാൻ അവരോട് ചോദിക്കുമായിരുന്നു.

ഒരു ഷെയ്ഖിനെ സ്വീകരിക്കുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അവർ എന്നോട് ചോദിക്കും. ഇല്ലെങ്കിൽ എന്തുകൊണ്ട്? ഇതൊക്കെയായിരുന്നു ഞങ്ങളുടെ സംഭാഷണങ്ങൾ. എന്റെ ഗവേഷണത്തെ കേവലം ബൗദ്ധിക-അക്കാദമിക തലത്തിൽ കണ്ട എത്രയോ പേർക്ക് ഇത് എനിക്കും ഞാൻ അഭിമുഖം നടത്തുന്ന ഒരുപാട് ചെറുപ്പക്കാർക്കും എത്രത്തോളം വ്യക്തിപരമാണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, എങ്ങനെ വിശ്വാസത്തിലധിഷ്ഠിതമായി ജീവിക്കണം, സ്വകാര്യത, ആത്മാഭിമാനം എന്നിവയെ എങ്ങനെ മാനിക്കണം എന്നതൊക്കെ മനസ്സിലാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയായിരുന്നു അവർ.

ഡാനിയേൽ ടുട്ട്: താങ്കളുടെ വ്യക്തിപരമായ ഇത്തരം ഇടപെടലുകളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഒരു ഷെയ്ഖിന് ബൈഅത്ത്/സത്യപ്രതിജ്ഞ ചെയ്യുക ആശയത്തെക്കുറിച്ച് താങ്കൾ ഇപ്പോൾ സൂചിപ്പിച്ചു. ഒരുപക്ഷേ ചിലർക്കെങ്കിലും അന്യമായി തോന്നാവുന്ന ഒരു ആശയം ആണത്. പക്ഷേ ചില സൂഫീ കമ്മ്യൂണിറ്റികളിൽ ഇസ്‌ലാമിന്റെ വളരെ സാധാരണമായ ഭാഗമാണിതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഒരു പടിഞ്ഞാറൻ സങ്കല്പമെന്ന നിലയിൽ സൂഫിസത്തെ മുസ്‌ലിം അനുഷ്ഠാനത്തിന്റെ അടിസ്ഥാന ഭാഗമായി നൂറ്റാണ്ടുകളായുള്ള സൂഫിസത്തിൽ നിന്ന് വേർതിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒരു മുസ്‌ലിം വ്യക്തി മതപണ്ഡിതനോട് പ്രതിബദ്ധതയും വിശ്വസ്തതയും വെച്ചുപുലർത്തുന്നത് വളരെ സാധാരണമാണ്.

(തുടരും)


തയ്യാറാക്കിയത്: ഇവാന

വലാ ഖ്യുസായ്/ഡാനിയേൽ ടുട്ട്