Campus Alive

പ്രിയ പ്രവാചകന് ഗസ്സയിൽ നിന്നെഴുതുന്നത്

ഇംഗ്ലീഷ് വിവർത്തക കുറിപ്പ്: ഫറാ അൽശരീഫ്

ഗസ്സയിൽ നിന്നുള്ള അവാർഡ് ജേതാവായ കവിയും അദ്ധ്യാപകയും സർവ്വോപരി സ്നേഹമതിയായ ഒരു മാതാവുമാണ് 33 വയസ്സുകാരിയായ ഡോ. അലാ ഖത്റാവി. 2023 ഡിസംബർ മൂന്നാം തിയ്യതി ഇസ്രായേൽ സൈന്യം അവരുടെ വീടാക്രമിക്കുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷം തന്റെ നാല് മക്കളെയും ബന്ധപ്പെടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഖാൻ യൂനുസിലെ അവരുടെ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്നു നാല് മക്കളും. ഉപരോധം കാരണം മാസങ്ങളായി അവരെ സന്ദർശിക്കാനോ ഒന്നു ബന്ധപ്പെടാനോ അലക്ക് കഴിഞ്ഞിട്ടില്ല. ഫെബ്രുവരി മാസത്തിൽ മാത്രമാണ് അവരെ ഒന്ന് വിളിക്കാൻ അലയ്ക്ക് സാധിച്ചത്. പക്ഷേ, അപ്പോഴേക്കും സമയമൊരുപാട് വൈകിയിരുന്നു. അവർ പോയിക്കഴിഞ്ഞിരുന്നു. ഇസ്രായേലിന്റെ ഭ്രാന്തമായ നരനായാട്ട് അവരെ ജീവനോടെ കുഴിച്ചുമൂടിക്കഴിഞ്ഞിരുന്നു. അവരുടെ വേദനയും സങ്കടവും മനോഹരമായ കുറേ ഓർമ്മകളും മാത്രം ബാക്കിയായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അവരുടെ മൃതശരീരം ഏപ്രിൽ മാസം വരെ കണ്ടെടുക്കപ്പെടാതെ കിടന്നു. അതിനു ശേഷം ശരീരത്തിന്റെ ചിലഭാഗങ്ങൾ മാത്രം കണ്ടെടുക്കപ്പെട്ടു.

ഡോ. ഖത്റാവി മക്കളോടൊപ്പം

ഈ ഭീകരതകൾക്കൊക്കെയിടയിലും അത്ഭുകരമെന്നോണം അല ഇപ്പോഴും അവരുടെ ഫെയ്സ്ബുക്കിലും മറ്റുമായി എഴുതിക്കൊണ്ടിരിക്കുന്നു—അല്ലെങ്കിൽ, അവരുടെ റൂഹ് കൂടുതൽ മനോഹരമായി ആലപിച്ചുകൊണ്ടിരിക്കുന്നു. പ്രവാചക ജന്മദിനത്തിൽ സെപ്തംബർ 15-ാം തിയ്യതിയാണ് അല പ്രവാചകന് ഈ കത്തെഴുതുന്നത്. എന്റെ ശ്വാസം നിലക്കും വിധമാണ് ഈ കത്ത് ആദ്യമായി വായിച്ചു കഴിഞ്ഞപ്പോൾ എനിക്കനുഭവപ്പെട്ടത്. അതെന്നെ പൂർണമായും ചെറുതാക്കിക്കളഞ്ഞു. ഉത്തുംഗമായൊരു കാവ്യ രചനയാണിതെന്ന് സംശയലേശമന്യേ പറയാം. തീർച്ചയായും മിസ്റ്റിക്കലായ ഒരപൂർവ്വ രചന. പ്രവാചകനോടുള്ള തീവ്രവും പരിശുദ്ധവുമായ പ്രണയവും അനുരാഗവും കൊണ്ട് സമ്പന്നമാണിത്. കൊടിയ തിന്മയും ദുരിതവും നടനമാടുന്ന ഈ സമയത്ത് കരഞ്ഞു കണ്ണുനീർ വറ്റിയെന്ന് കരുതിയ എന്റെ കണ്ണും കരളും കരഞ്ഞു വീർത്ത നിലയിലാണ് ഞാനിത് വായിച്ചു തീർത്തത്. 

“ജീവിക്കുന്ന പ്രവാചകൻ” എന്ന ആശയത്തെ ഉപജീവിച്ചുകൊണ്ടാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. അലയുടെ ജീവിക്കുന്ന ഉദാഹരണവും അവരുടെ വിശുദ്ധ തൂലികയുമല്ലാതെ ‘ജീവിക്കുന്ന പ്രവാചകന്’ കാഴ്ചവെക്കാൻ പറ്റിയ മറ്റൊരുപഹാരവും ഇല്ലതന്നെ. ജീവിക്കുന്ന പ്രവാചകനെന്ന ആശ്വാസത്തുരുത്തിലൂടെ തന്റെ കഠിനമേറിയ നഷ്ടങ്ങളെ എങ്ങനെയാണ് അതീജീവിക്കുന്നതെന്ന് അല ഇതിലൂടെ കാണിച്ചുതരുന്നു. പ്രിയപ്പെട്ട സൈനബാ ബീവിയും ഈ എഴുത്തിന്റെ പ്രചോദനമായി മാറുന്നു. എന്തുകൊണ്ടാണ് ഈ കത്ത് ഞാൻ വിവർത്തനം ചെയ്തതെന്ന് നിങ്ങൾക്കതിലൂടെ മനസ്സിലാകും.

അവരുടെ മനോഹരമായ ഹൃദയത്തിന്റെ അറകൾ എന്നെ സ്പർശിച്ച പോലെ നിങ്ങളെയും സ്പർശിക്കുമെന്ന് ഞാൻ കരുതുന്നു. പ്രവാചകത്വത്തിന്റെ ആശ്വാസത്തിലും വെളിച്ചത്തിലും മുറുകെപ്പിടിച്ച് വംശഹത്യയുടെ വെണ്ണീർക്കൂമ്പാരത്തിൽ നിന്നുയർന്നുവന്ന പ്രവാചക പ്രണയിനിയും നിരാശ്രിതയുമായ ഈ മാതാവിന്റെ ശബ്ദം, വായനക്കാരുടെ ഹൃദയത്തെ മയപ്പെടുത്തുകയും ആ പ്രവാചക പ്രണയത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുമെന്ന് കരുതുന്നു. 

ഈ സ്നേഹം അല പറഞ്ഞതു പോലെ ‘മഹദ്ഗുരു’ ആയിമാറിടട്ടെ.

അറബിയിലുള്ള അലയുടെ ഈ എഴുത്ത് വാസ്തവത്തിൽ, ഇബ്നു അറബിയെയും ഇബ്നുൽ ഫരീദിനെയും പോലുള്ള മഹാ സൂഫീ എഴുത്തുകാരുടേതിനെക്കാളും ഹൃദയസ്പർശിയും ആത്മീയവുമാണെന്ന് പറയാം. എന്റെ കഴിവിന്റെ പരമാവധി ഇംഗ്ലീഷിലേക്ക് അതിനെ മൊഴിമാറ്റാൻ ശ്രമിച്ചിട്ടുണ്ട്, എന്നാലത് പൂർണമല്ലെന്ന് തീർച്ച (വിവ: ഈ മലയാള പരിഭാഷയും അപ്രകാരം തന്നെ). എങ്കിലും അവരുടെ ഓരോ വരികളും രുചിച്ചു നോക്കി വാക്കുകളിലെ ദുഃഖത്തിന്റെയും കാത്തിരിപ്പിന്റെയും രുചിയറിയാൻ വായനക്കാരോട് അപേക്ഷിക്കുന്നു. 

ഖുർആൻ കഴിഞ്ഞാൽ ഇക്കാലത്ത് നമുക്ക് കാണാൻ കഴിയുന്നതിൽ വെച്ചേറ്റവും പരിശുദ്ധമായ എഴുത്ത് നിരാശ്രയായ ഒരു ഗസ്സൻ മാതാവിന്റെ പ്രവാചകാനുരാഗ പൂർണമായ ഈ എഴുത്താണ്. 

അലാ, മരിച്ചു കിടന്ന ഞങ്ങളുടെ ഹൃദയങ്ങളെ തൊട്ടുണർത്തിയതിന് നന്ദി. നിങ്ങളുടെ ആത്മാവിന്റെയും തൂലികയുടെയും മനോഹാരിതയ്ക്ക് നന്ദി. 

ദുഃഖവും കണ്ണുനീരുമില്ലാത്ത പ്രവാചക സന്നിധിയിൽ നിങ്ങളുടെ നാല് മാലാഖമാരോടൊപ്പം അല്ലാഹു നിങ്ങളെ ഒരുമിച്ചു ചേർക്കുമാറാകട്ടെ—ആമീൻ


 

പ്രിയ പ്രവാചകന് ഗസ്സയിൽ നിന്നെഴുതുന്നത്

എന്നകവും പുറവും നിറയ്ക്കുന്ന അങ്ങയുടെ വെളിച്ചമേ, സുപ്രഭാതം. 

മജൂസികളുടെ അഗ്നി കെട്ടുപോയ ആ ദിനത്തിൽ, എന്നെ ദ്രോഹിക്കാൻ നോക്കുന്നവരോടുള്ള എന്റെ നീരസത്തിന്റെ അഗ്നിയും കെട്ടുപോയിരുന്നു. 

ഖിസ്റയുടെ മിനാരങ്ങൾ നിലംപതിച്ച ആ ദിനത്തിൽ, ഏകനായ അല്ലാഹുവിനെ അവഗണിക്കാത്ത എന്റെയാത്മാവിലെ സകല മിനാരങ്ങളും നിലംപതിച്ചു.

അങ്ങയുടെ ജനനത്താൽ ആകാശം അലങ്കൃതമായ ആ സുദിനത്തിൽ തന്നെ, എന്റെയാത്മാവും അലങ്കൃതമായി. ദശലക്ഷം താരകങ്ങളെ എന്റെ റബ്ബാ ആകാശങ്ങളിൽ നിറച്ചു, അന്ധകാരത്തിന്റെ കൊടിയ രാവുകളിൽ, അങ്ങനെ എന്റെയാത്മാവ് പ്രകാശപൂരിതമാവും. 

വിഷാദവും ആകുലതകളുമെന്നെ മൂടിപ്പുതച്ചപ്പോൾ, മുഹമ്മദെന്ന് പേരുള്ളൊരേക താരകം എനിക്ക് വെളിച്ചമേകി, എന്റെയെല്ലാ മുറിവുകളെയും മൃദുവായി ശമിപ്പിച്ചുകൊണ്ട്.

അക്കാരണത്താൽ, ഇതൊന്നും എന്റെ കഥയുടെ അവസാനമല്ലെന്നെനിക്കറിയാം, വേദന നശ്വരവും ക്ഷണികവുമാണ്, പ്രതീക്ഷയുടെ ചെറുവെട്ടങ്ങളാണ് വാഗ്ദത്തം ചെയ്യപ്പെട്ടവ.

ഓ ജീവിക്കുന്ന പ്രവാചകരേ, അങ്ങേയ്ക്ക് സുപ്രഭാതം.

ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ സത്യമെന്നെനിക്കറിയാവുന്ന ഒരു കാരണത്താലാണ് ‘ജീവിക്കുന്നവർ’ എന്ന വാക്ക് അങ്ങയുടെ നാമത്തോടൊപ്പം ഞാൻ ചേർത്തുവെച്ചത്. ശഹീദുകളുടെ ശാശ്വതമായ മരണത്തിൽ വിശ്വസിക്കരുതെന്ന്, അല്ലെങ്കിൽ അരുതവർ മരിച്ചവരെന്ന് കരുതരുതെന്ന് എടുത്തുപറയുന്ന ഖുർആനിക വചനത്തിലൂടെ കണ്ണോടിക്കുന്ന ഓരോഘട്ടത്തിലും, ഞാൻ സ്വയമാലോചിക്കും; പരമോന്നതനും ശ്രേഷ്ഠനും പരിശുദ്ധനുമായ പ്രിയ ദൈവദൂതർക്ക് (സ്വ) ഈ യാഥാർത്ഥ്യം എത്രത്തോളം കൂടുതൽ സത്യമായിരുന്നിരിക്കണം? 

അങ്ങ് ജീവനോടെയുണ്ടെന്നും, അങ്ങേയ്ക്കെന്നെ കേൾക്കാനാകുമെന്നുമുള്ള നിരന്തരാനുഭൂതി, സയണിസ്റ്റ് ശക്തിയാൽ വധിക്കപ്പെട്ട എന്റെ നാല് മക്കളുടെ നഷ്ടത്തെ അഭിമുഖീകരിക്കാൻ എന്നെയേറെ സഹായിച്ചിട്ടുണ്ട്. ലോകത്തെ ഏതൊരു ഉമ്മയ്ക്കും തരണം ചെയ്യാനാവാത്തൊരു ദുരന്തമായി ഇത് തോന്നിയേക്കാം, പക്ഷേ അങ്ങയോടുള്ള എന്റെയീ സ്നേഹം പറയാനാവാത്ത ഈ നഷ്ടത്തിൽ നിന്നെന്നെ കരകയറ്റിയിരിക്കുന്നു.

ഞാനെന്നോടു തന്നെ പറയുന്നു; “നോക്കൂ അലാ, അവരാരും മരിച്ചിട്ടില്ല, മറ്റൊരിടത്തേക്ക് പോയതേയുള്ളൂ. ഈ ലോകമൊരു മറയായതിനാൽ നിനക്കവരെ കാണാനാവില്ലെന്ന് മാത്രം. പ്രവാചകനെ നീയെങ്ങനെയാണ് കാണുന്നതെന്ന് നോക്കൂ. സമാനമായി നിന്റെ മക്കളെയും കാണൂ (അഥവാ അവരും ജീവിച്ചിരിക്കുന്നവരാണെന്ന്).”

ദൈവദൂതരേ, എന്റെ നേതാവേ, ഈ ജീവിതത്തിന്റെ ദുർഘടപാതയിൽ അങ്ങെന്നെ എല്ലായ്പ്പോഴും സഹായിച്ചിട്ടുണ്ടെന്നതാണ് സത്യം, പക്ഷേ ഈ സമയം ഞാനങ്ങയോട് മുമ്പെന്നത്തേതിനേക്കാളും നന്ദിയുള്ളവളാണ്. വിഷാദിയായ, ഹൃദയംതകർന്ന ഒരു പെണ്ണിൽ നിന്ന്, പക്വമതിയും, ജ്ഞാനിയും, പ്രചോദനവുമായൊരു പെണ്ണായി അങ്ങെന്നെ പരിവർത്തിപ്പിച്ചു. എന്റെയടങ്ങാത്ത സങ്കടം അങ്ങയിലൂടെ വലിയൊരു ഗുരുവായി മാറിയിരിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എന്നെ തേടിയെത്തുന്ന സന്ദേശങ്ങളിൽ നിന്നെനിക്ക് ഇത് ബോധ്യമായിരിക്കുന്നു. എന്റെ ക്ഷമ അവർക്കൊരുപാട് പാഠങ്ങൾ നൽകിയെന്ന്, എന്റെ തകർച്ച അവരുടെ കഠിനമായ സമയങ്ങളിൽ സഹായകരമായിയെന്ന് പറയുന്നവരുടെ സന്ദേശങ്ങൾ, എന്റെ വേദനയുടെ ആഴത്തിനു മുന്നിൽ അവരുടെ കഷ്ടതകളൊന്നുമല്ലെന്ന് അവർ തിരിച്ചറിയുന്നു. എങ്ങനെയാണ് വേദന ജ്ഞാനിയും, വിവേകിയുമായൊരു ഗുരുവായി മാറുന്നത്? എങ്ങനെയാണ് തെളിഞ്ഞിരിക്കുന്നതിനെയും മറഞ്ഞിരിക്കുന്നതിനെയും (ള്വാഹിറും ബാത്വിനും) പുൽകുന്ന അനന്ത പ്രകാശമായി അത് മാറുന്നത്? ഏറ്റവും ഉന്നതനായ ഗുരുവും തികഞ്ഞ മാതൃകയും ഏറ്റവുമടുത്ത പ്രിയതമനും അങ്ങ് (സ്വ) ആണെന്ന് ഒരാൾ തിരിച്ചറിയുമ്പോൾ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. 

ഗസ്സയിലെ വംശഹത്യയും ദുരന്തങ്ങളും നിറഞ്ഞ ഒരു വർഷത്തിന് ശേഷം, ഒടുവിൽ അങ്ങയോടും അങ്ങയെ നന്മക്ക് വേണ്ടിയല്ലാതെ ഞങ്ങളിലേക്കയച്ച റബ്ബിനോടും എനിക്ക് പറയാം; സുപ്രഭാതം തിരുദൂതരേ. അങ്ങയുടെ ജീവിതകാലം മുഴുവൻ ഞങ്ങളോട് പഠിപ്പിക്കാനായി മാറ്റിവെച്ച ഇസ്ലാമിന്റെ ഉന്നതമായ അടിസ്ഥാന തത്വത്തങ്ങളെ വഞ്ചിക്കാൻ എനിക്കാവില്ല, കാരണം അങ്ങയുടെ സന്നിധിയിൽ ഞാൻ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരും. അങ്ങനുഭവിച്ച പരീക്ഷണങ്ങളുടെ സമുദ്രത്തിലെ ഒരു കണിക മാത്രമാണ് ഞങ്ങൾക്ക് സംഭവിച്ചിരിക്കുന്നത്. അല്ലാഹുവിന് വേണ്ടിയും അങ്ങയെ സന്തോഷിപ്പിക്കാൻ വേണ്ടിയും എന്റെ വലിയ വേദനകളെയും ക്ഷമയെയും അങ്ങയുടെ ഉമ്മത്തിലെ വനിതയെന്ന നിലയിൽ ഞാൻ ത്യജിക്കുന്നു യാ റസൂലല്ലാഹ്. 

അങ്ങയുടെ കാലഘട്ടത്തിൽ നിന്ന് വിദൂരമായൊരു കാലത്താണ് ഞങ്ങൾ ജീവിക്കുന്നതെങ്കിലും അങ്ങ് ജീവിച്ചു തീർത്ത ജീവിതാവസ്ഥകളിലൂടെ തന്നെയാണ് ഞങ്ങളും ജീവിക്കുന്നത്. ഞാനൊറ്റയ്ക്കല്ല; ഹബീബായവരേ, ഗസ്സയിലെ സർവ്വ ജനങ്ങളും അങ്ങനെ തന്നെയാണ്. ഒന്നിലധികം തവണ ഞാനെന്റെ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ആ വീടിന്റെ സർവ്വ ചുമരുകളും, ഇരിപ്പിടങ്ങളും, ഓരോ ടൈലുകളും എന്റെ കൈകൾക്ക് ഒരിക്കൽകൂടി തിരിച്ചുപോയി അനുഭവിക്കാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ ആശിക്കുന്നു. 

എന്നാൽ, വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ അങ്ങയെ കുറിച്ചോർത്താണ് എനിക്കേറ്റവും വേദനിച്ചത്. കാരണം, അങ്ങയെ മക്കയിൽ നിന്ന് പുറത്താക്കിയപ്പോൾ എങ്ങനെയായിരുന്നിരിക്കണം അങ്ങേക്ക് അനുഭവപ്പെട്ടതെന്ന് ഞാൻ ചിന്തിച്ചു ഹബീബേ. അങ്ങയെ കുറിച്ചോർത്തുള്ള എന്റെയാവലാതി എന്നെക്കുറിച്ചോർത്തുള്ള എന്റെയാവലാതിയേക്കാൾ വലുതാണെന്നെനിക്ക് ബോധ്യമായി. ഭാഷയിലൂടെ വിശദീകരിക്കുക സാധ്യമല്ലാത്ത ഒരു സംഗതിയാണിത്, ആത്മാവിനാൽ മാത്രം അനുഭവേദ്യമാകുന്ന, ആത്മാവിന് മാത്രം അതിന്റെ യഥാർത്ഥ സത്യം മനസ്സിലാവുന്ന ഒന്ന്, വാക്കുകളുടെ പ്രകടനങ്ങൾക്ക് മുമ്പിൽ അതെന്നെ പരിഭ്രമയാക്കുന്നു. 

എന്നാലെന്റെ ഹൃദയത്തിന്റെ ഗീതം അങ്ങേക്ക് മനസ്സിലാവുമെന്ന് എനിക്ക് തീർച്ചയാണ്.

ഞങ്ങൾക്കന്നമില്ല. റൊട്ടിയില്ലാത്ത, വെള്ളം തീർന്നുപോയ അനേകം ദിനങ്ങളുണ്ടായിരുന്നു, മാസങ്ങളോളം പഴങ്ങളുടെ രുചി ഞങ്ങളറിഞ്ഞിട്ടില്ല. ബിസ്ക്കറ്റിന്റെ ചെറുകഷ്ണങ്ങൾ കിട്ടിയാൽ ഞങ്ങൾ സന്തോഷവാന്മാരായിരുന്നു. എന്നാലോരോ സന്ദർഭങ്ങളിലും അങ്ങയെ കുറിച്ചുള്ള ഓർമ്മകൾ കാരണം ആവലാതിപറയാൻ ഞാൻ ലജ്ജിച്ചിരുന്നു. ഞാനെന്നോടു തന്നെ പറയും; “റസൂലുല്ലയെക്കാൾ ശ്രേഷ്ഠമല്ല എന്റെ വയർ,” എന്റെ നേതാവ്, റസൂലുല്ലാഹ് വിശന്ന വേളയിൽ വയറ്റിൽ വെച്ചു കെട്ടിയ ആ കല്ലിനെ ഈ ലോകത്തേക്കാളും അതിലുള്ള സർവ്വതിനേക്കാളും അല്ലാഹു ആദരിച്ചിരിക്കുന്നു. 

ഹബീബേ, അങ്ങയുടെ വയറ്റിലെ ആ കല്ല് ഞാനായിരുന്നെങ്കിൽ! ഈ കഠിന പരീക്ഷണങ്ങളെയൊക്കെ സഹിക്കാൻ അല്ലാഹുവിന്റെ സൃഷ്ടികളിലേറ്റവും പ്രിയപ്പെട്ടവനായിരിക്കെ തന്നെ അവനങ്ങയെ അനുവദിച്ചു, എല്ലാം ഞങ്ങൾക്കു വേണ്ടി; അങ്ങയുടെ ഉമ്മത്തിലെ ഒരു വിഭാഗം, ഈ ദുരന്തങ്ങളെല്ലാം അനുഭവിക്കുന്ന, അങ്ങയോടുള്ള ശുദ്ധ സ്നേഹം കാത്തുസൂക്ഷിക്കുന്ന ഒരു ജനത. ലോകത്തെ കുറിച്ചുള്ള ധാരണയെ പ്രത്യക്ഷമായതിൽ, ഭൗതികമായ ശൈലികളിൽ അധിഷ്ടിതമാക്കാൻ നാം മനുഷ്യരാഗ്രഹിക്കുന്നു എന്നതിനാൽ, അങ്ങയെ ഞങ്ങളിലേക്കയക്കപ്പെട്ടു, ഞങ്ങളെ പോലൊരു സമ്പൂർണ മനുഷ്യൻ, എന്നാൽ ഞങ്ങളെക്കാൾ സഹിച്ചവൻ, എന്നാൽ ഞങ്ങളെക്കാൾ അല്ലാഹുവിന് പ്രിയപ്പെട്ടവൻ.

ഞങ്ങൾ വഹിക്കുന്ന കഷ്ടതകളെ അങ്ങയുടെ മനുഷ്യപ്രകൃതം ഒരുപാട് എളുപ്പമാക്കിയിട്ടുണ്ട് നബിയേ. അതുമാത്രമല്ല, അങ്ങയുടെ മഹദ് കുടംബവും കഠിനമായ പരീക്ഷണങ്ങൾ താണ്ടിയവരാണ്. അവരെക്കുറിച്ച് ഞങ്ങൾ വായിച്ചത് പ്രകാരം അവരും ക്ഷമാശീലരാണ്. തന്റെ സഹോദരൻ, ഞങ്ങളുടെ നേതാവ്, ഹുസൈന്റെയും അവരുടെ മക്കളുടെയും രക്തത്തിൽ ചവിട്ടി നിൽക്കവേ “അല്ലാഹുവിൽ നിന്ന് സൗന്ദര്യമല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല” എന്ന് പറഞ്ഞ സൈനബാ ബീവിയുടെ കഥയാണ് ക്ഷമയെ കുറിച്ചുള്ള ഏറ്റവും പ്രചോദനാത്മകമായ കഥ. 

ഖത്റാവിയുടെ മക്കൾ കഴിഞ്ഞ വർഷം ഒന്നിച്ചു നബിദിനമാഘോഷിക്കുന്ന വേളയിൽ എടുത്ത ചിത്രം

കഴിഞ്ഞ വർഷം, എന്റെ മക്കളായ യാമന്റെയും കിനാന്റെയും ഓർക്കിഡയുടെയും കാർമലിന്റെയും കൂടെയാണ് അങ്ങയുടെ ജന്മദിനം ഞാനാഘോഷിച്ചത്. അതിന്റെ സന്തോഷത്തിൽ ഒരാടിനെയറുത്ത് ഞങ്ങൾ മാംസം വിതരണം ചെയ്യുകയും മധുരങ്ങൾ വാങ്ങി വിതരണം ചെയ്യുകയും ചെയ്തു. ആഹ്ലാദഭരിതരായ അവരെ ഞാൻ അഭിമാനത്തോടെ നോക്കി. അവർ വളർന്നുവലുതായി അങ്ങയേ പറ്റി അവരോട് പറഞ്ഞു കൊടുക്കാനാവുന്ന ദിവസത്തിന് വേണ്ടി ഞാൻ കാത്തിരുന്നു. 

എന്നാലവരതിനായി കാത്തു നിന്നില്ല. രണ്ട് മാസങ്ങൾക്കിപ്പുറം അങ്ങയെപ്പുൽകാൻ അവർ വിളിക്കപ്പെടുകയും അങ്ങയോടൊപ്പം ചേരാൻ തിരക്കുകൂട്ടുകയും ചെയ്തിരുന്നു. ഇന്നവർ അങ്ങയോടൊപ്പമാണ്, എന്റെയീ കഠിനപരീക്ഷണത്തിലെ ആശ്വാസവും അതു തന്നെയാണ്. അങ്ങയോടുള്ള എന്റെ സലാം പറയാൻ ഞാൻ അവരെ ഏൽപ്പിക്കണോ, അതല്ല അവരോടുള്ള എന്റെ സലാം ഞാനങ്ങയോട് പറയണോ? 

എന്തൊക്കെയായാലും സമയാവസാനം വരെ അങ്ങയെ ഞാനവരോടൊപ്പം ആഘോഷിച്ചു കൊണ്ടേയിരിക്കും. എന്റെ കുഞ്ഞു ഹൃദയത്തിൽ അങ്ങയെ ഞാൻ എക്കാലവും കൊണ്ടുനടക്കും. 

ഈ ലൗകിക കഥ ഞങ്ങളന്ത്യ ശ്വാസം വലിക്കുന്ന ഒരു നാൾ വൈകാതെ അവസാനിക്കും, പക്ഷേ അങ്ങയുടെ മനോഹരമായ കഥകളും മനുഷ്യകുലത്തിൽ അതുണ്ടാക്കിയ സ്വാധീനവും ഒരാൾക്കും വധിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല, ദശലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും. അങ്ങേയ്ക്കായി അല്ലാഹുവിന്നാണ് സർവ്വസ്തുതിയും. അങ്ങയുടെ ഓരോ ഭാഗത്തിനും, ഓരോ നിശ്വാസത്തിനും, അങ്ങുരുവിട്ട ഓരോ വാക്കിനും, അങ്ങ് ചിരിച്ച ഓരോ ചിരിക്കും, അങ്ങു കാണിച്ച എല്ലാ എളിമക്കും കരുണയ്ക്കും, അങ്ങവലംബിച്ച ക്ഷമയ്ക്കും സഹിച്ച ത്യാഗങ്ങൾക്കുമെല്ലാം അല്ലാഹുവോടാണ് സർവ്വ സ്തുതിയും. 

ഇവയൊക്കെയും—അങ്ങയുടെ സർവ്വാംശങ്ങളും—ജീവിതത്തിന്റെ ഈ ദുർഘടപാത താണ്ടിക്കടക്കാൻ ഞങ്ങളെ സഹായിക്കുന്നു. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ക്ലേശത്തിലാണെന്നിരിക്കെ ജീവിതമെങ്ങനെ ക്ലേശകരമല്ലാതിരിക്കും. പക്ഷേ ദുഷ്കരമായ ആ ക്ലേശാവസ്ഥയെ ശമിപ്പിക്കുന്നത് അങ്ങാണ് പ്രിയപ്പെട്ടവരേ. ഭയങ്കരമായ സകല സങ്കടങ്ങളും അങ്ങയാൽ എളുപ്പമാക്കപ്പെടുന്നു. കനം തൂങ്ങുന്ന എല്ലാ കണ്ണുനീർ തുള്ളിയുടെയും ഭാരം അങ്ങ് കുറയ്ക്കുന്നു. പ്രതീക്ഷയുടെ എല്ലാ വിദൂര നാമ്പുകളും അങ്ങയിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നു. 

ഹബീബായവരേ, ഞങ്ങളുടെ തേട്ടമേ, ഞങ്ങളിൽ നിന്ന് അനന്തമായി ഒഴുകുന്ന ശമനത്തിന്റെ പ്രകാശമേ, അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണവയും ഉണ്ടാവട്ടെ. അങ്ങയുടെ പിതാവിന്റെയും മാതാവ് ആമിനയുടെയും മേലും, മരുമകൻ അലിയുടെയും മകൾ ഫാത്തിമയുടെയും പേരമക്കളായ ഹസന്റെയും ഹുസൈന്റെയും മേലും, അങ്ങയുടെ സ്വഹാബാക്കളുടെ മേലും അങ്ങയുടെ പത്നിമാരുടെ മേലും അങ്ങയുടെ പിൻഗാമികളുടെ മേലും അങ്ങേയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്ന സർവ്വ മനുഷ്യരുടെ മേലും അല്ലാഹുവിന്റെ രക്ഷയും കരുണയുമുണ്ടാവട്ടെ. 

കാലാരംഭം മുതൽ അവസാനം വരേയ്ക്കും എടുക്കപ്പെടുന്ന ജീവശ്വാസങ്ങളിലും അവന്റെ കാരുണ്യവർഷമുണ്ടാകുമാറാവട്ടെ.


(ഈ കത്തിന്റെ മൂലഭാഷയായ അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ഫറാ അൽഷരീഫിനും മലയാള പരിഭാഷക്ക് അനുമതി നൽകിയ ഡോ. ഖത്റാവിക്കും കൃതജ്ഞത)

വിവർത്തകൻ: മൻഷാദ് മനാസ്

ഡോ. അലാ ഖത്റാവി