Campus Alive

ഉയിഗൂർ: ഓസിൽ കളി നിയന്ത്രിക്കുമ്പോൾ

“അവർ ഖുർആൻ കത്തിക്കുന്നു, മസ്ജിദുകൾ അടക്കുന്നു, മദ്രസകൾ നിരോധിക്കുന്നു, മുസ്‌ലിം നേതാക്കൾ ഒന്നൊന്നായി കൊല്ലപ്പെടുന്നു, നമ്മുടെ സഹോദരങ്ങളെ ക്യാമ്പിലടക്കുന്നു, സഹോദരികളെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നു, ഇതെല്ലാം സംഭവിക്കുമ്പോഴും മുസ്‌ലിം സമുദായം നിശബ്ദതയിലാണ് “.

ഉയിഗൂർ മുസ്‌ലിംകൾക്കെതിരെ ചൈന  നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യകളിൽ  പ്രതിഷേധിച്ചുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗീലെ  ആഴ്‌സണൽ അറ്റാക്കിങ് മിഡ്ഫീൽഡർ മെസൂദ് ഓസിൽ മാസങ്ങൾക്ക് മുൻപ് ട്വിറ്ററിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഓസിലിന്റെ പ്രതികരണം ഫുട്ബോൾ ലോകത്തും ആഗോള രാഷ്ട്രീയത്തിലും ഫുട്‍ബോളുമായി ബന്ധപ്പെട്ട വ്യവസായ മേഖലയിലും  വലിയ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും, നടപടികൾക്കും വഴിവെച്ചിട്ടുണ്ടാകും എന്നത് അതിന്റെ സ്വാഭാവികതയാണ്. തന്റെ പ്രതികരണത്തെത്തുടർന്ന് ചൈനയിൽ നിന്നുള്ള പ്രൊ എവലൂഷൻ സോക്കർ (പി.ഇ.എസ്) എന്ന ജനപ്രിയ ഫുട്ബോൾ ഗെയിമിൽ നിന്ന് വീഡിയോ ഗെയിം കമ്പനിയായ നെറ്റ്ഈസ് ഓസിലിനെ ഒഴിവാക്കി. തീർന്നില്ല, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മെസൂദ് ഓസിലിന്റെ കളിയുടെ സംപ്രേക്ഷണം തടയുന്ന നടപടിയും ചൈനയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരുന്നു.

ഓസിലിന്റെ ട്വിറ്റർ  പ്രതികരണത്തെ സംബന്ധിച്ച് ന്യൂയോർക്ക് ടൈംസിന്റെ ചീഫ് സോക്കർ ലേഖകൻ റോറി സ്മിത്ത് ആ സന്ദർഭത്തിൽ എഴുതിയത്  ഇപ്രകാരമായിരുന്നു: “മാസങ്ങളോളമെടുത്ത് സിന്‍ജിയാങിലെ സ്ഥിതിഗതികള്‍ പഠിക്കുക, ഡോക്യുമെന്ററികള്‍ കാണുക, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക, തുടങ്ങിയവയില്‍ ഓസിൽ വ്യാപൃതനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനനുസരിച്ച് അദ്ദേഹം പ്രകോപിതനായിക്കൊണ്ടിരിന്നു. അതിനെതിരെ പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ മാത്രമായിരുന്നില്ല, മറിച്ച് തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളോട് സമ്മര്‍ദ്ദം ചെലുത്തി പ്രസ്തുത വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുക കൂടിയായിരുന്നു ഓസിൽ ചെയ്തത്. പ്രത്യേകിച്ച്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഓസിലിന്റെ വിവാഹചടങ്ങിലൊക്കെ പങ്കെടുത്ത് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന മനുഷ്യനാണ്”. ഓസിലിന്റെ ട്വീറ്റും അത് തന്നെയാണ് നമുക്ക് വ്യക്തമാക്കുന്നത്. ചൈന ഉയിഗൂർ മുസ്‌ലിംകളോട് സ്വീകരിക്കുന്ന വിദ്വേഷ നടപടികളുടെ അനന്തര ഫലങ്ങളെ കൃത്യമായി പറയുന്നതിനൊപ്പം,  അതിലേക്ക് തുർക്കി അടക്കമുള്ള രാഷ്ട്രങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകകൂടി അദ്ദേഹം  ചെയ്യുന്നുണ്ട്. ജർമൻ ഫുട്ബോളർ ആണെങ്കിലും തുർക്കി വംശജനായ ഓസിലിന് തുർക്കി വംശജർ തന്നെയായ ഉയിഗൂർ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്ന ചൈനയുടെ നടപടിയിൽ  പ്രതികരിക്കേണ്ടിവരുന്നത്  സ്വാഭാവികവുമാണല്ലോ.

മെസൂദ് ഓസിൽ

ഉയിഗൂർ മുസ്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യുന്ന ചൈനയുടെ നടപടികൾ, നിരന്തരം വിചാരണ ചെയ്യപ്പെടുന്ന പ്രവണത കോവിഡിനെ മുൻനിർത്തിയുള്ള ആഗോള വിവാദങ്ങളുടെ സന്ദർഭത്തിൽ കൂടുതലായി വികസിച്ചിരുന്നു. അത്കൊണ്ട് തന്നെ ആഗോള മാധ്യമങ്ങളിൽ ഉയിഗൂർ വിഷയം നിരന്തരം വാർത്തയുമായിരുന്നു. “കോവിഡ് പോലുള്ള ഒരു മഹാമാരിയെ സൃഷ്ടിച്ചുകൊണ്ട്” ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ ചൈനയോടുള്ള പ്രതിഷേധത്തിന്റെ രാഷ്ട്രീയവും യുറോ-അമേരിക്കൻ വൻകരയിൽപ്പെടാത്ത ചൈന എല്ലാ അർത്ഥത്തിലും വൻശക്തിയായി മാറിക്കഴിഞ്ഞത് കൊണ്ടുള്ള മറ്റു വൻശക്തി രാഷ്ട്രങ്ങളുടെ അവരോടുള്ള നയതന്ത്ര യുദ്ധങ്ങളും, ഉയിഗൂർ പ്രശ്നത്തെ കൂടുതൽ പ്രചാരണത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്ന് കരുതേണ്ടി വരും. അത്കൊണ്ട് തന്നെ ഉയിഗൂർ  പ്രശ്നത്തിൽ ആഗോള ശ്രദ്ധ കൂടുതൽ സൃഷ്ടിക്കുന്ന ഏതൊരു പ്രതികരണവും ചൈനയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയുമാണ്. ഓസിൽ തങ്ങൾക്കെതിരെ  പ്രതികരിക്കുമ്പോൾ ഫുട്ബോളിന്റെ ജനപ്രീതിയുടെ പ്രതികരണമായി ചൈനക്ക് അനുഭവപ്പെട്ടുകാണും. അത്‌  രാജ്യത്തിനകത്തും  പുറത്തും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ ചൈന വേഗത്തിൽ തിരിച്ചറിഞ്ഞിട്ടുമുണ്ടാകണം. ചൈനയുടെ പ്രതികാര നടപടികളുടെ സ്വഭാവം വ്യക്തമാക്കുന്നതും അതായിരുന്നല്ലോ. ഓസിലിന്റെ പ്രതികരണം വന്ന് ദിവസങ്ങൾക്കകം ചൈനയിലെ പ്രക്ഷേപണ പങ്കാളികളായ സി. സി. ടി. വി, പി.പി സ്പോർട്സ്, ആഴ്‌സണലിന്റെ മത്സരം സംപ്രേക്ഷണം ചെയ്യാൻ വിസമ്മതിച്ചതും സംപ്രേഷണം ചെയ്യുന്ന സന്ദർഭങ്ങളിൽ കമന്ററേറ്റർ ഓസിലിന്റെ പേര് പറയാൻ വിസമ്മതിച്ചതും വീഡിയോ ഗെയിമുകളിൽ നിന്ന് ഓസിലിനെ ഒഴിവാക്കിയതും ഇന്റർനെറ്റിൽ ഓസിലിന്റെ പേര് എറർ ആക്കിയതും ചൈനീസ് പ്രതികാരത്തിന്റെ ചില  ഉദാഹരണങ്ങൾ കൂടിയാണ്.

ഫുട്ബോളനുബന്ധ വ്യവസായത്തിന്റെ സാധ്യത കണക്കിലെടുത്ത് അതിലേക്ക് മൂലധന നിക്ഷേപം നിരന്തരം  വർദ്ധിപ്പിക്കുകയും, യൂറോപ്യൻ ലീഗുകളിലെ വൻക്ലബ്ബുകളിൽ പോലും സ്‌പോൺസർഷിപ്പ് പങ്കാളിത്തമുണ്ടാക്കുകയും തങ്ങളുടെ ആഭ്യന്തര ലീഗിലേക്ക് പ്രമുഖ താരങ്ങളെ നിരന്തരം  കൊണ്ടുവരികയും ചെയ്യുന്ന ചൈനക്ക് ആ സന്ദർഭത്തിൽ ഇത്തരത്തിലൊരു പ്രതികാരബുദ്ധി പ്രവർത്തിച്ചതിൽ അത്ഭുതപ്പെടാനുമില്ല. മെസൂദ് ഓസിലടക്കമുള്ള യൂറോപ്യൻ താരങ്ങൾക്ക് വലിയ ആരാധകരും സോഷ്യൽ മീഡിയ ഫോളോവേഴ്‌സും ചൈനയിൽ തന്നെയുണ്ടെന്ന വസ്തുതയും ഇതിനോട് ചേർത്തുവായിക്കണം.

ഓസിലിന്റെ പ്രതികരണം ആഴ്‌സണൽ ക്ലബ്ബിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെയും അനവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിവാദ പ്രസ്താവനകളിൽ നിന്ന് പിന്മാറണമെന്ന നിർദേശം നൽകുന്നതിനൊപ്പം ചൈനീസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ആഴ്‌സണൽ ചൈനക്ക് അയച്ച വിപണി ഉത്പന്നങ്ങളിൽ നിന്ന് ഓസിലിനെ നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ അവർ ഉറപ്പാക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഏറ്റവും വലിയ വിദേശ പ്രക്ഷേപണ പങ്കാളിയും,  വിപണിയുമാണ് ചൈന എന്നതായിരുന്നു ഈ വിഷയത്തിൽ അവർക്കുണ്ടായിരുന്ന പ്രതിസന്ധി. ഓസിലിനെ സംബന്ധിച്ച്, നേരത്തെ തന്നെ തന്റെ  പ്രകടനമികവിന്റെയും സ്ഥിരതയുടെയും പ്രശ്നങ്ങൾ ക്ലബ്ബുമായി നിലനിൽക്കുന്നുണ്ട്. ക്ലബ്ബിന്റെ സാമ്പത്തിക വിനിയോഗത്തിന്റെയും, താരങ്ങൾക്കുള്ള വേതന നിലപാടുകളുടെയും കാര്യത്തിൽ തുടങ്ങി പല വിഷയങ്ങളിലും ഓസിൽ ക്ലബ്ബുമായി പിണക്കത്തിലാണ്. ഇതൊക്ക ഓസിലിന്റെ കരിയർ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ധാരാളമായി പുറത്തുവരുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ ക്ലബ്ബിന്റെയും ലീഗിന്റെയും വ്യവസായ സാധ്യതകൾക്ക് പരിക്കേൽപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ കൂടി ഉണ്ടാകുമ്പോൾ ഒരു താരത്തെ സംബന്ധിച്ച് അത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടിരിക്കും എന്നത് തീർച്ചയുമാണ്.

അന്റോണിൻ ഗ്രീസ്മാൻ

ചൈനീസ്  കമ്പനിയായ വാവെയ് (Huawei) ഉയിഗൂർ വംശജരുടെ മുഖം തിരിച്ചറിയുന്നതിനുള്ള (facial recognition software) സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയും, അതുവഴി ചൈനീസ്  ഭരണകൂടത്തിന്റെയും പോലീസിന്റെയും അതിക്രമത്തിന് കൂട്ടുനിൽക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഫ്രാൻസിന്റെയും ബാഴ്സലോണയുടെയും സൂപ്പർതാരം അന്റോണിൻ ഗ്രീസ്മാൻ വാവെയുമായുള്ള തന്റെ  കരാർ റദ്ദ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്. ഉയിഗൂർ വിഷയത്തിൽ ആഴ്‌സണൽ മിഡ്ഫീൽഡർ മെസൂദ് ഓസിലിന്റെ ത്രൂ പാസ്സ് സ്വീകരിച്ച് ബാഴ്സലോണ സ്‌ട്രൈക്കർ അന്റോണിൻ ഗ്രീസ്മാൻ ചൈനയുടെ വലയിലേക്ക് ഗോളടിക്കാൻ ശ്രമം നടത്തുന്നു എന്ന്  കാൽപ്പന്തുകളിയുടെ കണ്ണടയാൽ അതിനെ വേണമെങ്കിൽ  വിശേഷിപ്പിക്കാവുന്നതാണ്. എന്നാൽ മെസൂദ് ഓസിൽ എന്ന തുർക്കി വംശജനായ മുസ്‌ലിം കളിക്കാരൻ പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഗ്രീസ്മാന്റെ നിലപാടിനെ തുടർന്ന് ഉണ്ടാകുമോ എന്നുള്ളത് ഇനിയും  പരിശോധിക്കപ്പെടേണ്ടതുണ്ട്. ആഴ്‌സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ്‌, ബൊറൂസിയ ഡോർഡുമുണ്ട്, തുടങ്ങി പല ക്ലബുകളുമായും ഒരുപാട് താരങ്ങളുമായും സ്പോർട്സിന്റെ മറ്റു മേഖലകളിലടക്കം  ബിസിനസ് ബന്ധമുള്ള വാവെയ് ലോകത്തിലെതന്നെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ കമ്പനികളിൽ ഒന്നാണ്. നേരെത്തെ തന്നെ വാവെയുടെ ബിസിനസ് സംബന്ധമായ  പല വിഷയങ്ങളിലും വ്യാപകമായ പ്രശ്നങ്ങളും  അതൃപ്തിയും സ്പോർട്സ് രംഗത്ത് നിലനിൽക്കുന്നുമുണ്ട്. അതോടൊപ്പമാണ് ഇത്തരം ഒരു പ്രശ്നം കൂടി  പുറത്തുവരുന്നത്. യു എസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സർവയലൻസ് റിസർച്ച് കമ്പനിയായ ഐ പി വി എമ്മിന്റെ വാവെയുടെ  സോറ്റ്‌വെയർ നിർമാണത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് ശ്രദ്ധിക്കപ്പെട്ടത് ഗ്രീസ്മാന്റെ പ്രതികരണത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന വിലയിരുത്തലുമുണ്ടാകുന്നുണ്ട്. മാത്രമല്ല ഫ്രാൻസിലെ സഹതാരങ്ങളായ പോൾ പോഗ്ബ, ഉസ്മാനെ ഡെംബലെ, അങ്കോളോ കാന്റെ തുടങ്ങിയവരുമായുള്ള സുഹൃദ്ബന്ധവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.

ഫുട്ബോളിലെ മുസ്‌ലിം സൂപ്പർതാരങ്ങൾ സംസാരിക്കുമ്പോൾ

ജർമനിക്ക് വേണ്ടി ഏറെക്കാലം ബൂട്ടണിഞ്ഞ, ലോകത്ത് തന്നെ വലിയതോതിൽ ആരാധക സാന്നിധ്യമുള്ള  ഓസിൽ രണ്ട് വർഷം മുൻപാണ്  ജർമൻ ടീമിലെ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചത്. തുർക്കി വംശജൻ എന്ന നിലയിൽ താൻ  നിരന്തരം നേരിട്ട വിദ്വേഷങ്ങളെ സംബന്ധിച്ച് ഓസിൽ തന്റെ വിരമിക്കലിനെ തുടർന്ന് ലോകത്തോട് വിളിച്ചു  പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കാൻ ഓസിലിന് ആത്മാർത്ഥതയില്ല എന്ന ആരോപണങ്ങൾ അദ്ദേഹം  നിരന്തരം കേട്ടിരുന്നു. സമാനമായ പ്രതികരണം അൾജീരിയൻ വംശജനായ ഫ്രാൻസിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർതാരം കരീം ബെൻസെമയും വർഷങ്ങൾക്ക് മുൻപ്  നടത്തിയിരുന്നു. “ഗോളടിക്കുമ്പോൾ ഫ്രാൻസിൽ  ഞാനൊരു ഫ്രഞ്ച് താരവും അല്ലാത്തപ്പോൾ ഞാൻ ഒരു അൾജീരിയക്കാരനുമാണ്” എന്നായിരുന്നു ബെൻസെമ പറഞ്ഞിരുന്നത്.

ഒരു കളിക്കാരൻ തന്റെ കരിയറിൽ  നിലനിർത്തിപോകേണ്ട പ്രൊഫഷണലിസത്തെ സംബന്ധിച്ചുള്ള ലിഖിതവും അലിഖിതവുമായ നിയമങ്ങൾ ഏതൊരു കായികയിനത്തിലുമെന്ന പോലെ ഫുട്ബോളിലും ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ മറ്റു കായികയിനങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഫുട്ബോളിൽ ചരിത്രപരമായിതന്നെ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക പ്രതികരണങ്ങളുടെയും, വിവാദങ്ങളുടെയും സാന്നിധ്യം കൂടുതലാണ് എന്ന് കാണാൻ സാധിക്കും. നിരവധി തവണ ലോകം അതിന് സാക്ഷ്യവും വഹിച്ചു. കളിമൈതാനത്തിന് പുറത്തുള്ള സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ  പ്രതിഭാസങ്ങളും, സാമൂഹിക അധികാരബന്ധങ്ങളും കളിക്കളത്തിലും സ്വാധീനിക്കും എന്ന സ്വാഭാവികതയാണ് അതിന്റെ കാരണം. എന്നാൽ കളിയുടെ പ്രൊഫഷണൽ നിയമങ്ങളെന്ന വേലിക്കെട്ടുകൾക്ക് പുറത്ത് കടക്കുന്നതിലും വിവേചനങ്ങളുടെയും വിദ്വേഷങ്ങളുടെയും സംഭവവികാസങ്ങളെ നിരന്തരമായ ചർച്ചക്ക് വിധേയമാക്കുന്നതിലും ഫുട്ബോളിനകത്ത് താരതമ്യേന വലിയ പ്രാധാന്യവുമുണ്ട്. ഒരുപക്ഷെ ആഗോള ജനപ്രിയതയിലുള്ള ഫുട്ബോളിന്റെ പ്രഥമ  സ്ഥാനവും, വ്യവസായിക-രാഷ്ട്രീയ-അന്താരാഷ്ട്ര ഇടപാടുകളിൽ കൂടുതൽ ഇടമുള്ള കായികയിനവുമാണ് ഫുട്ബോൾ എന്നതിനാലാകുമത്.

പി.എസ്.ജി.യും ഇസ്തംബൂൾ ബഷക് ഷെഹറും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്നും

ഫുട്ബോൾ ലോകത്ത് നിന്നും ഏറ്റവുമധികം പുറംലോകത്തെത്തുന്ന, അല്ലെങ്കിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്ന വിഷയം  വംശീയതയാണ് (racism). വെള്ളക്കാരന്റെ മേധാവിത്വബോധവും കറുത്തവനോടുള്ള വിദ്വേഷവും എല്ലാ കാലഘട്ടത്തിലുമെന്ന പോലെ ഇപ്പോഴും പ്രാധാന്യമുള്ള ഒരു പ്രശ്നമേഖലയാണ്. വലിയ ജനപ്രീതിയുള്ള കായികയിനം എന്ന നിലയിൽ  ഫുടബോളിലെ വംശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ എല്ലാവർക്കും പ്രതികരിക്കാനും ഐക്യദാർഢ്യപ്പെടാനും കഴിയുന്ന സ്വാഭാവികതയും നിലനിൽക്കുന്നുണ്ട്. പി.എസ്.ജി.യും ഇസ്തംബൂൾ ബഷക് ഷെഹറും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ മാച്ച് ഒഫീഷ്യൽ ബഷക് ഷെഹറിന്റെ അസിസ്റ്റന്റ് കോച്ചിനെതിരെ നടത്തിയ വംശീയ പരാമർശം വിവാദത്തിലായതും അതിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പി.എസ്.ജിയും ബഷക് ഷെഹറും ബ്ലാക്ക് ലീവ്‌സ് മാറ്റർ മുദ്രാവാക്യം ഉയർത്തി കളിക്കളത്തിൽ ഇറങ്ങിയതും ഇതിലെ ഒടുവിലെ ഉദാഹരണം ആണ്.

മുസ്‌ലിം സൂപ്പർതാരങ്ങളെ സംബന്ധിച്ച് ഇതിൽ പല  തരത്തിലുള്ള കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് എന്നതാണ് യാഥാർഥ്യം. മുസ്‌ലിം ഐഡന്റിറ്റി  മുൻനിർത്തിയുള്ള വിദ്വേഷം നേരിടുക, കുടിയേറ്റക്കാരൻ എന്ന സ്വതപ്രതിസന്ധി മുൻനിർത്തി രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുക, നിറത്തെയും വംശത്തെയും അടിസ്ഥാനമാക്കിയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുക തുടങ്ങിയവ ഉദാഹരണം. അതായത് ഫുട്ബോൾ ലോകത്തെ തന്നെ വംശീയതയുടെ ചോദ്യങ്ങൾക്കപ്പുറമുള്ള അർഥങ്ങൾ മുസ്‌ലിം കളിക്കാർ അധികമായി അഭിമുഖീകരിക്കേണ്ടി വരും എന്നതാണ് വസ്തുത. ഓസിലിനെയും, ബെൻസിമയേയും കൂടാതെ, മൊഹമ്മദ് സലാഹ്, അങ്കോളോ കാന്റെ, പോൾ പോഗ്ബ, പോലുള്ളവരുടെ ജീവിതങ്ങൾ അതിന് ഉദാഹരണങ്ങളാണ്. ഫുട്ബോൾ ലോകത്തെ  സൂപ്പർതാരങ്ങളാകുമ്പോൾ തന്നെ ആചാരനിഷ്ഠയുള്ള മുസ്‌ലിങ്ങളാകുക എന്ന പ്രതിനിധാനം കൂടി ഇത്തരം താരങ്ങൾ നിർവഹിക്കുന്നുണ്ട്. മുസ്‌ലിമിന്റെ മതപരതയും ആചാര നിഷ്ഠയും യൂറോപ്പിൽ എത്രത്തോളം ഇമസ്‌ലാമോഫോബിയക്ക് ആക്കം കൂട്ടുന്നുണ്ട് എന്ന് ഇസ്‌ലാമോഫോബിയയെ സംബന്ധിച്ചുള്ള വൈജ്ഞാനിക പഠനങ്ങളിൽ ധാരാളമായി കണ്ടെടുക്കാൻ സാധിക്കും. ഇതിനോടൊപ്പം ലോക  മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയാൻ കൂടി തുനിഞ്ഞാൽ പ്രശ്നങ്ങൾ ഇരട്ടിക്കുകയാണ് ചെയ്യുക. ഓസിലിലേക്ക്  വന്നാൽ, തന്റെ കരിയറിനെയും നൈതികബോധത്തെയും തൂക്കിനോക്കുന്ന നിർണായക തീരുമാനത്തിന്റെ ഭാഗമായിട്ട് കൂടിയായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം എന്ന് നമുക്ക്  കണക്കാക്കേണ്ടിവരും.

പോൾ പോഗ്ബ, മൊഹമ്മദ് സലാഹ്, അങ്കോളോ കാന്റെ

വംശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും കളി മൈതാനത്തും, ക്ലബ്ബിലും, ലീഗിലും, രാജ്യത്തും, അന്താരാഷ്ട്ര ഇടങ്ങളിലും ലഭിച്ചേക്കാവുന്ന ഇടപെടൽ പ്രാധാന്യം മുസ്‌ലിം സ്വത്വത്തെ കേന്ദ്രീകരിച്ചുള്ള  പ്രശ്നങ്ങളിൽ കണ്ടെത്താൻ സാധിക്കുമോ എന്നത്  സംശയകരമാണ്. അത്കൊണ്ട് തന്നെ ഫുട്ബോളിന്റെ രാഷ്ട്രീയ അവബോധങ്ങളെക്കുറിച്ചുള്ള പ്രബലമായ ധാരണകൾ വെച്ചുപുലർത്തുന്ന പരിസരങ്ങളിൽ പോലും മുസ്‌ലിം പ്രതികരണങ്ങൾക്ക് ലഭിക്കുന്നത്  സംശയത്തിന്റെ ആനുകൂല്യമായിരിക്കും. കളി മൈതാനത്തിലെ വംശീയതയോടുള്ള വിയോജിപ്പിന്റെ സ്വരങ്ങൾക്ക് പ്രഫഷണലിസത്തിന്റെ മാനങ്ങളിലേക്ക് ക്രമേണ ഉയരാൻ സാധിച്ചാലും, മുസ്‌ലിം പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മുസ്‌ലിം താരങ്ങളുടെ പ്രതികരണങ്ങൾക്ക് പ്രസ്തുത പരിഗണന ലഭിക്കണമെന്നില്ല എന്നതാണ്  യാഥാർഥ്യം.

ഓസിലിന്റെ കാര്യം തന്നെയെടുത്താൽ, ഓസിൽ പറഞ്ഞ അഭിപ്രായം, ഫുട്ബോൾ എന്ന കളിക്കപ്പുറമുള്ള വ്യവസായത്തിന്റെ ഇടത്തെ പിടിച്ചുകുലുക്കുന്ന കാര്യമാണ്. അതിൽ വൻശക്തി രാഷ്ട്രങ്ങളുടെ നയതന്ത്ര ബലാബലങ്ങളെ നിർണയിക്കുന്ന ഘടകങ്ങളുണ്ട്. ഒരു പ്രൊഫഷണൽ കളിക്കാരനായി ജീവിതം അവസാനിപ്പിക്കുക എന്ന അഭിലാഷങ്ങൾക്കപ്പുറം അതിജീവന പോരാട്ടത്തിന്റെ കാമനകൾക്ക് ഓസിലിന്റെ അഭിപ്രായങ്ങളിൽ ഇടമുണ്ട്. തീർച്ചയായും അത്‌ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും, കാരണം ഓസിൽ പ്രതികരിച്ചിരിക്കുന്നത് ഒരു വംശഹത്യാ പദ്ധതിക്ക് എതിരെയാണ്. ഓസിൽ ഒരു മുസ്‌ലിമുമാണ്.

അംജദ് കരുനാഗപ്പള്ളി