(കോപ്പന്‍ഹേഗിലെ ഒരു തണുത്തുറഞ്ഞ ശനിയാഴ്ച്ച രാവിലെ, താന്‍ പങ്കെടുക്കാനിരിക്കുന്ന കോണ്‍ഫറന്‍സിന്റെ സംഘാടകരിലൊരാളുമായി ഒരു സിനിമാ ഹാളില്‍ ഒരുകപ്പ് ചായയും കുടിച്ച് ഒഴുക്കുള്ള അറബി ഭാഷയില്‍ സംസാരിക്കുകയും തമാശ പറയുകയുമായിരുന്നു ഇലാന്‍ പെപ്പെ.
ഇസ്രായേലിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി, പലസ്തീനില്‍ സമയം ചിലവഴിച്ചും, പലസ്തീനിയന്‍ സുഹൃത്തുക്കളുമായി നടന്നും, ക്ലാസുകളില്‍ പങ്കെടുത്തും താന്‍ ‘കോളനിവത്കൃതരുടെ’ ഭാഷ പടിച്ചെടുത്തുവെന്ന് അദ്ദേഹം പറയുന്നു.

അക്കാദമീഷ്യന്‍മാരും, ഉദ്യോഗസ്ഥരും, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരും, പലസ്തീനികള്‍ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ പ്രതികരിക്കുന്ന സാധാരണക്കാരുമടക്കം നൂറുകണക്കിനാളുകളാണ് യൂറോപ്യന്‍ പലസ്തീനിയന്‍ നെറ്റ്‌വര്‍ക്ക് ഡച്ച് തലസ്ഥാനത്ത് വെച്ചു നടത്തിയ പരിപാടിയില്‍ പങ്കെടുത്തത്.
ഈടയുത്ത് സ്ഥാപിതമായ ഈ സംഘടനയില്‍ പലസ്തീനിയന്‍ വംശജരായ ഡച്ചുകാരും അംഗങ്ങളാണ്.
ഗസ്സക്കുമേലുള്ള ഇസ്രായേലിന്റെ ഏറ്റവും പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതലുള്ള യൂറോപ്പിന്റെ പ്രതികരണത്തില്‍ താന്‍ നടുങ്ങിയെന്ന് പെപ്പെ സദസ്യരോട് പറഞ്ഞു.
‘ യൂറോപ്യന്‍ സമീപനം എന്നെ അത്ഭുതപ്പെടുത്തുന്നു’, അദ്ദേഹം സ്റ്റേജില്‍ പറഞ്ഞു. ‘ നാഗരികതയുടെ ഉദാത്ത മാതൃകയായി അവകാശപ്പെടുന്ന യൂറോപ്പ്, ആധുനിക കാലത്ത് ഏറ്റവും അധികം സംപ്രേക്ഷണം ചെയ്യപ്പെട്ട വംശഹത്യയില്‍ തീർത്തും മൗനം അവലംഭിക്കുകയാണ്.’
ജീവിതത്തിന്റെ വലിയൊരു പങ്കും പലസ്തീനിയന്‍ അവകാശങ്ങള്‍ക്കായി പോരാടിയ ഇസ്രായേലിലെ മുതിര്‍ന്ന ചരിത്രകാരനും എഴുത്തുകാരനും പ്രഫസറുമായ എഴുപതുകാരനായ പെപ്പെയുമായി അല്‍ ജസീറ നടത്തിയ അഭിമുഖം. സയണിസം, ഐക്യദാർഡ്യം, അമേരിക്കന്‍ രാഷ്ട്രീയ മാറ്റവും ഗസ്സയും തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിക്കുന്നു.)
അഭിമുഖത്തിന്റെ പൂർണരൂപം
അല്‍ ജസീറ: ഭൂമി പിടിച്ചെടുത്തും ജനങ്ങളെ പുറത്താക്കിയും ജൂതരാഷ്ട്രത്തിന്റെ നിര്‍മ്മാണത്തിന് ആഹ്വാനം ചെയ്ത ദേശീയതാ, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ‘സയണിസമെന്ന്’ താങ്കള്‍ മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് മാസങ്ങളായി ഗസ്സയില്‍ ഓരോ ദിവസവും വംശഹത്യ നടത്തപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സയണിസത്തിന്റെ ഏതു ഘട്ടത്തെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇലാന്‍ പെപ്പെ: നിയോ-സയണിസ്റ്റ് എന്ന് വിളിക്കാന്‍ പറ്റുന്ന ഒരു ഘട്ടത്തിലാണ് നാമിപ്പോള്‍. സയണിസത്തിന്റെ പഴയ ധര്‍മ്മങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ തീവ്രമായിരിക്കുന്നു, അഥവാ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ അക്രമാസക്തമാണത്. കഴിഞ്ഞ കാല സയണിസ്റ്റുകള്‍ പതുക്കെ, സമയമെടുത്ത് നേടിയെടുക്കാന്‍ ആഗ്രഹിച്ചതെല്ലാം ചുരുങ്ങിയ സമയത്തിനകം നേടിയെടുക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്.

1948-ല്‍ തങ്ങള്‍ തുടങ്ങിവെച്ച പദ്ധതി പൂര്‍ത്തീകരിക്കാനാണ്, അഥവാ ചരിത്രപരമായ പലസ്തീന്‍ ഭൂമികയെ പൂര്‍ണ്ണമായും ഔദ്യോഗികമായി പിടിച്ചെടുക്കാനും കഴിയുന്നത്ര പലസ്തീനികളെ പുറത്താക്കാനുമാണ് സയണിസത്തിന്റെ പുതിയ നേതൃത്വം ശ്രമിക്കുന്നത്. ഇതിനോടൊപ്പം തന്നെ, തങ്ങളുടെ അയല്‍രാജ്യങ്ങള്‍ തങ്ങളെ ഭയപ്പാടോടെയോ ബഹുമാനത്തോടെയോ നോക്കിക്കാണേണ്ടുന്ന, അവരെയെല്ലാം ഭയപ്പെടുത്തി നിര്‍ത്തുന്ന ഒരു പുതിയ ഇസ്രായേല്‍ സാമ്രാജ്യം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്, അതിലൂടെ പലസ്തീനു പുറത്തേക്കും തങ്ങളുടെ രാഷ്ട്രത്തെ വികസിപ്പിക്കാൻ അവർ ലക്ഷ്യം വെക്കുന്നു.
ചരിത്രപരമായിത്തന്നെ, സയണിസത്തിന്റെ അവസാനഘട്ടമാണിതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊളോണിയലിസ്റ്റുകളോ സാമ്രാജ്യങ്ങളോ ആകട്ടെ ക്രൂരതയുടെയും അതിമോഹത്തിന്റെയും ഘട്ടം എന്നത് അവസാന അധ്യായമാണ്. കാരണം അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ അങ്ങേയറ്റം അവര്‍ ചെയ്യുന്നു, എന്നിട്ടവര്‍ തകര്‍ന്നുവീഴും.
അല്‍ ജസീറ: ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലേക്ക് വരികയാണ്. ടെക് ബില്യണയറും എക്‌സ്‌ന്റെ ഉടമയും കടുത്ത ഇസ്രായേലീ അനുകൂലിയുമായ എലോണ്‍ മസ്‌കിനെ പോലുള്ളവരുടെ എല്ലാവിധ പിന്തുണയും ഉള്ളതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ ദൃശ്യത കൈവരിച്ചുകൊണ്ടാണ് ട്രംപ് വരുന്നത്. എങ്ങനെയാണ് യു.എസ് പ്രസിഡന്റ് ഇസ്രായേലിനെ സ്വാധീനിക്കാന്‍ പോവുന്നത്? ഗസ്സയില്‍ യുദ്ധം തുടരുമോ?
പെപ്പെ: ട്രംപ് രണ്ടാമതും അധികാരത്തില്‍ വരുന്നതും എലോണ്‍ മസ്‌കുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും യാതൊരു ശുഭപ്രതീക്ഷക്കും വകനൽകുന്നില്ല.

ഇസ്രായേലിന്റെയും സയണിസത്തിന്റെയും ഭാവി അമേരിക്കയുടെ ഭാവിയുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു. എല്ലാ അമേരിക്കക്കാരും ട്രംപിനെ അനുകൂലിക്കുന്നവരാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ അമേരിക്കക്കാരും എലോണ്‍ മസ്‌കിനെ പിന്തുണക്കുന്നവരാണെന്നും ഞാന്‍ കരുതുന്നില്ല. [എന്നാല്‍] അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിനേക്കാൾ കൂടുതലൊന്നും ചെയ്യാന്‍ അവർക്ക് കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ട്രംപിനെ പോലുള്ള പോപുലിസ്റ്റു നേതാക്കളും എലോണ്‍ മസ്‌കിനെ പോലുള്ള വിഢ്ഢികളുമൊന്നും വലിയ കഴിവുകളുള്ളവരല്ലെന്നതാണ് ആകെയുള്ള നല്ല കാര്യം. അമേരിക്കന്‍ എക്കണോമിയും അന്തര്‍ദേശീയ തലത്തില്‍ അമേരിക്കയുടെ സ്ഥാനവും അവര്‍ മൂലം തകരും, അഥവാ, ഇത്തരം ആളുകളാണ് നയിക്കുന്നതെങ്കില്‍ അമേരിക്കക്ക് അത് വലിയ ദോഷം ചെയ്യും.
ഭാവിയില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ഇടപെടല്‍ കുറയുമെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, അമേരിക്കന്‍ ഇടപെടല്‍ കുറയുക എന്നത് വളരെ നല്ല കാര്യവുമാണ്.
പലസ്തീന്‍ വിഷയത്തില്‍ മാത്രമല്ല, മൊത്തം അറബ് ലോകത്തിന്റെ കാര്യത്തില്‍ നമുക്ക് അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാണ്, എന്നാല്‍ ഗ്ലോബല്‍ നോര്‍ത്തില്‍ നിന്നുമല്ല, മറിച്ച് ഗ്ലോബല്‍ സൗത്തില്‍ നിന്നുമാണ് അത് വരേണ്ടത്. ഗ്ലോബല്‍ നോര്‍ത്തില്‍ നിന്നുമുള്ള ആരെയും ബ്രോക്കര്‍മാരായി വെക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് നോര്‍ത്തിലെ ഒരു ചെറിയ വിഭാഗം കരുതുന്നു. നമ്മെ കാത്തിരിക്കുന്ന ചെറിയ ദുരന്തങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഒരു ശക്തിയെയും എനിക്ക് കാണാന്‍ കഴിയുന്നില്ല.
വിശാലമായി ചിന്തിക്കുകയാണെങ്കില്‍, മാനവികതയുടെ വളരെ മോശപ്പെട്ട ഒരു ഘട്ടത്തിന്റെ അവസാനത്തിലാണ് നാമുള്ളത്, മോശം ഘട്ടത്തിന്റെ തുടക്കത്തിലല്ല.
അല്‍ ജസീറ: ഇപ്പോള്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്, പലസ്തീനികള്‍ക്ക് എപ്പോള്‍ സമാധാനം ലഭിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
പെപ്പെ: എനിക്കറിയില്ല, എന്നാല്‍ വംശഹത്യയുടെ ആഴം പരിഗണിക്കുമ്പോള്‍ ഗസ്സയിലെ വെടിനിര്‍ത്തല്‍ ഒരു പരിഹാരമാണെന്ന് ഞാന്‍ കരുതുന്നില്ല. വംശഹത്യ അവസാനിപ്പിക്കാനല്ലെങ്കില്‍ പോലും അതിനെ തടഞ്ഞുനിര്‍ത്താനും പരിമിതപ്പെടുത്താനും ശേഷിയുള്ള ശക്തി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കാം. ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഭാവിയില്‍ സംഭവിക്കുന്ന ഒരു പ്രോസസ്സിനെ കുറിച്ചാണ് ഞാൻ പറയുന്നത്, എന്നാല്‍ ആ പ്രോസസ്സിന്റെ തുടക്കത്തിലാണ് നാമിപ്പോള്‍.
ഒരു സെറ്റ്‌ലര്‍ കൊളോണിയല്‍ പദ്ധതിയെ അപകോളനീകരിക്കുന്ന പ്രവൃത്തിയാണത്.
അതിന് ഇരുവശത്തേക്കും സഞ്ചരിക്കാം. ചരിത്രത്തില്‍ നിന്നും നമുക്കത് വായിച്ചെടുക്കാം. അപകോളനീകരണം ചിലപ്പോള്‍ വളരെ ഹിംസാത്മകവും ഒരു നല്ല ശക്തിയെ വാര്‍ത്തെടുക്കാന്‍ കഴിയാത്തതുമാകാം, അതല്ലെങ്കില്‍ എല്ലാവര്‍ക്കും, ഒരു പ്രദേശത്തിന് ആകെയും പ്രയോജനകരമായ ശക്തമായ ഒരു അധികാര രൂപത്തെയും അതിന് നിര്‍മ്മിക്കാന്‍ കഴിയും.
അല്‍ ജസീറ: പലസ്തീനികളെയും മറ്റു രാഷ്ട്രീയ നിരീക്ഷകരെയും സംബന്ധിച്ചിടത്തോളം, ഇസ്രായേല്‍ അതിന്റെ അതിക്രമങ്ങള്‍ മറ്റു അയല്‍രാഷ്ട്രങ്ങളിലേക്ക് വികസിപ്പിക്കുകയും ശിക്ഷാഭയമില്ലാതെ വംശഹത്യകള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ വെറുതെ നോക്കിനില്‍ക്കുകയാണ്.
പെപ്പെ: ചരിത്രപരമായി സമീപിക്കുകയാണെങ്കില്‍ അവസാന ഘട്ടമെന്നത് നീണ്ട പ്രോസസ്സാണ്. അത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. അത് സംഭവിക്കുമോ എന്നതല്ല ഇവിടെ ചോദ്യം, എപ്പോഴാണ് അത് സംഭവിക്കുക എന്നതാണ്. തീര്‍ച്ചയായും അതിന് സമയമെടുക്കും.
പ്രാദേശികമായും ആഗോളതലത്തിലും ഈ ഘട്ടത്തിന്റെ തുടര്‍ച്ചക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പോപുലിസ്റ്റ് രാഷ്ട്രീയക്കാരനായ ട്രംപിന്റെ വളര്‍ച്ചയും, അന്താരാഷ്ട്ര കുത്തകകളുടെ ശാക്തീകരണവും, ഫാഷിസത്തിന്റെ ഉയര്‍ച്ചയും, യൂറോപ്പിലെ പുതിയ വലതുപക്ഷ ഫാഷിസവും, ചില അറബ് രാഷ്ട്രങ്ങളിലെ അഴിമതികളും എല്ലാം ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം തുടരാനുള്ള സാഹചര്യം ഒരുക്കുന്നു, എന്നാല്‍ മറുഭാഗത്ത് മറ്റൊരു സഖ്യമുണ്ട്.
ചിലപ്പോള്‍ അത് മറ്റു ഭാഗത്തിന്റെയത്ര ശക്തമായിരിക്കുകയില്ല, എന്നാല്‍ അത് വിശാലവും അനീതിക്കെതിരായ ആഗോള പോരാട്ടങ്ങളുമായി ബന്ധപ്പെട്ടതുമാണ്. സമീപ ഭാവിയില്‍ അല്ലെങ്കില്‍ പോലും വരാനിരിക്കുന്ന കാലത്ത് പലസ്തീനിയന്‍ വിഷയത്തെ മാത്രമല്ല, ആഗോള താപനം, ദാരിദ്ര്യം, അഭയാര്‍ഥിത്വം തുടങ്ങിയ വിഷയങ്ങളിലെ നൈതിക സമീപനങ്ങള്‍ ശക്തമായ രാഷ്ട്രീയ ശക്തിയായി വികസിച്ചുവരും. ഈ സാമൂഹിക സഖ്യത്തിന്റെ ഓരോ ചെറിയ വിജയങ്ങളും സയണിസ്റ്റ് പദ്ധതിയെ അന്ത്യത്തിലേക്ക് അടുപ്പിക്കുന്നു.

അല്‍ ജസീറ: എന്താണ് ഈ സഖ്യം ചെയ്യുക? ആരാണ് അവരെ സഹായിക്കുക?
പെപ്പെ: രണ്ടു കാര്യങ്ങളുണ്ട്. ഇത്തരം ചിന്തകളും, പിന്തുണയും, ഐക്യവും, അനീതിക്കെതിരെ പോരാടാനുള്ള എനര്‍ജിയുമുള്ള സംഘടനകള്‍ നമുക്കില്ല. ഒരു നല്ല സംഘടനാ സംവിധാനം ഇതിന് ആവശ്യമാണ്, എന്നാല്‍ ഈ സഖ്യത്തിന്റെ ഭാഗമായ യുവജനങ്ങളില്‍ ചിലരെങ്കിലും സംഘടന എന്ന ആശയത്തെ ഇഷ്ടപ്പെടുന്നവരല്ല. എന്നാല്‍ ഇവിടെ ആ സംവിധാനം ആവശ്യവുമാണ്. രണ്ടാമതായി, മുന്‍കാലങ്ങളില്‍ പ്രസ്ഥാനങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന ശുദ്ധവാദങ്ങള്‍ (Purist Approach) ഉപേക്ഷിച്ച് ശൃംഘലകളും സഖ്യങ്ങളും രൂപപ്പെടുത്തുക എന്നതാണ്. അടിസ്ഥാന വിഷയങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഗസ്സയിലെ വംശഹത്യകള്‍ അവസാനിപ്പിക്കാനും കോളനിവത്കൃതരെ വിമോചിപ്പിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയേണ്ടതുണ്ട്.
അല്‍ ജസീറ: സയണിസത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ സഖ്യത്തിലേക്ക് തിരിച്ചുപോയാല്‍, യൂറോപ്പിലെ തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ചയെ കുറിച്ച് താങ്കള്‍ പറഞ്ഞു. അവര്‍ക്കിടയില്‍ സെമിറ്റിക്-വിരുദ്ധത ഇപ്പോഴും കാണാം.
പെപ്പെ: തുടക്കം മുതൽ തന്നെ ഈ സഖ്യം നിലനില്‍ക്കുന്നുണ്ട്. അതിനെ കുറിച്ച് യുക്തിപരമായി ചിന്തിക്കുകയാണെങ്കില്‍ സെമിറ്റിക് വിരുദ്ധര്‍ക്കും സയണിസ്റ്റുകള്‍ക്കും ഒരുപോലെ ജൂതരെ യൂറോപ്പില്‍ നിന്നും പറഞ്ഞയക്കണം. അവരെ പലസ്തീനില്‍ കാണുക എന്നത് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സെമിറ്റിക്-വിരുദ്ധ പ്രസ്ഥാനത്തിന്റെയും ലക്ഷ്യമാണ്.
പുതു-വലതുപക്ഷത്തെയും ഇസ്രായേലിനെയും ഒരുമിച്ചു നിര്‍ത്തുന്ന മറ്റൊരു കാര്യം കൂടെയുണ്ട്, ഇസ്ലാമോഫോബിയ ആണത്.
പുതു-വലതുപക്ഷം, അതില്‍ ശക്തമായ സെമിറ്റിക്- ജൂത വിരുദ്ധത അടങ്ങിയിട്ടുണ്ടെങ്കിലും, മുസ്ലിംകളെയും അറബ് വിഭാഗക്കാരെയുമാണ് ഇപ്പോൾ അവർ ലക്ഷ്യം വെക്കുന്നത്. അത് ജൂത വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നില്ല.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാം-വിരുദ്ധ, അറബ്-വിരുദ്ധ ശക്തിയായിട്ടാണ് അവര്‍ ഇസ്രായേലിനെ കാണുന്നത്. എന്നാല്‍ അത്തരം ഒരു സഖ്യത്തില്‍ ഭാഗമാകുന്നതില്‍ ഇസ്രായേലിന് പുറത്തുള്ള ജൂതർക്ക് അഭിപ്രായ വ്യത്യാസമുണ്ട് . യൂറോപ്പിലെ ഇസ്രായേല്‍ അനുകൂല ജൂതന്മാര്‍ക്ക് പോലും ഇസ്രായേലി പതാകയും നാസി പതാകയും ഒരുമിച്ച് ഉപയോഗിക്കുന്നവരോട് അസ്വസ്ഥതയുണ്ട്.
ഇസ്രായേലിനോടുള്ള അവരുടെ അനുകൂലസമീപനത്തെ പുനരാലോചിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ തന്നെ, അമേരിക്കന്‍ ജൂത സമൂഹത്തിലെ യുവതലമുറ തങ്ങള്‍, അമേരിക്കന്‍ ജൂതര്‍, ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു രാഷ്ട്രീയ സഖ്യത്തിലാണ് ഇസ്രായേല്‍ ഭാഗമായിട്ടുള്ളത് എന്ന് തിരിച്ചറിയുന്നുണ്ട്.
നാം പറഞ്ഞതുപോലെ, ട്രംപിന്റെയും മറ്റു പോപുലിസ്റ്റ നേതാക്കളുടെയും സഹായത്തോടെ ഇസ്രായേലിന് തുടരാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ ഭാവിയില്‍ എല്ലാകാലത്തും നിലനില്‍ക്കുന്ന ഒന്നായിരിക്കുകയില്ല അത്.
അല്‍ ജസീറ: വംശഹത്യ മൂലം, ജൂതവിഭാഗങ്ങളടക്കം പലരും ഇസ്രായേലിന്റെ രൂപീകരണത്തിന്റെയും പലസ്തീനില്‍ നടന്ന വംശീയ ഉന്മൂലനത്തിന്റെയും ചരിത്രം പഠിച്ചതായി കാണാം. സംഘര്‍ഷത്തിന്റെ കാരണങ്ങളെ ചൊല്ലി കുടുംബങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായതായി താങ്കള്‍ കണ്ടിട്ടുണ്ടോ?
പെപ്പെ: ഇസ്രായേലില്‍ അത് സംഭവിക്കുകയില്ലെങ്കിലും ഇസ്രായേലിന് പുറത്ത് തീര്‍ച്ചയായും അങ്ങനെയുണ്ട്. പുതിയ തലമുറയുടെ കൈകളില്‍ ധാരാളം അറിവുകളുണ്ട്, അതിനാൽ തന്നെ അവര്‍ക്ക് അന്ധരാവാന്‍ കഴിയില്ല. അവര്‍ക്ക് ഏറ്റവും നല്ല ജൂത വിദ്യാഭ്യാസം ലഭിക്കുകയാണെങ്കില്‍ പോലും, ഇസ്രായേലിന്റെ അധാര്‍മ്മിക പ്രവൃത്തികളെ അവര്‍ക്ക് വ്യക്തമായി കാണാം. തലമുറകള്‍ തമ്മിലുള്ള പ്രശ്‌നമാണത്. ഇപ്പോഴത്തെ തലമുറ തങ്ങളുടെ നിലപാടില്‍ വ്യക്തത കൈവരിക്കുന്നു എന്നത് നല്ല അടയാളമാണ്.

അല്‍ ജസീറ: എന്നാല്‍ ഇസ്രായേലിനകത്തും ടിക്ടോക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പുതു തലമുറ വംശഹത്യകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗവും പലസ്തീനിയന്‍ യാതനകളെ അവഗണിക്കുന്നു.
പെപ്പെ: അമേരിക്കയിലെ യുവ-ജൂതന്മാര്‍ക്ക് ലഭിക്കുന്നതു പോലുള്ള വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കുന്നില്ല. വളരെ മുന്‍വിധികളോടെയുള്ള വിദ്യാഭ്യാസമാണ് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രായേലി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉത്പന്നമാണ് അവര്‍.
1999-ൽ ഇസ്രായേലീ പാഠ്യപദ്ധതിയെ വിശകലനം ചെയ്തുകൊണ്ട് ഞാനൊരു ലേഖനം എഴുതിയിരുന്നു. ഈ വ്യവസ്ഥിതിയുടെ അടുത്ത ഗുണഭോക്താക്കള്‍ വംശവെറിയന്മാരും, തീവ്രചിന്താഗതിക്കാരും, സ്വന്തത്തിനും മറ്റുള്ളവര്‍ക്കും അപകടകാരികളുമായിരിക്കുമെന്ന് അന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഞാന്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയായിരുന്നു. അടിമുതല്‍ മുടിവരെ മുന്‍വിധികള്‍ നിറഞ്ഞ ഒരു സമൂഹത്തിന്റെ ഉത്പന്നമാണത്. നിങ്ങള്‍ ഈ ആളുകളെ വീണ്ടും വിദ്യ അഭ്യസിപ്പിക്കേണ്ടിയിരിക്കുന്നു. കാര്യങ്ങള്‍ കാണിച്ചുകൊടുത്താല്‍ അവര്‍ മാറുമെന്ന് കരുതുന്നത് വെറുതെയാണ്.
മരിച്ചുകിടക്കുന്ന പലസ്തീനിയന്‍ കുഞ്ഞുങ്ങളെ നോക്കി, ‘നല്ലത്, വളരെ നല്ലത്’ എന്ന് അവര്‍ പറയും. ‘മനുഷ്യത്വമില്ലായ്മ’ ഇസ്രായേലിന്റെ ജനിതക സ്വഭാവമാണ്, കൂടുതല്‍ വിവരങ്ങള്‍ നല്‍കിക്കൊണ്ട് അത് ഒരിക്കലും മാറ്റാന്‍ കഴിയില്ല.








