Campus Alive

യൂറോപ്പും ലാറ്റിനമേരിക്കയും കാൽപന്തിന്റെ ഹർഷാനുഭവങ്ങൾ

കേരളത്തിലെ കാൽപന്തുകളിയുടെ ഭൂമികയും അതിന്റെ ഭാവനാലോകവും കൂടുതലായും ലാറ്റിനമേരിക്കയോടാണ് ചാഞ്ഞ് നിൽക്കുന്നത്; ഈ പ്രതിഭാസത്തിന് ഒരുപക്ഷേ പ്രത്യേകിച്ചൊരു കാരണമുണ്ടാവണമെന്നില്ല, ചിലപ്പോൾ ഉണ്ടാവാനും സാധ്യതയുണ്ട്. എന്തുതന്നെയായാലും യൂറോപ്യൻ കാൽപന്തുകളിയുടെ ആണത്തത്തിൽ നിന്നും മനോഹാരിതയുടെയും സൗന്ദര്യത്തിന്റെയും മകുടോദാഹരണമായ ലാറ്റിനമേരിക്കൻ ഫുട്ബോളിലേക്കുള്ള ഗതിമാറ്റമായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്.

കാൽപന്തിന്റെ ഉന്മാദ ലോകത്തെ അനുഭവിക്കാനോ സാക്ഷ്യം വഹിക്കാനോ ഭാഗ്യം ലഭിക്കാത്ത ഹതഭാഗ്യരായ ഒരു തലമുറയിലാണ് ഞാനൊക്കെ ജനിക്കുന്നത്. സ്കൊളാരിയോയുടെ നേതൃത്വത്തിൽ ബ്രസീൽ ടീം കപ്പടിച്ച 2002 ലെ ലോകകപ്പാണ് എന്റെ ആദ്യത്തെ ബ്രസീൽ ഓർമ്മ. ഇംഗ്ലണ്ടിനെതിരെയുള്ള ഡീഞ്ഞോയുടെ (Dhino) കരിയില കിക്കാണ് ബ്രസീലുമായി ബന്ധപ്പെട്ട എന്റെ മാസ്മരിക ഓർമ്മകളിലൊന്ന്. കളികാണാൻ വേണ്ടി ഒരുപാട് ദൂരം നടന്ന് പോകുന്നത് എനിക്കോർമ്മയുണ്ട്. പവർകട്ട് ദേഷ്യം പിടിപ്പിക്കുന്ന ഒരു നിത്യസംഭവമായിരുന്നു അന്ന്. കളി കാണാൻ വേണ്ടി മാത്രം ഒരുപറ്റം മുതിർന്നവർക്കൊപ്പം ഒരു കുട്ടി എന്നും നടന്നുപോവുന്നത് പതിവില്ലാത്ത കാഴ്ചയായിരുന്നിരിക്കണം; കോപ്പ അമേരിക്ക ഫൈനൽ കാണാൻ വേണ്ടി, ഹൃദയത്തിൽ താളമിടിപ്പും ഫുട്ബോളഭിനിവേശത്തിന്റെ ചടുലതകളുള്ള കാലുകളുമായി കുറ്റാകൂരിരുട്ടിൽ നടന്നു നീങ്ങുന്ന ഒരു ബാലൻ. കളിയുടെ അവസാന നിമിഷം അർജന്റീനക്കെതിരെ അഡ്രിയാനോ ഗോളടിക്കുന്നതിനും ഞാൻ സാക്ഷിയായി. ലാറ്റിനമേരിക്കൻ ഭൂമികയിലേക്ക് ഇനിയൊരു തിരിച്ചു നടത്തം സാധ്യമാണോ? അതോ പക്വതയാർജ്ജിച്ച എന്റെ കണ്ണുകളുടെ പ്രശ്നമാണോ അത്?

ആനന്ദദായകമായ കവിതകൾ ആവർത്തിക്കപ്പെടാറില്ല എന്ന് കവിതകളെക്കുറിച്ച് പറയാറുണ്ട്. അത്തരമൊരു നിമിഷമാണ് ജോൺ കീറ്റ്സിന്റേത്. അദ്ദേഹത്തിന്റെ ‘Gracian Urn’ എന്ന കവിത പോലെ, അവയെന്നും മറമാടപ്പെട്ടു കിടക്കുന്നു.

എൺപതുകളുടെ പകുതി മുതൽ കേരളത്തിൽ വലിയരീതിയിലുള്ള അർജന്റീനിയൻ ആരാധകവൃന്ദം ഉടലെടുത്തിട്ടുണ്ട്. കേരളത്തിന്റെ ഭാവനാ ഭൂമികയെ മനസ്സിലാക്കുന്നതിൽ പ്രധാനമാണിത്. ഗരിഞ്ച-പെലെ-വാവ-ദിദി കാലഘട്ടത്തിനു ശേഷം പ്രധാന കപ്പുകൾ സ്വന്തമാക്കാൻ ബ്രസീലിനു കഴിഞ്ഞിരുന്നില്ല. ആനന്ദത്തിന്റെ അമരത്വം നൽകുന്ന മാസ്മരിക പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്ന സോക്രട്ടീസ് ഉൾപ്പെടുന്ന (എനിക്കേറ്റവും പ്രിയപ്പെട്ട) പുകൾപെറ്റ ഒരു ടീം ബ്രസീലിനുണ്ടായിരുന്നു. പക്ഷെ, 70 കളിൽ അവർക്ക് കപ്പുകളൊന്നും നേടാനായില്ല. ടീമിന്റെ ബോർഡ് അംഗങ്ങൾക്കാവട്ടെ കപ്പുകൾ നിർബന്ധവുമായിരുന്നു. മനോഹാരിതക്കപ്പുറം കപ്പുകൾക്ക് പിന്നാലെയുള്ള ഓട്ടമായിരുന്നു പിന്നീട് ബ്രസീലിയൻ ടീമിന്റേത്. തന്ത്രങ്ങൾ ഹൃദയങ്ങൾക്ക് പകരം കപ്പുകൾ മാത്രം നേടിക്കൊടുത്തു. അപ്പോഴും, ഫുട്ബോളിൽ അന്തർലീനമായ സൗന്ദര്യത്തിന്റെ നിഴലടയാളങ്ങൾ അവരിൽ ബാക്കിയായി.

അതേസമയം, കളിക്കകത്തെ സൗന്ദര്യത്തെ അടിയറവെക്കാതെ തന്നെ മറഡോണയുടെ അർജന്റീന മാന്ത്രികമായ കളി തുടർന്ന് കൊണ്ടിരുന്നു. കിരീടങ്ങൾക്ക് പകരം സൗന്ദര്യം മാത്രം കാംക്ഷിച്ചുകൊണ്ട്, ഓർടേഗയും ബാറ്റിസ്റ്റയും റിക്വൽമിയും ഇപ്പോൾ മെസ്സിയും സൗന്ദര്യത്തിന്റെ ആ കളി തുടർന്ന് കൊണ്ടിരിക്കുന്നു.

എങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബ്രസീലിന്റെ ആ ഭംഗി തിരിച്ചുവരുന്നുണ്ട്. അവസാന ലോകകപ്പിൽ അത് പ്രകടമായിരുന്നു. കഴിഞ്ഞ ചില ലോകകപ്പുകളിലായി ലാറ്റിനമേരിക്കയുടെ മേൽ യൂറോപ്പ് സ്വാധീനം ചെലുത്തുന്ന കാഴ്ചകളാണ് കാണുന്നത്. ആകാംക്ഷാഭരിതനായ ഒരു ഫുട്ബാളാരാധകൻ എന്ന നിലയിൽ രണ്ടു ചോദ്യങ്ങളാണ് എന്നെ അലട്ടുന്നത്; ഒരേ സമയം കളിയും ആരാധകന്റെ ഹൃദയവും ജയിച്ചടക്കാൻ ബ്രസീലിനു കഴിയുമോ? രണ്ടാമതായി, യൂറോയും കോപ്പയും ഒരുമിച്ചു നടക്കുമ്പോൾ മലയാളികൾ ലാറ്റിനമേരിക്കക്ക് പകരം യൂറോപ്പിനെ പുൽകുമോ?

പന്തുകൾക്ക് പിന്നാലെ പായുന്ന കണ്ണുകൾ

കളിക്കളത്തിന് അനേകം കാതങ്ങളകലെ, കേരളത്തിലെ കൊച്ചുഗ്രാമത്തിലിരുന്ന് ഒരു സാർവദേശീയ ഭാഷ സാകൂതം ശ്രവിക്കുകയാണ് ഒരുപറ്റം ആളുകൾ. റേഡിയോ മാത്രമായിരുന്നു അവരുടെ ഏക ആശ്രയം. അതിനു ചുറ്റും ഒരൊറ്റ വികാരത്തിനു വേണ്ടി അവർ ഒത്തൊരുമിച്ചു. സ്വദേശത്തിന് ആയിരമായിരം മൈലുകൾക്കപ്പുറത്ത് നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ റേഡിയോയിലൂടെയുള്ള തത്സമയ വിവരണത്തിൽ നിന്നാണ് കാല്പന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ ഭ്രാന്തമായ ചരിത്രം തുടങ്ങുന്നത്. സാർവദേശീയമായ ഭാഷയിലൂടെയാണ് ഫുട്ബാൾ എന്ന കളി സാർവജനീനമാവുന്നത്. അല്ലായിരുന്നുവെങ്കിൽ നേരിട്ട് കാണുകപോലും ചെയ്യാതെ എങ്ങനെയാണ് ഇത്രമാത്രം ആവേശം അവരിൽ അലിഞ്ഞു ചേരുന്നത്? എങ്ങനെയാണ് വിദൂരമായ ദിക്കിൽ നടക്കുന്ന ഒരു അരങ്ങേറ്റത്തിൽ നിങ്ങൾക്ക് വിശ്വസിക്കാനാവുന്നത്? ഫുട്ബോളിനെ സവിശേഷമാക്കി നിർത്തുന്നതിൽ ഏറിയ പങ്കും അതിന്റെ സാർവദേശീയമായ ഭാഷയുടെ സൗന്ദര്യത്തിൽ ആണ് കുടികൊളളുന്നത്. റേഡിയോക്ക് ചുറ്റും കൂടിയിരിക്കുന്ന ആളുകളാണ് മലബാറിലെ ഫുട്ബോൾ ഭ്രാന്തന്മാരുടെ ആദ്യകാല ചിത്രം.

ഫുട്ബാളിന്റെ ലാറ്റിനമേരിക്കൻ സൗന്ദര്യത്തെ റേഡിയോ കമന്ററികൾ ആഘോഷിക്കാറുണ്ടായിരുന്നു. റേഡിയോ കമന്ററി ചെയ്യുന്ന ആളുടെ ഓരോ വാക്കും ശ്വാസമടക്കിപിടിച്ചാണ് ആളുകൾ കേൾക്കുക. അതിലൂടെ കളി നേരിട്ടു കാണുന്നതുപോലെ റേഡിയോക്ക് ചുറ്റും കൂടിയിരിക്കുന്ന ആളുകൾക്ക് കളിയുടെ സൗന്ദര്യത്തെ കേട്ടനുഭവിക്കാൻ കഴിയുന്നു. പിന്നീട്, അച്ചടിമാധ്യമങ്ങൾ ഈ പണി ഏറ്റെടുത്തു. 86 ലെ ലോകകപ്പ് പത്രവായനയിലൂടെ ആസ്വദിച്ച തന്റെ അമ്മാവന്റെ അനുഭവങ്ങളെ ഒരു സുഹൃത്ത് ഈയിടെ പങ്കുവെച്ചിരുന്നു. കളിയുടെ സൗന്ദര്യത്തെ മുഴുവൻ ഉൾവഹിക്കാനുള്ള അക്ഷരങ്ങളുടെ അപാരശക്തിയോ അദ്ദേഹത്തിന്റെ ഭാവനാശേഷിയോ ആയിരിക്കാം അതിന്റെ കാരണം. പിന്നീട്, ടീവിയുള്ള വീടന്വേഷിച്ചു അദ്ദേഹം ഒരുപാട് ദൂരം സഞ്ചരിച്ചു. ജർമനിക്കെതിരെ മറഡോണ കളിക്കുന്നത് കാണാൻ ഒരു വീട്ടുകാരെ ഒടുവിൽ അദ്ദേഹം സമ്മതിപ്പിച്ചെടുത്തു. ടെലിവിഷന്റെ കടന്നുവരവ് അങ്ങനെ സുപ്രധാനമായ ഒരു ചുവടുമാറ്റമായിരുന്നു.

എന്തായിരിക്കാം അക്കാലത്തെ ആളുകൾ ഫുട്ബോളിനെ പറ്റി സംസാരിച്ചിട്ടുണ്ടാവുക? സോഷ്യൽ മീഡിയയുടെയും ടെലിവിഷന്റെയും കാലഘട്ടത്തിനു മുൻപുള്ള ചൂടേറിയ ഫുട്ബോൾ സംവാദങ്ങളുടെ നിദാനങ്ങൾ എന്തെല്ലാമായിരുന്നിരിക്കണം? എന്തായിരുന്നാലും ഫുട്ബോളിനെ കുറിച്ച് ആളുകൾ കാര്യമായി സംസാരിക്കുകയും സംവദിക്കുകയും ചെയ്തിരുന്നുവെന്ന് ഉറപ്പാണ്. അനുമാനങ്ങൾക്കപ്പുറത്ത് അക്കാര്യം സുവ്യക്തമാണ്.

ഫുട്ബോളിനെ കുറിച്ചുള്ള മനസ്സിലാക്കലിൽ തന്നെ വലിയ ദിശാമാറ്റമാണ് ടീവി കൊണ്ടുവന്നത്. ദിനചര്യയെന്നോണം ആരാധകർ ഫുട്ബോൾ കാണാൻ തുടങ്ങി. കളിക്കാഴ്ചയെന്ന കലയെ ടെലിവിഷൻ ജനാധിപത്യവത്കരിക്കുകയും കൂടുതൽ സാധ്യതകൾ തുറക്കുകയും ചെയ്തു. ടീവികൾ വിരളമായിരുന്ന  ആദ്യകാലത്ത് കളികാണാൻ ഒരു ടീവിക്ക് മുൻപിൽ ജനങ്ങൾ കൂട്ടമായി ഇരിക്കുമായിരുന്നു. ക്ലബ്ബിൽ പോയി രാത്രി മുഴുവനും കൂകിയും ഒച്ച വെച്ചും കളി ആസ്വദിക്കുന്നതൊക്കെയാണ് പഴയകാലത്തെ ഫുട്ബോളിന്റെ ദൃശ്യസ്മൃതികൾ. കളിയുടെ ആദ്യപകുതിയിൽ തന്നെ ഡേവിഡ് ബെക്കാം പെനാൽറ്റി കിക്ക് ഗോളാക്കിയപ്പോൾ ഞങ്ങളുടെ നാട് മുഴുവൻ സന്തോഷം കൊണ്ട് അലറിയിരുന്നു. അക്കാലത്തൊക്കെ കൂട്ടം ചേർന്ന് കളി കാണുന്നത് ദേശീയ ടൂർണമെന്റുകളിലും ലോകകപ്പിലും മാത്രമായി ഒതുങ്ങിയിരുന്നു. കളി കാണലിന്റെ ഗതിമാറ്റങ്ങൾക്ക് കൃത്യമായ നാൾവഴിയുണ്ട്. ക്ലബ് ഫുട്ബാളിന്റെ അരങ്ങേറ്റം കാണികൾക്ക് മുമ്പിൽ കൂടുതൽ സാധ്യതകൾ തുറന്നിട്ടു. ഒപ്പം, ഫുട്ബോളിനെ കുറിച്ചുള്ള അവരുടെ ധാരണകളിലും വലിയ മാറ്റം കൊണ്ടുവന്നു. എല്ലാദിവസവും ആളുകൾക്ക് യൂറോപ്യൻലീഗ് കാണാമെന്നായി. ആരാധകർക്ക് തങ്ങളുടെ ഇഷ്ടതാരത്തിന്റെ മനോഹരമായ കലാപ്രകടനത്തെ എന്നും ആസ്വദിക്കാൻ അവസരമുണ്ടായി. പരിമിതമായ ചോയ്‌സുകൾ മാത്രമുണ്ടായിരുന്ന ഫുട്ബാൾ ഭ്രാന്തന്മാരുടെ മുൻപിൽ വലിയൊരു വാതായനം തുറന്നിട്ടു യൂറോപ്യൻ ലീഗ് ഫുട്ബോൾ.

യൂറോപ്പും ഫുട്ബോളും

തന്ത്രജ്ഞതയും ശാരീരികക്ഷമതയും പൗരുഷഭാവവുമാണ് യൂറോപ്യൻ ഫുട്ബോൾ പാരമ്പര്യത്തിന് ചരിത്രത്തിലുടനീളം അവകാശപ്പെടാനുള്ളത്. കളികൾ സസൂക്ഷ്മം കാണുന്ന ഒരുവനെന്ന നിലയിൽ ചില ഉദാഹരണങ്ങൾ പറയാം; ജർമനിയും ഇറ്റലിയും അവരുടെ വിജയഗാഥകളും ചരിത്രത്തിലുടനീളം യൂറോപ്പ്യൻ ഫുട്ബോൾ പൗരുഷത്തിന്റെ പ്രതീകങ്ങളായിരുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. നെതർലാൻഡ്‌സ്‌ മാത്രമാണ് അതിനൊരപവാദം. പക്ഷേ, അവര്പോലും അതിൽ നിന്നും പൂർണമായും മുക്തരല്ല. ക്രയ്‌ഫിലൂടെ ടോട്ടൽ ഫുട്ബോളെന്ന പേരിൽ ആഘോഷിക്കപ്പെട്ട ഒരു തത്വചിന്തയെ തന്നെ അവർ രൂപപ്പെടുത്തിയെടുത്തു. പ്രശസ്തമായ ക്രയ്ഫിന്റെ ആഗമനവും (Cryuff Turn) ടോട്ടൽഫുട്ബോളും അതിന്റെ വിവിധ രൂപാന്തരങ്ങളും കളിക്ക് കലാപരമായ പുതിയ ഭാവവും വർണവും നൽകി.

ടികി-ടാക്കക്ക് ശേഷമുള്ള കാലഘട്ടം സൗന്ദര്യാത്മക വിപ്ലവമായിരുന്നു യൂറോപ്പിൽ സൃഷ്ടിച്ചത്. ടോട്ടൽ ഫുട്ബോളിനെ അടിസ്ഥാനപ്പെടുത്തി സ്പാനിഷ് ലീഗിൽ ബാഴ്സലോണ മുന്നോട്ടുവെച്ച കൂടുതൽ സൗന്ദര്യാത്മകമായ ടികി-ടാക്ക എന്ന കളിരീതിയും ബാഴ്സലോണ അതിലൂടെ നേടിയ തുടർച്ചയായ വിജയങ്ങളുടെ ചരിത്രവും ഇതിന്റെ സ്പഷ്ടമായ ഉദാഹരണങ്ങളാണ്. പിന്നീടത് സ്പാനിഷ് ദേശീയ ടീമിന് ഒരു യൂറോകപ്പും 2010 ൽ ലോകകപ്പും നേടിക്കൊടുക്കുകയുണ്ടായി. 2014 എത്തിയപ്പോഴേക്കും കളിയുടെ സൗന്ദര്യപരതക്ക് പ്രാധാന്യം കൊടുക്കുന്നതിൽ പ്രകടമായ മാറ്റങ്ങൾ വന്നു തുടങ്ങി. 2018 ൽ ജയത്തിനു ഊന്നൽ കൊടുക്കുന്ന പ്രായോഗിക മാർഗങ്ങൾ അവലംബിച്ചു ഫ്രാൻസ് ജയിച്ചുകയറി. 2014 ൽ മെസ്സിയുടെ അർജന്റൈൻ ടീമും സമാനമായ മാർഗം സ്വീകരിച്ചെന്നു പറയാം. എന്നാലും, കാൽപന്തുകളിയിൽ അന്തർലീനമായ സൗന്ദര്യത്തെ പൂർണമായും ഇല്ലാതാക്കാനാകുമോ? ഇല്ലാ എന്നേ ഞാൻ പറയൂ. ലാറ്റിനമേരിക്കൻ ഭൂമികയും അവരുടെ കളിയും മൗലികമായി തന്നെ സൗന്ദര്യമുള്ളതാണ്.

കാൽപന്തിന്റെ കാഴ്ചാനുഭവത്തിൽ അപാരവും വശ്യവുമായ ഒരു സന്ദർഭത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് സെർബിയക്കെതിരെ 26 പാസ്സുകളിലൂടെ അർജന്റീന ഗോളടിച്ച സന്ദർഭമാണ്; റിക്വൽമി ഒരാൾ മാത്രമാണ് ആ ഗോളിന്റെ ശിൽപി. യൂറോപ്യൻ പൗരുഷത്തിന്റെ ശാരീരിക ഭാവുകത്വത്തിനപ്പുറത്ത് നിൽക്കുന്ന ഡിയേഗോ മറഡോണ എന്ന കുറിയ മനുഷ്യൻ തന്റെ മുൻപിലുള്ള ആറോളം കളിക്കാരെ ഡ്രിബ്ൾ ചെയ്ത് പാഞ്ഞടുത്തത് നൂറ്റാണ്ടിന്റെ ഗോളിലേക്കായിരുന്നു. അതിനേക്കാൾ മികച്ച മറ്റൊരു സൗന്ദര്യ പ്രകടനം വേറെന്താണുള്ളത്? ബ്രസീലിയൻ സൗന്ദര്യ സംസ്കാരത്തെ വെച്ച് നോക്കുമ്പോൾ, ജോഗാ ബോണിറ്റോ പോലുള്ള പരമ്പരാഗത കളിരീതികൾ അർജന്റീനക്കാർക്ക് ഇല്ലെന്നു പറയാം. എന്നിരുന്നാലും, അർജന്റീനയുടെ കളിയിൽ അവരുടെ ഐതിഹാസിക കളിക്കാർ അന്നും ഇന്നും സൗന്ദര്യത്തിന്റെ ഒരു മാന്ത്രികത കാത്തുസൂക്ഷിക്കുന്നവരാണ്.

ജോഗാ ബോണിറ്റോ എന്ന ബ്രസീലിയൻ കളിരീതിയെ ഒരു മനോനില എന്ന നിലയിൽ വിശേഷിപ്പിക്കാം. സൗന്ദര്യത്തിനു പിറകെ ഉന്മാദം കൊണ്ടുവരുന്ന ജോഗാ ബോണിറ്റോ ബ്രസീലിനെ കാൽപന്തുകളിയുടെ യശ്ശസിലേക്കു ഉയർത്തി. ലോകത്തിന്റെ വിദൂരദിക്കുകളിലുള്ളവർ പോലും റേഡിയോയിലൂടെ കളി ആസ്വദിച്ചു. രണ്ട് ലോകകപ്പുകൾ നേടിയ മാരിയോ സാഗല്ലോ എന്ന ഐതിഹാസിക കളിക്കാരൻ ഈ ടീമിന്റെ ഭാഗമായിരുന്നു. ജോഗാ ബോണിറ്റോയെ വിപുലീകരിച്ചു കൂടുതൽ പ്രയോഗികമാക്കിയ മാനേജർ കൂടിയായിരുന്നു അദ്ദേഹം. കോച്ച് എന്ന നിലയിൽ കളത്തിൽ തന്ത്രപരമായ മികവ് അദ്ദേഹത്തിന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. സാഗല്ലോയുടെ കീഴിൽ, കൂടുതൽ സൗന്ദര്യാത്മകവും മാരകവും ഒപ്പം കാലപ്പഴക്കം കൊണ്ട് പക്വവുമായ കളിരീതിയായി ജോഗാ ബോണിറ്റോ മാറി. ‘സാംബോയുടെ താളവും സുന്ദരമായ കളിയും’ എന്നത് എക്കാലത്തെയും ബ്രസീലിയൻ ആപ്തവാക്യമാണ്. മെയ്‌വഴക്കത്തിന്റെയും തന്ത്രങ്ങളുടെയും മുകളിലാണ് എപ്പോഴും ബ്രസീലിയൻ ഫുട്ബാളിൽ സൗന്ദര്യത്തിനു സ്ഥാനം. അതുകൊണ്ട് തന്നെ പ്രതിരോധത്തിലെ തന്ത്രപരമായ വിള്ളലുകൾ സോക്രടീസും സീക്കോയും അടങ്ങുന്ന എക്കാലത്തെയും മികച്ച ബ്രസീലിയൻ ടീമിന്റെ പതനത്തിലേക്കാണ് നയിച്ചത്. ഇറ്റലി അവരെ രണ്ടിന് പകരം മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഒരു റോമൻ ആപ്തവാക്യമാണ് ഇതിനോട് ചേർത്ത് വായിക്കാൻ തോന്നുന്നത്; “A thing of beauty is a joy forever”. പക്ഷേ വിരോധാഭാസമെന്ന് പറയട്ടെ, ഇവിടെ സൗന്ദര്യത്തിന് ഒരിക്കലും വിജയാഹ്ലാദം എത്തിക്കാൻ കഴിഞ്ഞില്ല. ഏറ്റവും അവസാനമായി ബ്രസീൽ ലോകത്തെ ത്രസിപ്പിച്ച കളി അതായിരുന്നു; ഏറ്റവും അവസാനം!

ഉന്മാദം

തൊണ്ണൂറുകളുടെ തുടക്കത്തിൽ കപ്പുകൾ തിരികെയെത്തിക്കാൻ ബ്രസീൽ കൂടുതൽ യൂറോപ്പ്യൻ തന്ത്രങ്ങൾ പയറ്റിത്തുടങ്ങി. ആസമയത്ത് സാഗല്ലോ അസിസ്റ്റന്റ് കോച്ചായിരുന്നു എന്നതാണ് കൗതുകകരം. അതിലൂടെ, 2 ലോകകപ്പ് കിരീടവും ഒരുവട്ടം റണ്ണറപ്പും നേടി ബ്രസീൽ വീണ്ടും ജേതാക്കളായി മാറി. 2014 ൽ ടീം കായികമായി കൂടുതൽ ശക്തരായി മാറി. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിൽ പോലും മനോഹാരികതയുടെ നിഴലുകൾ അവരിൽ ബാക്കിയായിരുന്നു. 2014 ൽ ഏറ്റ പരാജയം അവർക്ക് തിരിച്ചുവരവിനുള്ള മണിമുഴക്കമായിരുന്നു, ജയത്തിനൊപ്പം സൗന്ദര്യവും ബ്രസീൽ തിരിച്ചു കൊണ്ടുവരും എന്നൊരു പ്രതീക്ഷ ഇപ്പോഴുമുണ്ട്; പ്രതീക്ഷ മാത്രം. കളിയിലെ മാറ്റം സൗന്ദര്യത്തെ കുറിച്ചുള്ള പ്രതീക്ഷയാണ്.

പൊടിപിടിച്ച റേഡിയോയും പൈതൃകം പേറി ഒരു മൂലയിൽ ഒറ്റക്കിരിക്കുന്നുണ്ട്.

മലബാർ എന്ന ഭൂമികയുടെ വർണന അതിന്റെ ഫുട്ബാൾ ഭ്രാന്തിനെ അഭിസംബോധന ചെയ്യാതെ പൂർണമാവില്ല. ഈ ഭൂമിക അതുണ്ടാക്കിയ ഫുട്ബോൾ ഇതിഹാസങ്ങളുടെ പേരിലും പുകൾപെറ്റതാണ്. അക്ഷരാർത്ഥത്തിൽ, ഓരോ മലബാറിയനും ഫുട്ബോൾ കാണാനോ കളിക്കാനോ ഇഷ്ടപ്പെടുന്നവരാണ്. ഒപ്പം, ക്രിക്കറ്റിനേക്കാൾ ഫുട്ബോളിന് പ്രചാരമുള്ള ഇന്ത്യയിലെ അപൂർവം സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് മലബാർ. വരുംതലമുറക്ക് വേണ്ടി പുതിയ ഫുട്ബോൾ അക്കാദമികളും പരിപാടികളും ഉണ്ടായിവരുന്നത് ശുഭസൂചനയാണ്.

മലബാറികൾ കളി കാണുന്നതും ആസ്വദിക്കുന്നതുമുൾപ്പെടെ സർവ്വതിനും ഇന്ന് മാറ്റം സംഭവിച്ചിരിക്കുന്നു. ഫുട്ബോളിന് വേണ്ടി ടീവിക്ക് ചുറ്റും കൂടിയിരിക്കുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും ഗൃഹാതുരത്വത്തോട് കൂടി കളി കാണുന്നവർ ഒട്ടും കുറവല്ല. പക്ഷേ, അപ്പോഴും ബാക്കിയാവുന്ന ചോദ്യം, ലാറ്റിനമേരിക്കക്ക് പകരം യൂറോപ്പിനെ ഇവർ പുൽകുമോ എന്നതാണ്?

പന്തിനിയും ഉരുണ്ടുകൊണ്ടേയിരിക്കും..!

 


വിവർത്തനം: ബിലാൽ ഇബ്നു ശാഹുൽ

സിബ്ഗത്തുള്ള സാഖിബ്‌